കുർആൻ പഠന പരമ്പര
അദ്ധ്യായം 1: സൂറത്തുൽ അലഖ് (96)
ഖുർആൻ ഇന്ന് നാം കാണുന്ന പുസ്തകരൂപത്തിൽ
വായിച്ചു തീർത്താൽ, അതിന്റെ
ആശയപരമായ വികാസമോ ചരിത്രപരമായ പശ്ചാത്തലമോ കൃത്യമായി ഗ്രഹിക്കാൻ സാധിക്കില്ല.
കാരണം, നിലവിലെ
അദ്ധ്യായങ്ങളുടെ ക്രമീകരണവും അവ അവതരിക്കപ്പെട്ട കാലക്രമവും തികച്ചും
വ്യത്യസ്തമാണ്. പരസ്പരബന്ധമില്ലാത്ത വാക്യശകലങ്ങൾ ഒരു പ്രത്യേക മാനദണ്ഡവുമില്ലാതെ
കൂട്ടിച്ചേർത്ത രൂപത്തിലാണ് ഖുർആനിലെ പല അദ്ധ്യായങ്ങളും
ക്രമീകരിക്കപ്പെട്ടിരിക്കുന്നത്. അതിനാൽ, ഇസ്‌ലാമിന്റെ രൂപീകരണത്തെയും
ആശയവികാസത്തെയും ചരിത്രപരമായി സമീപിക്കണമെങ്കിൽ,
വെളിപാടുകൾ
അവതരിച്ച കാലക്രമത്തിൽ അവയെ പുനഃക്രമീകരിച്ചു വായിക്കുകയേ നിവൃത്തിയുള്ളൂ.
എന്നാൽ, ആയത്തുകളും സൂറത്തുകളും അവതരിച്ച
കൃത്യമായ മാസവും തീയതിയും
തിട്ടപ്പെടുത്താൻ ഇന്നു നമുക്ക് ചരിത്രപരമായ തെളിവുകളില്ല. എങ്കിലും ലഭ്യമായ ഇസ്‌ലാമിക
ചരിത്രവും ഹദീസുകളും വിശകലനം ചെയ്ത് ഒരു ഏകദേശ കാലക്രമം കണ്ടെത്താനാകും. ആ
ക്രമത്തെ അവലംബിച്ചാണ് ഈ പഠനം മുന്നോട്ടുപോകുന്നത്.
അതുകൊണ്ടുതന്നെ, നമ്മുടെ ആദ്യ വിശകലനത്തിനായി തിരഞ്ഞെടുക്കുന്നത് 96ആമത്തെ അദ്ധ്യായമായ 'സൂറത്തുൽ അലഖ്' ആണ്. മുഹമ്മദിന് ലഭിച്ച ആദ്യ വെളിപാട് ഉൾക്കൊള്ളുന്നത് ഈ അദ്ധ്യായത്തിലാണെന്നാണ് ഇസ്‌ലാമിക ചരിത്രം വ്യക്തമാക്കുന്നത്. ആദ്യ വെളിപാടിൽ തുടങ്ങി, തുടർന്നുണ്ടായ പ്രഖ്യാപനങ്ങളിലൂടെ സഞ്ചരിക്കുമ്പോൾ മാത്രമേ മുഹമ്മദിന്റെ പ്രവാചകത്വ രൂപീകരണവും ഇസ്‌ലാമിന്റെ വളർച്ചയും കൃത്യമായ ചരിത്രവഴിയിലൂടെ മനസ്സിലാക്കാൻ സാധിക്കൂ.
വെളിപാടിന്റെ ആദ്യ പശ്ചാത്തലം
മക്കയിൽ അവതരിച്ച, പത്തൊൻപത് വാക്യങ്ങൾ മാത്രമുള്ള ഒരു
ചെറിയ അദ്ധ്യായമാണ് സൂറത്തുൽ അലഖ്. ഇതിലെ ആദ്യത്തെ അഞ്ച് വാക്യങ്ങളാണ് ഹിറാ ഗുഹയിൽ
വെച്ച് ആദ്യമായി അവതരിച്ചതെന്നു കരുതപ്പെടുന്നത്. എന്നാൽ, ഈ അഞ്ച് വാക്യങ്ങൾ മാത്രം വേർതിരിച്ചു
വായിച്ചാൽ ഇത് ആരെ ഉദ്ദേശിച്ചാണ് പറയുന്നത്, ഇതിന്റെ ഉള്ളടക്കം എന്താണ്
എന്നതിനെക്കുറിച്ച് വ്യക്തമായ ധാരണ ലഭിക്കുകയില്ല. ഇതിന്റെ സന്ദർഭം മനസ്സിലാക്കാൻ
വ്യാഖ്യാനഗ്രന്ഥങ്ങളെയും (തഫ്സീറുകൾ) അവയ്ക്ക് ആധാരമായ ഹദീസുകളെയുമാണ് നമ്മൾ
ആശ്രയിക്കുന്നത്.
മുഹമ്മദ് ഹിറാ ഗുഹയിലിരിക്കുമ്പോൾ ഒരു മാലാഖ പ്രത്യക്ഷപ്പെടുകയും, അദ്ദേഹത്തെ ശാരീരികമായി സമ്മർദ്ദത്തിലാക്കിയ ശേഷം ഈ വചനം ഓതിക്കേൾപ്പിക്കുകയും ചെയ്തുവെന്നാണ് വിശ്വാസം:
خَلَقَ ٱقْرَأْ بِٱسْمِ رَبِّكَ ٱلَّذِى
"സൃഷ്ടിച്ചവനായ നിന്റെ രക്ഷിതാവിന്റെ
നാമത്തിൽ വായിക്കുക."(96:1)
എഴുത്തും വായനയും അറിയാത്ത ഒരാളോട് "വായിക്കുക" എന്ന് ആവശ്യപ്പെടുന്നതിലെ വൈരുദ്ധ്യം
ഇവിടെ ശ്രദ്ധേയമാണ്. മുഹമ്മദ് 'ഉമ്മിയ്യ്' അഥവാ നിരക്ഷരനായിരുന്നുവെന്ന് ഖുർആൻ
തന്നെ സാക്ഷ്യപ്പെടുത്തുന്നുണ്ട്. അക്ഷരജ്ഞാനമില്ലാത്ത ഒരാളോട്, വായിക്കാൻ യാതൊരു രേഖയും കയ്യിൽ നൽകാതെ "വായിക്കുക" എന്ന് ആവശ്യപ്പെടുന്നത് യുക്തിക്ക്
നിരക്കാത്ത ഒന്നാണ്.
തുടർന്നുള്ള വാക്യം നിരീക്ഷിക്കുക:
خَلَقَ ٱلْإِنسَـٰنَ مِنْ عَلَقٍ
"അവൻ മനുഷ്യനെ രക്തക്കട്ടയിൽ നിന്ന്
സൃഷ്ടിച്ചിരിക്കുന്നു." (96:2)
മനുഷ്യൻ രക്തക്കട്ടയിൽ നിന്നാണ് ഉണ്ടാകുന്നത് എന്നത് പ്രാചീന അറബികളുടെ (ജാഹിലിയ്യാ കാലഘട്ടം) അന്ധവിശ്വാസങ്ങളിൽ ഒന്നായിരുന്നു. ശാസ്ത്രീയമായി ഇത് പൂർണ്ണമായും തെറ്റാണ്; സ്ത്രീപുരുഷ ബീജങ്ങളുടെ സംയോജനത്തിലൂടെ രൂപപ്പെടുന്ന ഭ്രൂണത്തിൽ നിന്നാണ് മനുഷ്യവളർച്ച ആരംഭിക്കുന്നത്. എന്നാൽ ഈ ചരിത്രപരമായ അബദ്ധത്തെ മറച്ചുവെക്കാൻ, 'അലഖ്' എന്ന വാക്കിന് "ബീജം" എന്നോ "പറ്റിപ്പിടിച്ചിരിക്കുന്നത്" എന്നോ ഒക്കെ പുതിയ അർത്ഥങ്ങൾ നൽകി ശാസ്ത്രീയത കൂട്ടിച്ചേർക്കാൻ ആധുനിക വ്യാഖ്യാതാക്കൾ ശ്രമിക്കാറുണ്ട്.
ٱقْرَأْ وَرَبُّكَ ٱلْأَكْرَمُ . ٱلَّذِى عَلَّمَ بِٱلْقَلَمِ
‘’ഓതുക, നിന്റെ രക്ഷിതാവ് ഏറ്റവും ഉദാരന്‍ (അഥവാ മാന്യന്‍) ആകുന്നു; പേന കൊണ്ട് പഠിപ്പിച്ചവനാണ് അവൻ." (96:3-4)
ഈ വാക്യങ്ങളെ മുൻനിർത്തി, ദൈവം ആദ്യം കൽപ്പിച്ചത് അക്ഷരാഭ്യാസത്തിനും വിജ്ഞാന സമ്പാദനത്തിനുമാണെന്ന് ചില ആധുനിക വ്യാഖ്യാതാക്കൾ അവകാശപ്പെടാറുണ്ട്. എന്നാൽ ഇസ്‌ലാമിക സമൂഹത്തിന്റെ ചരിത്രം പരിശോധിച്ചാൽ വിജ്ഞാനത്തോടും സ്വതന്ത്ര ചിന്തയോടും അവർ പുലർത്തിയ സമീപനം കാണാം. ഉമറിന്റെ ഭരണകാലത്ത് ഈജിപ്ത് അധിനിവേശ വേളയിൽ, അലക്സാണ്ട്രിയയിലെ പ്രശസ്തമായ ലൈബ്രറിയിലെ ലക്ഷക്കണക്കിന് അപൂർവ്വ ഗ്രന്ഥങ്ങൾ കത്തിച്ചു ചാമ്പലാക്കുകയും, മാസങ്ങളോളം സൈനികർക്ക് കുളിക്കാനുള്ള വെള്ളം തിളപ്പിക്കാൻ അവ വിറകായി ഉപയോഗിക്കുകയും ചെയ്തുവെന്നത് ചരിത്രരേഖകളിൽ കാണാം.
നമ്മുടെ നാടുകളിൽത്തന്നെ, മുസ്‌ലിം സമൂഹം
പൊതുവിദ്യാഭ്യാസത്തിലേക്കും അക്ഷരാഭ്യാസത്തിലേക്കും വന്നിട്ട് അര
നൂറ്റാണ്ടിലേറെയായിട്ടില്ല. പെൺകുട്ടികൾക്ക് വിദ്യാഭ്യാസം നൽകുന്നത് മതവിരുദ്ധമാണെന്ന്
പ്രസംഗിക്കുകയും അറിവിന്റെ ലോകത്തോടു പുറംതിരിഞ്ഞു നിൽക്കുകയും ചെയ്ത ഒരു ചരിത്ര
പശ്ചാത്തലം നിലനിൽക്കെയാണ്, 1400 വർഷമായി കൈവശമുള്ള ഖുർആൻ
അക്ഷരാഭ്യാസത്തെയാണ് പ്രോത്സാഹിപ്പിച്ചത് എന്ന തരത്തിലുള്ള അവകാശവാദങ്ങൾ
ഉന്നയിക്കപ്പെടുന്നത്.
ആദ്യത്തെ അഞ്ച് വാക്യങ്ങൾക്ക് ശേഷം, അൽപം വൈകിയാണ് 6 മുതൽ 19 വരെയുള്ള വാക്യങ്ങൾ അവതരിക്കുന്നത്.
മക്കയിൽ വെച്ച് മുഹമ്മദും ഖുറൈശി പ്രമാണിയായ അബൂജഹലും തമ്മിലുണ്ടായ വ്യക്തിപരമായ
തർക്കങ്ങളും സംഘർഷങ്ങളുമാണ് ഈ വാക്യങ്ങളുടെ പശ്ചാത്തലം.
كَلَّآ إِنَّ
ٱلْإِنسَـٰنَ
لَيَطْغَىٰٓ﴿٦﴾ أَن رَّءَاهُ ٱسْتَغْنَىٰٓ﴿٧﴾ إِنَّ إِلَىٰ رَبِّكَ ٱلرُّجْعَىٰٓ﴿٨﴾ أَرَءَيْتَ ٱلَّذِى يَنْهَىٰ﴿٩﴾ عَبْدًا إِذَا صَلَّىٰٓ﴿١٠﴾ أَرَءَيْتَ إِن كَانَ عَلَى ٱلْهُدَىٰٓ﴿١١﴾ أَوْ أَمَرَ بِٱلتَّقْوَىٰٓ﴿١٢﴾ أَرَءَيْتَ إِن كَذَّبَ وَتَوَلَّىٰٓ﴿١٣﴾ أَلَمْ يَعْلَم بِأَنَّ ٱللَّهَ يَرَىٰ﴿١٤﴾ كَلَّا لَئِن لَّمْ يَنتَهِ لَنَسْفَعًۢا
بِٱلنَّاصِيَةِ﴿١٥﴾ نَاصِيَةٍۢ
كَـٰذِبَةٍ خَاطِئَةٍۢ﴿١٦﴾ فَلْيَدْعُ
نَادِيَهُۥ﴿١٧﴾ سَنَدْعُ
ٱلزَّبَانِيَةَ﴿١٨﴾ كَلَّا لَا
تُطِعْهُ وَٱسْجُدْ وَٱقْتَرِب ۩﴿١٩﴾
"അറിയുക, താൻ സ്വയംപര്യാപ്തനാണെന്ന് കണ്ടതിനാൽ
മനുഷ്യൻ അതിരുവിട്ടുപോകുന്നു... ഒരു അടിമ നമസ്കരിക്കുമ്പോൾ അദ്ദേഹത്തെ തടയുന്നവനെ
നീ കണ്ടുവോ?... അവൻ വിരമിക്കുന്നില്ലെങ്കിൽ അവന്റെ കുടുമ പിടിച്ചുവലിക്കുക തന്നെ ചെയ്യും—
കള്ളവാദിയും കുറ്റക്കാരനുമായ കുടുമ! എന്നിട്ട് അവൻ തന്റെ സഭക്കാരെ
വിളിച്ചുകൊള്ളട്ടെ. സാബാനിയാക്കളെ (നരകത്തിലെ കാവൽക്കാരെ) നാമും വിളിക്കാം!" വേണ്ട, നീ അവനെ അനുസരിക്കരുത്. നീ "സുജൂദ്" ചെയ്യുകയും, സാമീപ്യം തേടുകയും ചെയ്തുകൊള്ളുക. (96:6-19)
ഈ വചനങ്ങൾ മാത്രം വായിച്ചാൽ ഇതിന്റെ പശ്ചാത്തലം മനസ്സിലാവുകയില്ല. തഫ്സീറുകൾ പരിശോധിക്കുമ്പോൾ ഇതിനെക്കുറിച്ച് പരസ്പരവിരുദ്ധമായ നിരവധി ഹദീസ് വിവരണങ്ങൾ കാണാം.
ഇബ്നു അബ്ബാസിൽ നിന്നുള്ള ഒരു റിപ്പോർട്ട് പ്രകാരം: കഅ്ബയുടെ പരിസരത്തു വെച്ച് മുഹമ്മദ് പ്രാർത്ഥിക്കുമ്പോൾ അബൂജഹൽ വന്ന്, "ഇത്തരം രീതികൾ ഇവിടെ ചെയ്യരുതെന്ന് നിന്നോട് വിലക്കിയിട്ടില്ലേ?" എന്ന് ചോദിച്ചു. മുഹമ്മദ് കയർത്തു സംസാരിച്ചപ്പോൾ അബൂജഹൽ പറഞ്ഞു: "മക്കയിൽ എന്നെക്കാൾ കൂടുതൽ ആളുകളുടെ പിന്തുണ മറ്റാർക്കുമില്ലെന്ന് നിനക്കറിയാമല്ലോ." ഇതിനുള്ള മറുപടിയായാണ് "അവൻ അവന്റെ ആൾക്കാരെ വിളിക്കട്ടെ, ഞാൻ നരകത്തിലെ കാവൽക്കാരെ വിളിക്കാം" എന്ന വെളിപാട് ഉണ്ടായത്.
അമാനി മൗലവിയുടെയും കൂറ്റനാടിന്റെയും തഫ്സീറുകളിലും, ഇമാം മുസ്ലിം ഉദ്ധരിക്കുന്ന അബൂഹുറൈറയുടെ നിവേദനത്തിലും കൂടുതൽ അത്ഭുതങ്ങളും അതിശയോക്തികളും കൂട്ടിച്ചേർത്ത കഥകൾ കാണാം. കഅ്ബയിൽ വെച്ച് സുജൂദ് ചെയ്ത മുഹമ്മദിന്റെ കഴുത്തിൽ ചവിട്ടാൻ വന്ന അബൂജഹൽ, തീക്കുണ്ടവും ചിറകുകളും കണ്ട് ഭയന്നു പിന്മാറിയെന്നും മറ്റുമുള്ള കഥകൾ പ്രവാചകന്റെ മരണശേഷം നൂറ്റാണ്ടുകൾ കഴിഞ്ഞ് കൂട്ടിച്ചേർക്കപ്പെട്ടവയാണ്.
ചരിത്രപരമായ വസ്തുതകൾ പരിശോധിച്ചാൽ, ഖുറൈശികളുടെ പ്രധാന ആരാധനാ കേന്ദ്രമായ
കഅ്ബയിൽ ചെന്ന്, അവിടുത്തെ
പരമ്പരാഗത ആചാരങ്ങൾക്ക് വിരുദ്ധമായി പ്രകോപനപരമായ രീതിയിൽ പ്രാർത്ഥിച്ചപ്പോൾ, ആ ക്ഷേത്രത്തിന്റെ ചുമതലയുണ്ടായിരുന്ന
ഗോത്രത്തലവൻ എന്ന നിലയിൽ അബൂജഹൽ അതിനെ ചോദ്യം ചെയ്യുക മാത്രമാണ് ചെയ്തത്.
ശാരീരികമായി ഉപദ്രവിക്കാനോ തല്ലാനോ മുതിരാതെ, മാന്യമായി ശാസിക്കുകയാണ് അയാൾ ചെയ്തത്.
പ്രപഞ്ചത്തെ മുഴുവൻ ‘കുൻ’ എന്ന ഒരൊറ്റ വാക്കുകൊണ്ട് സൃഷ്ടിക്കാനും നശിപ്പിക്കാനും കഴിവുള്ള സർവ്വശക്തനായ ഒരു ദൈവം, ഭൂമിയിലെ നിസ്സാരനായ ഒരു മനുഷ്യനോട് "ഗുണ്ടകളെക്കൂട്ടി മല്ലയുദ്ധത്തിന് വാ" എന്ന് വെല്ലുവിളിക്കുന്ന കാഴ്ചയാണ് ഇവിടെ കാണുന്നത്. ഈ വാക്കുകളുടെ നിലവാരം പരിശോധിച്ചാൽ, അത് പ്രപഞ്ചാതീതനായ ഒരു ദൈവത്തിന്റേതാണോ, അതോ അന്നത്തെ കാട്ടറബികളുടെ സംസ്കാരത്തിൽ ജീവിച്ച ഒരു മനുഷ്യന്റെ ഉള്ളിലെ വികാരങ്ങളും പ്രകോപനങ്ങളും പ്രതിഫലിക്കുന്നതാണോ എന്ന് വ്യക്തമാകും.
ഖുർആനിലെ ആദ്യത്തെ അദ്ധ്യായത്തിന്റെ അവസ്ഥ മനസ്സിലാക്കുമ്പോൾ തന്നെ , എന്തുകൊണ്ട് മക്കയിലെ ഖുറൈശികൾ മുഹമ്മദിനെ ദൈവപ്രവാചകനായി അംഗീകരിച്ചില്ല എന്ന ചോദ്യത്തിന് ഉത്തരം ലഭിക്കും. മക്കക്കാർക്ക് സാമാന്യമായ യുക്തിബോധവും ചരിത്രബോധവും ഉണ്ടായിരുന്നു എന്നതിന്റെ തെളിവാണത്. കേട്ട മാത്രയിൽത്തന്നെ ഇതൊരു ദൈവീക വചനമല്ലെന്ന് തിരിച്ചറിയാനുള്ള വിവേകം അവർ കാണിച്ചു.
തങ്ങളുടെ ആരാധനാലയത്തിൽ വന്ന് സ്വന്തം ദൈവങ്ങളെ അവഹേളിക്കുകയും പ്രകോപനം സൃഷ്ടിക്കുകയും ചെയ്തിട്ടും, മുഹമ്മദിനെ വധിക്കാനോ ക്രൂരമായി ഉപദ്രവിക്കാനോ ഖുറൈശികൾ തുനിഞ്ഞില്ല. സ്വന്തം പിതൃവ്യനായ അബൂതാലിബ് പോലും മരണക്കിടക്കയിൽ വെച്ചുപോലും മുഹമ്മദിന്റെ പ്രവാചകത്വം അംഗീകരിച്ചില്ലെങ്കിലും, സ്നേഹത്തോടെ അദ്ദേഹത്തിന് സംരക്ഷണം നൽകുകയാണ് ചെയ്തത്. ആറാം നൂറ്റാണ്ടിലെ ആ ഗോത്രസമൂഹം പുലർത്തിയ ജനാധിപത്യബോധവും സഹിഷ്ണുതയുമാണ് 13 വർഷക്കാലം മക്കയിൽ തുടരാൻ മുഹമ്മദിനെ സഹായിച്ചത്.
ചുരുക്കത്തിൽ, ഖുർആന്റെ ആദ്യ അദ്ധ്യായവും അതിന്റെ
പശ്ചാത്തലവും വസ്തുനിഷ്ഠമായി പരിശോധിക്കുമ്പോൾ; അതിനുപിന്നിൽ പ്രപഞ്ചശക്തിയുടെ യാതൊരു
ഇടപെടലുമില്ലെന്നും, അന്നത്തെ
ഗോത്രീയ സാഹചര്യങ്ങളിൽ ജീവിച്ച ഒരു മനുഷ്യന്റെ ഉള്ളിലുണ്ടായ വികാരങ്ങളും അറിവുകളും
അന്ധവിശ്വാസങ്ങളുമാണ് അതിൽ നിഴലിക്കുന്നതെന്നും വളരെ വ്യക്തമായി മനസ്സിലാക്കാൻ
സാധിക്കും.
അദ്ധ്യായം 2: സൂറത്തുൽ ഖലം(68)
ഖുർആനിലെ 68-ആം അദ്ധ്യായമാണ് 'സൂറത്തുൽ ഖലം'. ആകെ 52 വാക്യങ്ങളാണ് ഈ സൂറത്തിലുള്ളത്. പ്രവാചകത്വത്തിന്റെ ആദ്യനാളുകളിൽ മക്കയിൽ അവതരിച്ച ആദ്യത്തെ മൂന്നോ നാലോ സൂറത്തുകളിൽ ഒന്നാണ് ഈ അദ്ധ്യായം .
ഈ സൂറത്തിലെ ആദ്യത്തെ ഒൻപത് വാക്യങ്ങളുടെ
അർത്ഥം ആദ്യം പരിശോധിക്കാം:
نٓ ۚ
وَٱلْقَلَمِ
وَمَا
يَسْطُرُونَ﴿١﴾ مَآ أَنتَ بِنِعْمَةِ رَبِّكَ بِمَجْنُونٍۢ﴿٢﴾ وَإِنَّ لَكَ لَأَجْرًا غَيْرَ مَمْنُونٍۢ﴿٣﴾ وَإِنَّكَ لَعَلَىٰ خُلُقٍ عَظِيمٍۢ﴿٤﴾ فَسَتُبْصِرُ وَيُبْصِرُونَ﴿٥﴾
بِأَييِّكُمُ ٱلْمَفْتُونُ﴿٦﴾ إِنَّ رَبَّكَ هُوَ أَعْلَمُ بِمَن ضَلَّ عَن سَبِيلِهِۦ وَهُوَ أَعْلَمُ
بِٱلْمُهْتَدِينَ﴿٧﴾ فَلَا تُطِعِ ٱلْمُكَذِّبِينَ﴿٨﴾ وَدُّوا۟ لَوْ تُدْهِنُ فَيُدْهِنُونَ﴿٩
"നൂൻ. പേനയും അവർ രേഖപ്പെടുത്തുന്നതും
തന്നെയാണ് സത്യം. (നബിയേ,) നിന്റെ രക്ഷിതാവിന്റെ അനുഗ്രഹം കൊണ്ട് നീ
ഒരു ഭ്രാന്തനല്ല. നിശ്ചയമായും നിനക്ക് മുറിഞ്ഞുപോകാത്ത പ്രതിഫലമുണ്ട്. നിശ്ചയമായും
നീ മഹത്തായ സ്വഭാവഗുണത്തിന്മേലാകുന്നു. വഴിയേ നീ കണ്ടറിയും; അവരും കണ്ടറിയും, നിങ്ങളിൽ ആരാണ് കുഴപ്പം
പിടിപെട്ടവനെന്ന്. നിന്റെ രക്ഷിതാവ് തന്റെ മാർഗ്ഗം വിട്ടു പിഴച്ചുപോയവരെപ്പറ്റിയും
സന്മാർഗ്ഗം പ്രാപിച്ചവരെപ്പറ്റിയും നന്നായി അറിയുന്നവനാകുന്നു. ആകയാൽ, സത്യത്തെ വ്യാജമാക്കുന്നവരെ നീ
അനുസരിക്കരുത്. നീ അല്പം മയപ്പെട്ടിരുന്നെങ്കിൽ തങ്ങൾക്കും മയപ്പെടാമായിരുന്നു
എന്ന് അവർ ആഗ്രഹിക്കുകയാണ്." (96:1-9)
വ്യാഖ്യാനങ്ങളോ ബ്രാക്കറ്റുകളോ സന്ദർഭ
വിവരണങ്ങളോ ഇല്ലാതെ ലോകത്തെവിടെയെങ്കിലും ഇരിക്കുന്ന ഒരു സാധാരണക്കാരൻ ഈ വചനങ്ങൾ
നേരിട്ട് വായിച്ചാൽ ഇതിന്റെ ഉള്ളടക്കം ഗ്രഹിക്കാൻ സാധിക്കില്ല. ഇത് ഏത്
സന്ദർഭത്തിൽ, ആരെക്കുറിച്ച്, ആരോട് പറഞ്ഞു എന്നറിയാൻ തഫ്സീറുകളെയും
ഹദീസുകളെയും തന്നെ ആശ്രയിക്കേണ്ടി വരും. എന്നാൽ അത്തരം വ്യാഖ്യാനങ്ങളിലേക്ക്
കടക്കുമ്പോൾ തികച്ചും വിചിത്രവും പരസ്പരവിരുദ്ധവുമായ വിവരണങ്ങളാണ് നമുക്ക് കാണാൻ
കഴിയുന്നത്.
'നൂൻ', പേന, പ്രപഞ്ചസൃഷ്ടിയുടെ കഥകൾ
'നൂൻ' (ن) എന്ന കേവലാക്ഷരത്തോടെയാണ് ഈ സൂറത്ത് ആരംഭിക്കുന്നത്. ഖുർആനിൽ ഇത്തരം ഒറ്റപ്പെട്ട അക്ഷരങ്ങൾ കൊണ്ട് തുടങ്ങുന്ന നിരവധി അദ്ധ്യായങ്ങളുണ്ട്. ഇവയെ 'മുതശാബിഹാത്' (മനുഷ്യർക്ക് അർത്ഥം അറിയാത്തതും ദൈവത്തിന് മാത്രം അറിവുള്ളതുമായ വചനങ്ങൾ) എന്നാണ് ഒരുവിഭാഗം പണ്ഡിതന്മാർ വിശേഷിപ്പിക്കുന്നത്. എന്നാൽ, ഇതിന് വമ്പൻ കഥകളും വ്യാഖ്യാനങ്ങളും ചമച്ചുണ്ടാക്കിയ വ്യാഖ്യാതാക്കളുമുണ്ട്. ഇസ്‌ലാമിക വ്യാഖ്യാന രംഗത്ത് ഏറ്റവും പ്രമുഖനായി കരുതപ്പെടുന്ന ഇബ്നു അബ്ബാസിന്റെ തഫ്സീറിലും 'കഷ്ഫുൽ അസ്രാർ' തുടങ്ങിയ ഗ്രന്ഥങ്ങളിലും കാണുന്ന കഥകൾ ഇതിന് ഉദാഹരണമാണ്.
അത്തരം ഒരു കഥ അനുസരിച്ച്: പ്രപഞ്ചസൃഷ്ടി വേളയിൽ കടലിലെ നുരയും പതയും കട്ടപിടിച്ചാണ് ഭൂമിയുണ്ടായത്. വെള്ളത്തിന് മീതെ കിടന്ന ഭൂമി ഇളകാൻ തുടങ്ങിയപ്പോൾ അല്ലാഹു ഭൂമിയുടെ നാനാഭാഗത്തും പർവ്വതങ്ങളാകുന്ന ആണികൾ അടിച്ചുറപ്പിച്ചു. എന്നിട്ടും ഇളക്കം മാറാതിരുന്നപ്പോൾ, ഭൂമിയെ താങ്ങിനിർത്താൻ അല്ലാഹു ഒരു കൂറ്റൻ മീനിനെ (മത്സ്യത്തെ) ഏൽപ്പിച്ചു. ഭൂമിയുടെ ഭാരം കൊണ്ട് ആ മീനിന്റെ പുറം വളയുകയും വാലും തലയും മുകളിലേക്ക് പൊന്തുകയും ചെയ്തു. ആ വളഞ്ഞ രൂപത്തെ സൂചിപ്പിക്കുന്നതാണ് 'നൂൻ' (ن) എന്ന അക്ഷരം.
ഭാരം സഹിക്കവയ്യാതെ മീൻ നിലവിളിച്ചപ്പോൾ ജിബ്‌രീൽ വന്ന് ഭീഷണിപ്പെടുത്തുകയും അങ്ങനെ ഭൂമിയുടെ ഇളക്കം നിൽക്കുകയും ചെയ്തുവത്രേ. തുടർന്ന്, ലോകാവസാനം വരെ ഭൂമിയെ താങ്ങിനിർത്തുന്നതിനുള്ള പ്രതിഫലമായി അല്ലാഹു ആ മീനിന് രണ്ട് വാഗ്ദാനങ്ങൾ നൽകി:
1.
ഖുർആനിലൂടെ ആ മീനിന്റെ പേരിൽ (നൂൻ) സത്യം ചെയ്തുകൊണ്ട് അതിന്റെ നാമം
ലോകാവസാനം വരെ മനുഷ്യർ ഓതാൻ അവസരമൊരുക്കുക.
2.
മീനുകളുടെ കഴുത്തിൽ നിന്ന് കത്തി ഒഴിവാക്കുക; അഥവാ, കോഴിയെയും ആടിനെയും പോലെ ബിസ്മി ചൊല്ലി
അറുക്കാതെ തന്നെ മനുഷ്യർക്ക് മീനിനെ പിടിച്ച് തിന്നാൻ അനുവാദം നൽകുക!
യഥാർത്ഥത്തിൽ മീൻവർഗ്ഗത്തിന് നൽകിയ വലിയൊരു അനുഗ്രഹമായി ഇസ്‌ലാമിക കഥകളിൽ പറയുന്ന ഈ രണ്ടാമത്തെ കാര്യം, അവയുടെ കൂട്ടക്കൊലയ്ക്കും വംശനാശത്തിനുമാണ് വഴിവെച്ചത് എന്നത് മറ്റൊരു വൈരുദ്ധ്യം. ഇനി ഈ കഥയുടെ അനുബന്ധങ്ങളിൽ പറയുന്നത്, ഈ മീൻ ഇളകാതിരിക്കാൻ അതിനെ താങ്ങിക്കൊണ്ട് വലിയൊരു കാളയും, ആ കാളയെ താങ്ങി ഒരു വലിയ പാറയും നിലകൊള്ളുന്നു എന്നൊക്കെയാണ്.
മറ്റൊരു നിവേദനത്തിൽ 'നൂൻ' എന്നാൽ പ്രപഞ്ചവിധികൾ എഴുതിവെക്കാൻ
അല്ലാഹു തയ്യാറാക്കിയ കൂറ്റൻ മഷിക്കുപ്പിയാണെന്നും വ്യാഖ്യാനിക്കുന്നുണ്ട്. 500 വർഷത്തെ ഒട്ടകയാത്രാ ദൂരമത്രയും (ഭൂമിയിൽ
നിന്ന് ആകാശത്തേക്കുള്ള ദൂരം) നീളമുള്ള ഒരു പേന (ഖലം) ഉപയോഗിച്ച്, ആ മഷിക്കുപ്പിയിലെ മഷികൊണ്ട് ലോകാരംഭം
മുതൽ അവസാനം വരെയുള്ള സകല കാര്യങ്ങളും അല്ലാഹു തന്റെ 'ലൗഹുൽ മഹ്ഫൂള് ' എന്ന ഏടിൽ എഴുതിവെച്ചു. ആ പേനയെയും
എഴുതിവെച്ചതിനെയും മുൻനിർത്തിയാണ് ഇവിടെ അല്ലാഹു സത്യം ചെയ്യുന്നത് എന്നാണ് കഥ.
തുടർന്നുള്ള വാക്യങ്ങളിൽ പ്രവാചകനെ
ആശ്വസിപ്പിക്കുന്ന വചനങ്ങളാണ് കാണുന്നത്:
وَإِنَّ لَكَ لأَجْراً غَيْرَ مَمْنُونٍ. مَآ أَنتَ بِنِعْمَةِ رَبِّكَ بِمَجْنُونٍ
"നിന്റെ റബ്ബിന്റെ അനുഗ്രഹം കൊണ്ട് നീ ഭ്രാന്തനല്ല, നിനക്ക് മുറിഞ്ഞുപോകാത്ത പ്രതിഫലമുണ്ട്, നീ മഹത്തായ സ്വഭാവഗുണത്തിന്മേലാണ്..."(68:2)
മുഹമ്മദ് മക്കയിൽ പ്രചരിപ്പിച്ചിരുന്ന ഇത്തരം വിചിത്ര കഥകളും, ഖുറൈശികളുടെ ദൈവങ്ങളെയും ആചാരങ്ങളെയും നിന്ദിച്ചുകൊണ്ടുള്ള പ്രകോപനപരമായ ശൈലിയും കണ്ട അവിടുത്തുകാർ അദ്ദേഹത്തിന് ഭ്രാന്താണെന്ന് ആരോപിക്കുകയും അദ്ദേഹത്തിന്റെ സ്വഭാവദൂഷ്യങ്ങളെ ചോദ്യം ചെയ്യുകയും ചെയ്തിരുന്നു. ഇതിന് മറുപടിയായി, ദൈവത്തിന്റെ വെളിപാട് എന്ന വ്യാജേന സ്വയം ഒരു മെഡിക്കൽ സർട്ടിഫിക്കറ്റും (ഭ്രാന്തനല്ല എന്ന്) ഗുണഗണങ്ങളെക്കുറിച്ചുള്ള കോൺടാക്ട് സർട്ടിഫിക്കറ്റും (സ്വഭാവം മഹത്തരമാണ് എന്ന്) ഹാജരാക്കുകയാണ് ഇവിടെ ചെയ്യുന്നത്.
ഇവിടെ ആയിഷയുടെ പ്രശസ്തമായ ഒരു ഹദീസ്
ഓർക്കുന്നത് നന്നായിരിക്കും. പ്രവാചകന്റെ സ്വഭാവത്തെക്കുറിച്ച് ചോദിച്ചവരോട് ആയിഷ
പറഞ്ഞത് "അദ്ദേഹത്തിന്റെ സ്വഭാവം എന്താണെന്ന് അറിയാൻ ഖുർആൻ എടുത്തു വായിച്ചാൽ മതി" എന്നാണ്. ഖുർആനിൽ ഉടനീളം കാണുന്ന
പ്രതികാരബുദ്ധിയും പ്രകോപനങ്ങളുമാണ് മുഹമ്മദിന്റെ സ്വഭാവമെന്ന്
നിരീക്ഷിക്കുന്നവർക്ക് ഈ ഹദീസ് ഒരു വലിയ സൂചനയാണ് നൽകുന്നത്.
വിട്ടുവീഴ്ചയുടെ രാഷ്ട്രീയവും നിഷേധാത്മക
നിലപാടും
ഈ അദ്ധ്യായത്തിലെ 8, 9 വാക്യങ്ങൾ മക്കക്കാർ മുന്നോട്ടുവെച്ച ഒരു അനുരഞ്ജന നിർദ്ദേശത്തെക്കുറിച്ചാണ് സംസാരിക്കുന്നത്:
فَلَا تُطِعِ الْمُكَذِّبِينَ ﴿٨﴾ وَدُّوا لَوْ تُدْهِنُ فَيُدْهِنُونَ ﴿٩﴾
"അതിനാൽ വ്യാജമാക്കുന്നവരെ നീ
അനുസരിക്കരുത്. നീ മയപ്പെട്ടിരുന്നെങ്കിൽ തങ്ങളും മയപ്പെടാമായിരുന്നു എന്ന് അവർ
ആഗ്രഹിക്കുന്നു."(68:8-9)
അവിടുത്തെ ബഹുദൈവാരാധകരായ ഖുറൈശികൾ മുഹമ്മദിനോട് വളരെ ജനാധിപത്യപരമായ ഒരു നിർദ്ദേശം വെച്ചിരുന്നു: "ഞങ്ങളുടെ ദൈവങ്ങളെയും പൂർവ്വികരെയും അപമാനിക്കുന്നത് നീ അവസാനിപ്പിക്കുക. കുറച്ചുകൂടി മര്യാദയോടും വിട്ടുവീഴ്ചയോടും പെരുമാറുകയാണെങ്കിൽ ഞങ്ങൾ നിന്റെ പ്രവർത്തനങ്ങളെ തടസ്സപ്പെടുത്തുകയില്ല, നിന്നോട് സഹകരിക്കാം." അമാനി മൗലവിയുടെ തഫ്സീറിലും ഇത് വ്യക്തമായി വിവരിക്കുന്നുണ്ട്.
എന്നാൽ, ആ മാന്യമായ വിട്ടുവീഴ്ചാ നിർദ്ദേശത്തെ
തികച്ചും നിഷേധാത്മകമായ നിലപാടോടെ തള്ളിക്കളയുകയാണ് മുഹമ്മദ് ചെയ്തത്. തങ്ങളുടെ
ആചാരങ്ങളെ വിമർശിക്കാതിരിക്കുക എന്ന ജനാധിപത്യ മര്യാദപോലും പാലിക്കാൻ അന്ന്
അദ്ദേഹം തയ്യാറായില്ല.
വ്യക്തിഹത്യയും
ബോഡി ഷെയ്മിംഗും
സൂറത്തിലെ 10 മുതൽ 16 വരെയുള്ള വാക്യങ്ങൾ പരിശോധിച്ചാൽ ഒരു ദൈവീക ഗ്രന്ഥത്തിന് ചേരാത്ത പുലഭ്യങ്ങളും വ്യക്തിഹത്യയും കാണാം:
وَلَا تُطِعْ
كُلَّ
حَلَّافٍۢ
مَّهِينٍ﴿١٠﴾ هَمَّازٍۢ مَّشَّآءٍۭ بِنَمِيمٍۢ﴿١١﴾ مَّنَّاعٍۢ لِّلْخَيْرِ مُعْتَدٍ أَثِيمٍ﴿١٢﴾ عُتُلٍّۭ بَعْدَ ذَٰلِكَ زَنِيمٍ﴿١٣﴾
أَن كَانَ
ذَا
مَالٍۢ
وَبَنِينَ﴿١٤﴾ إِذَا تُتْلَىٰ عَلَيْهِ ءَايَـٰتُنَا قَالَ أَسَـٰطِيرُ ٱلْأَوَّلِينَ﴿١٥﴾ سَنَسِمُهُۥ عَلَى ٱلْخُرْطُومِ﴿١٦﴾
അനന്തകോടി
പ്രപഞ്ചങ്ങളെ സൃഷ്ടിച്ച സർവ്വശക്തനായ ഒരു ദൈവം, ആകാശത്തോളം നീളമുള്ള പേന ഉപയോഗിച്ച്
മക്കയിലെ ഒരു വ്യക്തിയെ "തന്തയില്ലാത്തവൻ" എന്നും "നീണ്ട മൂക്കൻ" എന്നും ചീത്തവിളിക്കാൻ പുസ്തകമെഴുതി
തയ്യാറാക്കി എന്ന് വിശ്വസിക്കാൻ സാമാന്യ ബുദ്ധിയുള്ളവർക്ക് സാധിക്കുമോ?
മക്കക്കാർ അന്നത്തെ കാലത്ത് മുഹമ്മദിനെ ദൈവപ്രവാചകനായി അംഗീകരിക്കാതിരിക്കുകയും "ഭ്രാന്തൻ" എന്ന് വിളിക്കുകയും ചെയ്തതിൽ അത്ഭുതപ്പെടാനില്ല. കാരണം, അവർ സാമാന്യ വിവേകമുള്ള മനുഷ്യരായിരുന്നു. പ്രപഞ്ചസ്രഷ്ടാവായ ദൈവത്തിന്റെ നാമത്തിൽ ഇത്തരം തെരുവുഭാഷയും വിചിത്ര കഥകളും പ്രചരിപ്പിച്ചതിനെ ദൈവികമെന്ന് അംഗീകരിക്കാൻ അവരുടെ യുക്തി സമ്മതിച്ചില്ല. ഇന്നും ഇത്തരം വചനങ്ങളെ വിശുദ്ധ ഗ്രന്ഥമായി കൊണ്ടുനടക്കുന്നവർ, ഇവ യഥാർത്ഥത്തിൽ ദൈവത്തിന്റേതാണോ അതോ അക്കാലത്തെ ഒരു വ്യക്തിയുടെ മാനസിക വികാരങ്ങളും വിരോധങ്ങളും മാത്രമാണോ എന്ന് പുനർചിന്തനം ചെയ്യേണ്ടതുണ്ട്.
സൂറത്തുൽ
ഖലമിലെ 17 മുതലുള്ള
വാക്യങ്ങളിലൂടെ കടന്നുപോകുമ്പോൾ, മക്കയിലെ ആദ്യകാല പ്രബോധനവേളയിൽ
പ്രവാചകനും ഖുറൈശികളും തമ്മിൽ നടന്ന ആശയസംവാദങ്ങളുടെയും വിമർശനങ്ങളുടെയും
വ്യക്തമായ ചിത്രം കാണാൻ സാധിക്കും.
إِنَّا بَلَوْنَـٰهُمْ
كَمَا
بَلَوْنَآ
أَصْحَـٰبَ
ٱلْجَنَّةِ
إِذْ
أَقْسَمُوا۟
لَيَصْرِمُنَّهَا
مُصْبِحِينَ﴿١٧﴾ وَلَا يَسْتَثْنُونَ﴿١٨﴾ فَطَافَ
عَلَيْهَا طَآئِفٌۭ مِّن رَّبِّكَ وَهُمْ نَآئِمُونَ﴿١٩﴾ فَأَصْبَحَتْ كَٱلصَّرِيمِ﴿٢٠
"നാം ആ തോട്ടക്കാരെ പരീക്ഷണം
നടത്തിയതുപോലെ ഇവരെയും പരീക്ഷിച്ചിരിക്കുകയാണ്. പ്രഭാതവേളയിൽ അത് (തോട്ടത്തിലെ
ഫലങ്ങൾ) മുറിച്ചെടുക്കുമെന്ന് അവർ സത്യം ചെയ്തു പറഞ്ഞ സന്ദർഭം... അവർ
ഉറങ്ങുന്നവരായിരിക്കെ നിന്റെ രക്ഷിതാവിങ്കൽ നിന്നുള്ള ഒരു ബാധ അതിന്മേൽ ബാധിച്ചു.
അങ്ങനെ പ്രഭാതവേളയിൽ അത് മുറിച്ചെടുക്കപ്പെട്ടതുപോലെ (നശിച്ചതായി) ആയിത്തീർന്നു..." (68:17-20)
അദ്ദേഹത്തിന്റെ മരണശേഷം മക്കൾ ആ ദാനശീലം
തുടരാൻ തയ്യാറായില്ല. സാധുക്കൾ വന്ന് ചോദിക്കാതിരിക്കാൻ, പുലർച്ചെ ആരും കാണാതെ പോയി വിളവെടുക്കാൻ
അവർ തീരുമാനിച്ചു. എന്നാൽ അവർ ഉറങ്ങിക്കിടന്ന സമയം കൊണ്ട് ഒരു ദുരന്തം (ബാധ) ആ
തോട്ടത്തെ വന്ന് മൂടുകയും, വിളവെല്ലാം നശിച്ചുപോവുകയും ചെയ്തു.
ഖുറൈശികളുടെ
യുക്തിയും മറുപടിയും
إِنَّ لِلْمُتَّقِينَ
عِندَ
رَبِّهِمْ
جَنَّـٰتِ
ٱلنَّعِيمِ﴿٣٤﴾ أَفَنَجْعَلُ ٱلْمُسْلِمِينَ كَٱلْمُجْرِمِينَ﴿٣٥﴾ مَا لَكُمْ كَيْفَ تَحْكُمُونَ﴿٣٦
നിശ്ചയമായും ഭയഭക്തന്മാർക്ക് തങ്ങളുടെ
രക്ഷിതാവിന്റെ അടുക്കൽ സുഖാനുഗ്രഹത്തിന്റെ തോപ്പുകൾ ഉണ്ടായിരിക്കും. എന്നാൽ
മുസ്ലിങ്ങളെ നാം കുറ്റവാളികളെപ്പോലെ ആക്കുകയോ? നിങ്ങൾക്ക് എന്താണ് പറ്റിയത്? എപ്രകാരമാണ് നിങ്ങൾ വിധികൽപ്പിക്കുന്നത്?" (68:34-36)
"അഥവാ നിങ്ങൾക്ക് വല്ല ഗ്രന്ഥവും ഉണ്ടോ, നിങ്ങൾ അതിൽ വായിച്ചു
പഠിച്ചുകൊണ്ടിരിക്കുമാറ്?, അവരിൽ ഏതൊരുവനാണ് അത് സംബന്ധിച്ച്
ഏറ്റുപറയുന്നവൻ? അഥവാ അവർക്ക് വല്ല പങ്കുകാരും ഉണ്ടോ? എന്നാൽ അവർ തങ്ങളുടെ പങ്കുകാരെ
കൊണ്ടുവരട്ടെ, അവർ സത്യവാന്മാരാണെങ്കിൽ!"
നിങ്ങൾ എങ്ങനെ മാന്യന്മാരാകും , അങ്ങനെയുള്ള കാര്യങ്ങൾ വായിച്ചു
പഠിക്കാനോ ഏറ്റു പറയാനോ നിങ്ങൾക്കു കിതാബോ പങ്കുകാരോ ഇല്ലല്ലോ എന്ന് അല്ലാഹുവും
തിരിച്ചു പരിഹസിക്കുകയാണിവിടെ !
കണങ്കാൽ വെളിവാക്കപ്പെടുന്ന ദിവസം
يَوْمَ يُكْشَفُ
عَن
سَاقٍۢ
وَيُدْعَوْنَ
إِلَى
ٱلسُّجُودِ
فَلَا
يَسْتَطِيعُونَ﴿٤٢﴾ خَـٰشِعَةً أَبْصَـٰرُهُمْ تَرْهَقُهُمْ ذِلَّةٌۭ ۖ وَقَدْ كَانُوا۟
يُدْعَوْنَ إِلَى ٱلسُّجُودِ وَهُمْ سَـٰلِمُونَ﴿٤٣
വലിയ കുടവയറും അഹങ്കാരവുമുണ്ടായിരുന്ന വലീദ് ബിനു മുഗീറയെപ്പോലുള്ളവരെ ലക്ഷ്യം വെച്ചുള്ള പ്രതികരണമായാണ് വിമർശകർ ഇതിനെ കാണുന്നത്. എന്നാൽ, പിൽക്കാല മലയാള തഫ്സീറുകളിൽ (അമാനി മൗലവി, മൗദൂദി തുടങ്ങിയവർ) അല്ലാഹുവിന് ഭൗതിക ശരീരഭാഗങ്ങൾ നൽകുന്ന ഈ ഹദീസ് നേരിട്ട് ഉദ്ധരിക്കാതെ 'കഠിനമായ അവസ്ഥ' എന്ന രീതിയിൽ ആലങ്കാരികമായാണ് ഇതിനെ വിശദീകരിച്ചിരിക്കുന്നത്.
فَذَرْنِى وَمَن
يُكَذِّبُ
بِهَـٰذَا
ٱلْحَدِيثِ
ۖ سَنَسْتَدْرِجُهُم مِّنْ حَيْثُ لَا يَعْلَمُونَ﴿٤٤﴾ وَأُمْلِى
لَهُمْ ۚ إِنَّ كَيْدِى مَتِينٌ﴿٤٥
ശത്രുക്കളെ കൈകാര്യം ചെയ്യാൻ ദൈവത്തിന്
പ്രത്യേക തന്ത്രങ്ങളുണ്ടെന്നും, പടിപടിയായി അവരെ ശരിപ്പെടുത്തുമെന്നും
പറഞ്ഞ് പ്രവാചകനെ ആശ്വസിപ്പിക്കുകയാണ് ഈ വചനത്തിൽ !
തുടർന്ന്, പ്രവാചകനോട് തിടുക്കം കൂട്ടാതെ
ക്ഷമിച്ചിരിക്കാൻ ആവശ്യപ്പെടുന്നു:
فَٱصْبِرْ لِحُكْمِ
رَبِّكَ
وَلَا
تَكُن
كَصَاحِبِ
ٱلْحُوتِ
إِذْ
نَادَىٰ
وَهُوَ
مَكْظُومٌۭ﴿٤٨
"നീ നിന്റെ റബ്ബിന്റെ വിധിക്ക്
ക്ഷമിച്ചുകൊള്ളുക. നീ ആ മത്സ്യത്തിന്റെ ആളെപ്പോലെ (യൂനുസ് നബി) ആയിരിക്കരുത്.
അദ്ദേഹം വ്യസനം നിറഞ്ഞവനായി വിളിച്ച സന്ദർഭം..." (68:48)
മത്സ്യത്തിന്റെ വയറ്റിലകപ്പെട്ട യൂനുസ്
പ്രവാചകൻ കാണിച്ച തിടുക്കവും വ്യസനവും പ്രവാചകൻ ആവർത്തിക്കരുത് എന്നും, ക്ഷമയോടെ കാത്തിരിക്കണമെന്നും
ഉപദേശിക്കുന്നു.
وَإِن يَكَادُ
ٱلَّذِينَ
كَفَرُوا۟
لَيُزْلِقُونَكَ
بِأَبْصَـٰرِهِمْ
لَمَّا
سَمِعُوا۟
ٱلذِّكْرَ
وَيَقُولُونَ
إِنَّهُۥ
لَمَجْنُونٌۭ﴿٥١﴾ وَمَا هُوَ إِلَّا ذِكْرٌۭ لِّلْعَـٰلَمِينَ﴿٥٢
"അവിശ്വസിച്ചവർ ഉൽബോധനം കേൾക്കുന്ന
അവസരത്തിൽ അവരുടെ ദൃഷ്ടികൾ കൊണ്ട് നിന്നെ വഴുക്കി വീഴുമാറാക്കുക തന്നെ ചെയ്യുന്നു.
അവർ പറയുകയും ചെയ്യും: നിശ്ചയമായും ഇവൻ ഒരു ഭ്രാന്തൻ തന്നെ എന്ന്. ഇതാകട്ടെ
ലോകർക്കുള്ള ഒരു ഉൽബോധനമല്ലാതെ മറ്റൊന്നുമല്ലതാനും." (ഖുർആൻ 68:51-52)
സൂറത്തുൽ ഖലമിലെ ഈ വാക്യങ്ങൾ
പരിശോധിക്കുമ്പോൾ, മക്കയിലെ
പ്രവാചകന്റെയും ഖുറൈശി പ്രമാണികളുടെയും തർക്കങ്ങളുടെയും വ്യക്തിപരമായ
അധിക്ഷേപങ്ങളുടെയും പ്രതിഫലനം കാണാം. അന്നത്തെ അറേബ്യൻ പശ്ചാത്തലത്തിൽ നടന്ന ഈ
സന്ദർഭങ്ങൾ ഒരു സാർവലൗകിക ഗ്രന്ഥത്തിന്റെ ഭാഗമാണോ അതോ അന്നത്തെ സാഹചര്യങ്ങളോട്
മുഹമ്മദ് നടത്തിയ തൽസമയ പ്രതികരണങ്ങളാണോ?.
അദ്ധ്യായം 3: സൂറത്തുൽസമ്മിൽ(73)
മക്കയിൽ അവതരിച്ച ആദ്യകാല സൂറത്തുകളുടെ
കൂട്ടത്തിൽ ക്രമപ്രകാരം മൂന്നാമതായി വരുന്നത് 'അൽ മുസമ്മിൽ' എന്ന അധ്യായമാണ് ,ഖുർആനിൽ 73-ആം അധ്യായം. 'മൂടിപ്പുതച്ചവൻ' എന്ന അർത്ഥത്തിൽ മുസ്സമ്മിൽ , മുദ്ദസ്സിർ എന്നീ രണ്ടു സൂറത്തുകളുടെയും
തലക്കെട്ടിലും ഉള്ളടക്കത്തിലും സമാനതകൾ കാണാൻ സാധിക്കും. 20 വാക്യങ്ങളുള്ള ഈ അധ്യായത്തിലെ ആദ്യത്തെ 19 ആയത്തുകളും ചെറിയ, പ്രാസഭംഗിയുള്ള, കവിത പോലെയുള്ള വാക്യങ്ങളാണ്. എന്നാൽ, ഇവയിൽ നിന്ന് തീർത്തും വ്യത്യസ്തമായി
ഇരുപതാമത്തെ വാക്യം ദീർഘവും ഗദ്യരൂപത്തിലുള്ളതുമായ ഒന്നാണ്. ഭാഷാപരമായും
പാരായണരീതിയിലും ആശയപരമായും ഈ അവസാന വചനം ആദ്യത്തെ 19 വാക്യങ്ങളുമായി യാതൊരു ചേർച്ചയും
പുലർത്തുന്നില്ല.
സൂറത്തിന്റെ ആദ്യ നാല് വചനങ്ങൾ
പരിശോധിക്കാം :
يَا أَيُّهَا الْمُزَّمِّلُ ﴿١﴾ قُمِ اللَّيْلَ إِلَّا قَلِيلًا ﴿٢﴾ نِّصْفَهُ أَوِ انقُصْ مِنْهُ قَلِيلًا ﴿٣﴾ أَوْ زِدْ عَلَيْهِ وَرَتِّلِ الْقُرْآنَ تَرْتِيلًا ﴿٤﴾
"ഹേ പുതപ്പിട്ടു മൂടിയവനേ, രാത്രിയിൽ അല്പമൊഴികെ എഴുന്നേറ്റു
നിൽക്കുക. അതായത്, അതിന്റെ പകുതി, അല്ലെങ്കിൽ അതിൽ നിന്ന് അല്പം
കുറച്ചുകൊള്ളുക. അല്ലെങ്കിൽ അതിനേക്കാൾ വർദ്ധിപ്പിച്ചുകൊള്ളുക. ഖുർആൻ സാവകാശത്തിൽ
നിർത്തി നിർത്തി ഓതുകയും ചെയ്യുക."(73:1-4)
പ്രവാചകത്വത്തിന്റെ തുടക്കകാലത്ത്
മുഹമ്മദിനുണ്ടായ അനുഭവങ്ങളെക്കുറിച്ച് ഇസ്ലാമിക ചരിത്രത്തിലും ഹദീസുകളിലും
വിവരിക്കുന്നുണ്ട്. ഹിറാ ഗുഹയിലെ ധ്യാനത്തിനും അതിനെത്തുടർന്നുണ്ടായ
മാനസികാഘാതങ്ങൾക്കും ശേഷം, വെളിപാടുകൾ ഉണ്ടാകുന്ന സമയത്ത് മുഹമ്മദ് പുതപ്പു കൊണ്ടു മൂടിക്കിടക്കുന്ന
പതിവുണ്ടായിരുന്നു. പേടി മൂലമാണെന്നും, തണുപ്പ് മൂലമാണെന്നും, ഖുറൈശികളുടെ പരിഹാസത്തിൽ നിന്നുള്ള നാണം
മറയ്ക്കാനാണെന്നുമൊക്കെ ഇസ്ലാമിക വ്യാഖ്യാതാക്കൾ ഇതിന് വിവിധ ന്യായീകരണങ്ങൾ
നൽകുന്നുണ്ട്.
എന്നാൽ, ആ കാലഘട്ടത്തിലെ പുരാതന
പ്രവചനക്കാരുടെയും വെളിച്ചപ്പാടുകളുടെയും സമ്പ്രദായങ്ങൾ പരിശോധിച്ചാൽ ഇതിന്റെ
യഥാർത്ഥ കാരണം വ്യക്തമാകും. അന്നത്തെ വെളിച്ചപ്പാടുകൾ വെളിപാടുകൾ
സ്വീകരിക്കുന്നതിനായി കൃത്രിമമായി ഇരുട്ട് സൃഷ്ടിച്ചിരുന്നു. രാത്രിയിലോ ഇരുണ്ട
ഗുഹകളിലോ ഇരിക്കുകയോ, അല്ലെങ്കിൽ ശരീരം മുഴുവൻ പുതപ്പുകൊണ്ട് മൂടിയിരിക്കുകയോ ചെയ്യുക അവരുടെ
രീതിയായിരുന്നു. വെളിച്ചമില്ലാത്ത അന്തരീക്ഷത്തിലാണ് ദൈവങ്ങളും അദൃശ്യശക്തികളും
പ്രത്യക്ഷപ്പെടുകയെന്ന പുരാതന സങ്കൽപ്പത്തിന്റെ അടിസ്ഥാനത്തിലാണ് ഈ ശീലം രൂപപ്പെട്ടത്.
ഇത്തരത്തിൽ പുതച്ചു മൂടിയിരിക്കുന്ന
സന്ദർഭത്തിലാണ് "എഴുന്നേറ്റ്
രാത്രിയിൽ നിസ്കരിക്കുക" എന്ന നിർദ്ദേശം വരുന്നത്. രാത്രിയുടെ
പകുതിയോ അതിൽ കൂടുതലോ സമയമെടുത്ത് ഖുർആൻ ശ്രദ്ധയോടെ നിർത്തി നിർത്തി ഓതാനാണ് ഇവിടെ
ആവശ്യപ്പെടുന്നത്. ഈ രാത്രി നിസ്കാരം മുഹമ്മദിന് മാത്രം നിർബന്ധമായിരുന്നോ അതോ
അനുയായികൾക്കും ബാധകമായിരുന്നോ എന്നത് തർക്കവിഷയമാണ്. മാത്രമല്ല, ഈ രാത്രി നിസ്കാരത്തിന്റെ
ദൈർഘ്യത്തെക്കുറിച്ച് പിന്നീട് അല്ലാഹു തന്നെ തിരുത്തൽ വരുത്തുന്നുണ്ട് (അത് ഈ
സൂറത്തിലെ അവസാന ആയത്തിൽ വ്യക്തമാക്കുന്നുണ്ട്).
ഖുർആനിക സൂക്തങ്ങൾ ശ്രദ്ധയോടെ നിർത്തി
നിർത്തി ഓതാൻ ആവശ്യപ്പെടുന്ന 'അൽ മുസമ്മിൽ' എന്ന ഈ മൂന്നാമത്തെ അധ്യായം അവതരിക്കുന്ന
സമയത്ത്, പാരായണം
ചെയ്യാനായി എത്രത്തോളം ഗ്രന്ഥഭാഗങ്ങൾ ലഭ്യമായിരുന്നു എന്നത് ഏറെ പ്രസക്തമായ ഒരു
ചോദ്യമാണ്. 'അലഖ്', 'ഖലം' എന്നീ രണ്ടു സൂറത്തുകളിലെ ചില പ്രാരംഭ
വചനങ്ങൾ മാത്രമായിരുന്നു അന്ന് പ്രവാചകന്റെ പക്കലുണ്ടായിരുന്നത്. മക്കയിലെ ഖുറൈശി
പ്രമാണികളെയും എതിരാളികളെയും കടുത്ത ഭാഷയിൽ അധിക്ഷേപിക്കുന്നതും
പരിഹസിക്കുന്നതുമായ ശൈലിയാണ് ഈ വചനങ്ങളിൽ പ്രകടമാകുന്നത്. ഉദാഹരണത്തിന്, 'ഖലം' എന്ന അധ്യായത്തിൽ ഖുറൈശി നേതാവായിരുന്ന
വലീദ് ബ്നുൽ മുഗീറയെ വ്യക്തിപരമായി അധിക്ഷേപിക്കുകയും, അയാളുടെ വംശവിശുദ്ധിയെ ചോദ്യം ചെയ്യുകയും, തുമ്പിക്കൈയിൽ അടയാളം കുത്തുമെന്ന്
ഭീഷണിപ്പെടുത്തുകയും ചെയ്യുന്നത് കാണാം.
മുസമ്മിലിന് ശേഷം അവതരിച്ച 'അൽ മുദ്ദസ്സിർ' എന്ന നാലാമത്തെ അധ്യായത്തിലും (നിലവിലെ
ക്രമത്തിൽ 74-ആമത്
അധ്യായം) ഈ വിദ്വേഷ ശൈലി തുടർന്നുപോരുന്നത് കാണാം. പ്രവാചകനെ 'ആഭിചാരകൻ' എന്നും ഖുർആനെ 'പൂർവ്വികരുടെ കെട്ടുകഥകൾ' എന്നും വിശേഷിപ്പിച്ച വലീദ് ബ്നുൽ
മുഗീറക്കെതിരെ അതിരൂക്ഷമായ കടന്നാക്രമണമാണ് മുദ്ദസ്സിറിലേ 11 മുതലുള്ള വചനങ്ങളിൽ നടക്കുന്നത്.
ഇത്തരത്തിൽ വരാനിരിക്കുന്ന ഭാരമേറിയ
വെളിപാടുകളുടെ നിലവാരം എന്തായിരുന്നുവെന്ന് ഈ പ്രാരംഭ സൂറത്തുകളിലെ ഉള്ളടക്കം
പരിശോധിച്ചാൽ ബോധ്യമാകും. അക്കാലത്ത് കൃത്യമായ പ്രാർത്ഥനാ ക്രമങ്ങളോ അഞ്ചുനേരത്തെ
നിസ്കാരമോ നിലവിൽ വന്നിരുന്നില്ല. രാത്രികാലങ്ങളിൽ നിശ്ശബ്ദമായ അന്തരീക്ഷത്തിൽ, തനിക്ക് ലഭിച്ച ഈ വചനങ്ങൾ ചോർന്നുപോകാതെ
ഓർമ്മയിൽ ഉറപ്പിച്ചു നിർത്താൻ പ്രവാചകൻ കണ്ടെത്തിയ ഒരു മാർഗ്ഗമായിരുന്നു
ഉറക്കമൊഴിഞ്ഞുള്ള ഈ പാരായണം.
إِنَّا سَنُلْقِي عَلَيْكَ قَوْلًا ثَقِيلًا ﴿٥﴾ إِنَّ نَاشِئَةَ اللَّيْلِ هِيَ أَشَدُّ وَطْئًا وَأَقْوَمُ قِيلًا ﴿٦﴾ إِنَّ لَكَ فِي النَّهَارِ سَبْحًا طَوِيلًا ﴿٧﴾
"നിശ്ചയമായും ഭാരമേറിയ ഒരു വചനം നാം
നിന്റെ മേൽ അവതരിപ്പിക്കാൻ പോകുന്നു. തീർച്ചയായും രാത്രിയിലെ എഴുന്നേൽപ്പ് മനസ്സും
ശരീരവും ഒരുപോലെ ഒരുമിച്ചുനിൽക്കുന്നതും വാക്ക് കൂടുതൽ
ചൊവ്വുള്ളതാക്കുന്നതുമാകുന്നു. പകലിൽ നിനക്ക് ദീർഘമായ ജോലിത്തിരക്കുകളുണ്ടല്ലോ."(73:5-7)
രാത്രികാലങ്ങളിൽ ആത്മാക്കളും ജിന്നുകളും
മലക്കുകളും ദൈവവും
ഭൂമിയിലേക്ക് ഇറങ്ങിവരുമെന്ന പുരാതന അറബി സങ്കൽപ്പങ്ങളും (ജാഹിലിയ്യാ വിശ്വാസങ്ങൾ)
ഇതിന് പിന്നിൽ സ്വാധീനിച്ചിട്ടുണ്ടാകാം.
وَاذْكُرِ اسْمَ رَبِّكَ وَتَبَتَّلْ إِلَيْهِ تَبْتِيلًا ﴿٨﴾ رَّبُّ الْمَشْرِقِ وَالْمَغْرِبِ لَا إِلَٰهَ إِلَّا هُوَ فَاتَّخِذْهُ وَكِيلًا ﴿٩﴾ وَاصْبِرْ عَلَىٰ مَا يَقُولُونَ وَاهْجُرْهُمْ هَجْرًا جَمِيلًا ﴿١٠﴾ وَذَرْنِي وَالْمُكَذِّبِينَ أُولِي النَّعْمَةِ وَمَهِّلْهُمْ قَلِيلًا ﴿١١﴾ إِنَّ لَدَيْنَا أَنكَالًا وَجَحِيمًا ﴿١٢﴾ وَطَعَامًا ذَا غُصَّةٍ وَعَذَابًا أَلِيمًا ﴿١٣﴾ يَوْمَ تَرْجُفُ الْأَرْضُ وَالْجِبَالُ وَكَانَتِ الْجِبَالُ كَثِيبًا مَّهِيلًا ﴿١٤﴾إِنَّا أَرْسَلْنَا إِلَيْكُمْ رَسُولًا شَاهِدًا عَلَيْكُمْ كَمَا
أَرْسَلْنَا إِلَىٰ فِرْعَوْنَ رَسُولًا ﴿١٥﴾ فَعَصَىٰ فِرْعَوْنُ الرَّسُولَ فَأَخَذْنَاهُ أَخْذًا وَبِيلًا ﴿١٦﴾ فَكَيْفَ تَتَّقُونَ إِن
كَفَرْتُمْ يَوْمًا يَجْعَلُ الْوِلْدَانَ شِيبًا ﴿١٧﴾ السَّمَاءُ مُنفَطِرٌ بِهِۚ كَانَ وَعْدُهُ مَفْعُولًا ﴿١٨﴾ إِنَّ
هَٰذِهِ تَذْكِرَةٌۖ فَمَن شَاءَ اتَّخَذَ إِلَىٰ رَبِّهِ سَبِيلًا ﴿١٩﴾
നിന്റെ റബ്ബിന്റെ നാമം സ്മരിക്കുകയും
അവങ്കലേക്ക് (ഏകാഗ്രചിത്തനായി) ഒരു മുറിഞ്ഞടുക്കല്‍ അടുക്കുകയും ചെയ്യുക; ഉദയസ്ഥാനത്തിന്റെയും
അസ്തമയസ്ഥാനത്തിന്റെയും റബ്ബാകുന്നു (അവന്‍). അവനല്ലാതെ ആരാധ്യനേയില്ല, അതിനാല്‍ അവനെ നീ (എല്ലാ കാര്യവും)
ഭരമേല്‍പ്പിക്ക പെട്ടവനാക്കി കൊള്ളുക.അവര്‍ (അവിശ്വാസികള്‍) പറഞ്ഞു വരുന്നതിനെ
കുറിച്ച് ക്ഷമ കൈക്കൊള്ളുകയും ഭംഗിയായ വിധത്തില്‍ അവരെ വെടിഞ്ഞു നില്‍ക്കുകയും
ചെയ്യുക.എന്നെയും സുഖാനുഗ്രഹത്തിന്റെ ആള്‍ക്കാരായ (ആ) വ്യാജവാദികളെയും
വിട്ടേക്കുകയും, അവര്‍ക്ക് അല്പം ഇടനല്‍കുകയും ചെയ്യുക.
(അവരുടെ കാര്യം ഞാന്‍ തീരുമാനിച്ചു കൊള്ളാം). നിശ്ചയമായും, നമ്മുടെ അടുക്കല്‍ കനത്ത വിലങ്ങുകളും, കത്തിജ്വലിക്കുന്ന അഗ്നിയുമുണ്ട്.
(കീഴ്പ്പോട്ടിറങ്ങാതെ തൊണ്ടയില്‍) അടഞ്ഞു നില്‍ക്കുന്ന ഭക്ഷണവും വേദനയേറിയ
ശിക്ഷയും ഉണ്ട്. ഭൂമിയും, പര്‍വതങ്ങളും വിറകൊള്ളുകയും പര്‍വതങ്ങള്‍
അലിഞ്ഞൊഴുകുന്ന മണല്‍ക്കുന്ന് (പോലെ) ആകുകയും ചെയ്യുന്ന ദിവസം! (അന്നായിരിക്കും
അത്). (ജനങ്ങളെ) നിശ്ചയമായും നാം നിങ്ങളുടെ മേല്‍ സാക്ഷിയായ ഒരു റസൂലിനെ
നിങ്ങളിലേക്ക് അയച്ചിരിക്കുന്നു. ഫിര്‍ഔനിന്റെ അടുക്കലേക്ക് ഒരു റസൂലിനെ നാം
അയച്ചതു പോലെ (ത്തന്നെ). എന്നിട്ട് ഫിര്‍ഔന്‍ (ആ) റസൂലിനോട്
അനുസരണക്കേട് കാണിച്ചു. അപ്പോള്‍, നാം അവനെ കടുത്തതായ ഒരു പിടുത്തം
പിടിച്ചു (ശിക്ഷിച്ചു). എന്നാല്‍,നിങ്ങള്‍ അവിശ്വസിക്കുക ആണെങ്കില്‍,കുട്ടികളെ നരച്ചവരാക്കുന്ന ഒരു (ഭയങ്കര)
ദിവസത്തെ നിങ്ങള്‍ എങ്ങിനെയാണ് സൂക്ഷിക്കുക?!
ആകാശം
അതുമൂലം പൊട്ടിപ്പിളര്‍ന്നതായിരിക്കും, അവന്റെ (അല്ലാഹുവിന്റെ) വാഗ്ദത്തം പ്രവര്‍ത്തനത്തില്‍
വരുത്തപ്പെടുന്നതാകുന്നു. നിശ്ചയമായും ഇത് ഒരു (മഹത്തായ)
ഉപദേശമാണ്. ആകയാല്‍, ആര്‍ (വേണമെന്ന്) ഉദ്ദേശിക്കുന്നുവോ അവന്‍
തന്റെ റബ്ബിങ്കലേക്ക് ഒരു മാര്‍ഗം ഏര്‍പ്പെടുത്തി കൊള്ളട്ടെ(73:8-19)
إِنَّ رَبَّكَ يَعْلَمُ أَنَّكَ تَقُومُ أَدْنَىٰ مِن ثُلُثَيِ اللَّيْلِ وَنِصْفَهُ وَثُلُثَهُ وَطَائِفَةٌ مِّنَ الَّذِينَ مَعَكَۚ وَاللَّهُ يُقَدِّرُ اللَّيْلَ وَالنَّهَارَۚ عَلِمَ أَن لَّن تُحْصُوهُ فَتَابَ عَلَيْكُمْۖ فَاقْرَءُوا مَا تَيَسَّرَ مِنَ الْقُرْآنِۚ عَلِمَ أَن سَيَكُونُ مِنكُم مَّرْضَىٰۙ وَآخَرُونَ يَضْرِبُونَ فِي الْأَرْضِ يَبْتَغُونَ مِن فَضْلِ اللَّهِۙ وَآخَرُونَ يُقَاتِلُونَ فِي سَبِيلِ اللَّهِۖ فَاقْرَءُوا مَا تَيَسَّرَ مِنْهُۚ وَأَقِيمُوا الصَّلَاةَ وَآتُوا الزَّكَاةَ وَأَقْرِضُوا اللَّهَ قَرْضًا حَسَنًاۚ وَمَا تُقَدِّمُوا لِأَنفُسِكُم مِّنْ خَيْرٍ تَجِدُوهُ عِندَ اللَّهِ هُوَ خَيْرًا وَأَعْظَمَ أَجْرًاۚ وَاسْتَغْفِرُوا اللَّهَۖ إِنَّ اللَّهَ غَفُورٌ رَّحِيمٌ ﴿٢٠﴾
എന്നാൽ, ആദ്യകാല സൂക്തങ്ങളുടെ പ്രാസഭംഗിക്കും
ആശയാന്തരീക്ഷത്തിനും തികച്ചും വിരുദ്ധമായി, മദീന കാലഘട്ടത്തിലെ സാമൂഹിക-രാഷ്ട്രീയ
സാഹചര്യങ്ങളെ പ്രമേയമാക്കുന്ന 20-ആമത്തെ ദീർഘവചനം ഈ സൂറത്തിൽ
ഉൾച്ചേർക്കപ്പെട്ടിരിക്കുന്നത് ഖുർആൻ ക്രമീകരണത്തിലെ കാലഗണനാപരമായ വൈരുദ്ധ്യങ്ങളെയാണ് പുറത്തുകൊണ്ടുവരുന്നത്.
അനുയായികളുടെ പ്രായോഗിക ബുദ്ധിമുട്ടുകൾക്കനുസരിച്ച് നിയമങ്ങളിൽ വരുത്തിയ ഇത്തരം
ലഘൂകരണങ്ങളും തിരുത്തലുകളും, ഖുർആനിക വചനങ്ങൾ അതാത് കാലഘട്ടങ്ങളിലെ
ഭൗതിക സാഹചര്യങ്ങൾക്കും മാനുഷികമായ ആവശ്യങ്ങൾക്കും അനുസൃതമായി രൂപപ്പെട്ടവയാണെന്ന
ആശയത്തിന് ബലമേകുന്നു.
അദ്ധ്യായം 4 : സൂറത്തുൽ മുദ്ദസ്സിർ(74)
മുഹമ്മദ് നബിക്ക് ആദ്യം അവതരിച്ച വെളിപാടുകൾ ഉൾക്കൊള്ളുന്ന അധ്യായങ്ങളിൽ ഒന്നാണിത്. എന്നാൽ ഖുർആനിലെ അധ്യായങ്ങൾ കേവലം അവതരണ ക്രമം അനുസരിച്ചോ വിഷയങ്ങളുടെ തുടർച്ച അനുസരിച്ചോ ക്രമീകരിച്ചവയല്ല. ആദ്യകാലത്ത് ഇറങ്ങിയ ചില വാക്യങ്ങളോടൊപ്പം വർഷങ്ങൾക്ക് ശേഷം മദീനയിൽ ഇറങ്ങിയ ആയത്തുകൾ വരെ പിന്നീട് തുന്നിച്ചേർക്കപ്പെട്ടിട്ടുണ്ട്. ഖുർആനിലെ 74-ആം അധ്യായമാണ് സൂറത്തുൽ മുദ്ദസിർ.
വഹ്‌യിന്റെ
അനുഭവവും ജാഹിലിയ്യാ പരീക്ഷണങ്ങളും
ഹിറാ മലയിലെ ആദ്യ അനുഭവത്തിന് ശേഷം കുറച്ചു
കാലത്തേക്ക് വഹ്‌യ് തടസ്സപ്പെട്ടിരുന്നു (ഫത്രതുൽ വഹ്‌യ്). ഇതിൽ പ്രവാചകന് വലിയ
വ്യസനമുണ്ടായി. പിന്നീട് വീണ്ടും ആകാശത്ത് അതേ മലക്കിനെ കാണുകയും, ഭയചകിതനായി വീട്ടിലെത്തി "എന്നെ പുതപ്പിച്ചു തരൂ" എന്ന് ആവശ്യപ്പെടുകയും ചെയ്തപ്പോഴാണ് ഈ
അധ്യായത്തിലെ ആദ്യത്തെ അഞ്ച് വാക്യങ്ങൾ അവതരിക്കുന്നത്:
"ഹേ, പുതച്ചു മൂടിയവനേ! എഴുന്നേൽക്കുക, എന്നിട്ട് താക്കീത് ചെയ്യുക! നിന്റെ
റബ്ബിനെ മഹത്വപ്പെടുത്തുക! നിന്റെ വസ്ത്രങ്ങളെ ശുദ്ധീകരിക്കുക! ശിക്ഷയെ (പാപങ്ങളെ)
വിട്ടുനിൽക്കുക!" (ഖുർആൻ 74:1-5)
അന്നത്തെ അറേബ്യയിലെ
കാഹിനുകളും(പ്രശ്നക്കാർ/ജോത്സ്യന്മാർ) മന്ത്രവാദികളും ദിവ്യാനുഭവങ്ങൾക്കായി
പുതപ്പുമൂടി ഇരുട്ടിൽ ഇരിക്കുന്ന ഒരു രീതിയുണ്ടായിരുന്നു. അത്തരമൊരു
സാങ്കേതികവിദ്യ മനസ്സിലുണ്ടായതുകൊണ്ടാകാം പ്രവാചകനും ഇത്തരം അനുഭവങ്ങൾ
ഉണ്ടാകുമ്പോൾ പുതപ്പിട്ടു മൂടാൻ ആവശ്യപ്പെട്ടിരുന്നത്.
തുടർന്നുള്ള വാക്യങ്ങളിൽ കാണുന്നത്
കാഹളമൂതി അന്ത്യനാളിലേക്ക് ആളുകളെ വിളിച്ചുകൂട്ടുന്ന ചിത്രമാണ്:
وَلَا تَمْنُن
تَسْتَكْثِرُ﴿٦﴾ وَلِرَبِّكَ فَٱصْبِرْ﴿٧﴾ فَإِذَا نُقِرَ فِى ٱلنَّاقُورِ﴿٨﴾ فَذَٰلِكَ يَوْمَئِذٍۢ يَوْمٌ عَسِيرٌ﴿٩﴾
عَلَى ٱلْكَـٰفِرِينَ
غَيْرُ
يَسِيرٍۢ﴿١٠
"അധികം നേട്ടം കൊതിച്ചുകൊണ്ട് നീ ഉപകാരം
ചെയ്യരുത്. നിന്റെ റബ്ബിനു വേണ്ടി നീ ക്ഷമിക്കുകയും ചെയ്യുക. എന്നാൽ കാഹളത്തിൽ
(സൂർ) മുഴക്കപ്പെട്ടാൽ... അന്ന് അത് പ്രയാസകരമായ ഒരു ദിവസമായിരിക്കും; അവിശ്വാസികളുടെ മേൽ നിസ്സാരമല്ലാത്ത
ഒന്നുതന്നെ." (74:6-10)
ഉപയോഗിച്ചിരിക്കുന്നത് എന്ന് കാണാം.
ഇതിനുശേഷമാണ് നരകത്തെക്കുറിച്ചുള്ള ഭീഷണികളിലേക്ക് കടക്കുന്നത്.
വലീദ് ബിനു
മുഗീറക്കെതിരെ വീണ്ടും ..
അടുത്ത വാക്യങ്ങളിൽ മക്കയിലെ പ്രമാണിയും
ധനികനുമായിരുന്ന വലീദ് ബിനു മുഗീറക്കെതിരെയുള്ള കടുത്ത ശാപവാക്കുകളാണ് കാണാൻ
കഴിയുന്നത്:
ذَرْنِي وَمَنْ خَلَقْتُ وَحِيدًا ﴿١١﴾ وَجَعَلْتُ لَهُ مَالًا مَّمْدُودًا ﴿١٢﴾ وَبَنِينَ شُهُودًا ﴿١٣﴾ وَمَهَّدتُّ لَهُ تَمْهِيدًا ﴿١٤﴾ ثُمَّ
يَطْمَعُ أَنْ أَزِيدَ ﴿١٥﴾ كَلَّاۖ إِنَّهُ كَانَ لِآيَاتِنَا عَنِيدًا ﴿١٦﴾ سَأُرْهِقُهُ صَعُودًا ﴿١٧﴾
"എന്നെയും
ഞാൻ ഏകനായി സൃഷ്ടിച്ചവനെയും വിട്ടേക്കുക. അവന് ഞാൻ ധാരാളം ധനം നൽകി. സന്നദ്ധരായ
പുത്രന്മാരെയും നൽകി... എന്നിട്ടും വർദ്ധിപ്പിച്ചു കിട്ടാൻ അവൻ ആശിക്കുന്നു. വേണ്ട, അവൻ നമ്മുടെ ആയത്തുകളോട് ധിക്കാരം
കാണിക്കുന്നവനായിരിക്കുന്നു. ഞാൻ അവനെ കയറ്റം കയറ്റുവാൻ വഴിയെ നിർബന്ധിക്കും." (74:11-17)
إِنَّهُ فَكَّرَ وَقَدَّرَ ﴿١٨﴾ فَقُتِلَ كَيْفَ قَدَّرَ ﴿١٩﴾ ثُمَّ قُتِلَ كَيْفَ قَدَّرَ ﴿٢٠﴾ ثُمَّ نَظَرَ ﴿٢١﴾ ثُمَّ عَبَسَ وَبَسَرَ ﴿٢٢﴾ ثُمَّ أَدْبَرَ وَاسْتَكْبَرَ ﴿٢٣﴾ فَقَالَ إِنْ هَٰذَا إِلَّا سِحْرٌ يُؤْثَرُ ﴿٢٤﴾ إِنْ هَٰذَا إِلَّا قَوْلُ الْبَشَرِ ﴿٢٥﴾ "
അവൻ ചിന്തിച്ചു കണക്കാക്കി. അതിനാൽ അവൻ
കൊല്ലപ്പെടട്ടെ! എങ്ങനെയാണവൻ കണക്കാക്കിയത്? പിന്നെയും അവൻ കൊല്ലപ്പെടട്ടെ! പിന്നീട്
അവൻ നോക്കി, പിന്നെ അവൻ
മുഖം ചുളിക്കുകയും ഇറുകി ചുളുങ്ങുകയും ചെയ്തു. പിന്നെ അവൻ പിന്നോക്കം മാറുകയും
അഹംഭാവം നടിക്കുകയും ചെയ്തു. എന്നിട്ടവൻ പറഞ്ഞു: ഇത് പാരമ്പര്യമായി
ഉദ്ധരിക്കപ്പെടുന്ന സിഹ്ര് (ആഭിചാരം) അല്ലാതെ മറ്റൊന്നുമല്ല. ഇത് മനുഷ്യന്റെ
വാക്കല്ലാതെ മറ്റൊന്നുമല്ല!" (74:18-25)
വലീദിന്റെ ഈ നിലപാടിന് മറുപടിയായി
അദ്ദേഹത്തെ 'സക്കർ' എന്ന നരകത്തിലിട്ട് എരിക്കുമെന്ന്
ഭീഷണിപ്പെടുത്തുന്നു:
سَأُصْلِيهِ سَقَرَ ﴿٢٦﴾ وَمَا أَدْرَاكَ مَا سَقَرُ ﴿٢٧﴾ لَا تُبْقِي وَلَا تَذَرُ ﴿٢٨﴾ لَوَّاحَةٌ لِّلْبَشَرِ ﴿٢٩﴾ عَلَيْهَا تِسْعَةَ عَشَرَ ﴿٣٠﴾
അവസാന വചനങ്ങൾ നൽകുന്ന സൂചനകൾ
"അങ്ങനെയല്ല, ചന്ദ്രൻ തന്നെയാണ് സത്യം. രാത്രിയുമാണ്
സത്യം, അത്
പിന്നോട്ട് പോകുമ്പോൾ. പ്രഭാതവുമാണ്, അത് പുലർന്ന് പ്രകാശിച്ചു വന്നാൽ.
നിശ്ചയമായും അത് വൻ കാര്യങ്ങളിൽ ഒന്നുതന്നെ. മനുഷ്യർക്ക്
ഒരു താക്കീദ് എന്ന നിലയ്ക്ക്; അതായത് നിങ്ങളിൽ നിന്ന് മുന്നോക്കം
വരുവാനോ പിന്നോക്കം പോകുവാനോ ഉദ്ദേശിച്ചവർക്ക്."(74:32-37)
"എല്ലാ ഓരോ ദേഹവും അത് സമ്പാദിച്ചു
വെച്ചതിന് പണയപ്പെട്ടതായിരിക്കും; വലതുപക്ഷക്കാർ ഒഴികെ. ചില സ്വർഗ്ഗങ്ങളിൽ
ആയിരിക്കും അവർ, അവർ ചോദ്യം ചെയ്യും
കുറ്റവാളികളെക്കുറിച്ച്: 'നിങ്ങളെ സക്കറിൽ പ്രവേശിപ്പിച്ചത്
എന്താണ്?' എന്ന്. അവർ മറുപടി പറയും: 'ഞങ്ങൾ നമസ്കരിക്കുന്നവരുടെ കൂട്ടത്തിൽ
ആയിരുന്നില്ല. ഞങ്ങൾ സാധുക്കൾക്ക് ഭക്ഷണം കൊടുത്തിരുന്നതുമില്ല. തോന്നിവാസത്തിൽ
മുഴുകിയിരുന്നവരോടൊപ്പം ഞങ്ങൾ മുഴുകിക്കൊണ്ടിരിക്കുകയും ചെയ്തിരുന്നു. പ്രതിഫല
നടപടിയുടെ ദിവസത്തെ ഞങ്ങൾ വ്യാജമാക്കുകയും ചെയ്തിരുന്നു. അങ്ങനെ മരണമാകുന്ന ഉറപ്പ്
ഞങ്ങൾക്ക് വന്നെത്തി.' ഇനി അവർക്ക് ശുപാർശക്കാരുടെ ശുപാർശ
പ്രയോജനപ്പെടുന്നതല്ല."(74:38-48)
സ്വർഗ്ഗവാസികൾ സലാം അല്ലാതെ മറ്റൊന്നും കേൾക്കുകയില്ല
എന്ന് ഖുർആനിൽ പലയിടത്തും ആവർത്തിക്കുന്നുണ്ട് ,അതിന് വിരുദ്ധമാണ്
സ്വർഗ്ഗത്തിലിരുന്നുള്ള ഈ പരദൂഷണം .
"അത്രയുമല്ല, പക്ഷേ അവരിൽ നിന്നുള്ള എല്ലാ ഓരോ
മനുഷ്യനും ഉദ്ദേശിക്കുന്നു, നിവർത്തിക്കപ്പെട്ട ഏടുകൾ തനിക്ക്
നൽകപ്പെടണമെന്ന്! അത് വേണ്ട, പക്ഷേ അവർ പരലോകത്തെ ഭയപ്പെടുന്നില്ല."(74:52-53)
പൂർവ്വ പ്രവാചകന്മാർക്ക് നൽകിയതുപോലെ, ആകാശത്തുനിന്ന് തുറന്നുവെച്ച ഗ്രന്ഥങ്ങൾ
തങ്ങൾക്ക് നേരിട്ട് നൽകപ്പെടാത്തതെന്തേ എന്ന ഖുറൈശികളുടെ യുക്തിസഹമായ ചോദ്യത്തിന്
മറുപടിയായി "അവർ
പരലോകത്തെ ഭയപ്പെടുന്നില്ല" എന്ന കുറ്റപ്പെടുത്തൽ മാത്രമാണ് നൽകുന്നത്.
അധ്യായത്തിന്റെ അവസാന വചനങ്ങളായ 54 മുതൽ 56 വരെയുള്ള ആയത്തുകളിലെത്തുമ്പോൾ ആശയപരമായ
പരാജയം തികച്ചും വ്യക്തമാകുന്നു:
كَلَّا إِنَّهُ تَذْكِرَةٌ ﴿٥٤﴾ فَمَن شَاءَ ذَكَرَهُ ﴿٥٥﴾ وَمَا يَذْكُرُونَ إِلَّا أَن يَشَاءَ اللَّهُۚ هُوَ أَهْلُ التَّقْوَىٰ وَأَهْلُ الْمَغْفِرَةِ ﴿٥٦﴾
ചുരുക്കത്തിൽ, മക്കയിലെ പ്രബോധനം പരാജയപ്പെടാൻ
തുടങ്ങിയതോടെ ആശയപരമായ പാപ്പരത്തവും വിധി സിദ്ധാന്തവും ഗ്രന്ഥത്തിൽ
പ്രകടമായിത്തുടങ്ങി. ജനങ്ങളുടെ സംശയങ്ങൾക്ക് വ്യക്തമായ തെളിവുകൾ നൽകാൻ കഴിയാതെ
വന്നപ്പോൾ, "അല്ലാഹു
തന്നെ മനുഷ്യരെ വഴിപിഴപ്പിക്കുന്നതാണ്" എന്ന നിലപാടിലേക്ക് വെളിപാടുകൾ മാറി.
മനുഷ്യരുടെ അവിശ്വാസത്തിന്റെ ഉത്തരവാദിത്തം ദൈവം തന്നെ ഏറ്റെടുക്കുന്ന ഇത്തരം
വാദങ്ങളിലൂടെ, അന്നത്തെ
ഖുറൈശികളുടെ മുന്നിൽ പ്രവാചകന്റെ നിലപാടുകൾ കൂടുതൽ പരിഹാസ്യമാവുകയും ആശയപരമായ
പരാജയം പ്രകടമാവുകയുമാണുണ്ടായത്. ഖുർആനിലെ ആദ്യകാല അധ്യായങ്ങളിൽ തന്നെ കാണുന്ന ഈ
പ്രതിസന്ധികൾ, പ്രപഞ്ച
സ്രഷ്ടാവായ ഒരു ദൈവത്തിന്റെ ഇടപെടലുകളല്ല ഇതിന് പിന്നിലെന്ന് വ്യക്തമാക്കുന്നു.
അദ്ധ്യായം 5: സൂറത്തുൽ മസദ് (111)
മക്കയിൽ ആദ്യകാലത്ത് അവതരിച്ച സൂറത്തുകൾ പൊതുവെ ഹ്രസ്വവും കവിതാത്മകമായ പ്രാസഭംഗിയുള്ള വചനങ്ങളാൽ സമ്പന്നവുമാണ്. എന്നാൽ, യുക്തിഭദ്രമായ തത്ത്വചിന്തകൾക്കോ സ്ഥാപനാത്മകമായ നിലപാടുകൾക്കോ പകരം, തന്റെ പ്രവാചകത്വവാദത്തെ എതിർത്ത പ്രമുഖരെ വ്യക്തിപരമായി അധിക്ഷേപിക്കുന്നതും, ശാപവാക്കുകൾ ചൊരിയുന്നതും, വരാനിരിക്കുന്ന ലോകാവസാനത്തെയും നരകശിക്ഷകളെയും കുറിച്ച് ഭീഷണിപ്പെടുത്തുന്നതുമായ ശൈലിയാണ് അവയുടെ ഉള്ളടക്കത്തിൽ പ്രധാനമായും നിഴലിച്ചുനിൽക്കുന്നത്.
മക്കയിലെ ഖുറൈശികൾ മുഹമ്മദിന്റെ പ്രവാചകത്വവാദത്തെ തള്ളിക്കളയാനുണ്ടായ പ്രധാന കാരണം, തന്റെ വാദങ്ങളെ സാധൂകരിക്കുന്ന യാതൊരു തെളിവും ഹാജരാക്കാൻ അദ്ദേഹത്തിന് കഴിഞ്ഞില്ല എന്നതാണ്. അക്കാലത്തെ കവികളുടെയോ വെളിച്ചപ്പാടുകളുടെയോ വരികളേക്കാൾ ആശയപരമായി ദരിദ്രമായ കാര്യങ്ങളാണ് വെളിപാടുകളെന്ന പേരിൽ പുറത്തുവന്നത്. തങ്ങളുടെ ചോദ്യങ്ങൾക്ക് മുന്നിൽ ഉത്തരം മുട്ടുമ്പോൾ എതിരാളികളെ നരകം പറഞ്ഞു ഭീഷണിപ്പെടുത്തുന്ന രീതിയാണ് ഇവിടെ കാണാൻ സാധിക്കുന്നത്.
'മസദ്' എന്നാൽ ഈത്തപ്പനയുടെ നാരുകൊണ്ട് പിരിച്ചുണ്ടാക്കിയ കയർ എന്നാണ് അർത്ഥം. ഖുർആനിലെ 111-ആം അധ്യായമാണ് അഞ്ച് വാക്യങ്ങൾ മാത്രമുള്ള മസദ് . ഈ അധ്യായത്തിൽ ചർച്ച ചെയ്യുന്നത് കയറിനെക്കുറിച്ചല്ല, മറിച്ച് മുഹമ്മദിന്റെ സ്വന്തം മൂത്താപ്പയായ അബൂലഹബിനെയും അദ്ദേഹത്തിന്റെ ഭാര്യയെയും പേരെടുത്ത് ശപിക്കുന്ന കാര്യങ്ങളാണ്.
അബൂ ലഹബും ഭാര്യയും നശിക്കട്ടെ !
تَبَّتْ يَدَا أَبِي لَهَبٍ وَتَبَّ ﴿١﴾ مَا أَغْنَىٰ عَنْهُ مَالُهُ وَمَا كَسَبَ ﴿٢﴾ سَيَصْلَىٰ نَارًا ذَاتَ لَهَبٍ ﴿٣﴾ وَامْرَأَتُهُ حَمَّالَةَ الْحَطَبِ ﴿٤﴾ فِي جِيدِهَا حَبْلٌ مِّن مَّسَدٍ ﴿٥﴾
“അബൂലഹബിന്റെ ഇരുകൈകളും നശിക്കട്ടെ ; അവൻ നാശമടയുകയും ചെയ്തിരിക്കുന്നു.അവന്റെ
സ്വത്തോ അവൻ സമ്പാദിച്ചുവെച്ചതോ അവന് പ്രയോജനപ്പെട്ടില്ല.ജ്വാലകളുള്ള അഗ്നിയിൽ അവൻ
താമസിയാതെ പ്രവേശിക്കുന്നതാണ്. വിറകുചുമട്ടുകാരിയായ അവന്റെ ഭാര്യയും; അവളുടെ കഴുത്തിൽ ഈത്തപ്പനനാരുകൊണ്ടുള്ള
കയറുമുണ്ടായിരിക്കും.”(111: 1-5)
ലഭ്യമായ ചരിത്രഗ്രന്ഥങ്ങളിലും തഫ്സീറുകളിലും ഈ അധ്യായത്തിന്റെ അവതരണ പശ്ചാത്തലം വിശദീകരിക്കുന്നുണ്ട്;
മക്കയിൽ പ്രവാചകത്വ വാദവുമായി വന്നപ്പോൾ ജനങ്ങൾ മുഹമ്മദിനെ പരിഹസിച്ചു തള്ളിക്കളഞ്ഞു. ഈ തിരസ്കാരം മുഹമ്മദിൽ വിദ്വേഷം വളർത്താൻ കാരണമായി. തുടർന്ന്, ഗോത്രമര്യാദകളെ ദുരുപയോഗം ചെയ്തുകൊണ്ട് ഒരു തന്ത്രം പ്രയോഗിക്കുകയുണ്ടായി.
അക്കാലത്ത് മക്കയിൽ ഏതെങ്കിലും
ഗോത്രത്തിനോ കുടുംബത്തിനോ നേരെ പെട്ടെന്ന് എന്തെങ്കിലും ആപത്തോ ശത്രുബാധയോ
ഉണ്ടായാൽ, അത്
എല്ലാവരെയും അറിയിക്കാൻ സഫാ കുന്നിൻ മുകളിൽ കയറിനിന്ന് ഓരോ കുടുംബത്തിന്റെയും പേര്
ഉറക്കെ വിളിച്ചു കൂവുന്ന ഒരു പരമ്പരാഗത രീതി നിലവിലിലുണ്ടായിരുന്നു. ഒരു ദിവസം
മുഹമ്മദ് സഫാ കുന്നിൽ കയറിനിന്ന് പ്രധാനപ്പെട്ട ഖുറൈശി കുടുംബങ്ങളുടെ പേര്
വിളിച്ച് ആളുകളെ കൂട്ടിവരുത്തി.
എല്ലാവരും ഓടിക്കൂടിയപ്പോൾ മുഹമ്മദ് ചോദിച്ചു: "ഈ മലയുടെ പിന്നിൽനിന്ന് ഒരു ശത്രുസൈന്യം നിങ്ങളെ ആക്രമിക്കാൻ വരുന്നുണ്ടെന്ന് ഞാൻ പറഞ്ഞാൽ നിങ്ങൾ വിശ്വസിക്കുമോ?" ജനങ്ങൾ പറഞ്ഞു: "തീർച്ചയായും വിശ്വസിക്കും, കാരണം നീ ഇതുവരെ നുണ പറഞ്ഞിട്ടില്ലല്ലോ."
ഉടൻ അദ്ദേഹം പറഞ്ഞു: "എങ്കിൽ ഇതിനേക്കാൾ വലിയൊരു ആപത്തിനെക്കുറിച്ച് -ദൈവശിക്ഷയെക്കുറിച്ച് - നിങ്ങളെ താക്കീത് ചെയ്യാനാണ് ഞാൻ വന്നിരിക്കുന്നത്."
തങ്ങളെ കബളിപ്പിച്ച് സ്വന്തം മതം പ്രചരിപ്പിക്കാൻ വേണ്ടി വിളിച്ചുകൂട്ടിയതാണെന്ന് മനസ്സിലായപ്പോൾ, രോഷാകുലനായ മൂത്താപ്പ അബൂലഹബ് കൈകൾ തട്ടിപ്പറഞ്ഞു: "നിനക്ക് നാശം! ഇതിനാണോ നീ ഞങ്ങളെ വിളിച്ചുകൂട്ടിയത്?" അബൂലഹബും കൂടെ വന്നവരും അവിടെനിന്ന് മടങ്ങി. ഈ സംഭവത്തിന് തൊട്ടുപിന്നാലെയാണ് അബൂലഹബിനെ ശപിച്ചുകൊണ്ട് ഈ അധ്യായം അവതരിക്കുന്നത്.
ആരോപണങ്ങളും യാഥാർത്ഥ്യവും
ഈ അധ്യായത്തിലെ വ്യക്തിപരമായ അധിക്ഷേപങ്ങളെ ന്യായീകരിക്കാൻ പരമ്പരാഗത വ്യാഖ്യാതാക്കൾ അബൂലഹബും ഭാര്യയും മുഹമ്മദിനോട് ക്രൂരതകൾ ചെയ്തുവെന്ന് സമർത്ഥിക്കാറുണ്ട്. എന്നാൽ ചരിത്രരേഖകൾ പരിശോധിച്ചാൽ അവ വളരെ നിസ്സാരമായ കാര്യങ്ങളാണെന്ന് കാണാം.
'ജ്വലിക്കുന്ന മുഖമുള്ളവൻ' എന്ന അർത്ഥം വരുന്ന അബൂലഹബ് എന്നത് അദ്ദേഹത്തിന്റെ ഒരു ചെല്ലപ്പേരായിരുന്നു. 'അബ്ദുൽ ഉസ്സ' (ഉസ്സ എന്ന ദേവന്റെ ദാസൻ) എന്നതായിരുന്നു യഥാർത്ഥ പേര്. തൊട്ടടുത്ത് താമസിച്ചിരുന്ന അബൂലഹബിന്റെ ഭാര്യ ഉമ്മു ജമീൽ (അബൂസുഫ്യാന്റെ സഹോദരി), മുഹമ്മദ് നടക്കുന്ന വഴിയിലേക്ക് വീട്ടിലെ അടിച്ചുവാരിയ മാലിന്യങ്ങളും വിറകിന്റെ മുള്ളുകളും ഇട്ടിരുന്നു എന്നതാണ് പ്രധാന ആരോപണം. ഇതിൽ പറയുന്ന 'ഹമ്മാലത്തുൽ ഹത്തബ്' അഥവാ വിറകുചുമട്ടുകാരി എന്നത് അക്കാലത്ത് സ്ത്രീകളെ അധിക്ഷേപിക്കാൻ ഉപയോഗിച്ചിരുന്ന ഒരു പ്രയോഗമായിരുന്നു. കഴുത്തിൽ അണിഞ്ഞിരുന്ന ആഭരണത്തെ പരിഹസിച്ചാണ് 'ഈത്തപ്പനനാരിന്റെ കയർ' എന്ന് വിശേഷിപ്പിച്ചത്.
തങ്ങളുടെ വിശ്വാസങ്ങളെയും ആചാരങ്ങളെയും പരസ്യമായി ചോദ്യം ചെയ്തിട്ടും, മക്കക്കാർ അനാഥനായ മുഹമ്മദിനെതിരെ കടുത്ത ശാരീരിക ആക്രമണങ്ങൾക്കൊന്നും മുതിർന്നില്ല. അബൂതാലിബിന്റെ സംരക്ഷണത്തിൽ 13 വർഷത്തോളം മക്കയിൽ ജീവിക്കാൻ അവർ അനുവാദം നൽകി. അബൂലഹബ് ദേഷ്യപ്പെടുകയോ ഉമ്മു ജമീൽ 'മുദമ്മം' (നിന്ദ്യനായവൻ) എന്ന് തിരിച്ചുവിളിക്കുകയോ ചെയ്തതിനപ്പുറം വലിയ അക്രമങ്ങളൊന്നും അവർ നടത്തിയിട്ടില്ല.
അബൂലഹബ് അവിശ്വാസിയായിത്തന്നെ മരിക്കുമെന്ന വലിയൊരു ദൈവീക പ്രവചനമാണ് ഈ വചനങ്ങളെന്നാണ് ഇസ്ലാമിക ചരിത്രകാരന്മാർ അവകാശപ്പെടുന്നത്. എന്നാൽ, ഈ അവകാശവാദത്തെത്തന്നെ റദ്ദാക്കുന്ന വൈരുധ്യങ്ങളാണ് പിൽക്കാല ചരിത്രത്തിൽ കാണാൻ സാധിക്കുന്നത്. മക്കാ വിജയത്തിന് ശേഷം അബൂലഹബിന്റെ മക്കളായ ഉത്ബയും മുഅത്തിബും മകൾ ദർറയും ഇസ്ലാം സ്വീകരിക്കുകയുണ്ടായി. സ്വന്തം മാതാപിതാക്കളെ ശപിക്കുകയും നിന്ദിക്കുകയും ചെയ്യുന്ന ഈ ക്രൂരമായ ശാപവാക്കുകൾ ദിനംപ്രതിയുള്ള പ്രാർത്ഥനകളിൽ ആവർത്തിച്ച് ചൊല്ലേണ്ടിവന്നത് അവർക്ക് എത്രത്തോളം മാനസിക പീഡനമായിരുന്നിരിക്കണം എന്നത് ചിന്തനീയമാണ്.
സർവ്വലോകരക്ഷിതാവായ പ്രപഞ്ചസ്രഷ്ടാവിന്റെ
ശാശ്വതമായ വെളിപാടാണെന്ന് വാദിക്കപ്പെടുന്ന ഒരു ഗ്രന്ഥത്തിൽ, കേവലം വ്യക്തിപരമായ വൈരാഗ്യങ്ങളും
ചീത്തവിളികളും അമർഷങ്ങളും ഉൾപ്പെടുത്തിയത് ദൈവീകതയല്ല, മറിച്ച് കേവല മാനുഷിക വികാരങ്ങളെയും
വ്യക്തിവൈരാഗ്യങ്ങളെയുമാണ് പ്രതിഫലിപ്പിക്കുന്നത്. ഏതൊരു നിഷ്പക്ഷമതിക്കും
യുക്തിസഹമായി ചിന്തിക്കുമ്പോൾ ഖുർആന്റെ ദൈവീക അവകാശവാദത്തിന് മേൽ കരിനിഴൽ
വീഴ്ത്തുന്ന ഒന്നാണിത്.
അദ്ധ്യായം 6: സൂറത്തുൽ തക് വീർ (81)
ഖുർആനിലെ 81-ആം അധ്യായമാണ് സൂറത്തുത്തക് വീർ. മക്കയിൽ അവതരിച്ച ഈ ചെറിയ അധ്യായത്തിൽ ആകെ 29 ആയത്തുകളാണുള്ളത്. ആദ്യകാല മക്കീ സൂറത്തുകളിൽ പൊതുവെ കാണപ്പെടുന്ന അന്ത്യാക്ഷരപ്രാസവും ആദ്യാക്ഷരപ്രാസവും ഇതിലുമുണ്ട്. ആദ്യത്തെ 14 വാക്യങ്ങളിൽ കാണുന്ന ഈ കാവ്യഭംഗിയും പ്രാസവും പാരായണവേളയിൽ കേൾവിക്ക് ഇമ്പം നൽകുന്നു.
പ്രപഞ്ച സംഭവവികാസങ്ങൾ
അന്ത്യനാളിന്റെ (ഖിയാമത്ത് നാൾ) ഭീകരതയും
പ്രപഞ്ചത്തിന്റെ തകർച്ചയും ചിത്രീകരിക്കുന്ന 14 വചനങ്ങളോടെയാണ് ഈ അധ്യായം
ആരംഭിക്കുന്നത്. ഏഴാം നൂറ്റാണ്ടിലെ അറേബ്യൻ ജനതയുടെ പ്രപഞ്ചവിജ്ഞാനവും ഭാവനകളും
എങ്ങനെയാണ് ഈ വചനങ്ങളിൽ നിഴലിക്കുന്നത് എന്ന് പരിശോധിക്കേണ്ടതുണ്ട്.
إِذَا الشَّمْسُ كُوِّرَتْ ﴿١﴾ وَإِذَا النُّجُومُ انكَدَرَتْ ﴿٢﴾ وَإِذَا الْجِبَالُ سُيِّرَتْ ﴿٣﴾ وَإِذَا الْعِشَارُ عُطِّلَتْ ﴿٤﴾ وَإِذَا الْوُحُوشُ حُشِرَتْ ﴿٥﴾ وَإِذَا الْبِحَارُ سُجِّرَتْ ﴿٦﴾ وَإِذَا النُّفُوسُ زُوِّجَتْ ﴿٧﴾
സൂര്യന്‍ ചുറ്റിപ്പൊതിയപ്പെടുമ്പോള്‍; നക്ഷത്രങ്ങള്‍ ഉതിര്‍ന്നുവീഴുകയും
ചെയ്യുമ്പോള്‍; പര്‍വതങ്ങള്‍ നടത്തപ്പെടുകയും
ചെയ്യുമ്പോള്‍ ;പൂര്‍ണ്ണഗര്‍ഭിണികളായ ഒട്ടകങ്ങള്‍ വെറുതെ
(ഒഴിച്ചു) വിടപ്പെടുകയും ചെയ്യുമ്പോള്‍; കാട്ടുജന്തുക്കള്‍
ഒരുമിച്ചുകൂട്ടപ്പെടുകയും ചെയ്യുമ്പോള്‍..
നക്ഷത്രങ്ങൾ താഴേക്ക് വീഴുമെന്ന പ്രസ്താവന അന്നത്തെ പുരാതന ആകാശസങ്കൽപ്പത്തെ അടിസ്ഥാനമാക്കിയുള്ളതാണ്. ഭൂമി പരന്നതാണെന്നും അതിനു മുകളിൽ സ്ഥിതി ചെയ്യുന്ന ആകാശം ഒരു മേൽക്കൂരയോ കുടയോ പോലെയാണെന്നുമുള്ള അന്നത്തെ സാമാന്യ ധാരണയാണ് ഇവിടെ കാണുന്നത്. എന്നാൽ ആധുനിക ശാസ്ത്രീയ കണ്ടെത്തലുകൾ പ്രകാരം നക്ഷത്രങ്ങൾ ഭൂമിയേക്കാൾ കോടാനുകോടി മടങ്ങ് വലുതും അതിവിദൂര പ്രപഞ്ചത്തിൽ സ്ഥിതി ചെയ്യുന്നവയുമാണ്. അതിനാൽ നക്ഷത്രങ്ങൾ "ഭൂമിയിലേക്ക് ഉതിർന്നു വീഴുക" എന്നത് ശാസ്ത്രീയമായി അസാധ്യമായ ഒന്നാണ്. അന്ത്യനാളിൽ സൂര്യന്റെ പ്രകാശം നഷ്ടപ്പെടുകയും അത് ചുരുട്ടിപ്പിടിക്കപ്പെടുകയും ചെയ്യും, എന്ന ഒന്നാമത്തെ വചനത്തിന്റെയും ഉദ്ദേശ്യം അത് തന്നെ . സൂര്യൻ എന്താണ്? ചന്ദ്രൻ എന്താണ്? എന്നൊന്നുമറിയാതിരുന്ന ഒരു കാലഘട്ടത്തിൽ , മനുഷ്യരെ ഭയപ്പെടുത്താൻ വേണ്ടി ഇത്തരം പ്രയോഗങ്ങൾ നടത്തുകയാണ് ഖുർആനിലൂടെ മുഹമ്മദ് ചെയ്തത് .
പർവ്വതങ്ങൾ നടത്തപ്പെടുക, കാട്ടുജന്തുക്കൾ ഒരുമിച്ചു കൂട്ടപ്പെടുക, വിലപ്പെട്ട ഗർഭിണി ഒട്ടകങ്ങളെപ്പോലും ആളുകൾ ശ്രദ്ധിക്കാതെ ഉപേക്ഷിക്കുക , സമുദ്രങ്ങൾ തിളച്ചു മറിയുക തുടങ്ങിയ പ്രയോഗങ്ങൾ അന്ത്യനാളിന്റെ ഭീകരത കാണിക്കാനും പ്രാസം ഒപ്പിക്കാനും വേണ്ടിയാണ് ചേർത്തിട്ടുള്ളത്. കാരണം അറബികൾ അവരുടെ വാമൊഴി സാഹിത്യത്തിലും സാധാരണ സംസാരത്തിൽ പോലും ഇതുപോലെയുള്ള കവിതകൾ ഉപയോഗിച്ചിരുന്നു. അന്ന് മക്കയിലും അറേബ്യയുടെ മറ്റു ഭാഗങ്ങളിലും ഇത്തരം കവിതകൾക്ക് വലിയ പ്രാമുഖ്യവും ഉണ്ടായിരുന്നു.ഈ കവിതകളൊക്കെ കേട്ട് ശീലമുള്ള മുഹമ്മദിന്റെ ഉള്ളിലും ചെറിയ കാവ്യരചനാ പാടവം ഉണ്ടായിരുന്നതു കൊണ്ട് അദ്ദേഹവും ഇതുപോലുള്ള വാക്കുകൾ പെറുക്കി വെച്ച് ചെറിയ ചെറിയ കവിതകൾ ഉണ്ടാക്കുകയാണ് ചെയ്തത്.
ഗർഭിണികളായ ഒട്ടകങ്ങൾ വെറുതെ വിടപ്പെടുകയും ചെയ്യുമ്പോൾ !
ലോകാവസാനം വരെ ലോകത്തുള്ള മുഴുവൻ
മനുഷ്യർക്കുമായി എന്ത് ദൃഷ്ടാന്തമാണീ വചനത്തിൽ ഉള്ളത്? ഒന്നുമില്ല ! അറബികളെ സംബന്ധിച്ചിടത്തോളം
ഗർഭിണികളായ പെണ്ണൊട്ടകങ്ങൾ എന്ന് പറയുന്നത് അവർ വളരെയേറെ ശ്രദ്ധയോടുകൂടി
പരിപാലിക്കേണ്ട ഒരു സ്വത്തായിരുന്നു , പരിപാലിക്കേണ്ട വളരെ ശ്രദ്ധിക്കേണ്ട
സ്വന്തം സ്വത്തുക്കളെ പോലും ആരും ഗൗനിക്കാതെ പോകുന്ന ഒരു സമയം എന്നാണ് ഇവിടെ
ഉദ്ദേശിക്കുന്നത് . തന്റെ പ്രബോധനം അംഗീകരിക്കാത്തവരെ ഭയപ്പെടുത്തുക എന്നത്
മാത്രമായിരുന്നു മുഹമ്മദിന്റെ ഇത്തരം വചനങ്ങളുടെ ഉദ്ദേശ്യം .
ആത്മാക്കൾ ഇണക്കപ്പെടും എന്ന പരാമർശത്തിന് പരസ്പരവിരുദ്ധമായ വ്യാഖ്യാനങ്ങളാണ് പണ്ഡിതന്മാർ നൽകുന്നത്. കൂറ്റനാടിന്റെ വ്യാഖ്യാനത്തിൽ അത് ആത്മാവും ശരീരവും വിചാരണയ്ക്കായി വീണ്ടും കൂട്ടിച്ചേർക്കപ്പെടുന്നതാണെന്ന് പറയുമ്പോൾ, അമാനി മൗലവിയുടെയും മൗദൂദിയുടെയും തഫ്സീറുകളിൽ നല്ലവർ നല്ലവരോടും ദുഷ്ടന്മാർ ദുഷ്ടന്മാരോടും കൂടിച്ചേരുന്ന സംഘം ചേരലാണ് ഇതെന്ന് അവകാശപ്പെടുന്നു.
وَإِذَا الْمَوْءُودَةُ سُئِلَتْ ﴿٨﴾ بِأَيِّ ذَنبٍ قُتِلَتْ ﴿٩﴾
“കുഴിച്ചുമൂടപ്പെട്ട ശിശു ചോദ്യം
ചെയ്യപ്പെടുകയും ചെയ്യുമ്പോള്‍;
"ഏതൊരു കുറ്റത്തിനാണ് അതു കൊല്ലപ്പെട്ടത്" എന്ന് ;
ഖുർആനിലെ ഈ പരാമർശം പെൺകുട്ടികളെ ജീവനോടെ കുഴിച്ചുമൂടുന്നതിനെതിരെയുള്ള ഒരു സാമൂഹിക ദുരാചാര വിരുദ്ധ നിലപാടാണ്. ജാഹിലിയ്യാ കാലത്ത് അറബികൾക്കിടയിൽ പെൺകുഞ്ഞുങ്ങൾ ജനിച്ചാൽ ജീവനോടെ കുഴിച്ചുമൂടുന്ന രീതി നിലനിന്നിരുന്നുവെന്നും, അതിനെ ചോദ്യം ചെയ്യുന്ന ദൈവീക താക്കീതാണ് ഈ വചനങ്ങളെന്നുമാണ് ഭൂരിഭാഗം വ്യാഖ്യാതാക്കളും അഭിപ്രായപ്പെടുന്നത്. എന്നാൽ ചരിത്രപരമായ പരിശോധനയിൽ, പ്രവാചകന്റെ കാലത്തോ അതിന് തൊട്ടുമുമ്പോ മക്കയിലോ പരിസരങ്ങളിലോ ഇത്തരമൊരു ആചാരം വ്യാപകമായി നിലനിന്നിരുന്നതായി തെളിവുകളൊന്നുമില്ല. പ്രമുഖ ഇസ്ലാമിക ചരിത്രകാരനായ സി. എൻ. അഹമ്മദ് മൗലവിയെപ്പോലുള്ളവർ ചൂണ്ടിക്കാണിക്കുന്നത് അക്കാലത്ത് അറേബ്യയിൽ ഇതൊരു സർവസാധാരണമായ ആചാരമായിരുന്നില്ല എന്നാണ്.
ഇസ്ലാമിക ചരിത്രവും വ്യാഖ്യാനഗ്രന്ഥങ്ങളും പരിശോധിച്ചാൽ, പ്രവാചകന്റെ കാലത്ത് സ്ത്രീ-പുരുഷ അനുപാതത്തിൽ വലിയ വ്യത്യാസമുണ്ടായിരുന്നതായി കാണാൻ കഴിയില്ല. പെൺകുട്ടികളെ വ്യാപകമായി ജീവനോടെ കുഴിച്ചുമൂടിയിരുന്നുവെങ്കിൽ, പുരുഷന്മാരുടെ എണ്ണം ഗണ്യമായി കൂടുകയും സ്ത്രീകളുടെ എണ്ണം അതിയായി കുറയുകയും ചെയ്യണമായിരുന്നു. എന്നാൽ, ബഹുഭാര്യത്വത്തെ ന്യായീകരിക്കുമ്പോൾ അക്കാലത്ത് ഒരാൾക്ക് പത്തും നാൽപ്പതും ഭാര്യമാർ വരെ ഉണ്ടായിരുന്നുവെന്നും, ഇസ്ലാം അത് നാലായി പരിമിതപ്പെടുത്തുകയാണ് ചെയ്തതെന്നുമാണ് ഇസ്ലാമിസ്റ്റുകൾ വാദിക്കാറുള്ളത്. ഈ വാദം ശരിയാകണമെങ്കിൽ സ്ത്രീ-പുരുഷ അനുപാതം 40:1 എന്ന നിലയിൽ സ്ത്രീകളുടെ ഭാഗത്തേക്ക് വൻതോതിൽ ചരിഞ്ഞിരിക്കണം. പെൺകുട്ടികൾ കുറവായിരുന്നു എന്ന വാദത്തിന് തികച്ചും വിരുദ്ധമാണ് ഈ ന്യായീകരണം. സന്ദർഭത്തിനനുസരിച്ച് പരസ്പരവിരുദ്ധമായ വ്യാഖ്യാനങ്ങൾ ചമയ്ക്കുന്നതിലൂടെയാണ് ഇത്തരം വൈരുധ്യങ്ങൾ രൂപപ്പെടുന്നത്.
അതുകൊണ്ടുതന്നെ, പെൺകുട്ടികളെ മുഴുവൻ കുഴിച്ചുമൂടുന്ന രീതി അന്ന് സാർവത്രികമായിരുന്നില്ലെന്നും, അപൂർവം ചില സന്ദർഭങ്ങളിൽ മാത്രം നടന്നിട്ടുള്ള ഒന്നായിരിക്കാം ഇതെന്നും കരുതേണ്ടിവരും. അക്കാലത്ത് ശക്തമായി നിലനിന്നിരുന്ന പിതൃമേധാവിത്വ ചിന്താഗതിയാണ് ഇതിന് കാരണം. ഖുർആനിൽ തന്നെ ഇതിന് വ്യക്തമായ തെളിവുണ്ട്. 'ലാത്ത', 'ഉസ്സ', 'മനാത്ത' എന്നീ ദേവതകളെ അല്ലാഹുവിന്റെ പെൺമക്കളായി ചിത്രീകരിച്ച ഖുറൈശികളെ ഖുർആൻ കടുപ്പത്തിൽ വിമർശിക്കുന്നുണ്ട്; "നിങ്ങൾക്ക് ആൺകുട്ടികളും അല്ലാഹുവിന് പെൺകുട്ടികളുമോ? അത് നീതിയില്ലാത്ത വീതുവെപ്പാണ്" എന്ന് അല്ലാഹു രോഷത്തോടെ ചോദിക്കുന്നത് കാണാം. പെൺമക്കളുണ്ടാകുന്നത് അല്ലാഹുവിനുപോലും അപമാനമായി തോന്നിപ്പിക്കുംവിധമുള്ള വിമർശനം ഉയർന്നുവന്നതിൽനിന്ന്, പ്രവാചകനും അനുയായികൾക്കും പെൺകുട്ടികൾ ജനിക്കുന്നത് അപമാനകരമായി തോന്നിയ പിതൃമേധാവിത്വ ബോധമുണ്ടായിരുന്നു എന്ന് വ്യക്തമാകുന്നു. ആൺകുട്ടികളില്ലാത്തതിന്റെ പേരിൽ പ്രവാചകനെ 'അബ്തർ' (വാലറ്റവൻ) എന്ന് വിളിച്ച് അവർ പരിഹസിച്ചതും ഇതിനാലാണ്.
ആൺകുട്ടികൾ ഉണ്ടാകുന്നത് വലിയ അഭിമാനമായും പെൺകുട്ടികൾ ഉണ്ടാകുന്നത് നഷ്ടമായും കണ്ട ഒരു സമൂഹമായിരുന്നു അത്. എന്നാൽ ജീവനോടെ കുഴിച്ചുമൂടൽ എന്നത് അപൂർവമായി മാത്രം നടന്നിരുന്ന ഒന്നായിരുന്നുവെങ്കിലും, അതിനെതിരെ താക്കീത് നൽകുന്നു എന്ന നിലയിൽ ഖുർആനിലെ ആ വചനങ്ങൾ പോസിറ്റീവായ കാര്യമാണ് പങ്കുവെക്കുന്നത് എന്ന് അംഗീകരിക്കേണ്ടതുണ്ട്.
وَإِذَا الصُّحُفُ نُشِرَتْ ﴿١٠﴾ وَإِذَا السَّمَاءُ كُشِطَتْ ﴿١١﴾ وَإِذَا الْجَحِيمُ سُعِّرَتْ ﴿١٢﴾ وَإِذَا الْجَنَّةُ أُزْلِفَتْ ﴿١٣﴾ عَلِمَتْ نَفْسٌ مَّا أَحْضَرَتْ ﴿١٤﴾فَلَا أُقْسِمُ بِالْخُنَّسِ ﴿١٥﴾ الْجَوَارِ الْكُنَّسِ ﴿١٦﴾
“ഏടുകള്‍ വിരുത്തപ്പെടുകയും ചെയ്യുമ്പോള്‍;ആകാശം ഉരിച്ചു നീക്കപ്പെടുകയും
ചെയ്യുമ്പോള്‍ ; ജ്വലിക്കുന്ന അഗ്നി ആളിക്കത്തിക്കപ്പെടുകയും
ചെയ്യുമ്പോള്‍; സ്വര്‍ഗം അടുപ്പിച്ചുകൊണ്ടു വരപ്പെടുകയും
ചെയ്യുമ്പോള്‍; സ്വര്‍ഗം അടുപ്പിച്ചുകൊണ്ടു വരപ്പെടുകയും
ചെയ്യുമ്പോള്‍;- ഓരോ ആളും താന്‍ തയ്യാറാക്കിക്കൊണ്ടു
വന്നതെന്തെന്നു അറിയുന്നതാണ് ! എന്നാല്‍, പിന്‍വാങ്ങിപ്പോകുന്നവ കൊണ്ട് ഞാന്‍
സത്യം ചെയ്തു പറയുന്നു;- സഞ്ചരിച്ചുകൊണ്ടിരിക്കുന്നവ; അപ്രത്യക്ഷമായിക്കൊണ്ടിരിക്കുന്നവ ; “ (81:10-16)
ഖുർആനിലെ "ഏടുകൾ നിവർത്തപ്പെടുക" (നുഷിറത്) എന്ന പ്രയോഗം ലോകാവസാന നാളിലെ വിചാരണയെക്കുറിച്ചുള്ളതാണ്. പരലോകത്ത് മനുഷ്യരെല്ലാം ഒരുമിച്ചുകൂട്ടപ്പെടുമ്പോൾ, ഓരോരുത്തരുടെയും കർമ്മങ്ങളുടെ റെക്കോർഡുകൾ പുസ്തകരൂപത്തിൽ മലക്കുകൾ അവർക്കു മുന്നിൽ തുറന്നുവെക്കും. ജീവിതത്തിൽ ചെയ്ത കാര്യങ്ങളെല്ലാം അടങ്ങിയ ഈ കർമ്മരേഖ വായിക്കാൻ അവരോട് ആവശ്യപ്പെടും; കുറ്റങ്ങൾ കൂടുതലെങ്കിൽ അവർക്ക് നരക ശിക്ഷ വിധിക്കപ്പെടും. ഈ അർത്ഥത്തിലാണ് 'നിവർത്തപ്പെടുന്ന പുസ്തകം' എന്നത് ഓരോരുത്തരുടെയും വിധിപുസ്തകമായി കരുതപ്പെടുന്നത്.
എന്നാൽ, ഇതിൽ പ്രകടമായ ചില വൈരുധ്യങ്ങൾ കാണാം.
കുറ്റവാളികളായി നരകത്തിൽ പോകേണ്ടവരെ പുനരുജ്ജീവിപ്പിക്കുന്നത് അന്ധരും ബധിരരും
മൂകരുമായിട്ടായിരിക്കും എന്ന് ഖുർആനിൽ മറ്റു ചിലയിടങ്ങളിൽ പറയുന്നുണ്ട്. അതേസമയം, ഇങ്ങനെ അന്ധരും ബധിരരുമായ ആളുകളുടെ
മുന്നിൽ പുസ്തകം തുറന്നുവെച്ച് അവരോട് അത് വായിക്കാൻ ആവശ്യപ്പെടുകയും, അവർ അത് വായിച്ച് കാര്യങ്ങൾ
മനസ്സിലാക്കുകയും ചെയ്യുമെന്ന് വേറെ ചിലയിടങ്ങളിൽ വിശദീകരിക്കുന്നു. ഇടതു കയ്യിൽ
കർമ്മരേഖ ലഭിച്ച് നരകത്തിൽ പോകേണ്ടവർക്ക് അത് വായിക്കാൻ പോലും കഴിയില്ലെന്ന വാദവും, അവർ അത് വായിച്ച് മനസ്സിലാക്കുമെന്ന
വാദവും തമ്മിൽ പരസ്പരവിരുദ്ധതയുണ്ട്. ഇത്തരത്തിലുള്ള വൈരുധ്യങ്ങൾ ഖുർആനിൽ ഉടനീളം
ദൃശ്യമാണ്.
"ആകാശം ഉരിച്ചുനീക്കപ്പെടുമ്പോൾ" (കുഷിത്വത്) എന്ന പ്രയോഗത്തിലൂടെ, ആകാശം എന്നത് ഒരു മേൽക്കൂര പോലെയോ സ്ക്രീൻ പോലെയോ ഉയർത്തി നിർത്തിയിരിക്കുന്ന ഒരു തട്ടാണ് എന്ന ധാരണയാണ് വെളിപ്പെടുന്നത്; മൃഗങ്ങളുടെ തോൽ ഉരിഞ്ഞെടുക്കുന്നതുപോലെ ആകാശവും ഉരിച്ചെടുത്ത് മാറ്റപ്പെടും എന്നാണ് ഇവിടെ വിശദീകരിക്കുന്നത്. ഇതിനൊപ്പം നരകാഗ്നി ആളിപ്പടർത്തപ്പെടുകയും സ്വർഗ്ഗം സമീപത്തേക്ക് കൊണ്ടുവരപ്പെടുകയും ചെയ്യും. ആ സന്ദർഭത്തിൽ, ഓരോ വ്യക്തിയും താൻ എന്താണ് തനിക്കായി ഒരുക്കിവെച്ചിട്ടുള്ളതെന്ന്—തന്റെ നന്മതിന്മകൾ എന്തൊക്കെയാണെന്ന്—തിരിച്ചറിയും.
തുടർന്ന് "പിൻവാങ്ങിപ്പോകുന്നവയും, സഞ്ചരിക്കുന്നവയും, അപ്രത്യക്ഷമാകുന്നവയും കൊണ്ട് സത്യം ചെയ്തു പറയുന്നു" എന്ന് ഖുർആൻ വ്യക്തമാക്കുന്നു. ഇതിലെ സൂചനകൾ നക്ഷത്രങ്ങളെക്കുറിച്ചാണെന്നാണ് പ്രധാന വ്യാഖ്യാനം. അക്കാലത്ത് പ്രവാചകനും അനുയായികളും പ്രകൃതിയിൽ നേരിട്ടു കണ്ട ആകാശക്കാഴ്ചകളുടെ ഒരു വിവരണം മാത്രമാണിത്. പ്രകാശിക്കുകയും സ്ഥാനം മാറുകയും പെട്ടെന്ന് അപ്രത്യക്ഷമാകുകയും ചെയ്യുന്നവ ഗ്രഹങ്ങളാണെന്ന് ഇന്നത്തെ ശാസ്ത്രീയ അറിവുകളിലൂടെ വ്യക്തമാണെങ്കിലും, അന്ന് അവയെയെല്ലാം നക്ഷത്രങ്ങളായാണ് അവർ കരുതിയിരുന്നത്. സഞ്ചരിക്കുകയും പിൻവാങ്ങുകയും ചെയ്യുന്ന ഈ നക്ഷത്രങ്ങളെ മുന്നിൽ കണ്ടുകൊണ്ടാണ് ഖുർആൻ ഇത്തരം പ്രയോഗങ്ങൾ നടത്തുന്നത്.
അന്ത്യനാളിന്റെ
അവസാന ഘട്ടത്തെയും വിചാരണയുടെ ഫലത്തെയുമാണ് ഈ ആയത്തുകൾ സംഗ്രഹിക്കുന്നത്. വിചാരണ
പൂർത്തിയാകുന്നതോടെ ഓരോ മനുഷ്യനും താൻ ചെയ്തുവെച്ച കർമ്മങ്ങളുടെ യഥാർത്ഥ പ്രതിഫലം
മനസ്സിലാക്കും.
വെളിപാടിന്റെ സ്വഭാവവും സാക്ഷ്യപത്രങ്ങളും
നക്ഷത്രങ്ങളെയും രാത്രിയെയും പ്രഭാതത്തെയും പിടിച്ച് സത്യം ചെയ്തു കൊണ്ടാണ് അടുത്ത ഭാഗം ആരംഭിക്കുന്നത്.
وَاللَّيْلِ إِذَا عَسْعَسَ ﴿١٧﴾ وَالصُّبْحِ إِذَا تَنَفَّسَ ﴿١٨﴾
"രാത്രി നീങ്ങിപ്പോകുമ്പോഴും, പ്രഭാതം പുലർന്നു വെളിച്ചം വീശുമ്പോഴും" എന്ന് പ്രകൃതിദൃശ്യങ്ങളെ
ചൂണ്ടിക്കാണിച്ച് ഖുർആൻ സത്യം ചെയ്തു പറയുന്ന ശൈലിയാണ് ഇവിടെ കാണുന്നത്. സ്വന്തം
സൃഷ്ടികളായ സൂര്യനെയും നക്ഷത്രങ്ങളെയും പ്രകൃതിപ്രതിഭാസങ്ങളെയും മുൻനിർത്തി
അല്ലാഹു എന്തിനാണ് ഇങ്ങനെ തുടർച്ചയായി സത്യം ചെയ്യുന്നത് എന്ന ചോദ്യം പ്രസക്തമാണ്.
ഒരു കാര്യം ഉറപ്പിച്ചു പറയാനും കേൾവിക്കാരെ വിശ്വസിപ്പിക്കാനുമായി തങ്ങൾക്കു ചുറ്റും കാണുന്ന വസ്തുക്കളുടെ പേരിൽ സത്യം ചെയ്യുന്ന രീതി അക്കാലത്തെ അറബികളുടെ ഭാഷാശൈലിയുടെ ഭാഗമായിരുന്നു. സർവശക്തനായ ഒരു ദൈവം തന്റെ അസ്തിത്വവും വാദങ്ങളും സ്ഥാപിച്ചെടുക്കാൻ താൻ സൃഷ്ടിച്ച ഇത്തരം ചെറുഘടകങ്ങളെത്തന്നെ കൂട്ടുപിടിച്ച് സത്യം ചെയ്യുന്നത്, അന്ന് നിലവിലുണ്ടായിരുന്ന അറബി ഗോത്രസമൂഹത്തിന്റെ ചിന്താഗതിക്കും സംസാരരീതിക്കും അനുസൃതമായി ഖുർആൻ രൂപപ്പെട്ടു എന്നതിന്റെ തെളിവാണ്. അക്കാലത്തെ അറബികളുടെ അതേ കാഴ്ചപ്പാടുകളും ശൈലികളുമാണ് ഇത്തരം പ്രയോഗങ്ങളിൽ നിഴലിക്കുന്നത്. കൂടുതലായി സത്യം ചെയ്യുക എന്നത് തന്നെ കള്ള ലക്ഷണമാണ് എന്ന മട്ടിൽ മുമ്പത്തെ അധ്യായത്തിൽ വലീദിന്റെ പേരിൽ കുറ്റം ആരോപിക്കുന്നതും ഇതേ ഗ്രന്ഥത്തിലാണ് !
ഇത്രയുമൊക്കെ സത്യം ചെയ്ത് അല്ലാഹു പറയുന്നതെന്താണ് ?
إِنَّهُ لَقَوْلُ رَسُولٍ كَرِيمٍ ﴿١٩﴾ذِي قُوَّةٍ عِندَ ذِي الْعَرْشِ مَكِينٍ ﴿٢٠﴾ مُّطَاعٍ ثَمَّ أَمِينٍ ﴿٢١﴾
“നിശ്ചയമായും ഇത് (ഖുര്‍ആന്‍) മാന്യനായ
ഒരു ദൂതന്റെ വാക്കാകുന്നു;-
(അതെ)
ശക്തിമാനായുള്ളവന്‍, സിംഹാസനത്തിന്‍റെ ഉടമസ്ഥന്‍റെ അടുക്കല്‍
സ്ഥാനമുള്ളവന്‍,- അവിടെ അനുസരിക്കപ്പെടുന്നവന്‍, വിശ്വസ്തന്‍ “ (81:19-21 )
പ്രകൃതി പ്രതിഭാസങ്ങളെ മുൻനിർത്തി സത്യം ചെയ്ത ശേഷം ഖുർആൻ സമർത്ഥിക്കുന്ന പ്രധാന കാര്യം, "തീർച്ചയായും ഇത് മാന്യനായ ഒരു ദൂതന്റെ വാക്കാകുന്നു" എന്നതാണ്. ഖുർആൻ അല്ലാഹുവിന്റെ നേരിട്ടുള്ള വചനങ്ങളാണെന്ന പ്രാഥമിക അവകാശവാദത്തെത്തന്നെ ചോദ്യം ചെയ്യുന്ന പ്രയോഗമാണിത്.
അല്ലാഹു നൽകിയ വചനങ്ങൾ ജിബ്‌രീൽ എന്ന മലക്ക് മുഖേന പ്രവാചകന്റെ മനസ്സിലേക്ക് എത്തിക്കുകയും, അത് പ്രവാചകൻ ജനങ്ങൾക്ക് ഓതിക്കേൾപ്പിക്കുകയുമായിരുന്നു എന്നത്രെ സങ്കൽപ്പം. അതനുസരിച്ച് മനുഷ്യർ കേൾക്കുന്നത് പ്രവാചകന്റെ ശബ്ദത്തിലാണെങ്കിലും അത് ദൈവവചനങ്ങളാണ്. എന്നാൽ, ഈ വചനത്തിൽ ഇത് ദൈവത്തിന്റെയല്ല, മറിച്ച് ഒരു "മാന്യനായ ദൂതന്റെ" വാക്കാണെന്ന് വ്യക്തമായി പ്രസ്താവിക്കുന്നു.
ഇവിടെ 'ദൂതൻ' എന്നത് ജിബ്‌രീലിനെയാണെന്ന് ഭൂരിഭാഗം വ്യാഖ്യാതാക്കളും വാദിക്കുന്നു. എന്നാൽ ഇത് ജിബ്‌രീലാണെന്ന് അംഗീകരിച്ചാൽ തന്നെ, ഖുർആൻ ദൈവവചനമല്ല പകരം ജിബ്‌രീലിന്റെ വചനമാണെന്ന് വരികയും ഖുർആന്റെ അടിസ്ഥാന ദൈവിക സങ്കൽപ്പം തന്നെ തകരുകയും ചെയ്യുന്നു. ഇനി ഈ ദൂതൻ മുഹമ്മദ് നബിയാണെന്ന് കരുതുന്ന വ്യാഖ്യാനങ്ങളുമുണ്ട്. തുടർന്നുള്ള വചനങ്ങളിൽ "സിംഹാസനത്തിന്റെ ഉടമസ്ഥന്റെ അടുക്കൽ സ്ഥാനമുള്ളവൻ, അവിടുത്തെ അനുസരിക്കപ്പെടുന്നവൻ, ‘വിശ്വസ്തൻ’ എന്നിങ്ങനെ വിശേഷിപ്പിക്കുന്നത് ജിബ്‌രീലിനെയാണെന്നാണ് പൊതുവെ വ്യാഖ്യാനിക്കപ്പെടുന്നത്.
ഇത്രയധികം പ്രകൃതിവസ്തുക്കളെ ചൂണ്ടിക്കാട്ടി സത്യം ചെയ്ത ശേഷം, "ഇത് എന്റെ വചനമാണ്" എന്ന് അല്ലാഹു നേരിട്ട് പറയുന്നതിന് പകരം "ഇതൊരു ദൂതന്റെ വാക്കാകുന്നു" എന്ന് പ്രസ്താവിക്കുന്നത് ഖുർആനിലെ ആഭ്യന്തര വൈരുധ്യങ്ങളെയാണ് തുറന്നുകാട്ടുന്നത്.
وَمَا صَاحِبُكُم بِمَجْنُونٍ ﴿٢٢﴾
‘’നിങ്ങളുടെ ചങ്ങാതി ഒരു ഭ്രാന്തന്‍
അല്ലതാനും.’’ (81:22)
"നിങ്ങളുടെ കൂട്ടുകാരൻ ‘’ഒരു ഭ്രാന്തനല്ല" എന്ന ഖുർആനിക വചനം, പ്രവാചകന് മാനസിക വിഭ്രാന്തിയില്ല എന്ന് ആവർത്തിച്ച് സാക്ഷ്യപ്പെടുത്തുന്ന ഒന്നാണ്. മുൻ അധ്യായങ്ങളിലും സമാനമായ രീതിയിൽ പ്രവാചകന് ഭ്രാന്തില്ലെന്ന് സ്ഥാപിക്കുന്ന പരാമർശങ്ങൾ കാണാം.
ലോക സൃഷ്ടിക്കു മുൻപേ തയ്യാറാക്കപ്പെട്ടതെന്ന് വിശ്വസിക്കപ്പെടുന്ന ഒരു ദിവ്യഗ്രന്ഥത്തിൽ, തന്റെ അവസാനത്തെ പ്രവാചകന് ഭ്രാന്തില്ലെന്ന് ഇടയ്ക്കിടെ ആവർത്തിച്ച് വ്യക്തമാക്കേണ്ടി വരുന്നത് ദൈവ സങ്കൽപ്പത്തിന് തന്നെ നിരക്കാത്ത ഒന്നാണ്. താൻ നിയോഗിച്ച ദൂതന്റെ മാനസികാവസ്ഥയെക്കുറിച്ച് സമൂഹത്തിൽ ഉയർന്ന സംശയങ്ങൾക്ക് നിരന്തരം പ്രതിരോധം തീർക്കേണ്ടി വരുന്നത് ഇസ്ലാമിക ദൈവസങ്കൽപ്പത്തിന്റെ പരിമിതിയെയാണ് കാണിക്കുന്നത്.
وَلَقَدْ رَآهُ بِالْأُفُقِ الْمُبِينِ ﴿٢٣﴾ وَمَا هُوَ عَلَى الْغَيْبِ بِضَنِينٍ ﴿٢٤﴾ وَمَا هُوَ بِقَوْلِ شَيْطَانٍ رَّجِيمٍ ﴿٢٥﴾
"തീർച്ചയായും അദ്ദേഹത്തെ വ്യക്തമായ മണ്ഡലത്തിൽ വെച്ച് അവൻ കണ്ടിട്ടുണ്ട്" എന്ന വചനത്തിൽ രണ്ട് വ്യക്തികളെക്കുറിച്ച് വ്യക്തതയില്ലാതെയാണ് പരാമർശിക്കുന്നത്. പിന്നീട് ഹദീസുകളിലൂടെയും വ്യാഖ്യാനങ്ങളിലൂടെയുമാണ് ഇതിലൊരാൾ പ്രവാചകനും മറ്റേയാൾ നൂറുകണക്കിന് ചിറകുകളോടെ ആകാശത്തു പ്രത്യക്ഷപ്പെട്ട ജിബ്‌രീലുമാണെന്ന് സമർത്ഥിക്കുന്നത്.
തുടർന്ന്, "അദ്ദേഹം അദൃശ്യ കാര്യങ്ങളിൽ പിശുക്കു കാണിക്കുന്നവനുമല്ല" എന്നും, "ഇത് ആട്ടപ്പെട്ട പിശാചിന്റെ വാക്കുമല്ല" എന്നും ഖുർആൻ പ്രഖ്യാപിക്കുന്നു. പ്രവാചകന് ഭ്രാന്തില്ലെന്ന ആദ്യ സാക്ഷ്യപത്രത്തിന് പുറമെ, ഇത് പിശാചിന്റെ വചനങ്ങളല്ല എന്ന രണ്ടാമത്തെ വിശദീകരണവും നൽകേണ്ടി വരുന്നു. സർവശക്തനായ ഒരു ദൈവത്തിന് താൻ അവതരിപ്പിക്കുന്ന വചനങ്ങൾ പിശാചിന്റേതല്ല എന്ന് ആവർത്തിച്ചു സമർത്ഥിക്കേണ്ടിവരുന്നത് വല്ലാത്തൊരു വൈരുധ്യമാണ്.
അന്നത്തെ അറബികൾ പ്രവാചകന് ഭ്രാന്താണെന്നും, ആഭിചാരത്തിലൂടെയും പിശാചു ബാധയിലൂടെയുമാണ് ഇതെല്ലാം പറയുന്നതെന്നും ആരോപിച്ചിരുന്നു. ഈ ആരോപണങ്ങളെ പ്രതിരോധിക്കാനും ജനങ്ങളെ ബോധ്യപ്പെടുത്താനുമാണ് ഇത്തരമൊരു മറുപടി നൽകുന്നത്. എന്നാൽ, കേൾവിക്കാരെ സംബന്ധിച്ച് ഇതെല്ലാം കേൾക്കുന്നത് പ്രവാചകന്റെ വായിലൂടെ മാത്രമാണ്. തനിക്ക് ഭ്രാന്തില്ലെന്നും, താൻ പറയുന്നത് പിശാചിന്റേതല്ലെന്നും, ജിബ്‌രീൽ മുഖേന ദൈവത്തിൽ നിന്നുള്ളതാണെന്നും സ്വന്തം വാക്കുകളിലൂടെത്തന്നെ പ്രവാചകൻ സ്വയം സാക്ഷ്യപ്പെടുത്തുന്നതിൽ എന്ത് യുക്തിയാണുള്ളത്?
വിധിവിശ്വാസവും
ഫ്രീവില്ലും – ക്ലൈമാക്സിലെ വൈരുധ്യം
فَأَيْنَ تَذْهَبُونَ ﴿٢٦﴾ إِنْ هُوَ إِلَّا ذِكْرٌ لِّلْعَالَمِينَ ﴿٢٧﴾ لِمَن شَاءَ مِنكُمْ أَن يَسْتَقِيمَ ﴿٢٨﴾ وَمَا تَشَاءُونَ إِلَّا أَن يَشَاءَ اللَّهُ رَبُّ الْعَالَمِينَ ﴿٢٩﴾
‘’അപ്പോള്‍, എങ്ങോട്ടാണ് നിങ്ങള്‍ പോകുന്നത്?! അതു ലോകര്‍ക്കുവേണ്ടിയുള്ള ഒരു ഉപദേശം
(അഥവാ ഉല്‍ബോധനം) അല്ലാതെ (മറ്റൊന്നും) അല്ല.
അതായത്
നിങ്ങളില്‍ നിന്നു ചൊവ്വിനു നിലകൊള്ളുവാന്‍ ഉദ്ദേശിച്ചവര്‍ക്കു വേണ്ടി.ലോക
രക്ഷിതാവായ അല്ലാഹു ഉദ്ദേശിക്കുന്നതായാലല്ലാതെ നിങ്ങള്‍ ഉദ്ദേശിക്കുകയില്ലതാനും’’ (81:26-29)
"നിങ്ങൾ എങ്ങോട്ടാണ് പോകുന്നത്? ഇത് ലോകർക്കുമുള്ള ഉപദേശമല്ലാതെ മറ്റൊന്നുമല്ല" എന്ന ചോദ്യത്തിലൂടെ, ജനങ്ങൾ ഖുർആനിക വചനങ്ങൾ അവഗണിച്ചു മാറുന്നതിനെ ചോദ്യം ചെയ്യുകയും എന്നാൽ ഇത് ഉപദേശം മാത്രമാണെന്നു പറഞ്ഞ് സ്വയം ഒഴിയുകയുമാണ് ചെയ്യുന്നത്.
തുടർന്നുവരുന്ന വചനങ്ങൾ ഖുർആനിലെ വലിയൊരു ചിന്താപരമായ വൈരുധ്യത്തെയാണ് വെളിപ്പെടുത്തുന്നത്. "നിങ്ങളിൽ സന്മാർഗം സ്വീകരിക്കാൻ ഉദ്ദേശിക്കുന്നവർക്ക് വേണ്ടിയുള്ളതാണ് ഇത്" എന്ന് വ്യക്തമാക്കിയ ശേഷം തൊട്ടടുത്ത വചനത്തിൽ, "ലോകരക്ഷിതാവായ അല്ലാഹു ഉദ്ദേശിച്ചാൽ മാത്രമായിരിക്കും നിങ്ങൾ ഉദ്ദേശിക്കുന്നത്" എന്ന് കൂട്ടിച്ചേർക്കുന്നു.
സൂര്യനെയും നക്ഷത്രങ്ങളെയും മുൻനിർത്തി സത്യം ചെയ്തും, ഭ്രാന്തന്റെയോ പിശാചിന്റെയോ വാക്കുകളല്ലിതെന്ന് ന്യായീകരിച്ചും ഖുർആൻ വാദങ്ങൾ ഉന്നയിച്ച ശേഷമാണ് അവസാനത്തിൽ ഈ പരസ്പരവിരുദ്ധമായ ആശയം അവതരിപ്പിക്കുന്നത്. പ്രവാചകന്റെ വാക്കുകൾ വിശ്വസിക്കാൻ അറബികൾ തയ്യാറാകാതിരിക്കുകയും, തെളിവുകൾ ചോദിച്ച് പ്രവാചകനെ പ്രതിരോധത്തിലാക്കുകയും ചെയ്തപ്പോൾ, സർവ്വതും ദൈവത്തിന്റെ താല്പര്യമാണെന്ന് ആരോപിച്ച് ഒഴിഞ്ഞുമാറാൻ കണ്ടെത്തിയ സൂത്രമാണ് ഈ 'വിധിവ്യവസ്ഥ' (ഖദർ). ആദ്യകാലത്ത് പ്രവാചകന് ജനങ്ങളെ ബോധ്യപ്പെടുത്താൻ സാധിക്കാതെ വന്ന നിരാശയിൽ നിന്നാണ് ഇത്തരം സങ്കൽപ്പങ്ങൾ രൂപപ്പെടുന്നത്.
ഇന്ന് സ്വതന്ത്രഇച്ഛയെയും (Free Will) വിധിവിശ്വാസത്തെയും പറ്റി ആധുനിക പണ്ഡിതന്മാർ പലവിധ വ്യാഖ്യാനങ്ങളും നൽകാൻ ശ്രമിക്കുന്നുണ്ട്. മനുഷ്യന് ചിന്തിക്കാനും തീരുമാനമെടുക്കാനുമുള്ള സ്വാതന്ത്ര്യമുണ്ടെന്നും, അല്ലാഹു അതിനുള്ള സാഹചര്യങ്ങൾ ഒരുക്കുകയോ ഭാവി കാര്യങ്ങൾ മുൻകൂട്ടി അറിയുകയോ മാത്രമാണ് ചെയ്യുന്നതെന്നുമുള്ള ന്യായീകരണങ്ങൾ അവർ ഉന്നയിക്കാറുണ്ട്. എന്നാൽ, "അല്ലാഹു ഉദ്ദേശിച്ചാൽ മാത്രമേ നിങ്ങൾ ഉദ്ദേശിക്കുകയുള്ളൂ" എന്ന വ്യക്തമായ ഈ വചനം അത്തരം വ്യാഖ്യാനങ്ങളെയെല്ലാം പൂർണ്ണമായി റദ്ദാക്കുന്നു.
ഇവിടെ മനുഷ്യന്റെ ഇച്ഛയെ ദൈവത്തിന്റെ ഇച്ഛകൊണ്ട് പൂർണ്ണമായി നിയന്ത്രിക്കുകയാണ് ചെയ്യുന്നത്. മനുഷ്യൻ എന്ത് ഇച്ഛിക്കണമെന്നും എങ്ങനെ ചിന്തിക്കണമെന്നും ദൈവം മുൻകൂട്ടി തീരുമാനിക്കുന്നു. ദൈവത്തിന്റെ ഇച്ഛപ്രകാരം ഒരാൾ നിഷേധിയായി മാറുകയും, പിന്നീട് അതേ കാരണത്താൽ അയാളെ നിത്യനരകത്തിൽ തള്ളി ശിക്ഷിക്കുകയും ചെയ്യുന്നു എന്ന വാദം അങ്ങേയറ്റം ക്രൂരമാണ്. ദൈവം പരമകാരുണികനാണെന്ന അവകാശവാദത്തോടും ഇത് ഒട്ടും പൊരുത്തപ്പെടുന്നില്ല.
മനുഷ്യന്റെ ഇച്ഛയെ പൂർണ്ണമായും നിയന്ത്രിച്ച ശേഷം ശിക്ഷ വിധിക്കുന്ന ഇത്തരം വിരോധാഭാസങ്ങൾ, ഖുർആന്റെ അടിസ്ഥാനപരമായ ആശയങ്ങളെത്തന്നെ അർത്ഥശൂന്യമാക്കുന്നു. പ്രവാചകന് ഭ്രാന്തില്ലെന്നോ അത് പിശാചിന്റെ വാക്കുകളല്ലെന്നോ ഉള്ള സാക്ഷ്യപത്രങ്ങളേക്കാൾ, ഇത്തരത്തിലുള്ള ആഭ്യന്തര വൈരുധ്യങ്ങൾ ഖുർആന്റെ യുക്തിഭദ്രതയെയും ദൈവീകതയെയുമാണ് ചോദ്യം ചെയ്യുന്നത്.
No comments:
Post a Comment