അദ്ധ്യായം 11 : സൂറത്തുൽ ഫജ്ർ (89)
ഖുർആനിലെ 89 ആം അധ്യായമായ 'സൂറത്തുൽ ഫജർ' (30 വാക്യങ്ങൾ) പരിശോധിക്കുമ്പോൾ, മക്കയിൽ ആദ്യകാലത്ത് രൂപപ്പെട്ട മറ്റ് അധ്യായങ്ങളിലെ അതേ ഘടനയും ശൈലിയുമാണ് കാണാൻ സാധിക്കുന്നത്. മക്കയിലെ സമ്പന്നരും പ്രമാണിമാരുമായ ഖുറൈശി നേതാക്കളെ വ്യക്തിപരമായി അധിക്ഷേപിക്കുകയും, അവരോടുള്ള അമർഷവും വിദ്വേഷവും പ്രകടമാക്കുകയും, ഒടുവിൽ അതിഭീകരമായ നരകശിക്ഷ കാട്ടി ഭീഷണിപ്പെടുത്തുകയും ചെയ്യുന്ന പതിവ് പാറ്റേൺ ഇവിടെയും ആവർത്തിക്കപ്പെടുന്നു. ഭാഷാപരമായി നിരവധി വൈകല്യങ്ങളും വ്യക്തതയില്ലായ്മയും പുലർത്തുന്ന ഈ അധ്യായത്തിലും, വ്യാകരണപരമായ പോരായ്മകൾ മറയ്ക്കാൻ വ്യാഖ്യാതാക്കൾക്ക് ബ്രാക്കറ്റുകൾ ഉപയോഗിച്ച് അർത്ഥങ്ങൾ കൂട്ടിച്ചേർക്കേണ്ടി വന്നിട്ടുണ്ട്.
ഖുറൈശി പ്രമാണികളോടുള്ള അമർഷവും അപകർഷതയും
ഈ അധ്യായത്തിൽ പറയുന്ന ആക്ഷേപങ്ങളും അധിക്ഷേപങ്ങളും മക്കയിലെ ഉബയ്യ് ഇബ്നു ഖലഫ് അല്ലെങ്കിൽ ഉമയ്യ ഇബ്നു ഖലഫ് എന്നീ ധനികരായ ഖുറൈശി പ്രമാണിമാരെ ലക്ഷ്യം വെച്ചുള്ളതാണെന്ന് ഇബ്നു അബ്ബാസിനെപ്പോലുള്ള പ്രമുഖ ആദ്യകാല വ്യാഖ്യാതാക്കൾ ചൂണ്ടിക്കാണിക്കുന്നുണ്ട്. തങ്ങൾക്ക് ലഭിച്ച അനന്തരാവകാശ സ്വത്തുക്കൾ കൂട്ടിവെച്ച് അഭിമാനം കൊള്ളുകയും, അത് എണ്ണി തിട്ടപ്പെടുത്തി ആനന്ദിക്കുകയും ചെയ്ത വ്യക്തികളായിരുന്നു ഇവർ. എന്നാൽ, ഇവരുടെ ഈ പ്രവൃത്തി സാർവത്രികമായ ഒരു പ്രബോധന വിഷയമാക്കുന്നതിന് പകരം, വ്യക്തിപരമായ കുശുമ്പും അമർഷവും തീർക്കാനുള്ള ആയുധമായാണ് വചനങ്ങളിൽ മാറ്റിയിരിക്കുന്നത്.
അനാഥരെ ആദരിക്കുന്നില്ലെന്നും, ദരിദ്രരെ സഹായിക്കാൻ പ്രോത്സാഹിപ്പിക്കുന്നില്ലെന്നുമുള്ള ആരോപണങ്ങൾ ഈ അധ്യായത്തിലും ആവർത്തിക്കുന്നുണ്ട്. അനാഥനായി ജനിക്കുകയും ദരിദ്രമായ ചുറ്റുവട്ടത്തിൽ വളരുകയും ചെയ്ത തനിക്ക്, മക്കയിലെ പ്രമാണിമാരിൽ നിന്നും നേരിടേണ്ടി വന്ന അവഗണനയിൽ നിന്ന് ഉടലെടുത്ത കടുത്ത അപകർഷതാബോധമാണ് ഇത്തരം അധിക്ഷേപങ്ങളിലൂടെ പുറത്തുവരുന്നത്. പാവപ്പെട്ടവരോടുള്ള അനുകമ്പയേക്കാൾ ഉപരി, സമ്പന്നരാൽ നിരസിക്കപ്പെട്ടതിലുള്ള നിരാശയും അമർഷവുമാണ് ഇതിനു പിന്നിലെ പ്രധാന മനഃശാസ്ത്ര ഘടകം. ഇതിന്റെ ദൈവീകതയ്ക്കും ഗൗരവത്തിനും കോട്ടം തട്ടാതിരിക്കാൻ, ഇവ വ്യക്തിപരമായ പശ്ചാത്തലമുള്ള വചനങ്ങളാണെന്ന വസ്തുത മറച്ചുവെച്ച് പൊതുവായ പ്രസ്താവനകളായി അവതരിപ്പിക്കാനാണ് മലയാളം ഉൾപ്പെടെയുള്ള പിൽക്കാല വ്യാഖ്യാതാക്കൾ ശ്രമിച്ചിട്ടുള്ളത്.
പ്രകൃതിക്ഷോഭ കെട്ടുകഥകളും ഇഹലോക ഭീഷണികളും
തന്റെ വാദങ്ങൾ അംഗീകരിക്കാത്തവരെ ഭയപ്പെടുത്താൻ ഈ അധ്യായത്തിൽ പുതിയൊരു രീതിയാണ് സ്വീകരിച്ചിരിക്കുന്നത്. പണ്ടുകാലത്ത് അറേബ്യയിലും ബാബിലോണിയയിലും മറ്റും പ്രചാരത്തിലുണ്ടായിരുന്ന പ്രകൃതിക്ഷോഭങ്ങളുമായി ബന്ധപ്പെട്ട നാടോടി കഥകളും, ബൈബിൾ കഥകളുടെ അവ്യക്തമായ ശകലങ്ങളും ഇതിലേക്ക് കോർത്തുവെച്ചിരിക്കുന്നു. വെള്ളപ്പൊക്കവും ഭൂകമ്പവും കൊടുങ്കാറ്റുമെല്ലാം ഗോത്രദൈവങ്ങളുടെ കോപം കൊണ്ട് ഉണ്ടായതാണെന്ന പ്രാകൃത മനുഷ്യരുടെ സങ്കൽപ്പങ്ങളെയാണ് ഇവിടെ ദൈവീക മുന്നറിയിപ്പുകളായി അവതരിപ്പിക്കുന്നത്.
ആരാണ് കഥാപാത്രങ്ങളെന്നോ, എന്ന് എവിടെ സംഭവിച്ചതാണെന്നോ ഉള്ള യാതൊരു വ്യക്തതയുമില്ലാതെ, കേട്ടുകേൾവിയിലുള്ള പൂർവ്വീകരുടെ കഥകൾ വിവരിച്ച് ഇഹലോകത്തു വച്ചുതന്നെ ശിക്ഷിക്കുമെന്നും, മരണാനന്തരം വിചാരണ ചെയ്ത് നരകത്തിലേക്ക് തള്ളുമെന്നും ഭീഷണിപ്പെടുത്തുകയാണ് ചെയ്യുന്നത്. പ്രപഞ്ചസ്രഷ്ടാവായ ഒരു ദൈവം മനുഷ്യരാശിക്ക് ആകമാനം മാർഗ്ഗദർശനമായി നൽകിയ ഗ്രന്ഥമെന്ന് അവകാശപ്പെടുന്ന ഒന്നിൽ, യാതൊരു സാമാന്യ നിലവാരവുമില്ലാത്ത ഇത്തരത്തിലുള്ള വ്യക്തിപരമായ അധിക്ഷേപങ്ങളും ഭീഷണികളും കെട്ടുകഥകളും മാത്രമാണ് കാണാൻ സാധിക്കുന്നത്. ഇത് സ്രഷ്ടാവിന്റെ വചനങ്ങളെന്നതിനേക്കാൾ, കടുത്ത മാനസിക വിഭ്രാന്തിയും അപകർഷതാബോധവും നിരാശയും പേറിയ ഒരു വ്യക്തിയുടെ വാക്കുകൾ മാത്രമാണെന്ന് വ്യക്തമാകുന്നു.
ജാഹിലിയ്യ വിശ്വാസങ്ങളും വ്യാഖ്യാനങ്ങളും
وَٱلْفَجْرِ ﴿١﴾ وَلَيَالٍ عَشْرٍۢ ﴿٢﴾ وَٱلشَّفْعِ وَٱلْوَتْرِ ﴿٣﴾ وَٱلَّيْلِ إِذَا يَسْرِ ﴿٤﴾ هَلْ فِى ذَٰلِكَ قَسَمٌۭ لِّذِى حِجْرٍ ﴿٥
‘’പ്രഭാതവും, പത്തു രാത്രികളും, ഇരട്ടയും ഒറ്റയും രാത്രിയും-അത് ചരിച്ചു കൊണ്ടിരിക്കുമ്പോൾ -തന്നെയാണ് സത്യം.
ബുദ്ധിയുള്ളവന് അവയിൽ സത്യത്തിന് വകയുണ്ടോ?’’ (1-5)
സൂറത്തുൽ ഫജറിന്റെ ആദ്യ വചനങ്ങൾ പരിശോധിക്കുമ്പോൾ, മക്കയിൽ നിലനിന്നിരുന്ന പഴയ ഭാഷാ ശൈലിയും സംസ്കാരവുമാണ് പ്രകടമാകുന്നത്. അർത്ഥശൂന്യവും വ്യക്തതയില്ലാത്തതുമായ കാര്യങ്ങൾ ചൊല്ലി സത്യം ചെയ്ത് സംസാരിക്കുന്ന അന്നത്തെ അറേബ്യൻ രീതി തന്നെയാണ് ഈ വചനങ്ങളിലും ആവർത്തിക്കപ്പെടുന്നത്. പ്രഭാതം, പത്ത് രാത്രികൾ, ഇരട്ടയും ഒറ്റയും, കടന്നുപോകുന്ന രാത്രി എന്നിവയെ മുൻനിർത്തി സത്യം ചെയ്യുമ്പോൾ, കേൾവിക്കാരന് യാതൊരു വ്യക്തമായ അർത്ഥതലവും ലഭിക്കാത്ത അവസ്ഥയാണുള്ളത്.
വ്യാഖ്യാതാക്കൾക്ക് പോലും ഇതിന്റെ യഥാർത്ഥ അർത്ഥത്തെക്കുറിച്ച് ഉറപ്പില്ലെന്നതാണ് യാഥാർത്ഥ്യം. വചനങ്ങളിലെ പത്ത് രാത്രികൾ എന്നാൽ എന്താണെന്ന കാര്യത്തിൽ മുഫസ്സിറുകൾക്കിടയിൽ വലിയ തർക്കങ്ങളുണ്ട്. ഭൂരിഭാഗം വ്യാഖ്യാതാക്കളും ഇത് ദുൽഹജ്ജ് മാസത്തിലെ ആദ്യ പത്ത് ദിവസങ്ങളാണെന്ന് സമർത്ഥിക്കുന്നു. ഇസ്ലാമിന് മുമ്പുള്ള ജാഹിലിയ്യ കാലത്ത് കഅബയിലെ വിഗ്രഹാരാധനയുമായി ബന്ധപ്പെട്ട് അറബികൾ പുണ്യം കൽപ്പിച്ചിരുന്ന ദിവസങ്ങളായിരുന്നു ഇവ. ചില വ്യാഖ്യാതാക്കൾ ഇത് മുഹറം മാസത്തിലെ ആദ്യ പത്തു ദിവസങ്ങളോ റമളാനിലെ അവസാന പത്തു ദിവസങ്ങളോ ആണെന്ന് അഭിപ്രായപ്പെടുന്നുണ്ടെങ്കിലും, ഇവയൊക്കെ പിന്നീട് രൂപപ്പെട്ട സങ്കൽപ്പങ്ങളാണ്.
ഏകദൈവവിശ്വാസം പഠിപ്പിക്കാൻ വന്നുവെന്ന് അവകാശപ്പെടുന്ന ഒരു ദൈവം, ജാഹിലിയ്യ കാലത്തെ ബഹുദൈവാരാധനാപരമായ ആചാരങ്ങളെയും ദിവസങ്ങളെയും ഉയർത്തിക്കാട്ടി സത്യം ചെയ്യുന്നുവെന്നത് വലിയ വൈരുദ്ധ്യമാണ്. മക്കയിലെ പ്രവാചകത്വ അവകാശവാദങ്ങളുടെ ആദ്യഘട്ടത്തിൽ, മുഹമ്മദിന്റെ ചിന്തകളിൽ നിന്നും ആഴത്തിൽ വേരൂന്നിയ ജാഹിലിയ്യ വിശ്വാസങ്ങളും സങ്കൽപ്പങ്ങളും പൂർണ്ണമായി മാഞ്ഞുപോയിരുന്നില്ല എന്നതിന്റെ വ്യക്തമായ തെളിവാണിത്. അന്നത്തെ സംസ്കാരത്തിന്റെ സ്വാധീനത്തിൽ നിന്നും രൂപപ്പെട്ട ഈ ആശയങ്ങൾ അല്ലാതെ, ഒരു ദൈവീക വെളിപാടിന്റെ ലക്ഷണങ്ങളൊന്നും ഇത്തരം പ്രസ്താവനകളിൽ കാണാൻ സാധിക്കുന്നില്ല.
ഇരട്ടയും ഒറ്റയും: പ്രാകൃത സങ്കൽപ്പങ്ങളും ശാസ്ത്രീയ വൈരുദ്ധ്യങ്ങളും
പ്രപഞ്ചത്തിലെ സകല വസ്തുക്കളും ഇണകളായും ഇരട്ടകളായും സൃഷ്ടിക്കപ്പെട്ടിരിക്കുന്നു എന്ന സങ്കൽപ്പം പണ്ടുകാലത്ത് ലോകത്തിന്റെ വിവിധ ഭാഗങ്ങളിലും ജാഹിലിയ്യ അറബികൾക്കിടയിലും നിലനിന്നിരുന്ന ഒരു മിഥ്യാധാരണയാണ്. അത്തരം അന്ധവിശ്വാസങ്ങളെയാണ് "ഇരട്ടയും ഒറ്റയും തന്നെയാണ് സത്യം" എന്ന വചനത്തിലൂടെ വീണ്ടും ഉയർത്തിക്കാട്ടുന്നത്. അന്നത്തെ മനുഷ്യർ ആകാശവും ഭൂമിയും, സ്വർഗ്ഗവും നരകവും എന്നിങ്ങനെ എല്ലാത്തിനെയും ഇണകളായി കണ്ടു. എന്നാൽ, ആധുനിക ശാസ്ത്രീയ പ്രപഞ്ച വിജ്ഞാനീയത്തിന് മുന്നിൽ ഈ സങ്കൽപ്പം പൂർണ്ണമായും അർത്ഥശൂന്യമായി മാറുന്നു.
ഇന്നത്തെ ശാസ്ത്രീയ അറിവുകൾ വെച്ചു നോക്കുമ്പോൾ പ്രപഞ്ചത്തിൽ ആകാശവും ഭൂമിയും ഒരു ഇണയേയല്ല. പ്രപഞ്ചത്തിന്റെ അളവറ്റ വിസ്തൃതിയിൽ ഭൂമി എന്നത് കേവലം നിസ്സാരമായ ഒരു പൊടിപടലം മാത്രമാണ്. മനുഷ്യൻ ആകാശം എന്ന് വിളിക്കുന്നത് അന്തരീക്ഷത്തിന്റെ വെളിച്ച പ്രതിഫലനം മൂലമുണ്ടാകുന്ന ഒരു കാഴ്ചാഭ്രമം (Illusion) മാത്രമാണ്, അല്ലാതെ അവിടെ ഒരു ഭൗതിക വസ്തുവില്ല. പ്രപഞ്ചത്തിലുള്ള കോടിക്കണക്കിന് ജീവജാലങ്ങളിലും പ്രതിഭാസങ്ങളിലും ഇണകളല്ലാത്തവയോ ഇരട്ടഘടനയില്ലാത്തവയോ ആയ എത്രയോ കാര്യങ്ങളുണ്ട്. പ്രാകൃത മനുഷ്യരുടെ ഈ ഭ്രമകൽപ്പനകളെയും അബദ്ധധാരണകളെയും ദൈവിക വചനങ്ങളെന്ന പേരിൽ അവതരിപ്പിക്കുമ്പോൾ, അത് അന്നത്തെ കാലഘട്ടത്തിന്റെ പരിമിതമായ അറിവുകളിൽ നിന്നും രൂപപ്പെട്ടതാണെന്ന് വ്യക്തമാകുന്നു.
സഞ്ചരിക്കുന്ന രാത്രിയും വ്യാഖ്യാന കസർത്തുകളും
"രാത്രി സഞ്ചരിച്ചുകൊണ്ടിരിക്കുമ്പോൾ തന്നെയാണ് സത്യം" എന്ന അടുത്ത വാക്യവും ആദ്യകാല മക്കൻ ശൈലിയുടെ തുടർച്ച തന്നെയാണ്. പ്രഭാതം, പത്ത് രാത്രികൾ, ഇരട്ടയും ഒറ്റയും എന്നതിനൊപ്പം രാത്രിയുടെ സഞ്ചാരത്തെക്കൂടി കൂട്ടിച്ചേർത്ത് സത്യം ചെയ്യുമ്പോൾ, കേൾവിക്കാർക്ക് കവിതാത്മകമായ ഒരു ആമുഖം സൃഷ്ടിക്കുക മാത്രമാണ് ഉദ്ദേശിക്കുന്നത്. ഒരു പ്രഭാഷണത്തിനോ സന്ദേശത്തിനോ ആകർഷകത്വം നൽകാൻ വേണ്ടി പ്രാസഭംഗിയുള്ള ചില പദങ്ങൾ കൂട്ടിച്ചേർത്ത് അവതരിപ്പിക്കുക എന്ന അന്നത്തെ ശൈലിയല്ലാതെ, ഇതിന് പിന്നിൽ ആഴത്തിലുള്ള തത്ത്വചിന്തകളോ ആശയങ്ങളോ ഉണ്ടായിരുന്നില്ല.
ഇത്തരം ശകലങ്ങളിൽ യഥാർത്ഥത്തിൽ എന്താണ് ഉദ്ദേശിച്ചതെന്ന് കൃത്യമായി പറയാൻ പിൽക്കാല മുഫസ്സിറുകൾക്ക്കഴിഞ്ഞിട്ടില്ല. വാക്യങ്ങൾക്ക് തങ്ങളുടേതായ രീതിയിൽ അർത്ഥവും ആശയവും കൃത്രിമമായി തുന്നിച്ചേർക്കാനാണ് വ്യാഖ്യാതാക്കൾ ശ്രമിച്ചത്. ഒരു നിശ്ചിത ആശയത്തിന് പകരം പദങ്ങളുടെ ഒഴുക്കിന് പ്രാധാന്യം നൽകി സംസാരിക്കുകയും, തുടർന്ന് തനിക്ക് പറയാനുള്ള ആക്ഷേപങ്ങളും ഭീഷണികളും അവതരിപ്പിക്കുകയുമായിരുന്നു ആദ്യകാല രീതി.
"ബുദ്ധിയുള്ളവന് അവയിൽ സത്യത്തിന് വകയുണ്ടോ?" എന്ന ചോദ്യവും ഇതിന്റെ ഭാഗമായി ഉയരുന്നതാണ്. ചിന്തിക്കുന്ന ഒരു വ്യക്തിക്ക് പ്രഭാതമോ, പത്ത് രാത്രികളോ, ഇരട്ടയും ഒറ്റയോ, രാത്രിയുടെ സഞ്ചാരമോ ചൂണ്ടിക്കാട്ടി സത്യം ചെയ്യുന്നതിൽ പ്രത്യേകിച്ചൊരു ദൈവീക തെളിവോ യുക്തിയോ കണ്ടെത്താൻ കഴിയില്ല. യുക്തിപരമായി യാതൊരു അർത്ഥവുമില്ലാത്ത ഇത്തരം പ്രാസവാക്യങ്ങൾക്ക് ദൈവീകത ചാർത്തിക്കൊടുക്കാൻ ബുദ്ധിജീവികളായ വ്യാഖ്യാതാക്കൾ നടത്തിയ ശ്രമങ്ങളാണ് പിന്നീട് പലവിധ തഫ്സീറുകളായി രൂപപ്പെട്ടത്. എന്നാൽ ആ വ്യാഖ്യാതാക്കൾക്കിടയിൽ പോലും പരസ്പരം യോജിപ്പില്ലെന്നത് ഈ വചനങ്ങളിലെ അനിശ്ചിതത്വത്തെയാണ് വ്യക്തമാക്കുന്നത്.
വ്യാഖ്യാനങ്ങളിലെ ചരിത്രപരമായ വൈരുദ്ധ്യങ്ങൾ
മക്കൻ വചനങ്ങളിലെ ഇരട്ടയും ഒറ്റയും എന്ന പ്രയോഗത്തിന് പിന്നീട് നൽകപ്പെട്ട വ്യാഖ്യാനങ്ങൾ പരിശോധിക്കുമ്പോൾ, ചരിത്രപരമായ കാലഘട്ടവും വചനങ്ങളുടെ പശ്ചാത്തലവും തമ്മിലുള്ള വലിയ വൈരുദ്ധ്യം വ്യക്തമാകുന്നു. ഇബ്നു അബ്ബാസിന്റെ ആദ്യ വ്യാഖ്യാനപ്രകാരം ഇരട്ട എന്നത് ബലിദിനത്തെയും, ഒറ്റ എന്നത് അറഫാ ദിനത്തെയുമാണ് സൂചിപ്പിക്കുന്നത്. കൂടാതെ ബലിദിനത്തിന് ശേഷമുള്ള മൂന്ന് ദിവസങ്ങളെ ഒറ്റ എന്നതുകൊണ്ട് ഉദ്ദേശിക്കുന്നുവെന്നും അദ്ദേഹം അഭിപ്രായപ്പെടുന്നു. ഇസ്ലാമിന് മുമ്പ് തന്നെ മക്കയിലെ ജാഹിലിയ്യ അറബികൾ കഅബ കേന്ദ്രീകരിച്ച് നടത്തിയിരുന്ന ഹജ്ജ് ആചാരങ്ങളുമായി ബന്ധപ്പെട്ട ദിവസങ്ങളാണിത്. ഏകദൈവവിശ്വാസം പ്രബോധനം ചെയ്യുന്ന വചനങ്ങളിൽ ജാഹിലിയ്യ ആചാരദിനങ്ങളെ ഉയർത്തിക്കാട്ടി സത്യം ചെയ്യുന്നുവെന്നത് ഈ വ്യാഖ്യാനത്തിലെ പ്രധാന വൈരുദ്ധ്യങ്ങളിലൊന്നാണ്.
മറ്റൊരു വ്യാഖ്യാനമനുസരിച്ച് ഇരട്ടയും ഒറ്റയും എന്നത് ദിനേനയുള്ള പ്രാർത്ഥനകളിലെ റക്അത്തുകളുടെ എണ്ണമാണ്. രണ്ടു അല്ലെങ്കിൽ നാലു റക്അത്തുകളുള്ള സുബഹ്, ളുഹർ, അസർ, ഇശാ നിസ്കാരങ്ങളെ ഇരട്ടയായും, മൂന്ന് റക്അത്തുള്ള മഗ്‌രിബ്, ഒറ്റ റക്അത്തുകളായി നിസ്കരിക്കുന്ന വിത്ർ പ്രാർത്ഥന എന്നിവയെ ഒറ്റയായും ഇതിൽ തരംതിരിക്കുന്നു. എന്നാൽ മക്കയിൽ ഈ അധ്യായം അവതരിച്ചു എന്ന് പറയപ്പെടുന്ന സമയത്ത് ഇന്നത്തെ രീതിയിലുള്ള അഞ്ചുനേരത്തെ നിസ്കാരങ്ങളോ, വിത്ർ പ്രാർത്ഥനയോ, ഇത്തരത്തിലുള്ള റക്അത്ത് ക്രമങ്ങളോ വ്യവസ്ഥാപിതമായി നിലവിൽ വന്നിരുന്നില്ല എന്നതാണ് ചരിത്ര വസ്തുത.
പിൽക്കാലത്ത് നിലവിൽ വന്ന ആചാരങ്ങളെയും സങ്കൽപ്പങ്ങളെയും മക്കൻ വചനങ്ങളിലേക്ക് തുന്നിച്ചേർക്കാൻ വ്യാഖ്യാതാക്കൾ ശ്രമിച്ചപ്പോഴാണ് ഇത്തരം പരസ്പരവിരുദ്ധമായ ആശയങ്ങൾ രൂപപ്പെട്ടത്. ഒരേ വാക്കിന് തന്നെ ഹജ്ജ് ദിനങ്ങളെന്നും നിസ്കാര റക്അത്തുകളെന്നും വെവ്വേറെ വ്യാഖ്യാനങ്ങൾ നൽകേണ്ടി വരുന്നത്, ഈ വചനങ്ങൾ കേവലം പ്രാസഭംഗിക്ക് വേണ്ടി ഉപയോഗിച്ച വാക്കുകൾ മാത്രമായിരുന്നു എന്ന വസ്തുതയിലേക്കാണ് വിരൽ ചൂണ്ടുന്നത്.
ഇബ്നു അബ്ബാസ് നൽകുന്ന മറ്റ് വ്യാഖ്യാനങ്ങളിലേക്ക് കടക്കുമ്പോൾ, പുരാതന മനുഷ്യരുടെ കാഴ്ചപ്പാടുകളും സങ്കൽപ്പങ്ങളും ഖുർആൻ വചനങ്ങളിൽ എത്രത്തോളം നിഴലിക്കുന്നുണ്ടെന്ന് വ്യക്തമാകുന്നു. പ്രപഞ്ചത്തിലെ സർവ്വതിനെയും ഇരട്ടകളായും ഇണകളായും കാണുന്ന പ്രാകൃത സങ്കൽപ്പമാണ് ഇതിലൊന്ന്.
പ്രപഞ്ചവും ഭൗതിക വസ്തുക്കളും ഇരട്ട എന്നതുകൊണ്ട് ഉദ്ദേശിക്കുന്നത് ആകാശവും ഭൂമിയും, ഇഹലോകവും പരലോകവും, സ്വർഗ്ഗവും നരകവും, ദൈവത്തിന്റെ സിംഹാസനവും (അർഷ്) പാദപീഠവും (കുർസി), സൂര്യനും ചന്ദ്രനും തുടങ്ങിയവയാണെന്നാണ് ഒരു വിശദീകരണം. പ്രാകൃത കാലത്ത് ശാസ്ത്രീയ അറിവുകളില്ലാതിരുന്ന മനുഷ്യൻ തന്റെ കണ്ണുകൾക്ക് മുന്നിൽ കണ്ട കാഴ്ചകളെ അടിസ്ഥാനമാക്കി നിർമ്മിച്ചെടുത്ത ഭാവനകളാണിതെല്ലാം.
ഭൂമിയിൽ നിന്ന് നോക്കുമ്പോൾ സൂര്യനും ചന്ദ്രനും ആകാശത്തിലൂടെ സഞ്ചരിക്കുന്ന ഒരേപോലെയുള്ള രണ്ട് വസ്തുക്കളായി തോന്നുമെങ്കിലും, ആധുനിക ശാസ്ത്രീയ യാഥാർത്ഥ്യം തികച്ചും വ്യത്യസ്തമാണ്. ഭൂമിയേക്കാൾ ലക്ഷക്കണക്കിന് മടങ്ങ് വലിപ്പമുള്ള ഒരു നക്ഷത്രമാണ് സൂര്യൻ. എന്നാൽ ചന്ദ്രൻ കേവലം ഭൂമിയുടെ ഉപഗ്രഹം മാത്രമാണ്. ഇവ രണ്ടും തമ്മിൽ യാതൊരു തുല്യതയോ ഇണയെന്ന ബന്ധമോ ഇല്ല. അതുപോലെ തന്നെയാണ് ഭൂമിയും ആകാശവും. വിസ്തൃതമായ പ്രപഞ്ചത്തിൽ ഭൂമി കേവലം ഒരു പൊടിപടലം മാത്രമാണ്. ഈ കാഴ്ചപ്പാടുകളെല്ലാം ജാഹിലിയ്യ കാലത്തെ അറിവില്ലായ്മയിൽ നിന്നും രൂപപ്പെട്ട മിഥ്യാധാരണകളാണെന്ന് വ്യക്തമാണ്.
മറ്റൊരു വ്യാഖ്യാനമനുസരിച്ച് ഇരട്ട എന്നത് ആൺ-പെൺ, വിശ്വാസി-അവിശ്വാസി, ആത്മാർത്ഥതയുള്ളവൻ-കപടവിശ്വാസി, നല്ലവൻ-പാപി എന്നിവയാണ്. എന്നാൽ ഒറ്റ എന്നതുകൊണ്ട് ഉദ്ദേശിക്കുന്നത് ഏകനായ അല്ലാഹുവിനെ മാത്രമാണ്.
ഈ വ്യാഖ്യാനങ്ങളെല്ലാം പരിശോധിക്കുമ്പോൾ, "ഇരട്ടയും ഒറ്റയും തന്നെയാണ് സത്യം" എന്ന് പറഞ്ഞതിലൂടെ യഥാർത്ഥത്തിൽ എന്താണ് ഉദ്ദേശിച്ചതെന്ന് മുഫസ്സിറുകൾക്ക് യാതൊരു ധാരണയുമില്ലെന്ന് മനസ്സിലാക്കാം. മുഹമ്മദിന്റെ മനസ്സിൽ ആഴത്തിൽ വേരൂന്നിയിരുന്ന അന്നത്തെ ജാഹിലിയ്യ സങ്കൽപ്പങ്ങളാണ് ഇത്തരത്തിൽ പുറത്തുവന്നത്. "ബുദ്ധിയുള്ളവന് അതിൽ സത്യത്തിന് വകയുണ്ടോ" എന്ന ചോദ്യത്തിന്, ഈ വചനങ്ങൾ ദൈവീക സന്ദേശങ്ങളല്ല മറിച്ച് പ്രവാചകന്റെ മാനസികാവസ്ഥയിൽ നിന്നും അന്നത്തെ അവികസിത ചിന്തകളിൽ നിന്നും ഉൽഭവിച്ചവ മാത്രമാണെന്നാണ് യുക്തിപരമായി ചിന്തിക്കുന്നവർക്ക് ലഭിക്കുന്ന ഉത്തരം.
നാടോടിക്കഥകളുടെ ആവർത്തനം
أَلَمْ تَرَ كَيْفَ فَعَلَ رَبُّكَ بِعَادٍ ﴿٦﴾ إِرَمَ ذَاتِ ٱلْعِمَادِ ﴿٧﴾ ٱلَّتِى لَمْ يُخْلَقْ مِثْلُهَا فِى ٱلْبِلَٰدِ ﴿٨﴾
‘’താങ്കളുടെ രക്ഷിതാവ് ആദിനെ -അതായത് ഉയർന്ന കെട്ടിടക്കാരായ ഇറമ് ഗോത്രം-കൊണ്ട് ,എങ്ങനെയാണ് ചെയ്തത് എന്ന് താങ്കൾ അറിഞ്ഞിട്ടില്ലേ ? ആ നാടുകളിൽ അതുപോലെയുള്ളവർ സൃഷ്ടിക്കപ്പെട്ടിട്ടില്ല ‘’(കൂറ്റനാട് 6-8)
സൂറത്തുൽ ഫജറിലെ അടുത്ത വചനങ്ങൾ പരിശോധിക്കുമ്പോൾ, അറേബ്യൻ നാടോടിക്കഥകളെയും കേട്ടുകേൾവികളെയും മുൻനിർത്തി ജനങ്ങളെ ഭയപ്പെടുത്താൻ ശ്രമിക്കുന്ന ശൈലിയാണ് കാണാൻ സാധിക്കുന്നത്. "ഉയർന്ന തൂണുകളുള്ള ഇറാം നഗരത്തിലെ ആദ് ഗോത്രക്കാരോട് നിന്റെ രക്ഷിതാവ് എങ്ങനെ പ്രവർത്തിച്ചു എന്ന് നീ കണ്ടില്ലേ? രാജ്യങ്ങളിൽ അതുപോലെയുള്ള ഒന്ന് സൃഷ്ടിക്കപ്പെട്ടിട്ടില്ലാത്തവരായ" എന്ന പ്രസ്താവന ഇതിന് വ്യക്തമായ ഉദാഹരണമാണ്.
മക്കയിലെ ജനങ്ങൾക്ക് പരിചിതമായിരുന്ന പഴയ പ്രാദേശിക കഥകളെയാണ് ഇവിടെ ദൈവീക മുന്നറിയിപ്പുകളായി അവതരിപ്പിക്കുന്നത്. ചരിത്രപരമായ തെളിവുകളോ വ്യക്തമായ രേഖകളോ ഇല്ലാത്ത ആദ് ഗോത്രത്തെക്കുറിച്ച് അതിശയോക്തിപരമായ കഥകളാണ് അക്കാലത്ത് പ്രചരിച്ചിരുന്നത്. അവർ സാധാരണ മനുഷ്യരേക്കാൾ വലിയ ശരീര വലിപ്പമുള്ളവരും ഭീമൻമാരുമായിരുന്നുവെന്നും, വൻ തോതിൽ ഉയരമുള്ള പാറക്കെട്ടുകളിൽ കൂറ്റൻ കെട്ടിടങ്ങൾ പണിതുയർത്തിയവരാണെന്നും, അവരെപ്പോലെ ശക്തിയുള്ള മറ്റൊരാളും ലോകത്ത് ഉണ്ടായിട്ടില്ലെന്നുമൊക്കെയാണ് അറേബ്യൻ കെട്ടുകഥകളിൽ വിവരിച്ചിരുന്നത്.
പ്രകൃതിക്ഷോഭങ്ങൾ മൂലം തകർന്നുപോയ പഴയ ഏതെങ്കിലും ജനവിഭാഗങ്ങളെക്കുറിച്ച് തലമുറകളായി കൈമാറിവന്ന വായ്മൊഴികഥകൾക്ക് ദൈവീക കോപത്തിന്റെ നിറം നൽകുകയാണ് ഇവിടെ ചെയ്യുന്നത്. അത്തരം ജനവിഭാഗങ്ങളെ ദൈവം നശിപ്പിച്ചത് പോലെ തങ്ങളെ എതിർക്കുന്ന മക്കയിലെ ഖുറൈശികളെയും നശിപ്പിക്കുമെന്ന ഭീഷണിയാണ് ഈ കഥാകഥനത്തിന് പിന്നിലുള്ളത്. കേട്ടുകേൾവിയിലുള്ള നാടോടി ഭാവനകളെയും അതിശയോക്തികളെയും ദൈവീക വെളിപാടുകളായി തുന്നിച്ചേർത്ത് ആളുകളെ ഭയപ്പെടുത്താൻ ശ്രമിക്കുക മാത്രമാണ് ഇവിടെ പ്രവാചകൻ ചെയ്യുന്നത്.
സമൂദ് ഗോത്രവും ഫറോവയും
وَثَمُودَ ٱلَّذِينَ جَابُوا۟ ٱلصَّخْرَ بِٱلْوَادِ ﴿٩﴾ وَفِرْعَوْنَ ذِى ٱلْأَوْتَادِ ﴿١٠﴾
‘’താഴ് വരകളിൽ പാറ വെട്ടിയിരുന്ന സമൂദിനെക്കൊണ്ടും കുറ്റികളുടെ ആളായ ഫിർഔനെ കൊണ്ടും’’ (കൂറ്റനാട് 9-10)
ആദ് ഗോത്രത്തിന്റെ കഥയ്ക്ക് തൊട്ടുപിന്നാലെ, അറേബ്യൻ ഉപദ്വീപിൽ പ്രചാരത്തിലുണ്ടായിരുന്ന മറ്റ് ചില നാടോടിക്കഥകളെയും ചരിത്ര മിത്തുകളെയുമാണ് മുഹമ്മദ് അവതരിപ്പിക്കുന്നത്. "താഴ്‌വരകളിൽ പാറവെട്ടി വസതികളുണ്ടാക്കിയ സമൂദ് ഗോത്രത്തോടും, ആപ്പുകളുടെ ആളായ ഫിർഔനോടും (ഫറോവ) നിന്റെ രക്ഷിതാവ് എങ്ങനെയാണ് പ്രവർത്തിച്ചതെന്ന് നീ കണ്ടില്ലേ?" എന്ന ചോദ്യത്തിലൂടെ ഈ ഭീഷണിയുടെ വ്യാപ്തി വർദ്ധിപ്പിക്കാൻ ശ്രമിക്കുന്നു.
മദീനയുടെ വടക്കുഭാഗത്തുള്ള വാദിൽ ഖുറ അഥവാ മദായിൻ സ്വാലിഹ് (ഹജ്ർ) എന്ന സ്ഥലത്ത് കാണപ്പെടുന്ന പാറ തുരന്നുള്ള പുരാതന നിർമ്മിതികളെ അടിസ്ഥാനമാക്കിയാണ് സമൂദ് ഗോത്രത്തെക്കുറിച്ചുള്ള കഥകൾ രൂപപ്പെട്ടിട്ടുള്ളത്. പെട്രയിൽ കാണപ്പെടുന്നതിന് സമാനമായി, കൂറ്റൻ പാറകൾ തുരന്ന് വാസസ്ഥലങ്ങളും കല്ലറകളും നിർമ്മിച്ച ഒരു ജനവിഭാഗം അവിടെ താമസിച്ചിരുന്നുവെന്നത് ഒരു യാഥാർത്ഥ്യമാണ്. എന്നാൽ, അവർ ദൈവീക ശിക്ഷയാൽ ഒന്നടങ്കം നശിപ്പിക്കപ്പെട്ടു എന്ന തരത്തിൽ പ്രചരിച്ചിരുന്ന ഭീതിജനകമായ നാടോടിക്കഥകളെയാണ് ഇവിടെ ദൈവീക തെളിവുകളായി എടുത്തു വീശുന്നത്. ഖുർആനിൽ ഉടനീളം പത്തോളം തവണ വ്യത്യസ്ത അധ്യായങ്ങളിൽ ആവർത്തിച്ചു പറയുന്ന കെട്ടുകഥകളിൽ ഒന്നാണിത്.
അതോടൊപ്പം, ഈജിപ്ഷ്യൻ ഭരണാധികാരിയായ ഫറോവയെ "ആപ്പുകളുടെ (കുറ്റികളുടെ) ഉടമ" എന്ന് വിശേഷിപ്പിക്കുന്നതും ഇത്തരം കഥാകഥനങ്ങളുടെ ഭാഗമാണ്. മനുഷ്യരെ ക്രൂരമായി പീഡിപ്പിക്കാൻ നിലത്തു കുറ്റികൾ അടിച്ചുതറച്ച് കെട്ടിയിട്ടിരുന്ന ആളാണ് ഫറോവ എന്ന വായ്മൊഴി കഥകളെയാണ് ഈ വിശേഷണം സൂചിപ്പിക്കുന്നത്.ഫറോവ എന്നത് ഒരു വ്യക്തിനാമമായാണ് മുഹമ്മദ് മനസ്സിലാക്കിയിരുന്നത് . പഴയ കഥകളിൽ പ്രചരിച്ചിരുന്ന ഇത്തരം പ്രകൃതിദുരന്തങ്ങളെയും സാമ്രാജ്യങ്ങളുടെ പതനങ്ങളെയും ദൈവത്തിന്റെ പ്രതികാര നടപടികളായി വ്യാഖ്യാനിക്കുകയും, തനിക്ക് വഴങ്ങാത്ത ഖുറൈശികൾക്ക് മേൽ അതേ ഭീഷണി ഉയർത്തുകയുമാണ് ഈ വചനങ്ങളിലൂടെ പ്രവാചകൻ ചെയ്യുന്നത്. പ്രാദേശികമായ ജനശ്രുതികളെയും മിത്തുകളെയും അല്ലാഹുവിന്റെ വചനങ്ങളെന്ന പേരിൽ അവതരിപ്പിച്ച് കേൾവിക്കാരിൽ ഭയം സൃഷ്ടിക്കാനായിരുന്നു ആദ്യകാല മക്കൻ വചനങ്ങളിൽ പ്രധാനമായും ശ്രമിച്ചത് എന്ന് ഇതിലൂടെ വ്യക്തമാകുന്നു.
അതിക്രമവും അറബികളുടെ അവസരവാദ സമീപനങ്ങളും
ٱلَّذِينَ طَغَوْا۟ فِى ٱلْبِلَٰدِ ﴿١١﴾ فَأَكْثَرُوا۟ فِيهَا ٱلْفَسَادَ ﴿١٢﴾ فَصَبَّ عَلَيْهِمْ رَبُّكَ سَوْطَ عَذَابٍ ﴿١٣﴾إِنَّ رَبَّكَ لَبِٱلْمِرْصَادِ ﴿١٤﴾
‘’അതേ ,നാടുകളിൽ അതിക്രമം പ്രവർത്തിച്ചിരുന്നവർ . അങ്ങനെ അവരവിടെ നാശങ്ങൾ വർദ്ധിപ്പിച്ചു ,തന്നിമിത്തം താങ്കളുടെ രക്ഷിതാവ് അവരുടെ മേൽ ഒരു തരം ശിക്ഷ ചൊരിഞ്ഞു,നിശ്ചയമായും താങ്കളുടെ റബ്ബ വീക്ഷിച്ചു കൊണ്ടിരിക്കുന്നവനാകുന്നു ‘’(കൂറ്റനാട് 11-14)
നാടുകളിൽ 'ഫസാദ്' അഥവാ അതിക്രമങ്ങൾ പ്രവർത്തിച്ച പഴയ ജനവിഭാഗങ്ങൾക്ക് മേൽ ദൈവം ശിക്ഷ വർഷിച്ചു എന്ന സാമാന്യ പ്രസ്താവനയാണ് തുടർന്ന് വരുന്ന വചനങ്ങളിൽ കാണാൻ സാധിക്കുന്നത്. അന്നത്തെ അറേബ്യൻ നാട്ടിൻപുറങ്ങളിൽ ജനങ്ങൾക്കിടയിൽ പ്രചരിച്ചിരുന്ന കേട്ടുകേൾവി കഥകളിൽ എന്താണോ ഉണ്ടായിരുന്നത്, അത് തന്നെയാണ് ഇവിടെയും പരാമർശിക്കപ്പെടുന്നത്. എന്നാൽ പിൽക്കാല വ്യാഖ്യാതാക്കൾ ഈ 'ഫസാദ്' എന്ന പദത്തിന് ഇസ്ലാമിക ആദർശങ്ങളുടെ അടിസ്ഥാനത്തിൽ വ്യാഖ്യാനം നൽകുകയും, അത് വിഗ്രഹാരാധനയും (ശിർക്ക്) ദൈവനിഷേധവുമാണെന്ന് (കുഫ്റ്) വാദിക്കുകയുമായിരുന്നു.
"നിശ്ചയമായും താങ്കളുടെ റബ്ബ് പതിയിരിക്കുന്നവൻ ആകുന്നു" അഥവാ നിരീക്ഷിച്ചുകൊണ്ടിരിക്കുന്നവനാകുന്നു എന്ന വാക്യത്തിനും ഇത്തരത്തിൽ ഭീതിജനകമായ ഭാവനാസൃഷ്ടികളാണ് തഫ്സീറുകളിൽ നൽകപ്പെട്ടിട്ടുള്ളത്. ഇബ്നു അബ്ബാസ് ഉൾപ്പെടെയുള്ളവർ നൽകുന്ന വിശദീകരണപ്രകാരം, പരലോക വിചാരണയ്ക്ക് ശേഷം മനുഷ്യർ സിറാത്ത് പാലത്തിലൂടെ കടന്നുപോകുമ്പോൾ അല്ലാഹു ഏർപ്പെടുത്തിയ മലക്കുകൾ പലയിടങ്ങളിലായി പതിയിരിക്കുന്നുണ്ടെന്നും, അവർ മനുഷ്യരെ പേടിപ്പിച്ച് താഴേക്ക് തള്ളിവിടുമെന്നുമാണ് വിവരിക്കുന്നത്. പ്രാകൃതമായ ഭയത്തെ ആയുധമാക്കുന്ന ഇത്തരം രീതികളാണ് ഈ വചനങ്ങൾക്ക് വ്യാഖ്യാനമായി ചമച്ചിട്ടുള്ളത്.
فَأَمَّا ٱلْإِنسَٰنُ إِذَا مَا ٱبْتَلَىٰهُ رَبُّهُۥ فَأَكْرَمَهُۥ وَنَعَّمَهُۥ فَيَقُولُ رَبِّىٓ أَكْرَمَنِ ﴿١٥﴾ وَأَمَّآ إِذَا مَا ٱبْتَلَىٰهُ فَقَدَرَ عَلَيْهِ رِزْقَهُۥ فَيَقُولُ رَبِّىٓ أَهَٰنَنِ ﴿١٦﴾
‘’എന്നാൽ മനുഷ്യൻ- തന്റെ റബ്ബ് അവനെ പരീക്ഷിക്കുകയും അങ്ങനെ ആദരിക്കുകയും സൗഖ്യം നൽകുകയും ചെയ്താൽ എൻറെ റബ്ബ് എന്നെ ആദരിച്ചിരിക്കുന്നു എന്ന് അപ്പോൾ അവൻ പറയും ഇനി റബ്ബ് തന്നെ പരീക്ഷിക്കുകയും അങ്ങനെ ആഹാരം തന്റെ മേൽ കുടുസാക്കുകയും ചെയ്താൽ എൻറെ റബ്ബ് എന്നെ അപമാനിച്ചിരിക്കുന്നു എന്നാണ് അവർ പറയുക.’’(15-16)
തുടർന്നുള്ള വചനങ്ങൾ മക്കയിലെ ഖുറൈശി പ്രമാണിമാരുടെ അവസരവാദപരമായ സ്വഭാവത്തെയും ഭൗതിക ലാഭനഷ്ട ചിന്തകളെയുമാണ് ചൂണ്ടിക്കാണിക്കുന്നത്. മനുഷ്യന് സമ്പത്തും സൗകര്യങ്ങളും ലഭിക്കുമ്പോൾ ദൈവം തന്നെ ആദരിച്ചുവെന്ന് ആഹ്ലാദിക്കുകയും, ഉപജീവനത്തിൽ ഞെരുക്കവും സാമ്പത്തിക നഷ്ടവും ഉണ്ടാകുമ്പോൾ ദൈവം തന്നെ അപമാനിച്ചുവെന്ന് ആരോപിച്ച് കുറ്റപ്പെടുത്തുകയും ചെയ്യുന്ന രീതിയെ ഇവിടെ വിമർശിക്കുന്നു. ഇത് കേവലം ഉബയ്യ് അല്ലെങ്കിൽ ഉമയ്യയെപ്പോലുള്ള വ്യക്തികളുടെ മാത്രം കഥയല്ല, മറിച്ച് ഇസ്ലാമിന് മുമ്പുള്ള ജാഹിലിയ്യ അറബികളുടെ പൊതുവായ സ്വാർത്ഥ മനോഭാവമായിരുന്നു. പ്രയാസങ്ങളിൽ കല്ലുകളെ വരെ വലംവെച്ച് ബലി നൽകുകയും, കാര്യം സാധിക്കാതെ വന്നാൽ ആ വിഗ്രഹങ്ങളെത്തന്നെ അധിക്ഷേപിക്കുകയും ചീത്തവിളിക്കുകയും ചെയ്യുന്ന പ്രകൃതക്കാരായിരുന്നു അവർ.
كَلَّا بَل لَّا تُكْرِمُونَ ٱلْيَتِيمَ ﴿١٧﴾ وَلَا تَحَٰٓضُّونَ عَلَىٰ طَعَامِ ٱلْمِسْكِينِ ﴿١٨﴾
‘’അങ്ങനെയല്ല ,പക്ഷേ നിങ്ങൾ അനാഥയെ ആദരിക്കുകയും അഗതികളുടെ ഭക്ഷണ കാര്യത്തിൽ പരസ്പരം പ്രോൽസാഹിപ്പിക്കുകയും ചെയ്യുന്നില്ല ‘’(കൂറ്റനാട് 17-18)
അറബികളുടെ ഈ പ്രാകൃത സങ്കൽപ്പങ്ങളെയും കച്ചവടക്കാരുടെ ലാഭനഷ്ട ചിന്തകളെയും കൃത്യമായി മനസ്സിലാക്കിയ പ്രവാചകൻ, ഖുറൈശികൾക്ക് ഉണ്ടാകുന്ന സാമ്പത്തിക തകർച്ചകൾക്ക് കാരണം അവർ അനാഥരെ ആദരിക്കാത്തതും ദരിദ്രരെ പരിഗണിക്കാത്തതുമാണെന്ന് വാദിക്കുകയായിരുന്നു. പ്രവാചകത്വ അവകാശവാദത്തിന്റെ ഘട്ടത്തിൽ അനാഥനായി വളരുകയും അക്കാലത്ത് സമൂഹത്തിൽ അവഗണിക്കപ്പെടുകയും ചെയ്ത തന്നെയോ തന്നോട് ഒപ്പമുള്ളവരെയോ പരിഗണിക്കാതിരിക്കുന്നതാണ് അവർക്ക് കച്ചവടത്തിൽ തകർച്ചയും നഷ്ടങ്ങളും വരാൻ കാരണമെന്ന് ദൈവീക വെളിപാടിന്റെ പേരിൽ സ്ഥാപിച്ചെടുക്കാനാണ് ഇവിടെ ശ്രമിക്കുന്നത്.
وَتَأْكُلُونَ ٱلتُّرَاثَ أَكْلًۭا لَّمًّۭا ﴿١٩﴾ وَتُحِبُّونَ ٱلْمَالَ حُبًّۭا جَمًّۭا ﴿٢٠﴾
‘’നിങ്ങൾ അനന്തരാവകാശ സ്വത്തുക്കൾ ഒരുമിച്ച് കൂട്ടി തിന്നുകയും, ധനത്തെ അമിതമായി സ്നേഹിക്കുകയും ചെയ്യുന്നു’’
മക്കയിലെ സമ്പന്നരോടുള്ള പ്രവാചകന്റെ സമീപനമാണ് പ്രകടമാക്കുന്നത്. "നിങ്ങൾ അനന്തരാവകാശ സ്വത്ത് ഒന്നോടെ ശേഖരിച്ച് തിന്നുകയും സമ്പത്തിനോട് അടക്കാനാവാത്ത പ്രേമം വെച്ചുപുലർത്തുകയും ചെയ്യുന്നു" എന്ന വാദത്തിലൂടെ ഖുറൈശി പ്രമാണിമാരുടെ സാമ്പത്തിക നിലപാടുകളെ നേരിട്ട് ലക്ഷ്യം വെക്കുകയാണ് ചെയ്യുന്നത്.
മക്കൻ സമൂഹത്തിൽ കച്ചവടത്തിലൂടെയും പാരമ്പര്യ സ്വത്തുക്കളിലൂടെയും അളവറ്റ സമ്പത്ത് കൈവശം വെച്ചിരുന്ന ഒരു വലിയ വിഭാഗം പ്രമാണിമാർ ഉണ്ടായിരുന്നു. സ്വന്തമായി വലിയ സാമ്പത്തികശേഷിയോ പാരമ്പര്യ സ്വത്തുക്കളോ ഇല്ലാതിരുന്ന പ്രവാചകൻ, ഖുറൈശി പ്രമാണിമാരുടെ ഈ സമ്പത്തിനെയും ധനസഞ്ചയത്തെയും ധാർമ്മിക വിചാരണയ്ക്ക് വിധേയമാക്കാൻ ശ്രമിക്കുന്നത് കാണാം. അനന്തരാവകാശ സ്വത്തുക്കൾ കൈക്കലാക്കുന്നതിനെയും പണത്തിനോടുള്ള അമിത ആഗ്രഹത്തെയും വിമർശിക്കുന്നതിന് പിന്നിൽ, അക്കാലത്ത് താൻ അനുഭവിച്ച സാമ്പത്തികവും സാമൂഹികവുമായ അവഗണനകളിൽ നിന്നുള്ള അതൃപ്തിയും അമർഷവും പ്രതിഫലിക്കുന്നുണ്ട്.
സമ്പന്നരുടെ ധനമോഹത്തെയും സ്വാർത്ഥതയെയും കുറ്റപ്പെടുത്തുന്നതിലൂടെ അവർക്കെതിരെ ഒരു മാനസിക സമ്മർദ്ദം ചെലുത്താനും, അതേസമയം പാവപ്പെട്ടവരുടെയും അനാഥരുടെയും പക്ഷത്തുനിൽക്കുന്ന ആളെന്ന നിലയിൽ തന്റെ പ്രവാചകത്വത്തിന് ജനപ്രീതിയും സാധുതയും ഉണ്ടാക്കിയെടുക്കാനുമുള്ള മുഹമ്മദിന്റെ ശ്രമമാണ് ഈ ഇവിടെ പ്രകടമാകുന്നത് .
രാജവാഴ്ചാ സങ്കൽപ്പങ്ങളും പരലോക ഭീഷണിയും
كَلَّآ إِذَا دُكَّتِ ٱلْأَرْضُ دَكًّۭا دَكًّۭا ﴿٢١﴾ وَجَآءَ رَبُّكَ وَٱلْمَلَكُ صَفًّۭا صَفًّۭا ﴿٢٢﴾ وَجِا۟ىٓءَ يَوْمَئِذٍۭ بِجَهَنَّمَ يَوْمَئِذٍۢ يَتَذَكَّرُ ٱلْإِنسَٰنُ وَأَنَّىٰ لَهُ ٱلذِّكْرَىٰ ﴿٢٣﴾يَقُولُ يَٰلَيْتَنِى قَدَّمْتُ لِحَيَاتِى ﴿٢٤﴾ فَيَوْمَئِذٍۢ لَّا يُعَذِّبُ عَذَابَهُۥٓ أَحَدٌۭ ﴿٢٥﴾ وَلَا يُوثِقُ وَثَاقَهُۥٓ أَحَدٌۭ ﴿٢٦﴾ يَٰٓأَيَّتُهَا ٱلنَّفْسُ ٱلْمُطْمَئِنَّةُ ﴿٢٧﴾ ٱرْجِعِىٓ إِلَىٰ رَبِّكِ رَاضِيَةًۭ مَّرْضِيَّةًۭ ﴿٢٨﴾ فَٱدْخُلِى فِى عِبَٰدِى ﴿٢٩﴾ وَٱدْخُلِى جَنَّتِى ﴿٣٠﴾
‘’അത് വേണ്ട ,ഭൂമി പൊടിപൊടിയാക്കപ്പെടുകയും താങ്കളുടെ രക്ഷിതാവും അണിയാണിയായി മലക്കുകളും വരുകയും, അന്ന് നരകം കൊണ്ട് വരപ്പെടുകയും ചെയ്താൽ ,അന്നത്തെ ദിവസം മനുഷ്യൻ ഓർക്കുന്നതാണ് ,ആ ഓർമ്മ അവന്ന് എങ്ങനെ പ്രയോജനപ്പെടാനാണ്?അയ്യോ എന്റെ ജീവിതത്തിന് വേണ്ടി മുൻകൂട്ടി ഞാൻ ചെയ്തു വെച്ചിരുന്നെങ്കിൽ എത്ര നന്നായിരുന്നേനെ എന്ന് അവൻ പറയും .അന്ന് അവന്റെ ശിക്ഷ ആരും ശിക്ഷിക്കുകയോ ,അവന്റെ പിടിച്ചു കെട്ടൽ ആരും പിടിച്ചു കെട്ടുകയോ ചെയ്യുന്നതല്ല . ഹേ സമാധാനമടഞ്ഞ ആത്മാവേ , സ്വയം തൃപ്തിപ്പെട്ടു കൊണ്ടും തൃപ്തിക്കു പാത്രമായിക്കൊണ്ടും നിന്റെ രക്ഷിതവിലേക്ക് നീ മടങ്ങിക്കൊള്ളുക . എന്നിട്ട് എന്റെ അടിമകളിൽ നീ നീ പ്രവേശിക്കുക എന്റെ സ്വർഗ്ഗത്തിലും നീ പ്രവേശിച്ചുകൊള്ളുക ’’(കൂറ്റനാട് 21-23)
സൂറത്തുൽ ഫജറിന്റെ അവസാന ഭാഗത്തിലേക്ക് എത്തുമ്പോൾ, ഭീതിദമായ ചിത്രീകരണങ്ങളിലൂടെയും രാജകീയ സങ്കൽപ്പങ്ങളിലൂടെയും ആളുകളെ കീഴടക്കാൻ ശ്രമിക്കുന്ന ശൈലിയാണ് കാണുന്നത്. ഭൂമി പൊടിപൊടിയാക്കപ്പെടുകയും, അല്ലാഹുവും മലക്കുകളും അണിഅണിയായി എഴുന്നള്ളുകയും, നരകം വലിച്ചുകൊണ്ടുവരപ്പെടുകയും ചെയ്യുന്ന അന്ത്യനാളിന്റെ രംഗങ്ങൾ വിവരിച്ചുകൊണ്ട് അവിശ്വാസികളെ ഭയപ്പെടുത്താൻ ഇവിടെ ശ്രമിക്കുന്നു. തങ്ങൾ ഭൂമിയിൽ ചെയ്തുവെച്ച അപരാധങ്ങളെക്കുറിച്ചോർത്ത് മനുഷ്യൻ അന്ന് വിലപിക്കുമെന്നും, അന്ന് അല്ലാഹു നൽകുന്ന ഭയാനകമായ ശിക്ഷയിൽ നിന്നും പിടിച്ചുകെട്ടലുകളിൽ നിന്നും ആർക്കും രക്ഷയുണ്ടാകില്ലെന്നും വചനങ്ങൾ മുന്നറിയിപ്പ് നൽകുന്നു. അതേസമയം, ആശ്വാസം പ്രാപിച്ച ആത്മാക്കളോട് സ്വർഗ്ഗത്തിലേക്ക് പ്രവേശിക്കാൻ ആഹ്വാനം ചെയ്യുകയും ചെയ്യുന്നു.
ഖിയാമത്ത് നാളിലെ ഈ വിചാരണ രംഗങ്ങളെക്കുറിച്ച് മുഫസ്സിറുകളും തഫ്സീറുകളും നൽകുന്ന വിശദീകരണങ്ങൾ പരിശോധിച്ചാൽ, പുരാതന കാലത്തെ രാജവാഴ്ചാ സമ്പ്രദായങ്ങളെയാണ് ദൈവ സങ്കൽപ്പത്തിലേക്ക് പകർത്തി വെച്ചിരിക്കുന്നത് എന്ന് വ്യക്തമാകും. ഒരു പ്രാദേശിക രാജാവ് തന്റെ സൈന്യത്തോടും മന്ത്രിമാരോടും കൂടെ പ്രൗഢിയോടെ എഴുന്നള്ളുന്നതിന് സമാനമായിട്ടാണ്, അല്ലാഹു ഏഴ് ആകാശങ്ങളിലെ മലക്കുകളുടെ മതിൽകെട്ടുകൾക്ക് നടുവിലൂടെ വിചാരണയ്ക്കായി എഴുന്നള്ളുന്നത് എന്ന് വ്യാഖ്യാതാക്കൾ വിവരിക്കുന്നു.
നരകത്തെ എഴുപതിനായിരം കടിഞ്ഞാണുകളിലായി, ഓരോ കടിഞ്ഞാണിലും എഴുപതിനായിരം മലക്കുകൾ വീതം വലിച്ച് കൊണ്ടുവരുന്നു എന്ന ഹദീസ് വിവരണങ്ങൾ, പണ്ടുകാലത്ത് വലിയ യുദ്ധ ഉപകരണങ്ങളും വന്യമൃഗങ്ങളെയും രാജാവിന്റെ സൈനികർ ചങ്ങലകളിൽ കെട്ടിവലിച്ചു കൊണ്ടുവരുന്ന ഭാവനകളിൽ നിന്ന് രൂപപ്പെട്ടതാണ്. രാജാവിന് സിംഹാസനം, പാദപീഠം, വിളംബരങ്ങൾ, കാവൽക്കാർ, വിചാരണാ സഭകൾ എന്നിവയുള്ളതുപോലെ ദൈവത്തിനും അതേ സംവിധാനങ്ങൾ കൽപ്പിച്ച് നൽകിയിരിക്കുന്നു.
മനുഷ്യന് തങ്ങൾക്ക് ചുറ്റുമുള്ള ഭൗതിക ലോകത്ത് കണ്ട് പരിചയമുള്ള കാര്യങ്ങളിലൂടെ അല്ലാതെ ഇത്തരം ഭാവനകളെ നെയ്തെടുക്കാൻ സാധിക്കില്ല. ഒരു സാമ്രാജ്യത്തിന്റെ അധിപനായ രാജാവ് എങ്ങനെയാണോ പ്രജകളെ ഭരിക്കുകയും ശിക്ഷിക്കുകയും ചെയ്യുന്നത്, അതേ മാതൃകയിൽ ദൈവത്തെ ഒരു മഹാരാജാവായി സങ്കൽപ്പിക്കുകയാണ് അക്കാലത്തെ മനുഷ്യർ ചെയ്തത്. തനിക്ക് ചുറ്റുമുള്ള പ്രാദേശിക നാടോടിക്കഥകളും രാജവാഴ്ചാ സങ്കൽപ്പങ്ങളും മനസ്സിൽ വെച്ചുകൊണ്ട്, അന്നത്തെ അറേബ്യൻ ജനതയെ ഭീഷണിപ്പെടുത്താനും കീഴടക്കാനുമാണ് പ്രവാചകൻ ഈ വെളിപാടുകൾ ഉപയോഗിച്ചത്. ഉയർന്ന ചിന്താ നിലവാരമോ ദൈവീകതയോ പ്രദർശിപ്പിക്കുന്നതിന് പകരം, പ്രാകൃതമായ ഭയപ്പെടുത്തലുകളും ഖുറൈശികളോടുള്ള അമർഷവും മാത്രമാണ് മക്കൻ വചനങ്ങളിൽ ഉടനീളം നിഴലിക്കുന്നത്.