Monday, June 18, 2018

ലഘുലേഖകളുമായി ദ അവയ്ക്കു വരുന്നവരെ കൈകാര്യം ചെയ്യേണ്ടതെങ്ങനെ?

ലഘുലേഖകളുമായി ദ അവയ്ക്കു വരുന്നവരെ കൈകാര്യം ചെയ്യേണ്ടതെങ്ങനെ?
എന്നതിനു മുഹമ്മദിന്റെ മക്കാ കാലത്തെ ചരിത്രത്തിലുണ്ട് മാതൃക.
13 വര്ഷക്കാലം മക്കയിലെ ദൈവങ്ങളെയും ദൈവാരാധകരെയും അധിക്ഷേപിച്ചും പരിഹസിച്ചും പരമാവധി പ്രകോപനം ഉണ്ടാക്കിയിട്ടും മുഹമ്മദിനെ അന്നത്തെ മക്കാ ഖുറൈശികള് ശാരീരികമായല്ല നേരിട്ടത്. ഒരു തക്കാളിയേറു പോലും മുഹമ്മദിനു നേരെ ഉണ്ടായതായി തെളിവില്ല. വലിയ മര്ദ്ദനം നടന്നു എന്നു ഇക്കാലത്തെ ചരിത്ര ഗവേഷകര് തള്ളുന്നുണ്ടെങ്കിലും സോളിഡ് ആയ ഒരു തെളിവോ ഉദാഹരണമോ ഇല്ല.
എന്നാല് മുഹമ്മ്ദിനെ അവര് ചോദ്യ ശരങ്ങള് കൊണ്ട് നിക്കക്കള്ളിയില്ലാതാക്കുകയാണു ചെയ്തതെന്നു കുര് ആന് വായിച്ചാല് തന്നെ മനസ്സിലാകും.
താന് ദൈവദൂതനാണു എന്ന മുഹമ്മദിന്റെ അവകാശവാദങ്ങളെ തെളിവെവിടെ? എന്ന ചോദ്യം കൊണ്ടാണു അവര് നേരിട്ടത്. തെളിവു കാണിക്കാന് കഴിയാതെ പാറമുകളില് കയറി ആത്മഹത്യ ചെയ്യാന് വരെ മുഹമ്മദ് ആലോചിച്ചു എന്നു കുര് ആന് പറയുന്നുണ്ട്.!
അള്ളാഹു എന്ന ആകാശ ദൈവം മാത്രമേയുള്ളു എന്നും മറ്റു ദൈവങ്ങളെല്ലാം വ്യാജമാണെന്നുമായിരുന്നല്ലോ മുഹമ്മദിന്റെ മുഖ്യ ദര്ശനം. അതിനെ മക്കക്കാര് നേരിട്ടതു വളരെ യുക്തിസഹമായ ചോദ്യങ്ങളിലൂടെയും ന്യായമായ നിര്ദേശങ്ങളിലൂടെയുമായിരുന്നു.
അള്ളാഹുവാണു യഥാര്ത്ഥ ദൈവമെങ്കില് അക്കാര്യം ഉറപ്പിക്കാനായി ചില പരീക്ഷണ നിര്ദേശങ്ങളാണു ഖുറൈശികള് മുഹമ്മദിന്റെ മുന്നില് വെച്ചത്. അള്ളാഹുവിനെ മാത്രമായി ഞങ്ങള് ഒരു കൊല്ലം വേണമെങ്കില് ആരാധിക്കാം. പകരം ഒരു മാസം മുഹമ്മദ് നമ്മളോടൊപ്പം നമ്മുടെ പാരംബര്യ ദൈവങ്ങളെയും ആരാധിക്കട്ടെ എന്നിട്ട് ഏതു ദൈവത്തില് നിന്നാണു നമ്മുടെ ആരാധനയ്ക്കു ഫലം വരുന്നത് എന്നു പരിശോധിക്കാം. അതനുസരിച്ചു പിന്നീടു ഒരു വിശ്വാസം ഉറപ്പിക്കുകയും ചെയ്യാം . ഇതായിരുന്നു അതില് ഒരു നിര്ദേശം.
നോക്കൂ. ആറാം നൂറ്റാണ്ടിലെ ഒരു കാട്ടറബി ജാഹിലിയ്യാ സമൂഹത്തില് ഇത്രയും യുക്തിബോധവും സ്വതന്ത്ര ചിന്തയും ഉള്ള ആളുകളുണ്ടായിരുന്നു എന്നതു അല്ഭുതമല്ലേ?
ഇവിടെ മുഹമ്മദ് തികച്ചും ഉത്തരം മുട്ടുകയും ഒരു മുടന്തന് ന്യായം പോലും പരയാനാകാതെ വെള്ളം കുടിക്കുകയുമാണുണ്ടായത്.
അവസാനം “നിങ്ങള്ക്കു നിങ്ങളുടെ മതം, എനിക്കെന്റെ മതം “ എന്നും പറഞ്ഞു സംവാദം മതിയാക്കി സ്ഥലം വിടുകയാണു ചെയ്തത്.
അതു കുര് ആനില് ഒരധ്യായമായി ഇന്നും നിലനില്ക്കുന്നു.
ഇതാണാ അധ്യായം :-
സൂറ അല് കാഫിറൂന്
--------------------
1. “( നബിയേ, ) പറയുക: അവിശ്വാസികളേ,
2. നിങ്ങള്‍ ആരാധിച്ചുവരുന്നതിനെ ഞാന്‍ ആരാധിക്കുന്നില്ല.
3. ഞാന്‍ ആരാധിച്ചുവരുന്നതിനെ നിങ്ങളും ആരാധിക്കുന്നവരല്ല.
4. നിങ്ങള്‍ ആരാധിച്ചുവന്നതിനെ ഞാന്‍ ആരാധിക്കാന്‍ പോകുന്നവനുമല്ല.
5. ഞാന്‍ ആരാധിച്ചു വരുന്നതിനെ നിങ്ങളും ആരാധിക്കാന്‍ പോകുന്നവരല്ല.
6. നിങ്ങള്ക്ക് നിങ്ങളുടെ മതം. എനിക്ക്‌ എന്റെ മതവും.

------------
ഇതില് നിങ്ങളാരാധിക്കുന്നതിനെ ഞാനും, ഞാനാരാധിക്കുന്നതിനെ നിങ്ങളും ആരാധിക്കാന് പോകുന്നില്ല എന്ന പ്രവചനം പിന്നീടു പൊളിയുകയും ചെയ്തു.
ആ ഖുറൈശികളെല്ലാം വാളിന്റെ ബലത്തില് മുഹമ്മദാരാധിക്കുന്നതിനെ തന്നെ ആരാധിക്കേണ്ടി വന്നു.
മുഹമ്മദാകട്ടെ അവരുടെ ഹജ്ജും ബലിയും കല്ലേറും മറ്റും മറ്റുമായി സകല ജാഹിലിയ്യത്തും സ്വീകരിക്കുകയും ചെയ്തു. !
ലഘുലേഖകളും പുസ്തകങ്ങളുമായി തവ്ഹീദ് പ്രചരിപ്പിക്കാന് വരുന്നവരോടും ഇതു പോലെ ഉത്തരം മുട്ടി മണ്ണു കപ്പുന്ന നൂറു കണക്കിനു ചോദ്യങ്ങള് ചോദിക്കാനാവും. അത്തരം ചോദ്യങ്ങള് തയ്യാറാക്കി എല്ലാ വീടുകളിലും എത്തിച്ചു കൊടുക്കുകയാണു വേണ്ടത്.
തല്ലിയോടിക്കുന്നതും പോലീസ് കേസെടുക്കുന്നതുമൊക്കെ വിപരീതഫലമേ ചെയ്യൂ !
അതു ജനാധിപത്യ വിരുദ്ധവുമാണു.
അവരുടെ ലഘുലേഖ നിവര്ത്തി വെച്ചുകൊണ്ടു തന്നെ നൂറു ചോദ്യങ്ങള് തയ്യാറാക്കാവുന്നതാണു.
എന്റെ ഒരു അനുഭവം കൂടി പറയാം. ഞാന് പന്തലൂര് എന്ന ഗ്രാമത്തിലാണു ജനിച്ചു വളര്ന്നത്. ഒരിക്കല് ഒരു റമളാന്റെ ആരംഭത്തില് അവിടെ ഒരു സംഘം ദ അവക്കാര് വന്നു തമ്പടിച്ചു. വീടു വീടാന്തരം കയറി ഉപദേശം വില്ക്കാന് തുടങ്ങി. പരിപാടി തുടങ്ങിയപ്പോള് തന്നെ ആരൊക്കെയോ എന്നെക്കുറിച്ചും എന്റെ ആശയക്കാരായ മറ്റു കുറെ സുഹൃത്തുക്കളെ കുറിച്ചും അവരെ ഉണര്ത്തിക്കുകയും “നിങ്ങള്ക്കു കഴിയുമെങ്കില് അവരെ യൊന്നു ഈമാനിലേക്കു മടക്കിക്കൊണ്ടു വരാന് ശ്രമിക്കൂ” എന്നു വെല്ലുവിളിക്കുകയും ചെയ്തു. .
അതു കേട്ട പാടെ ആവേശത്തോടെ സംഘത്തില് കുറച്ചു പേരെ വല്യ ഉസ്താദ് എന്റെ വീട്ടിലേക്കു പറഞ്ഞു വിട്ടു. ഞാനും ഏതാനും സുഹൃത്തുക്കളും വീട്ടു മുറ്റത്തിരുന്നു സൊള്ളുകയായിരുന്നു. വന്നപാടെ കസേരയിട്ടു കൂടെയിരുത്തി. അവര് സംസാരം തുടങ്ങി. ഉപദേശ സ്വരത്തില് കുറെ പറഞ്ഞ ശേഷം എന്താണു നിങ്ങള്ക്കു ദീനില് അവിശ്വാസം വരാന് തക്ക സംശയങ്ങള് എന്നു ഇങ്ങോട്ടു ചോദ്യം വന്നു.
ഞാന് വളരെ ലളിതമായ ഒന്നു രണ്ടു ചോദ്യങ്ങള് ഇട്ടു കൊടുത്തു. ചോദ്യങ്ങള് കേട്ട പാടെ ദ അവക്കാര് പരസ്പരം മുഖത്തോടു മുഖം നോക്കുകയും വാച്ചില് നിസ്കാരസമയം നോക്കിത്തുടങ്ങുകയും ചെയ്തു. സ്ഥലം വിടാനുള്ള പരിപാടിയാണെന്നറിഞ്ഞതോടെ ഞങ്ങള് വിടാതെ കൂടി. മറുപടി തന്നിട്ടേ പോകാവൂ എന്നു പറഞ്ഞു.
നിസ്കരിക്കാന് സമയമായി എന്നും നോമ്പു തുറന്ന ശേഷം വലിയ ഉസ്താദിനോടു വന്നു ചോദിച്ചാല് മതിയെന്നുമായി.
ഞങ്ങള് വിട്ടില്ല. നോമ്പു തുറക്കാന് ഇനിയും കുറെ സമയമുണ്ടല്ലോ. വലിയ ഉസ്താദിന്റെ അടുത്തേക്കു ഞങ്ങളും വരാം ഉത്തരം കിട്ടിയേ ഒക്കൂ എന്നായി ഞങ്ങള്. അങ്ങനെ വിടാതെ ഞങ്ങളും ഉസ്താദിനെ തേടി പുറപ്പെട്ടു.
അവര്‍ ഉസ്താദിനോടു കാര്യം പറഞ്ഞു. ഉസ്താദ് പള്ളിക്കുള്ളില് ഒളിച്ചിരിപ്പാണു. ഞങ്ങളെ കൂട്ടിക്കൊണ്ടു പോയ ദ അവക്കാരാകട്ടെ വിഷണ്നരായി പുറം തിരിഞ്ഞു പള്ളി വരാന്തയിലും. ഞങ്ങള് പള്ളിമുറ്റത്തു തന്നെ ഉസ്താദ് പുറത്തേക്കു വരുന്നതും കാത്തിരുന്നു. അപ്പോഴേക്കും എന്റെ കൂട്ടുകാരായ പത്തിരുപതു ചെറുപ്പക്കാരും പള്ളി മുറ്റത്തു വന്നു കൂടിയിരുന്നു. ഞങ്ങളുന്നയിച്ച ചോദ്യങ്ങള് ഉസ്താദിനെ അവര് തെര്യപ്പെടുത്തിയിരുന്നു. ഉത്തരമില്ലാതെ ഉസ്താദും കുഴങ്ങി.
നോമ്പുതുറയും മഗ്രിബ് നിസ്കാരവും കഴിഞ്ഞിട്ടും ഉസ്താദുമില്ല ഉത്തരവുമില്ല. അവസാനം ഞങ്ങള് അങ്ങോട്ടു കുറെ ഉപദേശങ്ങള് കൊടുത്തു മടങ്ങി. മറ്റുള്ളവരെ ഉപദേശിക്കാനിറങ്ങുന്നവര്ക്ക് കാര്യങ്ങളില് പ്രാഥമികമായ അറിവെങ്കിലും ഉണ്ടായിരിക്കണമെന്നും സംശയങ്ങള്ക്കെല്ലാം ഉത്തരമുണ്ടെന്നും പറഞ്ഞു പ്രചാരണത്തിനിറങ്ങുന്നതിനു മുമ്പ് സ്വന്തം സംശയങ്ങള് തീര്ക്കാനുള്ള പഠനം നടത്തണമെന്നും ഞങ്ങള് ഉപദേശിച്ചു വിട്ടു.
ഒരു മാസത്തെ ദ അവാ പ്രവര്ത്തനത്തിനെത്തിയ സംഘം അന്നു രാത്രി തന്നെ ആരുമറിയാതെ പന്തലൂരില് നിന്നും മുങ്ങി.
മഞ്ചേരിയിലെ ഒരു കുരിക്കളായിരുന്നു വലിയ ഉസ്താദ്. അദ്ദേഹം പിന്നീടു മഞ്ചേരിയില് വെച്ച് ഇങ്ങനെ പറഞ്ഞതായി കേട്ടു: “ ആ പന്തലൂരിലേക്ക് ഇനിയാരും ഈ പണിക്കു പോകരുത്. അവിടെ നിരീശ്വരവാദികളുടെ കൂടാരമാണു”
കുറെ കാലത്തേക്കു ഞങ്ങള്ക്കിതൊരു നല്ല നേരം പോക്കായിരുന്നു !

1 comment:

BIG BEAR said...

Please Jabbar sir, inform us the questions you asked so that we can also ask that.

MUSLIMS ARE THE VICTIMS OF 'ISLAM' !

30 വര്‍ഷത്തിലേറെക്കാലമായി ഒരു ലക്കം പോലും മുടങ്ങാതെ പ്രസിദ്ധീകരിക്കുന്നു

30 വര്‍ഷത്തിലേറെക്കാലമായി ഒരു ലക്കം പോലും മുടങ്ങാതെ പ്രസിദ്ധീകരിക്കുന്നു
ഏ വി ജോസ് , കുറ്റിപ്പുഴ നഗര്‍ , തൃശ്ശൂര്‍.