Friday, September 24, 2010

ഹിജ്ര; ഒരാസൂത്രിത ഗൂഡാലോചനയുടെ ഫലം!

മക്കയില്‍ തന്റെ പ്രവാചകത്വം അംഗീകരിക്കപ്പെടില്ല എന്നുറപ്പായതോടെ മുഹമ്മദ് മറ്റു മാര്‍ഗ്ഗങ്ങള്‍ അന്യേഷിക്കാന്‍ തുടങ്ങി . ഓരോ വര്‍ഷവും അന്യ ദേശങ്ങളില്‍നിന്നും ഹജ്ജ് തീര്‍ത്ഥാടനത്തിനായി മക്കയിലെത്തുന്ന വിവിധ ഗോത്രക്കാരുമായി അദ്ദേഹം ബന്ധം സ്ഥാപിക്കാനും അഭയം ചോദിക്കാനും തുടങ്ങി. തായിഫിലെയും മറ്റും പലഗോത്രക്കാരെയും നേരിട്ടു കണ്ടുവെങ്കിലും ഫലമുണ്ടായില്ല. മദീനയിലെ നിരവധി ഗോത്രങ്ങളെ സ്വാധീനിക്കാനും ശ്രമം നടന്നു. ഒടുവില്‍ ഔസ് ഖസ്രജ് എന്നീ ഗോത്രക്കാര്‍ മുഹമ്മദിനെ പിന്തുണയ്ക്കാന്‍ സമ്മതിച്ചു. അവരുമായി മൂന്നു വര്‍ഷം നീണ്ടു നിന്ന ഗൂഡാലോചനകള്‍ക്കൊടുവിലാണു മുഹമ്മദും അനുയായികളും മദീനയിലേക്കു പുറപ്പെട്ടത്.

മക്കയിലെ മര്‍ദ്ദനം സഹിക്കവയ്യാതെ ഒരു ദിവസം നാടകീയമായും യാദൃച്ഛികമായും ഹിജ്ര പോയി എന്നൊക്കെയാണു സാധാരണ മുസ്ലിംങ്ങള്‍ പറഞ്ഞു പ്രചരിപ്പിക്കാറെങ്കിലും, ചരിത്ര രേഖകള്‍ നിരത്തുന്ന വസ്തുതകള്‍ വ്യത്യസ്ഥമായ ഒരു ചിത്രമാ‍ണു നല്‍കുന്നത്. ഹിജ്രയ്ക്കു പശ്ചാത്തലമൊരുക്കിയ ഗൂഡാലോചനകളുടെ ചിത്രം ഇതാ: ‌-

“....ആണ്ടു തോറും മക്കയില്‍ ഹജ്ജിനു വരുന്ന അറബികള്‍ ശവ്വാല്‍ മാസത്തില്‍ തന്നെ ഉക്കാള്‍ എന്ന സ്ഥലത്തെത്തിച്ചേരും .അവിടെ വെച്ചാണു വാര്‍ഷികമേള നടക്കുക. ആ മേള കഴിഞ്ഞാല്‍ മജ്നത്ത് എന്ന ചന്തസ്ഥലത്ത് അവര്‍ മൂന്നാഴ്ച്ചകളോളം കഴിച്ചുകൂട്ടും. ഹജ്ജിന്റെ ദിവസം അടുക്കുമ്പോള്‍ , അവിടെനിന്ന് അവര്‍ ദുല്‍ മജാസിലേക്കു യാത്ര തിരിക്കും. തിരുമേനി മേല്‍പ്പറഞ്ഞ മൂന്നു സ്ഥലങ്ങളിലും ചെന്ന് തംബുകള്‍ തോറും കയറിയിറങ്ങി ഓരോ ഗോത്രക്കാരെയും ഇസ്ലാമിലേക്കു ക്ഷണിച്ചു വന്നു. .
ബനൂ ആമിര്‍ , മുഹാരിബ്, ഹസാറത്, മുറത്, ഗസ്സാന്‍ , ഹനീഫ, ബനൂസുലൈം , ബനൂ അബസ്, ബനൂ നളര്‍ , ബകാഅ, കന്തത്, കഅബ്, ഹാരിസ്, ഹദ്രത്, ഹളാരിമത്, എന്നീ പതിനഞ്ചു ഗോത്രക്കാരില്‍ പ്രത്യേക ശ്രദ്ധ പതിച്ചുകൊണ്ടാണ് തിരുന്മേനി പ്രബോധനപ്രവര്‍ത്തനം നടത്തിയത്. അവര്‍ തിരുമേനിയെ വിശ്വസിച്ചില്ല. ...മിനായിലെ ജഹതുല്‍ അഖബ എന്ന സ്ഥലത്തു വെച്ച് ഔസ് ഖസ്രജ് എന്ന രണ്ടു ഗോത്രക്കാരെ തിരുമേനി കണ്ടുമുട്ടി. തിരുമേനി അവരെ ഇസ്ലാമിലേക്കു ക്ഷണിക്കുകയും ഖുര്‍ ആന്‍ ഓതിക്കേള്‍പ്പിക്കുകയും ചെയ്തു. അവര്‍ ഈ വിഷയത്തില്‍ പരസ്പരം ഒരു കൂടിയാലോചന നടത്തി. തല്‍ഫലമായി , ഖസ്രജ് ഗോത്രക്കാരായ അബൂ ഉമാമത്, ഔഫുബിനുല്‍ ഹറസ്, റാഫി ഇബ്നുല്‍ മാലിക, ഖുത്ബതുബ്നു ആമിര്‍ ,ഉഖബതിബ്നു ആമിര്‍ , ജാബിറുബ്നു അബ്ദുല്ല , എന്നിവര്‍ ഇസ്ലാം മതം സ്വീകരിച്ചു. നിങ്ങളോടൊപ്പം ഞാനും നിങ്ങളുടെ നാട്ടിലേക്കു വരട്ടെയോ എന്നു തിരുമേനി അവരോടു അന്യേഷിച്ചപ്പോള്‍ , യുഗാസ് യുദ്ധം ഹേതുവായി നാട്ടുകാര്‍ പരസ്പരം ഭിന്നിച്ചു നില്‍ക്കുകയായിരുന്നു. അതുകൊണ്ട് ഇപ്പോള്‍ ഞങ്ങള്‍ മാത്രമായി പോവട്ടെ, അടുത്ത വര്‍ഷം ഇതേ സ്ഥലത്തു വെച്ചു ഞങ്ങള്‍ കണ്ടുകൊള്ളാം എന്നവര്‍ മറുപടി നല്‍കി.
അടുത്ത വര്‍ഷം മദീനക്കാരായ പന്ത്രണ്ടു പേര്‍ അഖബായില്‍ വെച്ചു തിരുമേനിയെ കാണുകയും സംസാരിക്കുകയും ചെയ്തു. അവരില്‍ പത്തു പേര്‍ ഖസ്രജ് കാരും രണ്ടു പേര്‍ ഔസ് കാരുമായിരുന്നു. അവര്‍ അഖബാ കുന്നിന്മേല്‍ വെച്ച് തിരുമേനിയുമായി ഒരു ഉടംബടിയില്‍ ഏര്‍പ്പെട്ടു..... സന്തോഷകാലത്തും സന്താപകാലത്തും തങ്ങള്‍ തിരുമേനിയെ അനുസരിക്കും എന്ന് അവര്‍ സമ്മതിച്ചു. തിരുമേനി അരുളി “ ഈ ഉടംബടി വ്യക്തമായും പൂര്‍ണ്ണമായും പാലിച്ചാല്‍ നിങ്ങള്‍ക്കു സ്വര്‍ഗ്ഗം ലഭിക്കും. ഈ ഉടമ്പടിയെ നിങ്ങളില്‍നിന്നു ആരെങ്കിലും ലംഘിക്കുന്ന പക്ഷം , അയാളുടെ കാര്യം അല്ലാഹുവിന്റെ കരങ്ങളിലത്രേ. അവന്‍ രക്ഷിച്ചെങ്കില്‍ രക്ഷപ്പെടും . ഇല്ലെങ്കില്‍ ശിക്ഷ തന്നെ .

അഖബായില്‍ വെച്ചു നടന്ന ഒന്നാമത്തെ ഉടമ്പടിയില്‍ യുദ്ധത്തെ സംബന്ധിച്ച വ്യവസ്ഥകളൊന്നും ഉണ്ടായിരുന്നില്ല. കാരണം അന്നു ജിഹാദ് നിര്‍ബന്ധമാക്കപ്പെട്ടിരുന്നില്ല. ...
അടുത്ത വര്‍ഷം മദീനക്കാരായ അഞ്ഞൂറോളം ആളുകള്‍ ഹജ്ജിന്നായി മക്കയിലേക്കു വന്നു. മിസ് അബും അക്കൂട്ടത്തിലുണ്ടായിരുന്നു. അവരില്‍ എഴുപത്തഞ്ചു പേര്‍ തിരുമേനിയെ സന്ദര്‍ശിച്ച് കുശലപ്രശ്നം നടത്തുകയും അയ്യാമുത്തശ്രീഖിന്റെ മൂന്നാം രാവില്‍ അഖബയില്‍ വെച്ച് കാര്യങ്ങള്‍ രഹസ്യമായി സംസാരിക്കാമെന്ന് പറഞ്ഞുറക്കുകയും ചെയ്തു. അതനുസരിച്ച് കൂട്ടുകാരെല്ലാം ഉറങ്ങിക്കഴിഞ്ഞപ്പോള്‍ ,മുസ്ലിംങ്ങളായ എഴുപത്തഞ്ചു പേര്‍ നിശ്ചയമനുസരിച്ച് അഖബയിലേക്കു പുറപ്പെട്ടു. അപ്പോഴേക്കും തിരുമേനി അവിടെ എത്തിക്കഴിഞ്ഞിരുന്നു. ...അലിയും അബൂബക്കറും അഖബയുടെ പ്രവേശനകവാടത്തില്‍ കാവല്‍ നിന്നു. മദീനക്കാര്‍ തിരുമേനിക്കു ചുറ്റുമായി ഇരുന്നു. അബ്ബാസ് അവരെ അഭിമുഖീകരിച്ചുകൊണ്ടു പറഞ്ഞു. “എന്റെ സഹോദരപുത്രനും മക്കക്കാരും തമ്മിലുള്ള പ്രശ്നങ്ങള്‍ നിങ്ങള്‍ നല്ലവണ്ണം അറിയുമല്ലോ. ഇസ്ലാം വിശ്വസിക്കുക വഴി നിങ്ങള്‍ ആപത്തുകളെ സ്വയം ഏറ്റെടുത്തിരിക്കുകയാണ്. തിരുമേനിയെ നിങ്ങള്‍ നിങ്ങളുടെ നാട്ടിലേക്കു ക്ഷണിക്കുന്നുണ്ട്. നിങ്ങള്‍ ഏറ്റെടുപ്പാന്‍ ഒരുങ്ങുന്ന ഉത്തരവാദിത്തത്തിന്റെ ഗൌരവം നിങ്ങള്‍ അറിയണം. നിങ്ങള്‍ അദ്ദേഹവുമായി ഒരു ഉടമ്പടിയില്‍ ഏര്‍പ്പെടാന്‍ പോവുകയാണ്. ആ ഉടമ്പടി തികച്ചും പാലിക്കുവാന്‍ നിങ്ങള്‍ക്കു കഴിയുമെന്നു നിങ്ങള്‍ക്കുറപ്പുള്ള പക്ഷം നിങ്ങള്‍ അദ്ദേഹത്തെ കൂട്ടിക്കൊണ്ടു പോകുന്നതില്‍ വിരോധമില്ല. നേരെ മറിച്ച് അദ്ദേഹവുമായുള്ള ബന്ധത്താല്‍ ആപത്തു സംഭവിക്കുന്ന പക്ഷം അദ്ദേഹത്തെ കയ്യൊഴിയാന്‍ ഇടവരുമെന്നു തോന്നുന്നുവെങ്കില്‍ നിങ്ങള്‍ അദ്ദേഹത്തെ കൂട്ടിക്കൊണ്ടു പോകാതിരിക്കുന്നതാണു നല്ലത്. ”
അനന്തരം , അല്ലാഹുവിനും അല്ലാഹുവിന്റെ റസൂലിനും വേണ്ടി വ്യക്തമായ ഒരു ഉടമ്പടി അരുളുവാന്‍ അവര്‍ തിരുമേനിയോടപേക്ഷിച്ചു. തിരുമേനി ഖുര്‍ ആനില്‍ നിന്നും ചില ആയത്തുകള്‍ ഓതുകയും ഇസ്ലാമിന്റെ അനുഗ്രഹങ്ങളെ വിവരിക്കുകയും അവരെയെല്ലാവരെയും ഇസ്ലാമിലേക്കു ക്ഷണിക്കുകയും ചെയ്തു. അതിനെ തുടര്‍ന്ന്, അല്ലാഹുവൊഴികെ മറ്റൊന്നിനെയും ആരാധിക്കുകയില്ലെന്നും ഇസ്ലാമിന്റെ നിയമങ്ങളെ അനുസരിച്ചു ജീവിക്കുമെന്നും നബി തിരുമേനിയെ എല്ലാ കാര്യങ്ങളിലും അനുസരിക്കുമെന്നും തങ്ങളുടെ സ്വന്തം സ്ത്രീകളെയും കുട്ടികളെയും സംരക്ഷിക്കുന്നതുപോലെ തിരുമേനിയെ കാത്തുരകഷിക്കുമെന്നും ഉള്ള പഴയ ഉടംബടി ആവര്‍ത്തിക്കപ്പെട്ടു.
യുദ്ധം അനിവാര്യമായി വരുമ്പോള്‍ അറബികളെന്നോ അനറബികളെന്നോ ഉള്ള പരിഗണന പാടില്ലെന്നു തിരുമേനി പറഞ്ഞപ്പോള്‍ അല്ലാഹുവിന്റെ മാര്‍ഗ്ഗത്തില്‍ മരിക്കുന്നതിനുള്ള പ്രതിഫലമെന്തായിരിക്കുമെന്ന് ഇബ്നു റവാഹത് ചോദിച്ചു. ‘സ്വര്‍ഗ്ഗം’ എന്നു തിരുമേനി മറുപടി നല്‍കി.
“ എങ്കില്‍ അതി മഹത്തായ ഈ ലാഭക്കച്ചവടത്തില്‍ നിന്നു ഞങ്ങള്‍ ഒരിക്കലും പിന്‍ വാങ്ങുകയില്ലെന്ന് അദ്ദേഹം ഉറപ്പിച്ചു പറഞ്ഞു. ബറാഉബ്നു മ അദൂര്‍ തിരുമേനിയുടെ കൈ പിടിച്ചുകൊണ്ട് ഇപ്രകാരം പ്രസ്താവിച്ചു:- “ഈ ദീനുമായി താങ്കളെ നിയോഗിച്ച അല്ലാഹുവാണെ സത്യം. ഞങ്ങളുടെ സ്വന്തം ശരീരങ്ങളെയും ഭാര്യമക്കളെയും കാത്തു രക്ഷിക്കുന്നതുപോലെ , താങ്കളെ ഞങ്ങള്‍ കാത്തു രക്ഷിക്കും. ഞങ്ങള്‍ യുദ്ധ ശാലികളാകുന്നു. ഞങ്ങളുടെ ആയുധങ്ങള്‍ ഞങ്ങളുടെ പൂര്‍വ്വീകരില്‍ നിന്നും അനന്തരാവകാശമായി ഞങ്ങള്‍ക്കു സിദ്ധിച്ച കൈമുതലുകളാകുന്നു. ആ അവകാശത്തെ ഞങ്ങള്‍ കയ്യൊഴിക്കുകയില്ല. യോദ്ധാക്കളുടെ മക്കളാണു ഞങ്ങള്‍ . യുദ്ധത്തില്‍ അകപ്പെട്ടാല്‍ ഒന്നുകില്‍ ജയിക്കുക, അല്ലെങ്കില്‍ മരിക്കുക, അതാണു ഞങ്ങളുടെ പതിവ്. പിന്തിരിയുക എന്നത് ഞങ്ങള്‍ക്കു പരിചയമില്ലാത്ത കാര്യമാണ്. ..”
പക്ഷെ “ശുഭകാലം വരുമ്പോള്‍ താങ്കള്‍ ഞങ്ങളെ ഉപേക്ഷിച്ച് സ്വന്തക്കരിലേക്കു തിരിഞ്ഞു കളയുമോ” എന്ന സംശയം കൂടി ഉന്നയിക്കപ്പെട്ടു. “ഇല്ല; ഒരിക്കലുമില്ല .നിങ്ങളുടെ രക്തം എന്റെയും രക്തമാണ്. ഞാന്‍ നിങ്ങളുടേതാണ്. നിങ്ങള്‍ എന്റേതും “ എന്നു തിരുമേനി പുഞ്ചിരി തൂകിക്കൊണ്ടു അവര്‍ക്കുറപ്പു കൊടുത്തു. അവരിലോരോരുത്തരും തിരുമേനിയുടെ തൃക്കരത്തില്‍ കൈ വെക്കുകയും ഉടംബടി അംഗീകരിച്ചു പ്രതിജ്ഞ ചെയ്യുകയും ചെയ്തു.”
[താരീഖുല്‍ ഇസ്ലാം ]


ഈ വിവരണം സസൂക്ഷമം നിരീക്ഷിച്ചാല്‍ നമുക്കു മനസ്സിലാക്കാന്‍ കഴിയുന്ന ചില വസ്തുതകള്‍ ഇതാണ്: -


* രാവിന്റെ മറവില്‍ നടന്ന ഈ ഗൂഡാലോചനയാണ് ഇസ്ലാം ചരിത്രത്തില്‍ വഴിത്തിരിവായത്.
* മൂന്നു കൊല്ലം നീണ്ട ആസൂത്രിത ഗൂഡാലോചനയുടെ പര്യവസാനമായിരുന്നു ഈ ഉടമ്പടിയും പാലായനവും .
* കൃഷിയും കച്ചവടവും മറ്റു മാന്യമായ തൊഴിലും സ്വീകരിച്ചു ജീവിച്ചിരുന്ന ഗോത്രക്കാരാരും മുഹമ്മദിനെ അംഗീകരിക്കാനോ അദ്ദേഹത്തിനു അഭയം നല്‍കാനോ തയ്യാറായില്ല.
* സ്വന്തം രക്തബന്ധുക്കളായ മക്കക്കാരെ ആക്രമിച്ചു കീഴ്പ്പെടുത്തണമെന്ന വ്യക്തമായ ഉദ്ദേശ്യം മുഹമ്മദിനുണ്ടായിരുന്നു.
* അതിനായി കൊള്ളയും യുദ്ധവും കുലത്തൊഴിലായി സ്വീകരിച്ചിരുന്ന രണ്ടു അപരിഷ്കൃത ഗോത്രങ്ങളുമായി മുഹമ്മദ് കൂട്ടു കൂടി.

Friday, September 3, 2010

ഇസ്ലാം പ്രചരിച്ചത് സമാധാന മാര്‍ഗ്ഗത്തിലൂടെയോ അതോ അക്രമത്തിലൂടെയോ?


ഇസ്ലാം എങ്ങനെ പ്രചരിച്ചു?

പതിമൂന്നു വര്‍ഷക്കാലം മുഹമ്മദ് തന്റെ പുതിയ മതം പ്രചരിപ്പിച്ചത് ജന്മദേശമായ മക്കയിലായിരുന്നു. മക്കയിലന്നുണ്ടായിരുന്നത് മുഖ്യമായും ബഹുദൈവാരാധനയില്‍ വിശ്വസിച്ചിരുന്ന ആളുകളാണ്. ജൂതമതക്കാരും ക്രിസ്ത്യാനികളും അറേബ്യയില്‍ അക്കാലത്തുണ്ട്. കുര്‍ആനില്‍ അല്ലാഹുവിനു പരിചയമുള്ള മതക്കാര്‍ ഈ വാക്യത്തില്‍ ഇങ്ങനെ വായിക്കാം:-

സത്യവിശ്വാസികള്‍ , യഹൂദന്‍മാര്‍ , സാബീമതക്കാര്‍ , ക്രിസ്ത്യാനികള്‍ , മജൂസികള്‍ , ബഹുദൈവവിശ്വാസികള്‍ എന്നിവര്‍ക്കിടയില്‍ ഉയിര്‍ത്തെഴുന്നേല്‍പിന്‍റെ നാളില്‍ തീര്‍ച്ചയായും അല്ലാഹു തീര്‍പ്പുകല്‍പിക്കുന്നതാണ്‌. തീര്‍ച്ചയായും അല്ലാഹു എല്ലാകാര്യത്തിനും സാക്ഷിയാകുന്നു.[22-17]

മക്ക അക്കാലത്ത് വിഗ്രഹാരാധനയുടെ കേന്ദ്രമായിരുന്നു. കഅബാ ക്ഷേത്രത്തില്‍ മുന്നൂറില്‍ പരം ദൈവങ്ങളുടെ വിഗ്രഹങ്ങള്‍ പ്രതിഷ്ഠിച്ചിരുന്നു. അറേബ്യയുടെ നാനാദിക്കില്‍നിന്നും അങ്ങോട്ട് തീര്‍ത്ഥാടനത്തിനായി ആളുകള്‍ പ്രവഹിച്ചിരുന്നത് ‍ മക്കയുടെ സാമ്പത്തികാഭിവൃദ്ധിയും യശസ്സും വര്‍ദ്ധിക്കുന്നതിനു കാരണമായി.

തൌഹീദ് [ഏക ദൈവത്വം] സിദ്ധാന്തവുമായി രംഗത്തു വന്ന മുഹമ്മദിനെ മക്കാനിവാസികള്‍ സ്വാഭാവികമായും എതിര്‍ത്തു. അവര്‍ പക്ഷെ വളരെ ഉന്നത സാംസ്കാരികനിലവാരമുള്ളവരായിരുന്നതിനാല്‍ കായികമായല്ല , ആശയപരമായിത്തന്നെയാണു മുഹമ്മദിന്റെ പ്രവാചകത്വവാദത്തെ നേരിട്ടത്. ശാരീരികമായ ഉപദ്രവങ്ങളൊന്നും കാര്യമായി അദ്ദേഹത്തിനു നേരെ ഉണ്ടായതായി തെളിവുകളില്ല. വളരെ നിസ്സാരമായ ചില ഒറ്റപ്പെട്ട സംഭവങ്ങളെയാണു പില്‍ക്കാലത്ത് അതിശയോക്തിപരമായി അവതരിപ്പിക്കാന്‍ ചരിത്രകാരന്മാര്‍ ശ്രമിച്ചിട്ടുള്ളത്. മുഹമ്മദ് പിന്നീടു നടത്തിയ നരനായാട്ടുകളുമായി താരതമ്യം ചെയ്താല്‍ ഈ സംഭവങ്ങളൊക്കെ അവഗണനീയമാംവിധം നിസ്സാരമാണെന്നു കാണാം.

മക്കയില്‍ തികച്ചും സമാധാനപരവും ജനാധിപത്യപരവുമായിരുന്നു മുഹമ്മദിന്റെ പ്രബോധനങ്ങള്‍
.സമാധാനവാദികള്‍ സാധാരണ ഇക്കാലത്ത് ഉദ്ധരിക്കാറുള്ള ഈ വചനങ്ങളെല്ലാം ആദ്യകാല സൂക്തങ്ങളാണ്:-

1:“ മതത്തില്‍ ബലപ്രയോഗം പാടില്ല; (2:256)“
2:“ നിങ്ങള്‍ക്കു നിങ്ങളുടെ മതം, ഞങ്ങള്‍ക്കു ഞങ്ങളുടെ മതം;(109:6)“
3: “ആരെയും സന്മാര്‍ഗത്തിലാക്കാന്‍ പ്രവാചകനു പോലും ബാധ്യതയില്ല;(2:272)“
4:“ യുക്തിപൂര്‍വമായ സംവാദങ്ങളിലേര്‍‍പ്പെടുകയാണു വേണ്ടത്;(16:125)“
5:“ ഓരോ സമുദായങ്ങള്‍ക്കും അവരുടേതായ ആരാധനാ രീതികളുണ്ട്;(22:67)“
6:“ വിശ്വാസികളും ജൂതന്മാരും ക്രിസ്ത്യാനികളും സാബികളും ആരുമാകട്ടെ!ദൈവത്തിലും അന്ത്യദിനത്തിലും വിശ്വസിക്കുകയും സല്‍ക്കര്‍മ്മങ്ങള്‍ അനുഷ്ഠിക്കുകയും ചെയ്താല്‍ അവര്‍ക്കു പ്രതിഫലമുണ്ട്.അവര്‍ ദുഖിക്കേണ്ടി വരില്ല;(2:62)“


മക്കക്കാരായ മുശ്രിക്കുകളും [ബഹുദൈവാരാധകര്‍] വളരെ സഹിഷ്ണുതയോടെയാണു മുഹമ്മദിനോടു പെരുമാറിയത്.
മക്കയിലെ ഖുറൈശികള്‍ വളരെ ഉയര്‍ന്ന സംസ്കാരമുള്ളവരും മുഹമ്മദിനേക്കാള്‍ നന്മയുള്ളവരുമായിരുന്നുവെന്ന് ഇസ്ലാമിന്റെ ചരി‍ത്രത്തിലൂടെ ഒന്നു കണ്ണോടിച്ചാല്‍ ഏതൊരാള്‍ക്കും മനസ്സിലാകും. ചില ചരിത്രകാരന്മാര്‍ ഇക്കാര്യം തുറന്നു സമ്മതിച്ചിട്ടുമുണ്ട്. നബിയുടെ മഹത്വം ഉയര്‍ത്തിക്കാട്ടുന്നതിനായി അവരെ വെറും ജാഹിലുകളായി ചിത്രീകരിക്കാന്‍ ശ്രമിക്കുകയാണ് ഇന്നത്തെ മതപ്രചാരകര്‍. ഈ അഭിപ്രായം ഇസ്ലാം വിരോധികളുടെയല്ലെന്നു കാണിക്കാന്‍ ചില ഉദ്ധരണികള്‍ കൂടി കാണുക;-
“തിരുമേനി ആദ്യമാദ്യം ഏകദൈവസിദ്ധാന്തത്തിലേക്ക് ജനങ്ങളെ വിളിച്ചുകൊണ്ടിരുന്നു. അങ്ങനെ കുറേക്കാലം കഴിഞ്ഞപ്പോളാണ് ബഹുദൈവവിശ്വാസത്തെ പരസ്യമായി എതിര്‍ക്കാന്‍ തുടങ്ങിയത്. അത് മക്കക്കാര്‍ക്കു വിശിഷ്യാ ഖുറൈശികള്‍ക്കു സഹിക്കാന്‍ കഴിയാത്ത ഒന്നായിരുന്നുവെന്ന് പറയേണ്ടതില്ലല്ലോ. ഒരു ജനതയുടെ ദൈവങ്ങളെ പാടേ നിഷേധിക്കാന്‍ ഒരാള്‍ എഴുന്നേറ്റു നിന്നാല്‍ -വിശിഷ്യാ അക്കാലത്ത്-ആ ജനത അവനെ വെറുതെ വിടുമോ? ഒരിക്കലുമില്ല. പക്ഷെ ഖുറൈശികള്‍ നമ്മില്‍ പലരും ധരിച്ചു വെച്ചതുപോലെ , വിഡ്ഢികളോ അജ്ഞാനികളോ ആയിരുന്നില്ല. അവര്‍ തികഞ്ഞ തന്റേടവും ദീര്‍ഘദൃഷ്ടിയുമുള്ളവര്‍ തന്നെയായിരുന്നു.....
.....കുറൈശികള്‍ വളരെ തന്റേടത്തോടെയും ദീര്‍ഘദൃഷ്ടിയോടെയും കൂടിയാണ് ആദ്യമാദ്യം തിരുമേനിയുടെ ഉല്‍ബോധനങ്ങളെ അഭിമുഖീകരിച്ചത്. അതായത് ആത്മനിയന്ത്രനം വിട്ട് അവര്‍ ഒന്നും പ്രവര്‍ത്തിക്കാന്‍ മുതിര്‍ന്നില്ല......
ഖുറൈശികളുടെ ദൈവങ്ങളെ നിഷേധിക്കാന്‍ എഴുന്നേറ്റു നിന്നിരുന്ന മുഹമ്മദ്[സ]യെ ഒരൊറ്റ അടിക്കു കൊല്ലാനും അങ്ങിനെ തങ്ങളുടെ ദൈവങ്ങളുടെ അന്തസ്സും പ്രതാപവും നിലനിര്‍ത്താനും അവര്‍ക്കൊരു പ്രയാസവുമുണ്ടായിരുന്നില്ല. പക്ഷെ അവരതിനു മുതുര്‍ന്നില്ല.
....കുറൈശി നേതാക്കളെല്ലാവരും ദുഷ്ടന്മാരോ ദുര്‍ബുദ്ധികളോ ആയിരുന്നില്ല. സഹൃദയരും ഉദാര ശീലരും മാന്യരുമായി, പലരും പല നേതാക്കളും അവരുടെ കൂട്ടത്തിലുണ്ടായിരുന്നു. ഈ പ്രശ്നത്തിനു സമാധാനപരമായ പരിഹാരം കാണണമെന്നാണ് അവരാഗ്രഹിച്ചത്. ഇക്കാരണങ്ങള്‍ കൊണ്ടാണ് ആത്മനിയന്ത്രണം കൈവിടാതെ പെരുമാറാന്‍ അവര്‍ പ്രത്യേകം ശ്രദ്ധിച്ചത്..”[ഇസ്ലാം ചരിത്രം, സി എന്‍ അഹ്മദ് മൌലവി, പേജ് 225,226 ഒന്നാം പതിപ്പ് 1971]


“അറബികള്‍ അതിപുരാതനമായ ഒരു സംസ്കാര പാരംബര്യമുള്ള ജനതയാണ്. മക്കാനേതാക്കളായിരുന്ന കുറൈശികളോ, അവരുടെ നിലവാരം മുമ്പ് ചൂണ്ടിക്കാണിച്ചിട്ടുണ്ട്; റോമന്‍ ചക്രവര്‍ത്തി,അബ്സീനിയന്‍ ചക്രവര്‍ത്തി, യമന്‍ രാജാക്കന്മാര്‍, മുതലായവരുമായി ഒരു മധ്യവര്‍ത്തിയെയും കൂടാതെ നേരില്‍തന്നെ ബന്ധം പുലര്‍ത്തിക്കൊണ്ടിരുന്നവരായിരുന്നു കുറൈശികള്‍ ‍. പരി‍ശുദ്ധമക്കായുടെ അധിപന്മാരും അറേബ്യയിലെ പുരോഹിതനേതാക്കന്മാരും എന്ന നിലക്ക് ആ രാജാക്കന്മാരെല്ലാം ഇവരെ ആദരിക്കുകയും ചെയ്തിരുന്നു. മാത്രമല്ല ,ലോകവ്യാപാരകേന്ദ്രം മക്കയാകകൊണ്ടും ,വിവിധ നാടുകളില്‍ വ്യാപാരാവശ്യാര്‍ഥം സഞ്ചരിക്കുക മൂലംവും വളരെയേറെ അറിവുകളും അനുഭവങ്ങളും നേടിക്കഴിഞ്ഞവരായിരുന്നു കുറൈശികള്‍.....
അവര്‍ ദൈവവിശ്വാസികളായിരുന്നു. അല്ലാഹുവിന്റെ അസ്തിത്വത്തിലും ,ഈ പ്രപഞ്ചത്തെ നിയന്ത്രിക്കുന്നത് അവനാണെന്ന കാര്യത്തിലും അവര്‍ക്ക് അശേഷം സംശയമുണ്ടായിരുന്നില്ല. പക്ഷെ അല്ലാഹുവിനെ പ്രതാപശാലിയായ ഒരു രാജാവിന്റെ സ്ഥാനത്താണവര്‍ കണക്കാക്കിയത്....
ഹജ്ജ് കര്‍മ്മങ്ങള്‍ അവര്‍ നിര്‍വ്വഹിച്ചിരുന്നു. അത് ഒരു വലിയ പുണ്യകര്‍മ്മമായിട്ടു തന്നെയാണവര്‍ ഗണിച്ചിരുന്നത്. നാല്‍ക്കാലികളെ തങ്ങളുടെ ദൈവങ്ങളുടെ പേരില്‍ ഉഴിഞ്ഞിടുകയും ബലിയറുക്കുകയും പതിവായിരുന്നു. പലിശ ,ചൂതാട്ടം ,വ്യഭിചാരം മുതലായവ നിഷിദ്ധങ്ങളായിട്ടു തന്നെയാണവര്‍ കണക്കാക്കിയിരുന്നത്. അതുകൊണ്ടാണല്ലൊ കാബ പുനരുദ്ധരിച്ചപ്പോള്‍ ,അത്തരം പണങ്ങളൊന്നും അതിലേക്കുപയോഗപ്പെടുത്തിക്കൂടെന്ന് അവര്‍ തീരുമാനിച്ചതും, അവസാനം പണം തികയാതെ വന്നപ്പോള്‍ തറയില്‍ ഒരു ഭാഗം ഒഴിച്ചിട്ട് കാ‍ബയുടെ ചുമര് കെട്ടിയതും. ദാനധര്‍മ്മങ്ങളില്‍ അവരെപ്പോഴും അഭിമാനം കൊണ്ടിരുന്നു. ചില പ്രത്യേക കുടുംബങ്ങള്‍ക്കു ചില വിശ്വാസ സിദ്ധാന്തങ്ങളും ആചാര സമ്പ്രദായങ്ങളും ഉണ്ടായിരുന്നു. മരണത്തോടെ മനുഷ്യന്റെ ജീവിതം അവസാനിച്ചു,എന്നായിരുന്നു അറബികളുടെ ധാരണ....” [അതേ പുസ്തകം പേ.250]


അദ്ദേഹത്തിന്റെ പ്രവാചകത്വ വാദം തെളിയിക്കാനായി എന്തെങ്കിലും യുക്തിസഹമായ ദൃഷ്ടാന്തങ്ങള്‍ കാണിക്കൂ‍ എന്നായിരുന്നു അവരുടെ നിരന്തരമായ ആവശ്യം .താന്‍ ഒരു ദൈവദൂതനാണെങ്കില്‍ സാധാരണ അത്തരക്കാര്‍ കാണിക്കാറുള്ളതു പോലെ എന്തെങ്കിലും അദ്ഭുത്പ്രവൃത്തികളിലൂടെ അതു തെളിയിക്കണമെന്ന മക്കക്കാരുടെ ശാഠ്യത്തിനു മുമ്പില്‍ മുഹമ്മദ് ശരിക്കും അടിയറവു പറയേണ്ടി വന്നു.
അന്നത്തെ അറബികള്‍ക്കിടയില്‍ ധാരാളം പ്രവാചകന്മാരും വെളിച്ചപ്പാടുകളും ഉണ്ടായിരുന്നു. ഓരോ ഗോത്ര ദൈവങ്ങള്‍ക്കും ,അവരുടെ ഇംഗിതങ്ങള്‍ ഭക്തരെ അറിയിക്കാന്‍ ഇടനിലക്കാരായി പ്രവര്‍ത്തിച്ചിരുന്നത് ഈ വെളിച്ചപ്പാടുകളായിരുന്നു. അവരുടെ വെളിപാടുകളെ ആരും കാര്യമായി സംശയിച്ചിരുന്നില്ല. അറബികള്‍ ഏതു പ്രധാന തീരുമാനം എടുക്കുമ്പോഴും അവരുടെ ദൈവങ്ങളുമായി കൂടിയാലോചന നടത്തിയിരുന്നു.
വെളിപാടും പ്രവാചകത്വവുമൊന്നും അവര്‍ക്കു പുതിയ കാര്യമായിരുന്നില്ല എന്നു ചുരുക്കം. അങ്ങനെയിരിക്കെയാണ് മുഹമ്മദ് പുതിയ പ്രവാചകനായി രംഗത്തു വരുന്നത്. ഗോത്രദൈവങ്ങളെല്ലാം വ്യാജന്‍ മാരാണെന്നും അല്ലാഹു എന്ന ആകാശ ദൈവം മത്രമേ യഥാര്‍ഥ ദൈവമായുള്ളു എന്നുമാണ് അദ്ദേഹം വാദിച്ചത്. ഇത് അറബികള്‍ക്കു ബോധ്യപ്പെട്ടില്ല. അവരെ ബോധ്യപ്പെടുത്തുന്നതില്‍ മുഹമ്മദ് തീര്‍ത്തും പരാജയപ്പെടുകയാണുണ്ടായത്. ആ പരാജയത്തിന്റെ ദയനീയ ചിത്രം ഖുര്‍ ആന്‍ തന്നെ വരച്ചുകാട്ടുന്നതു നോക്കുക:-

മുശ്രിക്കുകളും `അല്ലാഹുവും` തമ്മില്‍ നടന്ന സംവാദം:-

“ഈ ഭൂമിയില്‍നിന്നും ഒരു ഉറവ പൊട്ടി ഒലിപ്പിച്ചു കാണിച്ചു തരുന്നതു വരേക്കും ഞങ്ങള്‍ നിന്നെ വിശ്വസിക്കുകയില്ല;അല്ലെങ്കില്‍ നിനക്ക് ഈത്തപ്പനയുടേയും മുന്തിരിയുടേയും ഒരു തോട്ടം ഉണ്ടായിരിക്കുകയും അതിന്റെ ഇടയില്‍ അരുവികള്‍ പൊട്ടിയൊലിപ്പിച്ചു കാണിക്കുകയും വേണം.അല്ലെങ്കില്‍ നീ ജല്പിക്കാറുള്ളതുപോലെ ആകാശം കഷ്ണങ്ങളാക്കി ഞങ്ങളുടെ മേല്‍ വീഴ്ത്തുകയോ അല്ലാഹുവിനേയും മലക്കുകളേയും ഞങ്ങളുടെ മുമ്പില്‍ കൊണ്ടുവന്നു നിര്‍ത്തുകയോ ചെയ്യുക.
അല്ലെങ്കില്‍ നിനക്കു സ്വര്‍ണ്ണത്തിന്റെ ഒരു വീടുണ്ടായിരിക്കുകയോ നീ ആകാശത്തു കയറിപ്പോവുകയോ ചെയ്യുക. ഞങ്ങള്‍ക്കു വായിക്കാവുന്ന ഒരു ഗ്രന്ഥം ഇറക്കിക്കൊണ്ടു വരുന്നതു വരെ നിന്റെ ആകാശക്കയറ്റം ഞങ്ങല്‍ വിശ്വസിക്കുകയില്ല.”[17:90-93]

തനിക്കു മുമ്പുള്ള പ്രവാചകരെല്ലാം മേല്പറഞ്ഞതരത്തിലുള്ള അത്ഭുതങ്ങള്‍ കാണിച്ചിരുന്നുവെന്ന് മുഹമ്മദ് തന്നെയാണവരോട് പറഞ്ഞത്. ആ നിലയ്ക്ക് അന്ത്യപ്രവാചകനെന്നവകാശപ്പെട്ട അദ്ദേഹത്തോട് തെളിവിനായി ദൃഷ്ടാന്തം ചോദിച്ചത് തികച്ചും ന്യായമായിരുന്നു. പക്ഷെ അദ്ദേഹം യാതൊരു തെളിവും നല്‍കാന്‍ കഴിയാതെ പരിഹാസ്യനാവുകയാണുണ്ടായത്. വ്യാജന്മാരായ മറ്റു ദൈവങ്ങളെപ്പോലെ അല്ലാഹുവും ഒരു മനുഷ്യനെത്തന്നെ ദൂതനാക്കി ആശയക്കുഴപ്പം സൃഷ്ടിക്കുന്നതെന്തേ? എന്ന ചോദ്യവും വളരെ പ്രസക്തവും ന്യായവുമായിരുന്നു. അതിനുള്ള മറുപടി എത്ര ബാലിശമായിരുന്നു എന്നു നോക്കൂ:
“നേര്‍വഴിവന്നെത്തിയപ്പോള്‍ അതില്‍ വിശ്വസിക്കുന്നതില്‍നിന്നു ജനങ്ങളെ തടഞ്ഞത്,അല്ലാഹു മനുഷ്യനെയാണോ റസൂലായി അയച്ചിരിക്കുന്നത്? എന്ന അവരുടെ വാദം മാത്രമാണ്.പറയുക:“നടക്കുന്ന മലക്കുകളാണു ഭൂമിയില്‍ താമസക്കാരെങ്കില്‍ ആകാശത്തു നിന്നും ഒരു മലക്കിനെ നാം റസൂലായി അയക്കുമായിരുന്നു” [17:94-95]

“അല്ലാഹു ഞങ്ങളോട് നേരിട്ടു സംസാരിക്കുകയോ എന്തെങ്കിലും ദൃഷ്ടാന്തം വന്നെത്തുകയോ ചെയ്യാത്തതെന്തുകൊണ്ട്? എന്നു അജ്ഞാനികള്‍ ചോദിക്കുന്നു. അപ്രകാരം അവര്‍ക്കു മുമ്പുള്ളവരും ചോദിച്ചിട്ടുണ്ട്. ദൃഢമായി വിശ്വസിക്കുന്നവര്‍ക്ക് നിശ്ചയമായും ഞാന്‍ പല ദൃഷ്ടാന്തങ്ങളും വ്യക്തമാക്കിക്കൊടുത്തിട്ടുണ്ട്.”[2:118]

ഭൂമിയിലെ താമസക്കാര്‍ മലക്കുകളായിരുന്നെങ്കില്‍ മലക്കുകളെ പറഞ്ഞയക്കുമായിരുന്നു എന്ന ന്യായം യുക്തിക്കു നിരക്കുന്നതാണോ?
മനുഷ്യര്‍ക്കിടയില്‍തന്നെ അനേകം വ്യാജ വെളിച്ചപ്പാടുകളും പ്രവാചകന്മാരുമൊക്കെയുണ്ടായിരുന്ന ഒരു കാലത്ത് യഥാര്‍ഥ ദൈവവും ഈ വ്യാജദൈവങ്ങള്‍ അവലംബിച്ച അതേ ആശയവിനിമയ മാര്‍ഗ്ഗം തന്നെ ഉപയോഗിച്ചതിന്റെ അനൌചിത്യം ചൂണ്ടിക്കാണിച്ചതില്‍ തെറ്റുണ്ടോ?
കുറേക്കൂടി വിശ്വാസയോഗ്യമായ ഒരു മാര്‍ഗ്ഗം ഈ ദൈവം അവലംബിക്കേണ്ടതായിരുന്നില്ലേ? ദൃഢമായി വിശ്വസിക്കുന്നവര്‍ക്കു വ്യക്തമായ ദൃഷ്ടാന്തം കാണിച്ചു കൊടുത്തിട്ടുണ്ടെന്ന വാദം നിരര്‍ഥകവും യുക്തിഹീനവുമല്ലേ? അന്ധമായി എന്തും വിശ്വസിക്കാന്‍ തയ്യാറാകുന്നവര്‍ക്കു തെളിവുകള്‍ വേണ്ടതില്ല. ഏതു വ്യാജന്മാരുടെ കെണിയിലും അവര്‍ വീണുപോകും. സംശയിക്കുകയും ചോദ്യം ചെയ്യുകയും വ്യക്തമായ തെളിവുള്ള കാര്യം മാത്രം വിശ്വസിക്കുകയും ചെയ്യുന്ന ചിന്താശീലര്‍ക്കാണു തെളിവു വേണ്ടത്. അത്തരക്കാരുടെ മുന്‍പില്‍ തെളിവു നല്‍കുന്നതില്‍ അമ്പേ പരാജയപ്പെടുകയും നിരാശരാവുകയും ചെയ്ത ദൈവവും ദൂദനും ചോദ്യകര്‍ത്താക്കളുടെ ഉദ്ദേശ്യ ശുദ്ധിയെത്തന്നെ ചോദ്യം ചെയ്യാനാണു പിന്നീട് മുതിര്‍ന്നത്.

“നാമുമായി കണ്ടുമുട്ടാന്‍ ആഗ്രഹിക്കാത്തവര്‍ ചോദിക്കുന്നു. നമ്മുടെ അടുത്തേക്ക് എന്തുകൊണ്ട് മലക്കുകള്‍ ഇറക്കപ്പെടുന്നില്ല? അല്ലെങ്കില്‍ നമ്മുടെ റബ്ബിനെ നാം എന്തുകൊണ്ട് നേരി‍ട്ടു കാണുന്നില്ല? തീര്‍ച്ചയായും അവര്‍ മനസ്സില്‍ ഗര്‍വ്വു നടിക്കുകയും ധിക്കാരം കാട്ടുകയുമാണ് ചെയ്തിരിക്കുന്നത്.”[25:21]

ശാസ്ത്രബോധവും യുക്തിചിന്തയും വികസിച്ച ഇക്കാലത്തു പോലും സിദ്ധന്മാരും മനുഷ്യദൈവങ്ങളും ആളുകളെ പറ്റിക്കുന്നത് നാം കാണുന്നു. പതിനാലു നൂറ്റാണ്ടു മുമ്പ് മക്കയില്‍ ജീവിച്ചിരുന്ന അറബികള്‍ പ്രവാചകത്വ വാദവുമായി വന്ന മുഹമ്മദിനോട് തെളിവുകള്‍ ചോദിച്ചെങ്കില്‍ അവരുടെ യുക്തിചിന്താശീലത്തെ പ്രശംസിക്കുകയായിരുന്നു വേണ്ടത്. എന്നാല്‍ അന്ധമായി വിശ്വസിക്കാന്‍ കൂട്ടാക്കാത്തവരെ ഭീഷണിപ്പെടുത്തുകയാണു മുഹമ്മദിന്റെ ദൈവം ചെയ്തത്.

“അവര്‍ മലക്കുകളെ കാണുന്ന ദിവസം ആ കുറ്റവാളികള്‍ക്ക് അന്നു യാതൊരുസന്തോഷവാര്‍ത്തയും ലഭിക്കുകയില്ല.ശക്തിയായ തടസ്സം എന്നു മലക്കുകള്‍ പറയുകയും ചെയ്യും.”[25:22]

“നാം മലക്കിനെ അയച്ചിരുന്നെങ്കില്‍ ഉടനെ തീരുമാനിക്കപ്പെടുമായിരുന്നു.പിന്നീട് അവര്‍ക്ക് ഇട നല്‍കപ്പെടുകയില്ല.”[6:8]

നീതിമാനും പക്വമതിയുമായ ഒരു ദൈവം നിസ്സഹായരും അജ്ഞാനികളുമായ തന്റെ സൃഷ്ടികളോട് പറ്യേണ്ട വാക്കുകളാണോ ഇത്?
ചോദ്യകര്‍ത്താക്കള്‍ അവരുടെ പൂര്‍വിക പാരമ്പര്യപ്രകാരമുള്ള അന്ധവിശ്വാസങ്ങളില്‍ വേരുറച്ചു പോയവരാണ്.തലമുറകളായി പകര്‍ന്നുവന്ന വിശ്വാസങ്ങളെ ഒറ്റയടിക്കു തള്ളിപ്പറയാനും പകരം മറ്റൊരു പുതിയ മതം സ്വീകരിക്കാനും കഴിയണമെങ്കില്‍ അതിനു തക്കതായ തെളിവുകള്‍ ലഭിക്കണമെന്ന അവരുടെ ആവശ്യം തികച്ചും ന്യായമായിരിക്കെ തെളിവു ചോദിക്കുന്നതു തന്നെ ക്രിമിനല്‍കുറ്റമാണെന്ന് ആക്ഷേപിക്കുന്നത് ശരിയാണോ? മന്‍ഷ്യര്‍ക്കിടയില്‍ ആശയക്കുഴപ്പം സൃഷ്ടിക്കാന്‍ മനുഷ്യരെത്തന്നെ ദൂതനാക്കുന്നതിന്റെ ഔചിത്യവും ചോദ്യം ചെയ്യപ്പെടേണ്ടതുതന്നെയല്ലേ? ഗര്‍വ്വു നിമിത്തമാണ് അന്നവര്‍ അക്കാര്യം ചോദിച്ചത് എന്നു വന്നാല്‍ പോലും പില്‍ക്കാലത്ത് ആരുടെയും മനസ്സില്‍ സ്വാഭാവികമായും ഉദിച്ചേക്കാവുന്ന ഒരു സംശയം എന്നനിലക്ക് അല്പം കൂടി യുക്തിസഹമായ മറുപടി പറയാമായിരുന്നില്ലേ?

തെളിവു ചോദിക്കുന്നതു ധിക്കാരമാണെന്നു പറയുന്ന അല്ലാഹു തന്നെ അന്യമതക്കാരോടു തെളിവു ചോദിക്കുന്നുമുണ്ട്!

“യഹൂദികളോ ക്രിസ്ത്യാനികളോ അല്ലാതെ മറ്റാരും സ്വര്‍ഗ്ഗത്തില്‍ പ്രവേശിക്കുന്നതല്ല എന്ന് അവര്‍ പറയുന്നു.അത് അവരുടെ വ്യാമോഹം മാത്രമാണ്‍.പറയുക: നിങ്ങള്‍ സത്യവാദികളാണെങ്കില്‍ നിങ്ങള്‍ക്കുള്ള തെളിവുകള്‍ ഹാജറാക്കുക.”[2:111]
ഇത് വൈരുധ്യമല്ലേ?

ദൈവദൂതന്‍ എന്നവകാശപ്പെടുന്നയാള്‍ മറ്റാരും ആവശ്യപ്പെടാതെത്തന്നെ തെളിവു നല്‍കാന്‍ ബാധ്യസ്ഥനാണ്. എന്നാല്‍ തെളിവു ചോദിച്ചവരെ ശിക്ഷാഭീഷണി ഉയര്‍ത്തി ഭയപ്പെടുത്താനാണു മുഹമ്മദ് ശ്രമിച്ചത്:

എങ്കില്‍ അത്തരത്തിലുള്ള ശിക്ഷകള്‍ വരുത്തിക്കാണിച്ചെങ്കിലും പ്രവാചകത്വം തെളിയിക്കണമെന്നായി മുശ്രിക്കുകള്‍ .

“അല്ലാഹുവേ ഇതു നിന്റെ പക്കല്‍ നിന്നുള്ള സത്യമാണെങ്കില്‍ ആകാശത്തുനിന്നു ഞങ്ങളുടെ മേല്‍ കല്‍മഴ വര്‍ഷിക്കുകയോ വേദനാജനകമായ മറ്റുവല്ല ശിക്ഷയും അയക്കുകയോ ചെയ്യുക എന്നവര്‍ പറഞ്ഞ സന്ദര്‍ഭം;താങ്കള്‍ അവര്‍ക്കിടയില്‍ ഉണ്ടായിരിക്കുമ്പോല്‍ അല്ലാഹു അവരെ ശിക്ഷിക്കുകയില്ല.”[8:32,33]

മുന്‍ കാലങ്ങളില്‍ പ്രവാചകന്മാര്‍ ഉള്ളപ്പോള്‍തന്നെ ശിക്ഷയിറക്കിയിരുന്നതായി നബി പറ്ഞ്ഞതുകൊണ്ടാണ് അവര്‍ അങ്ങനെയും വെല്ലു വിളി നടത്തിയത്. നബിക്കു പരിക്കേല്‍ക്കാതെ ശത്രുക്കളെ ശിക്ഷിക്കാന്‍ പോലും കഴിയാത്ത ദൈവം?
ദൃഷ്ടാന്തങ്ങള്‍ക്കായി മുറവിളി കൂട്ടുന്നവരെ കുറിച്ച് മറ്റൊരിടത്ത് ഇങ്ങനെ കാണാം;
“അവര്‍ പറഞ്ഞു .അവരുടെ നാഥനില്‍നിന്നും ഒരു ദൃഷ്ടാന്തവും അവനു ലഭിക്കാത്തതെന്തുകൊണ്ടാണ്? പറയുക:ദൃഷ്ടാന്തങ്ങള്‍ അയക്കാന്‍ കഴിവുള്ളവനാണു ദൈവം. എന്നാല്‍ അവരിലധികപേരും അജ്ഞതയിലാണ്.”[6:37]

ഈ സൂക്തം സാമാന്യ യുക്തിക്കു നിരക്കാത്തതും അപ്രസക്തവുമാണ്. കാരണം മക്കയിലെ അറബികളാരും തന്നെ സര്‍വ്വശക്തനായ ദൈവത്തിന്റെ കഴിവിനെ ചോദ്യം ചെയ്തിരുന്നില്ല. ദൈവത്തിന് അത്ഭുതം കാട്ടാന്‍ കഴിവുണ്ടോ എന്നായിരുന്നില്ല അവരുടെ ചോദ്യം. പ്രവാചകത്വത്തിനു തെളിവുണ്ടോ എന്നാണവര്‍ ചോദിച്ചിരുന്നത്. ദൈവത്തിനു കഴിവുണ്ട് എന്ന മറുപടി അവര്‍ക്കു തൃപ്തികരമായ ഒന്നായിരുന്നില്ല.

വേദം ഒറ്റത്തവണയായി ഇറക്കാത്തതെന്തേ? എന്ന ചോദ്യത്തിനു താങ്കള്‍ക്കു ഗ്രഹിക്കാനാണ് എന്ന മുടന്തന്‍ ന്യായമാണു മറുപടി.[25:32]

ഈ വാദപ്രതിവാദം വളരെ രസകരമായി ഖുര്‍ ആന്‍ അവതരിപ്പിച്ചിട്ടുണ്ട്. ഇതു ശ്രദ്ധിച്ചു വായിച്ചാല്‍ എന്തു കൊണ്ടാണു മുഹമ്മദ് നബിക്ക് മക്ക വിട്ടു പോകേണ്ടിവന്നത് എന്നു വ്യക്തമാകും. ഈ സംവാദത്തില്‍ യുക്തിപരമായി ആരാണു മുന്നിട്ടൂ നില്‍ക്കുന്നത്? സര്‍വ്വ തന്ത്രജ്ഞനായ അല്ലാഹുവോ അതോ ബഹുദൈവ വിശ്വാസികളായ ആ പാവം അറബികളോ?
ഉത്തരം മുട്ടിയ നബിയും അല്ലാഹുവും പിന്നീട് വിചിത്രമായ മറ്റൊരു സിദ്ധാന്തവുമായി രംഗത്തു വന്നു.

“അവരുടെ അടുക്കലേക്കു നാം മലക്കുകളെ ഇറക്കുകയും മരിച്ചവര്‍ അവരോട് സംസാരിക്കുകയും സകല വസ്തുക്കളേയും കൂട്ടം കൂട്ടമായി നാം അവരുടെ മുന്നില്‍ ഹാജറാക്കുകയും ചെയ്താലും അല്ലാഹു ഉദ്ദേശിച്ചാലല്ലാതെ അവര്‍ വിശ്വസിക്കുകയില്ല”.[6:111]

“അല്ലാഹു ഇഛിക്കുന്നവരെ അവന്‍ വഴി പിഴപ്പിക്കുന്നു. അവനിഛിക്കുന്നവരെ അവന്‍ നേര്‍മാര്‍ഗ്ഗത്തിലാക്കുകയും ചെയ്യുന്നു.”[6:39]

“അല്ലാഹു ഉദ്ദേശിച്ചിരുന്നെങ്കില്‍ എല്ലാവരും സന്മാര്‍ഗ്ഗം സ്വീകരിക്കുമായിരുന്നു.പക്ഷേ മനുഷ്യരെയും ജിന്നുകളെയും കൊണ്ട് നരകം നിറയ്ക്കാനാണ് അവന്‍ ഉദ്ദേശിക്കുന്നത്.”[32:13]

“എല്ലാ പ്രവാചകന്മാര്‍ക്കും നാം ശത്രുക്കളെ ഏര്‍‍പ്പെടുത്തിയിരിക്കുന്നു. അതായത് മനുഷ്യരിലും ജിന്നുകളിലും പെട്ട പിശാചുക്കളെ; അവരില്‍ ചിലര്‍ ചിലരോട് വഞ്ചനയായി മോടിവാക്കുകള്‍ സ്വകാര്യബോധനം നല്‍കിക്കൊണ്ടിരിക്കുന്നു. നിന്റെ റബ്ബ് ഉദ്ദേശിച്ചിരുന്നെങ്കില്‍ അവരതു ചെയ്യുമായിരുന്നില്ല.”[6:112]

“അപ്രകാരം തന്നെ ഓരോ നാട്ടിലും കുതന്ത്രങ്ങള്‍ പ്രയോഗിക്കാനായി ദുഷ്ടന്മാരില്‍ പ്രധാനികളെത്തന്നെ ഞാന്‍ നിയോഗിച്ചിരിക്കുന്നു.”[6:123]


പിന്നെയെന്തിനാണാവോ ഈ ദൈവം പ്രവാചകന്മാരെ അയച്ചും കിതാബുകളയച്ചുമൊക്കെ ബുദ്ധിമുട്ടുന്നത്?
അക്രമത്തിലേക്ക്
ആശയപരമായ ഒരു പ്രചാരണപരിപാടിയിലൂടെ തന്റെ ദൌത്യം വിജയിപ്പിക്കാനാവില്ല എന്നു മനസ്സിലാക്കിയ മുഹമ്മദ് മറ്റു വഴികള്‍ ആലോചിക്കാന്‍ തുടങ്ങി. തന്റെ ഗോത്രക്കാരില്‍നിന്നോ സ്വന്തം കുടുംബത്തിനിന്നുപോലുമോ പ്രതീക്ഷിച്ച പ്രതികരണം ഉണ്ടാകാതിരുന്നത് മുഹമ്മദിനെ നിരാശനും കുപിതനുമാക്കി. സ്വന്തക്കാരോടു തന്നെ അദ്ദേഹത്തിന്റെ ഉള്ളില്‍ ഒരു തരം പകയും വിദ്വേഷവും നുരഞ്ഞു തുടങ്ങി.
വിദൂര ദേശങ്ങളിലേക്കെവിടെയെങ്കിലും പാലായനം ചെതാലോ എന്ന ചിന്തയും അദ്ദേഹത്തിനുണ്ടായി. അങ്ങനെയാണ് താഇഫ്, അബസീനിയ , മദീന എന്നിവിടങ്ങളിലക്കെയുള്ളവരുമായി ഗൂഡാലോചനകള്‍ ആരംഭിക്കുന്നത്. അതില്‍ മദീനയിലെ ചില അപരിഷ്കൃത ഗോത്രങ്ങളാണു മുഹമ്മദിനെ സ്വീകരിക്കാന്‍ തയ്യാറായത്. അവരുമായി ഒരു ഉടംബടിയുണ്ടാക്കി അങ്ങോട്ടു പാലായനം ചെയ്ത മുഹമ്മദ് പിന്നീട് എന്താണു ചെയ്തത് ? ആ ചരിത്രം അങ്ങേയറ്റം ജുഗുപ്സാവഹവും അവിശ്വസനീയമാം വിധം ഭീകരവുമായിരുന്നു .
‘അല്ലാഹു’ മക്കയില്‍നിന്നു മദീനയിലെത്തിയതോടെ സമാധാനത്തിന്റെയും ഉല്‍ബോധനത്തിന്റെയും മതം കൊള്ളയുടെയും യുദ്ധത്തിന്റെയും മതമായി മാറിയതിന്റെ വാങ്മയചിത്രം ഖുര്‍ ആനിലും ഇസ്ലാം ചരിത്ര ഗ്രന്ഥങ്ങളിലും രേഖപ്പെട്ടു കിടക്കുന്നു. ദീനില്‍ യാതൊരു ബലപ്രയോഗവുമില്ല; അവര്‍ക്ക് അവരുടെ മതം നിങ്ങള്‍ക്ക് നിങ്ങളുടെ മതം; യുക്തികൊണ്ടു മാത്രം സംവാദത്തിലേര്‍പ്പെടുക ; തുടങ്ങിയ ‘മക്കീ’ വെളിപാടുകള്‍ പ്രവാചകന്‍ മദീനയിലെത്തി അധികാരം സ്ഥാപിച്ചതോടെ നസ്ഖ് [ക്യാന്‍സല്‍ ] ചെയ്യപ്പെട്ടു!

ബലപ്രയോഗത്തിനും പച്ചയായ കൊള്ളയ്ക്കും കൊലയ്ക്കും ആഹ്വാനം ചെയ്യുന്ന നൂറുകണക്കിനു വെളിപാടുകള്‍ പ്രവാചകന്റെ നാവിലൂടെ പുറത്തു വന്നു.
ഏതാനും ഉദാഹരണങ്ങള്‍ കാണുക:-

യുദ്ധം ചെയ്യല്‍ നിങ്ങള്‍ക്കു നിര്‍ബന്ധമാക്കപ്പെട്ടിരിക്കുന്നു. അതു നിങ്ങള്‍ക്കു വെറുപ്പുള്ളതാണ്. എന്നാല്‍ ഒരു കാര്യം നന്മയുള്ളതായിരിക്കെ നിങ്ങള്‍ വെറുത്തെന്നു വരാം. ഒരു കാര്യം ദോഷമായിരിക്കെ നിങ്ങള്‍ ഇഷ്ടപ്പെട്ടെന്നും വരാം. അല്ലാഹു അറിയുന്നു. നിങ്ങള്‍ അറിയുന്നില്ല.[2:216]

പരിശുദ്ധ മാസത്തില്‍ യുദ്ധം ചെയ്യുന്നതിനെപ്പറ്റി അവര്‍ ചോദിക്കുന്നു. പറയുക: അത് അപരാധം തന്നെയാണ്. എന്നാല്‍ അല്ലാഹുവിന്റെ മാര്‍ഗ്ഗത്തില്‍ നിന്നു ജനങ്ങളെ തടയുന്നതും അവനെ നിഷേധിക്കുന്നതും മസ്ജിദില്‍ ഹറാമില്‍ നിന്നു ബഹിഷ്കരിക്കുന്നതും അല്ലാഹുവിങ്കല്‍ വലിയ അപരാധമാകുന്നു. ഫിത്ന യാണ് കൊലയെക്കാള്‍ വലിയത്.[2:217]

ഈ വാക്യം അവതരിക്കാനിടയായ സംഭവം വ്യാഖ്യാതാക്കളും ചരിത്രകാരന്മാരും വിവരിച്ചിട്ടുണ്ട്. ഇസ്ലാം ചരിത്രത്തിന്റെ അടിയാധാരം എന്നു കണക്കാക്കപ്പെടുന്ന , ഇബ്നു ഹിഷാമിന്റെ ‘സീറത്തു റസൂലുല്ലാഹ്’ എന്ന ഗ്രന്ഥത്തില്‍നിന്നുള്ള വിവരണം ഇതാ കാണുക:-

“ആദ്യ കാലത്തു തന്നെ ഇസ്ലാം വിശ്വസിച്ചവരില്‍ പെട്ട ഒരു മഹാനായിരുന്നു അബ്ദുല്ലാഹിബ്നു ജഹ്ശ്. ത്യാഗ സമ്പൂജ്യമായിരുന്നു അദ്ദേഹത്തിന്റെ ധീര സുന്ദരമായ ജീവിതം. നഖ്ലത്തിലേക്കു നിയോഗിക്കപ്പെട്ട മുഹാജിര്‍ സേനയുടെ നേതൃത്വം നബി അദ്ദേഹത്തില്‍ അര്‍പ്പിക്കുകയുണ്ടായി. എട്ടു പേരാണ് ആ സംഘത്തിലുണ്ടായിരുന്നത്. ഈരണ്ടു പേര്‍ക്ക് ഓരോ ഒട്ടകം എന്ന നിലയില്‍ ഒട്ടകങ്ങളെയും അവര്‍ക്കു നല്‍കുകയുണ്ടായി. വിശപ്പും ദാഹവും സഹിക്കുന്നതില്‍ നിങ്ങളില്‍ ആരെക്കാളും കഴിവുള്ള ഒരാളെ നിങ്ങളുടെ നേതാവായി അയച്ചു തരാം എന്ന മുഖവുരയോടെയാണ് നബി അബ്ദുല്ലാഹിബ്നു ജഹ്ശിനെ സംഘത്തിന്റെ നേതാവായി നിയോഗിച്ചത്.
മക്കക്കും തായിഫിനും ഇടയില്‍ ,മക്കയില്‍നിന്നും ഒരു രാത്രിയുടെ വഴിയകലത്തിലായി സ്ഥിതി ചെയ്യുന്ന പ്രദേശമാണ് നഖ്ലത്ത്. ആ പ്രദേശം കച്ചവടസംഘങ്ങളുടെ വിശ്രമസങ്കേതമായിരുന്നു. ആ സംഘം നഖ്ലത്തിലേക്കു പുറപ്പെടുമ്പോള്‍ , രണ്ടു ദിവസം യാത്ര ചെയ്ത ശേഷമല്ലാതെ തുറന്നു വായിക്കരുത് എന്ന നിര്‍ദേശത്തോടു കൂടി നബി സംഘത്തലവന്റെ കയ്യില്‍ ഒരു കത്തു കൊടുക്കുകയുണ്ടായി. നിര്‍ദേശപ്രകാരം രണ്ടു ദിവസം യാത്ര ചെയ്ത ശേഷം അബ്ദുല്ലാഹിബ്നു ജഹ്ശ് കത്തു തുറന്നു വായിച്ചു. ഈ കത്തു വായിച്ചു കഴിഞ്ഞാല്‍ നഖ്ലത്തിലേക്കുള്ള യാത്ര തുടര്‍ന്നു കൊള്ളേണമെന്നും നഖ്ലത്തിലെത്തിയാല്‍ ഖുറൈശികളുടെ വരവിനെ കാത്ത് ഇരുന്നു കൊള്ളേണമെന്നും വിജയത്തോടു കൂടി തിരിച്ചു വരുവാന്‍ അവസരം ലഭിക്കുമെന്നും ഇക്കാര്യത്തില്‍ കൂട്ടുകാരുടെ നിലപാട് കണക്കിലെടുക്കേണ്ടതില്ല എന്നുമായിരുന്നു കത്തിലെ ഉള്ളടക്കം. അദ്ദേഹം കത്തിലെ താല്‍പ്പര്യം കൂട്ടുകാരെ അറിയിക്കുകയും ,മനോധൈര്യവും രക്തസാക്ഷ്യത്തിനു സന്നദ്ധതയും ഉള്ളവര്‍ മാത്രം നഖ്ലത്തിലേക്കു വന്നാല്‍ മതിയെന്നും അല്ലാത്തവര്‍ക്കു തിരിച്ചു പോകാവുന്നതാണെന്നും അവരെ അറിയിക്കുകയും ചെയ്തു. പക്ഷെ ആ സംഘത്തില്‍നിന്നും ഒരാളും തിരിച്ചു പോകാന്‍ ഒരുങ്ങിയില്ല. ആ സംഘം ഉത്സാഹപൂര്‍വ്വം യാത്ര തുടര്‍ന്നു. ഹിജാബിന്നപ്പുറം ബഹ്രാന്‍ എന്ന സ്ഥലത്തെത്തിയപ്പോള്‍ സംഘത്തിലെ ഒരു ഒട്ടകത്തിനെ കാണാതായി. സ അദുബിനു അബീ വക്കാസ്, ഉത്വത്തുബ്നു ഗുസ്വാന്‍ എന്നിവരുടെ ഒട്ടകത്തെയാണു കാണാതായത്. അവര്‍ രണ്ടു പേരും ഒട്ടകത്തെ അന്യേഷിച്ചു പുറപ്പെട്ടു. മറ്റുള്ളവര്‍ നഖ്ലത്തിലേക്കുള്ള യാത്ര തുടര്‍ന്നു. പത്താം ദിവസം ആ സംഘം നഖ്ലത്തിലെത്തി. ഖുറൈശികളുടെ വരവും പ്രതീക്ഷിച്ച് അവര്‍ അവിടെ ഇരിപ്പുറപ്പിച്ചു. അങ്ങനെയിരിക്കുമ്പോള്‍ , മുന്തിരി , തോല്‍ മുതലായ കച്ചവടച്ചരക്കുമായി ഖുറൈശികളുടെ ഒട്ടകങ്ങള്‍ തായിഫില്‍നിന്നും അവിടെ വന്നെത്തി. അമ്രുബിനുല്‍ ഹളുറമി , ഹഖമിബ്നുകൈസാന്‍ , ഉസ്മാനുബിനു അബ്ദുല്ലാ എന്നീ ഖുറൈശീ കച്ചവടക്കാര്‍ ആ സംഘത്തിലുണ്ടായിരുന്നു. നഖ്ലത്തില്‍ മുസ്ലിങ്ങളെ കണ്ടപ്പോള്‍ ഖുറൈശികള്‍ ഭയപ്പെട്ടു. ഒട്ടകപ്പുറത്തുനിന്നു ചരക്കുകള്‍ ഇറക്കിവെക്കാതെ അവര്‍ ശങ്കിച്ചു നിന്നു. കുറച്ചു കഴിഞ്ഞപ്പോള്‍ ഉക്കാശത്തുമായി അവര്‍ കുശലപ്രശ്നം നടത്തുകയും ,അല്‍പ്പം ആത്മധൈര്യത്തോടെ ചരക്കുകള്‍ ഇറക്കി വെക്കുകയും ചെയ്തു.

ഹിജ്ര മൂന്നാം വര്‍ഷത്തിലെ റജബ് മാസത്തിലാണ് ഈ സംഭവം നടന്നത്. റജബ് മാസം യുദ്ധം നിരോധിച്ച മാസമായിരുന്നു. തന്നിമിത്തം ഖുറൈശികളുമായി യുദ്ധം ചെയ്യുന്നതില്‍ അവര്‍ക്കു മനോവിഷമം നേരിട്ടു. അവസരം ഉപയോഗപ്പെടുത്തിയില്ലെങ്കില്‍ ഖുറൈശികള്‍ ഹറമില്‍ കടന്നു കളയുമെന്നുറപ്പായിരുന്നു. അവര്‍ ഹറമില്‍ കടന്നാല്‍ പിന്നെ ഒരു വിധത്തിലും യുദ്ധം ചെയ്യാന്‍ തരപ്പെടില്ല. ആ സന്നിഗ്ദ്ധ ഘട്ടത്തില്‍ ,റജബു മാസം അവസാനിച്ചിരിക്കുന്നുവെന്നും അന്നു ശ അബാന്‍ ഒന്നാണെന്നുമുള്ള സംശയം അവര്‍ക്കു വെളിച്ചം വീശി. ആ സംശയത്തിന്റെ ബലത്തില്‍ മുസ്ലിങ്ങള്‍ ഖുറൈശികളുമായി യുദ്ധം പ്രഖ്യാപിച്ചു. വാഖിദിബ്നു അബ്ദുല്ലാ തൊടുത്തുവിട്ട അമ്പ് അമ്രുബിനുല്‍ ഹളുറമിയെ കൊലപ്പെടുത്തി. ഉസ്മാനിബ്നു അബ്ദുല്ല, ഹകം ഇബ്നു കൈസാന്‍ എന്നിവരെ തടവുകാരായി പിടിച്ചു. മറ്റുള്ളവര്‍ ഓടിക്കളഞ്ഞു. ഖുറൈശികള്‍ ഇട്ടേച്ചു പോയ മുതലുകള്‍ മുസ്ലിങ്ങള്‍ കണ്ടെടുക്കുകയും അതോടൊപ്പം തടവുകാരെയും കൂട്ടി ,അവര്‍ നബിതിരുമേനിയുടെ സന്നിധിയിലേക്കു തിരിക്കുകയും ചെയ്തു.
യുദ്ധത്തില്‍നിന്നു പിന്തിരിഞ്ഞോടിയ ഭീരുക്കള്‍ മക്കയിലെത്തി ‘യുദ്ധം നിരോധിക്കപ്പെട്ട മാസത്തില്‍ യുദ്ധം ചെയ്ത അക്രമികള്‍ ‘ എന്നു മുസ്ലിങ്ങളെ നിന്ദിക്കുകയും അപഹസിക്കുകയും ചെയ്തു. ഈ അപവാദം മുസ്ലിം ഹൃദയങ്ങളെ വ്രണപ്പെടുത്തി. ഈ ഘട്ടത്തിലാണ് “പുണ്യ മാസങ്ങളെ പറ്റി അവര്‍ ചോദിക്കുന്നു......”[2:217]എന്ന ആയത്ത് ഇറങ്ങിയത്. ഈ ആയത്ത് ഖുറൈശികളുടെ വായടക്കുകയും മുസ്ലിങ്ങളുടെ ഹൃദയങ്ങളെ ആശ്വസിപ്പിക്കുകയും ചെയ്തു. ”

ഈ വിവരണം സൂക്ഷ്മമായി ഒരാവര്‍ത്തി വായിച്ചാല്‍ വരികളിലും വരികള്‍ക്കിടയിലും ഒരു കൊലച്ചതിയുടെ വ്യക്തമായ ചിത്രം നമുക്കു ലഭിക്കും. അല്ലാഹുവിന്റെ ഈ ആയത്തിറങ്ങുന്നതിനു തൊട്ടു മുന്‍പായി മുഹമ്മദ് ഒരു നാടകം അഭിനയിച്ചതായും ഹദീസ് വിവരണങ്ങളില്‍ കാണാം. പുണ്യമാസങ്ങളില്‍ കൊള്ള പാടില്ല എന്ന ഗോത്ര മര്യാദ ലംഘിച്ചതിന്റെ പേരില്‍ സ്വന്തം അനുയായികള്‍ക്കിടയില്‍ പോലും അനിഷ്ടം പ്രകടമായ സന്ദര്‍ഭത്തില്‍ നബി യോദ്ധാക്കളെ കുറ്റപ്പെടുത്തി സംസാരിക്കുകയും ഗനീമത്ത് തൊടാതെ കുറച്ചു നേരം മാറി നില്‍ക്കുകയും ചെയ്തുവത്രേ. പിന്നീട് അല്ലാഹുവിന്റെ പേരില്‍ ഒരു ന്യായീകരണം ‘ഇറക്കി’ എല്ലാവരെയും കബളിപ്പിക്കുകയും തുടര്‍ന്നു കൊള്ളമുതല്‍ പങ്കുവെച്ചു കൊടുക്കുകയും ചെയ്തു.

മുസ്ലിം ചരിത്രത്തിലെ ആദ്യത്തെ വിജയകരമായ യുദ്ധം എന്നു ചരിത്രകാരന്മാര്‍ അവകാശപ്പെടുന്ന സംഭവമാണിത്. ഇതിനു മുന്‍പും രണ്ടു മൂന്നു കൊള്ളകള്‍ ആസൂത്രണം ചെയ്തെങ്കിലും അവ പരാജയപ്പെടുകയായിരുന്നു. അതില്‍ ചിലതിന്റെ വിവരണം കൂടി കാണുക:-
“ഹിജ്ര രണ്ടാം കൊല്ലത്തില്‍ തന്നെ ദുല്‍ഖഅദ് മാസത്തില്‍ ഇരുപതു മുഹാജിറ്കളുടെ ഒരു സേന സഅദിബ്നു അബീവഖാസിന്റെ നേതൃത്വത്തില്‍ നിയോഗിക്കപ്പെട്ടു. ഖറാര്‍ എന്ന മലഞ്ചെരുവില്‍ കുറൈശികളുടെ ഒരു ഒട്ടകസംഘവുമായി നേരിടുന്നതിനാണു ഈ സേന നിയോഗിക്കപ്പെട്ടത്. ശാമില്‍ നിന്നും മക്കയിലേക്കുള്ള വഴിയിലാണു ഖറ്രാര്‍ . മുഹാജിര്‍ സേന നടന്നാണു ഖറാരിലേക്കു പോയത്. അഞ്ചു ദിവസം യാത്ര ചെയ്യേണ്ടി വന്നു. അവര്‍ അവിടെ എത്തുന്ന തിന്റെ ഒരു ദിവസം മുമ്പ് ഖുറൈശീ കച്ചവടക്കാര്‍ സ്ഥലം വിട്ടിരുന്നു. അതറിഞ്ഞപ്പോള്‍ ആ മുസ്ലിം സേന മദീനയിലേക്കു തന്നെ തിരിച്ചു പോന്നു.”
“വദ്ദാനാണു തിരുമേനി പങ്കെടുത്ത ആദ്യ യുദ്ധരംഗം. ഇതിനു അബവാഈ യുദ്ധമെന്നും പേരുണ്ട്. ഹിജ്ര മൂന്നാം കൊല്ലത്തെ സഫര്‍ മാസം പന്ത്രണ്ടാം തിയ്യതിയാണ് മുസ്ലിം സേന വദ്ദാനിലേക്കു പുറപ്പെട്ടത്. മക്കക്കും മദീനക്കും മധ്യത്തില്‍ സ്ഥിതി ചെയ്യുന്ന സ്ഥലമാണു വദ്ദാന്‍. തിരുമേനിയെ സംബന്ധിച്ചേടത്തോളം ആദ്യത്തേതായ ഈ യുദ്ധയാത്രയില്‍ ഒരു ധവള പതാക ഹംസ(റ) ഉയര്‍ത്തിപ്പിടിച്ചു. അശ്വാരൂഡരായ അറുപതു മുഹാജിര്‍കളാണ് തിരുമേനിയോടൊപ്പം ഉണ്ടായിരുന്നത്. ഖുറൈശിക്കാരായ ഒട്ടകസംഘത്തെയും മനൂളമ്രത്ത് എന്ന ഗോത്രക്കാരെയും നേരിടുക എന്നതായിരുന്നു ഉദ്ദേശ്യം. ഒട്ടകസംഘത്തെ മുസ്ലിം സേന കണ്ടെത്തിയില്ല. അബവാ എന്ന സ്ഥലത്ത് മുസ്ലിം സേന താവളമടിക്കുകയും ബനൂറമ്ലാ ഗോത്രക്കാരുമായി യുദ്ധത്തിനൊരുങ്ങുകയും ചെയ്തു. അപ്പോഴേക്കും മജ്ശിയ്യിബ്നു അമ്ര് മാധ്യസ്ഥത്തിനു മുങ്കയ്യെടുക്കുകയും ഒരു സമാധാന‍ സന്ധിയില്‍ ആ രംഗം പര്യവസാനിക്കുകയും ചെയ്തു. പതിനഞ്ചു ദിവസമാണ് ആ യാത്രക്കെടുത്തത്. ”

“യന്‍ബ ഇല്‍ ബനൂ മുദ് ലജ് ഗോത്രക്കാരുടെ സ്ഥലത്തോട് ചേര്‍ന്നു കിടന്ന സ്ഥലമാണ് ഉശൈറ. ശാമിലേക്കു കച്ചവടത്തിനു പോകുന്ന ഖുറൈശികളുടെ ഒട്ടകങ്ങളെയും മറ്റും പിടിച്ചെടുത്ത് ധര്‍മ്മമുതലാക്കുന്നതിനു വേണ്ടി , നൂറ്റമ്പതു മുഹാജിറുകളായ സഹാബികളോടൊപ്പം തിരുമേനി ഉശൈറയിലേക്കു പുറപ്പെട്ടു. ഹിജ്ര മൂന്നാം വര്‍ഷത്തിലെ ജമാദുല്‍ അവ്വല്‍ മാസത്തിലാണ് ഈ സംഭവം നടന്നത്. മുസ്ലിങ്ങള്‍ ഉശൈറയില്‍ എത്തുന്നതിനു മുന്‍പ് അബ്ബൂസുഫ്യാന്റെ നേതൃത്വത്തില്‍ നൂറോളം ഖുറൈശികളടങ്ങുന്ന ഒരു കച്ചവടസംഘം ആ വഴി ശാമിലേക്കു കടന്നുപോയതായി അവര്‍ക്കു വിവരം ലഭിച്ചു. ഖുറൈശികളുടെ പക്കല്‍ 1000ഒട്ടകങ്ങളും 50000 പൊന്നും മറ്റു ചരക്കുകളും ഉണ്ടായിരുന്നുവെന്നും മുസ്ലിങ്ങള്‍ക്കറിയാന്‍ കഴിഞ്ഞു. ആ യാത്രയില്‍ തിരുമേനി ബനൂളമ്രത് ,ബനൂ മുദ്ലജ് എന്നീ ഗോത്രങ്ങളുമായി മൈത്രീ ബന്ധം സ്ഥാപിക്കുകയുണ്ടായി...”

നഖ് ലയില്‍ നടന്ന കൊള്ള നബിയുടെ അതിബുദ്ധിയില്‍ നിന്നുണ്ടായ ഒരാസൂത്രണമായിരുന്നു എന്നൂഹിക്കാന്‍ താഴെ പറയുന്ന തെളിവുകള്‍ മതി:-

രണ്ടു ദിവസത്തെ യാത്രക്കു ശേഷം മാത്രം വായിക്കാനുള്ള കത്ത്; അതില്‍ കൂട്ടുകാരുടെ നിലപാട് പരിഗണിക്കേണ്ട എന്ന നിര്‍ദ്ദേശം ; 8 പേര്‍ മാത്രമുള്ള ചെറു സംഘത്തെ 10 ദിവസത്തെ യാത്രാദൂരമുള്ള സഥലത്തേക്കയച്ചത്; വിജയം ഉറപ്പാണെന്ന പ്രതീക്ഷ; ഉക്കാശത്തിന്റെ കുശലപ്രശ്നത്തെ തുടര്‍ന്ന് ഖുറൈശികള്‍ ചരക്കിറക്കി വിശ്രമിക്കാനൊരുങ്ങിയത്; തുടര്‍ന്നുള്ള അപ്രതീക്ഷിതമായ ആക്രമണം; ഇതെല്ലാം ചേര്‍ത്തു വായിച്ചാല്‍ പുണ്യമാസത്തിലെ സൌകര്യം മുതലാക്കി ചതിയില്‍ കൊള്ള നടത്താന്‍ നബി നടത്തിയ ഗൂഡശ്രമം വ്യക്തമാണ്. “ഗൂഡ തന്ത്രം പ്രയോഗിച്ച് ശത്രുവിനെ കീഴടക്കലാണ് യുദ്ധം” എന്ന പ്രവാചകന്റെ നിര്‍വ്വചനം കൂടി കൂട്ടി വായിക്കാവുന്നതാണ്.

ഖുറൈശികള്‍ സാധാരണ വലിയ സംഘങ്ങളായി മാത്രമേ കച്ചവടത്തിനു പോകാറുള്ളു എന്നും പുണ്യമാസത്തില്‍ കൊള്ള ഇല്ലാത്തതിനാല്‍ അക്കാലത്ത് ആയുധവും സേനയുമില്ലാതെ ചെറു സംഘമായി കച്ചവടത്തിനു പോകുമെന്നുമൊക്കെ വളരെക്കാലം ആ വര്‍ത്തക സംഘത്തിലെ അംഗമായിരുന്ന മുഹമ്മദിനു നന്നായി അറിയാമായിരുന്നു. നഖ്ലയില്‍ അവര്‍ എത്തുന്ന സമയവും കൃത്യമായി അദ്ദേഹം മണത്തറിഞ്ഞു. അല്ലാഹുവിന്റെ വക ആയത്തും നേരത്തെ തന്നെ അദ്ദേഹം തയ്യാറാക്കിയിരുന്നു എന്നു കരുതുന്നതിലും തെറ്റില്ല.
ഇസ്ലാമിന്റെ യുദ്ധചരിത്രം തുടരും....!
MUSLIMS ARE THE VICTIMS OF 'ISLAM' !

30 വര്‍ഷത്തിലേറെക്കാലമായി ഒരു ലക്കം പോലും മുടങ്ങാതെ പ്രസിദ്ധീകരിക്കുന്നു

30 വര്‍ഷത്തിലേറെക്കാലമായി ഒരു ലക്കം പോലും മുടങ്ങാതെ പ്രസിദ്ധീകരിക്കുന്നു
ഏ വി ജോസ് , കുറ്റിപ്പുഴ നഗര്‍ , തൃശ്ശൂര്‍.