Saturday, December 26, 2009

അല്ലാഹു പരിഗണിക്കാത്ത ന്യൂനപക്ഷങ്ങള്‍ !

ഹിജഡകള്‍ക്ക് പാകിസ്താനില്‍ പ്രത്യേക പദവി.

കറാച്ചി: ഹിജഡകളെ പ്രത്യേക ലിംഗക്കാരായി പരിഗണിക്കണമെന്ന് പാകിസ്താന്‍ സുപ്രീം കോടതി നിര്‍ദേശിച്ചു. പ്രത്യേക പദവി വ്യക്തമാക്കുന്ന ദേശീയ തിരിച്ചറിയല്‍ കാര്‍ഡുകള്‍ ഇവര്‍ക്കു അനുവദിക്കണമെന്നും കോടതി ആവശ്യപ്പെട്ടു. ഹിജഡകളുടെ അവകാശങ്ങള്‍ ഉറപ്പു വരുത്തുന്നതിന്റെ ഭാഗമായാണ് ഈ ഉത്തരവ്.
പാകിസ്താനില്‍ മൂന്നു ലക്ഷത്തോളം ഹിജഡകളുള്ളതായാണു കണക്ക്. വിവാഹവേളകളിലും ഉത്സവങ്ങളിലും നൃത്തമാടിയും യാചിച്ചുമാണ് ഇവരിലേറെയും ജീവിതം പുലര്‍ത്തുന്നത്. സമൂഹത്തില്‍ വ്യക്തിത്വവും അംഗീകാരവും നല്‍കുന്നതാണ് കോടതി വിധിയെന്ന് ഹിജഡ അസോസിയേഷന്‍ വ്യക്തമാക്കി. പുരുഷന്‍ സ്ത്രീ എന്നിവര്‍ക്കൊപ്പം ‘മറ്റുള്ളവര്‍ ’എന്ന പദവി കൂടി വോട്ടര്‍ പട്ടികയിലും തിരിച്ചറിയല്‍ കാര്‍ഡിലും ചേര്‍ക്കാമെന്ന് ഹിജഡകള്‍ക്ക് ഈയിടെ ഇന്ത്യ ഉറപ്പു നല്‍കിയിരുന്നു.

മാധ്യമം 27-12-09.

--------------------------
പാകിസ്താന്‍ കോടതിയുടെ തീരുമാനം സ്വാഗതം ചെയ്യുന്നു.
അവിടെ ഇസ്ലാമിക നിയമങ്ങളാണല്ലോ നിലവിലുള്ളത്. ഇസ്ലാമില്‍ ഏതു കിതാബിലാണ് മേല്പറഞ്ഞ കാര്യമുള്ളത്? സ്ത്രീയും പുരുഷനും മാത്രമേ ദൈവത്തിന്റെ സൃഷ്ടിപ്പിലുള്ളു എന്നാണല്ലോ നമ്മുടെ സദാചാരക്കാരൊക്കെ പറയുന്നത്. സ്വവര്‍ഗ്ഗ രതിയുടെ പ്രശ്നം ചര്‍ച്ച ചെയ്തപ്പോള്‍ ഞാന്‍ ഇസ്ലാമിസ്റ്റുകളോട് ഒരു ചോദ്യം ചോദിച്ചിരുന്നു. ഹിജഡകള്‍ക്ക് ഇസ്ലാമില്‍ എത്രയാണ് അനന്തരാവകാശവിഹിതം? അവരുടെ സാക്ഷ്യത്തിന്റെ മൂല്യം എത്ര? ആരും പ്രതികരിച്ചില്ല. എനിക്കു മറുപടി പറയാന്‍ മാത്രം ബ്ലോഗിലെത്തിയവരൊക്കെ പതുക്കെ മുങ്ങുകയാണുണ്ടായത്. സ്ത്രീക്കു പകുതിയും പുരുഷന് ഇരട്ടിയും എന്ന നിയമം കടുത്ത ലിംഗവിവേചനമാണെന്ന കാര്യത്തില്‍ ചിന്താശേഷി മരവിച്ചിട്ടില്ലാത്ത ആര്‍ക്കും തര്‍ക്കമുണ്ടാവുമെന്നു തോന്നുന്നില്ല. ദൈവം ലിംഗമില്ലാതെ സൃഷ്ടിച്ച മനുഷ്യര്‍ക്കുള്ള അവകാശത്തെ പറ്റി ഒരു ദൈവീക കിതാബിലും ഒന്നും ഉരിയാടിക്കാണുന്നുമില്ല. സര്‍വ്വ സമ്പൂര്‍ണ സമഗ്ര മതമായ ഇസ്ലാമില്‍ എല്ലാ കാര്യങ്ങള്‍കും പരിഹാരം ഉണ്ടായിരിക്കണമല്ലോ പാകിസ്താനിലെ കോടതി ഇങ്ങനെയൊരു നിര്‍ദേശം വെച്ചത് എന്തു മാനദണ്ഡമനുസരിച്ചാണ്? ദൈവം ഇക്കാര്യത്തില്‍ എന്താണുദ്ദേശിക്കുന്നതെന്നറിയാന്‍ എന്താണു മാര്‍ഗ്ഗം? അദ്ദേഹം ഇപ്പോള്‍ വെളിപാടു പരിപാടി നിര്‍ത്തിയിരിക്കുകയാണല്ലോ. ജിബ്രീല്‍ പെന്‍ഷനും വാങ്ങി വെറുതെ യിരിക്കുകയല്ലേ!
മനുഷ്യന്റെ പ്രശ്നങ്ങള്‍ യുക്തിയുപയോഗിച്ചാണു പരിഹരിക്കേണ്ടതെന്ന് ഞങ്ങള്‍ യുക്തിവാദികള്‍ പറയുമ്പോള്‍ ഇസ്ലാം വക്താക്കള്‍ വാദിക്കാറുള്ളത് മനുഷ്യനതിനുള്ള കഴിവില്ല. എല്ലാം ദൈവം പറഞ്ഞു തരുന്നതനുസരിച്ചേ തീരുമാനിക്കാവൂ എന്നാണ്. ഇക്കാലത്തെ മനുഷ്യര്‍ക്ക് ആവശ്യമുള്ള യാതൊന്നും ദൈവത്തിന്റെ വെളിപാടു കിതാബിലില്ല. ഉള്ളതൊക്കെ പ്രാകൃത കാലത്തെ ഗോത്ര ജീവിതത്തിനു വേണ്ടതു മാത്രം. [ബലാത്സംഗത്തിനു ശിക്ഷയെന്ത് എന്ന പ്രശ്നം പറഞ്ഞപ്പോള്‍ നമ്മുടെ ഇസ്ലാം വിചാരക്കാര്‍ പറഞ്ഞത് നബിയുടെ കാലത്ത് ഒരു ബലാത്സംഗവും നടക്കാത്തതു കാരണം ആ പ്രശ്നം അല്ലാഹുവിന്റെ കിതാബില്‍ വന്നില്ല എന്നാണ്. നബിയുടെ കാലത്ത് ഹിജഡകളില്ലാത്തതുകൊണ്ടായിരിക്കും അവരുടെ സ്വത്തവകാശം പോലുള്ള കാര്യങ്ങള്‍ ദൈവം മറന്നു പോയത്. ] പാകിസ്താനില്‍ മാത്രം മൂന്നു ലക്ഷം ഹിജഡകളുണ്ടു പോല്‍ !
അപ്പോള്‍ നാം എന്തു മാനദണ്ഡപ്രകാരം തീരുമാനങ്ങള്‍ എടുക്കണം? യുക്തി മതിയോ? അതോ അല്ലാഹു ഇനിയും ഒരു പ്രവാചകനെ ഇറക്കി പ്രശ്നം പരിഹരിക്കുമോ?

Monday, December 21, 2009

രണ്ടു മാതൃകാ വിവാഹങ്ങള്‍ !

രണ്ടു മാതൃകാ വിവാഹങ്ങള്‍ !


DYFI കേന്ദ്ര കമ്മിറ്റി അംഗം പി സാജിതയും വയനാട് ജില്ലാ സെക്രട്ടരി എം മധുവും തമ്മില്‍ കല്‍പ്പറ്റ ചന്ദ്രഗിരി ഓഡിറ്റോറിയത്തില്‍ വെച്ച് ഇന്നലെ വിവാഹിതരായി. സ്പെഷ്യല്‍ മാര്യേജ് ആക്റ്റ് അനുസരിച്ച് വിവാഹം റജിസ്റ്റര്‍ ചെയ്യുകയായിരുന്നു. ലളിതവും മാതൃകാപരവുമായ ഈ വിവാഹച്ചടങ്ങില്‍ രാഷ്ട്രീയ സാമൂഹ്യ സാംസ്കാരിക പ്രവര്‍ത്തകരും സഖാക്കളും വധൂവരന്മാരുടെ ബന്ധുക്കളും പങ്കെടുത്തു.
സ്വതന്ത്ര ചിന്തകയായ സാജിത അധ്യാപികയാണ്. മലപ്പുറത്തിനടുത്ത് കുറുവ വറ്റലൂര്‍ സ്വദേശിയായ സാജിതയുടേത് ഒരു സാധാരണ കുടുംബം. മതവിശ്വാസികളായ കുടുംബാംഗങ്ങള്‍‍ക്ക് പള്ളി മഹല്ലുകാരുടെ വിലക്കും ഭീഷണിയും ഉള്ളതായി അറിയാന്‍ കഴിഞ്ഞു. പ്രതികൂല സാഹചര്യങ്ങളെ വെല്ലു വിളിച്ചുകൊണ്ട് ആദര്‍ശ ജീവിതത്തിലേക്കു പ്രവേശിക്കുന്ന എന്റെ പ്രിയ സോദരിക്കും കൂട്ടുകാരനും മംഗളാശംസകള്‍ നേരുന്നു.


DYFI മലപ്പുറം ജില്ലാ വൈസ് പ്രസിഡന്റ് വി പി റജീനയും കൂറ്റനാട് സ്വദേശിയും യുക്തിവാദിയുമായ പി വി റഫീഖും തമ്മിലുള്ള വിവാഹവും ഇന്നലെ മഞ്ചേരി ശ്രീ സുമാ ഓഡിറ്റോറിയത്തില്‍ വെച്ചു നടന്നു. മതാചാരങ്ങളില്ലാതെ സ്പെഷ്യല്‍ മാര്യേജ് ആക്റ്റ് പ്രകാരമായിരുന്നു ഈ വിവാഹവും. സഖാക്കളും ബന്ധുക്കളും പങ്കെടുത്തു.
ഈ മാതൃകാ ദമ്പതികള്‍ക്കും വിപ്ലവാശംസകള്‍ !

Wednesday, December 16, 2009

ചിന്തകനും ലതീഫും കണ്ണടച്ചിരുട്ടാക്കുന്നു !


ജബ്ബാര്‍ മാഷെ ബ്ലോഗില്‍ നമുക്കെല്ലാം സുപരിചിതനാണ്. യുക്തിവാദി സംഘത്തിന്റെ ഒരു സമുന്നത നേതാവ് കൂടിയാണദ്ദേഹം. സ്വയം അവകാശപെടുന്നതനുസരിച്ച് അദ്ദേഹം ഇസ് ലാം മതം ഉപേക്ഷിച്ച് യുക്തിവാദി സംഘത്തില്‍ ചേര്‍ന്നതാണ്. എന്ത് കൊണ്ടാണ് അദ്ദേഹം ഇസ് ലാം മതം ഉപേക്ഷിച്ചത് എന്ന് അദ്ദേഹം പലതവണ വ്യക്തമാക്കിയിട്ടുണ്ട്. ഇത് സംബന്ധമായി അദ്ദേഹത്തിന്റെ ബ്ലോഗുകള്‍ നാമെല്ലാവരും വായിക്കാറുമുണ്ട്.

അദ്ദേഹത്തിന്റെ ശൈലിയില്‍ അത്പം വിയോജിപ്പുണ്ടെങ്കിലും, തീര്‍ച്ചയായും, അദ്ദേഹം അങ്ങിനെയായിതീരാനുള്ള കാരണങ്ങളെ മുഖവിലക്കെടുക്കേണ്ടതും അതില്‍ വല്ല സത്യാവസ്ഥയുമുണ്ടെങ്കില്‍ ഗൌരവതരമായി കാണേണ്ടതുണ്ടെന്നും ഞാന്‍ കരുതുന്നു. മാത്രമല്ല അദ്ദേഹത്തെ അനുകൂലിക്കുന്നവര്‍ക്കും പ്രതികൂലിക്കുന്നവര്‍ക്കുമെല്ലാം ഇതിന്റെ പിന്നിലെ യാഥാര്‍ഥ്യം ബോധ്യമാവേണ്ടതുണ്ട്.

പ്രധാനമായും അദ്ദേഹം ഇതിന് നിരത്തുന്ന കാരണങ്ങളില്‍ ഒന്ന് ഇസ് ലാമിന്റെ പ്രചാരമാണ്. ഇസ് ലാം പ്രചരിച്ചത് അതിക്രൂരവും പൈശാചികവുമായ വംശഹത്യകള്‍ നടത്തിക്കൊണ്ടാണെന്നാണ് ഖുര്‍ ആനും ഹദീസും(പ്രവാചക വചനം) എല്ലാം അടിസ്ഥാനമാക്കി അദ്ദേഹം തെളിവുകള്‍ നിരത്തുന്നു. ഇത്തരത്തിലാണ് ഇസ് ലാം പ്രചരിച്ചതെങ്കില്‍, യാതൊരു സംശയവുമില്ലാത്തവിധം, വളരെ തെറ്റായ കാര്യം തന്നെയാണത്. പ്രവാചകന്റെ വിവാഹങ്ങളാണ് മറ്റൊരു പ്രധാന കാരണമായി അദ്ദേഹം പറയുന്നത്.

ഇതിന്റെ സത്യവാസ്തകള്‍ അറിയാവുന്നത് കൊണ്ടോ മറ്റോ വിശ്വാസികളായ പലരും അദ്ദേഹത്തിന്റെ വാദങ്ങളെ കാര്യമായി പരിഗാണിക്കാറോ അതിന് മറുപടി പറയാറൊ ഇല്ല. എനിക്ക് പോലും പലപ്പോഴും തോന്നിയത് മന:പൂര്‍വ്വമായി അദ്ദേഹം ഇല്ലാത്ത കാര്യങ്ങള്‍ ചമച്ച് അതിനെ വിമര്‍ശിക്കുകയാണ് ചെയ്യുന്നത് എന്നാണ്.
ജബ്ബാര്‍ മാഷിന്റെ ശൈലി എന്ത് തന്നെയായാലും, ആരോപണങ്ങളെ ഗൌരവമായി തന്നെ എടുത്ത് കൊണ്ട്, വാദങ്ങള്‍ക്ക് സത്യന്ധമായ രീതിയില്‍ മറുപടി നല്‍കാനുള്ള ശ്രമത്തിലാണ് സി.കെ ലത്തീഫ് എന്ന പുതു ബ്ലോഗര്‍.

------------------------------------------------------------------------------------------------------
എന്റെ ബ്ലോഗില്‍ നിന്നും വിട പറഞ്ഞു പോയ ‘ചിന്തകന്‍ ’
 തന്റെ സ്വന്തം ബ്ലോഗില്‍ പോസ്റ്റ് ചെയ്ത
“ജബ്ബാര്‍ മാഷ് എന്ത് കൊണ്ട് മത നിഷേധി ആയി?”
എന്ന പോസ്റ്റില്‍ നിന്നാണു മേല്‍ ഉദ്ധരിച്ചിട്ടുള്ള ത്.
സി കെ ലതീഫും ഇപ്പോള്‍ സ്വന്തം ബ്ലോഗില്‍ എനിക്കു മറുപടി എഴുതുന്നുണ്ട്. വളരെ സന്തോഷമുള്ള കാര്യം തന്നെ. ആരോഗ്യകരമായ ഒരു ചര്‍ച്ച സ്വാഗതാര്‍ഹമാണ്. ഇവിടെ ചിന്തകനും ലതീഫും കൂടി എന്റെ വിമര്‍ശനങ്ങള്‍ക്കു മറുപടി പറയാനായി കണ്ടെത്തിയ ഒരു സൂത്രം വായനക്കാര്‍ ശ്രദ്ധിച്ചിരിക്കുമല്ലോ. ഞാന്‍ ഇസ്ലാം ഉപേക്ഷിച്ച് യുക്തിവാദിയായതിന്റെ പ്രധാന കാരണം പ്രവാചകന്‍ കുറെ കല്യാണം കഴിച്ചതും ഇസ്ലാം യുദ്ധത്തിലൂടെ പ്രചരിക്കപ്പെട്ടു എന്ന ചരിത്രവുമാണത്രേ!
 എന്റെ ബ്ലോഗില്‍ ഇതു വരെ പോസ്റ്റ് ചെയ്ത ലേഖനങ്ങള്‍ സമഗ്രമായി പരിശോധിക്കുന്ന ആര്‍ക്കും ഈ ആരോപണത്തിന്റെ നിരര്‍ത്ഥകത വ്യക്തമാകും. ആക്രമണത്തിലൂടെയാണു മതം പ്രചരിപ്പിച്ചതെന്നു ഞാന്‍ വിമര്‍ശനമുന്നയിച്ചിട്ടുണ്ട് എന്നതു ശരിയാണ്. പക്ഷെ അക്കാരണം കൊണ്ടു മാത്രമാണു ഞാന്‍ മതവിശ്വാസം ഉപേക്ഷിച്ചതെന്ന് പറഞ്ഞിട്ടില്ല. മതവിശ്വാസത്തില്‍ നിന്നും എന്നെ വഴി തിരിച്ചത് ഖുര്‍ ആന്‍ എന്ന “ദൈവീക ഗ്രന്ഥം” ആണെന്നു ഞാന്‍ പലതവണ വ്യക്തമാക്കിയതാണ്.
ഞാന്‍ എന്തുകൊണ്ട് ‘മുസ്ലിം’ അല്ല എന്ന പേരില്‍ എന്റെ ഒരു പുസ്തകം ഏതാനും വര്‍ഷങ്ങള്‍ക്കു മുമ്പു പ്രസിദ്ധീകരിച്ചിട്ടുണ്ട്. ആ പുസ്തകത്തില്‍ ഇപ്പറഞ്ഞ രണ്ടു കാര്യങ്ങളും പരാമര്‍ശിച്ചിട്ടേയില്ല. അതിലെ ഉള്ളടക്കം താഴെ പറയുന്ന ഉപ ശീര്‍ഷകങ്ങളിലായാണു വിവരിച്ചിട്ടുള്ളത്.

വിശ്വാസത്തിന്റെ യുക്തി,
അല്ലാഹു എന്ന ദൈവം,
അല്ലാഹുവിന് അമളി പറ്റി,
കാരുണ്യവാനോ ക്രൂര വിനോദക്കാരനോ?,
ശാസ്ത്ര സത്യങ്ങളും മത വെളിപാടുകളും,
അറബികളുടെ അന്ധവിശ്വാസങ്ങള്‍ ഖുര്‍ ആനിലും ഹദീസിലും,
ശരീ അത്തും ആധുനിക സമൂഹവും,
കൊലപാതകത്തിനു പ്രതിക്രിയ,
കിരാതമായ ശിക്ഷാമുറകള്‍ ,
സ്ത്രീ വെറും ഉപകരണം,
ബലാത്സംഗത്തിനും വ്യഭിചാരത്തിനും നാലു സാക്ഷികള്‍ ,
ലൈംഗിക സദാചാരം ഇസ്ലാമില്‍ ‍,
ഇദ്ദ ; മറ്റൊരു ഗോത്രാചാരം
എന്നിങ്ങനെയാണ്.
ആദ്യമായി കുര്‍ ആന്‍ വായിച്ചപ്പോള്‍ , അതില്‍ വായിച്ച ,യുക്തിക്കു നിരക്കാത്ത വൈരുദ്ധ്യങ്ങളും മൂഡവിശ്വാസങ്ങളും ശാസ്ത്ര വസ്തുതകള്‍ക്കു വിരുദ്ധമായ വിഡ്ഡിത്തങ്ങളും നീതിക്കും മനുഷ്യത്വത്തിനും നിരക്കാത്ത ഗോത്രാചാരങ്ങളും പ്രാകൃതമായ ഗോത്ര സദാചാരവുമൊക്കെയാണ് എന്റെ വിശ്വാസത്തില്‍ കത്തി വെച്ചത്. അക്കാര്യങ്ങളൊക്കെത്തന്നെയാണു ഞാന്‍ ബ്ലോഗിലും ഇതു വരെ എഴുതിക്കൊണ്ടിരുന്നത്.
നബിക്കു കുറെ ഭാര്യമാരുണ്ടായിരുന്നു എന്നത് ഞാന്‍ ഒരു ഗൌരവമുള്ള കാര്യമായി പരിഗണിച്ചിട്ടില്ല. എന്തുകൊണ്ടെന്നാല്‍ അക്കാലത്ത് അതൊന്നും അത്ര വലിയ കാര്യമായിരുന്നില്ല. എന്നാല്‍ ഈ മഹാ പ്രപഞ്ചം സൃഷ്ടിച്ചു പരിപാലിക്കുന്ന ഒരു മഹാ ദൈവം മുഹമ്മദിന്റെ ഭാര്യമാരുടെ അടുക്കള‍ വഴക്കു തീര്‍ക്കാനും മറ്റും വെളിപാടിറക്കി എന്നു പറയുന്ന വിഡ്ഡിത്തം എനിക്കുള്‍ക്കൊള്ളാനായില്ല.
അന്യ മതക്കാരെ വെറുക്കാനും കൊല്ലാനുമൊക്കെ പറഞ്ഞത് എല്ലാ കാല‍ത്തേക്കുമുള്ള പൊതു നിര്‍ദ്ദേശങ്ങളല്ല എന്നും അത് അക്കാലത്തെ യുദ്ധ സാഹചര്യങ്ങളില്‍ മുഹമ്മദ് സന്ദര്‍ഭാനുസാരം പറഞ്ഞതാണെന്നും മനസ്സിലാക്കാന്‍ സാമാന്യ ബുദ്ധി മതി. ലതീഫ് ഇപ്പോള്‍ അതു ബോധ്യപ്പെടുത്താനാണു ബുദ്ധിമുട്ടുന്നത്. പക്ഷെ പ്രശ്നം അതല്ല ലതീഫേ. ആറാം നൂറ്റാണ്ടിലെ പ്രാകൃത ഗോത്രകാരായ ആ മനുഷ്യര്‍ പരസ്പരം വാളും കുന്തവുമെടുത്തു യുദ്ധം ചെയ്തപ്പോള്‍ ഈ ദൈവവും അവരോടൊപ്പം ഗോത്രയുദ്ധങ്ങളില്‍ പങ്കു ചേര്‍ന്നു എന്ന കുര്‍ ആനിലെ മണ്ടത്തരമാണു വിശ്വസിക്കാനാവാത്തത്. ഒരു ഞൊടൊയിട കൊണ്ട് ഈ മഹാ പ്രപഞ്ചം സൃഷ്ടിക്കാനും സംഹരിക്കാനും കഴിവുള്ള സര്‍വ്വശക്തന്‍ മനുഷ്യരോട് കുന്തമെടുത്ത് യുദ്ധം ചെയ്യാനും വാളെടുത്ത് കഴുത്തു വെട്ടാനുമൊക്കെ മെനക്കെട്ടുവെന്ന പരിഹാസ്യവും ബാലിശവുമായ വാദമാണു വിശ്വസിക്കാന്‍ കൊള്ളാത്തത്.
ആ അറബികള്‍ യുദ്ധത്തിലേര്‍പ്പെട്ട സമയത്ത് ആക്രമത്തിനു പിരി കയറ്റാനായി പറഞ്ഞ കാര്യങ്ങളൊക്കെ പ്രപഞ്ചം സൃഷ്ടിക്കും മുമ്പെ എഴുതപ്പെട്ട , സര്‍വ്വ കാലപ്രസക്തമായ ദിവ്യ വെളിപാടുകളാണെന്നു പറയുമ്പോഴാണു പ്രശ്നം ഗുരുതരമാകുന്നത്. ഇതൊക്കെ ഇന്നും മുസ്ലിംങ്ങള്‍ പാലിക്കേണ്ട പൊതു നിയമങ്ങളാണെന്നു ധരിക്കാനും അതു വഴി അന്യ മതകരുടെ നേരെ അക്രമത്തിനു പുറപ്പെടാനുമൊക്കെ അതു കാരണമാകും. ദൈവം എന്ന സങ്കല്‍പ്പത്തെ കുറെക്കൂടി വലുതായി കാണാന്‍ ശ്രമിക്കണമെന്നാണു ഞാന്‍ പറയാന്‍ ശ്രമിക്കുന്നത്. അങ്ങനെ കണ്ടാല്‍ മതം അര്‍ത്ഥ ശൂന്യമാണെന്നും മതത്തിന്റെ പേരിലുള്ള ഈ സംഘര്‍ഷങ്ങളും വൈരാഗ്യങ്ങളുമൊക്കെ ബാലിശമാണെന്നും മനസ്സിലാകും. അത്രയെങ്കിലും ഉള്‍ക്കൊള്ളാന്‍ ശ്രമിക്കുക എന്നേ പറയാനുള്ളു.

Monday, December 14, 2009

ഇതാ ഒരു “സംഘപരിവാര്‍ ഏജന്റ് “ കൂടി..!

ഇരകളും വേട്ടക്കാരും
14 Dec, 2009
ഇരവാദത്തില്‍ നിന്നും ഭീകരവാദത്തിലേക്കുള്ള ദൂരം
മുസ്‌ലിംജനത മനസ്സിരുത്തി പഠിക്കേണ്ട വിഷയമാണ്‌.
ജനാധിപത്യത്തേക്കാള്‍, മതേതരത്വത്തേക്കാള്‍ മഹത്തായ
ഒന്നുസൃഷ്‌ടിക്കാന്‍ ശ്രമിച്ച്‌ ദയനീയമായി പരാജയപ്പെട്ട
മുഹമ്മദലി ജിന്നയെ നാം മറക്കാനിടയില്ല. ഒരര്‍ഥത്തില്‍
ഇന്നത്തെ ഇരവാദികളുടെ പിതാമഹനായി ജിന്നയെ
വിലയിരുത്താം. എങ്കില്‍ മാത്രമേ ഇന്ത്യയെന്ന മഹത്തായ രാഷ്ട്രത്തെ
നിങ്ങള്‍ക്ക്‌ തിരിച്ചറിയാനാകൂ

പി.കെ. അബ്ദുള്‍റഊഫ്‌

കേ രളത്തിലെ മുസ്‌ലിം തീവ്രവാദം പുതിയ ആകാശവും ഭൂമിയും തേടിയുള്ള പ്രയാണംതുടരുമ്പോള്‍ ചില പച്ചയായ യാഥാര്‍ഥ്യങ്ങള്‍ പങ്കുവെക്കാതെ നിവൃത്തിയില്ല. ഇരകളും വേട്ടക്കാരും എന്നപ്രയോഗം തൊണ്ണൂറുകളുടെ അവസാനം രൂപംകൊണ്ട്‌ ഇപ്പോള്‍ ഏതാണ്ട്‌ ആഘോഷമായിത്തന്നെ കൊണ്ടാടുന്ന ഒരു പ്രത്യേക സംഗതിയാണ്‌. നമ്മുടെ സകല സാംസ്‌കാരിക നായകരും ബുദ്ധിജീവികളും അറിഞ്ഞോ അറിയാതെയോ വീണുപോയ ചതുപ്പുനിലം. നാടന്‍ഭാഷയില്‍ പറഞ്ഞാല്‍ ആടിനെ പട്ടിയാക്കുന്ന രാസപ്രക്രിയയാണ്‌ ഇതിലൂടെ സൃഷ്‌ടിക്കപ്പെട്ടത്‌ എന്നസത്യം ഇനിയും മറച്ചുവെക്കേണ്ട കാര്യമില്ല.

സത്യത്തില്‍ ഇവിടെ കൊട്ടിഗ്‌ഘോഷിക്കപ്പെടുന്ന ഇരവാദം മനുഷ്യാവകാശമെന്ന വ്യാജലേബലില്‍ രംഗത്തുവന്ന വര്‍ഗീയ, തീവ്രവാദ സ്വഭാവമുള്ള ഒരുവിഭാഗത്തിന്റെ സംഭാവനയായിരുന്നു. പക്ഷേ, ഇവര്‍ പ്രവര്‍ത്തിക്കുക പലപ്പോഴും ദളിത്‌, പരിസ്ഥിതി പ്രേമം പ്രസംഗിച്ചുകൊണ്ടാണ്‌. ഇവിടെ തുടങ്ങുന്നു ആടില്‍നിന്നും പട്ടിയിലേക്കുള്ള ദൂരം.

കേരളത്തിലെ മുസ്‌ലിം സമുദായത്തെ ഇരവാദത്തിലേക്ക്‌ വലിച്ചടുപ്പിക്കാന്‍ ഇടയാക്കിയ നിരവധി സംഭവങ്ങളുണ്ട്‌. ബാബറി മസ്‌ജിദിന്റെ തകര്‍ക്കലും മിഡില്‍ ഈസ്റ്റ്‌ രാഷ്ട്രീയവും ഗുജറാത്ത്‌ കലാപവുമെല്ലാം ഇരവാദക്കാര്‍ക്ക്‌ ചാകര സൃഷ്‌ടിക്കാന്‍പോന്ന സംഭവങ്ങളായിരുന്നു.

എന്നാല്‍ ഈ പ്രശ്‌നത്തിന്റെ മറ്റൊരുതലം നാം കാണേണ്ടതുണ്ട്‌. അതിന്‌ മലബാര്‍പ്രദേശത്തെ തിരഞ്ഞെടുപ്പ്‌ വിശേഷങ്ങളിലേക്ക്‌ പോകേണ്ടിവരും. ഇരവാദത്തിന്റെ തിയറി എങ്ങനെ പ്രാക്ടിക്കലാക്കാമെന്ന പരീക്ഷണശാലകളാണ്‌ കഴിഞ്ഞ പതിറ്റാണ്ടിലേറെയായി ഈ പ്രദേശങ്ങള്‍. അതായത്‌ പഞ്ചായത്ത്‌ തിരഞ്ഞെടുപ്പുകളില്‍പ്പോലും വെള്ളവും വൈദ്യുതിയുമൊന്നും ചര്‍ച്ചാവിഷയങ്ങളാകാതെ പകരം സദ്ദാംഹുസൈനും ആണവക്കരാറും അമേരിക്കയുമെല്ലാം കടന്നുവരുന്നു. ഇതൊരു ക്ലീന്‍ ഹൈജാക്കിങ്ങാണ്‌.

ഈ പുതിയതരം ഇരവാദം മോശമല്ലെന്നുകണ്ട്‌ കുറച്ചു വോട്ടുകള്‍ക്കുവേണ്ടി ഇടതുപക്ഷവും ഈ വിഷയത്തില്‍ ഒത്തുചേരുന്നു. ഇരവാദികള്‍ സന്തോഷത്തിന്റെ പരകോടിയില്‍.

മറ്റൊരു ഇരവാദം നടന്നത്‌ പി.ഡി.പി. നേതാവ്‌ അബ്ദുല്‍നാസര്‍ മഅദനിയുടെ കാര്യത്തിലാണ്‌. അദ്ദേഹത്തിന്റെ പ്രസംഗവും പ്രവര്‍ത്തനശെലിയുമെല്ലാം 'വിസ്‌മരിപ്പിച്ച്‌ ' ഇരവാദികള്‍ ഒരുപൗരന്റെ മൗലികമായ അവകാശം എന്നനിലയിലേക്ക്‌ പ്രശ്‌നത്തെ എത്തിച്ച്‌ കാര്യംനേടുന്നതും നാംകണ്ടു. അക്കാലത്ത്‌ പള്ളികളില്‍ പ്രത്യേകപ്രാര്‍ഥനകള്‍ സംഘടിപ്പിക്കാനും അതിലൂടെ കഴിയുന്നത്ര മഹല്ലുകളെ ഹൈജാക്കുചെയ്യാനും ശ്രമമുണ്ടായി. ഇത്തരം ഘട്ടങ്ങളിലെല്ലാം മുസ്‌ലിം സമുദായവും പൊതു സമൂഹവുമെല്ലാം ഈ പുത്തന്‍കാഴ്‌ചകള്‍ കണ്ട്‌ അന്തംവിടുകയോ നിഷ്‌ക്രിയരാവുകയോ ചെയ്‌തു.

ഭൂരിപക്ഷ വര്‍ഗീയത പോലെത്തന്നെ ന്യൂനപക്ഷ വര്‍ഗീയതയും ആപത്താണ്‌ എന്ന്‌ മുറവിളികൂട്ടുന്ന ഇടതുപക്ഷം തന്നെയാണ്‌ കേരളത്തിലെ ഇരവാദത്തിന്റെ പ്രധാന പ്രമോട്ടര്‍മാര്‍ എന്നവസ്‌തുത നാം കാണാതിരുന്നുകൂടാ. മലബാറിലെ മുസ്‌ലിംവോട്ടില്‍ കണ്ണുവെച്ച്‌ ഇ.എം.എസ്‌. നമ്പൂതിരിപ്പാടിനെപ്പോലുള്ളവര്‍ മഅദനിയെപ്പോലൊരു രാഷ്ട്രീയക്കാരനെ അവതരിപ്പിച്ച രീതിയില്‍ നിന്നുതന്നെ തുടങ്ങുന്നു ഇരവാദത്തിന്റെ രാഷ്ട്രീയഅസ്‌തിത്വം. അടുത്തകാലത്ത്‌ കെ.ഇ.എന്‍. കുഞ്ഞഹമ്മദ്‌ പുതിയ നിര്‍വചനം കൂട്ടിച്ചേര്‍ത്ത്‌ പാര്‍ട്ടിയെ കുറച്ചുകൂടി 'ഉയരത്തിലെത്തിച്ചു'.

ഇവിടെ ജമാഅത്തെ ഇസ്‌ലാമി, പി.ഡി.പി., എന്‍.ഡി.എഫ്‌. തുടങ്ങിയവര്‍ സാമുദായികവിഷയങ്ങളില്‍ എടുക്കുന്ന നിലപാടുകള്‍ നാം പഠിക്കേണ്ട ഒന്നാണ്‌. ഇവയോടുള്ള ഇടതുസമീപനവും വിലയിരുത്തപ്പെടേണ്ടതാണ്‌. മുസ്‌ലിം ലീഗ്‌ ഈ വിഷയങ്ങളില്‍ എന്നും വളരെ സേഫായ കളിയാണ്‌ ഇഷ്‌ടപ്പെടുന്നത്‌. രാജ്യത്തെ ഏറ്റവും വലിയ ജനാധിപത്യപ്രസ്ഥാനമായ കോണ്‍ഗ്രസ്സിന്‌ ഈ വിഷയങ്ങളിലെല്ലാം നിലപാടുകള്‍ ഉണ്ടെങ്കിലും പരസ്യപ്പെടുത്താന്‍ ഇഷ്‌ടപ്പെടാറില്ല. കാരണം ജനങ്ങളിലേക്ക്‌ ഇറങ്ങാനുള്ള മടിയും ബുദ്ധിമുട്ടാനുള്ള വൈമനസ്യവും തന്നെയാണ്‌ പ്രധാനം. എങ്കിലും കോണ്‍ഗ്രസ്‌്‌ പ്രസ്ഥാനം ഒരിക്കലും വിസ്‌മരിക്കാന്‍പാടില്ലാത്ത ഒരുവ്യക്തിയുണ്ട്‌, പ്രത്യേകിച്ചും ഈവിഷയത്തില്‍. വിഭജനത്തിനും വര്‍ഗീയതയ്‌ക്കുമെതിരെ നിലകൊണ്ട്‌, കേരളത്തിലെ മുസ്‌ലിം സമുദായത്തിന്റെ ശരിയായപാത എന്തെന്ന്‌ സ്വന്തം ജീവിതംകൊണ്ട്‌ മലബാറിനെ പഠിപ്പിച്ച ഒരുമനുഷ്യനെ, പഴയ കെ.പി.സി.സി. പ്രസിഡന്റ്‌ മുഹമ്മദ്‌ അബ്ദുറഹിമാന്‍ സാഹിബിനെ.

വര്‍ഗീയത എന്നപ്രശ്‌നത്തെ നേരിട്ട്‌ സ്‌പര്‍ശിക്കാതെ മുസ്‌ലിംസമൂഹം ഇനിയും മുന്നോട്ട്‌ പോയിട്ട്‌ കാര്യമില്ല. കേരളത്തിലെ മുസ്‌ലിംകളില്‍ ഒരുവിഭാഗം തീവ്രവാദപ്രവര്‍ത്തനങ്ങളില്‍ ആകൃഷ്‌ടരാണെന്നും തീവ്രവാദികളാണെന്നുമുള്ള യാഥാര്‍ഥ്യം ഇനിയെങ്കിലും ഉറക്കെപ്പറയാന്‍ സമുദായനേതൃത്വം തയ്യാറാകണം. ആദ്യം അകത്തെ മാലിന്യംനീക്കാം. അല്ലാതെ ആര്‍.എസ്‌.എസ്‌., സംഘ്‌പരിവാര്‍ എന്നൊക്കെപ്പറഞ്ഞ്‌ വെറുതെ ഒച്ചവെച്ചതുകൊണ്ട്‌ കാര്യമില്ല. കേരളത്തിലെ ഭൂരിപക്ഷമതവിഭാഗം സമാധാനവും സൗഹാര്‍ദവും പുലര്‍ന്നുകാണാന്‍ ഏതറ്റംവരെയും പോകുന്നവരാണ്‌ എന്നതിന്‌ നിരവധി ഉദാഹരണങ്ങള്‍ ചൂണ്ടിക്കാട്ടാന്‍ കഴിയും. നമ്മുടെ ഇടതു- വലതു മുന്നണികളുടെ ന്യൂനപക്ഷ പ്രേമത്തിന്റെ വ്യാപ്‌തിയും എന്നിട്ടുപോലും ബി.ജെ.പി. കേരളത്തില്‍ പച്ചതൊടാതെ പോയതും ചേര്‍ത്തുവായിച്ചാല്‍ ഇതുമനസ്സിലാകും. ഗള്‍ഫും യൂറോപ്പും കൂട്ടിനില്ലാത്ത കേരളത്തിലെ ഹിന്ദുസമൂഹം പുലര്‍ത്തുന്ന ഈമര്യാദ നാംകണ്ടില്ലെന്നു നടിക്കരുത്‌.

ഇപ്പോള്‍ ഇരവാദികള്‍ പുതിയ മേച്ചില്‍പുറങ്ങള്‍ തേടുകയാണ്‌. കണ്ണുതുറന്നുപിടിച്ചെങ്കില്‍ മാത്രമേ ഇക്കൂട്ടരെ തിരിച്ചറിയാനാകൂ എന്നതാണ്‌ ഏറ്റവും വലിയ ദുരന്തം. ചെങ്ങറയിലും മൂലമ്പള്ളിയിലും അതിരപ്പള്ളിയിലുമെല്ലാം ചെറുവേഷങ്ങളുമായി ഇവര്‍ എത്തിയിരുന്നു. കൂട്ടിനെന്നും ഒരുകൂട്ടം സാംസ്‌കാരിക നായകരെയും ബുദ്ധിജീവികളെയും കാണാം. നാവും പേനയും വാടകയ്‌ക്ക്‌ കൊടുക്കുകയാണ്‌ ഇവരുടെ പ്രധാനവിനോദം. സാധാരണക്കാരന്റെ സമരങ്ങളെ ഹൈജാക്കുചെയ്‌തുകൊണ്ട്‌ സമൂഹമധ്യത്തില്‍ ഇടം 'പിടിച്ചുവാങ്ങുന്ന' ഈ വ്യാജന്മാരെ അമര്‍ച്ചചെയ്യേണ്ട ബാധ്യത നമ്മുടെ സാംസ്‌കാരിക മേലാളന്മാര്‍ എന്നാണാവോ തിരിച്ചറിയുക.

ഇരവാദത്തില്‍ നിന്നും ഭീകരവാദത്തിലേക്കുള്ള ദൂരം മുസ്‌ലിംജനത മനസ്സിരുത്തി പഠിക്കേണ്ട വിഷയമാണ്‌. ജനാധിപത്യത്തേക്കാള്‍, മതേതരത്വത്തേക്കാള്‍ മഹത്തായ ഒന്നുസൃഷ്‌ടിക്കാന്‍ ശ്രമിച്ച്‌ ദയനീയമായി പരാജയപ്പെട്ട മുഹമ്മദലി ജിന്നയെ നാം മറക്കാനിടയില്ല. ഒരര്‍ഥത്തില്‍ ഇന്നത്തെ ഇരവാദികളുടെ പിതാമഹനായി ജിന്നയെ വിലയിരുത്താവുന്നതാണ്‌. എങ്കില്‍ മാത്രമേ ഇന്ത്യയെന്ന മഹത്തായ രാഷ്ട്രത്തെ നിങ്ങള്‍ക്ക്‌ തിരിച്ചറിയാനാകൂ. തിരിച്ചറിയാത്തവര്‍ ഇപ്പോഴും നമുക്കിടയിലുണ്ട്‌. പക്ഷേ, അവരെ നാം തിരിച്ചറിയണം.

(ലേഖകന്‍ സ്വതന്ത്ര മാധ്യമ പ്രവര്‍ത്തകനാണ്‌)

[മാതൃഭൂമി ഇന്നു പ്രസിദ്ധീകരിച്ച ലേഖനം ]

Thursday, December 10, 2009

സുഹൃത്തേ, താങ്കളും വായിക്കുന്നത് ‘മാധ്യമം’ ആണോ?

സുഹൃത്തേ, താങ്കളും വായിക്കുന്നത് ‘മാധ്യമം’ ആണോ?

മഹ്മൂദ് മൂടാടി.


ഷാബാനു കേസ് വിധിയെ തുടര്‍ന്ന് ശരീ അത്ത് വിവാദം കത്തിനിന്ന എണ്‍പതുകളുടെ മധ്യത്തില്‍ നമ്മുടെ പത്രങ്ങള്‍ ,വിശിഷ്യാ മാതൃഭൂമിയും മനോരമയും ദേശാഭിമാനിയും സ്ത്രീസ്വാതന്ത്ര്യത്തിന്റെയും പുരോഗമനവാദത്തിന്റെയും സാമൂഹ്യപ്രശ്നമെന്ന നിലയില്‍ ഇടപെട്ടു. തതനുസൃതമായി വാര്‍ത്തകളും ലേഖനങ്ങളും മുഖപ്രസംഗങ്ങളും എഴുതി സ്ത്രീപക്ഷ നിലപാടെടുത്തപ്പോള്‍ കേരളത്തിലെ ശിഹാബ് തങ്ങളും മരുമക്കളും ഉള്‍ക്കൊള്ളുന്ന തീവ്ര യാഥാസ്ഥിതിക മതപ്രസ്ഥാനങ്ങളും വ്യക്തികളും അതി രൂക്ഷമായാണു മേല്പറഞ്ഞ പത്രങ്ങളോടും പ്രസ്ഥാനങ്ങളോടും പെരുമാറിയത്. പ്രതിഷേധത്തിന്റെ മൂര്‍ച്ച ഈ പത്രങ്ങളുടെ സംഘടിതമായ ബഹിഷ്കരണം വരെ വൈകാരികപ്പെട്ടു. മാതൃഭൂമിക്കും ദേശാഭിമാനിക്കും ഗള്‍ഫ് രാജ്യങ്ങളില്‍ വിലക്ക് ഏറ്റു വാങ്ങേണ്ടി വന്ന ആ സാഹചര്യത്തിന്റെ പ്രധാനസൂത്രധാരകര്‍ സെന്‍സര്‍ ബോര്‍ഡിലും മറ്റും നിര്‍ണായക പദവി അലങ്കരിച്ചിരുന്ന ജമാ അത്തെ ഇസ്ലാമിയുടെ “സഹോദര ബുദ്ധിജീവികളാ”യിരുന്നുവെന്നും അന്ന് ആരോപണമുയര്‍ന്നിരുന്നു. എന്തായാലും ഷാബാനു കേസുണ്ടാക്കിയ മുസ്ലിം വൈകാരികത പത്രബഹിഷ്കരണം വരെ കൊണ്ടു ചെന്നെത്തിച്ച സംഘടിത മതപ്രസ്ഥാനങ്ങള്‍ സ്ത്രീവിരുദ്ധ നീക്കത്തിന്റെ ഭാഗമായി മാധ്യമരംഗത്ത് പ്രതികരിച്ചതിന്റെ ഒന്നാം തരം ദൃഷ്ടാന്തമാണു ‘മാധ്യമ’ത്തിന്റെ പിറവി തന്നെ! ഇന്ത്യന്‍ ഉപഭൂഖണ്ഡത്തില്‍ മതമൌലികവാദത്തിന്റെ മൊത്തക്കച്ചവടക്കാരായ ജമാ അത്തെ ഇസ്ലാമിയുടെ ഒളി അജണ്ടയുടെ രണ്ടാം അധ്യായം ആരംഭിച്ചത് മാധ്യമത്തിന്റെ പിറവിയിലൂടെയാണ്. ഒരുപാടു പുരോഗമനത്തിന്റെ പുറം പൂച്ചുകളുമായി “മാധ്യമരംഗത്തെ വഴിത്തിരിവ്” എന്ന പരസ്യവാചകവുമായാണു മധ്യമം കേരള സമൂഹത്തിന്റെ മുമ്പില്‍ പ്രത്യക്ഷപ്പെടുന്നത്. ജമാ അത്ത് ഹല്‍ഖ നാസിമാരും നാസിമത്തുമാരും മാത്രം വായിച്ചിരുന്ന ഓത്തു പുസ്തകമായ ‘പ്രബോധന’ത്തില്‍നിന്നും മാധ്യമത്തിലേക്കുള്ള ധൈഷണികദൂരം ഒളിയജണ്ടയുടെ ഈ രണ്ടാം ഘട്ടം കൂടിയാണ്.

ഒന്ന്
കേരളത്തിലെ സാംസ്കാരിക സാഹിത്യ പൊതുമണ്ഡലത്തില്‍ വ്യക്തിമുദ്ര പതിപ്പിച്ച ബുദ്ധിജീവികളെ അനായാസം വാടകപ്പെടുത്തി , ബുദ്ധിജീവികളുടെ പൊതു സമൂഹത്തിലെ സമ്മതി ആദ്യന്തം ഉപയോഗപ്പെടുത്തി, മാധ്യമരംഗത്ത് ഒരു മാന്യമായ ഇടം നേടിയെടുക്കുക എന്ന പൂതി പി കെ ബാലകൃഷ്ണനിലൂടെ അവര്‍ ഒപ്പിച്ചെടുത്തു. വാര്‍ത്തയുടെ സ്വീകാര്യതയിലും സൂക്ഷ്മതയിലും ഒരുപാടു വ്യതിരിക്തത തോന്നിപ്പിച്ചുകൊണ്ട് അന്യേഷണാത്മക പത്രപ്രവര്‍ത്തനത്തിന്റെ പുതിയ അധ്യായങ്ങള്‍ പകര്‍ത്തിക്കൊണ്ട് എന്‍ കെ രവീന്ദ്രന്‍ , മൊയ്തു വാണിമേല്‍ , പി ടി നാസര്‍ , എന്‍ പി ചെക്കൂട്ടി, കമല്രാം സജീവ്, സി രാധാകൃഷ്ണന്‍ , പി കെ പ്രകാശ് തുടങ്ങിയ ഇടതു പക്ഷമോ തീവ്രപക്ഷമോ ആയി രാഷ്ട്രീയ രംഗത്തു മുമ്പ് പ്രവര്‍ത്തിച്ചിരുന്ന കഴിവും പ്രാപ്തിയും തെളിയിച്ചവരുടെ ധൈഷണിക സാന്നിധ്യമുറപ്പാക്കിക്കൊണ്ട് വായനാസമൂഹത്തെ ഒരു പുരോഗമന പത്രമെന്ന പ്രതീതിയുളവാക്കി പാട്ടിലാക്കാനും വളരാനും പത്രത്തിനു കഴിഞ്ഞു. ബംഗ്ലാദേശിലും , പാകിസ്ഥാനിലും, ജമ്മു കശ്മീരിലും ഒരു പൌരോഹിത്യ മതഭീകരപ്രസ്ഥാനമായി ദുസ്വാധീനിച്ചുകൊണ്ടിരുന്ന ജമാ അത്തെ ഇസ്ലാമി കേരളത്തില്‍ പുരോഗമനനാട്യഭൂഷാദികളോടെ മതമൌലികവാദം വെളുപ്പിക്കാനുപയോഗിക്കുന്ന പല സാമര്‍ഥ്യങ്ങളിലൊന്നു മാത്രമാണു ‘മാധ്യമം’പത്രമെന്ന് കട്ടായം.
മതനിരപേക്ഷതയും ഇടതുപക്ഷ പുരോഗമനാദര്‍ശങ്ങളും പൊതുബോധം പങ്കിടുന്ന കേരളീയ പൊതുമണ്ഡലത്തില്‍ മൌലികവാദം വെളുപ്പിക്കാന്‍ വേഷം കെട്ടാതെ വയ്യെന്ന ബോധ്യം തന്നെയാണ് നമ്മുടെ സാംസ്കാരിക ബുദ്ധിജീവികളെ പാട്ടിലാക്കാന്‍ ജമാ അത്തെ ഇസ്ലാമി നേതൃത്വത്തെ പ്രേരിപ്പിക്കുന്നത്. ഇസ്ലാമിതര പുരോഗമന ബുദ്ധിജീവികളെ പത്രാധിപരും പംക്തിയെഴുത്തുകാരുമായി ഒപ്പം കൂട്ടുകയും ആദിവാസി, ദളിത്, പരിസ്ഥിതി തുടങ്ങിയ പ്രാന്തവല്‍ക്കരിക്കപ്പെട്ട പ്രശ്നങ്ങളെ പൊതു പ്രശ്നങ്ങളാക്കി യും തീവ്ര ഇടതുപക്ഷ വ്യക്തികള്‍ക്കും സംഘങ്ങള്‍ക്കും വാര്‍ത്താ ഇടം നല്‍കിയും ഹിന്ദുത്വ ഫാസിസത്തെ പര്‍വ്വതീകരിച്ചും ന്യൂനപക്ഷ തീവ്രവാദത്തെ അതി ന്യൂനീകരിച്ചും കളിച്ച പതിനെട്ടടവിന്റെ പ്രയത്നഫലമാണിന്ന് കേരളത്തിലും ഗള്‍ഫിലും നിരവധി എഡിഷനുകളുള്ള ഒരു വലിയ പത്രമായി ഇതിനെ വളര്‍ത്തിയത്.

ഗള്‍ഫിലെ മലയാളി മുസ്ലിംങ്ങളുടെ ഏക പത്രമായി മാധ്യമം മുന്നേറുകയും മാതൃഭൂമിയും മനോരമയും ദേശാഭിമാനിയും എന്തിനേറെ ചന്ദ്രിക വരെ പിന്തള്ളപ്പെടുകയും ചെയ്തിരിക്കുന്നു. മതത്തെ പത്ര പ്രവര്‍ത്തനത്തിനുപയോഗിക്കുന്നതിങ്ങനെയാണ്. കേരളത്തിലെ മുസ്ലിം വീടുകളിലേറിയ തോതിലും വായിക്കപ്പെടുന്നത് മാധ്യമം തന്നെ. തീവ്ര ഇടതുപക്ഷക്കാരും അനുഭാവികളുമായ പൊതുവ്യക്തിത്വങ്ങളെ ഉപയോഗപ്പെടുത്തി മുന്നേറിയ ഈ മതമാധ്യമം ഇന്നു കേരളത്തിലെ പൊതുമണ്ഡലത്തെ സാമുദായികവല്‍ക്കരിക്കുന്നതില്‍ വിജയിച്ചിരിക്കുന്നുവെന്നു തന്നെ പറയാം. മതേതരമായ രാഷ്ട്രീയബോധവും വായനാസംസ്കാരവുമുള്ള കേരളീയ പൌരസമൂഹത്തില്‍ മൃദുവര്‍ഗ്ഗീയതയുടെയും മതപരമായ അകല്‍ച്ചയുടെയും വിത്തുകള്‍ പാകുന്നതില്‍ ഈ മതപത്രത്തിനു പങ്കുണ്ടെന്നു പറയാതെ വയ്യ.

രണ്ട്
‘മുസ്ലിം കിഡ്നി ആവശ്യമുണ്ട്’ എന്നു പരസ്യം നല്‍കുക വഴി വര്‍ഗ്ഗീയതയുടെ ഏറ്റവും വൃത്തികെട്ട മുഖം പ്രദര്‍ശിപ്പിച്ച മലയാളത്തിലെ ഏക പത്രം മാധ്യമമാണ്. (ഇജ്ജാതി രക്തത്തിലുണ്ടോ എന്നു ആ പരസ്യത്തിനെതിരെ രൂക്ഷമായി പ്രതികരിച്ച് കൌമുദിയില്‍ ലേഖനമെഴുതിയ സുകുമാര്‍ അഴീക്കോട് ഇന്നിപ്പോള്‍ മറ്റൊരു മതപ്പത്രത്തിന്റെ പത്രാധിപരാണെന്നതു മറ്റൊരു തമാശ!) ഇപ്പോഴും പരസ്യക്കോളങ്ങളില്‍ വര്‍ഗ്ഗീയതയുടെ മഷി മുക്കിക്കൊണ്ട് അക്ഷരങ്ങള്‍ നിരത്തുന്നു മാധ്യമം. മുസ്ലിം കടയില്‍ കോഴി പാചകം ചെയ്യാനറിയുന്ന പാചകനെ ആവശ്യമുണ; മുസ്ലിം ദമ്പതികള്‍ക്കു വീട്ടു ജോലിക്കായി മുസ്ലിം വേലക്കാരി വേണം; പ്രസവശുശ്രൂഷയ്ക്കൊരു മുസ്ലിം പതിച്ചി ആവശ്യമുണ്ട് എന്നിങ്ങനെ ദിനം പ്രതി പരസ്യങ്ങളിലൂടെ മാധ്യമം കൂടുതല്‍ കൂടുതല്‍ സ്വകാര്യവര്‍ഗ്ഗീയതയുടെ സ്വന്തം പ്രതിനിധിയാവുന്നു.

നവോഥാനസമരങ്ങളിലൂടെ മലയാളി നേടിയെടുത്ത ജാതിമതാതീത കൂട്ടായ്മയും അയിത്തോച്ചാടനവും പന്തിഭോജനവും സഹജീവിതവും ക്രൂരമായി വെല്ലുവിളിക്കപ്പെടുന്ന രീതിയിലുള്ള പരസ്യങ്ങള്‍ക്കും വാര്‍ത്തകള്‍ക്കും മാധ്യമത്തില്‍ പഞ്ഞമില്ലാതായിരിക്കുന്നു. ഹലാല്‍ഭക്ഷണം ലഭിക്കുന്ന ഹോട്ടലുകളുടെ പരസ്യമില്ലാതെ ഒരു ദിനവും പത്രം പൂര്‍ണമാകുന്നില്ല. (അമുസ്ലിംങ്ങള്‍ക്ക് കോഴിബിരിയാണിയും പോത്തിറച്ചിയും വിളമ്പി ഇഫ്താര്‍ പാര്‍ട്ടിയും ഓണാഘോഷവും സ്വന്തം ചെലവില്‍ നടത്തുന്ന ജമാ അത്തെ ഇസ്ലാമി ഹല്‍ഖയിലെ അമീറ്മാരും നാസിമാരും മറിച്ച് അമുസ്ലിംങ്ങള്‍ പാകം ചെയ്ത കോഴിയും പോത്തും തിന്നുമോ?) കേരളത്തിലെ പന്തിഭോജനത്തിന്റെ സഹോദര്യത്തിന് എതിരു നില്‍ക്കുന്ന ഇത്തരം വിഭാഗീയ പരസ്യങ്ങളിലൂടെ മാധ്യമം കയ്യാളുന്നവരുടെ മതരാഷ്ട്രീയബോധം തന്നെയാണു വെളിപ്പെടുന്നത്. മതധാര്‍മ്മികതയുടെ പേരില്‍ , മൌദൂദിയന്‍ ആദര്‍ശത്തിന്റെ പേരില്‍ ലോട്ടറി, സിനിമ, പലിശ തുടങ്ങിയവയുടെ പരസ്യങ്ങള്‍ തുടക്കം മുതലേ നിരോധിച്ച മൌലികവാദികളുടെ ഈ മതമാധ്യമത്തില്‍ മുസ്ലിം വിഭാഗീയതയുടെ മുരത്ത വാര്‍ത്തകളും മതം പുരണ്ട പരസ്യങ്ങളും മാരകമായി ആവര്‍ത്തിക്കപ്പെടുന്നു.

മൂന്ന്
ഫാസിസം=ഹിന്ദുത്വം, സാമ്രാജ്യത്വം=അമേരിക്ക, എന്നീ രണ്ടു പദാവലികളില്‍ വിരുദ്ധ പക്ഷത്ത് തറക്കല്ലിട്ട് ജീവിതത്തിന്റെ സമസ്ത മണ്ഡലങ്ങളിലും അന്യമതവിദ്വേഷത്തിന്റെയും ആധുനികതാവിരോധത്തിന്റെയും മതതീവ്രവാദം പയറ്റിത്തെളിക്കുന്ന ജമാ അത്ത് ജിഹ്വ ഹിന്ദുത്വത്തെ വിമര്‍ശിക്കുന്ന അമുസ്ലിംങ്ങളെ പുകഴ്ത്തുകയും മുസ്ലിം തീവ്രവാദത്തെ വിമര്‍ശിക്കുന്ന മുസ്ലിം പുരോഗമനവാദികളെയും ഹിന്ദു നാമധാരികളായ ജമാ അത്തു വിമര്‍ശകരെയും ഘോരമായി ഇകഴ്ത്തുകയും നിന്ദ്യമായി മുസ്ലിം വിരുദ്ധ ചാപ്പ കുത്തുകയും ചെയ്യുന്നു. സിവിക്, ചുള്ളിക്കാട് എന്നിവരെ ,അവരുടെ ഹിന്ദുത്വവിരുദ്ധ നിലപാടുകളുടെ പേരില്‍ നിര്‍ലോഭം പ്രകീര്‍ത്തിക്കുകയും പത്രത്തിലും വേദികളിലും മുന്‍ നിരയില്‍ ഇരിപ്പിടം നല്‍കുകയും ചെയ്ത ശേഷം ഈയിടെ ജമാ അത്തെ ഇസ്ലാമിയുടെ തീവ്രവാദരാഷ്ട്രീയത്തെ വിമര്‍ശിച്ചതിന്റെ പേരില്‍ ഇവരെ നിര്‍ലജ്ജം വ്യക്തിഹത്യ ചെയ്യുകയും ചെയ്യുന്ന അധാര്‍മ്മിക പത്രസംസ്കാരവും ഈ പത്രത്തിന്റെ സംസ്കാരമായി നാം കാണുന്നു. കെ വേണു സി ഐ എ ചാരനാണെന്നും സിവിക് ചന്ദ്രന്‍ വിദേശ ഫണ്ടിങ് ലോബിയുടെ വക്താവാണെന്നും വരെ ആരോപിച്ചു വ്യക്തി ഹത്യ നടത്തി മാധ്യമം.

ഇന്ത്യയിലാകമാനം വര്‍ഗ്ഗീയ കലാപങ്ങള്‍ക്കു വഴിയൊരുക്കിയ ബാബറി മസ്ജിദ് തകര്‍ക്കല്‍ വേളയില്‍ കേരളത്തില്‍ സാമുദായികാന്തരീക്ഷം സമാധാന്‍പൂര്‍ണവും മതനിരപേക്ഷജനാധിപത്യത്തിനു ചേര്‍ന്നതുമായതിനു നാം ഇടതുപക്ഷത്തോടു കടപ്പെട്ടിരിക്കുന്നു. സ്ഫോടനാത്മകമായ ആ സാമൂഹികാവസ്ഥയില്‍ മാധ്യമം പത്രവും ജമാ അത്തെ ഇസ്ലാമിയും മതവൈകാരികതയെ എങ്ങനെ സമര്‍ത്ഥമായി ദുരുപയോഗിച്ചുവെന്നു നാം കണ്ടു. പഴയ ജമാ അത്തെ ഇസ്ലാമിക്കാരനും സിമി നേതാവുമായ പി കോയ യുടെ എന്‍ ഡി എഫും സിമിക്കുട്ടികളുടെ പുതിയ അവതാരമായ സോളിഡാരിറ്റിയും ശ്വസിക്കുന്നതും വളരുന്നതും ജമാ അത്തെ ഇസ്ലാമിയുടെ മാധ്യമപരിലാളനയിലൂടെതന്നെയാണ്.

മുസ്ലിം തീവ്രവാദവുമായി ബന്ധപ്പെട്ട ഏതൊരു പ്രശ്നവും അത്യന്തം ലളിതവല്‍ക്കരിക്കുകയും അല്ലെങ്കില്‍ ‘ഇരയുടെ പ്രതികരണ‘മായി ദാര്‍ശനികവല്‍ക്കരിക്കുകയും മറുവശത്ത് ഹിന്ദുത്വവുമായി ബന്ധപ്പെട്ട ചെറിയ കാര്യങ്ങളെപ്പോലും ഫാസിസമെന്ന പേരില്‍ ഭീകരമായി അവതരിപ്പിക്കുകയും ചെയ്യുന്ന വാര്‍ത്താനിര്‍മ്മിതി മാധ്യമത്തിന്റെ സ്വത്വരാഷ്ട്രീയം കൃത്യമായി അനാവരണം ചെയ്യുന്നു. മാറാട് കടപ്പുറത്തെ ഹിന്ദു കൂട്ടക്കൊല ഒരു ഇരയുടെ വ്യക്തിപരമായ പ്രതികാരമായി നിസ്സാരവല്‍ക്കരിക്കുകയും അതിനു ശേഷമുള്ള അഭയാര്‍ത്ഥി പ്രശ്നം ഏറ്റവും വലിയ മനുഷ്യാവകാശപ്രശ്നമായി തകിടം മറിച്ചുകൊണ്ടുള്ള വര്‍ഗ്ഗീയ കൌശലം നന്നായി പ്രയോഗിക്കുകയും ചെയ്തു മാധ്യമം. കൂട്ടക്കുരുതിയുടെ പിന്നിലെ സംഘടിത പ്രസ്ഥാനങ്ങളെ അപ്രധാനമാക്കുകയും നിസ്സാരവല്‍ക്കരിക്കുകയും ചെയ്യുന്ന പണി ഏറ്റവും സമര്‍ത്ഥമായി നിര്‍വ്വഹിച്ചത് മാധ്യമം പത്രമാണ്. എന്തിനേറെ, വാര്‍ത്തകളെ സാമുദായികമായി അട്ടിമറിക്കുന്നതിന്റെ മറ്റൊരു ദൃഷ്ടാന്തം ഇതാ: നേപ്പാളിലെ12 കൂലിത്തൊഴിലാളികളെ ഇറാക്കില്‍ തീവ്രവാദികള്‍ തട്ടിക്കൊണ്ടു പോയി കൊല ചെയ്ത സന്ദര്‍ഭത്തില്‍ മാധ്യമം മുഖപ്രസംഗകാരന് പ്രശ്നമായത് കൂട്ടക്കൊലയെ തുടര്‍ന്ന് പ്രതികരണമെന്ന നിലയില്‍ നേപ്പാളില്‍ പള്ളികള്‍ക്കെതിരെ നടന്ന ആക്രമണമാണ്. ഇറാക്കി പോരാളികളുടെ സാമ്രാജ്യത്വവിരുദ്ധപ്പോരാട്ടമാണുപോല്‍ ആ പാവങ്ങളുടെ കൂട്ടക്കുരുതി.

ബാബറി മസ്ജിദ് തകര്‍ച്ചയെ തുടര്‍ന്ന് മുസ്ലിം രാജ്യങ്ങളില്‍ ഹിന്ദുക്കള്‍ക്കും ക്ഷേത്രങ്ങള്‍ക്കും നേരെ നടന്ന അതി നീചമായ ആക്രമങ്ങള്‍ മാധ്യമത്തിനു ഒരു പരിഗണനാര്‍ഹമായ ചര്‍ച്ചാ വിഷയമേ ആയില്ല.!

നാല്
മതധാര്‍മ്മികതയുടെ പേരില്‍ സ്ത്രീകളുടെ ചിത്രങ്ങള്‍ക്കു സെന്‍സര്‍ഷിപ്പ് ഏര്‍പ്പെടുത്തിയ ഏക പത്രമാണു മാധ്യമം. മുസ്ലിം മതവേദികളിലും പൊതുവേദികളിലും ഇസ്ലാം സ്ത്രീസ്വാതന്ത്ര്യത്തിന്റെയും ലിംഗനീതിയുടെയും മതമാണെന്നു പറയുന്ന മൌദൂദിസ്റ്റുകളുടെ ഈ പത്രസ്ഥാപനത്തില്‍ ഒറ്റ സ്ത്രീ പോലും പ്രവര്‍ത്തിക്കുന്നില്ല. കാരണം പത്രപ്രവര്‍ത്തനം സ്ത്രീകള്‍ക്കു പറ്റിയ പണിയല്ലെന്നും പ്രമുഖ പത്രപ്രവര്‍ത്തക ശിവാനിഭട്നഗറിന്റെ കൊലപാതകം അതാണു സൂചിപ്പിക്കുന്നതെന്നും സ്ത്രീകള്‍ക്കു വേണമെങ്കില്‍ സ്ത്രീകള്‍ മാത്രം നടത്തുന്ന പത്രം നടത്തിക്കോട്ടെ എന്നും പച്ചക്കു പറഞ്ഞത് കാന്തപുരം മുസ്ല്യാരല്ല, സാക്ഷാല്‍ ഓ അബ്ദുറഹിമാന്‍ സാഹിബാണ്.
മാധ്യമത്തില്‍ സ്ത്രീകള്‍ക്കു പത്രക്കാരിയുടെ ജോലി മാത്രമല്ല നിഷേധിക്കപ്പെടുന്നത്. എല്ലാം നിയന്ത്രിതമാണ്. ബഹുഭാര്യത്വം ഒഴികെ ! സ്പോര്‍ട് പേജില്‍ സ്കൂള്‍ പെണ്‍കുട്ടികളുടെ ഓട്ടവും ചാട്ടവും പോലും വാര്‍ത്തയേ ആകൂ. കാഴ്ച്ച ആകില്ല. അതാണു സ്ത്രീ സ്വാതന്ത്ര്യം. കായിക മത്സരത്തില്‍ പോലും ശ്രദ്ധ ഹിജാബിലാണ് എന്നു ചുരുക്കം. സിനിമാനടികളുടെ ചിത്രം കൊടുത്തില്ലെങ്കിലും ഒരായിരം പെണ്ണുങ്ങളെ നിരത്തി പര്‍ദ്ദാ പരസ്യം കൊടുക്കും. സൂര്യനെല്ലി സംഭവം പുറത്തായ സന്ദര്‍ഭത്തില്‍ മാധ്യമം മുഖപ്രസംഗമെഴുതി ഉപദേശിച്ചത് “മാന്യമായി” പര്‍ദ ധരിക്കാനും ആണ്‍ തുണയോടൊപ്പം മാത്രം സഞ്ചരിക്കാനുമാണ്. ഷാബാനു, തസ്നിബാനു, തസ്ലീമാ പോലുള്ള പ്രശ്നങ്ങളിലെല്ലാം തീര്‍ത്തും സ്ത്രീവിരുദ്ധനിലപാടായിരുന്നു ഇക്കൂട്ടര്‍ പ്രദര്‍ശിപ്പിച്ചത്. ഇതെല്ലാം ജമാ അത്തെ ഇസ്ലാമിയുടെ പ്രതിലോമ ദര്‍ശനത്തിന്റെ പ്രത്യക്ഷപ്രകടനങ്ങളായിരുന്നു.
മലയാളിയുടെ വായനാമണ്ഡലത്തില്‍ മതധ്രുവീകരണത്തിന്റെ വേറിട്ട നിയോജകമണ്ഡലത്തെ പ്രതിനിധാനം ചെയ്യുന്ന ഈ പത്രത്തിന്റെ വളര്‍ച്ച കേരളീയ പൊതു സമൂഹത്തിന്റെ മതേതര ജനാധിപത്യ ബോധത്തിന്റെ തളര്‍ച്ച കൂടിയാണെന്ന് നാം തിരിച്ചറിയേണ്ടിയിരിക്കുന്നു.

Sunday, December 6, 2009

ലൌ ജിഹാദ്: ലൈംഗിക വൈകൃതക്കാരുടെ കൂട്ടായ്മ.

ലൌ ജിഹാദ്: ലൈംഗിക വൈകൃതക്കാരുടെ കൂട്ടായ്മ.
അഡ്വക്കെറ്റ് പി എ പൌരന്‍ .

ലക്ഷ്യം മാര്‍ഗ്ഗത്തെ ന്യായീകരിക്കുന്നു. ലോക ജനസംഖ്യയില്‍ ഭൂരിഭാഗവും ഇസ്ലാം മതവിശ്വാസികളാകുമ്പോള്‍ ഒരു പക്ഷെ ഒരു സായുധ കലാപത്തില്‍ കൂടി ലോകത്തിന്റെ മുഴുവന്‍ ഭരണക്രമവും പിടിച്ചെടുക്കാന്‍ സാധിച്ചേക്കാം. നാടുവാഴിത്ത സ്വേഛാധിപത്യ ഭരണക്രമത്തില്‍ ജിഹാദ് പരീക്ഷിക്കപ്പെട്ടിട്ടുണ്ട്. വിജയം കൈവരിച്ചിട്ടുമുണ്ട്. എന്നാല്‍ ലോകത്തെ ബഹുഭൂരിപക്ഷം രാജ്യങ്ങളിലും ജനാധിപത്യഭരണക്രമം നില നില്‍ക്കുമ്പോള്‍ ഇത്തരം ജിഹാദുകളുടെ പ്രസക്തിയെന്ത്? നിലവിലുള്ള ഭരണക്രമങ്ങളില്‍ ഏറ്റവും നല്ലത് ഒരു യഥാര്‍ത്ഥ ജനാധിപത്യ വ്യവസ്ഥയായതുകൊണ്ട് മാത്രമാണു കൂടുതല്‍ കൂടുതല്‍ രാജ്യങ്ങളില്‍ നിലവിലുണ്ടായിരുന്ന നാടുവാഴിത്തവും സ്വേഛാധിപത്യവും വലിച്ചെറിഞ്ഞ് ജനാധിപത്യ വ്യവസ്ഥയെ വരിക്കുന്നത്. മുസ്ലിം ഭൂരിപക്ഷ രാജ്യങ്ങള്‍ വരെ ഈ പ്രക്രിയയില്‍ പങ്കു ചേരുന്നു. ജനാധിപത്യത്തിനും നല്ലൊരു ഭാവിയുണ്ടെന്നുള്ളതിന്റെ സൂചകങ്ങളാണു അയല്‍ രാജ്യമായ നേപ്പാളില്‍ പോലും അടുത്ത കാലത്തു സംഭവിച്ചത്. ഇറാക്കിലും ഇറാനിലും അഫ്ഗാനിസ്ഥാനിലും സ്ഥിതി മറിച്ചല്ല.
.കശ്മീര്‍ മുസ്ലിം ഭൂരിപക്ഷപ്രദേശമായതുകൊണ്ട് അവിടെ ജിഹാദ് വേണമെങ്കില്‍ പരീക്ഷിക്കാം. പക്ഷേ ഇങ്ങേ അറ്റത്ത് ജിഹാദിന്റെ പേരില്‍ നടക്കുന്നത് കേവലം ലൈംഗിക പേക്കൂത്തുകള്‍ മാത്രമാണ്. ചില തല തിരിഞ്ഞ തീവ്രവാദി ഗ്രൂപ്പുകളുടെ സാമ്പത്തിക സഹായത്തോടെ വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍, കലാശാലകളില്‍ നടക്കുന്ന കേവലം ലൈംഗിക അരാജകത്ത്വം മാത്രമായേ ഇതിനെ കണക്കാക്കേണ്ടതുള്ളു. മനുഷ്യന്‍ ഇതുവരെ കൈവരിച്ച മുഴുവന്‍ സാമൂഹ്യ പുരോഗതിയേയും പുറകോട്ടടിപ്പിക്കുന്ന , യഥാര്‍ത്ഥ മുസ്ലിം വിശ്വാസികളില്‍ പോലും ഒരു തരം മനമ്പുരട്ടല്‍ ഉണ്ടാക്കുന്ന ഒരുതരം ലൈംഗിക ആഭാസത്തിനു കേരളം സാക്ഷിയാകുന്നുവോ?
കേവലം രണ്ടു ദിവസം മുതല്‍ ഒരാഴ്ച്ച കൊണ്ട് ഇരയെ വീഴ്ത്തുന്ന കെണിയാണു ലൌ ജിഹാദ്. ഒരു യുവകോമളന്റെ കുപ്പായമിട്ട് പ്രേമാഭ്യര്‍ത്ഥനയുമായി പെണ്‍കുട്ടികളുടെ പിന്നിലെത്തുന്ന ഇത്തരം വിരുതന്മാരെ കരുതിയിരിക്കുക. ! അമ്മയും അഛനും ജോലി സംബന്ധമായി അകലെയായിരിക്കുകയും അവരുടെ സാന്നിധ്യവും സാന്ത്വനവും നഷ്ടമാവുകയും ചെയ്യുമ്പോള്‍ ഉണ്ടാകുന്ന മാനസികാവസ്ഥ മുതലെടുക്കുന്ന ഒരു കൂട്ടം കാപാലികരായിട്ടേ ലൌ ജിഹാദികളെ കാണാനൊക്കൂ. ഇത്തരക്കാര്‍ വെച്ചു നീട്ടുന്ന സാമ്പത്തിക സഹായങ്ങളുടെ, വാഗ്ദാനങ്ങളുടെ പിന്നില്‍ പ്രവര്‍ത്തിക്കുന്നവരെ കണ്ടെത്തേണ്ടിയിരിക്കുന്നു. അനധികൃത മാര്‍ഗ്ഗത്തിലൂടെ കേരളത്തിലേക്കൊഴുകുന്ന കോടിക്കണക്കിനു രൂപയുടെ ഇടപാടുകളെ കുറിച്ച് അന്യേഷിക്കേണ്ടതുണ്ട്. നിയമവിരുദ്ധമായി സാമൂഹ്യ മനസ്സാക്ഷിയെ ഞെട്ടിപ്പിക്കുന്ന മനുഷ്യത്വരഹിതമായ പ്രവര്‍ത്തനങ്ങള്‍ക്ക് പിന്നില്‍ ശക്തമായ രാഷ്ട്രീയ നേതൃത്വത്വമുണ്ട് എന്ന് തിരിച്ചറിയാന്‍ ഭൂതക്കണ്ണാടിയൊന്നും വേണ്ടതില്ല. മലപ്പുറം ജില്ലയില്‍ പ്രവര്‍ത്തിക്കുന്ന ചില സഹകരണ ബാങ്കുകള്‍ വഴി കോടികള്‍ കേരളത്തിലെത്തിയിട്ട് അധിക കാലമായില്ല. ചില അന്യേഷണങ്ങള്‍ തുടങ്ങിയതായി കേട്ടറിഞ്ഞെങ്കിലും ആ അന്യേഷണങ്ങള്‍ എവിടെയും എത്തിയില്ല. ഇപ്പോഴത്തെ ഡി ജി പി ജേകബ് പുന്നൂസ് പറഞ്ഞത് 45000 മുതല്‍ 50000 കോടി രൂപയുടെ അനധികൃത ഇടപാടു മാത്രം കേരളത്തില്‍ നടക്കുന്നു എന്നാണ്. വര്‍ഷങ്ങള്‍ക്കു മുമ്പു പറഞ്ഞ ഈ കണക്ക് ഇന്ന് എത്രയോ ഇരട്ടിയായിരിക്കും. ഹിന്ദു ക്രിസ്ത്യന്‍ വിഭാഗങ്ങളില്പെട്ട പെണ്‍ കുട്ടികളെ മാത്രം ഇവര്‍ ലക്ഷ്യം വെക്കുന്നു. ചൂണ്ടയില്‍ കുരുക്കുവാന്‍ വിലപിടിപ്പുള്ള സമ്മാനങ്ങള്‍ പാരിതോഷികങ്ങള്‍ നല്‍കുന്നു. വന്‍ വാഗ്ദാനങ്ങള്‍ ചൊരിയുന്നു. ഇര പെട്ടെന്നു ചൂണ്ടയില്‍ കൊത്തുന്നില്ലെങ്കില്‍ അടുത്ത ഇരയിലേക്കു നീങ്ങുന്നു. ഇവിടെ സ്നേഹത്തിന്റെ ,പ്രേമത്തിന്റെ പവിത്രതയെവിടെ? കേവലം ഉള്ളില്‍തട്ടാത്ത കാല്‍പ്പനികതകളുടെ അടയാളമായിട്ടു മാത്രമേ ഇത്തരം ബന്ധങ്ങളെ കാണാന്‍ കഴിയൂ. മതം മാറിയാല്‍ മാത്രം വിവാഹം . വിവാഹാഭ്യര്‍ത്ഥനയുമായി തന്നെ സമീപിക്കുന്ന പുരുഷന്‍ മുമ്പ് വിവാഹിതനാണോ , മറ്റു ബന്ധങ്ങള്‍ വെച്ചു പുലര്‍ത്തുന്നുണ്ടോ എന്നൊക്കെ ആലോചിക്കുന്നതു നല്ലത്. എടുത്തു ചാടി തീരുമാനമെടുക്കുകയും പ്രേമാഭ്യര്‍ത്ഥനയുമായെത്തുന്നവന്റെ പിന്നാലെ ഇറങ്ങിത്തിരിക്കുകയും ചെയ്യുന്നവര്‍ പിന്നീട് എത്തിപ്പെടുന്നത് ഏതെങ്കിലും തീവ്രവാദി സംഘത്തിലായിരിക്കും. അതിലെ ഒരു ബെല്‍ട് ബോമ്പായി ജീവിതം ഹോമിക്കേണ്ടിയും വന്നേക്കും. .എത്രയോ സംഭവങ്ങള്‍.
മനസ്സുകൊണട് സമ്പത്തു കൊണ്ട് , ശരീരം കൊണ്ടാണു ജിഹാദ് നടത്തേണ്ടത്. യഥാര്‍ത്ഥ ജിഹാദികള്‍ക്കു പലതും നഷ്ടപ്പെടേണ്ടി വരും. എന്നാല്‍ ജിഹാദിന്റെ പേരില്‍ ആളുകളെ റിക്രൂട്ട് ചെയ്യുന്നവര്‍ക്ക് ലഭിക്കുവാന്‍ പലതുമുണ്ട്. അളവറ്റ പണത്തിന്റെ, ആര്‍ഭാടത്തിന്റെ സുഖസൌകര്യങ്ങളുടെ ശീതളഛായയുടെ അനന്ത സാധ്യതകള്‍ . അടുത്ത കാലം വരെ ആര്‍ എസ് എസിനു കണ്ണൂരില്‍ ഒരു ശാഖ പോലും തുറക്കാന്‍ കഴിഞ്ഞിരുന്നില്ല. എന്നാല്‍ ഇന്ന് നൂറുക്കണക്കിനു ശാഖകള്‍ അവിടെ പ്രവര്‍ത്തിക്കുന്നു. ജിഹാദിന്റെ മറവില്‍ മതന്യൂനപക്ഷ്ത്തിന്റെ പേരില്‍ ഒരു വിഭാഗം തീവ്രവാദികള്‍ നടത്തിയ പ്രവര്‍ത്തനഗ്ങളുടെ ബാക്കിപത്രമാണു കണ്ണൂരിലെ അശാന്തത.
കഴിഞ്ഞ ദിവസം മലപ്പുറം ജില്ലയില്‍ ഉരുണ്ടു കൂടുന്ന ഒരു സംഭവം ഒരു സുഹൃത്ത് എന്റെ ശ്രദ്ധയില്‍ പെടുത്തി. വിവാഹിതനും 6 വയസ്സുള്ള കുട്ടിയുടെ അച്ഛനുമാണു കഥാപുരുഷന്‍ . മണ്ണിനോടു പടവെട്ടി സാമാന്യം നല്ല നിലയില്‍ കഴിഞ്ഞു വരുന്ന ഒരു ക്രിസ്ത്യന്‍ കുടുംബം. ഭാര്യാഭര്‍ത്താക്കന്മാര്‍ തമ്മില്‍ ഇടയ്ക്കുണ്ടാകുന്ന ചില്ലറ കലഹങ്ങള്‍ , ലൌ ജിഹാദികളെ അങ്ങോട്ടാകര്‍ഷിച്ചു. മറ്റൊരു ക്രിസ്ത്യന്‍ സ്ത്രീയുമായി ഇയാളെ പരിചയപ്പെടുത്തുന്നു. രണ്ടു പേരും മതം മാറി മുസ്ലിമായാല്‍ വിവാഹം ചെയ്യിപ്പിക്കുവാന്‍ ജിഹാദികള്‍ തയ്യാര്‍ ! തെരുവിലേക്കെറിയപ്പെടുന്ന ആകുഞ്ഞിനെയും അമ്മയെയും കുറിച്ച് ഒരു നിമിഷം ചിന്തിക്കാന്‍ തയ്യാറാകാത്ത ഈ ജിഹാദികളെ എങ്ങനെ മനുഷ്യരായി കാണാനാകും? മനുഷ്യാവകാശത്തിന്റെയും സ്വാതന്ത്ര്യത്തിന്റെയും മേലങ്കിയണിയുന്ന ഇവരുടെ യഥാര്‍ത്ഥ മുഖം മൂടി വലിച്ചു കീറേണ്ടിയിരിക്കുന്നു. അതിനു കേരളത്തിലെ പ്രബുദ്ധരായ പൌര സമൂഹം ഉണര്‍ന്നു പ്രവര്‍ത്തിക്കേണ്ടിയിരിക്കുന്നു.
--------------------------------
ഒരു പംക്തിയിലേക്ക് ‘മാധ്യമം’ പത്രം ആവശ്യപ്പെട്ടതനുസരിച്ച് , എന്റെ സുഹൃത്തും മനുഷ്യാവകാശപ്രവര്‍ത്തകനുമായ പി എ പൌരന്‍ എഴുതി അയച്ച ലേഖനമാണിത്. “നിഷ്പക്ഷ പത്ര”മായ മാധ്യമം ഇതു പ്രസിദ്ധീകരിച്ചില്ല !!

Thursday, November 26, 2009

ഇന്ന് ബലി പെരുന്നാള്‍

ഇന്ന് ബലി പെരുന്നാള്‍

ദൈവവിശ്വാസത്തിന്റെ പേരില്‍ ലോകത്ത് നടന്നു വരുന്ന ഏറ്റവും ഭീകരമായ അത്യാചാരം !
15 ലക്ഷത്തോളം മൃഗങ്ങള്‍ കൂട്ടത്തോടെ കഴുത്തറുക്കപ്പെടുന്ന കരിദിനം !!
നരബലിയാണു ദൈവത്തിനേറ്റവും പ്രിയപ്പെട്ട പുണ്യ കര്‍മ്മം എന്ന് ഓര്‍മ്മിപ്പിക്കപ്പെടുന്ന ദുര്‍ദിനം !!!
വിശ്വാസം മനുഷ്യനെ ഭ്രാന്തരാക്കുന്നതെങ്ങനെയെന്ന് ചിന്താശേഷിയുള്ളവര്‍ക്കെല്ലാം വ്യക്തമാക്കിത്തരുന്ന അന്ധകാര യുഗസ്മരണ!!!!


--------------------------------------------------------------------------

കിരാതരുടെ ആരാധനാമൂര്‍ത്തികളായ മിക്ക ദൈവങ്ങള്‍ക്കും ഏറെ പ്രിയപ്പെട്ട അനുഷ്ഠാനം നരബലി തന്നെയായിരുന്നു. മനു‍ഷ്യര്‍ക്കു ദൈവസന്നിധിയില്‍ സമര്‍പ്പിക്കാവുന്നതില്‍ വെച്ച് ഏറ്റവും പുണ്യമേറിയ ത്യാഗാര്‍പ്പണമായി സെമിറ്റിക് മതങ്ങളും വാഴ്തിപ്പാടുന്നത് മനുഷ്യക്കുരുതി തന്നെയാണെന്നത് യാദൃച്ഛികമല്ല. അബ്രഹാമിന്റെ പുത്രബലിയെ പ്രകീര്‍ത്തിച്ചുകൊണ്ടുള്ള വെളിപാടുകള്‍ ഖുര്‍ ആനിലും ബൈബിളിലും ഏതാണ്ട് ഒരേ രൂപത്തില്‍ വിവരിച്ചിട്ടുണ്ട്. (ബലി നല്‍കാന്‍ കൊണ്ടുപോയത് ഇസ് ഹാകിനെയെന്നു ക്രിസ്ത്യാനികളും ഇസ്മായിലിനെയെന്നു മുസ്ലിങ്ങളും തര്‍ക്കിക്കുന്നുണ്ടെന്ന വ്യത്യാസമേയുള്ളു.)

“ഇബ്രാഹീമിനു നാം സഹനശീലനായ ഒരു പുത്രന്റെ സുവാര്‍ത്ത നല്‍കി. ആ പുത്രന്‍ അദ്ദേഹത്തോടൊപ്പം പ്രവര്‍ത്തിക്കാന്‍ പ്രായമായപ്പോള്‍ ഇബ്രാഹീം മകനോടു പറഞ്ഞു: `മകനേ നിന്നെ അറുക്കാന്‍ എനിക്കു സ്വപ്നദര്‍ശനമുണ്ടായിരിക്കുന്നു. നിന്റെ അഭിപ്രായമെന്ത്?`
മകന്‍ പരഞ്ഞു.: `പിതാവേ, കല്‍പ്പിക്കപ്പെട്ടതു ചെയ്തുകൊള്ളുക. അല്ലാഹു ഉദ്ദേശിച്ചാല്‍ എന്നെ ക്ഷമാശിലരില്‍പ്പെട്ട ഒരുവനായി അങ്ങേക്കു കാണാം.` അങ്ങനെ ഇരുവരും ദൈവത്തിനു കീഴടങ്ങിക്കൊണ്ട് ,ഇബ്രാഹീം പുത്രനെ കമഴ്ത്തിക്കിടത്തിയപ്പോള്‍ നാം അദ്ദേഹത്തെ വിളിച്ചു.:`ഓ ഇബ്രാഹീം ! താങ്കള്‍ സ്വപ്നം സാക്ഷാത്കരിച്ചിരിക്കുന്നു...ഇതൊരു പരീക്ഷണം തന്നെ. നാം മഹത്തായ ഒരു ബലി മൃഗത്തെ ആ ബാലനു പകരം തെണ്ടം നല്‍കി.”[37:100-107]

ഇസ്ലാമിന്റെ ആവിര്‍ഭാവകാലത്ത് അറേബ്യയില്‍ നരബലി അസാധാരണമല്ലാത്ത ഒരു അനുഷ്ഠാനമായിരുന്നു. ദൈവങ്ങള്‍ക്കായി നേര്‍ച്ചകള്‍ നേരുന്നവര്‍ ഉദ്ദിഷ്ട ഫലം ലഭിച്ചു കഴിഞ്ഞാല്‍ എത്ര കടുത്ത ത്യാഗവും ചെയ്യാന്‍ തയ്യാറായിരുന്നു. പ്രവാചകനായ മുഹമ്മെദിന്റെ പിതാവു തന്നെ ഒരു നേര്‍ച്ചക്കുരുതിയില്‍നിന്ന് തലനാരിഴക്കാണു രക്ഷപ്പെട്ടത് എന്നു ചരിത്രം പറയുന്നു.


നരബലിയില്‍നിന്നു മൃഗബലിയിലേക്കുള്ള ഒരു പരിണാമദശയിലായിരുന്നു സെമിറ്റിക് മതങ്ങളുടെ ആവിര്‍ഭാവം എന്നനുമാനിക്കാവുന്ന ധാരാളം തെളിവുകളുണ്ട്. പ്രകൃതിപ്രതിഭാസങ്ങളെക്കുറിച്ചുള്ള അജ്ഞതയാണ് മൂഡവിശ്വാസികളായ അപരിഷ്കൃതജനതയെക്കൊണ്ട് ഇത്തരം അത്യാചാരങ്ങള്‍ ചെയ്യിച്ചത്. തലമുറകളിലൂടെ പകര്‍ന്നു കിട്ടിയ അന്ധവിശ്വാസങ്ങളും ദുരാചാരങ്ങളും ചിന്താലേശമന്യേ ഇന്നും തുടരുന്ന മനുഷ്യര്‍ ഇന്ന് ഇതിനൊക്കെ മുടന്തന്‍ ന്യായങ്ങള്‍ കണ്ടെത്തി `ശാസ്ത്രീയത` സ്ഥാപിക്കാന്‍ ശ്രമിക്കുന്നു.

അല്ലാഹുവിന് ഏറ്റവും പ്രിയപ്പെട്ട ആചാരം നരബലിയാണെങ്കിലും അതൊരു നിര്‍ബന്ധ അനുഷ്ഠാനമാക്കിയില്ല എന്നത് ആശ്വാസകരം തന്നെ! എങ്കിലും മൃഗബലി ഏറെ പുണ്യമുള്ള ചടങ്ങുകളിലുള്‍പ്പെടുത്തിയിരിക്കുന്നു. ഹജ്ജിനോടനുബന്ധിച്ച് മിണ്ടാപ്രാണികളുടെ കൂട്ടക്കുരുതിയാണു നടത്തപ്പെടുന്നത്. ഒരു തീര്‍ത്ഥാടകന്‍ ഒരു ആടിനെ അല്ലെങ്കില്‍ ഏഴു പേര്‍ ചേര്‍ന്ന് ഒരു ഒട്ടകത്തെ എന്ന കണക്കിനാണു ബലികര്‍മ്മം നടത്തേണ്ടത്. 25 ലക്ഷത്തോളം പേര്‍ ആണ്ടു തോറും ഹജ്ജിനെത്തുന്നു എന്നാണു പറയപ്പെടുന്നത്. ഓരോ തീര്‍ത്ഥാടകനും ഏതാണ്ട് 4000 രൂപക്കു തുല്യമായ സംഖ്യ നല്‍കണം. മൊത്തം 1000കോടിയീളം രൂപ ഈ ഇനത്തില്‍ സൌദി സ്ര്ക്കാരിനു കിട്ടുന്നു. ദശലക്ഷക്കണക്കിനു മൃഗങ്ങളെയാണിപ്രകാരം കൂട്ടക്കശാപ്പിനിരയാക്കുന്നത്. അവയുടെ മൃതശരീരങ്ങള്‍ മരുഭൂമിയില്‍ കൂട്ടിയിട്ട് ഉണക്കി നശിപ്പിക്കുകയാണു ചെയ്തുകൊണ്ടിരുന്നത്. അടുത്ത കാലത്ത് ഫഹദ് രാജാവിന്റെ ഭരണകാലത്താണ് ഈ ബലിമാംസത്തില്‍നിന്നും അല്പഭാഗം സംസ്കരിച്ച് ആഫ്രിക്കയിലേക്കും മറ്റും എത്തിക്കാനുള്ള ഏര്‍പ്പാടുണ്ടായത്. എന്നിട്ടും മാംസത്തിന്റെ പകുതിയിലേറെ നശിപ്പിക്കേണ്ടി വരുന്നുവെന്നാണു പത്രവാര്‍ത്തകളില്‍നിന്നും മനസ്സിലാകുന്നത്.

പരിഷ്കൃതലോകം ഉപേക്ഷിച്ചു കഴിഞ്ഞതും ഇന്ത്യയുള്‍പ്പെടെ മിക്ക രാജ്യങ്ങളിലും നിയമം മൂലം നിരോധിച്ചതുമായ ജന്തുബലി ഇസ്ലാമില്‍ ഇന്നും തുടരുന്നതിനെതിരെ വിമര്‍ശനങ്ങള്‍ ഉയര്‍ന്നപ്പോള്‍ നമ്മുടെ മുസ്ലിം ബുദ്ധിജീവികള്‍ അതിനും ഒരു ഞൊണ്ടിന്യായം കണ്ടെത്തി.! ബലി നടത്തുന്നത് പോഷകാഹാരവിതരണം ലക്ഷ്യമാക്കിയാണ് എന്നതാണു ന്യായം. ബലിമാംസം ഭക്ഷിക്കാമെന്നതു ശരിതന്നെ. പ്രാകൃത ജനവിഭാഗങ്ങളും തങ്ങളുടെ ദൈവങ്ങള്‍ക്കായി കുരുതി ചെയ്ത ജീവികളെ ഭക്ഷിച്ചിരുന്നു. എന്നാല്‍ ബലി നടത്തുന്നത് ഭക്ഷണത്തിനല്ല. ദൈവങ്ങളെ പ്രീതിപ്പെടുത്താനുള്ള ഒരനുഷ്ഠാനം എന്ന നിലക്കാണ്.
ഖുര്‍ ആന്‍ പ്രസ്താവിക്കുന്നു:

“എല്ലാ സമുദായങ്ങള്‍ക്കും അവര്‍ക്ക് അവന്‍ നല്‍കിയതില്‍നിന്ന് കന്നുകാലികളുടെ മേല്‍ അവര്‍ അല്ലാഹുവിന്റെ നാമം കീര്‍ത്തനം ചെയ്യാന്‍ വേണ്ടി നാം ഓരോ കര്‍മ്മാനുഷ്ഠാനങ്ങല്‍ ഏര്‍പ്പെടുത്തിയിരിക്കുന്നു.”[22:34]

“ബലിയൊട്ടകങ്ങളെയാകട്ടെ, നാം അവയെ നിങ്ങള്‍ക്ക് അല്ലാഹുവിന്റെ അടയാളങ്ങളില്‍ പെട്ടതാക്കിയിരിക്കുന്നു. നിങ്ങള്‍ക്കവയില്‍ ഗുണമുണ്ട്. അതിനാല്‍ വരിവരിയായി നിര്‍ത്തി അവയുടെ മേല്‍ നിങ്ങള്‍ അല്ലാഹുവിന്റെ നാമം കീര്‍ത്തനം ചെയ്യുവീന്‍ . അങ്ങനെ അവയുടെ ഉദരപാര്‍ശ്വങ്ങള്‍ നിലം പതിച്ചാല്‍ അവയില്‍നിന്നു തിന്നുകയും തിന്നാന്‍ കൊതിച്ചു വരുന്നവര്‍ക്കു കൊടുക്കുകയും ചെയ്യുവിന്‍ ”[22:36]

പാഗന്‍ അറബികള്‍ അവരുടെ ഗോത്രദൈവങ്ങള്‍ക്കായി അനുഷ്ഠിച്ചിരുന്ന കിരാതമായ ആചാരങ്ങള്‍ എപ്രകാരമാണ് ഇസ്ലാം സ്വന്തമാക്കിയത് എന്ന്, ഈ ഖുര്‍ ആന്‍ സൂക്തത്തിനു വ്യാഖ്യാനക്കുറിപ്പെഴുതവെ മൌദൂദി തന്നെ തുറന്നു പറയുന്നതു കാണുക:
“ഈ സൂക്തത്തില്‍നിന്നു രണ്ടു കാര്യങ്ങള്‍ ഗ്രഹിക്കാം. ഒന്ന് മൃഗബലി എല്ലാ ദൈവീക ശരീഅത്തുകളിലും ആരാധനാ സമ്പ്രദായത്തിന്റെ ഒരനിവാര്യഘടകമായിരുന്നു. മനുഷ്യന്‍ ഏതെല്ലാം രൂപങ്ങളില്‍ അല്ലാഹുവേതരന്മാര്‍ക്ക് അടിമപ്പെടുന്നുവോ ആ രൂപങ്ങളെല്ലാം അല്ലാഹുവേതരര്‍ക്കു വിലക്കുകയും അല്ലാഹുവിനു മാത്രമായി അനുഷ്ഠിക്കുകയും ചെയ്യേണ്ടത് ഇബാദത്തുകളിലെ തവ്ഹീദിന്റെ അടിസ്ഥാന താല്‍പ്പര്യങ്ങളില്‍പ്പെട്ടതത്രേ. ഉദാഹരണമായി മനുഷ്യന്‍ അല്ലാഹുവേതരന്മാര്‍ക്കു തല കുനിക്കുകയും സാഷ്ടാംഗം പ്രണമിക്കുകയും ചെയ്തിരുന്നു. ദൈവീക ശരീഅത്തുകള്‍ അവ അല്ലാഹുവിനു മാത്രം ചെയ്യുന്ന കര്‍മ്മങ്ങളായി നിശ്ചയിച്ചു. മനുഷ്യന്‍ അല്ലാഹുവേതര ശക്തികളുടെ മുന്മ്പില്‍ സാമ്പത്തിക നേര്‍ച്ചകള്‍ സമര്‍പ്പിച്ചിരുന്നു.ദൈവീക ശരീഅത്തുകള്‍ അതെല്ലാം വിലക്കുകയും സകാത്തും സദഖയും അല്ലാഹുവിനു മാത്രമായിരിക്കേണ്ടത് നിര്‍ബ്ബന്ധമാണെന്നു വിധിക്കുകയും ചെയ്തു. മനുഷ്യന്‍ നിരവധി മിഥ്യാദൈവങ്ങളുടെ ആസ്ഥാനങ്ങളെ വിശുദ്ധമന്ദിരങ്ങളും പുണ്യഗേഹങ്ങളുമായി ഗണിച്ചിരുന്നു. ദൈവീക ശരീഅത്തുകള്‍ ചില പ്രത്യേക സ്ഥാനങ്ങളെ പുണ്യസ്ഥലങ്ങളും ദൈവിക മന്ദിരങ്ങളുമായി നിശ്ചയിക്കുകയും അവിടെ തീര്‍ഥാടനം നടത്താനും പ്രദക്ഷിണം ചെയ്യാനും കല്‍പ്പിക്കുകയും ചെയ്തു. മനുഷ്യന്‍ അല്ലാഹുവല്ലാത്തവരുടെ പേരില്‍ വ്രതമനുഷ്ഠിച്ചിരുന്നു. ദൈവിക ശരീഅത്തുകള്‍ വ്രതാനുഷ്ടാനവും അല്ലാഹുവിനു വേണ്ടി മാത്രമാക്കി. ഇപ്രകാരം മനുഷ്യര്‍ തങ്ങളുടെ സ്വയം നിര്‍മ്മിത ദൈവങ്ങള്‍ക്കു വേണ്ടി മൃഗബലിയും നടത്തിയിരുന്നു. ദൈവീക ശരീഅത്തുകള്‍ അതും അല്ലാഹുവല്ലാത്തവര്‍ക്കു വിലക്കുകയും അല്ലാഹുവിനു വേണ്ടി നിര്‍ബ്ബന്ധമാക്കുകയും ചെയ്തു.”(തഫ്ഹീമുല്‍ ഖുര്‍ ആന്‍ )

മുഹമ്മദ് ജനിക്കുന്നതിനും 1200 വര്‍ഷങ്ങള്‍ക്കു മുമ്പ് ഈ ഹിംസാത്മകമായ ദുരാചാരത്തിനെതിരെ അഹിംസയുടെ മതവും കൊണ്ടു വന്ന ശ്രീബുദ്ധനെക്കുറിച്ചോ ബുദ്ധമതതത്വങ്ങളെക്കുറിച്ചോ ഒന്നും ഈ അല്ലാഹു കേട്ടിട്ടേ ഇല്ല!! എല്ലാ മതങ്ങളിലും ബലിയുണ്ടെന്നാണ് അറേബ്യയുടെ ഠ വട്ടം മാത്രം കണ്ടിട്ടുള്ള ഈ സര്‍വ്വജ്ഞാനി പറയുന്നത്!!

ജാഹിലിയ്യാ മുശ്രിക്കുകളുടെ ഗോത്ര മര്യാദകളെയും പെരുമാറ്റച്ചട്ടങ്ങളെയും പവിത്രവല്‍ക്കരിച്ചുകൊണ്ടുള്ള മറ്റൊരു വെളിപാടു നോക്കുക;
“സത്യവിശ്വാസികളേ, അല്ലാഹുവിന്റെ ചിഹ്ന്നങ്ങളേയും ആദരണീയ മാസങ്ങളേയും , ബലിക്കായി കൊണ്ടുപോകുന്ന മൃഗത്തെയും അതിന്റെ കഴുത്തില്‍ കെട്ടിയ അടയാളങ്ങളേയും അല്ലാഹുവിന്റെ അനുഗ്രഹം തേടി പുണ്യഭവനത്തിലേക്കു പോകുന്നവരേയും നിങ്ങള്‍ അനാദരിക്കരുത്.”[5:3]

ഇതിന്റെ വ്യാഖ്യാനം കൂടി കാണുക;
“സത്യവിശ്വാസികള്‍ അനാദരിക്കുവാന്‍ പാടില്ലാത്ത അഥവാ അവര്‍ പവിത്രമായി കരുതി ആദരിച്ചു പോരേണ്ടുന്ന-അഞ്ചു കാര്യങ്ങളെയാണ് അല്ലാഹു ഈ വചനത്തില്‍ എടുത്തു കാട്ടിയിരിക്കുന്നത്. ...ഹജ്ജ് ഉമ്ര കര്‍മ്മങ്ങളോടും ,മക്കാ ഹറമിനോടും ബന്ധപ്പെട്ട ചിഹ്നങ്ങളാണ് ഇവിടെ പ്രധാനമായും ഉദ്ദേശ്യമെന്നു സന്ദര്‍ഭം കൊണ്ടു മനസ്സിലാക്കാം. അതാതില്‍ പാലിക്കപ്പെടേണ്ടുന്ന മര്യാദകളും ആദരവുകളും ലംഘിക്കാതെ അതിന്റെ പവിത്രത സൂക്ഷിക്കല്‍ നിര്‍ബ്ബന്ധമാണ്....ഹറാമായ മാസം ദുല്‍ഖാ്ദ, ദുല്‍ഹിജ്ജ,മുഹറം,റജബ് എന്നിവയാണ്. ...ഈ മാസങ്ങളില്‍ യുദ്ധം നിരോധിക്കപ്പെട്ടിരിക്കുന്നു. അതുകൊണ്ട് അക്കാലത്തു യുദ്ധം നടത്തുന്നത് അതിനെ അനാദരിക്കലായിരിക്കും....ബലി കര്‍മ്മത്തിനായി കാ്ബയുടെ അടുത്തേക്കു കൊണ്ടുപോകുന്ന മൃഗങ്ങളും അവയുടെ പ്രത്യേക അടയാളങ്ങളായിക്കൊണ്ട് അവയുടെ കഴുത്തില്‍ കെട്ടിത്തൂക്കിയ വസ്തുക്കളും -കാ്ബയുടെ അടുക്കലേക്കു ബലിമൃഗങ്ങളെ കൊണ്ടുപോകുമ്പോള്‍ അവയുടെ കഴുത്തില്‍ ചെരിപ്പോ മരത്തൊലിയോ ഒരടയാളമായി കെട്ടിത്തൂക്കുന്ന പതിവ് മുന്‍ കാലത്തുണ്ടായിരുന്നു. ഹജ്ജിനും ഉമ്രക്കും പോകുന്ന ആളുകളും അതുപോലെ ചില അടയാളങ്ങള്‍ സ്വീകരിക്കലും പതിവുണ്ടായിരുന്നു..-അന്യരുടെ കയ്യേറ്റത്തില്‍നിന്നും അനാദരവില്‍നിന്നും സുരക്ഷിതത്വം ലഭിക്കുകയായിരിക്കും ഇതിന്റെ ഉദ്ദേശ്യം....മേല്പറഞ്ഞ അഞ്ചു കാര്യങ്ങളും ഏറെക്കുറെ മുശ്രിക്കുകളും അംഗീകരിച്ചു വന്നിരുന്നു. ആ നല്ല കാര്യങ്ങള്‍ മുസ്ലിംങ്ങളും കര്‍ശനമായി പാലിക്കേണ്ടതുണ്ട്. ജാഹിലിയ്യാ സമ്പ്രദായങ്ങളെന്നു വെച്ച് അവയെ അവഗണിച്ചുകൂടാ....”(ഖുര്‍ ആന്‍ വിവരണം, അമാനിമൌലവി)

കൊല്ലത്തില്‍ നാലു മാസം കൊള്ള ചെയ്യരുത് എന്നത് അക്കാലത്തെ അറബികളുടെ ഒരു ഗോത്ര മര്യാദയായിരുന്നു. കൊള്ളയും പിടിച്ചുപറിയും കുലത്തൊഴിലാക്കിയിരുന്ന ഗോത്രക്കാര്‍ പോലും ഈ മര്യാദകള്‍ കൃത്യമായി പാലിച്ചിരുന്നു. തീര്‍ഥാടനകാലം സമാധാനകാലവും മറ്റു മാസങ്ങള്‍ യുദ്ധകാലവുമായി കണക്കാക്കിയിരുന്ന ആ പ്രാകൃത സമൂഹത്തിന്റെ നിയമങ്ങല്‍ ഒരു ദൈവം ഏറ്റു പിടിക്കാന്‍ പോയതെന്തിനാണെന്നു മനസ്സിലാകുന്നില്ല.? ഇക്കാലത്ത് കൊള്ളയും യുദ്ധവും നാലുമാസം നിഷിദ്ധവും എട്ടു മാസം അനുവദനീയവും എന്നാരും പറയുകയില്ലല്ലോ!!

ആദ്യം പിറക്കുന്ന കുഞ്ഞിനെ ബലിയറുക്കുന്ന പതിവും അറബികള്‍ക്കുണ്ടായിരുന്നു. പിന്നീടതിനു പകരം മൃഗബലിയും `മുടി കളയലും` നടത്തുന്ന ആചാരം വന്നു. നരബലിയുടെ തുടര്‍ ശേഷിപ്പായ ഈ ആചാരം ഇന്നും മുസ്ലിങ്ങള്‍ അനുഷ്ഠിച്ചു വരുന്നുണ്ട്.

ഒട്ടകത്തെ ബലിയറുക്കേണ്ടതെങ്ങനെയെന്ന് മൌദൂദി തന്റെ തഫ്ഹീമില്‍ വിവരിക്കുന്നുണ്ട്:
“ഒട്ടകങ്ങളെ നിറുത്തിയാണ് ബലി നടത്തുക എന്നതു പ്രസിദ്ധമാണല്ലോ. അതിന്റെ ഒരു കാല്‍ ബന്ധിച്ച ശേഷം തൊണ്ടയില്‍ മൂര്‍ച്ചയേറിയ കുന്തം കൊണ്ട് അതിശക്തിയായി കുത്തുന്നു. ആ മുറിവിലൂടെ രക്തം ചീറ്റി ഒഴുകുന്നു. രക്തം ഒഴുകിക്കഴിയുന്നതോടെ അതു നിലത്തു വീഴുന്നു.”

ഹജ്ജില്‍ പങ്കു കൊള്ളുന്നവര്‍ മാത്രമല്ല മൃഗക്കുരുതി ചെയ്യേണ്ടത്.
“കഴിവുള്ള എല്ലാ മുസ്ലിങ്ങള്‍ക്കും അവര്‍ എവിടെയായിരുന്നലും ബാധകമായ ഒരു വിധിയാണിത്. ജന്തുക്കളെ അധീനപ്പെടുത്തിത്തന്നതിന് അല്ലാഹുവിന് ശുക്ര് ചെയ്യുക്യും വന്ദിക്കുകയും താന്താങ്ങളുടെ പ്രദേശങ്ങളില്‍ വെച്ച് ഹാജിമാരോട് പങ്കു ചേരുന്ന ഒരവസ്ഥ സൃഷ്ടിക്കുകയും ചെയ്യേണ്ടതുണ്ട്. ഹജ്ജ് ചെയ്യുക എന്ന മഹാഭാഗ്യത്തിന് അവസരം ലഭിക്കാത്ത മുസ്ലിങ്ങള്‍ ഹാജിമാര്‍ അനുഷ്ഠിച്ചുകൊണ്ടിരിക്കുന്ന കര്‍മ്മങ്ങള്‍ അനുഷ്ഠിക്കുകയെങ്കിലും വേണം. തിരുമേനി അരുളിയിട്ടുണ്ട്:“കഴിവുണ്ടായിട്ടും ബലികര്‍മ്മം നടത്താത്തവന്‍ നമ്മുടെ ഈദ് ഗാഹിലേക്ക് അടുക്കരുത്.”(തഫ്ഹീമുല്‍ ഖുര്‍ ആന്‍ )

സ്വന്തം സൃഷ്ടികളായ മിണ്ടാപ്രാണികളുടെ കഴുത്ത് കുത്തിക്കീറുന്നതും ചോര തെറിച്ചവ പിടഞ്ഞു വീഴുമ്പോള്‍ തന്റെ നാമം പ്രകീര്‍ത്തിക്കുന്നതും കണ്ട് പുളകം കൊള്ളുന്ന ഈ `ദൈവം ` കിരാതമനുഷ്യരുടെ ഭാവനയില്‍ ജന്മം കൊണ്ട ഒരു പ്രാകൃതസങ്കല്‍പ്പമല്ലാതെ മറ്റെന്താണ്?ഹജ്ജിന്റെ പേരില്‍ നടക്കുന്ന ക്രൂരവും മനുഷ്യസംസ്കാരത്തിനു യോജിക്കാത്തതുമായ ഈ അത്യാചാരം നിര്‍ത്തുന്നതിനെക്കുറിച്ചും പകരം ആ പണം കൊണ്ട് വല്ല ഭക്ഷ്യധാന്യങ്ങളും വാങ്ങി ആഫ്രിക്കയിലെയും മറ്റും പട്ടിണിപ്പാവങ്ങള്‍ക്കു നല്‍കുന്നതിനെക്കുറിച്ചും മുസ്ലിം സമൂഹത്തിലെ ചിന്താശീലരായ നല്ല മനുഷ്യര്‍ പോലും ആലോചിക്കാത്തത് അതിശയകരം തന്നെ.!!!! ആറാം നൂറ്റാണ്ടിലെ ഒരപരിഷ്കൃത ഗോത്രജനതയുടെ വിശ്വാസങ്ങളും ഹീനാചാരങ്ങളുമായി എത്ര കാലം ഈ സമൂഹത്തിന് ഇനിയും മുന്നോട്ടു പോകാനാവും??? ആരാധനയ്ക്ക് അല്‍പ്പം കൂടി നെറിയും നന്മയുമുള്ള മാര്‍ഗ്ഗങ്ങള്‍ ഒന്നുമില്ലേ?
ചിന്താശേഷി പൂര്‍ണ്ണമായും മരവിച്ചിട്ടില്ലാത്ത വല്ലവരും ഉണ്ടെങ്കില്‍ ചിന്തിക്കുക!!!

Saturday, November 7, 2009

ജമാ അത്തെ ഇസ്ലാമി വോട്ടു ചെയ്തില്ല.! പോളിങ് വര്‍ദ്ധിച്ചു !!

മൂന്നു മണ്ഡലങ്ങളില്‍ നടന്ന ഉപതിരഞ്ഞെടുപ്പ് സമാധാനപരമായി പൂര്‍ത്തിയായതില്‍ ജനാധിപത്യവിശ്വാസികള്‍ക്ക് ആശ്വസിക്കാം. വോട്ടെണ്ണുന്നതിനു മുമ്പു തന്നെ ചില ഫലങ്ങള്‍ പുറത്തു വന്നിരിക്കുന്നു! ഈ തെരഞ്ഞെടുപ്പില്‍ തങ്ങള്‍ വോട്ടു ചെയ്യുന്നതല്ല എന്നു പത്രക്കാരെ വിളിച്ച് പ്രഖ്യാപിച്ച ഒരു മഹാപ്രസ്ഥാനമുണ്ടിവിടെ. സാക്ഷാല്‍ ജമാ അത്തെ ഇസ്ലാമി. ആ കൂട്ടര്‍ക്ക് നമ്മുടെ നാട്ടില്‍ എന്തു മാത്രം ജനസ്വാധീനം ഉണ്ടെന്ന് പോളിങ് ശതമാനം പുറത്തു വന്നതോടെ വ്യക്തമായി ! മൂന്നു മണ്ഡലങ്ങളിലും കഴിഞ്ഞ തെരഞ്ഞെടുപ്പിനെക്കാള്‍ പോളിങ് വര്‍ദ്ധിച്ചു !! മറ്റൊരു കാര്യം കൂടി മാലോകര്‍ക്കു മനസ്സിലായി. ഈ മഹാപ്രസ്ഥാനത്തിന്റെ തലപ്പത്തിരിക്കുന്നവരുടെ ബുദ്ധിനിലവാരമാണത്. തലക്കുള്ളില്‍ അല്‍പ്പമെങ്കിലും വെളിവുണ്ടായിരുന്നെങ്കില്‍ ഈ ബുദ്ദുജീവികള്‍ ഇങ്ങനെയൊരു മണ്ടത്തരത്തിനു മുതിരുമായിരുന്നോ? മൂലേ കിടക്കുന്ന മഴുവെടുത്ത് കാലേ ഇടുക എന്നു കേട്ടിട്ടുണ്ട്. ഇത് ആലേ കിടന്ന മഴുവെടുത്ത് കഴുത്തു വെട്ടിയ പോലായി !!!

Friday, October 16, 2009

കരടി വളർത്തിയ മനുഷ്യക്കുഞ്ഞ് !

….മദർ തെരേസ നടത്തുന്ന ഭൂതദയാ മന്ദിരത്തിൽ പാർക്കുന്ന ‘കരടി വളർത്തിയ ആൺ കുട്ടി’ പത്ര ലേഖകനെ കണ്ടപ്പോൾ തൊഴു കയ്യോടെ അഭിവാദ്യം ചെയ്തു.
ഒമ്പതുകാരനയ ബാലു പിന്നീട് മിഴികൾ അങ്ങോട്ടുമിങ്ങോട്ടും ചലിപ്പിച്ച് എന്തോ മുരണ്ടതേയുള്ളു. അവൻ സംസാരിച്ചില്ല. ചില ശബ്ദങ്ങൾ പുറപ്പെടുവിക്കുക മാത്രം ചെയ്തു. പത്ര ലേഖകൻ പേനയും കടലാസും കയ്യിലെടുത്തപ്പോൾ അവനൊരു കരടിയെപ്പോലെ ചാടി വീഴാൻ തയ്യാറെടുത്തു. അവനെ മെരുക്കിക്കൊണ്ടിരിക്കുന്ന ആൾ തടുത്തപ്പോൾ വൈമനസ്യത്തോടെയെങ്കിലും അവൻ അനുസരിച്ചു.
ശൈശവത്തിൽ ഒരു വന്യമൃഗത്തിന്റെ കയ്യിൽ അകപ്പെട്ട ബാലുവിനെ സുൽത്താൻപൂർ ജില്ലയിലുള്ള ഒരു കരടിക്കൂട്ടിൽ നിന്ന് ഒരു കൊല്ലം മുമ്പാണു ചില ഗ്രാമീണർ കണ്ടു പിടിച്ചത്. അവർ അവനെ നേരെ കൊണ്ടു വന്ന് മദർ തെരേസ നടത്തുന്ന മന്ദിരത്തിലാക്കി. അവിടെ അവൻ ഇപ്പോൾ സിസ്റ്റെർ അന്റോണിയുടെ പരിലാളനത്തിൽ വളരുകയാണ്.
ഇവിടെ എത്തിയതിനു ശേഷം ബാലുവിന്റെ ആരോഗ്യം മെച്ചപ്പെട്ടിട്ടുണ്ട്. മനുഷ്യരെപ്പോലെ ഭക്ഷണം കഴിക്കാൻ അവൻ പഠിച്ചു. ആവശ്യങ്ങൾ അറിയിക്കാൻ ചില കൈ മുദ്രകളും അവൻ വശമാക്കി. പക്ഷെ തികച്ചും ഒരു സാധാരണ മനുഷ്യനെപ്പോലെ ആയിത്തീരുന്നതിന് സാധ്യത കുറവാണെന്നാണു അവനെ മെരുക്കുന്നവർ പറയുന്നത്. വന്യ സ്വഭാവങ്ങൾ മുഴുവനും കൈവെടിയാൻ അവനു ഒരിക്കലും കഴിയില്ലത്രേ. പച്ച ഇറച്ചിയാണ് അവനു പ്രിയം. അപരിചിതരെ കണ്ടാൽ ആക്രമിക്കാൻ അവൻ വാസന കാട്ടുന്നു. കോഴിക്കൂട്ടിൽ അവൻ അത്യാർത്തിയോടെ നോക്കി നിൽക്കും. ചിലപ്പോൾ കോഴികളെ പിടിക്കാനും ശ്രമിക്കാറുണ്ട്. ഒരിക്കൽ ഒരു മീൻപിടുത്തക്കാരന്റെ കയ്യിൽ നിന്ന് ഒരു പച്ച മീൻ തട്ടിയെടുത്ത് അവൻ അപ്പാടെ വിഴുങ്ങിക്കളഞ്ഞു. ബാലുവിന് നല്ല ഉറക്കം കിട്ടാറുണ്ട്. ഉറക്കത്തിനു മുമ്പ് അവൻ വന്യമൃഗങ്ങളെപ്പോലെ ശബ്ദങ്ങൾ പുറപ്പെടുവിക്കും. എത്ര കാലം പരിശീലനം കൊടുത്താലും അവനു സംസാരിക്കാൻ കഴിയില്ലെന്നാണു ഡോക്ടർമാർ പറയുന്നത്. എപ്പോഴും അവനെ ശ്രദ്ധിച്ചുകൊണ്ടിരിക്കണം. അവനിലെ വന്യമൃഗം എപ്പോഴാണു സടകുടഞ്ഞെഴുന്നേൽക്കുന്നതെന്നു പറയാൻ പറ്റില്ലല്ലോ.
ഏഴോ എട്ടോ കൊല്ലം ബാലു കരടികളോടൊപ്പമാണു വളർന്നത്. അവനെ കണ്ടു കിട്ടുമ്പോൾ മനുഷ്യരൂപമുണ്ടെന്നല്ലാതെ മനുഷ്യ സഹജമായ യാതൊന്നും അവനിൽ ഇല്ലായിരുന്നു.”
27-9-1978 ന്റെ മാതൃഭൂമി പത്രത്തിൽ ലക്നോയിൽനിന്നും വന്ന ഒരു വാർത്തയാണിത്. എന്റെ പത്രക്കട്ടിങ് ശേഖരത്തിലെ പഴക്കമുള്ള ഒരു വാർത്താ കട്ടിങ് . ഈ കുട്ടി പിന്നീട് അധികം താമസിയാതെ മരിച്ചു പോയി.
പരിഷ്കൃത മനുഷ്യർ വളർത്തുന്ന കുട്ടികൾ പരിഷ്കൃതമനുഷ്യരായി വളരുമെങ്കിലും ഒരു മൃഗീയ സാഹചര്യത്തിൽ ഒരു മനുഷ്യക്കുഞ്ഞു വളർന്നാൽ ആ കുട്ടി വെറും ഒരു മൃഗമനുഷ്യനായി മാത്രമേ മാറുകയുള്ളു എന്നത് തെളിയിക്കപ്പെട്ട സത്യമാണ്. സാഹചര്യങ്ങളും ചുറ്റുപാടുകളുമാണു നമ്മുടെ സംസ്കാരത്തെ നിർണയിക്കുന്നതെന്നു ചുരുക്കം.
മുസ്ലിം ചുറ്റുപാടിൽ വളരുന്ന ഒരു കുട്ടി –അവൻ ജനിച്ചത് എവിടെയായാലും ശരി- മുസ്ലിം കൾച്ചറ് സ്വായത്തമാക്കുന്നതും ക്രിസ്ത്യൻ കുടുംബത്തിൽ വളരുന്ന കുഞ്ഞിനു ക്രിസ്തീയ വിശ്വാസം പ്രിയപ്പെട്ടതാകുന്നതും ഹിന്ദു കുട്ടി ഹിന്ദുവായി വളരുന്നതുമൊക്കെ തികച്ചും സാഹചര്യങ്ങളുടെ സ്വാധീനത്താൽ മാത്രമാണ്. പോക്കറ്റടി കുലത്തൊഴിലക്കിയ ഒരു നാടോടി കുടുംബത്തിലെ കുട്ടിക്ക് അത് ഒരു സാധാരണ ഉപജീവനമാർഗ്ഗമാണെന്നു മാത്രമേ തോന്നുകയുള്ളു. വേശ്യാലയത്തിൽ ജനിച്ചു വളരുന്ന പെൺ കുട്ടി വേശ്യയകുന്നതിൽ എന്തെങ്കിലും അധാർമ്മികതയുഇള്ളതായി മനസ്സിലാക്കാൻ സാധ്യത കുറവാണ്.
വിശ്വാസങ്ങളും ആചാരങ്ങളുമൊക്കെ തങ്ങൾ വളരെയേറെ ആലോചിച്ച ശേഷം യുക്തിക്കു നിരക്കുന്നതാണെന്നു ബോധ്യപ്പെട്ടാണു വിശ്വസിക്കുന്നതെന്നൊക്കെ വിശ്വാസികൾ അവകാശപ്പെടാറുണ്ടെങ്കിലും അതു സത്യസന്ധമായ അവകാശവാദമല്ലെന്ന് ആർക്കും ബോധ്യപ്പെടും.
സദാചാര ബോധത്തിന്റെ സ്ഥിതിയും ഇതേ പോലെത്തന്നെയാണ്. നാം കണ്ടും കേട്ടും അനുഭവിച്ചും ശീലിച്ച കാര്യങ്ങളാണു നമുക്കു പ്രിയപ്പെട്ടതായി തോന്നുക. നമ്മുടെ ലോകത്തുനിന്നു പുറത്തു കടന്ന് സ്വതന്ത്രമായി ചിന്തിക്കാൻ നമ്മൾ ശ്രമിച്ചാൽ മാത്രമേ മറ്റൊരു സാഹചര്യത്തിൽ ജീവിക്കുന്നവരുടെ ചിന്തകളെയും സംസ്കാരത്തെയും നമുക്കു മനസ്സിലാക്കാൻ പോലും കഴിയൂ. അതാകട്ടെ വളരെ അസ്വാഭാവികവുമാണ്.
മനുഷ്യനു സവിശേഷമായ ഒരു ആത്മാവ് ഉണ്ടെന്ന വിശ്വാസവും അടിസ്ഥാനരഹിതമാണെന്ന് ഇത്തരം ദൃഷ്ടാന്തങ്ങൾ തെളിയിക്കുന്നു. ആത്മാവുണ്ടെങ്കിൽ ബാലു എന്ന കുട്ടിയുടെ ആത്മാവ് എന്തുകൊണ്ട് മനുഷ്യ സ്വഭാവം വീണ്ടെടുത്തില്ല?

Tuesday, October 13, 2009

മുഹമ്മദിന്റെ മറുപടി

മുഹമ്മദ് വേളം എന്റെ വിഷയാവതരണത്തിനു ശേഷം നടത്തിയ പ്രസംഗത്തിൽ പറഞ്ഞ ചില കാര്യങ്ങൾ കൂടി ചർച്ച ചെയ്യാം.

അദ്ദേഹം പ്രധാനമായും ആവർത്തിച്ചു പറഞ്ഞത് യുക്തിവാദികൾ , മതത്തിന്റെ സദാചാരത്തിൽ കുഴപ്പങ്ങളുണ്ട് എന്നു പറയുകയല്ലാതെ പകരം ഒരു സദാചാര മാതൃക മുന്നോട്ടു വെക്കുന്നില്ല എന്നായിരുന്നു. മലപ്പുറത്തെ സദാചാരത്തകർച്ചയും പാശ്ചാത്യ നാടുകളിലെ സദാചാരക്കുറവും രണ്ടു കാരണങ്ങളാലാണെന്നും അദ്ദേഹം വിശദീകരിച്ചു. ഇവിടെ മൂല്യച്യുതിയാണുള്ളത്. അവിടെ മൂല്യം തന്നെ മാറുകയാണ് എന്നായിരുന്നു വാദം.
യുക്തിവാദികളുടെ സദാചാര കാഴ്ചപ്പാടിനുള്ള ഉദാഹരണമായി ശ്രീ കെ വേണു അദ്ദേഹത്തിന്റെ ഭാര്യയോട് വേണമെങ്കിൽ മറ്റുള്ളവരുമായി ബന്ധപ്പെടാവുന്നതാണെന്നു പറഞ്ഞതായും എം പി പരമേശ്വരൻ അദ്ദേഹത്തിന്റെ നാലാം ലോകവാദത്തിൽ അങ്ങനെയൊക്കെയാവാം എന്നു സൂചിപ്പിച്ചതായും അദ്ദേഹം വിശദീകരിച്ചു.
വേശ്യാവൃത്തിയെക്കുറിച്ച് എന്താണു യുക്തിവദികളുടെ നിലപാടെന്നും ചോദിക്കുകയുണ്ടായി.
ഈ വക ചോദ്യങ്ങൾ പ്രതീക്ഷിക്കുന്നതുകൊണ്ടു തന്നെ ഇതിനെല്ലം മുൻ കൂറായി ഞാൻ മറുപടി പറഞ്ഞിരുന്നു. മറ്റൊന്നും പറയാൻ തയ്യാറെടുപ്പില്ലാത്തതുകൊണ്ടാണോ എന്നറിയില്ല, മറുപടി പറഞ്ഞ കാര്യങ്ങൾ തന്നെ വീണ്ടും ചോദിച്ചത്.

മറുപടി
സദാചാരത്തിന് ഒരു മാതൃകാ പട്ടിക തയ്യാറാക്കി വെക്കുക എന്ന രീതിക്കു തന്നെ എതിരാണു യുക്തിവാദം. കാരണം മനുഷ്യജീവിതം സദാ വികസിച്ചുകൊണ്ടും മാറിക്കൊണ്ടും ഇരിക്കുന്ന ഒന്നാണ്. അതിനാൽ തന്നെ സദാചാര സങ്കൽപ്പങ്ങളിലും കാലോചിതമായ പരിവർത്തനങ്ങൾ ഉണ്ടാകും. സദാചാരത്തിന് ഒരു മാനദണ്ഡം അവതരിപ്പിക്കാനല്ലാതെ ഇന്ന ഇന്ന കാര്യങ്ങളാണു സദാചാരം, എന്നും ഇന്ന ഇന്ന കാര്യങ്ങളാണു തിന്മകൾ എന്നും പട്ടികയുണ്ടാക്കുക സാധ്യമല്ല.

ഓരോ പ്രശ്നത്തെയും അതിന്റെ സാഹചര്യങ്ങളും പ്രത്യാഘാതങ്ങളുമെല്ലാം പരിഗണിച്ച് യുക്തിപൂർവ്വം ഒരു തീരുമാനം അതാതു സന്ദർഭങ്ങളിൽ സ്വീകരിക്കുക, അതിനൊരു പൊതു മാനദണ്ഡം അവലംബിക്കുക എന്നതാണു യുക്തിവാദത്തിന്റെ രീതി. ഒരേ പ്രവൃത്തി തന്നെ വിവിധ സാഹചര്യങ്ങളിൽ ശരിയും തെറ്റും ഗുരുതരമായ തെറ്റും ഒക്കെയായി മാറാം. ഉദാഹരണത്തിന് കൊലക്കു പകരം കൊല എന്നൊരു സദാചാരനിയമം പണ്ട് ഗോത്ര കാലങ്ങളിൽ ഉണ്ടായിരുന്നു. പ്രതിക്കൊല എന്ന രീതിയും ഉണ്ടായിരുന്നു. എന്നാൽ ആധുനിക നീതിശാസ്ത്രം ഒരു കൊലക്കുറ്റത്തിന്റെ സന്ദർഭവും സാഹചര്യവും മറ്റും സമഗ്രമായി വിലയിരുത്തിയ ശേഷം കുറ്റകൃത്യത്തിന്റെ ഗൌരവമനുസരിച്ചാണു ശിക്ഷ നിശ്ചയിക്കുന്നത്. കുറ്റം ചെയ്യാത്തവരെ പ്രതികാരത്തിന്റെ പേരിൽ ശിക്ഷിക്കണമെന്ന കുർ ആൻ വാക്യത്തിനു പോലും ഇന്ന് അർത്ഥവും വ്യാഖ്യാനവും മാറുന്നത് നമ്മുടെ നീതിബോധം മാറുന്നതിന്റെ ഫലമാണ്.

കൊലപാതകം പോലും ശരിയും തെറ്റും കൊടും പാതകവുമൊക്കെയാകുന്ന സന്ദർഭങ്ങളുണ്ട്. റുക്സാന എന്ന കാശ്മീരി പെൺ കുട്ടി നടത്തിയ കൊലപാതകം അവൾക്ക് ധീരതയ്ക്കുള്ള അവാർഡാണു സമ്മാനിച്ചത്.
മഞ്ചേരിയിൽ ഏതാനും വർഷങ്ങൾക്കുമുമ്പ് ക്രിഷ്ണപ്രിയ എന്ന ഒരു ഏഴാംക്ലാസുകാരി പെൺകുട്ടിയെ അയൽ വാസിയായ മുഹമ്മദ് കുറ്റിക്കാട്ടിൽ വെച്ച് ബലാത്സംഗം ചെയ്തു കൊന്നു. കേസിൽ ജാമ്യത്തിലിറങ്ങിയ കൊലയാളി ആ വീട്ടുകാരെ ശവത്തിൽ കുത്തുമ്പോലെ വീണ്ടും വെല്ലുവിളിക്കുകയും മറ്റും ചെയ്തു. സഹികെട്ട ആ അഛൻ തന്റെ പിഞ്ചു മകളുടെ കൊലയാളിയായ ആ ദുഷ്ടനെ നാടൻ തോക്കുകൊണ്ട് വെടിവെച്ചു കൊന്നു.
ഈ രണ്ടു കൊലപാതകവും ഒരേ ശിക്ഷയാണോ അർഹിക്കുന്നത്? അല്ല; കോടതി പോലും ആ പിതാവിന്റെ വികാരം മാനിച്ചുകൊണ്ടുള്ള ലഘു ശിക്ഷ മാത്രമേ അദ്ദേഹത്തിനു വിധിച്ചുള്ളു. അപ്പോൾ കൊലയ്ക്കു കൊല എന്ന മട്ടിൽ ഒരു സദാചാരനിയമം എഴുതിവെക്കുന്നതു ശരിയല്ല.
ആത്മരക്ഷാർത്ഥം ഒരാൾ മറ്റൊരു അക്രമിയെ കൊല്ലാനിടയായാൽ അയാളെ ഒരു കൊലയാളിയായി കാണാനാവുമോ?

ഏതു പ്രവൃത്തിയും ഇതേ രീതിയിൽ തന്നെയാണുള്ളത്. ഉദ്ദേശ്യം, സാഹചര്യം അനന്തരഫലം എന്നിവയൊക്കെ പരിഗണിച്ചുകൊണ്ടേ സദാചാരമോ ദുരാചാരമോ എന്നു നിശ്ചയിക്കാനാവൂ.
കെ വേണുവും അദ്ദേഹത്തിന്റെ ഭാര്യയും കൂടി മുഹമ്മദ് പറഞ്ഞതുപോലെ ഒരു തീരുമാനം എടുത്തിട്ടുണ്ടെങ്കിൽ അത് അവരെ മാത്രം ബാധിക്കുന്ന പ്രശ്നമാണ്. അതിൽ മറ്റാരും ഇടപെടേണ്ടതായി ഒന്നുമില്ല. അവരെ ആരും എറിഞ്ഞുകൊല്ലാൻ പോകേണ്ടതില്ല. മറിച്ച് അതിൽ ഒരാൾക്കു പരാതിയുണ്ടെങ്കിൽ അതു പരിശോധിക്കാവുന്നതും ഉചിതമായ അഭിപ്രായം പറയാവുന്നതുമാണ്.

വേശ്യാവൃത്തി കൊണ്ട് സമൂഹത്തിനു വല്ല ദോഷവും വരാനുണ്ടോ? ഉണ്ടെങ്കിൽ അതനുസരിച്ച് അതു തെറ്റാണെന്നോ ശരിയാണെന്നോ പറയാം. ഒരു സ്ത്രീ വേശ്യയാകുന്നത് അനേകം പുരുഷന്മാർ വേശ്യന്മാരായി അവളെ സമീപിക്കുമ്പോഴാണല്ലോ. ഇവിടെ സ്ത്രീ വേശ്യ മാത്രം കുറ്റക്കാരിയും മറ്റവന്മാരൊക്കെ മാന്യന്മാരുമായി നടക്കുന്നു. സാഹചര്യങ്ങളുടെ സമ്മർദ്ദം കൊണ്ടാണു പല സ്ത്രീകളും ആ നിലയിലെത്തിപ്പെടുന്നത്. അവരെ വേണ്ടും വണ്ണം ഉപയോഗിക്കുന്ന മാന്യന്മാർ പോലും അവരെ അനാവശ്യമായി പീഢിപ്പിക്കുന്നു. ഇതിനെതിരെയാണു ചില മനുഷ്യാവകാശപ്രവർത്തകർ ലൈംഗികത്തൊഴിലാളികളെ സഹായിക്കാനൊരുങ്ങുന്നത്. അതൊക്കെ യുക്തിവാദത്തിന്റെ സദാചരമായി വ്യാഖ്യാനിക്കുന്നവർ കഥയറിയാതെ ആട്ടം കാണുന്നവരാണ്.

വേശ്യാവൃത്തി ഉണ്ടാകുന്ന സാഹചര്യങ്ങളെ ശാസ്ത്രീയമാർഗ്ഗത്തിലൂടെ ഇല്ലായ്മ ചെയ്യുകയാണാദ്യം വേണ്ടത്.
പാശ്ചാത്യനാടുകളിൽ മൂല്യസങ്കൽപ്പങ്ങൾ തന്നെ മാറുകയാണ് ഇവിടെ മൂല്യം തകരുന്നേയുള്ളു എന്ന വിലാപം പരിഹാസ്യമായ ഒന്നാണ്. ഇങ്ങനെ തകർന്നടിയുന്ന മൂല്യം നിലനിർത്തുന്നതിനേക്കാൾ നല്ലത് ആ മൂല്യങ്ങളിൽ കാലോചിതമായ മാറ്റങ്ങൾ ഉണ്ടാകുന്നതു തന്നെയല്ലേ? പാശ്ചാത്യരുടെ മൂല്യം അവർക്കു കുഴപ്പമില്ലെങ്കിൽ നാം എന്തിനതിൽ വേവലാതിപ്പെടണം? അതു കൊണ്ടുള്ള കുഴപ്പങ്ങൾ ഇവിടെ ഉള്ള മൂല്യം തകരുന്നതിനേക്കാൾ കുറവാണെങ്കിൽ അതല്ലേ കൂടുതൽ നല്ലത്? അതും ഇതും അല്ലാത്ത ഒരു നല്ല മൂല്യസങ്കൽപ്പത്തെകുറിച്ചും നമുക്കു സ്വതന്ത്രമായി ചിന്തിക്കാമല്ലോ.

Thursday, September 24, 2009

മതവും സദാചാരവും - ഒരു സംവാദം.

യുക്തിവാദി സംഘം മലപ്പുറം ജില്ലാ സമ്മേളനത്തോടനുബന്ധിച്ച് ഇന്നലെ [27-9--2009] പെരിന്തല്‍മണ്ണയില്‍ നടന്ന സംവാദ പരിപാടിയില്‍ പങ്കെടുത്തു കൊണ്ട് അവതരിപ്പിച്ച പേപ്പര്‍ “മതവും സദാചാരവും” ഇവിടെ പോസ്റ്റ് ചെയ്യുന്നു. മുന്‍പ് എഴുതിയ കാര്യങ്ങള്‍ തന്നെയാണ് ഏറെക്കുറെ ഇതില്‍ ആവര്‍ത്തിക്കുന്നത്. സംവാദത്തില്‍ മതപക്ഷത്തുനിന്നും പങ്കെടുത്തത് സോളിഡാരിറ്റി സംസ്ഥാന സെക്രട്ടരി ശ്രീ. മുഹമ്മദ് വേളം ആയിരുന്നു. അദ്ദേഹം വളരെ മാന്യമായ രീതിയില്‍ തന്നെ ഈ സംവാദത്തില്‍ പങ്കെടുക്കുകയും സൌഹാര്‍ദ്ദപൂര്‍വ്വം അദ്ദേഹത്തിന്റെ അഭിപ്രായങ്ങള്‍ പറയുകയും ചെയ്തു. അദ്ദേഹത്തോടുള്ള നന്ദി ഒരിക്കല്‍ കൂടി ഇവിടെ രേഖപ്പെടുത്തുന്നു.

ആമുഖം
കോഴിക്കോട്ടേയ്ക്കു നാം ബസ്സില്‍ യാത്ര ചെയ്യുമ്പോള്‍ ഞെളിയന്‍ പറമ്പ് എന്ന സ്ഥലത്തെത്തിയാല്‍‍ യാത്രക്കാരെല്ലാം മൂക്കു പൊത്തും. എന്നാല്‍ പുറത്തു നില്‍ക്കുന്നവരൊന്നും അവിടെ എന്തെങ്കിലും ദുര്‍ഗന്ധം അനുഭവിക്കുന്നതായി കാണുകയുമില്ല. നമ്മുടെ ഇന്ദ്രിയാനുഭവങ്ങളുടെ ഒരു പരിമിതിയാണിത്. നമുക്കു ചുറ്റുമുള്ള ദുര്‍ഗന്ധങ്ങള്‍ പലപ്പോഴും നമുക്കു തിരിച്ചറിയാന്‍ കഴിയുകയില്ല. ഇതു നമ്മുടെ ചിന്തയിലും മൂല്യബോധത്തിലുമൊക്കെ പ്രതിഫലിക്കുന്ന ഒരു യാഥാര്‍ത്ഥ്യമാണ് . എത്ര വലിയ ചിന്തകരായാലും ഈ പരിമിതികള്‍ക്കതീതരല്ല.

ഗാന്ധിജി ആഫ്രിക്കയിലെ വര്‍ണവിവേചനത്തിനെതിരെ സമരം ചെയ്യാന്‍ അങ്ങോട്ടു പോയി. പക്ഷെ അദ്ദേഹത്തിന്റെ സ്വന്തം സമുദായത്തില്‍ ഇവിടെ നില നിന്നിരുന്ന വര്‍ണവിവേചനം ആഫ്രിക്കയിലേതിനേക്കാള്‍ എത്രയോ ഭീകരമായിരുന്നിട്ടും അദ്ദേഹത്തിനതിലെ അധാര്‍മ്മികത കാണാന്‍ കഴിഞ്ഞില്ല. ഒരു വേള അദ്ദേഹം ജാതി വ്യവസ്ഥയെ ന്യായീകരിക്കുക കൂടിചെയ്തിരുന്നു എന്നതാണു നാം കാണുന്നത്.

ഇപ്പോള്‍ നമ്മുടെ മതപ്രചാരകര്‍ ഇവിടെ നടത്തുന്ന ഒരു പ്രധാന‍ പ്രചാരണവും ഇതുപോലെയാണ്. അവര്‍ ധാര്‍മ്മികതയുടെ അപചയം അളക്കാനും പഠിക്കാനും യൂറോപ്പിലേക്കും അമേരിക്കയിലേക്കുമൊക്കെ വിമാനം കയറിപ്പോകുന്നു. അവിടങ്ങളിലെ അവിഹിതഗര്‍ഭങ്ങളുടെ കാനേഷുമാരി യെടുത്ത് ഇവിടെ സദാചാരക്യാമ്പയ്ന്‍ നടത്തുന്നു. എന്നാല്‍ സ്വന്തം മതധാര്‍മ്മികത ഇവിടെ എത്രമാത്രം ജീര്‍ണമാണെന്നോ അതിനു കാരണമെന്താണെന്നോ ചിന്തിക്കാന്‍ അവര്‍ക്കു നേരമില്ല.

പെരിന്തല്‍മണ്ണ മെഡിക്കല്‍ കോളേജിലെ ഗൈനക്കോളജി വിഭാഗത്തിലെ ഒരു മുസ്ലിം ഡോക്ടര്‍ അടുത്ത കാല‍ത്തു പുറത്തു വിട്ട ഒരു പഠനറിപ്പോര്‍ട്ട് നാം മാധ്യമങ്ങളിലൂടെ വായിച്ചറിഞ്ഞിരുന്നു. മലപ്പുറം ജില്ലയില്‍ മാത്രം ഒരു മാസം ആശുപത്രികളിലെത്തി ഗര്‍ഭഛിദ്രം നടത്തുന്നവരുടെ ശരാശരി എണ്ണം നാലയിരത്തില്‍ പരം! അത്രതന്നെ എണ്ണം മറ്റു മാര്‍ഗ്ഗങ്ങളിലും നടക്കുന്നു. . ഒരു മാസം ഈ ജില്ലയില്‍ മാത്രം ശരാശരി 8000 അവിഹിതഗര്‍ഭം അലസിപ്പിക്കപ്പെടുന്നു ! അതില്‍ തന്നെ ഭൂരിഭാഗവും പ്രായപൂര്‍ത്തിയാവാത്ത കുട്ടികള്‍. പ്രതികളായ പുരുഷന്മാരോ ഈ കുട്ടികളെ സംരക്ഷിക്കാന്‍ ബാധ്യതയുള്ള സ്വന്തം കുടുംബത്തിലെ മുതിര്‍ന്നവര്‍ . ബാപ്പമാര്‍ സ്വന്തം മക്കളെ പീഡിപ്പിച്ച കേസുകള്‍ ഇപ്പോള്‍ കോടതിയിലുള്ളത് മൂന്നെണ്ണം. കോടതിയോ മാധ്യമങ്ങളോ അറിയാന്‍ സാധ്യതയില്ലാത്തവ നൂറുകണക്കിന്.

യൂറോപ്പില്‍ പോയി ഇവര്‍ കൊണ്ടു വരുന്ന കണക്കുമായി താരതമ്യം ചെയ്താല്‍ യൂറോപ്പിലും അമേരിക്കയുലും ആകെ ഒരു കൊല്ലത്തില്‍ നടക്കുന്നതിന്റെ എത്രയോ മടങ്ങാണ് ഇവിടെ ഒരു ജില്ലയില്‍ ഒരു മാസം നടക്കുന്നത്. ഇതു കാണാതെയും പരിഹരിക്കാന്‍ ശ്രമിക്കാതെയും മറ്റുള്ളവരുടെ സദാചാരം മോശമാണെന്നു കണ്ടു പിടിക്കാന്‍ ഗവേഷണത്തില്‍ ഏര്‍പ്പെടുന്നതിന്റെ മനശ്ശാസ്ത്രവും ഈ ഞെളിയന്‍പറമ്പു പ്രതിഭാസം തന്നെ.

നമ്മുടെ സമൂഹത്തില്‍ ഇന്നു നില നില്‍ക്കുന്ന കുടുംബം എന്ന സാമൂഹ്യ ഘടനയും അതിന്റെ സദാചാരവും വളരെ ശ്രേഷടവും കുറ്റമറ്റതുമാണെന്ന നമ്മുടെ ധാരണയും ഇതു പോലെയാണ്. ഇതിന്റെ പൊള്ളത്തരങ്ങള്‍ മനസ്സിലാക്കാന്‍ കുടുംബങ്ങളില്‍ എന്തു നടക്കുന്നു എന്നും കുടുംബ ബന്ധങ്ങള്‍ എത്രത്തോളം ധാര്‍മ്മിക ബദ്ധമാണെന്നും പരിശോധിക്കാനും നമ്മള്‍ ശ്രമിക്കണം. ഇവിടെ നമ്മുടെ കോടതികളില്‍ കെട്ടിക്കിടക്കുന്ന ക്രിമിനല്‍ സിവില്‍ കേസുകളില്‍ ഭൂരിഭാഗവും കുടുംബത്തിലെ തന്നെ അംഗങ്ങള്‍ തമ്മിലുള്ള വ്യവഹാരങ്ങളാണെന്നറിയുമ്പോള്‍‍ കുടുംബ സംവിധാനം എത്രമാത്രം കെട്ടുറപ്പുള്ളതാണെന്നു തിരിച്ചറിയാന്‍ കഴിയും.
നമ്മുടെ ധാര്‍മ്മിക ബോധം തന്നെ വളരെ വൈരുദ്ധ്യങ്ങളും അശാസ്ത്രീയതകളും നിറഞ്ഞതാണ്. ഒരു ചെറിയ കള്ളന്‍ വീട്ടില്‍ കയറി വല്ലതും മോഷ്ടിച്ചാല്‍ അയാളെ പിടികൂടി നമ്മള്‍ കൈകാര്യം ചെയ്യും. അയാളെ ഒരു ഭയങ്കര കുറ്റവാളിയായി നാം കാണും . എന്നാല്‍ നമ്മുടെ പൊതു മുതലില്‍ നിന്നും കോടികള്‍ തന്നെ മോഷ്ടിക്കുന്ന എത്രയോ പെരും കള്ളന്മാര്‍ ഇവിടെ ആദരണീയരായി വാഴുന്നു. അവരെ കുറ്റവാളികളായി നാം കാണുന്നേയില്ല. അല്ലറ ചില്ലറ തട്ടിപ്പുകള്‍ നടത്തുന്നവരെയും നാം കല്ലെറിയും . പക്ഷെ വന്‍ തോതില്‍ തട്ടിപ്പു നടത്തി ആളുകളെ വഞ്ചിച്ച് കോടികള്‍ സമ്പാദിക്കുന്നവര്‍ നമുക്ക് കാണപ്പെട്ട ദൈവങ്ങളാണ്. ഇതൊക്കെ നമ്മുടെ തന്നെ കാഴ്ചപ്പാടിലെ ന്യൂനതകളാണ്.
മതവിശ്വാസികള്‍ അവരവരുടെ മതത്തിലുള്ള വൃത്തി കേടുകളെയൊക്കെ ധാര്‍മ്മികതയായി വ്യാഖ്യാനിക്കുന്നതിന്റെ മനശ്ശാസ്ത്രം ഇതൊക്കെയാണ്.

സദാചാരവും മതവിശ്വാസവും
ദൈവം, പരലോകം, സ്വര്‍ഗ്ഗനരകങ്ങള്‍ എന്നിവയിലൊന്നും വിശ്വാസമില്ലെങ്കില്‍ പിന്നെ മനുഷ്യര്‍ക്ക് തോന്നിയപോലെയങ്ങു ജീവിച്ചാല്‍ പോരേ? എന്തിനു ധാര്‍മ്മികമൂല്യങ്ങളും സദാചാരനിയമങ്ങളുമൊക്കെ അനുസരിക്കണം? മതവക്താക്കള്‍ ഭൌതികിവാദികള്‍ക്കു നേരെ ഉയര്‍ത്തുന്ന ഒരു പ്രധാന ചോദ്യമിതാണ്.

ഈ ചോദ്യത്തില്‍ തന്നെ ഇതിനു നല്‍കാനുള്ള മറുപടിയുടെ ബീജം അടങ്ങിയിട്ടുണ്ടെന്നു പക്ഷെ മതവാദി മനസ്സിലാക്കുന്നില്ല. എല്ലാവരും അങ്ങനെയങ്ങു തോന്നിയ പോലെ ജീവിക്കാന്‍ തുടങ്ങിയാല്‍ എന്തോ കുഴപ്പം ഉണ്ട് എന്ന് ഈ ചോദ്യകര്‍ത്താക്കളും വ്യാകുലപ്പെടുന്നുണ്ട്.. അല്ലങ്കില്‍ ഇങ്ങനെയൊരു ചോദ്യം ഉയര്‍ത്തേണ്ടതില്ലല്ലോ. ഓരോരുത്തരും അവരവര്‍ക്കു തോന്നിയപോലെ ജീവിക്കാന്‍ തുടങ്ങിയാല്‍ സാമൂഹ്യ ജീവിതം താറുമാറായിപ്പോകും എന്ന തിരിച്ചറിവില്‍ നിന്നു തന്നെയാണ് സദാചാര ധാര്‍മ്മിക നിയമങ്ങളുടെയും പിറവി.

മതവിശ്വാസം കൊണ്ടു മാത്രം സദാചാര നിഷ്ഠ ഉണ്ടാകുമോ?

സാമൂഹ്യരംഗത്തെ പഠനങ്ങളും അനുഭവങ്ങളും തെളിയിക്കുന്നത് വിശ്വാസവും ഭക്തിയും കൂടുന്നതനുസരിച്ച് സാമൂഹ്യബോധവും സന്മാര്‍ഗചിന്തയും കുറയുന്നു എന്നാണ്‍. വിശ്വാസത്തിന്റെ തീവ്രത, ഭക്തിയും ഭ്രാന്തും വര്‍ധിപ്പിക്കുമെന്നല്ലാതെ നീതിബോധത്തെ അതുത്തേജിപ്പിക്കുന്നില്ല. കേരളത്തിലെ അനുഭവം തന്നെ ഇതിനു ദൃഷ്ടാന്തമാണ്. മതപഠനവും ഉല്‍ബോധനവും വര്‍ധിത തോതില്‍ നടക്കുന്ന സമുദായങ്ങളില്‍നിന്നാണു കുറ്റവാളികളേറെയും വരുന്നത്. മതപഠനമെന്ന ഏര്‍പ്പടു തന്നെയില്ലത്ത സമുദായം താരതമ്യേന ഉയര്‍ന്ന നീതിബോധവും സന്മാര്‍ഗവും പുലര്‍ത്തുന്നുമുണ്ട്. ഇതിന്റെ മനശ്ശാസ്ത്രം പഠനവിധേയമാക്കേണ്ടതാണ്.

വിശ്വാസവും ഭക്തിയും മനുഷ്യനെ ദൈവത്തിലേക്ക് അടുപ്പിക്കുകയും സഹജീവിയില്‍നിന്ന് അകറ്റുകയും ചെയ്യുന്നതിനാലാണ് വിശ്വാസികളില്‍ സാമൂഹ്യ നീതിബോധം കുറഞ്ഞു കാണപ്പെടുന്നത്. ദൈവത്തിനു വേണ്ടതെല്ലാം [മുഖസ്തുതിയും കൈക്കൂലിയും ബലിയും മറ്റും] മുറ തെറ്റാതെ വിശ്വാസി നല്‍കുന്നു. സഹജീവികളായ മനുഷ്യരോട് ചെയ്യുന്ന കുറ്റങ്ങളെ ഭക്തികൊണ്ട് ബാലന്‍സ് ചയ്യാമെന്ന കണക്കുകൂട്ടലാണു വിശ്വാസിയെ സമൂഹത്തില്‍നിന്നകറ്റുന്നത്. ദേവാലയങ്ങളിലും ഹുണ്ഡികപ്പെട്ടികളിലും വന്‍ തോതില്‍ പണം നിക്ഷേപിക്കുന്നത് കള്ളക്കടത്തും വഞ്ചനയും നടത്തി സമ്പത്തു കുന്നു കൂട്ടുന്നവരാണ്. കുറ്റഭാരം ഇറക്കിവെക്കാനുള്ള അത്താണിയാണവര്‍ക്കു ദൈവം!

അനാഥാലയത്തില്‍നിന്നു കോടികള്‍ മോഷ്ടിക്കുന്നയാള്‍ ആണ്ടു തോറും ഹജ്ജു നിര്‍വഹിക്കുന്നതും പള്ളിയില്‍ തപസ്സിരിക്കുന്നതും പാപങ്ങള്‍ ഭക്തി കൊണ്ടു കഴുകിക്കളയാമെന്ന വിശ്വാസത്താല്‍തന്നെയാണ്.ഒരു ഹജ്ജ് കൊണ്ട് അതുവരെ ചെയ്ത പാപമെല്ലാം പൊറുക്കപ്പെടുമെന്ന വിശ്വാസം കുറ്റകൃത്യങ്ങള്‍ തുടരാനുള്ള ഉള്‍പ്രേരണയായി വര്‍ത്തിക്കുന്നു. ക്ഷേത്രത്തില്‍നിന്നു വിഗ്രഹം മോഷ്ടിച്ചു കടത്തുന്നതിനിടെ തിരുവാഭരണങ്ങളില്‍നിന്ന് ഒന്നെടുത്ത് മറ്റൊരു ദൈവത്തിന്റെ ഭണ്ഡാരപ്പെട്ടിയില്‍ നിക്ഷേപിക്കുന്ന ഭക്തന്റെ (കള്ളന്റെ) മനോവ്യാപാരം വിചിത്രമല്ലേ? [ഏതാനും വര്‍ഷങ്ങള്‍ക്കു മുന്‍പ് തൃശൂരില്‍ സംഭവിച്ചതാണിത്.]

അപരിഷ്കൃതര്‍ക്ക് ദൈവ ഭയം ആവശ്യമയിരുന്നു.
ഒന്നര വയസ്സുള്ള ഒരു കുട്ടിയെക്കൊണ്ട് മരുന്നു കുടിപ്പിക്കാന്‍ അമ്മ ചിലപ്പോള്‍ ബലൂണ്‍ കാട്ടി പ്രലോഭിപ്പിക്കുകയും `കോത്താമ്പി` കാട്ടി പേടിപ്പിക്കുകയും ചെയ്തെന്നു വരാം. പക്ഷെ പതിനഞ്ചു വയസ്സായ കുട്ടിക്കു മരുന്നു കൊടുക്കാന്‍ ഈ പ്രയോഗങ്ങള്‍ വേണ്ടതുണ്ടോ? മരുന്നു കഴിച്ചില്ലെങ്കിലുള്ള ദോഷം സ്വയം മനസ്സിലാകുന്ന പ്രായത്തില്‍ ആ തിരിച്ചറിവുണ്ടായാല്‍ പോരേ ? സമൂഹം അതിന്റെ ശൈശവാവസ്ഥയിലായിരുന്ന കാലത്ത് അപരിഷ്കൃതരായിരുന്ന ആളുകളെക്കൊണ്ട് സാമൂഹ്യ നിയമങ്ങള്‍ അനുസരിപ്പിക്കാന്‍ സ്വര്‍ഗം, നരകം, ദൈവം തുടങ്ങിയ കോത്താമ്പിപ്രയോഗങ്ങള്‍ വേണ്ടിവന്നിരിക്കാം. എന്നാല്‍ ഒരു പരിഷ്കൃത സമൂഹത്തില്‍ ജീവിക്കുന്ന മനുഷ്യര്‍ക്ക് നന്മതിന്മകള്‍ വിവേചിച്ചറിയാന്‍ പഴയ മുത്തശ്ശിക്കഥകളൊന്നും ആവശ്യമില്ല. ഇന്നു മതവിശ്വാസം തന്നെ സന്മാര്‍ഗ്ഗജീവിതത്തെ തടസ്സപ്പെടുത്താന്‍ മാത്രം ഉപകരിക്കുന്ന ഒരു തിന്മയായി മാറിയിരിക്കുന്നു എന്നതാണു സത്യം!!

മതമല്ല സദാചാരം നിര്‍മ്മിച്ചത്.
മതവിശ്വാസികള്‍ ധരിച്ചു വെച്ചിട്ടുള്ളത് മതമാണു മനുഷ്യര്‍ക്ക് ഈ നിയമങ്ങളും ധാര്‍മ്മികമൂല്യങ്ങളുമൊക്കെ സൃഷ്ടിച്ചു നല്‍കിയത് എന്നാണ്. സദാചാരത്തിന്റെ അടിസ്ഥാനം മനുഷ്യനും ദൈവവും തമ്മിലുള്ള ഒരു ഇടപാടാണെന്നവര്‍ വ്യാഖ്യാനിക്കുന്നു. ദൈവം നിര്‍ദ്ദേശിച്ച ചില വിധിവിലക്കുകളെ നാം അനുസരിക്കണമെന്നും അപ്രകാരം ഇവിടെ ജീവിച്ചാല്‍ ദൈവം പ്രതിഫലമായി കുറേകൂടി സുഖ സൌകര്യങ്ങളോടു കൂടിയ ശാശ്വതമായ മറ്റൊരു ‘ഫൈവ് സ്റ്റാര്‍ ’ജീവിതം പകരം തരുമെന്നുമാണു പറയുന്നത്. എന്നു വെച്ചാല്‍ നമുക്കു കൂടുതല്‍ സുഖഭോഗങ്ങള്‍ ലഭിക്കാന്‍ ഇവിടെ അല്‍പ്പം കഷ്ടപ്പെടണം എന്നു ചുരുക്കം. ദൈവീക വിധിവിലക്കുകളെ അവഗണിച്ചു ജീവിച്ചാല്‍ ശാശ്വതമായ നരകപീഢനങ്ങളും ഏറ്റു വാങ്ങേണ്ടി വരും. ഇവിടെ ലഭിക്കാത്ത ശാശ്വത നീതി പരലോകത്തു ലഭിക്കും എന്നാണു പ്രതീക്ഷ.

ഭൌതികവാദികളായ സാമൂഹിക ശാസ്ത്ര- നരവംശ ശാസ്ത്ര- ചിന്തകര്‍ പക്ഷേ ഈ വാദഗതികളെ തള്ളിക്കളയുകയാണു ചെയ്യുന്നത്. മനുഷ്യര്‍ സാമൂഹ്യ ജീവിതം ആരംഭിച്ചതു മുതല്‍ അവര്‍ക്കു ചില പാരസ്പര്യങ്ങളും ചിട്ടവട്ടങ്ങളും അനിവാര്യമായിത്തീര്‍ന്നു എന്നും സാമൂഹ്യജീവിതം വികാസം പ്രാപിക്കുന്നതിനനുസരിച്ച് ഈ ചട്ടങ്ങളും നിയമങ്ങളും ക്രമാനുഗതമായി വികസിച്ചു വരുകയാണുണ്ടായതെന്നും, ചരിത്രപരമായി നിരീക്ഷിക്കുന്നവര്‍ക്കു കാണാന്‍ പ്രയാസമില്ല. “മറ്റുള്ളവര്‍ നിങ്ങളോട് എപ്രകാരം പെരുമാറണമെന്നു നിങ്ങള്‍ ആഗ്രഹിക്കുന്നുവോ അപ്രകാരം നിങ്ങള്‍ മറ്റുള്ളവരോടും പെരുമാറുക” എന്ന സിദ്ധാന്തത്തെ ഭൌതികവാദികള്‍ ശരി വെക്കുന്നു. സാമൂഹികതയാണു ധാര്‍മ്മികതയുടെ അടിസ്ഥാനമെന്നു ചുരുക്കം.
പൌരബോധമുള്ള പരിഷ്കൃത മനുഷ്യര്‍ ഇക്കാലത്ത് തെറ്റുകളില്‍നിന്നകന്നു നില്‍ക്കുന്നതും സദ് വൃത്തികളില്‍ വ്യാപൃതരാകുന്നതും പരലോകശിക്ഷ ഭയന്നിട്ടോ സ്വര്‍ഗ്ഗത്തിലെ `ഭോഗങ്ങളി`ല്‍ കണ്ണുവച്ചിട്ടോ അല്ല. പരദ്രോഹം തനിക്കു തന്നെ വിനയാകുമെന്നും സ്നേഹവും നന്മയും പങ്കിട്ടുള്ള ജീവിതം കൂടുതല്‍ ആനന്ദപ്രദമാകുമെന്നും അനുഭവങ്ങളില്‍നിന്നു തന്നെ വിവേചിച്ചറിയാന്‍ ആധുനിക മനുഷ്യനു കഴിവുണ്ട്. സ്നേഹം, ദയ ,കാരുണ്യം, സഹകരണമനോഭാവം തുടങ്ങിയ സല്‍ഗുണങ്ങള്‍ വിശ്വാസത്തില്‍നിന്നുണ്ടായതല്ല. ജന്മസിദ്ധമായിത്തന്നെ മനുഷ്യരിലും കുറെയൊക്കെ ഇതര ജീവികളിലും ഇത്തരം സദ് വികാരങ്ങള്‍ കാണപ്പെടുന്നു. സാമൂഹ്യ ജീവിത വ്യവഹാരങ്ങളില്‍നിന്നുള്ള അനുഭവപാഠങ്ങളും സഹജമായ ജന്മവാസനകളും ചേര്‍ന്ന് ക്രമത്തില്‍ വികസിച്ചു വന്നതാണ് മനുഷ്യരിലെ സദാചാരസങ്കല്‍പ്പങ്ങളല്ലാം.

മത‍ ജീര്‍ണ്ണതയില്‍ നിന്നാണു നവോത്ഥാനം രൂപം കൊണ്ടത്.
കാലപ്പഴക്കത്താല്‍ മതധാര്‍മ്മികത തന്നെ അധാര്‍മ്മികമായിത്തീര്‍ന്ന ചരിത്ര സന്ദര്‍ഭങ്ങളിലാണു ലോകത്തെവിടെയും യുക്തി ചിന്തകര്‍ മതത്തിനെതിരായി അണി നിരന്നിട്ടുള്ളതെന്നു കാണാം. യൂറോപ്പിലായാലും കേരളത്തിലായാലും നവോഥാന വിപ്ലവങ്ങള്‍ക്കു കളമൊരുങ്ങിയത് ഈ വിധം മതമൂല്യങ്ങള്‍ ജീര്‍ണിച്ച് മാനവികതയുടെ നേരെ കൊഞ്ഞനം കുത്തുന്നുവെന്നു തീരിച്ചറിഞ്ഞതു കൊണ്ടാണ്. മനുഷ്യനു മനുഷ്യനായി ജീവിക്കാനുള്ള പ്രാഥമികമായ എല്ലാ അവകാശങ്ങളെയും മതം നിഷേധിക്കുന്നു എന്നു കണ്ടാണ് നവോഥാന ചിന്തകര്‍ മതത്തിനെതിരെ തിരിഞ്ഞത്.

കേരളത്തിലെ യുക്തിവാദി പ്രസ്ഥാനം ഉടലെടുക്കുന്നതു തന്നെ ഇത്തരം ഒരു ചരിത്ര മുഹൂര്‍ത്തത്തിലാണ്. മാനവികമൂല്യങ്ങളെ നിരാകരിക്കാനല്ല സംരക്ഷിക്കാനും കാലോചിതമായി പരിഷ്കരിക്കാനുമാണു യുക്തിവാദികള്‍ ശ്രമിച്ചിട്ടുള്ളത്. കാലാനുസൃതമായി പുതിയ മൂല്യസങ്കല്‍പ്പങ്ങള്‍ക്കു രൂപം നല്‍കിയതും യുക്തിചിന്തകരായ സാമൂഹ്യ പരിഷ്കര്‍ത്താക്കളാണ്. ജനാധിപത്യം , മതനിരപേക്ഷമാനവികത, മനുഷ്യാവകാശ സങ്കല്‍പ്പങ്ങള്‍ , ലിംഗനീതി, സമത്വം , സ്വാതന്ത്ര്യം, സാഹോദര്യം തുടങ്ങിയ നവ മൂല്യങ്ങളൊന്നും മതത്തിന്റെയോ ദൈവങ്ങളുടെയോ സംഭാവനകളല്ല. മതത്തെയും ദൈവത്തെയും ചോദ്യം ചെയ്ത സ്വതന്ത്ര ചിന്തയുടെ സദ്ഫലങ്ങളാണവ.

സദാചാരം മാറുന്നു.
 സാമൂഹ്യ ഘടന മാറുന്നതിനനുസരിച്ച് ‘സദാചാരം’ മാറി മറിയുന്നതിന് നിരവധി ഉദാഹരണങ്ങള്‍ നമുക്കു ചൂണ്ടിക്കാണിക്കാനുമാവും. സദാചാര സങ്കല്‍പ്പങ്ങള്‍ കേവലമോ ശാശ്വതമോ മാറ്റമില്ലാത്തവയോ അല്ല. ഇന്നു നാം സദാചാരമെന്നു ഗണിക്കുന്ന കാര്യങ്ങളെല്ലാം എല്ലാ കാലത്തും എല്ലാ ദേശത്തും സദ് ആചാരങ്ങള്‍ തന്നെ ആയി നിലനിന്നുകൊള്ളണമെന്നില്ല. ഇന്നു നമ്മള്‍ കൊടിയ തെറ്റായി കരുതുന്ന ചില കാര്യങ്ങള്‍ നാളെ തെറ്റല്ലാതെയാകാനും ഇടയുണ്ട്. ഇപ്പറഞ്ഞതിനൊക്കെ നമ്മുടെ കണ്മുന്നില്‍ തന്നെ വ്യക്തമായ നിരവധി ദൃഷ്ടാന്തങ്ങള്‍ ചൂണ്ടിക്കാണിക്കാന്‍ കഴിയും.

നമ്മള്‍ ഇന്നു കരുതുന്നത് കുടുംബ ബന്ധങ്ങള്‍ എല്ലാ കാലത്തും ഇന്നത്തെപ്പോലെയായിരുന്നു എന്നും ഇതു വളരെ പവിത്രമായ ഒരു സദാചാര വ്യവസ്ഥയാണെന്നുമൊക്കെയാണ്. എന്നാല്‍ മനുഷ്യസമുദായങ്ങളുടെ ചരിത്രം അങ്ങനെയൊന്നുമായിരുന്നില്ല. സ്വകാര്യസ്വത്തിന്റെ ദായക്രമവുമായി ബന്ധപ്പെട്ടാണു കുടുംബം എന്ന സാമൂഹ്യ ഘടന പ്രബലമാകുന്നത്. കേരളത്തില്‍ പോലും ഇന്നത്തെ കുടുംബ സംവിധാനമല്ല അടുത്ത കാലം വരെ നിലനിന്നിരുന്നത്. മരുമക്കത്തായം, കൂട്ടുകുടുംബം, ബഹുഭര്‍തൃ കുടുംബം എന്നിങ്ങനെ പല സമ്പ്രദായങ്ങളുമുണ്ടായിരുന്നു. ഇതിന്റെയെല്ലാം അവശിഷ്ടങ്ങള്‍ ഇപ്പോഴും കാണാം. മുറപ്പെണ്ണ് മുറച്ചെറുക്കന്‍ വിവാഹങ്ങള്‍ ഇന്നും വ്യാപകമായി കാണാം. കുടുംബ സ്വത്തുക്കള്‍ കുടുംബത്തിനകത്തു തന്നെ സംരക്ഷിക്കാനുള്ള മാര്‍ഗ്ഗമായിരുന്നു രക്തബന്ധുക്കള്‍ തമ്മിലുള്ള വിവാഹങ്ങള്‍ . ഇക്കാര്യത്തില്‍ ഒരേ ദേശത്തു തന്നെ വിവിധ സമുദായങ്ങളില്‍ ഭിന്നമായ സദാചാര സങ്കല്‍പ്പങ്ങളാണുള്ളത്. സഹോദരീ സഹോദരന്മാരുടെ മക്കള്‍ തമ്മിലുള്ള വിവാഹം സാര്‍വ്വത്രികമാണ് ഹിന്ദുക്കളില്‍ . എന്നാല്‍ സഹോദരിമാരുടെ മക്കള്‍ തമ്മിലോ സഹോദരന്മാരുടെ മക്കള്‍ തമ്മിലോ കല്യാണം കഴിക്കുന്നത് ഹിന്ദുക്കള്‍ക്ക് സദാചാരമല്ല. മുസ്ലിംങ്ങളില്‍ അതും സദാചാരമാണ്. ക്രിസ്ത്യാനികള്‍ക്കിടയിലാകട്ടെ മുറപ്പെണ്ണും സ്വന്തം സഹോദരിയായി കണക്കാക്കപ്പെടുന്നു. അവര്‍ തമ്മില്‍ വിവാഹബന്ധം നിഷിദ്ധമാണ്. അമ്മാവന്‍ മരുമകളെത്തന്നെ കല്യാണം കഴിക്കുന്നത് കേരളീയര്‍ക്ക് അചിന്ത്യമായ കാര്യമാണ്. എന്നാല്‍ തമിഴ് നാട്ടിലും ആന്ത്രാപ്രദേശിലും ഇതും വ്യാപകമായി കാണാം. കേരളത്തിലെ ചില സമുദായങ്ങളില്‍ ഒന്നിലധികം സഹോദരങ്ങള്‍ക്ക് ഒരു പൊതു ഭാര്യ മാത്രമാണുണ്ടായിരുന്നത്. കുട്ടികളെ എല്ലാ അച്ഛന്മാരുംകൂടി സംരക്ഷിക്കും. !എന്നാല്‍ ഇന്ന് ഇത്തരം ബന്ധങ്ങള്‍ പലതും അപ്രത്യക്ഷമായിരിക്കുന്നു. അണുകുടുംബം എന്ന സ്ഥിതി വന്നു കഴിഞ്ഞു.

ലൈംഗിക സദാചാരം ഒരു പുകമറ.

വിവാഹേതരമായ ലൈംഗിക ബന്ധങ്ങള്‍ എല്ലാ കലത്തും വ്യാപകമായിത്തന്നെ നടക്കുന്നുണ്ടെങ്കിലും അക്കാര്യത്തില്‍ ഒരു കാപട്യത്തിന്റെ ‘മറ’ എല്ലാവരും സൂക്ഷിക്കുന്നു. ഫ്യൂഡല്‍ കാലഘട്ടത്തില്‍ കീഴാളസ്ത്രീകള്‍ ലൈംഗികമായും വന്‍ തോതില്‍ ചൂഷണം ചെയ്യപ്പെട്ടിരുന്നു. കുടുംബങ്ങള്‍ക്കകത്തു തന്നെ വഴിവിട്ട ബന്ധങ്ങള്‍ സര്‍വ്വസാധാരണമായിരുന്നു. ഇന്ന് സ്ത്രീകള്‍ കുറെയൊക്കെ സ്വന്തം വ്യക്തിത്വം തിരിച്ചറിഞ്ഞു തുടങ്ങിയതോടെ ലൈംഗികപീഢനങ്ങള്‍ പുറം ലോകം അറിഞ്ഞു തുടങ്ങി. അവര്‍ പീഢനങ്ങളെ ചെറുത്തു നില്‍ക്കാന്‍ ശ്രമിക്കുന്നതാണു പീഢനവാര്‍ത്തകള്‍ പെരുകാന്‍ കാരണം. അല്ലാതെ പീഢനങ്ങള്‍ മുന്‍ കാലങ്ങളെ അപേക്ഷിച്ചു വര്‍ദ്ധിച്ചതല്ല. മുമ്പ് ആരും പുറത്തു പറയാന്‍ ധൈര്യപ്പെട്ടിരുന്നില്ല എന്നതാണു വസ്തുത. അതേ സമയം സ്ത്രീ പുരുഷ സൌഹൃദ ബന്ധങ്ങളില്‍ പഴയകാലത്തെപ്പോലെയുള്ള കാപട്യവും പുകമറയും കുറേശ്ശെ അപ്രത്യക്ഷമാവുകയും ആരോഗ്യകരമായ സൌഹൃദങ്ങളെ സമൂഹം അംഗീകരിച്ചു തുടങ്ങുകയും ചെയ്തിട്ടുണ്ട്. യാഥാസ്ഥിതികര്‍ ഇതൊക്കെ അസഹിഷ്ണുതയോടെയാണു വീക്ഷിക്കുന്നത്. സദാചാരം തകര്‍ന്നടിയുന്നു എന്നാണവരുടെ വിലാപം.

മതത്തിന്റെ സദാചരം കാലഹരണപ്പെട്ടത്.
മതം, അതുണ്ടായ കാല‍ത്തിന്റെയും ദേശത്തിന്റെയും ഗോത്ര മൂല്യങ്ങളെയാണു സംരക്ഷിക്കുന്നതെന്ന യാഥാര്‍ത്ഥ്യം മതമൌലികവാദികള്‍ മനസ്സിലാക്കുന്നില്ല. വിശ്വാസപരമായ കടുത്ത മുന്‍ വിധിയാണതിനവരെ പ്രേരിപ്പിക്കുന്നത്. ഉദാഹരണമായി നമുക്ക് ഇസ്ലാമിലെ കുടുംബം, ലൈംഗികത ,സ്ത്രീ സങ്കല്‍പ്പം തുടങ്ങിയ കാര്യങ്ങളെ പരിശോധിക്കാം.
ഇന്നു നാം പവിത്രമായി കരുതുന്ന തരത്തില്‍ “കെട്ടുറപ്പു”ള്ള ഒരു കുടുംബ സങ്കല്‍പ്പം ഇസ്ലാമില്‍ ഇല്ല. അറേബ്യാ മരുഭൂമിയിലെ അക്കാല‍ത്തെ നാടോടി ഗോത്രങ്ങളില്‍ നിലവിലിരുന്ന ഒരു തരം കുത്തഴിഞ്ഞ ലൈംഗിക ധാര്‍മ്മികതയാണ് ഇസ്ലാമിന്റെ പ്രമാണരേഖകളില്‍ വായിക്കാന്‍ കഴിയുന്നത്. ഇന്നത്തെ മതപ്രചാരകര്‍ , പക്ഷെ ഇക്കാര്യങ്ങളൊക്കെ പുകമറയില്‍ മൂടാന്‍ ശ്രമിക്കുകയാണു ചെയ്യുന്നത്. ഭാര്യയും ഭര്‍ത്താവും മക്കളും ഒരുമിച്ച് ഒരു വീട്ടില്‍ ജീവിക്കുക എന്ന സമ്പ്രദായം അന്നുണ്ടായിരുന്നില്ല. സ്ത്രീപുരുഷ ബന്ധങ്ങളും ലൈംഗിക ബന്ധങ്ങളും ഇക്കാലത്തു നമുക്കു ചിന്തിക്കാന്‍ പോലും പറ്റാത്തത്ര പ്രാകൃതവും വിചിത്രവുമായിരുന്നു. ഒരു കുടുംബം സ്ഥാപിച്ച് ഒരുമിച്ചു ജീവിക്കാന്‍ ഉദ്ദേശിച്ചുകൊണ്ടുള്ള വിവാഹവും അക്കാലത്തുണ്ടായിരുന്നില്ല. സ്ത്രീകളെ വെറും വേശ്യകളെപ്പോലെ യാണ് കണക്കാകിയിയിരുന്നത്. സ്ത്രീയുടെ ലൈംഗിക ശരീരം വിലക്കെടുത്ത് ഉപയോഗപ്പെടുത്തുകയായിരുന്നു പതിവ്. സ്ഥിരമായി വില കൊടുത്തു വാങ്ങുന്നതിനെയാണു വിവാഹം എന്നു വിവക്ഷിച്ചിരുന്നത്. താല്‍ക്കാലികമായി സമയം നിശ്ചയിച്ചുകൊണ്ടുള്ള പ്ലഷര്‍ സെക്സും [മുത് അ] അന്ന് അനുവദനീയമായിരുന്നു. നാ‍ടോടികള്‍ അവരുടെ ഇടത്താവളങ്ങളില്‍ ഇത്തരം താല്‍ക്കാലിക ദാമ്പത്യം പങ്കിടുമായിരുന്നു. അതില്‍ കുട്ടികള്‍ ജനിച്ചാല്‍ ആ കുട്ടികള്‍ പിതാവിന്റെ അവകാശത്തില്‍ വന്നു ചേരും . പ്രസവത്തോടെ അമ്മ കുഞ്ഞിനെ ഉപേക്ഷിക്കുകയും വാടകയ്ക്കു മുലയൂട്ടുന്ന താല്‍ക്കാലിക അമ്മമാര്‍ അവരെ ഏറ്റെടുത്തു മുലയൂട്ടുകയുമായരുന്നു പതിവ്. പ്രവാചകനായ മുഹമ്മദ് തന്നെ ഈ വിധത്തില്‍ വളര്‍ത്തപ്പെട്ട ഒരു കുഞ്ഞായിരുന്നു. അദ്ദേഹത്തിന്റെ മാതാവായ ആമിനയും പിതാവായ അബ്ദുല്ലയും തമ്മില്‍ ഒരു രാത്രിയുടെ ദാമ്പത്യം മാത്രമേ ഉണ്ടായിരുന്നുള്ളു എന്നാണു ചരിത്രപ്രമാണങ്ങളില്‍നിന്നും മനസ്സിലാകുന്നത്.

കുര്‍ ആനിലും ഹദീസിലും

{ وَٱلْمُحْصَنَٰتُ مِنَ ٱلنِّسَآءِ إِلاَّ مَا مَلَكْتَ أَيْمَٰنُكُمْ كِتَٰبَ ٱللَّهِ عَلَيْكُمْ وَأُحِلَّ لَكُمْ مَّا وَرَاءَ ذَٰلِكُمْ أَن تَبْتَغُواْ بِأَمْوَٰلِكُمْ مُّحْصِنِينَ غَيْرَ مُسَٰفِحِينَ فَمَا ٱسْتَمْتَعْتُمْ بِهِ مِنْهُنَّ فَآتُوهُنَّ أُجُورَهُنَّ فَرِيضَةً وَلاَ جُنَاحَ عَلَيْكُمْ فِيمَا تَرَٰضَيْتُمْ بِهِ مِن بَعْدِ ٱلْفَرِيضَةِ إِنَّ ٱللَّهَ كَانَ عَلِيماً حَكِيماً }

“(നിങ്ങള്‍ക്കു നിഷിദ്ധമാക്കിയിരിക്കുന്നു) ഭര്‍ത്താക്കന്മാരുള്ള സ്ത്രീകളും; -നിങ്ങളുടെ ഉടമസ്ഥതയിലുള്ള അടിമസ്ത്രീകള്‍ ഒഴികെ- ഇത് നിങ്ങള്‍ക്ക് അല്ലാഹു നിയമമാക്കിയിരിക്കുന്നു. ഇവര്‍ക്കു പുറമെയുള്ള സ്ത്രീകളെ ,വ്യഭിചാരം എന്ന നിലക്കല്ലാതെ, വിവാഹം എന്നപോലെ ,സ്വന്തം ധനം കൊണ്ട് നിങ്ങള്‍ ആവശ്യപ്പെടുന്നത് നിങ്ങള്‍ക്ക് അനുവദിക്കപ്പെട്ടിരിക്കുന്നു. അങ്ങനെ അവരില്‍നിന്നും ആരെക്കൊണ്ടെങ്കിലും നിങ്ങള്‍ സുഖമെടുത്താല്‍ അവര്‍ക്കു നിശ്ചയിക്കപ്പെട്ട പ്രതിഫലം കൊടുക്കുക. സംഖ്യ നിശ്ചയിച്ച ശേഷം പരസ്പരം തൃപ്തിപ്പെട്ടതില്‍ (വിട്ടുവീഴ്ച്ച ചെയ്യുന്നതില്‍ ) നിങ്ങള്‍ക്കു വിരോധമില്ല.” (4:24)


ഇസ്ലാമില്‍ വിവാഹം ഒരു കരാറാണ്. എന്നാല്‍ പലരും തെറ്റിദ്ധരിച്ചിട്ടുള്ള പോലെ , ഒരു കുടുംബം സ്ഥാപിച്ച് ഒരുമിച്ചു ജീവിക്കാനുള്ള ഒരു ഉഭയകക്ഷി കരാറല്ല മുസ്ലിം വിവാഹം. പ്രത്യുത , ഒരു സ്ത്രീ ഒരു നിശ്ചിത സംഖ്യക്കു പകരം , ഹ്രസ്വകാലത്തേക്ക് അവധി നിശ്ചയിച്ചോ അതല്ലെങ്കില്‍ ദീര്‍ഘകാലത്തേക്ക് കാലാവധി നിശ്ചയിക്കാതെയോ തന്റെ ലൈംഗിക ശരീരത്തിലുള്ള അവകാശം പൂര്‍ണ്ണമായും ഒരു പുരുഷനു കീഴ്പ്പെടുത്തിക്കൊടുക്കാ‍മെന്ന് ഉറപ്പു നല്‍കുന്ന ഒരുടമ്പടി മാത്രമാണത്. അറബികള്‍ക്കിടയിലെ മറ്റേതൊരു വ്യാപാരവും പോലെ , ഇതു രണ്ടു പുരുഷന്മാര്‍ പരസ്പരം കൈ പിടിച്ച് വാമൊഴിയായി ഉറപ്പിക്കുന്ന കച്ചവടമാണ്. വിവാഹമൂല്യം കൈപ്പറ്റുന്നതോടെ ഒരു സ്ത്രീക്ക് തന്റെ സ്വന്തം ശരീരത്തിലുള്ള എല്ലാ അവകാശവും നഷ്ടപ്പെടും. ഇതാണു നിയമം.

ഇവിടെ ഉദ്ധരിക്കപ്പെട്ട ഖുര്‍ ആന്‍ സൂക്തം സാധാരണ വിവാഹത്തെ കുറിച്ചുള്ളതല്ല. ആയത്തുല്‍ മുത് അ എന്നപേരില് (സുഖഭോഗത്തിന്റെ സൂക്തം ) അറിയപ്പെടുന്ന താല്‍ക്കാലിക ക്കരാറിനെ സംബന്ധിച്ചുള്ളതാണ്.

നിങ്ങള്‍ ഏതെങ്കിലും സ്ത്രീയുമായി ലൈംഗികാസ്വാദനം ആഗ്രഹിക്കുന്നുവെങ്കില്‍ അവളുടെ സമ്മതമാരായുകയും നിശ്ചിത കാലയളവിലേക്കുള്ള ഒരു ഉടമ്പടി പ്രകാരം അവളുമായി ബന്ധപ്പെടുകയും , അപ്രകാരം സുഖമനുഭവിച്ചു കഴിഞ്ഞാല്‍ നിശ്ചയിച്ച പ്രതിഫലം നല്‍കുകയും ചെയ്യണം എന്നാണിവിടെ’അല്ലാഹു’ ഉപദേശിക്കുന്നത്. സുഖമെടുക്കല്‍ കഴിഞ്ഞാല്‍ പ്രതിഫലത്തിന്റെ കാര്യത്തില്‍ പരസ്പരം വിട്ടുവീഴ്ചകള്‍ ആവാമെന്നും പറയുന്നു.


നാടോടികളും കച്ചവടക്കാരുമായിരുന്ന അറബികള്‍ക്കിടയില്‍ സര്‍വ്വസാധാരണമായിരുന്ന ഒരു സമ്പ്രദായത്തെ ശരി വെക്കുക്കുന്നതാണീ ദിവ്യ വചനം! കച്ചവടത്തിനും മറ്റുമായി ദീര്‍ഘകാല യാത്രകളില്‍ ഏര്‍പ്പെട്ടിരുന്ന അറബികള്‍ അവരുടെ ഇടത്താവളങ്ങളില്‍ കണ്ടു മുട്ടുന്ന സ്ത്രീകളുമായി ഇത്തരം താല്‍ക്കാലികബന്ധങ്ങളിലേര്‍പ്പെടുക പതിവായിരുന്നു. സ്ത്രീകള്‍ ഇതൊരു ഉപജീവനമാര്‍ഗ്ഗമായി സ്വീകരിക്കുകയും ചെയ്തിരുന്നു. പ്രവാചകന്‍ അവര്‍ക്ക് അതിനുള്ള അനുവാദം നല്‍കിയിരുന്നതായി ഹദീസുകള്‍ വ്യക്തമാക്കുന്നു. “പ്രവാചകന്റെ കാലത്തും തുടര്‍ന്ന് അബൂബക്കറിന്റെ കാലത്തും ഒരു പിടി കാരക്കയോ ഗോതമ്പു മാവോ പ്രതിഫലം നല്‍കി ഏതാനും ദിവസത്തേക്ക് ഞങ്ങള്‍ സുഖമനുഭവിക്കാറുണ്ടായിരുന്നു.” എന്ന് ഇബ്നു അബ്ബാസിനെ ഉദ്ധരിച്ചുകൊണ്ട് സഹീഹു മുസ്ലിം റിപ്പോര്‍ട് ചെയ്യുന്നു. തുഛമായ പ്രതിഫലത്തിന് താല്‍ക്കാലിക വധുക്കളെ കിട്ടാന്‍ അക്കാലത്ത് പ്രയാസമുണ്ടായിരുന്നില്ല എന്നു സാരം. ഇന്ത്യയിലെ മുസ്ലിം വ്യക്തിനിയമം ഈ സമ്പ്രദായത്തെ അനുവദിക്കുന്നുണ്ട്.

സദ്ഗുണകാരികളായ സത്യവിശ്വാസികള്‍ എങ്ങനെയുള്ളവരാണെന്നു വിശദമാക്കിക്കൊണ്ട് ഖുര്‍ ആന്‍ പറയുന്നു:-

وَٱلَّذِينَ هُمْ لِفُرُوجِهِمْ حَافِظُونَ
إِلاَّ عَلَىٰ أَزْوَاجِهِمْ أَوْ مَا مَلَكَتْ أَيْمَانُهُمْ فَإِنَّهُمْ غَيْرُ مَلُومِينَ
عدو لكم فاحذروهم

“തങ്ങളുടെ ലൈംഗികാവയവങ്ങളെ ഭാര്യമാരോ സ്വന്തം അടിമസ്ത്രീകളോ അല്ലാത്തവരില്‍ നിന്നും കാത്തു സൂക്ഷിക്കുന്നവരും, അപ്പോള്‍ അവര്‍ തീര്‍ച്ചയായും ആക്ഷേപിക്കപ്പെടുകയില്ല. എന്നാല്‍ അതിനുമപ്പുറത്തേക്കു വല്ലവരും കടന്നാല്‍ അവര്‍ അതിക്രമകാരികളാണ്.”(23:5-7)

ഈ അതിരു ലംഘിച്ചു വ്യഭിചരിക്കാന്‍ പോകുന്നവര്‍ക്കു കല്ലേറു കൊണ്ടു മരിക്കേണ്ടിവരും. കാരണം ഒരു മുസ്ല്യാര്‍ ഇങ്ങനെ വിശദീകരിക്കുന്നു:-

“അപ്പോള്‍ ഭാര്യമാരെയും അടിമസ്ത്രീകളെയും വിട്ട് അവിഹിത വഴികള്‍ തേടുന്നവര്‍ അങ്ങേയറ്റം അതിക്രമകാരികളാണ്. കാരണം നാലുവരെ ഭാര്യമാരെയും ആവശ്യമായത്ര അടിമസ്ത്രീകളെയും സൌകര്യപ്പെടുത്തുക വഴി അല്ലാഹു വലിയ വിശാലതയാണു ചെയ്തിരിക്കുന്നത്..” (കെ വി മുഹമ്മദ് മുസ്ലിയാര് )


സ്ത്രീ വെറും ഭോഗ വസ്തു


نِسَآؤُكُمْ حَرْثٌ لَّكُمْ فَأْتُواْ حَرْثَكُمْ أَنَّىٰ شِئْتُمْ وَقَدِّمُواْ لأَنْفُسِكُمْ وَٱتَّقُواْ ٱللَّهَ وَٱعْلَمُوۤاْ أَنَّكُمْ مُّلاَقُوهُ وَبَشِّرِ ٱلْمُؤْمِنِينَ
“നിങ്ങളുടെ സ്ത്രീകള്‍ നിങ്ങളുടെ കൃഷിസ്ഥലമാണ്; അതിനാല്‍ നിങ്ങള്‍ ഇച്ഛിക്കുന്നവിധം സ്വന്തം കൃഷിസ്ഥലത്തു നിങ്ങള്‍ക്കു ചെല്ലാം.”( 2:223 )


ലൈംഗികാസ്വാദനത്തിന് പുരുഷന്‍ ഇച്ഛിക്കുന്ന ഏതു വിധത്തിലും അവളുടെ ശരീരം ഉപയോഗിക്കാന്‍ അവനവകാശമുണ്ടെന്നും സ്ത്രീക്ക് അവളുടെ ശരീരത്തിലോ ലൈംഗികതയിലോ ഒരവകാശവും ഇല്ലെന്നും ഈ ഖുര്‍ ആന്‍ വാക്യം അസന്നിഗ്ധമായി പ്രഖ്യാപിക്കുന്നു.

സ്ത്രീകള്‍ക്കു സ്വന്തമായി വികാരങ്ങളുണ്ടെന്ന കാര്യം പോലും‍ പരിഗണിച്ചിരുന്നില്ല. സ്വന്തം ഉടമസ്ഥതയിലുള്ള പുരുഷനുമായി ബന്ധപ്പെടാന്‍ ഖുര്‍ ആന്‍ നിയമപ്രകാരം തനിക്കും അവകാശമുണ്ടെന്നു തെറ്റിദ്ധരിച്ച ഒരു സ്ത്രീയുടെ അനുഭവം നമ്മുടെ മൌദൂദി സാഹിബ് ഉദ്ധരിക്കുന്നുണ്ട് :-


“സ്ത്രീകള്‍ക്കു അടിമകളെ ലൈംഗികാവശ്യത്തിനു ഉപയോഗപ്പെടുത്താന്‍ പാടില്ല. ഖുര്‍ ആനില്‍ , പുരുഷന്മാര്‍ക്കു അടിമസ്ത്രീകളെ ഉപയോഗപ്പെടുത്താന്‍ സ്വാതന്ത്ര്യം നല്‍കുകയും സ്ത്രീകള്‍ക്കതു നിഷേധിക്കുകയും ചെയ്യുന്നു. ഉമറിന്റെ ഭരണകാലത്ത് ഒരു സ്ത്രീ “വമാ മലകത് അയ്മാനുകും” എന്ന ആയത്ത് ദുര്‍വ്യാഖ്യാനം ചെയ്തു. തന്റെ അടിമയുമായി ലൈംഗികത പങ്കു വെച്ചു. ഈ വിവരം ഉമറിനു ലഭിച്ചപ്പോള്‍ , അദ്ദേഹം ഈ പ്രശ്നം സഹാബികളുടെ സദസ്സില്‍ ചര്‍ച്ചക്കു വെച്ചു. എല്ലാവരും ഏകകണ്ഠമായി , അവര്‍ അല്ലാഹുവിന്റെ ഗ്രന്ഥത്തെ ദുര്‍വ്യാഖ്യാനം ചെയ്തു എന്നഭിപ്രായപ്പെട്ടു. മറ്റൊരു സ്ത്രീ ഉമറിനോട് ഇതു പോലൊരു പ്രവൃത്തിക്കു സമ്മതം ചോദിച്ചു. ശക്തമായി എതിര്‍ത്തതിനു ശേഷം ,സ്ത്രീകള്‍ എതിരു പ്രവര്‍ത്തിക്കാത്ത കാലത്തോളം അറബികള്‍ നന്മയില്‍തന്നെയായിരിക്കുമെന്നദ്ദേഹം പറഞ്ഞു.” [പര്‍ദ്ദ, പെജ് 175 ; അബുല്‍ അ അലാ മൌദൂദി] തഫ്ഹീമുല്‍ ഖുര്‍ ആനിലും ഇതുദ്ധരിച്ചിട്ടുണ്ട്.

പ്രവാചന്മാരുടെ മാതൃക
ലക്ഷത്തില്‍ പരം പ്രവാചകന്മാര്‍ വന്നു മാതൃകാ ജീവിതം കാഴ്ച്ച വെച്ചു എന്നൊക്കെയാണു മതം അവകാശപ്പെടുന്നത്. എന്നാല്‍ ഈ പ്രവാചകന്മാര്‍ ഏതേതു കാലഘട്ടത്തില്‍ ജീവിച്ചുവോ ആ കാല‍ഘട്ടത്തിന്റെ മൂല്യങ്ങള്‍ മാതമേ അവരും ഉള്‍ക്കൊണ്ടിരുന്നുള്ളു എന്നു കാണാന്‍ പ്രയാസമില്ല. പ്രവാചകരെ പറഞ്ഞയച്ച ദൈവത്തിനു തന്നെയും സദാചാരത്തെ കുറിച്ച് സ്ഥായിയായ ഒരു സങ്കല്‍പ്പവും ഉണ്ടായിരുന്നുമില്ല!

ആദ്യമനുഷ്യനും ആദ്യ പ്രവാചകനുമായ ആദം നബിയുടെ മക്കള്‍ക്ക് എങ്ങനെയാണു മക്കളുണ്ടായത്? അമ്മയും മകനും തമ്മില്‍ ലൈംഗികബന്ധത്തിലേര്‍പ്പെട്ടതാണോ? അതോ സഹോദരിയും സഹോദരനും തമ്മിലോ? ആദമിനു വേണ്ടി “മണ്ണു കുഴച്ച” ദൈവം എന്തുകൊണ്ട് അല്‍പ്പം കൂടി മണ്ണെടുത്ത് രണ്ടു ജോടി മനുഷ്യരെ സൃഷ്ടിച്ചുകൊണ്ട് സാഹോദര്യബന്ധത്തിന്റെ പവിത്രത കാത്തില്ല?
മാതൃകാ പ്രവാചകനായിരുന്ന ഇബ്രാഹിം നബിക്ക് വേലക്കാരിയിലാണു മക്കള്‍ ജനിച്ചത്? ഇത് സദാചാര വിരുദ്ധമല്ലേ?
ലൂത്ത് നബിയുടെ ‘സദാചാരം’ഇക്കാല‍ത്തു പരസ്യമായിപ്പറയാന്‍ കൊള്ളുന്നതാണോ? അച്ഛനും മകളും തമ്മില്‍ ലൈംഗികബന്ധത്തിലേര്‍പ്പെടുന്നതില്‍ ദൈവത്തിനൊരു മനപ്രയാസവും കാണുന്നില്ലല്ലോ? സ്വന്തം പെണ്മക്കളെ ഒരാള്‍ക്കൂട്ടത്തിനെറിഞ്ഞു കൊടുത്തു കൊണ്ട് “നിങ്ങള്‍ എന്തു വേണമെങ്കിലും ചെയ്തോളൂ” എന്ന് പ്രഖ്യാപിക്കുന്ന ഒരു പ്രവാചകനെയാണു കുര്‍ ആനും പരിചയപ്പെടുത്തുന്നത്.

സുലൈമാന്‍ എന്ന മറ്റൊരു പ്രവാചകന്‍ 1000 പെണ്ണുങ്ങളെ ഭാര്യമാരായി കൂടെ പാര്‍പ്പിച്ചിരുന്നുവെന്നു ചരിത്രം. ഇതെന്തു തരം സദാചാരമാണ്?
99 ഭാര്യമാരുണ്ടായിരുന്ന ദാവീദ് 100 തികച്ച കഥയും പ്രസിദ്ധമാണല്ലോ.
അവസാനത്തെ റോള്‍ മാതൃക യായ മുഹമ്മദിനും അനേകം ഭാര്യമാരും പിന്നെ സമ്മാനം കിട്ടിയ വെപ്പാട്ടിയുമൊക്കെയുണ്ടായിരുന്നു. കൂടാതെ അദ്ദേഹത്തിനു മാത്രമായി കുറെ “പ്രത്യേകാനുമതി”യും![33:50-52]
ആറു വയസ്സുള്ള ബാലികയെ അമ്പതു വയസ്സുള്ള പുരുഷന്‍ വിവാഹം ചെയ്യുന്നതും പ്രവാചക ചര്യയിലെ “ഉത്തമ മാതൃക”യായി നാം സ്വീകരിക്കണോ?

ഉപരി വര്‍ഗ്ഗത്തിന്റെ സദാചാരം
ചുരുക്കത്തില്‍ ഇന്നത്തെ ഭദ്രകുടുംബം എന്ന സദാചാര സങ്കല്‍പ്പം ചരിത്രത്തിന്റെ ആധുനിക ഘട്ടത്തില്‍ മാത്രം രൂപം കൊണ്ടതാണെന്നര്‍ത്ഥം.
പ്രവാചകര്‍ക്കും സമ്പന്നര്‍ക്കും വിപുലമായ അവകാശങ്ങള്‍ അനുവദിച്ചു കൊടുത്ത മതം അടിമകളോടും ദരിദ്രരോടും ഉപദേശിച്ചത് മറ്റൊരു സദാചാരമാണ്. ഇസ്ലാമില്‍ അടിമക്കു നാലു വിവാഹം കഴിക്കാന്‍ അവകാശമില്ല. അടിമപ്പെണ്ണിനു ഭര്‍ത്താവുണ്ടെങ്കിലും യജമാനനാണ് അവളെ ആസ്വദിക്കാനുള്ള അവകാശം! അടിമസ്ത്രീ മാറു മറയ്ക്കാനും പാടില്ല. അവളുടെ ഔറത്ത് “മുട്ടു പൊക്കിളിനിടയിലുള്ളത്”മാത്രം! വിവാഹം കഴിക്കാനോ അടിമയെ വാങ്ങാനോ കഴിവില്ലാത്ത ദരിദ്രപുരുഷന്മാരോട് വികാരം നിയന്ത്രിച്ചു ജീവിക്കാനാണു മതം ഉപദേശിക്കുന്നത്.

വിവാഹമോചനം, ബഹുഭാര്യത്വം, സ്വത്ത്വകാശം, കുടുംബ നേതൃത്വം, പൊതുജീവിതം, സാക്ഷിനിയമം എന്നിങ്ങനെ സമസ്ത മേഖലയിലും തികഞ്ഞ പുരുഷാധിപത്യമാണു മതം വിഭാവനം ചെയ്യുന്നത്.

വ്യഭിചാരവും ശിക്ഷയും

 മതം നിശ്ചയിച്ച അതിരുകള്‍ ലംഘിച്ചു വ്യഭിചാരത്തിലേര്‍പ്പെടുന്നവര്‍ക്കു കഠിനമായ ശിക്ഷയാണു വിധിച്ചിട്ടുള്ളത്. വിവാഹിതര്‍ വ്യഭിചരിച്ചാല്‍ അവരെ കല്ലെറിഞ്ഞു കൊല്ലണം. ഇതു കുര്‍ ആനില്‍ ഇല്ലെങ്കിലും സുന്നത്തിലുണ്ട്.- കുര്‍ ആനില്‍ ഉണ്ടായിരുന്നുവെന്നും ക്രോഡീകരണവേളയില്‍ നഷ്ടപ്പെട്ടുവെന്നും ഹദീസുകളില്‍ പറയുന്നു -അവിവാഹിതര്‍ക്കു പ്രഹരശിക്ഷയും സ്ത്രീക്കു മരണം വരെ വീട്ടുതടവുമൊക്കെയാണു കുര്‍ ആന്‍ വിധിച്ചിട്ടുള്ള ശിക്ഷ.

ഉഭയകക്ഷി സമ്മതത്തോടെ നടക്കുന്ന ലൈംഗിക ബന്ധമാണിവിടെ കടുത്ത ശിക്ഷയര്‍ഹിക്കുന്ന കുറ്റമായി മതം കാണുന്നത്. എന്നാല്‍ സ്ത്രീയെ ബലാത്സംഗം ചെയ്യുന്ന പുരുഷന് കുര്‍ ആനിലോ സുന്നത്തിലോ ശിക്ഷയൊന്നും പറയുന്നില്ല. അങ്ങനെയൊരു കുറ്റകൃത്യം തന്നെ ഇസ്ലാമിന്റെ സദാചാരപ്പട്ടികയില്‍ ഇല്ല. ഒരു സ്ത്രീ തന്നെ ലൈംഗികമായി ആക്രമിച്ച പുരുഷനെതിരെ പരാതിയുന്നയിച്ചാലോ? അവള്‍ നാലു ദൃക്‌സാക്ഷികളെ ഹാജറാക്കിയില്ലെങ്കില്‍ അവള്‍ക്കാണു ചാട്ടവാറടി ! ബലാത്സംഗത്തില്‍ ഗര്‍ഭിണിയായാല്‍ അവള്‍ കല്ലെറിഞ്ഞു കൊല്ലപ്പെടാനാണു സാധ്യത.!
നിസ്സാരമായ കുറ്റത്തിനു കല്ലെറിഞ്ഞു കൊല്ലല്‍ ‍; അതി ഗുരുതരമായ കുറ്റത്തിനു ശിക്ഷയില്ല. ‘ഇര’ ശിക്ഷിക്കപ്പെടുകയും ചെയ്യും !


ഗോത്ര കാലത്തെ പ്രതികാരനിയമങ്ങള്‍


കണ്ണിനു കണ്ണ്; പല്ലിനു പല്ല് എന്ന ഗോത്രനീതിയെ കുര്‍ ആനും ആവര്‍ത്തിക്കുന്നു. മലയാളിയായ നൌഷാദ് എന്ന യുവാവിന്റെ കണ്ണു ചൂഴ്ന്നെടുകാന്‍ സൌദി കോടതി വിധിച്ച സംഭവം ഓര്‍ക്കുന്നില്ലേ? തുല്യ നഷ്ടം വരുത്തി പ്രതിക്രിയ ചെയ്യുക എന്ന ഗോത്രകാലയുക്തിയാണിവിടെ ‘ദൈവം’ ശരി വെക്കുന്നത്. കൊല‍ക്കുറ്റത്തിനും ഇത്തരം പ്രതികാരം ചെയ്യാനാണു കുര്‍ ആന്‍ നിര്‍ദ്ദേശിക്കുന്നത്.
يٰأَيُّهَا ٱلَّذِينَ آمَنُواْ كُتِبَ عَلَيْكُمُ ٱلْقِصَاصُ فِي ٱلْقَتْلَى ٱلْحُرُّ بِالْحُرِّ وَٱلْعَبْدُ بِٱلْعَبْدِ وَٱلأُنثَىٰ بِٱلأُنْثَىٰ فَمَنْ عُفِيَ لَهُ مِنْ أَخِيهِ شَيْءٌ فَٱتِّبَاعٌ بِٱلْمَعْرُوفِ وَأَدَآءٌ إِلَيْهِ بِإِحْسَانٍ ذٰلِكَ تَخْفِيفٌ مِّن رَّبِّكُمْ وَرَحْمَةٌ فَمَنِ ٱعْتَدَىٰ بَعْدَ ذٰلِكَ فَلَهُ عَذَابٌ أَلِيمٌ
“ഹേ വിശ്വാസികളേ! കൊല്ലപ്പെട്ടവരുടെ കാര്യത്തില്‍ പ്രതികാരം ചെയ്യല്‍ നിങ്ങള്‍ക്കു നിയമമാക്കിയിരിക്കുന്നു. അതായത് സ്വതന്ത്രനു സ്വതന്ത്രനും അടിമയ്ക്ക് അടിമയും സ്ത്രീയ്ക്കു സ്ത്രീയും എന്ന നിലയില്‍ ”(2:178)

കൊലക്കു പകരം കൊല എന്ന ഗോത്ര നീതിയെ ശരിവെക്കുന്നതോടൊപ്പം പകരക്കൊലയില്‍ ‘സമത്വം’ പാലിക്കല്‍ നിര്‍ബ്ബന്ധമാക്കുക കൂടിയാണ് ഈ ഖുര്‍ ആന്‍ വാക്യത്തിന്റെ ഉദ്ദേശ്യമെന്ന് വ്യാഖ്യാതാക്കള്‍ വിശദീകരിക്കുന്നു.
“കൊല‍ക്കു പകരം കൊല എന്ന സമ്പ്രദായം അറബികളിലും വേദക്കാരിലും മുമ്പേ പതിവുണ്ടായിരുന്നു. പക്ഷേ അതില്‍ നീതിയും സമത്വവും പാലിക്കപ്പെട്ടിരുന്നില്ല. ....പ്രതിക്രിയ നടത്തല്‍ നിയമമാക്കിയിരിക്കുന്നു എന്നു പറഞ്ഞാല്‍ കൊന്നവനെ കൊല്ലല്‍ നിര്‍ബ്ബന്ധമാണെന്നല്ല; പ്രതിക്കൊലയില്‍ സമത്വവും നീതിയും പാലിക്കണം എന്നാണുദ്ദേശ്യം. സ്വതന്ത്രനു സ്വതന്ത്രനും അടിമക്ക് അടിമയും സ്ത്രീക്കു സ്ത്രീയും എന്ന് പറഞ്ഞത് അതിന്റെ വിശദീകരണമത്രേ.”[ഖുര്‍ ആന്‍ വിവരണം-അമാനിമൌലവി]

ഒരു ഗോത്രത്തിലെ സ്ത്രീയാണു കൊല്ലപ്പെട്ടതെങ്കില്‍ പകരം കൊലയാളിയുടെ ഗോത്രത്തിലെ ഒരു സ്ത്രീയെ മാത്രമേ കൊല്ലാവൂ എന്നും , അടിമയെ കൊന്നാല്‍ , കൊലയാളി സ്വതന്ത്രനാണെങ്കിലും അയാളുടെ ഗോത്രത്തിലെ ഒരടിമയെ മാത്രമേ പകരം വധിക്കാവൂ എന്നുമാണ് ഖുര്‍ ആന്‍ ഉപദേശിക്കുന്നത്. കൊല്ലപ്പെടുന്നവരുടെ ‘വിലനിലവാരം’ പരിഗണിക്കാതെയുള്ള ജാഹിലിയ്യാ കാലത്തെ പ്രതിക്രിയാരീതിയില്‍ കാലോചിതമായ ഭേദഗതി വരുത്തിക്കൊണ്ട് ഇക്കാര്യത്തില്‍ സമത്വവും നീതിയും നടപ്പിലാക്കാന്‍ അവതരിപ്പിച്ചതാണത്രേ ഈ വെളിപാട്. ഖുര്‍ ആന്‍ വ്യാഖ്യാതാക്കളെയും കര്‍മ്മശാസ്ത്രവിദഗ്ധരെയും ഒരുപാട് ആശയക്കുഴപ്പത്തിലാക്കിയ ഒന്നാണീ സൂക്തമെന്നും അമാനിമൌലവി തുടര്‍ന്നെഴുതുന്നു:-

“എന്നാല്‍ ഒരടിമയെ ഒരു സ്വതന്ത്രനോ, അല്ലെങ്കില്‍ മറിച്ചോ ഒരു സ്ത്രീയെ ഒരു പുരുഷനോ, അല്ലെങ്കില്‍ മറിച്ചോവധിച്ചുവെങ്കിലോ? ഇതിനെപ്പറ്റിയൊന്നും ഇവിടെ വിവരിക്കുന്നില്ല. അതുകൊണ്ട് പണ്ഡിതന്മാര്‍ക്കിടയില്‍ ഇതിന്റ്റെ വിശദീകരണത്തില്‍ അഭിപ്രായവ്യത്യാസങ്ങള്‍ കാണാം. ആ അഭിപ്രായങ്ങളുംന്‍ തെളിവികളും ന്യായങ്ങളും ഉദ്ധരിക്കുന്ന പക്ഷം അതു കുറേ ദീര്‍ഘിച്ചു പോക്മെന്നതിനാല്‍ ഇവിടെ അതിലേക്കു പ്രവേശിക്കുന്നില്ല.” (ഖുര്‍ ആന്‍ വിവരണം)

ഈ ഖുര്‍ ആന്‍വാക്യത്തിന്റെ യഥാര്‍ത്ഥ വിവക്ഷയെന്തെന്നോ ഇക്കാര്യത്തില്‍ പണ്ഡിതന്മാര്‍ക്കിടയിലെ അഭിപ്രായഭിന്നതകള്‍ എന്തെല്ലാമെന്നോ വിവരിക്കാതെ മുജാഹിദ് പണ്ഡിതന്‍ ഒഴിഞ്ഞു മാറുന്നത് ശ്രദ്ധേയമാണ്. ജമാ അത്ത് ഗുരു മൌദൂദിയാകട്ടെ തന്റെ’തഫ്ഹീം’ല്‍ ഈ വാക്യത്തിനു സ്വന്തം യുക്തികൊണ്ട് വ്യാഖ്യാനം കണ്ടെത്തുകയാണു ചെയ്തത്. ഇക്കാലത്തു മനുഷ്യരോടു പറയാന്‍ കൊള്ളാത്ത കാര്യമാണ് ഇവിടെ’അല്ലാഹു’വെളിപ്പെടുത്തിയിട്ടുള്ളതെന്ന തിരിച്ചറിവു തന്നെയായിരിക്കാം ഇവരുടെ ഉരുണ്ടുകളിക്കു കാരണം!

എല്ലാ മനുഷ്യജീവനും തുല്യ വിലയാണുള്ളതെന്ന ആധുനിക മനുഷ്യാവകാശ തത്വം ഇസ്ലാമിനു സ്വീകാര്യമല്ല എന്നതു മാത്രമല്ല ഇവിടെ പ്രശ്നം. ഒരു കുറ്റവും ചെയ്യാത്ത നിരപരാധികളായ മനുഷ്യരെ വെറും പ്രതികാരക്രിയയിലെ ‘സമത്വപാലന’ത്തിന്റെ പേരില്‍ കൊല ചെയ്യണമെന്ന പ്രാകൃത ഗോത്രനീതിയാണിവിടെ ദൈവത്തിന്റെ വെളിപാടെന്ന പേരില്‍ ഖുര്‍ ആന്‍ അവതരിപ്പിച്ചിട്ടുള്ളത്. കുറ്റം ചെയ്തവരും അതിനു കൂട്ടു നിന്നവരും പ്രേരിപ്പിച്ചവരും ഉള്‍പ്പെടെയുള്ള കുറ്റവാളികള്‍ക്കു ഉചിതമായ ശിക്ഷ നല്‍കുകയും ‍അവരില്‍നിന്നു നഷ്ടപരിഹാരം ഈടാക്കുകയും ചെയ്യുക എന്നതാണു ആധുനിക സമൂഹം അംഗീകരിച്ചിട്ടുള്ള നീതിനിര്‍വ്വഹണരീതി. കുറ്റം ചെയ്തവര്‍ക്കു ‘തുല്യ നഷ്ടം’ വരുത്തുന്നതിനായി അയാളുടെ കുടുംബാംഗങ്ങളെ വധിക്കുക, സ്വത്തുക്കള്‍ നശിപ്പിക്കുക മുതലായ സമ്പ്രദായങ്ങള്‍ അപരിഷ്കൃത സമൂഹങ്ങളില്‍ മുന്‍പു കാലത്തുണ്ടായിരുന്നു.അത്തരം മനുഷ്യത്വരഹിതവും അയുക്തികവുമായ ഗോത്രാചാരങ്ങളെ ശരിവെക്കാന്‍ മാത്രം ബുദ്ധിശൂന്യതയും നെറികേടും, നീതിമാനും സര്‍വ്വജ്ഞാനിയുമായ ഒരു ദൈവത്തില്‍നിന്നു പ്രതീക്ഷിക്കാവതല്ല!

ഖുര്‍ ആന്റെ ഈ ഉപദേശം ഇക്കാലത്തു നടപ്പിലാക്കിയാല്‍ എങ്ങനെയിരിക്കുമെന്നതിന് ഒരു ഉദാഹരണം നോക്കാം. ഒരു കൊള്ളക്കാരന്‍ ഒരു വീട്ടില്‍ കയറി കൊള്ള നടത്തുന്നതിനിടെ വീട്ടമ്മയായ സ്ത്രീയെയും അവരുടെ രണ്ടു വയസ്സായ കുഞ്ഞിനെയും കൊലപ്പെടുത്തിയെന്നു സങ്കല്‍പ്പിക്കുക. അല്ലാഹു ഉപദേശിച്ചതനുസരിച്ച് കൊല്ലപ്പെട്ട സ്ത്രീയുടെ ബന്ധുക്കള്‍ ചെയ്യേണ്ടത് ആ കൊലയാളിയുടെ കുടുംബത്തില്‍ ചെന്ന് അയാളുടെ ഭാര്യയെയും തുല്യ പ്രായത്തിലുള്ള കുഞ്ഞിനേയും തെരഞ്ഞു പിടിച്ച് കൊല്ലുകയാണ്! കൊല്ലപ്പെട്ടത് ഒരു സ്ത്രീയും കുഞ്ഞു മായതുകൊണ്ട് പകരം കൊലയാളിയായ പുരുഷനെ കൊല്ലുന്നത് നീതിയല്ല. എന്തുകൊണ്ടെന്നാല്‍ പുരുഷന്റെ മൂല്യവും സ്ത്രീയുടെ മൂല്യവും തുല്യമല്ലല്ലോ!!

ഖുര്‍ ആന്റെ കര്‍ത്താവു നീതിമാനായ ഒരു ദൈവമായിരുന്നെങ്കില്‍ ഈ വാക്യം ഇപ്രകാരമായിരുന്നേനെ:
“ഹേ വിശ്വാസികളേ, കുറ്റം ചെയ്യാത്തവരെ പ്രതികാരത്തിന്റെ പേരില്‍ ഇനി മേല്‍ നിങ്ങള്‍ ഹിംസിക്കരുത്. എല്ലാ മനുഷ്യരും തുല്യരാണ്. അതിനാല്‍ കുറ്റവാളികളെ മാത്രം ശിക്ഷിക്കുക.”

ഉപസംഹാരം.
നാം ജീവിക്കുന്ന കാലഘട്ടത്തിനും ദേശ സംസ്കാരഥിനും അനുയോജ്യമായാണു നമ്മുടെ മൂല്യ സങ്കല്‍പ്പങ്ങള്‍ രൂപപ്പെടുന്നത്. മതമൂല്യങ്ങളില്‍ അതിനോടു പൊരുത്തപ്പെടാത്ത കാര്യങ്ങള്‍ കാണുമ്പോള്‍ നാം അസ്വസ്ഥരാവുകയും അതിനെ വളച്ചൊടിച്ച് ഇന്നത്തെ സദാചാരത്തിനനുസരിച്ചു വ്യാഖ്യാനിക്കാന്‍ ശ്രമിക്കുകയുമാണിന്നു ചെയ്യുന്നത്. സദാചാരം മതം സംരക്ഷിച്ചതും ദൈവം ഇറക്കിത്തന്നതുമാണെന്നു നമ്മള്‍ പറയുകയും ചെയ്യുന്നു.

സ്വതന്ത്ര ചിന്തകരായ യുക്തിവാദികള്‍ ഇതംഗീകരിക്കുന്നില്ല. സദാചാരം സ്ഥായിയോ കേവലമോ മാറ്റാന്‍ പാടില്ലാ‍ത്തതോ അല്ല. ഒരോ പ്രശ്നവും അതിന്റെ സാഹചര്യങ്ങളും സന്ദര്‍ഭങ്ങളുമൊക്കെ സ്വതന്ത്രമായി വിശകലനം ചെയ്ത ശേഷം യുക്തിപൂര്‍വ്വം അതിന്റെ ശരിതെറ്റുകളെ മനസ്സിലാക്കി ഉചിതമായ നിലപാടെടുക്കുക എന്ന രീതിയാണു യുക്തിവാദം . അതുകൊണ്ടു തന്നെ യുക്തിവാദിക്കു റെഡി മെയ്ഡായ ഒരു സദാചാര പ്പട്ടിക എല്ലാ കാല‍ത്തേക്കും ദേശത്തേക്കുമായി ഉണ്ടാക്കി വെക്കാന്‍ കഴിയില്ല. ജനാധിപത്യം, മതനിരപേക്ഷമാനവികത, ലിംഗനീതി, സമത്വം , സമാധാനം, സ്വാതന്ത്ര്യം തുടങ്ങിയ നവ സാമൂഹ്യ സങ്കല്‍പ്പങ്ങളാണു യുക്തിവാദി സദാചാരത്തിനു മാനദണ്ഡമാക്കുന്നത്. ഈ മൂല്യങ്ങളൊന്നും മതങ്ങളോ ദൈവങ്ങളോ സംഭാവന‍ ചെയ്തതല്ല. യുക്തിചിന്തകരായ മതനിഷേധികളുടെ സര്‍ഗ്ഗ സംഭാവനകളാണ്.

നബിയെക്കുറിച്ച് അശ്ലീലം പറയുന്നുവെന്നോ?

എന്നാല്‍ ജീവിച്ചിരിക്കുന്നതോ മരിച്ചതോ ആയ മറ്റേത് മനുഷ്യനെക്കുറിച്ചും ആരും പ്രയോഗിക്കാത്ത അത്രയും കടുത്ത അശ്ലീല പ്രയോഗങ്ങള്‍ മുഹമ്മദ് നബിയെക്കുറിച്ചാകുമ്പോള്‍ അതാണ് യുക്തി. ഇസ്‌ലാമിനെതിരെ പ്രതികരിക്കുമ്പോള്‍ ഡോസ് കൂട്ടണമെന്ന തത്വശാസ്ത്രവും. ഈ വിഷയത്തില്‍ ചര്‍ച നീട്ടികൊണ്ടു പോകാന്‍ എനിക്ക് ഇനി താല്‍പര്യമില്ല....
_____________________________________________________________________അടുത്ത കാലത്തായി എന്റെ ബ്ലോഗിലെത്തി മറുപടി പറഞ്ഞുകൊണ്ടിരിക്കുന്ന സി കെ ലത്തീഫിന്റെ ഒടുവിലെ കമന്റുകളിലൊന്നില്‍ കണ്ടതാണു മേല്‍ ഉദ്ധരിച്ചിരിക്കുന്ന വരികള്‍ . അദ്ദേഹം രംഗത്തു വന്നതില്‍ പിന്നെ അവതരിപ്പിച്ച ഏതെങ്കിലും കുറിപ്പിലെ പ്രത്യേക പരാമര്‍ശങ്ങളെയാണോ ഇവിടെ ഉദ്ദേശിക്കുന്നത് എന്നു വ്യക്തമല്ല. അതോ മുമ്പു തന്നെ രംഗത്തുണ്ടായിരുന്നവരും പിന്നീട് ഇതേ കാരണം പറഞ്ഞു പിന്മാറിയരുമായ ചില സുഹൃത്തുക്കളുടെ സമ്മര്‍ദ്ദമാണോ എന്നും അറിയില്ല. ഏതായാലും ഈ ആരോപണത്തിന്റെ മനശ്ശാസ്ത്രവും വസ്തുതയും അല്‍പ്പമൊന്നു വിശദീകരിക്കണമെന്നു തോന്നുന്നു. ഞാന്‍ ഇസ്ലാം എന്ന പ്രത്യയശാസ്ത്രത്തിന്റെ പോരായ്മകളും വൈരുദ്ധ്യങ്ങളും ചൂണ്ടിക്കാണിക്കാനാണു ശ്രമിച്ചുകൊണ്ടിരിക്കുന്നതെന്ന് എന്നെ വായിക്കുന്ന എല്ലാവര്‍ക്കും അറിയാം. ഇസ്ലാമില്‍ മുഹമ്മദ് നബി വെറും ഒരു മനുഷ്യനോ നേതാവോ മാത്രമല്ല. മുസ്ലിം മനസ്സുകളില്‍ അല്ലാഹു എന്ന ദൈവത്തോടൊപ്പം -ഒരു പക്ഷെ ദൈവത്തെക്കാള്‍ ഒരു പടി ഉയരത്തില്‍- പ്രതിഷ്ഠിക്കപ്പെട്ടിട്ടുള്ള ഒരു ആരാധ്യബിംബമാണു നബി. അദ്ദേഹത്തിന്റെ ദിന ചര്യകളെ അതേ പടി അനുകരിക്കലാണു ലോകമുള്ളേടത്തോളം കാലം മനുഷ്യ സമൂഹത്തിന്റെ മൊത്തം കടമയെന്നാണു ശരാശരി മുസ്ലിമിന്റെ വിശ്വാസം. അതിനാല്‍ തന്നെ അദ്ദേഹത്തെകുറിച്ചുള്ള ഏതൊരു പരാമര്‍ശവും വിശ്വാസിവൃന്ദത്തിനു വളരെ ഗൌരവമുള്ള കാര്യം തന്നെയായിരിക്കും.

എന്റെ വിമര്‍ശനങ്ങളില്‍ നബി ഒരു പരാമര്‍ശവിഷയമായി കടന്നു വരുന്നതിന്റെ കാരണവും മറ്റൊന്നല്ല. നബി ജീവിച്ചിരുന്ന കാലഘട്ടവും ദേശവും അന്നത്തെ സംസ്കാരവും മൂല്യനിലവാരവുമൊന്നും പരിഗണിക്കാതെ അദ്ദേഹത്തിന്റെ ചെയ്തികളെ അതേ പടി അനുകരിക്കണം എന്ന മൂഡവിശ്വാസമാണു വിമര്‍ശനവിധേയമാകേണ്ടതെന്നു ഞാന്‍ കരുതുന്നു. ഞാന്‍ നബിയെക്കുറിച്ച് അശ്ലീലം പറയുന്നു എന്ന് ആരോപിക്കുന്നവരെ അങ്ങനെ പറയാന്‍ പ്രേരിപ്പിക്കുന്ന മനശ്ശാസ്ത്രം എന്താണ്? നബിയെ കുറിച്ച് വസ്തുതാവിരുദ്ധമായ എന്തെങ്കിലും ആരോപണം ഞാനോ മറ്റു വിമര്‍ശകരോ ഉന്നയിച്ചിട്ടുണ്ടോ? അശ്ലീലം എന്നു വിശേഷിപ്പിക്കാവുന്ന എന്തു കാര്യമാണു പ്രവാചകനെക്കുറിച്ചു പറഞ്ഞിട്ടുള്ളത്? ഇതൊക്കെ കൂടുതല്‍ വിശകലനം വേണ്ടകാര്യങ്ങളാണെന്നു തോന്നുന്നു.
അശ്ലീലവും ശ്ലീലവും ശരിതെറ്റുകളുമൊക്കെ ആപേക്ഷികവും കാലദേശ ബന്ധിതവുമാണെന്നു ഞാന്‍ ആദ്യമേ വിവരിച്ചിട്ടുള്ളതാണ്. അതുകൊണ്ടു തന്നെ നബിയെക്കുറിച്ച് ഞാന്‍ പറഞ്ഞിട്ടുള്ള ഒരു കാര്യവും അശ്ലീലമാണെന്നോ തെറ്റാണെന്നോ എനിക്കു തോന്നിയിട്ടില്ല. അദ്ദേഹം ചെയ്തതെല്ലാം ശ്ലീലവും ശരിയും ആയിരുന്നു. ആ കാല‍ത്തിന്റെ മൂല്യസങ്കല്‍പ്പങ്ങള്‍ക്കനുസൃതമായിരുന്നു എന്നര്‍ത്ഥം. എന്നാല്‍ ഇന്നത്തെ മൂല്യബോധമനുസരിച്ച് നബിചര്യകളെ നോക്കിക്കാണുമ്പോള്‍ അതില്‍ പലതും നമുക്ക് അശ്ലീലമായും സദാചാരവിരുദ്ധമായും അനുഭവപ്പെടാം. ഈ അടിസ്ഥാന വസ്തുത കണക്കിലെടുക്കാതെ നബിയെ ഇകഴ്ത്തുന്നു അവഹേളിക്കുന്നു എന്നൊക്കെ അരോപിക്കുകയാണു വിശ്വാസികള്‍ . വിമര്‍ശകര്‍ നബിചര്യകളെ ഇന്നത്തെ കോണ്ടക്സ്റ്റില്‍ വിലയിരുത്തുന്നത് നബി വളരെ മോശക്കാരനായിരുന്നു എന്നു സ്ഥാപിക്കാനല്ല. അദ്ദേഹം ജീവിച്ച കാലത്തെ ശരിതെറ്റുകളുടെ അടിസ്ഥാന്ത്തിലല്ല ഇന്നും നാളെയും മനുഷ്യര്‍ ജീവിതം നയിക്കേണ്ടത് എന്നു വിശ്വാസികളെ ധരിപ്പിക്കാന്‍ മാത്രമാണ്.
ഉദാഹരണങ്ങള്‍ പറഞ്ഞാല്‍ പിന്നെയും ഇതേ ആരോപണം വന്നേക്കാം. പക്ഷെ അതുകൊണ്ടു മാത്രം പറയാതിരിക്കാനാവില്ല. പറയുന്നത് നബിയെ അവഹേളിക്കാനല്ല എന്നു മനസ്സിലാക്കുക.

മുഹമ്മദ് നബിക്ക് അനേകം ഭാര്യമാരുണ്ടായിരുന്നു എന്ന പരാമര്‍ശമാണ് “അശ്ലീലം” എങ്കില്‍ ആ അശ്ലീലം മതപാഠശാലകളിലെ കുട്ടികളെപ്പോലും പഠിപ്പിക്കുന്നത് എന്തടിസ്ഥാനത്തില്‍ ? അദ്ദേഹത്തിന്റെ ഭാര്യമാരുടെ എണ്ണമെത്ര എന്ന കാര്യത്തില്‍ പോലും ചരിത്രകാരന്മാര്‍ക്കിടയില്‍ തര്‍ക്കമാണ്. ആ തര്‍ക്കം പോലും മതപാഠശാലകളില്‍ പഠിപ്പിക്കുന്നു എന്തിന്? നല്ല മനുഷ്യരായി നമ്മുടെ കുട്ടികള്‍ വളരാന്‍ നബിയുടെ വ്യക്തിജീവിതത്തിലെ അപ്രസക്തമായ കാര്യങ്ങള്‍ പഠിക്കേണ്ടതുണ്ടോ? അദ്ദേഹത്തിനു വെപ്പാട്ടിയുണ്ടായിരുന്നുവെന്നും ആ വെപ്പാട്ടിയില്‍ അദ്ദേഹത്തിനു കുട്ടി ജനിച്ചുവെന്നും ഞാന്‍ മദ്രസയില്‍ പഠിച്ചിട്ടുണ്ട്. അതു പഠിച്ച പ്രായത്തില്‍ എന്താണു വെപ്പാട്ടി എന്ന് എനിക്കു മനസ്സിലായിരുന്നില്ല. ഇബ്രാഹിം നബിക്കും വെപ്പാട്ടിയിലാണു കുട്ടി ജനിച്ചതെന്നു മദ്രസയില്‍ പഠിപ്പിച്ചിരുന്നു. ഇന്നത്തെ ഒരു മൂല്യ ബോധമുള്‍ക്കൊണ്ടു ചിന്തിക്കുമ്പോള്‍ ഇതൊക്കെ അശ്ലീലമാണ്. അതുകൊണ്ട് ഈ പരാമര്‍ശങ്ങളൊക്കെ പ്രവാചകനിന്ദയും അശ്ലീലവുമാണെന്നു പറയാനാകുമോ? അങ്ങനെയെങ്കില്‍ നബിയുടെ ജീവിതം അപ്പാടെ അശ്ലീലമയം ആണെന്നു പറയേണ്ടി വരും. ശരിതെറ്റുകളെ കുറിച്ചുള്ള ഈ അടിസ്ഥാനപ്രശ്നത്തില്‍ തന്നെയാണു നാം തമ്മിലുള്ള തര്‍ക്കം. അതു മനസ്സിലാക്കിത്തരാന്‍ വേണ്ടി ത്തന്നെയാണു നബിജീവിതത്തിലെ ഇത്തരം കാര്യങ്ങള്‍ ചര്‍ച്ച ചെയ്യുന്നത്. അതൊന്നും ഇന്നത്തെ വിശ്വാസി സുഹൃത്തുക്കള്‍ക്കു ഇഷ്ടപ്പെടാതിരിക്കുന്നതിന്റെ മനശ്ശാസ്ത്രവും അതു തന്നെ. നമ്മുടെ നബിയുടെ ചര്യകള്‍ പലതും അശ്ലീലമായിരുന്നു എന്നു നമുക്കു തന്നെ തോന്നുന്നു എന്നതാണു പ്രശ്നം. അങ്ങനെ തോന്നേണ്ടതില്ല എന്നാണെനിക്കു മാന്യസുഹൃത്തുക്കളോടു പറയാനുള്ളത്. നബി ജീവിച്ച കാലത്തല്ല നാം ജീവിക്കുന്നത്. അദ്ദേഹത്തിന്റെ ദിനചര്യകളെ അനുകരിക്കലല്ല നമ്മുടെ കടമ. അത്രയും അംഗീകരിച്ചാല്‍ ഈ അശ്ലീലാരോപണത്തില്‍ കഴമ്പില്ലെന്നു മനസ്സിലാക്കാന്‍ പ്രായാസമുണ്ടാകില്ല.

നബി 50 വയസ്സിനു മുകളില്‍ പ്രായമുള്ളപ്പോള്‍ വെറും ആറു വയസ്സുള്ള [ഒമ്പതെന്നും തര്‍ക്കം] പിഞ്ചു ബാലികയെ കല്യാണം കഴിച്ചു. അത് അശ്ലീലമായിരുന്നില്ല അന്ന്. ഇന്നോ? അശ്ലീലമാണെന്നു നമുക്കു തന്നെ സമ്മതിക്കേണ്ടി വരുന്നു. അതുകൊണ്ടാണല്ലോ ഇക്കാര്യമൊക്കെ വിമര്‍ശകര്‍ പറയുമ്പോള്‍ നബിയെ അവഹേളിക്കുന്നു എന്നു വിശ്വാസികള്‍ക്കു തോന്നുന്നത്. നബി ഒട്ടകപ്പുറത്തു യാത്ര ചെയ്തു എന്നു പറയുമ്പോള്‍ അദ്ദേഹത്തെ നാം കൊച്ചാക്കുന്നു എന്ന് ആര്‍ക്കും തോന്നാനിടയില്ല. എന്നാല്‍ നമ്മളെല്ലാരും ഇക്കാലത്തും ഒട്ടകപ്പുറത്തേ യാത്ര ചെയ്യാവൂ, അതാണു സുന്നത്ത് എന്ന് ആരെങ്കിലും പറഞ്ഞാല്‍ ഇന്ന് അതാകും അശ്ലീലം! ലതീഫിന്റെ രണ്ടാംക്ലാസില്‍ പഠിക്കുന്ന മകളെ “പെണ്ണു കാണാനും” കല്യാണമാലോചിക്കാനുമായി ശൈഖ് മുഹമ്മദോ കാട്ടിപ്പരുത്തിയോ വീട്ട്ല് വന്നാല്‍ ലതീഫ് അവരെ സ്വീകരിക്കുക ചൂലുകൊണ്ടായിരിക്കുമെന്ന് നമുക്കൊക്കെ ഉറപ്പല്ലേ? എന്താ പ്രവാചകചര്യയനുസരിച്ചല്ലേ ഞാന്‍ വന്നത് എന്നു അവര്‍ ചോദിച്ചാലോ? കാര്യം ചൂലിനും അപ്പുറത്തേക്കാകും ! ഇതു ഞാന്‍ നിങ്ങളെ കളിയാക്കാനോ പ്രകോപിപ്പിക്കാനോ പറഞ്ഞതല്ല. ശ്ലീലവും അശ്ലീലവുമൊക്കെ കാലദേശ ഭേദങ്ങള്‍ക്കനുസൃതമാണെന്നു ചൂണ്ടിക്കാണിക്കാന്‍ മാതം ഉദ്ദേശിച്ചു പറഞ്ഞതാണ്.

പ്രവാചകന്‍ നിരവധി ഗോത്രങ്ങളെ പതുങ്ങിച്ചെന്ന് ആക്രമിക്കുകയും കൊള്ള ചെയ്യുകയും ചെയ്തുവെന്നു ചരിത്രകാരന്മാരും ഹദീസ് കര്‍ത്താക്കളും സാക്ഷാല്‍ കുര്‍ ആന്‍ തന്നെയും നമ്മോടു പറയുന്നു. ഇക്കാര്യം ഞാന്‍ ഉദ്ധരിച്ചാല്‍ ഞാന്‍ നബിയെ കൊള്ളക്കാരനാക്കി എന്നാണാരോപണം. ഇവിടെയും നാം ആ കാല‍ഘട്ടത്തിന്റെ സംസ്കാരവും രീതികളും ഉള്‍ക്കൊള്ളാതെയാണു ആരോപണപ്രത്യാരോപണങ്ങള്‍ നടത്തുന്നത്. കൊള്ള അക്കാല‍ത്ത് ഒരു ക്രിമിനല്‍ കുറ്റമായിരുന്നില്ല. വെറും ഒരു സാധാരണ ഉപജീവനമാര്‍ഗ്ഗവും അംഗീകൃത തൊഴിലും ആയിരുന്നു. ഇന്ന് അങ്ങനെ പറഞ്ഞാല്‍ നമുക്കതുള്‍ക്കൊള്ളാനേ കഴിയില്ല. കാരണം ഇന്നത്തെ മൂല്യബോധം ഒരുപാടു മാറി എന്നതാണ്. നബി കൊള്ള നടത്തിയെന്നും അല്ലാഹു തനെ അതിനനുവാദം നല്‍കിയെന്നുമൊക്കെ ഈ മത ഗ്രന്ഥങ്ങളില്‍ വ്യക്തമായി രേഖപ്പെടുത്തി വെക്കാന്‍ കാരണവും, അതൊക്കെ തെറ്റാണെന്ന് ആ ഗ്രന്ഥകാരന്മാര്‍ക്കു പോലും അക്കാല‍ത്തു തോന്നിയിരുന്നില്ല എന്നതാണ്. പറഞ്ഞു വരുന്നത്; നബിയെ അവഹേളിക്കുക എന്നതല്ല ഇവിടെ വിമര്‍ശനത്തിന്റെ ലക്ഷ്യം ; മറിച്ച് മനുഷ്യന്റെ മൂല്യസങ്കല്‍പ്പങ്ങളിലുള്ള മാറ്റം സൂചിപ്പിക്കുക എന്നതാണ്.
അറേബ്യന്‍ കഥകളിലെല്ലാം തന്നെ മുഖ്യ കഥാപാത്രവും വില്ലനുമായി പ്രത്യക്ഷപ്പെടുന്നത് ജിന്നുകളാണ്. ജിന്ന് പിശാച് മലക്ക് തുടങ്ങിയ അന്ധവിശ്വാസങ്ങള്‍ അറബ് ജീവിതത്തിന്റെ ഒഴിച്ചുകൂടാനാവാത്ത സാന്നിധ്യമയിരുന്നു. സ്വാഭാവികമായും മുഹമ്മദും ഈ വിശ്വാസങ്ങളെ ആവാഹിച്ചിരുന്നു. അതൊക്കെ കുര്‍ ആനിലും ഹദീസിലും സ്ഥാനം പിടിച്ചു. ഒരിക്കല്‍ കൂടോത്രം ബാധിച്ചതിനാല്‍ നബിക്കു സമനില തെറ്റിയതായി ആയിശയെ ഉദ്ധരിച്ചു കൊണ്ട് ബുഖാരി രേഖപ്പെടുത്തിയിരിക്കുന്നു. ആ ഹദീസ് വിമര്‍ശകര്‍ ഉദ്ധരിച്ചാല്‍ , നബിയെ പ്രാന്തനാക്കി അവഹേളിച്ചു എന്ന് പരാതിപ്പെട്ടിട്ടെന്തു കാര്യം? ആ കാല‍ത്ത് മനശ്ശാസ്ത്രമൊന്നും ഇന്നത്തെ പോലെ പുരോഗമിച്ചിരുന്നില്ല. ജിന്നും മാരണവുമൊക്കെ വെറും മിഥ്യാനുഭവങ്ങളാണെന്നു നാമിന്നു മനസ്സിലാക്കുന്നു. അതാണിക്കാര്യങ്ങളൊക്കെ കാണുമ്പോള്‍ നാം അസ്വസ്ഥരാകാന്‍ കാരണം. അതൊന്നും നബിയുടെ കുറ്റമോ വിമര്‍ശകരുടെ കുറ്റമോ അല്ലെന്നു മനസ്സിലാക്കുക.

കൂടുതല്‍ ഉദാഹരണങ്ങളിലേക്കു പോകുന്നില്ല. ലതീഫ് പറഞ്ഞ ഒരു കാര്യം ആവര്‍ത്തിക്കുന്നു. കാല ദേശ സന്ദര്‍ഭങ്ങള്‍ക്കനുസരിച്ചു നമ്മുടെ യുക്തിയുപയോഗിച്ചാണു നമ്മള്‍ ശരിതെറ്റുകളെ നിര്‍ണയിക്കേണ്ടത്. പതിനാലു നൂറ്റാണ്ടു മുമ്പ് അന്നത്തെ പരിമിതികള്‍ക്കുള്ളീല്‍നിന്നുകൊണ്ട് മനുഷ്യര്‍ സൃഷ്ടിച്ചു വെച്ച മതദര്‍ശനങ്ങ്ങളില്‍ ഒട്ടു മുക്കാല്‍ കാര്യങ്ങളും ഇന്നു കാലഹരണപ്പെട്ടിരിക്കുന്നു എന്ന പച്ചപ്പരമാര്‍ത്ഥത്തെ അംഗീകരിക്കാന്‍ തയ്യാറാവുക. ഇത്രയേ പറയാനുള്ളു.

Monday, September 14, 2009

എന്തുകൊണ്ട് ഇസ്ലാമിനെ മാത്രം എതിര്‍ക്കുന്നു?

താങ്കള്‍ എന്തുകൊണ്ടാണു മറ്റു മതങ്ങളെ മൃദുവായും ഇസ്ലാമിനെ കഠിനമായും എതിര്‍കുന്നത്?

പലപ്പോഴും എന്നോടു പലരും ചോദിക്കാറുള്ള ഒരു ചോദ്യമാണിത്.

ഇതിനു പല കാരണങ്ങളുണ്ട്. ജമാ അത്തെ ഇസ്ലാമിക്കാരുടെ രണ്ടു മഹാസമ്മേളനങ്ങളില്‍നിന്നും കിട്ടിയ ഒരു സന്ദേശമാണിതിന്റെ പ്രധാന കാരണം. വര്‍ഷങ്ങള്‍ക്കു മുമ്പ് അവര്‍ ഫറൂകില്‍ ഒരു സമ്മേളനം നടത്തിയിരുന്നു. അന്ന് ഫ്രഞ്ച് കമ്യൂണിസ്റ്റ് പാര്‍ട്ടി വിട്ട് ഇസ്ലാമിലേക്കു വന്ന റജാ ഗരോഡി എന്നൊരാളെയാണു മുഖ്യാഥിതിയായി കൊണ്ടു വന്നത്. അദ്ദേഹത്തിന്റെ പ്രസംഗം കേള്‍ക്കാന്‍ ഞാനും പോയി. അന്നദ്ദേഹം പറഞ്ഞ ഒരു പ്രധന‍ സംഗതി എന്റെ മനസ്സിനെ സ്വാധീനിച്ചു. പിന്നീട് ഈ അടുത്ത കാല‍ത്ത് കക്കാട് ഹിറാനഗറില്‍ നടന്ന മറ്റൊരു ജമാ അത്ത് സമ്മേളനത്തില്‍ മുഖ്യാഥിതിയായി വന്നത് അമേരിക്കയില്‍നിന്നുള്ള ജോണ്‍ എസ്പോസിറ്റൊ എന്ന മഹാനാണ്. അദ്ദേഹത്തിന്റെ സന്ദേശവും ഏതാണ്ട് റജാ ഗറോഡിയുടേതിനു സമാനം തന്നെയായിരുന്നു. ഈ മഹാ പണ്ഡിതര്‍ രണ്ടു പേരും മുസ്ലിംങ്ങളെ ഉപദേശിച്ചത്, മുസ്ലിംങ്ങള്‍ ഒരിക്കലും മറ്റു മതങ്ങളെയോ അവരുടെ അനാചാരങ്ങളെയോ ശക്തിയായി വിമര്‍ശിക്കരുത്. സ്വന്തം മതത്തിലും സമുദായത്തിലും നടക്കുന്ന അനാചാരങ്ങളെ പരിഷ്കരിക്കാനാണു ശ്രമിക്കേണ്ടത്. അല്ലാത്ത പക്ഷം അതു മറ്റു സമൂഹങ്ങളില്‍ തെറ്റായ ധാരണയും വെറുപ്പും ഉളവാക്കും. മറ്റു സമുദായക്കാരും ഇതേ പോലെ തങ്ങളുടെ മതത്തിന്റെ ജീര്‍ണതകളെ പരിഹരിക്കാനാണു ശ്രമിക്കേണ്ടത്. ഇന്‍ഡ്യയെപ്പോലുള്ള ഒരു ബഹു മത സമൂഹത്തില്‍ വര്‍ഗ്ഗീയസംഘര്‍ഷങ്ങള്‍ ലഘൂകരിക്കാന്‍ എല്ലാവരും ഈ സമീപനമാണു സ്വീകരിക്കേണ്ടത്.

ഈ ഉപദേശങ്ങള്‍ എന്റെ മനസ്സിലും സ്വാധീനം ചെലുത്തി. യുക്തിവാദികളും ഈ സമീപനം തന്നെയാണു സ്വീകരിക്കേണ്ടതെന്നാണു എനിക്കു തോന്നുന്നത്. ഒരു മുസ്ലിം നാമധാരിയായ ഞാന്‍ ഇസ്ലാം മതത്തെ ശക്തിയായും മറ്റു മതങ്ങളെ മൃദുവായും കൈകാര്യം ചെയ്യാനുള്ള ഒരു കാരണം അതാണ്.

മറ്റൊരു കാരണം ഹിന്ദുമതവും ക്രിസ്തു മതവുമൊക്കെ രണ്ടു നൂറ്റാണ്ടുകള്‍ക്കു മുമ്പു തന്നെ സ്വതന്ത്ര ചിന്തകരായ വിമര്‍ശകരുടെ നിശിതമായ ബൌദ്ധിക ആക്രമണങ്ങള്‍ക്കു വിധേയമായിട്ടുള്ളതാണ്. മൌലികമായ പഠനങ്ങള്‍ നടന്നു കഴിഞ്ഞതുമാണ്. എന്നാല്‍ ഇസ്ലാം അത്തരത്തിലുള്ള വിമര്‍ശനപഠനങ്ങള്‍ക്കു വിധേയമായി തുടങ്ങുന്നത് അടുത്ത കാലത്തു മാത്രമാണ്. നിരവധി പഠനങ്ങള്‍ ഇനിയും നടക്കേണ്ടതുണ്ട്. സ്വതന്ത്ര ചിന്തയ്ക്കു കടന്നു ചെല്ലാനാവാത്തവിധം ഇരുമ്പു മറയ്ക്കുള്ളിലാണ് ഇസ്ലാം ഇത്രയും കാലം നില നിന്നിരുന്നത്. ഇന്ന് സ്ഥിതി മാറി വരുന്നു.

ഇസ്ലാമിനെ വിമര്‍ശിക്കാന്‍ തയ്യാറാകുന്നവര്‍ വളരെയേറെ ഭീഷണികളും പ്രതിസന്ധികളും നേരിടേണ്ടി വരുന്നതിനാല്‍ ഈ രംഗത്തേക്കു കടന്നു വരുന്നവര്‍ വിരളമാ‍ണ്. അതാണു എന്നെ ഈ രംഗത്തുതന്നെ ഉറപ്പിച്ചു നിര്‍ത്തുന്ന മറ്റൊരു സംഗതി.
ഇസ്ലാം വെറുമൊരു വിശ്വാസപ്രമാണം മാത്രമല്ല. അതു മനുഷ്യന്റെ ദൈനംദിന ജീവിതത്തെ നിയന്ത്രിക്കുന്ന ഒരു വ്യവസ്ഥാപിത ചട്ടക്കൂടാണ്. പ്രാകൃതവും മനുഷ്യത്വഹീനവുമായ ഗോത്ര നിയമങ്ങള്‍ പരിഷ്കൃത സമൂഹത്തിന്റെ മേല്‍ ബലം പ്രയോഗിച്ച് അടിച്ചേല്‍പ്പിക്കാന്‍ ശ്രമിക്കുന്ന ഇസ്ലാം ഇന്ന് മറ്റേതു മതത്തെക്കാളും മനുഷ്യദ്രോഹപരമാണ് എന്ന തിരിച്ചറിവും പ്രധാനമാണ്. സമാധാനത്തിന് ഇന്നേറ്റവും വലിയ ഭീഷണിയായി നിലകൊള്ളുന്നതും ഇസ്ലാമാണ്. ലോകമാകെ അക്രമങ്ങളും അരാജകത്വവും സൃഷ്ടിക്കുന്ന ഈ ഫനാറ്റിക് ദര്‍ശനം മതനിരപേക്ഷ ജനാധിപത്യ സംസ്കാരത്തിന്റെ യും മനുഷ്യാവകാശചിന്തകളുടെയും നേരെ ഉയര്‍ന്നു നില്‍ക്കുന്ന ഏറ്റവും മൂര്‍ച്ചയേറിയ കോടാലിയാണ്. മറ്റു മതങ്ങളില്‍ ഇക്കാല‍ത്തു താരതമ്യേന കുറഞ്ഞു കാണുന്ന ഈ സവിശേഷതകള്‍ ഇസ്ലാമിന്റെ നേരെ വിമര്‍ശനങ്ങള്‍ ശക്തമാക്കാന്‍ എന്നെ പ്രേരിപ്പിക്കുന്നു.

ഇസ്ലാം മതത്തിന്റെ എല്ലാ കൊള്ളരുതായ്മകളുടെയും അടിവേരായി വര്‍ത്തിക്കുന്നത് കുര്‍ ആന്‍ ദൈവത്തിന്റെ വെളിപാടാണെന്ന അന്ധവിശ്വാസമാണ്. കുര്‍ ആനില്‍ പറഞ്ഞിട്ടുള്ള കാര്യങ്ങളെല്ലാം ലോകാവസാനം വരെ വള്ളി പുള്ളി കുത്തു കോമ വ്യത്യാസമില്ലാതെ സര്‍വ്വകാലത്തേക്കുമുള്ള ധാര്‍മ്മികോപദേശങ്ങളാണെന്ന് മുസ്ലിങ്ങള്‍ അന്ധമായി വിശ്വസിക്കുന്നു. ഇസ്ലാം ഒരു അടഞ്ഞ മതമായും മുസ്ലിംങ്ങള്‍ ഒരു ഇടുങ്ങിയ കള്‍ട് സമൂഹമായും ഇന്നും നില കൊള്ളുന്നതിന്റെ അടിസന‍ കാരണം ഇതാണ്. ഈ വിശ്വാസത്തിന്റെ പൊള്ളത്തരങ്ങള്‍ ലോകത്തിന്റെ മുമ്പില്‍ തുറന്നു കാണിക്കേണ്ടത് ഏതൊരു സ്വതന്ത്ര ചിന്തകന്റെയും മനുഷ്യസ്നേഹിയുടെയും കടമയാണെന്നു ഞാന്‍ കരുതുന്നു.

Saturday, September 12, 2009

ദൈവ സങ്കല്‍പ്പത്തിലെ വൈരുദ്ധ്യങ്ങള്‍ .. !

ചതുരാകൃതിയിലുള്ള ത്രികോണം..!!

[ ഒരു പഴയ ചര്‍ച്ച വീണ്ടും പോസ്റ്റ് ചെയ്യുന്നു. ‘യുക്തിവാദം ബ്ലോഗ്’ വിലക്കിയ സ്ഥലങ്ങളില്‍ ഈ ലിങ്ക് കിട്ടാത്തതുകൊണ്ട്.]


നമുക്ക് ഒരു ത്രികോണം വരക്കാന്‍ കഴിയും . ഒരു ചതുരം വരക്കാനും പ്രയാസമില്ല. പക്ഷെ ചതുരാകൃതിയിലുള്ള ത്രികോണം ആര്‍ക്കും വരക്കാന്‍ സാധ്യമല്ല! ദൈവത്തെകുറിച്ചുള്ള ചര്‍ച്ചയില്‍ ഈ ജ്യാമിതിപ്രശ്നത്തിനെന്തു പ്രസക്തി എന്നു ചിന്തിക്കുന്നവരുണ്ടാകും.
ദൈവത്തെക്കുറിച്ചുള്ള വിശേഷണങ്ങളും വിശദീകരണങ്ങളും ഇതേപോലുള്ള വിരോധാഭാസങ്ങള്‍ തന്നെയാണ്.

1. സര്‍വ്വശക്തനായ നിസ്സഹായന്‍ !

ദൈവം സര്‍വ്വശക്തനാണെന്ന് എല്ലാ ദൈവശാസ്ത്രജ്ഞരും അവകാശപ്പെടുന്നു. അതേ സമയം തന്റെ സൃഷ്ടികള്‍ , തന്നെ മാത്രം സ്തുതിക്കയും ആരാധിക്കയും ചെയ്യാത്തതിന്റെ പേരിലും, തന്റെ പ്രതാപവും കരുത്തും വേണ്ടവിധം മനസ്സിലാക്കാത്തതിന്റെ പേരിലും, താന്‍ ഉണ്ടെന്നു പോലും അവരില്‍ ചിലര്‍ വിശ്വസിക്കാത്തതിന്റെ പേരിലുമൊക്കെ ഈ ദൈവം ഖിന്നനും നിരാശനുമാണെന്നും മതം നമ്മെ തെര്യപ്പെടുത്തുന്നു. സൃഷ്ടികള്‍ നന്ദികേടു കാട്ടുന്നു എന്നും അവര്‍ മറ്റു ദൈവങ്ങളുടെ പിന്നാലെ പോകുന്നുവെന്നുമൊക്കെ ദൈവം നിരന്തരം പരാതിപ്പെടുന്നു. ലക്ഷക്കണക്കിനു ദൂതന്മാരെ പറഞ്ഞയച്ചു പതിനെട്ടടവും പയറ്റിയിട്ടും സൃഷ്ടികള്‍ സ്രഷ്ടാവിനെ വേണ്ടവിധം ഗൌനിക്കുകയോ പരിഗണിക്കുകയോ ചെയ്യുന്നില്ലെന്നു കണ്ട് ദൈവം വല്ലാതെ കോപിക്കുന്നു. കോപം കൊണ്ടു വിറക്കുക മാത്രമല്ല തന്റെ സൃഷ്ടികള്‍ക്കെതിരെ പുലഭ്യം പറയുകപോലും ചെയ്യുന്നു. ഒരു കാര്യം ഉണ്ടാകണമെന്നു ദൈവം വിചാരിച്ചാല്‍ അതിനോട് ഉണ്ടാകൂ എന്നു പറയേണ്ട താമസം അതുണ്ടാകുന്നു എന്നാണു ദൈവത്തിന്റെ ശക്തിമാഹാത്മ്യത്തെക്കുറിച്ച് ഖുര്‍ ആന്‍ അവകാശപ്പെടുന്നത്. അത്രയ്ക്കു ശക്തനായ ഒരു ദൈവത്തിനു താനിച്ഛിക്കുന്നവിധം കാര്യങ്ങള്‍ നടക്കാത്തതിന്റെ പേരില്‍ കലിയും നിരാശയുമൊക്കെ തോന്നുന്നു എന്നു പറയുന്നത് യുക്തിക്കു നിരക്കുന്ന കാര്യമാണോ?

എല്ലാം കഴിയുന്ന ദൈവത്തിനു ഒരുപാട് ഇടനിലക്കാരുടെയും പരിചാരകരുടെയുമൊക്കെ സഹായം ആവശ്യമാണെന്നും കാണാം. കര്യനിര്‍വ്വഹണത്തിന് ‍ മലക്കുകള്‍ എന്നൊരുതരം സേവകരെ ദൈവം ഉപയോഗപ്പെടുത്തുന്നു. പ്രവാചകന്മാരുടെ സഹായമില്ലാതെ സ്വന്തം സൃഷ്ടികളോട് ആശയവിനിമയം നടത്താന്‍ പോലും ഈ സര്‍വ്വശക്തനു സാധിക്കുന്നില്ല. മനുഷ്യന്റെ ഭാഷയാണു ദൈവം ആശയവിനിമയത്തിനായി കടമെടുക്കുന്നത്. അതു പറഞ്ഞു കേള്‍പ്പിക്കാന്‍ മനുഷ്യന്റെ തന്നെ നാക്കും വാക്കും വേണം താനും!


അല്ലാഹു എന്ന ദൈവം സ്വന്തം സൃഷ്ടികളായ അറബി നാടോടികളോട് വാളും കുന്തവുമെടുത്ത് യുദ്ധം ചെയ്യുന്നതായിപ്പോലും ഖുര്‍ ആനില്‍ നാം വായിക്കുന്നു. രണ്ടു ഗോത്രക്കാര്‍ തമ്മില്‍ ഏറ്റുമുട്ടുന്ന അവസരത്തില്‍ ഒരു കൂട്ടരുടെ ഹൃദയത്തില്‍ ഭയം ഇട്ടു കൊടുക്കുകയും അതു വഴി ശത്രുഗോത്രക്കാര്‍ക്കു കഴുത്തു വെട്ടാന്‍ സൌകര്യം ചെയ്തു കൊടുക്കുകയുമാണത്രേ ഈ ദൈവം ചെയ്യുക. [ഖുര്‍ ‍. 8:12; 8:17] സ്വന്തം സൃഷ്ടികളായ ഈ നിസ്സാര ജീവികള്‍ക്കു തന്റെ അസ്തിത്വം ബോധ്യപ്പെടുത്താന്‍ അവരുടെ ഹൃദയങ്ങളില്‍ അല്‍പ്പം ഈമാന്‍ ‍(വിശ്വാസം) ഇട്ടു കൊടുക്കാന്‍പോലും കഴിവില്ലാതെ അവരെ വാളെടുത്തു വെട്ടാന്‍ സഹായിക്കുന്നവന്‍ ‍ എങ്ങനെ സര്‍വ്വ ശക്തനാകും? ഏഴാം നൂറ്റാണ്ടിലെ അറബികള്‍ക്ക് യുദ്ധവേളയില്‍ ഒരു കൈത്തോക്കു പോലും ഉണ്ടാക്കിക്കൊടുക്കാന്‍ ഈ സര്‍വ്വശക്തനു കഴിയുന്നില്ല എന്നതും ശ്രദ്ധേയമാണ്.

സര്‍വ്വശക്തന്‍ എന്ന പരികല്‍പ്പന തന്നെ അയുക്തികമല്ലേ?
എല്ലാറ്റിനും കഴിവുള്ളവനാണല്ലോ സര്‍വ്വശക്തന്‍ . ദൈവത്തിനു കഴിയാത്ത ഒരു കാര്യവും ഉണ്ടായിരിക്കാവതല്ല. എന്നാല്‍ ദൈവത്തിനു സാധ്യമല്ലാത്ത നിരവധി കാര്യങ്ങളുണ്ട്. ഒന്നുരണ്ടുദാഹരണങ്ങള്‍ പറയാം. ദൈവത്തിനു പൊക്കാന്‍ പറ്റാത്തത്ര ഭാരമുള്ള ഒരു കല്ലു സൃഷ്ടിക്കാന്‍ ദൈവത്തിനു കഴിയുമോ? ഒരിക്കലും സാധ്യമാവില്ല. കാരണം തനിക്കു സ്വയം പൊക്കാന്‍ പറ്റാത്ത കല്ലുണ്ടാകുന്നതോടെ ദൈവം സര്‍വ്വശക്തനല്ലാതായി മാറും . ഒരു കല്ലു പൊന്തിക്കാന്‍ കഴിയാത്ത സര്‍വ്വശക്തനോ? ഇനി അങ്ങനെയൊരു കല്ലു സൃഷ്ടിക്കാന്‍ ദൈവത്തിനു സാധ്യമാകുന്നില്ലെങ്കിലോ? അതിനു പോലും കഴിവില്ലാത്തവന്‍ എങ്ങനെ സര്‍വ്വശക്തനാകും?


മറ്റൊരു ഉദാഹരണം കൂടി പറയാം. പരസ്പരവിരുദ്ധമായ പ്രാര്‍ഥനകള്‍ക്കു മുമ്പില്‍ പലപ്പോഴും ദൈവത്തിനു നിസ്സഹായനാകേണ്ടി വരും. പരീക്ഷയില്‍ ഒന്നാം റാങ്കു കിട്ടാന്‍ വേണ്ടി പലരും ദൈവത്തിനു വഴിപാടു നല്‍കി പ്രാര്‍ത്ഥിച്ചു എന്നു കരുതുക. എല്ലാവര്‍ക്കും ഒന്നാം റാങ്കു കൊടുക്കാന്‍ സാധിക്കുമോ? സ്വര്‍ഗ്ഗത്തിലെ അന്തേവാസികള്‍ എന്ത് ആവശ്യം ഉന്നയിച്ചാലും അതു സാധിച്ചു കൊടുക്കും എന്നാണു വാഗ്ധാനം ചെയ്യപ്പെട്ടിട്ടുള്ളത്.. നരകത്തിലുള്ള എല്ലാവരെയും മോചിപ്പിക്കണം എന്നൊരാവശ്യം ഒരു നന്മയുള്ള മനുഷ്യന്‍ മുന്നോട്ടു വെച്ചാല്‍ ദൈവം എന്തു ചെയ്യും? നിത്യനരകം എന്ന വാഗ്ധാനം പൊളിയും. ഹൂറിപ്പെണ്ണുങ്ങളെ മുഴുവന്‍ തനിക്കു സ്വന്തമായി വേണം എന്നാണൊരു സ്ത്രീലംബടന്‍ ആവശ്യമുന്നയിക്കുന്നതെങ്കില്‍ മറ്റുള്ളവരുടെ കാര്യം കട്ടപ്പൊകയാവില്ലേ?


2. പൂര്‍ണ്ണത തേടി അലയുന്ന പരിപൂര്‍ണ്ണന്‍ !!

എല്ലാം തികഞ്ഞവന്‍ എന്നാണു ദൈവത്തിന്റെ മറ്റൊരു വിശേഷണം. എല്ലാം നേടി പൂര്‍ണത കൈവരിച്ച ഒരാള്‍ എന്തെങ്കിലും സൃഷ്ടിക്കുമോ? സൃഷ്ടിയോ മറ്റെന്തെങ്കിലും പ്രവൃത്തിയോ ചെയ്യണമെങ്കില്‍ അതിനൊരു ഉദ്ദേശ്യമുണ്ടായിരിക്കണം. എല്ലാം തികഞ്ഞിരിക്കുന്ന ഒരാള്‍ക്ക് ലക്ഷ്യങ്ങളോ മോഹങ്ങളോ ഉണ്ടാവുകയില്ല. അതുകൊണ്ടു തന്നെ അയാള്‍ ഒരു പ്രവൃത്തിയും ചെയ്യാന്‍ മുതിരുകയുമില്ല.


പരിപൂര്‍ണത കൈവരിച്ച ഒരാള്‍ തന്റെ സൃഷ്ടികള്‍ തന്നെ സ്തുതിക്കുകയും തനിക്കു മാത്രം വണങ്ങിക്കൊണ്ടിരിക്കുകയും ചെയ്യണമെന്നും മറ്റും ആഗ്രഹിക്കുമോ? മുഖസ്തുതിയും നിസ്കാരവും കിട്ടാതെ വരുമ്പോള്‍ ദേഷ്യപ്പെടുമോ? തന്നെ ആരാധിക്കാതെ മറ്റുള്ളവരെ ആരാധിച്ചു എന്നതിന്റെ പേരില്‍ സൃഷ്ടികളെ തീയിലിട്ടു പീഡിപ്പിക്കുമോ? മറ്റുള്ളവര്‍, താന്‍ വലിയവനാണ്; വലിയവനാണ് ; എന്നിങ്ങനെ മുഖസ്തുതി പറയുന്നതില്‍ ആനന്ദം കണ്ടെത്തുകയും കൂടുതല്‍ സ്തുതി കിട്ടാനായി സൃഷ്ടികളോട് വില പേശുകയും ചെയ്യുന്ന ഒരു ‘അല്‍പ്പന്‍ ’എങ്ങനെയാണു പരിപൂര്‍ണനാകുന്നത്? നിത്യവും 50 നേരം തനിക്കു മുമ്പില്‍ മുട്ടുകുത്തി നമസ്ക്കരിക്കണം എന്നത്രെ അല്ലാഹു എന്ന ദൈവം ആദ്യം ആവശ്യപ്പെട്ടത്. പിന്നീട് പ്രവാചകന്മാര്‍ നേരില്‍ കണ്ടു ബാര്‍ഗയിന്‍ ചെയ്തതിന്റെ ഫലമായി അത് 5 നേരമായി ചുരുക്കിക്കൊടുത്തുവത്രേ!


അസൂയ പൂര്‍ണതയുടെ ലക്ഷണമല്ല. ഇല്ലാത്ത അന്യദൈവങ്ങളോടുപോലും കടുത്ത അസൂയയാണു സെമിറ്റിക് ദൈവങ്ങള്‍ പ്രകടിപ്പിക്കുന്നത്. മനുഷ്യന്‍ ചെയ്യുന്ന ഏതു പാപവും ദൈവം പൊറുക്കും. പക്ഷെ മറ്റു ദൈവങ്ങളെ ആരാധിക്കുന്നവരെ മുഴുവന്‍ അവരുടെ ദൈവങ്ങളോടൊപ്പം തീയിലിട്ടു കരിച്ചുകൊണ്ടേയിരിക്കും.; അനന്തകാലം!


ചുരുക്കത്തില്‍ എന്തിനൊക്കെയോ വേണ്ടി ആര്‍ത്തി പൂണ്ട് നെട്ടോട്ടമോടുന്ന ഒരു അല്‍പ്പനും അപൂര്‍ണനും നിസ്സഹായനുമാണു ദൈവം. മനുഷ്യസഹജമായ എല്ലാ ചാപല്യങ്ങളും ദൌര്‍ബ്ബല്യങ്ങളും ദൈവത്തിനുമുണ്ട്. അതു കൊണ്ടു തന്നെ ദൈവം പൂര്‍ണ്ണനാണെന്ന വാദം ഒരു തികഞ്ഞ വിരോധാഭാസം മാത്രമാണ്.


3. സര്‍വ്വജ്ഞാനിയായ അല്‍പ്പജ്ഞാനി!!!

ത്രികാലജ്ഞാനമാണു ദൈവത്തിന്റെ മറ്റൊരു പ്രധാന ക്വാളിറ്റി. എല്ലാ കാര്യങ്ങളും ദൈവത്തിനു മുങ്കൂട്ടി അറിയാം. എല്ലാ കാര്യവും ഓര്‍ത്തിരിക്കാനും സര്‍വ്വശക്തനു സാധ്യമാണ്. പക്ഷെ ഒരു ഇല പഴുത്തു വീഴുന്നതു പോലും അദ്ദേഹം ഒരു ഗ്രന്ഥത്തില്‍ എഴുതി സൂക്ഷിക്കുകയും ചെയ്യുന്നുണ്ട്. അതിന്റെ ആവശ്യമെന്ത്? ദൈവം പല തരം പരീക്ഷണങ്ങളിലും ഏര്‍പ്പെടുന്നതായും പറയുന്നു. എല്ലാ കാര്യങ്ങളും മുന്‍ കൂട്ടി തീരുമാനിക്കുകയും കാലേകൂട്ടി അറിയുകയും ചെയ്യുന്ന ഈശ്വരന്‍ എന്തിനാണു പരീക്ഷണങ്ങളും ഗവേഷണങ്ങളുമൊക്കെ നടത്തി ബുദ്ധിമുട്ടുന്നത്?
“നിങ്ങളില്‍ ആരാണു സദ് വൃത്തികളില്‍ ഏര്‍ പ്പെടുക എന്നറിയാനാണു‍ ജീവിതവും മരണവും ഏര്‍പ്പെടുത്തിയത്” [67:2] .എന്നും
“വാളുകൊണ്ട് ആരൊക്കെയാണു തന്നെ സഹായിക്കാന്‍ പോകുന്നതെന്നു പരീക്ഷിച്ചറിയാനാണു താന്‍ ഇരുമ്പ് സൃഷ്ടിച്ചതെന്നും “[57:25]
ഖുര്‍ ആന്‍ പ്രസ്താവിക്കുന്നുണ്ട്. പ്രവാചകന്മാര്‍ താന്‍ ഏല്‍പ്പിച്ച ദൌത്യം ശരിക്കും നിര്‍വ്വഹിക്കുന്നുണ്ടോ എന്നുറപ്പു വരുത്താന്‍ അവരുടെ മുന്നിലും പിന്നിലും പാറാവുകാരെ ഏര്‍പ്പാടാക്കുമെന്നും മറ്റൊരിടത്തു കാണാം.[72:26-28]
സര്‍വ്വജ്ഞാനിയായ ദൈവം പല തീരുമാനങ്ങളും പ്രായോഗികമല്ലെന്നു തിരിച്ചറിഞ്ഞ് തിരുത്തിയതിനും ഖുര്‍ ആനില്‍ നിരവധി ഉദാഹരണങ്ങളുണ്ട്. അല്ലാഹുവിനു തന്നെ പലപ്പോഴും ഭീമമായ അമളികള്‍ പറ്റിയതായും കാണുന്നു. സ്വന്തം സൃഷ്ടിയായ ഭൂമി ഉരുണ്ടതാണെന്നു പോലും അറിയാത്ത ദൈവങ്ങളാണ് അല്ലാഹുവും യഹോവയും മറ്റും!
ദൈവങ്ങളെ സൃഷ്ടിച്ച മനുഷ്യനോളം തന്നെ വിവരക്കേട് ദൈവങ്ങള്‍ക്കുമുണ്ടെന്നു ചുരുക്കം!


4. ക്രൂര വിനോദക്കാരനായ പരമകാരുണികന്‍ !!!!

പരമദയാലുവും കരുണാമയനുമാണു ദൈവം എന്നു മതഗ്രന്ഥങ്ങള്‍ ആവര്‍ത്തിച്ചാവര്‍ത്തിച്ച് ഉരുവിടുന്നു. എന്നാല്‍ ദൈവത്തിന്റെ ചെയ്തികള്‍ സമഗ്രമായി വിലയിരുത്തിയാല്‍ ദൈവത്തിന് ഒരു നിലയ്ക്കും യോജിച്ച ഒരു വിശേഷണമല്ല ഇതെന്നു വ്യക്തമാകും. പ്രപഞ്ചമുണ്ടാക്കുന്നതിനു മുമ്പ് ദൈവം വെള്ളത്തില്‍ വെറുതെയിരിക്കുകയായിരുന്നുവല്ലോ. പിന്നീടിതൊക്കെ സൃഷ്ടിച്ചു കളയാമെന്നു തീരുമാനിച്ചതു തന്നെ തന്റെ അളവറ്റ കാരുണ്യം പാഴായിപ്പോകരുതല്ലോ എന്ന് ചിന്തിച്ചതിനാലാണത്രേ!. അപ്രകാരം കാരുണ്യം കൊണ്ട് പുര നിറഞ്ഞ് ഇരിക്കപ്പൊറുതി മുട്ടി സൃഷ്ടി നടത്തി എന്നു പറയുന്ന ഈ ദെവം തന്റെ സൃഷ്ടികളെയൊന്നടങ്കം നരകത്തീയില്‍ നിറച്ച് കത്തിക്കുമെന്നും കാലാകാലം അതു കണ്ടാസ്വദിച്ചുകൊണ്ടിരിക്കുമെന്നും നാം വിശ്വസിക്കേണ്ടതുണ്ട്! ആരൊക്കെ നരകത്തില്‍ ചെന്നു വീഴുമെന്ന് മുങ്കൂട്ടിത്തന്നെ ഇദ്ദേഹം തീരുമാനിക്കുകയും ചെയ്തിരിക്കുന്നു. തന്റെ ഈ ക്രൂരവുനോദത്തിനു ന്യായീകരണമുണ്ടാക്കാനെന്നവണ്ണം , മനുഷ്യരെ വഴി പിഴപ്പിക്കാന്‍ പിശാചിനെയും സൃഷ്ടിച്ച് കയറൂരി വിട്ടിരിക്കുന്നു ഈ പരമ കാരുണ്യവാന്‍ !!
കരുതിക്കൂട്ടി തിന്മ സൃഷ്ടിച്ചവന്‍ എങ്ങനെയാണു കരുണയുള്ളവനാവുക?

ഇനി പ്രകൃതിയിലേക്കൊന്നു കണ്ണു തുറന്നു നോക്കിയാലോ? കാരുണ്യം നിറഞ്ഞു തുളുമ്പുന്ന ഒരു സ്രഷ്ടാവിന്റെ സാന്നിധ്യമാണോ കാണാന്‍ കഴിയുന്നത്? രണ്ടു ദിവസം മുന്‍പ് പത്രങ്ങളില്‍ വന്ന ഒരു വാര്‍ത്ത എല്ലാവരും ശ്രദ്ധിച്ചു കാണും. നാലു കാലുകളും നാലു കൈകളുമായി പിറന്ന ഒരു വികൃതരൂപമായിരുന്നു ലക്ഷ്മി എന്ന പെണ്‍കുട്ടി. ബാങ്ക്ലൂരിലെ ഒരു ആശുപത്രിയില്‍ ഒരു സംഘം ഡോക്ടര്‍മാര്‍ 27 മണിക്കൂര്‍ നീണ്ട ശസ്ത്രക്രിയയിലൂടെ കുട്ടിയുടെ വൈകല്യം ഒരുവിധം പരിഹരിച്ചു. മാതൃഭൂമി പത്രം ഈ വാര്‍ത്ത യുടെ ആദ്യവാചകം ഇങ്ങനെയാണു കൊടുത്തത്: “ദൈവങ്ങള്‍ കനിഞ്ഞു; ആശുപത്രിയുടെ അത്യാഹിതവിഭാഗത്തില്‍ ശാന്തമായി ഉറങ്ങുന്ന ലക്ഷ്മി സാധാരണ ജീവിതത്തിലേക്കുള്ള മട‍ക്കയാത്രയിലാണ്.” ഒരു സംഘം ഡോക്ടര്‍മാര്‍ 27 മണിക്കൂര്‍ കഠിനാദ്ധ്വാനം ചെയ്തതിന്റെ ക്രഡിറ്റ് ദൈവം തട്ടിയെടുത്തു എന്നതു മാത്രമല്ല ഇവിടെ പ്രശ്നം. ആ കുട്ടിയെ ഇത്രയും ക്രൂരമായ വൈകല്യത്തോടെ സൃഷ്ടിക്കുക വഴി ഈ പ്രശ്നത്തില്‍ പ്രതിസ്ഥാനത്തു നിര്‍ത്തേണ്ട ആളല്ലേ ദൈവം? എന്നിട്ടും നാം ദൈവകാരുണ്യത്തെപ്പറ്റി വാചാലമാകുന്നതില്‍ എന്തര്‍ത്ഥമാണുള്ളത്? രണ്ടു വര്‍ഷം മുമ്പ് ഏഷ്യന്‍ തീരത്തു ദുരിതം വിതച്ച സുനാമി ഓര്‍മ്മയില്ലേ? ഒന്നര ലക്ഷം പിഞ്ചു കുഞ്ഞുങ്ങളുള്‍പ്പെടെ മൂന്നു ലക്ഷത്തോളം മനുഷ്യരും അത്രതന്നെ മറ്റു ജീവികളുമാണു കടല്‍ത്തിരയില്‍ മുങ്ങി മരിച്ചത്. സര്‍വ്വ ശക്തനും കരുണാവാരിധിയും പരമദയാലുവും മറ്റും മറ്റുമായ ഒരു ഈശ്വരന്‍ പ്രപഞ്ചത്തിന്റെ സകല കാര്യങ്ങളും നിയന്ത്രിച്ചുകൊണ്ടിരിക്കുന്നുവെങ്കില്‍ ഇത്രയും ഭീകരമായ പ്രകൃതി ദുരന്തങ്ങള്‍ സംഭവിക്കുമോ?


കാട്ടില്‍ ഒരു മൃഗം ആഹാരത്തിനാര്‍ത്തി പൂണ്ട് മറ്റൊരു മൃഗത്തിന്റെ പിന്നാലെ ഓടുന്നു. മറ്റേ ജീവി സ്വന്തം പ്രാണനു വേണ്ടിയും ഓടുന്നു. ഒടുവില്‍ ഇരയെ കീഴ്പ്പെടുത്തി അതിനെ കടിച്ചു കീറി കൊല്ലുന്നു. ഒന്ന് തന്റെ ആഹാരം നുണഞ്ഞിറക്കുമ്പോള്‍ മറ്റേത് പ്രാണന്‍ വെടിയുന്ന വേദനയും ആസ്വദിക്കുന്നു. നമുക്കനുകൂലമായ കാര്യങ്ങള്‍ കാണുമ്പോള്‍ നമ്മള്‍ ദൈവാനുഗ്രഹം എന്നു നന്ദിയോടെ പറയും. അതേ സമയം പ്രകൃതിയില്‍ അത്രതന്നെ പ്രതികൂല കാര്യങ്ങളും ഉണ്ടെന്ന യാഥാര്‍ത്ഥ്യം നാം കണ്ടില്ലെന്നു നടിക്കുകയും ചെയ്യുന്നു. മനുഷ്യനാഹാരം ഒരുക്കി അനുഗ്രഹിച്ച അതേ പ്രകൃതി തന്നെയാണു നമ്മെ കൊല്ലാനും വേദനിപ്പിക്കാനും രോഗാണുക്കളെയും ഉണ്ടാക്കി വെച്ചത്. അവയുടെ ആഹാരം നമ്മുടെ ശരീരത്തിലെ അവയവങ്ങളാണ്. കൊതുകുകളെ സൃഷ്ടിച്ചു നമുക്കു രോഗം പരത്തുന്നതും അവയ്ക്കാഹാരമായി നമ്മുടെ ചോരതന്നെ വേണമെന്നു നിശ്ചയിച്ചതും ഈ ദൈവത്തിന്റെ ക്രൂര വിനോദം തന്നെയല്ലേ? ഇതൊക്കെ കാരുണ്യമാണെങ്കില്‍ ആ പദത്തിനു നാം അര്‍ത്ഥവും വ്യാഖ്യാനവും മാറ്റി എഴുതേണ്ടി വരും.


ദൈവത്തിന്റെ സവിശേഷ ഗുണങ്ങളായി വാഴ്ത്തപ്പെടുന്ന കാര്യങ്ങളെല്ലാം സാമാന്യ ബുദ്ധിക്കോ യുക്തിക്കോ ഉള്‍ക്കൊള്ളാന്‍ പറ്റാത്ത വിരോധാഭാസങ്ങള്‍ മാത്രമാണെന്നു ചുരുക്കം. മനുഷ്യന്‍ തന്റെ പരിമിതമായ ഭാവനയില്‍നിന്നും ഒരു ദൈവത്ത മെനഞ്ഞെടുത്തപ്പോള്‍ സംഭവിച്ച വൈകല്യമാണിതെന്നു ന്യായമായും അനുമാനിക്കാം. ദൈവം ഉണ്ടെന്നു സമര്‍ത്ഥിക്കാനായി ‘യുക്തിവാദം’ മെനയുന്നവര്‍ ദൈവത്തെ സ്ഥാപിച്ചു കഴിയുന്നതോടെ യുക്തി കൈവിടുകയും മൂഡമായ വിശ്വാസത്തെ മാത്രം മുറുകെപ്പിടിക്കുകയുമാണു ചെയ്യുന്നത്. ദൈവത്തെ കുറിച്ചുള്ള ഒരു തുറന്ന ചര്‍ച്ചയ്ക്കുപോലും വിശ്വാസികള്‍ കാതു തരാറില്ല.

****************
പ്രസക്തമെന്നു തോന്നിയ ചില കമന്റുകളും:-

പ്രകൃതിയിലെ ഓരോ ദൃഷ്ടാന്തങ്ങള്‍ ചൂണ്ടിക്കാണിച്ചുകൊണ്ട് നിങ്ങള്‍ ചിന്തിക്കുന്നില്ലേ? : നിങ്ങള്‍ ഉറ്റാലോചിക്കുന്നില്ലേ?; എന്നിങ്ങനെ നിരന്തരം യുക്തിചിന്തയുടെ ആവശ്യകതയും പ്രാധാന്യവും ബോധ്യപ്പെടുത്തുന്നുണ്ട് കുര്‍ ആനില്‍ . ആ യുക്തി ഉപയോഗിച്ച് ഒരു ദൈവത്തിന്റെ സാന്നിധ്യം ബോധ്യപ്പെട്ട ഒരാള്‍ സ്വാഭാവികമായും അതേ യുക്തി ഉപയോഗിച്ച് ദൈവത്തെക്കുറിച്ച് കൂടുതല്‍ കാര്യങ്ങള്‍ അറിയാന്‍ ശ്രമിക്കും. അതിനായി ചോദ്യങ്ങള്‍ ചോദിക്കും. അപ്രകാരം ചോദിക്കാവുന്ന ചില ലളിതമായ ചോദ്യങ്ങളാണ് യുക്തിവാദക്കാര്‍ ചോദിക്കുന്നത്.
.ദൈവം പ്രപഞ്ചം ഉണ്ടാക്കിയത് എന്തിന് ? മനുഷ്യര്‍ ആരാധിക്കാന്‍ വേണ്ടിയാണോ?
മനുഷ്യന്റെ ആരാധന ദൈവം ആഗ്രഹിക്കുന്നതെന്തുകൊണ്ട്?
സൃഷ്ടികളുടെ ആരാധനക്കായി വിലപേശുന്ന സ്രഷ്ടാവ് പരിപൂര്‍ണനാകുന്നതെങ്ങനെ?
ആരാധന ഉദ്ദേശിച്ചാണു സൃഷ്ടി നടത്തിയതെങ്കില്‍ എല്ലാവരും ആരാധിച്ചുകൊണ്ടിരിക്കാന്‍ ഉതകുന്ന രീതിയില്‍ സൃഷ്ടിക്കാതെ ആളുകളില്‍ ആശയക്കുഴപ്പം ഉണ്ടാക്കി മനുഷ്യരെ ശിക്ഷിക്കാന്‍ ഇടവരുത്തുന്നതെന്തിന്‍?
ദൈവത്തെ കുറിച്ച് പലരും പലതും പറയുന്നുണ്ട്. ഇതില്‍ ആരു പറയുന്നതാണു ശരി?
അതു തീരുമാനിക്കാന്‍ നാം എന്തു മാനദണ്ഡം സ്വീകരിക്കും?
ഏതു മതമനസരിച്ച് ദൈവത്തെ ആരാധിക്കണം?
ശരിയായ മതം ഏതെന്നു തീരുമാനിക്കാന്‍ എന്തു മാനദണ്ഡമാണു സ്വീകരിക്കുക?
യുക്തി കൊണ്ട് ഇതൊക്കെ എങ്ങനെ താരതമ്യം ചെയ്യും?
ദൈവത്തിന്റെ സര്‍വ്വശക്തി, സര്‍വ്വജ്ഞാനം,കാരുണ്യം,പൂര്‍ണത തുടങ്ങിയ സങ്കല്‍പ്പങ്ങള്‍ ഒന്നും യുക്തിക്കു നിരക്കാത്തതായിരിക്കെ ദൈവങ്ങളെയും മതങ്ങളെയും പരസ്പരം താരതമ്യം ചെയ്തു ശരിയായത് തെരഞ്ഞെടുക്കാന്‍ മറ്റെന്തു മാര്‍ഗ്ഗമാണുള്ളത്?
യുക്തി കൊണ്ട് താരതമ്യം ചെയ്താല്‍ ശരിയാകുമോ?
ക്രിസ്തു ദെവപുത്രനാണെന്നു പറയുമ്പോള്‍ മുസ്ലിമിന് അതു യുക്തിക്കു നിരക്കാത്ത കാര്യമാണ്. എന്നാല്‍ ക്രിസ്ത്യാനിക്കങ്ങനെ വിശ്വസിക്കുന്നതില്‍ ഒരു യുക്തിരാഹിത്യവും ഇല്ല. ഹിന്ദുവിന് വിഗ്രഹത്തിനു മുമ്പില്‍ പ്രാര്‍ത്ഥിക്കുന്നതില്‍ എന്തെങ്കിലും കുഴപ്പമുണ്ടെന്നു തോന്നുന്നില്ല. മുസ്ലിമിന് മക്കയില്‍ ‍ നടക്കുന്ന വിഗ്രഹാരാധന യുക്തിസഹവും മറ്റേതൊക്കെ യുക്തിക്കു തീരെ യോജിക്കാത്തതും.
.മനുഷ്യരെല്ലാം ശരിയായ ഒരു ദൈവത്തെ വിശ്വസിച്ച് ആരാധിക്കണമെന്ന് ദൈവത്തിനാഗ്രഹമുണ്ടെങ്കില്‍ എല്ലാവര്‍ക്കും ആ ദൈവത്തിന്റെ അസ്തിത്വം ബോധ്യപ്പെടുത്തിക്കൊടുക്കാതെ ദൈവം എന്തിന് ഒളിച്ചിരുന്ന് മനുഷ്യരില്‍ ആശയക്കുഴപ്പം ഉണ്ടാക്കുന്നു?
മനുഷ്യര്‍, തന്നെ അറിയുകയും മനസ്സിലാക്കുകയും ചെയ്യരുതെന്ന ശാഠ്യത്തോടെ ദൈവം പെരുമാറുന്നതെന്തിന്‍?
മനുഷ്യര്‍ക്ക് ഈ വക കാര്യങ്ങളൊക്കെ മനസ്സിലാക്കാനുള്ള ബുദ്ധി നല്‍കാതെ അവര്‍ക്കു പ്രത്യേക സന്ദേശങ്ങള്‍ ഇറക്കിക്കൊടുത്ത് ബോധവല്‍ക്കരിക്കുന്നതെന്തു കൊണ്ട്?
സന്ദേശവുമായി വരുന്ന അദൃശ്യജീവിയെ മറ്റാര്‍ക്കും കാണാന്‍ പറ്റാത്തതെന്തുകൊണ്ട്?
അയാള്‍ പാതിരാത്രി ആരും കാണാതെ വന്ന് സന്ദേശം കൊടുത്തു പോകുന്നതെന്തു കൊണ്ട്?
ലോകത്തെല്ലാ ഭാഷക്കാര്‍ക്കും മനസ്സിലാകുന്ന ഒരു രീതിയില്‍ ദൈവത്തിന്റെ സന്ദേശങ്ങള്‍ എന്തുകൊണ്ടയച്ചില്ല?
.വിശ്വസിക്കാതിരിക്കാന്‍ വേണ്ട ഏര്‍പ്പാടെല്ലാം ചെയ്തു വെച്ച ശേഷം അവിശ്വാസികളെ തീയില്‍ ഇട്ടു കരിക്കാന്‍ ഒരുങ്ങുത് എന്തുകൊണ്ട്?
ഇത്രയൊക്കെ ക്രൂരത ചെയ്യുന്ന ഒരു ദൈവത്തെ നീതിമാന്‍ എന്നെങ്ങനെ വിളിക്കും?
ഈ ദൈവം നാളെ വാക്കു പാലിക്കും എന്നും നീതി പ്രവര്‍ത്തിക്കും എന്ന് എങ്ങനെ പ്രതീക്ഷിക്കും?
അവിശ്വാസികളെ സ്വര്‍ഗ്ഗത്തിലും വിശ്വാസികളെ നരകത്തിലും തള്ളിക്കൊണ്ട് ഈ ദൈവം മറ്റൊരു ക്രൂര നാടകം കൂടി ആവര്‍ത്തിക്കില്ലെന്ന് എങ്ങനെ തീര്‍ച്ചപ്പെടുത്തും?
ദൈവത്തെ കുറിച്ചുള്ള ഇത്തരം ചോദ്യങ്ങള്‍ക്കൊന്നും യുക്തിക്കു നിരക്കുന്ന ഉത്തരം ഇല്ല എങ്കില്‍ യുക്തി ഉപയോഗിച്ചു ദൈവത്തെ കണ്ടെത്താന്‍ പറയുന്നതെന്തിന്‍?
ദൈവത്തെ കുറിച്ചുള്ള ഒരു കാര്യവും മനുഷ്യനു ചിന്തിച്ചാല്‍ മനസ്സിലാവുകയില്ലെങ്കില്‍ അങ്ങനെയൊരു ദൈവത്തെ നാം യുക്തി ഉപയോഗിച്ച് കണ്ടെത്തി യുക്തിയില്‍ പേറണം എന്നു പറയുന്നതിനെന്തറ്ത്ഥമാണുള്ളത്?
യുക്തികൊണ്ടു മനസ്സിലാക്കാനും ഉള്‍ക്കൊള്ളാനും കഴിയാത്തതിന്റെ പേരില്‍ ഒരാള്‍ ഇതൊന്നും വിശ്വസിച്ചില്ല എങ്കില്‍ അയാള്‍ അതിന്റെ പേരില്‍ കുറ്റവാളിയാകുന്നതെങ്ങനെ?
വിശ്വാസവും അവിശ്വാസവും ഒരാള്‍ക്കു കരുതിക്കൂട്ടി ചെയ്യാന്‍ പറ്റാത്തതും അയാളുടെ നിയന്ത്രണത്തില്‍ പെടാത്തതുമായ ഒരു സംഗതിയാണെന്നിരിക്കെ ,അതെങ്ങനെയാസ്ണു കുറ്റവും പുണ്യവുമൊക്കെയാവുക?

*****************
പ്രപഞ്ചത്തിലെ ഇക്കണ്ടു കാണപ്പെടുന്ന അല്‍ഭുത ങ്ങളൊക്കെ താനേ ഉണ്ടായി എന്നു വിശ്വസിക്കാന്‍ കഴിയുമോ? ഇല്ല. അതുകൊണ്ട് അത് ഒരു ആള്‍ കുത്തിയിരുന്ന് ഉണ്ടാക്കി എന്നു വിശ്വസിക്കാന്‍ കഴിയുമോ? അതും കഴിയില്ല. ഈ രണ്ടു ചോദ്യങ്ങളും നമ്മുടെ അറിവിന്റെയും യുക്തിയുടെയും പരിധിക്കു പുറത്തുള്ളതാണ് എന്നതു തന്നെ കാരണം. ഒരു ദൈവം കുത്തിയിരുന്ന് ഇതൊക്കെ ഉണ്ടാക്കി എന്നു നിങ്ങള്‍ കുറെ ആളുകള്‍ പറയുന്നു എന്നതുകൊണ്ട് മാത്രം അതു എല്ലാവര്‍ക്കും അംഗീകരിക്കാന്‍ കഴിയുന്നതെങ്ങനെ? ആ ദൈവത്തെ കുറിച്ച് നിങ്ങള്‍ പറയുന്ന ഒരു കാര്യത്തിനും നിങ്ങളുടെ പക്കല്‍ നമ്മുടെ പരിമിതയുക്തികൊണ്ടു പോലും മനസ്സിലാക്കാവുന്ന ഒരു തെളിവും ഇല്ല.

പരിണമിച്ചുണ്ടായി എന്നു പറയുന്നവരുടെ പക്കല്‍ യുക്തിക്കും ബുദ്ധിക്കും നിരക്കുന്ന കുറച്ചു തെളിവെങ്കിലും ഉണ്ട്. പരിണാമത്തെ കുറിച്ചു പറയുന്ന ശാസ്ത്രജ്ഞന്മാരാരും അതു എല്ലാവരും വിശ്വസിച്ചുകൊള്ളണം എന്നോ വിശ്വസിച്ചില്ലെങ്കില്‍ തീയില്‍ കരിച്ചുകളയുമെന്നോ, വിശ്വസിച്ചാല്‍ കള്ളും പെണ്ണും ഇഷ്ടം പോലെ തരാം എന്നൊന്നും പറയുന്നില്ല. നിങ്ങള്‍ പരിണാമത്തില്‍ വിശ്വസിച്ചാലും ഇല്ലെങ്കിലും ശാസ്ത്രത്തിനൊരു കുഴപ്പവും വരാനുമില്ല. ശാസ്ത്രം പരിമിതമായ മനുഷ്യബുദ്ധിയും കഴിവും ഉപയോഗിച്ചു കൂടുതല്‍ കാര്യങ്ങള്‍ അറിയാന്‍ ശ്രമിക്കുന്നു. അതു നാം പലതരത്തില്‍ പ്രയോജനപ്പെടുത്തുകയും ചെയ്യുന്നു. അറിയാത്ത കാര്യങ്ങള്‍ അറിയാനായി ശാസ്ത്രത്തിന്റെ രീതിയില്‍ വിശ്വാസമര്‍പ്പിച്ചു കാത്തിരിക്കുകയും അറിയുന്ന കാര്യങ്ങളെപ്പറ്റി മാത്രം സംസാരിക്കുകയും ചെയ്യുക എന്നതാണു യുക്തിവാദികള്‍ സ്വീകരിക്കുന്ന മാര്‍ഗ്ഗം.

ദൈവം എന്നൊരാള്‍ ഇതൊക്കെ ഉണ്ടാക്കി എന്നു വിശ്വസിക്കാനല്ല പ്രയാസം. ആ ദൈവം എന്തിനിതൊക്കെയുണ്ടാക്കി എന്ന ചോദ്യത്തിനു പറയുന്ന ഉത്തരങ്ങളാണു തീരെ യുക്തിക്കു നിരക്കാത്തത്. മുഖസ്തുതി കേള്‍ക്കാനുള്ള ആര്‍ത്തി കൊണ്ടാണു ദെവം ഇതൊക്കെ നിര്‍മ്മിച്ചത് എന്ന വാദം അടിമത്തകാലഘട്ടത്തിലെ പ്രാകൃതരുടെ കണ്ടെത്തലായിരിക്കുമെന്നുറപ്പാണ്. മൃഗങ്ങളെ ഉണ്ടാക്കിയത് അവയുടെ കഴുത്തറുക്കുമ്പോള്‍ ദൈവത്തിന്റെ പേരാര്‍ത്തു വിളിക്കാനാണെന്ന കണ്ടെത്തല്‍ കിരാത മനുഷ്യരുടെ ഭാവനയാണെന്നും അനുമാനിക്കാവുന്നതാണ്. മനുഷ്യരെ മുഴുവന്‍ നരകത്തിയ്യിലിട്ട് കാലാകാലം കത്തിച്ചു കൊണ്ട് അതു കണ്ടാസ്വദിക്കാനായി പിശാചിനെയും പടച്ചു കയറൂരി വിട്ടു കാത്തിരിക്കുകയാണു കരുണാമയനും പരമദയാലുവുമായ ദൈവം എന്നൊക്കെ കഥകള്‍ മെനഞ്ഞത് ഏതെങ്കിലും മനോരോഗികളായ മന്ദബുദ്ധികളായിരിക്കുമെന്നകാര്യത്തില്‍ സംശയമേയില്ല. യുക്തിയുടെ ചങ്കില്‍ കൊള്ളാത്തൊരു ദൈവത്തെ ചങ്കു തൊടാതെ വിഴുങ്ങണമെന്നും വിഴുങ്ങിയില്ലെങ്കില്‍ ഈ ലോകത്തും ശവക്കുഴിയിലും പിന്നെ പരലോകത്തും പീഡിപ്പിച്ചുകളയും എന്നൊക്കെ പറയുന്നവര്‍ ദൈവം എന്ന ഒരു സങ്കല്‍പ്പത്തെ തന്നെ നിന്ദിക്കുകയാണു ചെയ്യുന്നത്.

ഒരു ചോദ്യം ഉത്തരം കിട്ടാത്തതുകൊണ്ട് വീണ്ടും ആവര്‍ത്തിക്കട്ടെ. വിശ്വാസം എന്നത് ഒരാള്‍ക്കു കരുതിക്കൂട്ടി ചെയ്യാന്‍ പറ്റുന്ന ഒരു പ്രവൃത്തിയാണോ? ബോധ്യപ്പെടാത്ത ഒരു കാര്യം ,അല്ലെങ്കില്‍ തെറ്റെന്നു ബോധ്യമായ ഒരു കാര്യം ഒരാള്‍ക്കു ഭീഷണിക്കു വഴങ്ങിയോ പ്രലോഭനങ്ങള്‍ക്കു വഴങ്ങിയോ വിശ്വസിക്കാന്‍ പറ്റുമോ? ഇല്ല എങ്കില്‍ ഒരാള്‍ ,അയാള്‍ക്കു ബോധ്യമാകാത്ത കാര്യം വിശ്വസിക്കാതിരിക്കുന്നത് എങ്ങനെ ക്രിമിനല്‍ കുറ്റമാകും? ബോധ്യമായ ഒരു കാര്യം ഒരാള്‍ വിശ്വസിച്ചാല്‍ അതെങ്ങനെ പ്രതിഫലം കിട്ടാവുന്ന ഒരു പുണ്യമാകും?
കഥയില്‍ ചോദ്യമില്ലെന്നറിയാം. എന്നാലും.!
MUSLIMS ARE THE VICTIMS OF 'ISLAM' !

30 വര്‍ഷത്തിലേറെക്കാലമായി ഒരു ലക്കം പോലും മുടങ്ങാതെ പ്രസിദ്ധീകരിക്കുന്നു

30 വര്‍ഷത്തിലേറെക്കാലമായി ഒരു ലക്കം പോലും മുടങ്ങാതെ പ്രസിദ്ധീകരിക്കുന്നു
ഏ വി ജോസ് , കുറ്റിപ്പുഴ നഗര്‍ , തൃശ്ശൂര്‍.