Monday, June 18, 2018

തിളയ്ക്കുന്ന ഭ്രാന്തില് അകപ്പെട്ടു പോയവരാണവരും !

മുസ്ലിം സമുദായത്തില് ജനിച്ചു വളര്ന്ന സമാന ചിന്തയുള്ള സാംസ്കാരിക പ്രവര്ത്തകരും സ്വതന്ത്ര ചിന്തകരും പലപ്പോഴും വേദനയോടെ പങ്കു വെയ്ക്കാറുള്ള ഒരു കാര്യം കൂടി ഈ സന്ദര്ഭത്തില് പറയണമെന്നു തോന്നുന്നു.
ബാബറി മസ്ജിദ് സംഭവത്തെ തുടര്ന്ന് നമ്മുടെ രാജ്യത്തു ഉരുണ്ടു കൂടിയ വര്ഗ്ഗീയ ധ്രുവീകരണ പ്രക്രിയയില് ഏറെ വേദനിക്കുന്ന ഒരു വിഭാഗമാണു സമുദായത്തിനകത്തെ ഈ ഉല്പതിഷ്ണുക്കള്!
ഒരു മതേതര ബഹുസ്വര രാഷ്ട്രത്തില് ദേശീയ മുഖ്യധാര യില് അലിഞ്ഞു സമാധാനത്തോടെയും സന്തോഷത്തോടെയും ജീവിക്കാന് പ്രാപതമാക്കും വിധം ഈ സമുദായത്തിനകത്തേക്ക് കാറ്റും വെളിച്ചവും പകരാന് ശ്രമിച്ചു കൊണ്ടിരുന്ന ഈ വിഭാഗത്തെയാണു രാജ്യത്തെ ധ്രുവീകരണ രാഷ്ട്രീയവും ന്യൂനപക്ഷവേട്ടയും ഏറെ നിരാശരാക്കിയത്. അസ്തിത്വവും നിലനില്പും ചോദ്യം ചെയ്യപ്പെടുന്നു എന്ന ഭീതി മുസ്ലിം സമൂഹത്തില് ഉളവാക്കിയത് ഒരു തരം അരക്ഷിതാവസ്ഥയും പ്രതികാര മനോഭാവവുമാണു. ചെറുപ്പക്കാരില് നല്ലൊരു പങ്ക് തീവ്രവാദ പ്രസ്ഥാനങ്ങളിലേക്ക് ആകര്ഷിക്കപ്പെട്ടു. മുതിര്ന്നവര് അവരെ പ്രത്യക്ഷമായും പരോക്ഷമായും പിന്തുണച്ചു. ഈ തീവ്രവാദവും ഭീകരവാദവും ഭൂരിപക്ഷ ധ്രുവീകരണത്തിനും സഹായകമായി. രണ്ടു കൂട്ടരും ആഗ്രഹിച്ചതും മതത്തിന്റെ പേരിലുള്ള സമ്പൂര്ണ പോളറൈസേഷന് തന്നെ.
അതോടെ അപ്രസക്തമായിത്തീര്ന്നതു സമുദായത്തിനകത്തെ നവീകരണ സംരംഭങ്ങളാണു. ഇരവാദം ശക്തിപ്പെട്ടതോടെ “മതേതരര് “ തങ്ങള് ഇരകള്ക്കൊപ്പമാണെന്നു സ്ഥാപിക്കാനും പരസ്പരം മത്സരിച്ചു. അതു വഴി മുസ്ലിം വോട്ടു തങ്ങളുടെ പെട്ടിയിലാക്കാനും ഓരോ വിഭാഗവും തന്ത്രങ്ങളാവിഷ്കരിച്ചു. അനവസരത്തിലുള്ള മതപ്രീണനം , പലപ്പോഴും മതതീവ്രവാദപ്രീണനത്തിലേക്കും യാഥാസ്ഥിതിക പ്രീണനത്തിലേക്കും വഴി മാറി. മ അദനി കാന്തപുരം ബാന്ധവമൊക്കെ അതിന്റെ ഉദാഹരണങ്ങള് മാത്രം.
ഇവിടെ ഇക്കൂട്ടരുടെ പ്രീണന നിലപാടുകള് അറിഞ്ഞോ അറിയാതെയോ ചെയ്ത വലിയ ഒരു ദ്രോഹമുണ്ട്. അതു പറയാനാണിത്രയും ആമുഖമായി പറഞ്ഞത്.
മുസ്ലിം സമുദായത്തിനകത്തു സ്വാഭാവികമായും നടന്നു കൊണ്ടിരുന്ന മതേതരവല്ക്കരണം, ജനാധിപത്യവല്ക്കരണം, നവോഥാനം തുടങ്ങിയ പരിവര്ത്തനങ്ങള്ക്ക് വന് തോതില് വിഘാതം സൃഷ്ടിക്കപ്പെട്ടു എന്നതാണാ ദ്രോഹം. ദീര്ഘ വീക്ഷണത്തോടെ കാര്യങ്ങളെ കാണുകയും സമഗ്രമായ സമൂഹ പുരോഗതിക്കുതകുന്ന വിധം നിലപാടുകള് സ്വീകരിക്കുകയും ചെയ്യുന്നതിനു പകരം തെരഞ്ഞെടുപ്പുകളില് കൂടുതല് വോട്ടു കിട്ടാന് താല്കാലികമായി എന്തു ചെയ്യണം എന്നു മാത്രം ചിന്തിക്കുന്നവരായി രാഷ്ട്രീയക്കാര് മാറി. സമുദായത്തിലെ ഏറ്റവും യാഥാസ്ഥിതികരായ വിഭാഗങ്ങളെ പ്രീണിപ്പിച്ചാലാണു നാലു വോട്ട് കിട്ടുകയെങ്കില് അതാണു ശരി എന്നതായി പുരോഗമന രാഷ്ട്രീയം ! സമുദായ നവീകരണത്തിനായി യത്നിച്ചുകൊണ്ടിരുന്ന ഒറ്റപ്പെട്ട വ്യക്തികള്ക്കോ ഗ്രൂപ്പുകള്ക്കോ മതേതര മുഖ്യധാരക്കാരുടെ പിന്തുണ ലഭിച്ചില്ല. മൌലികവാദവും സങ്കുചിത വര്ഗ്ഗീയ വാദവും സമുദായത്തില് പിടി മുറുക്കി. മുസ്ലിം സമുദായത്തിലെ കഴിഞ്ഞ തലമുറയിലുണ്ടായിരുന്ന ദേശീയ മതേതര വിഭാഗം പോലും പുതിയ തലമുറയില് അപ്രത്യക്ഷമാകുന്ന സ്ഥിതി വന്നു. കഴിഞ്ഞ തലമുറയില് നല്ലൊരു വിഭാഗം വിശ്വാസികള് തന്നെ മതേതരസംസ്കാരമുള്ളവരായിരുന്നെങ്കില് പുതിയ തലമുറയിലെ അവിശ്വാസികള്ക്കു പോലും ഉള്ളില് വര്ഗ്ഗീയതയുള്ളതായി കാണപ്പെടുന്നു. മതവിശ്വാസം എന്നതിലുപരി മതാത്മകമായ സംഘബോധവും പ്രകടനപരതയും പുതിയ തലമുറയില് വര്ദ്ധിച്ചു.
സമുദായത്തിനകത്തെ നവോഥാന സംരംഭങ്ങള് മന്ദീഭവിച്ചു. ചേകനൂര് മൌലവിയെ പോലുള്ള ഒരു മഹാ പണ്ഡിതനെ പോലും കൊന്നു കുഴിച്ചു മൂടിയിട്ടും മതേതര കേരളത്തില് ഒരു ചലനവും ഉണ്ടായില്ല.
നമ്മുടെ മതേതരക്കാര്ക്ക് “ഇരകളോട്” സഹതാപം പ്രകടിപ്പിച്ച് അവരുടെ വോട്ടു നേടുക എന്നതിനപ്പുറം, സമുദായത്തില് അല്പം വെളിച്ചം കയറണമെന്നോ ഇക്കൂട്ടരും ഒരു ബഹുസ്വര സമൂഹത്തിനു പാകമായി വളരണമെന്നോ ഉള്ള യാതൊരു ആത്മാര്ത്ഥ ചിന്തയും ഇല്ല. സമുദായത്തിന്റെ നന്മ ആഗ്രഹിക്കാത്ത , സമുദായം എന്നും ഇരുട്ടില് തന്നെ കഴിഞ്ഞു കൂടട്ടെ എന്നു മാത്രം ആഗ്രഹിക്കുന്ന സമുദായ ദ്രോഹികളുടെ മനോഭാവം തന്നെ ഇക്കൂട്ടരും പ്രകടിപ്പിക്കുന്നു.
ഈ മനോഭാവം തന്നെയാണിപ്പോള് ഭീകരവാദികളെയും യാഥാസ്ഥിതികരെയുമൊക്കെ ഇടം വലം നോക്കാതെ പിന്തുണയ്ക്കാന് മുതിരുന്നതിന്റെയും പിന്നിലുള്ളത്. സമുദായത്തെ കൂടെ നിര്ത്താന് വേണ്ടി ആ വിഭാഗത്തെ ചീത്തയാക്കുന്ന കുറ്റവാളികളെയും ഭീകരവാദികളെയുമൊക്കെ പിന്തുണയ്ക്കുന്നത് സമുദായത്തിനു തന്നെ ദ്രോഹമായാണു ഭവിക്കുന്നത്. സമുദായം എങ്ങനെ നശിച്ചാലും തങ്ങള്ക്കെന്ത് ? തല്ക്കാലം അടുത്ത തെരഞ്ഞെടുപ്പില് അവരുടെ പത്തു വോട്ടു തരാക്കിയാല് നമുക്കു അധികാരത്തിലെത്താമല്ലോ !! അതാണു ചിന്ത.
ഒരു ദിവസത്തേയ്ക്കു വിരുന്നു വന്ന അമ്മായി വീട്ടിലെ കുട്ടികളെ സന്തോഷിപ്പിക്കാന് അവര്ക്കിഷ്ടപ്പെട്ട പലഹാരങ്ങളൊക്കെ വാങ്ങിക്കൊടുക്കും. കാരണം തല്കാലം കുട്ടികളെ പ്രീതിപ്പെടുത്തുക എന്നതു മാത്രമാണു അമ്മായിയുടെ ഉദ്ദേശ്യം. എന്നാല് കുട്ടികളെ സ്നേഹിക്കുന്ന അഛനമ്മമാര് അവരുടെ ആരോഗ്യത്തിനും വളര്ച്ചയ്ക്കും ആവശ്യമായ പോഷകാഹാരമാണവര്ക്കു നല്കാന് ശ്രമിക്കുക. അതില് അവരുടെ ഇഷ്ടം കൂടി ചെറിയ തോതില് പരിഗണിക്കും എന്നേയുള്ളു. കുട്ടിക്കു രോഗം ബാധിച്ചാല് കൈപ്പുള്ളതാണെങ്കിലും മരുന്നും നല്കും. കുട്ടി ഇഷ്ടപ്പെട്ടില്ലെങ്കിലും ! കുത്തിവെയ്പു വേണ്ട രോഗമാണെങ്കില് കുട്ടിയെ സൂചി കുത്തി വേദനിപ്പിക്കുകയും ചെയ്യും; ഉള്ളു നൊന്തുകൊണ്ടു തന്നെ !
നമ്മുടെ രാഷ്ട്രീയക്കാര്ക്ക് വിരുന്നമ്മായിയുടെ മനോഭാവം മാത്രമേ ഉള്ളു. !
അവര് മധുരം മാത്രമേ നല്കൂ. കുട്ടി രോഗിയാണെങ്കിലും !!
സൂചി കുത്താന് വരുന്ന നഴ്സിനോടു കുട്ടിക്കു ദേഷ്യം കാണും. പക്ഷെ നേഴ്സിനു തീരിച്ചു കുട്ടിയോടു ദേഷ്യം തോന്നുകയില്ലല്ലോ !
-------------------
നമ്മുടെ കുട്ടികളും അയല് വീട്ടിലെ കുട്ടികളും തമ്മില് എന്തെങ്കിലും വഴക്കുണ്ടായാല് നമ്മള് എന്താണു ചെയ്യുക? നമ്മുടെ കുട്ടികളാണു തെറ്റുകാരെങ്കില് അവരെ ശാസിച്ചും ശിക്ഷിച്ചും പിന്തിരിപ്പിച്ചും പ്രശ്നം തീര്ക്കാന് നോക്കും. മറ്റേ കുട്ടികളാണു തെറ്റു ചെയ്തതെന്നു ബോധ്യപ്പെട്ടാല് അവരുടെ രക്ഷിതാക്കളോടു കാര്യം പറഞ്ഞ് അവരെ കൊണ്ടു കുട്ടികളെ കൈകാര്യം ചെയ്യിക്കുകയും ചെയ്യും.
ഇതൊക്കെ അല്പം പക്വതയും വെളിവും ഉള്ളവരാണെങ്കിലുള്ള കാര്യമാണു.
അല്ലാത്തവരാണെങ്കിലോ?
ഇടവും വലവും നോക്കാതെ ഓടിച്ചെന്ന് ആരാന്റെ മക്കളെ പിടിച്ചങ്ങു പൂശും. ഫലമോ? കുട്ടികളില്നിന്നും കാര്യം മുതിര്ന്നവരിലേക്കും പിന്നീട് ഒരു വലിയ സംഘര്ഷത്തിലേക്കും നീങ്ങും. ഒടുവില് ആ അയല് ബന്ധങ്ങള് തന്നെ വഷളാവാനും അതിടയാക്കും. അതു മാത്രമല്ല ഇതിനു മറ്റൊരു ഗുരുതരമായ ദൂഷ്യഫലം കൂടിയുണ്ട്. സ്വന്തം മക്കളുടെ തെറ്റുകള്ക്ക് രക്ഷിതാക്കള് തന്നെ പിന്തുണ നല്കുക വഴി ആ കുട്ടികള് കൂടുതല് തെറ്റുകാരായി വളരാനും വളമാകും ആ പ്രവൃത്തി.
ഇന്ത്യ പോലുള്ള ഒരു രാജ്യത്ത് നില നില്ക്കുന്ന മത വൈരവും വര്ഗീയ വഴക്കുകളും അതാതു സമുദായങ്ങള് കൈകാര്യം ചെയ്യുന്നതിലും ഇതേ മര്യാദയ്ക്കു വളരെ പ്രാധാന്യമുണ്ട്. പക്വതയും വിവരവും ഉള്ള സമുദായ നേതാക്കള് സംഘര്ഷം ലഘൂകരിക്കാനുള്ള മനശാസ്ത്രപരമായ സമീപനമാണു സ്വീകരിക്കേണ്ടത്.
സ്വന്തം സമുദായത്തിലെ അവിവേകികള് ചെയ്യുന്ന ദുഷ് ചെയ്തികളെ കണ്ണും പൂട്ടി ന്യായീകരിക്കുകയും അന്യരുടെ നേരെ കടന്നാക്രമിക്കുന്നതില് മാത്രം തീവ്രമായ ഔത്സുക്യം കാട്ടുകയും ചെയ്യുന്നതു പക്വമതികള്ക്കു ചേര്ന്ന രീതിയല്ല. മറിച്ച് സ്വ സമുദായത്തിലെ തെറ്റുകളെ നിയന്ത്രിക്കാന് ഓരോ വിഭാഗവും ശ്രമിക്കുമ്പോഴാണു സമാധാനവും ശാന്തിയും കൈവരുന്ന അന്തരീകഷം സൃഷ്ടിക്കപ്പെടുക.
ചേകനൂര്‍ മൌലവിയുടെ അവസാനത്തെ പുസ്തകത്തിന്റെ ആമുഖത്തില്‍ അദ്ദേഹം ഉണര്‍ത്തിയതും ഇതായിരുന്നു.
ജബ്ബാര്മാഷ് മുസ്ലിംങ്ങളെ വിമര്ശിക്കുന്നതു കേട്ട് ഹിന്ദുക്കള് ഓടി വന്ന് മുസ്ലിംങ്ങളെ വിഴുങ്ങും എന്നൊക്കെ വ്യാഖ്യാനിക്കുന്നവര്ക്ക് ഈ പറഞ്ഞതൊന്നും മനസ്സിലാകണമെന്നില്ല.
കാരണം ഈ തിളയ്ക്കുന്ന ഭ്രാന്തില് അകപ്പെട്ടു പോയവരാണവരും !

No comments:

MUSLIMS ARE THE VICTIMS OF 'ISLAM' !

30 വര്‍ഷത്തിലേറെക്കാലമായി ഒരു ലക്കം പോലും മുടങ്ങാതെ പ്രസിദ്ധീകരിക്കുന്നു

30 വര്‍ഷത്തിലേറെക്കാലമായി ഒരു ലക്കം പോലും മുടങ്ങാതെ പ്രസിദ്ധീകരിക്കുന്നു
ഏ വി ജോസ് , കുറ്റിപ്പുഴ നഗര്‍ , തൃശ്ശൂര്‍.