ഇന്ന് ബലി പെരുന്നാള്‍
ദൈവവിശ്വാസത്തിന്റെ പേരില്‍ ലോകത്ത് നടന്നു വരുന്ന ഏറ്റവും ഭീകരമായ അത്യാചാരം !
15 ലക്ഷത്തോളം മൃഗങ്ങള്‍ കൂട്ടത്തോടെ കഴുത്തറുക്കപ്പെടുന്ന കരിദിനം !!
നരബലിയാണു ദൈവത്തിനേറ്റവും പ്രിയപ്പെട്ട പുണ്യ കര്‍മ്മം എന്ന് ഓര്‍മ്മിപ്പിക്കപ്പെടുന്ന ദുര്‍ദിനം !!!
വിശ്വാസം മനുഷ്യനെ ഭ്രാന്തരാക്കുന്നതെങ്ങനെയെന്ന് ചിന്താശേഷിയുള്ളവര്‍ക്കെല്ലാം വ്യക്തമാക്കിത്തരുന്ന അന്ധകാര യുഗസ്മരണ!!!!
--------------------------------------------------------------------------
കിരാതരുടെ ആരാധനാമൂര്‍ത്തികളായ മിക്ക ദൈവങ്ങള്‍ക്കും ഏറെ പ്രിയപ്പെട്ട അനുഷ്ഠാനം നരബലി തന്നെയായിരുന്നു. മനുഷ്യര്‍ക്കു ദൈവസന്നിധിയില്‍ സമര്‍പ്പിക്കാവുന്നതില്‍ വെച്ച് ഏറ്റവും പുണ്യമേറിയ ത്യാഗാര്‍പ്പണമായി സെമിറ്റിക് മതങ്ങളും വാഴ്തിപ്പാടുന്നത് മനുഷ്യക്കുരുതി തന്നെയാണെന്നത് യാദൃച്ഛികമല്ല. അബ്രഹാമിന്റെ പുത്രബലിയെ പ്രകീര്‍ത്തിച്ചുകൊണ്ടുള്ള വെളിപാടുകള്‍ ഖുര്‍ ആനിലും ബൈബിളിലും ഏതാണ്ട് ഒരേ രൂപത്തില്‍ വിവരിച്ചിട്ടുണ്ട്. (ബലി നല്‍കാന്‍ കൊണ്ടുപോയത് ഇസ് ഹാകിനെയെന്നു ക്രിസ്ത്യാനികളും ഇസ്മായിലിനെയെന്നു മുസ്ലിങ്ങളും തര്‍ക്കിക്കുന്നുണ്ടെന്ന വ്യത്യാസമേയുള്ളു.)
“ഇബ്രാഹീമിനു നാം സഹനശീലനായ ഒരു പുത്രന്റെ സുവാര്‍ത്ത നല്‍കി. ആ പുത്രന്‍ അദ്ദേഹത്തോടൊപ്പം പ്രവര്‍ത്തിക്കാന്‍ പ്രായമായപ്പോള്‍ ഇബ്രാഹീം മകനോടു പറഞ്ഞു: `മകനേ നിന്നെ അറുക്കാന്‍ എനിക്കു സ്വപ്നദര്‍ശനമുണ്ടായിരിക്കുന്നു. നിന്റെ അഭിപ്രായമെന്ത്?`
മകന്‍ പരഞ്ഞു.: `പിതാവേ, കല്‍പ്പിക്കപ്പെട്ടതു ചെയ്തുകൊള്ളുക. അല്ലാഹു ഉദ്ദേശിച്ചാല്‍ എന്നെ ക്ഷമാശിലരില്‍പ്പെട്ട ഒരുവനായി അങ്ങേക്കു കാണാം.` അങ്ങനെ ഇരുവരും ദൈവത്തിനു കീഴടങ്ങിക്കൊണ്ട് ,ഇബ്രാഹീം പുത്രനെ കമഴ്ത്തിക്കിടത്തിയപ്പോള്‍ നാം അദ്ദേഹത്തെ വിളിച്ചു.:`ഓ ഇബ്രാഹീം ! താങ്കള്‍ സ്വപ്നം സാക്ഷാത്കരിച്ചിരിക്കുന്നു...ഇതൊരു പരീക്ഷണം തന്നെ. നാം മഹത്തായ ഒരു ബലി മൃഗത്തെ ആ ബാലനു പകരം തെണ്ടം നല്‍കി.”[37:100-107]
ഇസ്ലാമിന്റെ ആവിര്‍ഭാവകാലത്ത് അറേബ്യയില്‍ നരബലി അസാധാരണമല്ലാത്ത ഒരു അനുഷ്ഠാനമായിരുന്നു. ദൈവങ്ങള്‍ക്കായി നേര്‍ച്ചകള്‍ നേരുന്നവര്‍ ഉദ്ദിഷ്ട ഫലം ലഭിച്ചു കഴിഞ്ഞാല്‍ എത്ര കടുത്ത ത്യാഗവും ചെയ്യാന്‍ തയ്യാറായിരുന്നു. പ്രവാചകനായ മുഹമ്മെദിന്റെ പിതാവു തന്നെ ഒരു നേര്‍ച്ചക്കുരുതിയില്‍നിന്ന് തലനാരിഴക്കാണു രക്ഷപ്പെട്ടത് എന്നു ചരിത്രം പറയുന്നു.
നരബലിയില്‍നിന്നു മൃഗബലിയിലേക്കുള്ള ഒരു പരിണാമദശയിലായിരുന്നു സെമിറ്റിക് മതങ്ങളുടെ ആവിര്‍ഭാവം എന്നനുമാനിക്കാവുന്ന ധാരാളം തെളിവുകളുണ്ട്. പ്രകൃതിപ്രതിഭാസങ്ങളെക്കുറിച്ചുള്ള അജ്ഞതയാണ് മൂഡവിശ്വാസികളായ അപരിഷ്കൃതജനതയെക്കൊണ്ട് ഇത്തരം അത്യാചാരങ്ങള്‍ ചെയ്യിച്ചത്. തലമുറകളിലൂടെ പകര്‍ന്നു കിട്ടിയ അന്ധവിശ്വാസങ്ങളും ദുരാചാരങ്ങളും ചിന്താലേശമന്യേ ഇന്നും തുടരുന്ന മനുഷ്യര്‍ ഇന്ന് ഇതിനൊക്കെ മുടന്തന്‍ ന്യായങ്ങള്‍ കണ്ടെത്തി `ശാസ്ത്രീയത` സ്ഥാപിക്കാന്‍ ശ്രമിക്കുന്നു.
അല്ലാഹുവിന് ഏറ്റവും പ്രിയപ്പെട്ട ആചാരം നരബലിയാണെങ്കിലും അതൊരു നിര്‍ബന്ധ അനുഷ്ഠാനമാക്കിയില്ല എന്നത് ആശ്വാസകരം തന്നെ! എങ്കിലും മൃഗബലി ഏറെ പുണ്യമുള്ള ചടങ്ങുകളിലുള്‍പ്പെടുത്തിയിരിക്കുന്നു. ഹജ്ജിനോടനുബന്ധിച്ച് മിണ്ടാപ്രാണികളുടെ കൂട്ടക്കുരുതിയാണു നടത്തപ്പെടുന്നത്. ഒരു തീര്‍ത്ഥാടകന്‍ ഒരു ആടിനെ അല്ലെങ്കില്‍ ഏഴു പേര്‍ ചേര്‍ന്ന് ഒരു ഒട്ടകത്തെ എന്ന കണക്കിനാണു ബലികര്‍മ്മം നടത്തേണ്ടത്. 25 ലക്ഷത്തോളം പേര്‍ ആണ്ടു തോറും ഹജ്ജിനെത്തുന്നു എന്നാണു പറയപ്പെടുന്നത്. ഓരോ തീര്‍ത്ഥാടകനും ഏതാണ്ട് 4000 രൂപക്കു തുല്യമായ സംഖ്യ നല്‍കണം. മൊത്തം 1000കോടിയീളം രൂപ ഈ ഇനത്തില്‍ സൌദി സ്ര്ക്കാരിനു കിട്ടുന്നു. ദശലക്ഷക്കണക്കിനു മൃഗങ്ങളെയാണിപ്രകാരം കൂട്ടക്കശാപ്പിനിരയാക്കുന്നത്. അവയുടെ മൃതശരീരങ്ങള്‍ മരുഭൂമിയില്‍ കൂട്ടിയിട്ട് ഉണക്കി നശിപ്പിക്കുകയാണു ചെയ്തുകൊണ്ടിരുന്നത്. അടുത്ത കാലത്ത് ഫഹദ് രാജാവിന്റെ ഭരണകാലത്താണ് ഈ ബലിമാംസത്തില്‍നിന്നും അല്പഭാഗം സംസ്കരിച്ച് ആഫ്രിക്കയിലേക്കും മറ്റും എത്തിക്കാനുള്ള ഏര്‍പ്പാടുണ്ടായത്. എന്നിട്ടും മാംസത്തിന്റെ പകുതിയിലേറെ നശിപ്പിക്കേണ്ടി വരുന്നുവെന്നാണു പത്രവാര്‍ത്തകളില്‍നിന്നും മനസ്സിലാകുന്നത്.
പരിഷ്കൃതലോകം ഉപേക്ഷിച്ചു കഴിഞ്ഞതും ഇന്ത്യയുള്‍പ്പെടെ മിക്ക രാജ്യങ്ങളിലും നിയമം മൂലം നിരോധിച്ചതുമായ ജന്തുബലി ഇസ്ലാമില്‍ ഇന്നും തുടരുന്നതിനെതിരെ വിമര്‍ശനങ്ങള്‍ ഉയര്‍ന്നപ്പോള്‍ നമ്മുടെ മുസ്ലിം ബുദ്ധിജീവികള്‍ അതിനും ഒരു ഞൊണ്ടിന്യായം കണ്ടെത്തി.! ബലി നടത്തുന്നത് പോഷകാഹാരവിതരണം ലക്ഷ്യമാക്കിയാണ് എന്നതാണു ന്യായം. ബലിമാംസം ഭക്ഷിക്കാമെന്നതു ശരിതന്നെ. പ്രാകൃത ജനവിഭാഗങ്ങളും തങ്ങളുടെ ദൈവങ്ങള്‍ക്കായി കുരുതി ചെയ്ത ജീവികളെ ഭക്ഷിച്ചിരുന്നു. എന്നാല്‍ ബലി നടത്തുന്നത് ഭക്ഷണത്തിനല്ല. ദൈവങ്ങളെ പ്രീതിപ്പെടുത്താനുള്ള ഒരനുഷ്ഠാനം എന്ന നിലക്കാണ്.
ഖുര്‍ ആന്‍ പ്രസ്താവിക്കുന്നു:
“എല്ലാ സമുദായങ്ങള്‍ക്കും അവര്‍ക്ക് അവന്‍ നല്‍കിയതില്‍നിന്ന് കന്നുകാലികളുടെ മേല്‍ അവര്‍ അല്ലാഹുവിന്റെ നാമം കീര്‍ത്തനം ചെയ്യാന്‍ വേണ്ടി നാം ഓരോ കര്‍മ്മാനുഷ്ഠാനങ്ങല്‍ ഏര്‍പ്പെടുത്തിയിരിക്കുന്നു.”[22:34]
“ബലിയൊട്ടകങ്ങളെയാകട്ടെ, നാം അവയെ നിങ്ങള്‍ക്ക് അല്ലാഹുവിന്റെ അടയാളങ്ങളില്‍ പെട്ടതാക്കിയിരിക്കുന്നു. നിങ്ങള്‍ക്കവയില്‍ ഗുണമുണ്ട്. അതിനാല്‍ വരിവരിയായി നിര്‍ത്തി അവയുടെ മേല്‍ നിങ്ങള്‍ അല്ലാഹുവിന്റെ നാമം കീര്‍ത്തനം ചെയ്യുവീന്‍ . അങ്ങനെ അവയുടെ ഉദരപാര്‍ശ്വങ്ങള്‍ നിലം പതിച്ചാല്‍ അവയില്‍നിന്നു തിന്നുകയും തിന്നാന്‍ കൊതിച്ചു വരുന്നവര്‍ക്കു കൊടുക്കുകയും ചെയ്യുവിന്‍ ”[22:36]
പാഗന്‍ അറബികള്‍ അവരുടെ ഗോത്രദൈവങ്ങള്‍ക്കായി അനുഷ്ഠിച്ചിരുന്ന കിരാതമായ ആചാരങ്ങള്‍ എപ്രകാരമാണ് ഇസ്ലാം സ്വന്തമാക്കിയത് എന്ന്, ഈ ഖുര്‍ ആന്‍ സൂക്തത്തിനു വ്യാഖ്യാനക്കുറിപ്പെഴുതവെ മൌദൂദി തന്നെ തുറന്നു പറയുന്നതു കാണുക:
“ഈ സൂക്തത്തില്‍നിന്നു രണ്ടു കാര്യങ്ങള്‍ ഗ്രഹിക്കാം. ഒന്ന് മൃഗബലി എല്ലാ ദൈവീക ശരീഅത്തുകളിലും ആരാധനാ സമ്പ്രദായത്തിന്റെ ഒരനിവാര്യഘടകമായിരുന്നു. മനുഷ്യന്‍ ഏതെല്ലാം രൂപങ്ങളില്‍ അല്ലാഹുവേതരന്മാര്‍ക്ക് അടിമപ്പെടുന്നുവോ ആ രൂപങ്ങളെല്ലാം അല്ലാഹുവേതരര്‍ക്കു വിലക്കുകയും അല്ലാഹുവിനു മാത്രമായി അനുഷ്ഠിക്കുകയും ചെയ്യേണ്ടത് ഇബാദത്തുകളിലെ തവ്ഹീദിന്റെ അടിസ്ഥാന താല്‍പ്പര്യങ്ങളില്‍പ്പെട്ടതത്രേ. ഉദാഹരണമായി മനുഷ്യന്‍ അല്ലാഹുവേതരന്മാര്‍ക്കു തല കുനിക്കുകയും സാഷ്ടാംഗം പ്രണമിക്കുകയും ചെയ്തിരുന്നു. ദൈവീക ശരീഅത്തുകള്‍ അവ അല്ലാഹുവിനു മാത്രം ചെയ്യുന്ന കര്‍മ്മങ്ങളായി നിശ്ചയിച്ചു. മനുഷ്യന്‍ അല്ലാഹുവേതര ശക്തികളുടെ മുന്മ്പില്‍ സാമ്പത്തിക നേര്‍ച്ചകള്‍ സമര്‍പ്പിച്ചിരുന്നു.ദൈവീക ശരീഅത്തുകള്‍ അതെല്ലാം വിലക്കുകയും സകാത്തും സദഖയും അല്ലാഹുവിനു മാത്രമായിരിക്കേണ്ടത് നിര്‍ബ്ബന്ധമാണെന്നു വിധിക്കുകയും ചെയ്തു. മനുഷ്യന്‍ നിരവധി മിഥ്യാദൈവങ്ങളുടെ ആസ്ഥാനങ്ങളെ വിശുദ്ധമന്ദിരങ്ങളും പുണ്യഗേഹങ്ങളുമായി ഗണിച്ചിരുന്നു. ദൈവീക ശരീഅത്തുകള്‍ ചില പ്രത്യേക സ്ഥാനങ്ങളെ പുണ്യസ്ഥലങ്ങളും ദൈവിക മന്ദിരങ്ങളുമായി നിശ്ചയിക്കുകയും അവിടെ തീര്‍ഥാടനം നടത്താനും പ്രദക്ഷിണം ചെയ്യാനും കല്‍പ്പിക്കുകയും ചെയ്തു. മനുഷ്യന്‍ അല്ലാഹുവല്ലാത്തവരുടെ പേരില്‍ വ്രതമനുഷ്ഠിച്ചിരുന്നു. ദൈവിക ശരീഅത്തുകള്‍ വ്രതാനുഷ്ടാനവും അല്ലാഹുവിനു വേണ്ടി മാത്രമാക്കി. ഇപ്രകാരം മനുഷ്യര്‍ തങ്ങളുടെ സ്വയം നിര്‍മ്മിത ദൈവങ്ങള്‍ക്കു വേണ്ടി മൃഗബലിയും നടത്തിയിരുന്നു. ദൈവീക ശരീഅത്തുകള്‍ അതും അല്ലാഹുവല്ലാത്തവര്‍ക്കു വിലക്കുകയും അല്ലാഹുവിനു വേണ്ടി നിര്‍ബ്ബന്ധമാക്കുകയും ചെയ്തു.”(തഫ്ഹീമുല്‍ ഖുര്‍ ആന്‍ )
മുഹമ്മദ് ജനിക്കുന്നതിനും 1200 വര്‍ഷങ്ങള്‍ക്കു മുമ്പ് ഈ ഹിംസാത്മകമായ ദുരാചാരത്തിനെതിരെ അഹിംസയുടെ മതവും കൊണ്ടു വന്ന ശ്രീബുദ്ധനെക്കുറിച്ചോ ബുദ്ധമതതത്വങ്ങളെക്കുറിച്ചോ ഒന്നും ഈ അല്ലാഹു കേട്ടിട്ടേ ഇല്ല!! എല്ലാ മതങ്ങളിലും ബലിയുണ്ടെന്നാണ് അറേബ്യയുടെ ഠ വട്ടം മാത്രം കണ്ടിട്ടുള്ള ഈ സര്‍വ്വജ്ഞാനി പറയുന്നത്!!
ജാഹിലിയ്യാ മുശ്രിക്കുകളുടെ ഗോത്ര മര്യാദകളെയും പെരുമാറ്റച്ചട്ടങ്ങളെയും പവിത്രവല്‍ക്കരിച്ചുകൊണ്ടുള്ള മറ്റൊരു വെളിപാടു നോക്കുക;
“സത്യവിശ്വാസികളേ, അല്ലാഹുവിന്റെ ചിഹ്ന്നങ്ങളേയും ആദരണീയ മാസങ്ങളേയും , ബലിക്കായി കൊണ്ടുപോകുന്ന മൃഗത്തെയും അതിന്റെ കഴുത്തില്‍ കെട്ടിയ അടയാളങ്ങളേയും അല്ലാഹുവിന്റെ അനുഗ്രഹം തേടി പുണ്യഭവനത്തിലേക്കു പോകുന്നവരേയും നിങ്ങള്‍ അനാദരിക്കരുത്.”[5:3]
ഇതിന്റെ വ്യാഖ്യാനം കൂടി കാണുക;
“സത്യവിശ്വാസികള്‍ അനാദരിക്കുവാന്‍ പാടില്ലാത്ത അഥവാ അവര്‍ പവിത്രമായി കരുതി ആദരിച്ചു പോരേണ്ടുന്ന-അഞ്ചു കാര്യങ്ങളെയാണ് അല്ലാഹു ഈ വചനത്തില്‍ എടുത്തു കാട്ടിയിരിക്കുന്നത്. ...ഹജ്ജ് ഉമ്ര കര്‍മ്മങ്ങളോടും ,മക്കാ ഹറമിനോടും ബന്ധപ്പെട്ട ചിഹ്നങ്ങളാണ് ഇവിടെ പ്രധാനമായും ഉദ്ദേശ്യമെന്നു സന്ദര്‍ഭം കൊണ്ടു മനസ്സിലാക്കാം. അതാതില്‍ പാലിക്കപ്പെടേണ്ടുന്ന മര്യാദകളും ആദരവുകളും ലംഘിക്കാതെ അതിന്റെ പവിത്രത സൂക്ഷിക്കല്‍ നിര്‍ബ്ബന്ധമാണ്....ഹറാമായ മാസം ദുല്‍ഖാ്ദ, ദുല്‍ഹിജ്ജ,മുഹറം,റജബ് എന്നിവയാണ്. ...ഈ മാസങ്ങളില്‍ യുദ്ധം നിരോധിക്കപ്പെട്ടിരിക്കുന്നു. അതുകൊണ്ട് അക്കാലത്തു യുദ്ധം നടത്തുന്നത് അതിനെ അനാദരിക്കലായിരിക്കും....ബലി കര്‍മ്മത്തിനായി കാ്ബയുടെ അടുത്തേക്കു കൊണ്ടുപോകുന്ന മൃഗങ്ങളും അവയുടെ പ്രത്യേക അടയാളങ്ങളായിക്കൊണ്ട് അവയുടെ കഴുത്തില്‍ കെട്ടിത്തൂക്കിയ വസ്തുക്കളും -കാ്ബയുടെ അടുക്കലേക്കു ബലിമൃഗങ്ങളെ കൊണ്ടുപോകുമ്പോള്‍ അവയുടെ കഴുത്തില്‍ ചെരിപ്പോ മരത്തൊലിയോ ഒരടയാളമായി കെട്ടിത്തൂക്കുന്ന പതിവ് മുന്‍ കാലത്തുണ്ടായിരുന്നു. ഹജ്ജിനും ഉമ്രക്കും പോകുന്ന ആളുകളും അതുപോലെ ചില അടയാളങ്ങള്‍ സ്വീകരിക്കലും പതിവുണ്ടായിരുന്നു..-അന്യരുടെ കയ്യേറ്റത്തില്‍നിന്നും അനാദരവില്‍നിന്നും സുരക്ഷിതത്വം ലഭിക്കുകയായിരിക്കും ഇതിന്റെ ഉദ്ദേശ്യം....മേല്പറഞ്ഞ അഞ്ചു കാര്യങ്ങളും ഏറെക്കുറെ മുശ്രിക്കുകളും അംഗീകരിച്ചു വന്നിരുന്നു. ആ നല്ല കാര്യങ്ങള്‍ മുസ്ലിംങ്ങളും കര്‍ശനമായി പാലിക്കേണ്ടതുണ്ട്. ജാഹിലിയ്യാ സമ്പ്രദായങ്ങളെന്നു വെച്ച് അവയെ അവഗണിച്ചുകൂടാ....”(ഖുര്‍ ആന്‍ വിവരണം, അമാനിമൌലവി)
കൊല്ലത്തില്‍ നാലു മാസം കൊള്ള ചെയ്യരുത് എന്നത് അക്കാലത്തെ അറബികളുടെ ഒരു ഗോത്ര മര്യാദയായിരുന്നു. കൊള്ളയും പിടിച്ചുപറിയും കുലത്തൊഴിലാക്കിയിരുന്ന ഗോത്രക്കാര്‍ പോലും ഈ മര്യാദകള്‍ കൃത്യമായി പാലിച്ചിരുന്നു. തീര്‍ഥാടനകാലം സമാധാനകാലവും മറ്റു മാസങ്ങള്‍ യുദ്ധകാലവുമായി കണക്കാക്കിയിരുന്ന ആ പ്രാകൃത സമൂഹത്തിന്റെ നിയമങ്ങല്‍ ഒരു ദൈവം ഏറ്റു പിടിക്കാന്‍ പോയതെന്തിനാണെന്നു മനസ്സിലാകുന്നില്ല.? ഇക്കാലത്ത് കൊള്ളയും യുദ്ധവും നാലുമാസം നിഷിദ്ധവും എട്ടു മാസം അനുവദനീയവും എന്നാരും പറയുകയില്ലല്ലോ!!
ആദ്യം പിറക്കുന്ന കുഞ്ഞിനെ ബലിയറുക്കുന്ന പതിവും അറബികള്‍ക്കുണ്ടായിരുന്നു. പിന്നീടതിനു പകരം മൃഗബലിയും `മുടി കളയലും` നടത്തുന്ന ആചാരം വന്നു. നരബലിയുടെ തുടര്‍ ശേഷിപ്പായ ഈ ആചാരം ഇന്നും മുസ്ലിങ്ങള്‍ അനുഷ്ഠിച്ചു വരുന്നുണ്ട്.
ഒട്ടകത്തെ ബലിയറുക്കേണ്ടതെങ്ങനെയെന്ന് മൌദൂദി തന്റെ തഫ്ഹീമില്‍ വിവരിക്കുന്നുണ്ട്:
“ഒട്ടകങ്ങളെ നിറുത്തിയാണ് ബലി നടത്തുക എന്നതു പ്രസിദ്ധമാണല്ലോ. അതിന്റെ ഒരു കാല്‍ ബന്ധിച്ച ശേഷം തൊണ്ടയില്‍ മൂര്‍ച്ചയേറിയ കുന്തം കൊണ്ട് അതിശക്തിയായി കുത്തുന്നു. ആ മുറിവിലൂടെ രക്തം ചീറ്റി ഒഴുകുന്നു. രക്തം ഒഴുകിക്കഴിയുന്നതോടെ അതു നിലത്തു വീഴുന്നു.”
ഹജ്ജില്‍ പങ്കു കൊള്ളുന്നവര്‍ മാത്രമല്ല മൃഗക്കുരുതി ചെയ്യേണ്ടത്.
“കഴിവുള്ള എല്ലാ മുസ്ലിങ്ങള്‍ക്കും അവര്‍ എവിടെയായിരുന്നലും ബാധകമായ ഒരു വിധിയാണിത്. ജന്തുക്കളെ അധീനപ്പെടുത്തിത്തന്നതിന് അല്ലാഹുവിന് ശുക്ര് ചെയ്യുക്യും വന്ദിക്കുകയും താന്താങ്ങളുടെ പ്രദേശങ്ങളില്‍ വെച്ച് ഹാജിമാരോട് പങ്കു ചേരുന്ന ഒരവസ്ഥ സൃഷ്ടിക്കുകയും ചെയ്യേണ്ടതുണ്ട്. ഹജ്ജ് ചെയ്യുക എന്ന മഹാഭാഗ്യത്തിന് അവസരം ലഭിക്കാത്ത മുസ്ലിങ്ങള്‍ ഹാജിമാര്‍ അനുഷ്ഠിച്ചുകൊണ്ടിരിക്കുന്ന കര്‍മ്മങ്ങള്‍ അനുഷ്ഠിക്കുകയെങ്കിലും വേണം. തിരുമേനി അരുളിയിട്ടുണ്ട്:“കഴിവുണ്ടായിട്ടും ബലികര്‍മ്മം നടത്താത്തവന്‍ നമ്മുടെ ഈദ് ഗാഹിലേക്ക് അടുക്കരുത്.”(തഫ്ഹീമുല്‍ ഖുര്‍ ആന്‍ )
സ്വന്തം സൃഷ്ടികളായ മിണ്ടാപ്രാണികളുടെ കഴുത്ത് കുത്തിക്കീറുന്നതും ചോര തെറിച്ചവ പിടഞ്ഞു വീഴുമ്പോള്‍ തന്റെ നാമം പ്രകീര്‍ത്തിക്കുന്നതും കണ്ട് പുളകം കൊള്ളുന്ന ഈ `ദൈവം ` കിരാതമനുഷ്യരുടെ ഭാവനയില്‍ ജന്മം കൊണ്ട ഒരു പ്രാകൃതസങ്കല്‍പ്പമല്ലാതെ മറ്റെന്താണ്?ഹജ്ജിന്റെ പേരില്‍ നടക്കുന്ന ക്രൂരവും മനുഷ്യസംസ്കാരത്തിനു യോജിക്കാത്തതുമായ ഈ അത്യാചാരം നിര്‍ത്തുന്നതിനെക്കുറിച്ചും പകരം ആ പണം കൊണ്ട് വല്ല ഭക്ഷ്യധാന്യങ്ങളും വാങ്ങി ആഫ്രിക്കയിലെയും മറ്റും പട്ടിണിപ്പാവങ്ങള്‍ക്കു നല്‍കുന്നതിനെക്കുറിച്ചും മുസ്ലിം സമൂഹത്തിലെ ചിന്താശീലരായ നല്ല മനുഷ്യര്‍ പോലും ആലോചിക്കാത്തത് അതിശയകരം തന്നെ.!!!! ആറാം നൂറ്റാണ്ടിലെ ഒരപരിഷ്കൃത ഗോത്രജനതയുടെ വിശ്വാസങ്ങളും ഹീനാചാരങ്ങളുമായി എത്ര കാലം ഈ സമൂഹത്തിന് ഇനിയും മുന്നോട്ടു പോകാനാവും??? ആരാധനയ്ക്ക് അല്‍പ്പം കൂടി നെറിയും നന്മയുമുള്ള മാര്‍ഗ്ഗങ്ങള്‍ ഒന്നുമില്ലേ?
ചിന്താശേഷി പൂര്‍ണ്ണമായും മരവിച്ചിട്ടില്ലാത്ത വല്ലവരും ഉണ്ടെങ്കില്‍ ചിന്തിക്കുക!!!
Thursday, November 26, 2009
Saturday, November 7, 2009
ജമാ അത്തെ ഇസ്ലാമി വോട്ടു ചെയ്തില്ല.! പോളിങ് വര്‍ദ്ധിച്ചു !!
മൂന്നു മണ്ഡലങ്ങളില്‍ നടന്ന ഉപതിരഞ്ഞെടുപ്പ് സമാധാനപരമായി പൂര്‍ത്തിയായതില്‍ ജനാധിപത്യവിശ്വാസികള്‍ക്ക് ആശ്വസിക്കാം. വോട്ടെണ്ണുന്നതിനു മുമ്പു തന്നെ ചില ഫലങ്ങള്‍ പുറത്തു വന്നിരിക്കുന്നു! ഈ തെരഞ്ഞെടുപ്പില്‍ തങ്ങള്‍ വോട്ടു ചെയ്യുന്നതല്ല എന്നു പത്രക്കാരെ വിളിച്ച് പ്രഖ്യാപിച്ച ഒരു മഹാപ്രസ്ഥാനമുണ്ടിവിടെ. സാക്ഷാല്‍ ജമാ അത്തെ ഇസ്ലാമി. ആ കൂട്ടര്‍ക്ക് നമ്മുടെ നാട്ടില്‍ എന്തു മാത്രം ജനസ്വാധീനം ഉണ്ടെന്ന് പോളിങ് ശതമാനം പുറത്തു വന്നതോടെ വ്യക്തമായി ! മൂന്നു മണ്ഡലങ്ങളിലും കഴിഞ്ഞ തെരഞ്ഞെടുപ്പിനെക്കാള്‍ പോളിങ് വര്‍ദ്ധിച്ചു !! മറ്റൊരു കാര്യം കൂടി മാലോകര്‍ക്കു മനസ്സിലായി. ഈ മഹാപ്രസ്ഥാനത്തിന്റെ തലപ്പത്തിരിക്കുന്നവരുടെ ബുദ്ധിനിലവാരമാണത്. തലക്കുള്ളില്‍ അല്‍പ്പമെങ്കിലും വെളിവുണ്ടായിരുന്നെങ്കില്‍ ഈ ബുദ്ദുജീവികള്‍ ഇങ്ങനെയൊരു മണ്ടത്തരത്തിനു മുതിരുമായിരുന്നോ? മൂലേ കിടക്കുന്ന മഴുവെടുത്ത് കാലേ ഇടുക എന്നു കേട്ടിട്ടുണ്ട്. ഇത് ആലേ കിടന്ന മഴുവെടുത്ത് കഴുത്തു വെട്ടിയ പോലായി !!!
Subscribe to:
Posts (Atom)