Friday, August 28, 2009

“മായം” കലര്‍ന്ന നവ ഇസ്ലാം !!

ഇസ്ലാം മതം എന്താണെന്നറിയാന്‍ ആഗ്രഹിക്കുന്നവര്‍ , അതിന്റെ ആധാരപ്രമാണങ്ങളാണു വായിക്കേണ്ടത്. ആധുനിക ഇസ്ലാമിസ്റ്റുകള്‍ രചിക്കുന്ന “നിരൂപണങ്ങള്‍ ” മാത്രം വായിക്കുന്നവര്‍ക്ക് യഥാര്‍ത്ഥ ഇസ്ലാമിനെ കണ്ടത്താന്‍ കഴിയില്ല. കാരണം പത്തൊമ്പതാം നൂറ്റാണ്ടിനു ശേഷം ഓറിയന്റലിസ്റ്റുകള്‍ -അറബി ഭാഷയറിയുന്ന പാശ്ചാത്യര്‍ -ഇസ്ലാമിന്റെ അടിസ്ഥാന പ്രമാണങ്ങളെ നിരൂപണം ചെയ്യാന്‍ തുടങ്ങിയതോടെ പരിഷ്കൃതലോകത്ത് ഇസ്ലാമിനെ പ്രതിരോധിക്കാന്‍ തന്ത്രങ്ങള്‍ മെനയുക എന്ന ഭാരിച്ച പ്രയത്നം ഇസ്ലാമിസ്റ്റുകള്‍ക്ക് ഏറ്റെടുക്കേണ്ടി വന്നു. അതോടെയാണ് യഥാര്‍ത്ഥ ഇസ്ലാം പുകമറയ്ക്കുള്ളില്‍ അപ്രത്യക്ഷമാകാനും വന്‍ തോതില്‍ “മായം” കലര്‍ന്ന നവ ഇസ്ലാം പ്രചരിക്കാനും തുടങ്ങിയത്. കേരളത്തിലെ വഹാബി മൌദൂദി സാഹിത്യങ്ങളൊക്കെ ഈ കാലഘട്ടത്തിലാണു പ്രചാരത്തില്‍ വരുന്നതും. ഇവരുടെയെല്ലാം പ്രധാന ലക്ഷ്യം ഇസ്ലാം എന്താണ് എന്നു പ്രചരിപ്പിക്കലല്ല; മറിച്ച് ഇസ്ലാം എന്തല്ല എന്നു തെറ്റിദ്ധരിപ്പിക്കലാണ്.

ഞാന്‍ ഇസ്ലാമിനെക്കുറിച്ച് ആഴത്തില്‍ പഠിക്കാന്‍ ആഗ്രഹിച്ചുകൊണ്ട് കേരളത്തിലെ എല്ലാ പ്രധാന ഇസ്ലാമിക ഗ്രന്ഥപ്പുരകളും കയറിയിറങ്ങിയപ്പോഴാണ് എനിക്ക് ഞെട്ടിപ്പിക്കുന്ന ഈ സത്യം പിടി കിട്ടിയത്. വര്‍ഷങ്ങള്‍ക്കു മുമ്പ് കുര്‍ ആന്‍ വായിച്ച് വിശ്വാസം നഷ്ടപ്പെട്ട കാലത്ത് വിശദമായ പഠനം മോഹിച്ചുകൊണ്ട് ഇസ്ലാമിന്റെ പ്രമാണഗ്രന്ഥങ്ങള്‍ എവിടെ ലഭിക്കും എന്ന അന്യേഷണവുമായി ഞാന്‍ സുന്നി ജമാ അത്ത് മുജാഹിദ് കേന്ദ്രങ്ങളിലെല്ലാം കയറിയിറങ്ങി. ഖുര്‍ ആന്‍ കേവല പരിഭാഷ മാത്രം വായിക്കുന്ന ഒരാള്‍ക്ക് അതിന്റെ ഉള്ളടക്കത്തിന്റെ 10% പോലും മനസ്സിലാക്കാന്‍ കഴിയില്ല. ഓരോ സൂക്തവും ഏതു സന്ദര്‍ഭത്തില്‍ അവതരിച്ചുവെന്നും അതുകൊണ്ട് ഉദ്ദേശിക്കുന്ന കാര്യം എന്താണെന്നും അറിയണമെങ്കില്‍ തഫ്സീറുകള്‍‍ മുഴുവന്‍ അരിച്ചു പെറുക്കി വായിക്കണം. പക്ഷെ തഫ്സീറുകള്‍ എവിടെ? മലയാളത്തില്‍ പൂര്‍ണരൂപത്തില്‍ ലഭിക്കുന്ന ആധികാരിക തഫ്സീറുകള്‍ എവിടെ കിട്ടും? ഈ അന്യേഷണം നിരാശാജനകമായിരുന്നു. എല്ലാ തഫ്സീറുകളിലും പരതി ഇക്കാലത്തു പറയാന്‍ പറ്റുന്ന കാര്യങ്ങള്‍ മാത്രം പെറുക്കിയെടുത്ത് സ്വന്തം യുക്തിയും വ്യാഖ്യാനങ്ങളും ചേര്‍ത്തു തയ്യാറാക്കിയ വ്യാഖ്യാനങ്ങള്‍ മാത്രമേ മലയാളത്തിലുള്ളു എന്നു മനസ്സിലായി. സുന്നീ കേന്ദ്രങ്ങളില്‍ നിന്നാണ് അല്‍പ്പമെങ്കിലും വസ്തുതകളോടു യോജിപ്പുള്ള ഗ്രന്ഥങ്ങള്‍ കിട്ടിയത്.
പിന്നീട് രണ്ടാം പ്രമാണമായി പറയപ്പെടുന്ന ഹദീസ് ഗ്രന്ഥങ്ങളെക്കുറിച്ചും അന്യേഷിച്ചു. ഇവിടെയും നിരാശയായിരുന്നു ഫലം. ‘സ്വിഹാഹുസ്സിത്ത’ എന്നറിയപ്പെടുന്ന 6 പ്രധാന‍ ഹദീസ് ഗ്രന്ഥങ്ങളാണു ഇസ്ലാമിനെയും ഖുര്‍ ആനിനെയും അടുത്തറിയാന്‍ സഹായിക്കുന്ന ആധികാരിക പ്രമാണങ്ങള്‍ . അതില്‍ ഒന്നു പോലും അക്കാല‍ത്ത് മലയാളത്തിലേക്കു ഭാഷാന്തരം ചെയ്യപ്പെട്ടിരുന്നില്ല. സി എന്‍ അഹമ്മദ് മൌലവിയാണ് ആദ്യമായി ബുഖാരിയുടെ തര്‍ജ്ജമ ഇറക്കിയത്. അതിലദ്ദേഹം ഒരുപാടു “തിരിമറി”കള്‍ നടത്തുകയും ചെയ്തു. മറ്റു ഹദീസ് ഗ്രന്ഥങ്ങളായ സ്വഹീഹുമുസ്ലിം, സുനനു അബീദാവൂദ്, ജാമിഉത്തുര്‍മുദി, സുനനു നസാഇ, സുനനു ഇബ്നു മാജ, അല്‍ മുസ്നദു ഫില്‍ ഹദീസ് , എന്നിവയില്‍ ഒന്നിന്റെ പോലും സമ്പൂര്‍ണ പരിഭാഷ ലഭ്യമല്ല. ഇന്നും ലഭ്യമല്ല.(ഉണ്ടെങ്കില്‍ ദയവായി അറിയിക്കുക). സുന്നികളുടെ പുസ്തകക്കടയില്‍നിന്നും ഒരിക്കല്‍ ‘മുസ്ലിം’ ന്റെ ഇംഗ്ലീഷ് പരിഭാഷയും ‘മിഷ്ഖാത്’ എന്ന മറ്റൊരു ഹദീസ് സമാഹാരത്തിന്റെ ഇംഗ്ലീഷ് പരിഭാഷയും കിട്ടി. ഇപ്പോള്‍ നെറ്റില്‍ കുറേയൊക്കെ ലഭ്യമാണ്.

ഇനി ഇസ്ലാം ചരിത്രത്തിന്റെ കാര്യം .
ഇസ്ലാമിന്റെ ഒറിജിനല്‍ ചരിത്രം പഠിക്കാന്‍ ആഗ്രഹിക്കുന്നവരാണു വലിയ ചതിയില്‍ കുടുങ്ങുന്നത്. യഥാര്‍ത്ഥ ചരിത്ര ഗ്രന്ഥങ്ങളെല്ലാം പൂഴ്ത്തി വെച്ച് വസ്തുതകള്‍ വളച്ചൊടിച്ചും മാറ്റിമറിച്ചും തയ്യാറാക്കപ്പെട്ട അനവധി ചരിത്ര പുസ്തകങ്ങള്‍ ഇസ്ലാം മാര്‍ക്കറ്റില്‍ ലഭ്യമാണ്. പക്ഷെ ഇസ്ലാമിന്റെ ചരിത്രവുമായി ബന്ധപ്പെട്ട “അടിയാധാരങ്ങള്‍ ” ഒന്നും ഇല്ല. ആദ്യ നൂറ്റാണ്ടുകളില്‍ രചിക്കപ്പെട്ട ,ഇബ്നു ഹിഷാം, വാഖിദി, ത്വബ് രി, ഇബ്നു സഅദ്, മസ് ഊദി, ... തുടങ്ങി നിരവധി ചരിത്രകാരന്മാരുടെ കൃതികളുണ്ട്. ഒന്നും പൂര്‍ണരൂപത്തില്‍ ഇവിടെ കിട്ടാനില്ല. ചരിത്രമറിയാന്‍ ഓറിയന്റലിസ്റ്റുകളെ മാത്രം ആശ്രയിക്കേണ്ടി വരുന്നു.
ഫിഖ് ഹ് [കര്‍മ്മശാസ്ത്രം] ഗ്രന്ഥങ്ങളും ഇതു പോലെത്തന്നെ . ഇമാം ശാഫീ, ഇമാം ഹനഫീ, ഇമാം മാലിക്, ഇമാം ഹംബല്‍ എന്നീ പ്രധാന കര്‍മ്മശാസ്ത്ര ആചാര്യന്മാരുടെ കൃതികളും പൂര്‍ണ രൂപത്തില്‍ ഇവര്‍ പ്രചരിപ്പിക്കുന്നില്ല. ഇതൊക്കെ പൂര്‍ണമായി വായിച്ചു മനസ്സിലാക്കിയാലേ ഇസ്ലാം യഥാര്‍ത്ഥത്തില്‍ എന്താണ് എന്നു ഒരു ഗവേഷകനു വിധിയെഴുതാനൊക്കൂ. അന്ധമായി വിശ്വസിക്കുന്നവര്‍ക്ക് ഗവേഷണബുദ്ധിയോടെയുള്ള പഠനം സാധ്യമാവില്ല. അവര്‍ തങ്ങളുടെ വിശ്വാസം ഉറപ്പിക്കാന്‍ ആവശ്യമായ കാര്യങ്ങള്‍ മാത്രം സ്വീകരിക്കുകയും അല്ലാത്തവയെ അറിയാതെത്തന്നെ അവഗണിക്കുകയും ചെയ്യും. വിശ്വാസത്തിന്റെ ആയുസ്സു നീട്ടിക്കിട്ടാന്‍ ഓക്സിജന്‍ തേടുന്നവരാകട്ടെ ഈ കാലത്തു മനുഷ്യരോടു പറയാന്‍ പറ്റാത്ത കാര്യങ്ങള്‍ കണ്ടാല്‍ അതൊക്കെ പൂഴ്ത്തിവെച്ച്, മറ്റു കാര്യങ്ങള്‍ സ്വന്തം യുക്തിക്കനുസരിച്ച് ദുര്‍വ്യാഖ്യാനിക്കുകയും ചെയ്യും. ഇന്നു പ്രധാനമായും നടക്കുന്നത് ഈ ജോലിയാണ്. ജമാ അത്തുകാര്‍ ഇക്കാര്യത്തില്‍ മറ്റെല്ലാവരെയും കടത്തി വെട്ടുന്നു. നബി പറയാത്തകാര്യങ്ങള്‍ അവര്‍ നബിയുടെ പേരില്‍ മെനഞ്ഞുണ്ടാക്കി പ്രചരിപ്പിക്കുന്നു. നബി പറഞ്ഞ കാര്യങ്ങള്‍ 90%വും അവര്‍ മറച്ചു വെക്കുന്നു. ഖുര്‍ ആനില്‍ അതെഴുതിയയാള്‍ സ്വപ്നത്തില്‍ പോലും വിചാരിക്കത്ത അര്‍ത്ഥവും വിശദീകരണവും ഇക്കൂട്ടര്‍ ചമയ്ക്കുന്നു. ‘സദുദ്ദേശ്യ‘ത്തോടെയുള്ള വഞ്ചന ഇക്കൂട്ടര്‍ക്ക് ഹലാലായി മാറിയിരിക്കുന്നു.!
MUSLIMS ARE THE VICTIMS OF 'ISLAM' !

30 വര്‍ഷത്തിലേറെക്കാലമായി ഒരു ലക്കം പോലും മുടങ്ങാതെ പ്രസിദ്ധീകരിക്കുന്നു

30 വര്‍ഷത്തിലേറെക്കാലമായി ഒരു ലക്കം പോലും മുടങ്ങാതെ പ്രസിദ്ധീകരിക്കുന്നു
ഏ വി ജോസ് , കുറ്റിപ്പുഴ നഗര്‍ , തൃശ്ശൂര്‍.