Sunday, June 17, 2018

എന്താണു നന്മ ?


എന്താണു നന്മ ?
എന്താണു വലിയ നന്മ?
എന്താണു ഏറ്റവും വലിയ നന്മ?
===================
ഒരു നഗരത്തില്‍ ശുദ്ധജല വിതരണം മുടങ്ങുന്നു. ദിവസങ്ങള്‍ പിന്നിട്ടിട്ടും വെള്ളം കിട്ടുന്നില്ല . പതിനായിരക്കണക്കിനു ആളുകള്‍ കുടിവെള്ളത്തിനായി നെട്ടോട്ടമോടുന്നു.
സ്വന്തമായി വീട്ടില്‍ കിണറുള്ള ഒരാള്‍ തൊട്ടടുത്ത നാലോ അഞ്ചോ വീട്ടുകാര്‍ക്ക് അത്യാവശ്യത്തിനു വേണ്ട വെള്ളം എത്തിച്ചു കൊടുക്കുന്നു. ആ നാലഞ്ചു വീട്ടുകാരുടെ സഹായവും സഹകരണവും അയാള്‍ക്ക് എപ്പോഴും ആവശ്യമുണ്ട്. അയാളെ നമുക്ക് A എന്ന് വിളിക്കാം.
മറ്റൊരാള്‍ ഒരു സന്നദ്ധപ്രവര്‍ത്തകനാണു .. അയാളും സഹപ്രവര്‍ത്തകരും ചേര്‍ന്ന് ഒരുവണ്ടിയും ടാങ്കും സംഘടിപ്പിച്ച് ദൂരെ ഒരു പൊതു കിണറ്റില്‍ നിന്നും വെള്ളം കൊണ്ടു വന്ന് അവരുടെ അയല്‍ വീടുകളിലായി കുറച്ചാളുകള്‍ക്ക് വെള്ളം എത്തിച്ചു കൊടുക്കുന്നു. ആ വാര്‍ഡില്‍ സ്ഥാനാര്‍ത്ഥിയാകാന്‍  ആഗ്രഹിക്കുന്ന അയാള്‍  അതിന്റെ ചെലവിനുള്ള വക പിരിവെടുക്കുകയും കുറച്ചു ലാഭം ഉണ്ടാക്കുകയും ചെയ്യുന്നു. അയാളാണു B.
മൂന്നാമത്തെയാള്‍ക്ക് ഈ വക ജീവകാരുണ്യപ്രവര്‍ത്തനങ്ങളിലൊന്നും താല്പര്യമില്ല. അയാള്‍ പ്രശ്നത്തിന്റെ മൂല കാരണം അന്യേഷിച്ച് വാട്ടര്‍ അതോറിറ്റിയിലും ബന്ധപ്പെട്ട ഓഫീസുകളിലും ഭരണകാര്യാലയത്തിലുമൊക്കെ പോയി കാര്യങ്ങള്‍ മനസ്സിലാക്കുന്നു. കാരണം കണ്ടു പിടിക്കുന്നു. ചില ഉദ്യോഗസ്ഥരുടെയും രാഷ്ട്രീയക്കാരുടെയും പിടിപ്പു കേടോ അഴിമതിയോ തര്‍ക്കമോ ഒക്കെ കാരണം ജലവിതരണത്തിന്റെ സാങ്കേതിക തകരാറു പരിഹരിക്കാന്‍ വൈകുന്നതാണു പ്രശ്നം . അയാള്‍ ബന്ധപ്പെട്ടവരെയൊക്കെ കണ്ടു പരാതിപ്പെടുകയും ചിലരെ ചീത്ത വിളികുകയും സമരഭീഷണി മുഴക്കുകയുമൊക്കെ ചെയ്യുന്നു. ഇതൊന്നും നാട്ടുകാര്‍ അറിയുന്നില്ല. അയാള്‍ അറിയിക്കുന്നുമില്ല. അയാളുടെ നിരന്തരമായ ഇടപെടലിലൂടെയും സമരത്തിലൂടെയുമൊടുവില്‍ പ്രശ്നം പരിഹരിക്കപ്പെടുന്നു. എല്ല്ലാവര്‍ക്കും വെള്ളം കിട്ടുന്നു. ഇയാള്‍ സ്വന്തം കീശയിലെ പണം ചെലവഴിച്ചാണു ഇതിനൊക്കെ ഓടി നടക്കുന്നത്. ആരോടും അതു പറഞ്ഞുമില്ല. പറയാന്‍ ആഗ്രഹിക്കുന്നുമില്ല. അയാള്‍ തെരഞ്ഞെടുപ്പില്‍ മത്സരിക്കാനും ഇല്ല.  ഈ മൂന്നാമത്തെയാളുടെ പേരാണു  C.


ഇതില്‍ ആരാണു നന്മ ചെയ്യുന്നത്?
 ആരാണു വലിയ നന്മ ചെയ്യുന്നത്?
 ആരാണു ഇമ്മിണി ബല്യ നന്മ ചെയ്യുന്നത് ?

കുടത്തില്‍ വെള്ളം കൊണ്ടു കൊടുത്ത A ആ നാലു വീട്ടുകാര്‍ക്ക് കാണപ്പെട്ട ദൈവം .!

പിരിവെടുത്തിട്ടാണെങ്കിലും നമ്മള്‍ക്കു വെള്ളം തന്നല്ലോ അതിനാല്‍ B ഒരു നന്മയുള്ള മനുഷ്യന്‍ തന്നെ എന്ന് അതിന്റെ ഗുണഭോക്താക്കള്‍ !!

ജീവിതത്തില്‍ ഒരു നല്ല കാര്യവും ചെയ്യാതെ തേരാ പാര എല്ലാവരെയും കുറ്റവും പറഞ്ഞു നടക്കുന്ന” C എല്ലാവരാലും വെറുക്കപ്പെട്ടവന്‍ !!!

ഇതാണു നാട്ടു നടപ്പ്  :)

രാഷ്ട്രത്തെ വഞ്ചിച്ചും ജനങ്ങളെ കബളിപ്പിച്ചും തിന്മയുടെ മാര്‍ഗ്ഗങ്ങള്‍ അവലംബിച്ചും കോടികള്‍ സമ്പാദിച്ച ശേഷം അതില്‍ നിന്നും അല്പം എടുത്ത് ജീവകാരുണ്യസേവനംനടത്തുന്ന വിരുതന്മാര്‍ മഹാ ദൈവങ്ങളും സ്വന്തം ജീവിത സുഖങ്ങളും സൌകര്യങ്ങളുമെല്ലാം ത്യജിച്ച് വരും തലമുറകള്‍ക്കു മാത്രം പ്രത്യക്ഷ ഗുണം ലഭിക്കാവുന്ന അദൃശ്യപ്രവൃത്തികള്‍ ചെയ്യുന്നവര്‍ സാമൂഹ്യ ദ്രോഹികളും ആയി മുദ്ര കുത്തപ്പെടുന്നത് ഇങ്ങനെയാണു.

ശാരീരിക ആക്രമണങ്ങളും സാമൂഹിക വിലക്കുകളും മാനസിക പീഢനങ്ങളും (നിരന്തരമായ അധിക്ഷേപങ്ങളും തെറിവിളികളും ഉദാഹരണം) തൃണവല്‍ഗണിച്ച്  വരും തലമുറകള്‍ക്കെങ്കിലും മെച്ചപ്പെട്ട ജീവിതമുണ്ടാക്കട്ടെ എന്ന് മാത്രം ആഗ്രഹിച്ച് സ്വന്തമായി യാതൊരു പ്രതിഫലവും ഇഛിക്കാതെയും നേടാതെയും വലിയ ശരികളില്‍ ഏര്‍പ്പെടുന്നവരെ , അവരുടെ നന്മയെ തിരിച്ചറിയാന്‍ ബഹു ഭൂരിപക്ഷം ആളുകള്‍ക്കും കഴിയുന്നില്ല എന്നതാണു വാസ്തവം !!

No comments:

MUSLIMS ARE THE VICTIMS OF 'ISLAM' !

30 വര്‍ഷത്തിലേറെക്കാലമായി ഒരു ലക്കം പോലും മുടങ്ങാതെ പ്രസിദ്ധീകരിക്കുന്നു

30 വര്‍ഷത്തിലേറെക്കാലമായി ഒരു ലക്കം പോലും മുടങ്ങാതെ പ്രസിദ്ധീകരിക്കുന്നു
ഏ വി ജോസ് , കുറ്റിപ്പുഴ നഗര്‍ , തൃശ്ശൂര്‍.