Friday, October 16, 2009

കരടി വളർത്തിയ മനുഷ്യക്കുഞ്ഞ് !

….മദർ തെരേസ നടത്തുന്ന ഭൂതദയാ മന്ദിരത്തിൽ പാർക്കുന്ന ‘കരടി വളർത്തിയ ആൺ കുട്ടി’ പത്ര ലേഖകനെ കണ്ടപ്പോൾ തൊഴു കയ്യോടെ അഭിവാദ്യം ചെയ്തു.
ഒമ്പതുകാരനയ ബാലു പിന്നീട് മിഴികൾ അങ്ങോട്ടുമിങ്ങോട്ടും ചലിപ്പിച്ച് എന്തോ മുരണ്ടതേയുള്ളു. അവൻ സംസാരിച്ചില്ല. ചില ശബ്ദങ്ങൾ പുറപ്പെടുവിക്കുക മാത്രം ചെയ്തു. പത്ര ലേഖകൻ പേനയും കടലാസും കയ്യിലെടുത്തപ്പോൾ അവനൊരു കരടിയെപ്പോലെ ചാടി വീഴാൻ തയ്യാറെടുത്തു. അവനെ മെരുക്കിക്കൊണ്ടിരിക്കുന്ന ആൾ തടുത്തപ്പോൾ വൈമനസ്യത്തോടെയെങ്കിലും അവൻ അനുസരിച്ചു.
ശൈശവത്തിൽ ഒരു വന്യമൃഗത്തിന്റെ കയ്യിൽ അകപ്പെട്ട ബാലുവിനെ സുൽത്താൻപൂർ ജില്ലയിലുള്ള ഒരു കരടിക്കൂട്ടിൽ നിന്ന് ഒരു കൊല്ലം മുമ്പാണു ചില ഗ്രാമീണർ കണ്ടു പിടിച്ചത്. അവർ അവനെ നേരെ കൊണ്ടു വന്ന് മദർ തെരേസ നടത്തുന്ന മന്ദിരത്തിലാക്കി. അവിടെ അവൻ ഇപ്പോൾ സിസ്റ്റെർ അന്റോണിയുടെ പരിലാളനത്തിൽ വളരുകയാണ്.
ഇവിടെ എത്തിയതിനു ശേഷം ബാലുവിന്റെ ആരോഗ്യം മെച്ചപ്പെട്ടിട്ടുണ്ട്. മനുഷ്യരെപ്പോലെ ഭക്ഷണം കഴിക്കാൻ അവൻ പഠിച്ചു. ആവശ്യങ്ങൾ അറിയിക്കാൻ ചില കൈ മുദ്രകളും അവൻ വശമാക്കി. പക്ഷെ തികച്ചും ഒരു സാധാരണ മനുഷ്യനെപ്പോലെ ആയിത്തീരുന്നതിന് സാധ്യത കുറവാണെന്നാണു അവനെ മെരുക്കുന്നവർ പറയുന്നത്. വന്യ സ്വഭാവങ്ങൾ മുഴുവനും കൈവെടിയാൻ അവനു ഒരിക്കലും കഴിയില്ലത്രേ. പച്ച ഇറച്ചിയാണ് അവനു പ്രിയം. അപരിചിതരെ കണ്ടാൽ ആക്രമിക്കാൻ അവൻ വാസന കാട്ടുന്നു. കോഴിക്കൂട്ടിൽ അവൻ അത്യാർത്തിയോടെ നോക്കി നിൽക്കും. ചിലപ്പോൾ കോഴികളെ പിടിക്കാനും ശ്രമിക്കാറുണ്ട്. ഒരിക്കൽ ഒരു മീൻപിടുത്തക്കാരന്റെ കയ്യിൽ നിന്ന് ഒരു പച്ച മീൻ തട്ടിയെടുത്ത് അവൻ അപ്പാടെ വിഴുങ്ങിക്കളഞ്ഞു. ബാലുവിന് നല്ല ഉറക്കം കിട്ടാറുണ്ട്. ഉറക്കത്തിനു മുമ്പ് അവൻ വന്യമൃഗങ്ങളെപ്പോലെ ശബ്ദങ്ങൾ പുറപ്പെടുവിക്കും. എത്ര കാലം പരിശീലനം കൊടുത്താലും അവനു സംസാരിക്കാൻ കഴിയില്ലെന്നാണു ഡോക്ടർമാർ പറയുന്നത്. എപ്പോഴും അവനെ ശ്രദ്ധിച്ചുകൊണ്ടിരിക്കണം. അവനിലെ വന്യമൃഗം എപ്പോഴാണു സടകുടഞ്ഞെഴുന്നേൽക്കുന്നതെന്നു പറയാൻ പറ്റില്ലല്ലോ.
ഏഴോ എട്ടോ കൊല്ലം ബാലു കരടികളോടൊപ്പമാണു വളർന്നത്. അവനെ കണ്ടു കിട്ടുമ്പോൾ മനുഷ്യരൂപമുണ്ടെന്നല്ലാതെ മനുഷ്യ സഹജമായ യാതൊന്നും അവനിൽ ഇല്ലായിരുന്നു.”
27-9-1978 ന്റെ മാതൃഭൂമി പത്രത്തിൽ ലക്നോയിൽനിന്നും വന്ന ഒരു വാർത്തയാണിത്. എന്റെ പത്രക്കട്ടിങ് ശേഖരത്തിലെ പഴക്കമുള്ള ഒരു വാർത്താ കട്ടിങ് . ഈ കുട്ടി പിന്നീട് അധികം താമസിയാതെ മരിച്ചു പോയി.
പരിഷ്കൃത മനുഷ്യർ വളർത്തുന്ന കുട്ടികൾ പരിഷ്കൃതമനുഷ്യരായി വളരുമെങ്കിലും ഒരു മൃഗീയ സാഹചര്യത്തിൽ ഒരു മനുഷ്യക്കുഞ്ഞു വളർന്നാൽ ആ കുട്ടി വെറും ഒരു മൃഗമനുഷ്യനായി മാത്രമേ മാറുകയുള്ളു എന്നത് തെളിയിക്കപ്പെട്ട സത്യമാണ്. സാഹചര്യങ്ങളും ചുറ്റുപാടുകളുമാണു നമ്മുടെ സംസ്കാരത്തെ നിർണയിക്കുന്നതെന്നു ചുരുക്കം.
മുസ്ലിം ചുറ്റുപാടിൽ വളരുന്ന ഒരു കുട്ടി –അവൻ ജനിച്ചത് എവിടെയായാലും ശരി- മുസ്ലിം കൾച്ചറ് സ്വായത്തമാക്കുന്നതും ക്രിസ്ത്യൻ കുടുംബത്തിൽ വളരുന്ന കുഞ്ഞിനു ക്രിസ്തീയ വിശ്വാസം പ്രിയപ്പെട്ടതാകുന്നതും ഹിന്ദു കുട്ടി ഹിന്ദുവായി വളരുന്നതുമൊക്കെ തികച്ചും സാഹചര്യങ്ങളുടെ സ്വാധീനത്താൽ മാത്രമാണ്. പോക്കറ്റടി കുലത്തൊഴിലക്കിയ ഒരു നാടോടി കുടുംബത്തിലെ കുട്ടിക്ക് അത് ഒരു സാധാരണ ഉപജീവനമാർഗ്ഗമാണെന്നു മാത്രമേ തോന്നുകയുള്ളു. വേശ്യാലയത്തിൽ ജനിച്ചു വളരുന്ന പെൺ കുട്ടി വേശ്യയകുന്നതിൽ എന്തെങ്കിലും അധാർമ്മികതയുഇള്ളതായി മനസ്സിലാക്കാൻ സാധ്യത കുറവാണ്.
വിശ്വാസങ്ങളും ആചാരങ്ങളുമൊക്കെ തങ്ങൾ വളരെയേറെ ആലോചിച്ച ശേഷം യുക്തിക്കു നിരക്കുന്നതാണെന്നു ബോധ്യപ്പെട്ടാണു വിശ്വസിക്കുന്നതെന്നൊക്കെ വിശ്വാസികൾ അവകാശപ്പെടാറുണ്ടെങ്കിലും അതു സത്യസന്ധമായ അവകാശവാദമല്ലെന്ന് ആർക്കും ബോധ്യപ്പെടും.
സദാചാര ബോധത്തിന്റെ സ്ഥിതിയും ഇതേ പോലെത്തന്നെയാണ്. നാം കണ്ടും കേട്ടും അനുഭവിച്ചും ശീലിച്ച കാര്യങ്ങളാണു നമുക്കു പ്രിയപ്പെട്ടതായി തോന്നുക. നമ്മുടെ ലോകത്തുനിന്നു പുറത്തു കടന്ന് സ്വതന്ത്രമായി ചിന്തിക്കാൻ നമ്മൾ ശ്രമിച്ചാൽ മാത്രമേ മറ്റൊരു സാഹചര്യത്തിൽ ജീവിക്കുന്നവരുടെ ചിന്തകളെയും സംസ്കാരത്തെയും നമുക്കു മനസ്സിലാക്കാൻ പോലും കഴിയൂ. അതാകട്ടെ വളരെ അസ്വാഭാവികവുമാണ്.
മനുഷ്യനു സവിശേഷമായ ഒരു ആത്മാവ് ഉണ്ടെന്ന വിശ്വാസവും അടിസ്ഥാനരഹിതമാണെന്ന് ഇത്തരം ദൃഷ്ടാന്തങ്ങൾ തെളിയിക്കുന്നു. ആത്മാവുണ്ടെങ്കിൽ ബാലു എന്ന കുട്ടിയുടെ ആത്മാവ് എന്തുകൊണ്ട് മനുഷ്യ സ്വഭാവം വീണ്ടെടുത്തില്ല?

Tuesday, October 13, 2009

മുഹമ്മദിന്റെ മറുപടി

മുഹമ്മദ് വേളം എന്റെ വിഷയാവതരണത്തിനു ശേഷം നടത്തിയ പ്രസംഗത്തിൽ പറഞ്ഞ ചില കാര്യങ്ങൾ കൂടി ചർച്ച ചെയ്യാം.

അദ്ദേഹം പ്രധാനമായും ആവർത്തിച്ചു പറഞ്ഞത് യുക്തിവാദികൾ , മതത്തിന്റെ സദാചാരത്തിൽ കുഴപ്പങ്ങളുണ്ട് എന്നു പറയുകയല്ലാതെ പകരം ഒരു സദാചാര മാതൃക മുന്നോട്ടു വെക്കുന്നില്ല എന്നായിരുന്നു. മലപ്പുറത്തെ സദാചാരത്തകർച്ചയും പാശ്ചാത്യ നാടുകളിലെ സദാചാരക്കുറവും രണ്ടു കാരണങ്ങളാലാണെന്നും അദ്ദേഹം വിശദീകരിച്ചു. ഇവിടെ മൂല്യച്യുതിയാണുള്ളത്. അവിടെ മൂല്യം തന്നെ മാറുകയാണ് എന്നായിരുന്നു വാദം.
യുക്തിവാദികളുടെ സദാചാര കാഴ്ചപ്പാടിനുള്ള ഉദാഹരണമായി ശ്രീ കെ വേണു അദ്ദേഹത്തിന്റെ ഭാര്യയോട് വേണമെങ്കിൽ മറ്റുള്ളവരുമായി ബന്ധപ്പെടാവുന്നതാണെന്നു പറഞ്ഞതായും എം പി പരമേശ്വരൻ അദ്ദേഹത്തിന്റെ നാലാം ലോകവാദത്തിൽ അങ്ങനെയൊക്കെയാവാം എന്നു സൂചിപ്പിച്ചതായും അദ്ദേഹം വിശദീകരിച്ചു.
വേശ്യാവൃത്തിയെക്കുറിച്ച് എന്താണു യുക്തിവദികളുടെ നിലപാടെന്നും ചോദിക്കുകയുണ്ടായി.
ഈ വക ചോദ്യങ്ങൾ പ്രതീക്ഷിക്കുന്നതുകൊണ്ടു തന്നെ ഇതിനെല്ലം മുൻ കൂറായി ഞാൻ മറുപടി പറഞ്ഞിരുന്നു. മറ്റൊന്നും പറയാൻ തയ്യാറെടുപ്പില്ലാത്തതുകൊണ്ടാണോ എന്നറിയില്ല, മറുപടി പറഞ്ഞ കാര്യങ്ങൾ തന്നെ വീണ്ടും ചോദിച്ചത്.

മറുപടി
സദാചാരത്തിന് ഒരു മാതൃകാ പട്ടിക തയ്യാറാക്കി വെക്കുക എന്ന രീതിക്കു തന്നെ എതിരാണു യുക്തിവാദം. കാരണം മനുഷ്യജീവിതം സദാ വികസിച്ചുകൊണ്ടും മാറിക്കൊണ്ടും ഇരിക്കുന്ന ഒന്നാണ്. അതിനാൽ തന്നെ സദാചാര സങ്കൽപ്പങ്ങളിലും കാലോചിതമായ പരിവർത്തനങ്ങൾ ഉണ്ടാകും. സദാചാരത്തിന് ഒരു മാനദണ്ഡം അവതരിപ്പിക്കാനല്ലാതെ ഇന്ന ഇന്ന കാര്യങ്ങളാണു സദാചാരം, എന്നും ഇന്ന ഇന്ന കാര്യങ്ങളാണു തിന്മകൾ എന്നും പട്ടികയുണ്ടാക്കുക സാധ്യമല്ല.

ഓരോ പ്രശ്നത്തെയും അതിന്റെ സാഹചര്യങ്ങളും പ്രത്യാഘാതങ്ങളുമെല്ലാം പരിഗണിച്ച് യുക്തിപൂർവ്വം ഒരു തീരുമാനം അതാതു സന്ദർഭങ്ങളിൽ സ്വീകരിക്കുക, അതിനൊരു പൊതു മാനദണ്ഡം അവലംബിക്കുക എന്നതാണു യുക്തിവാദത്തിന്റെ രീതി. ഒരേ പ്രവൃത്തി തന്നെ വിവിധ സാഹചര്യങ്ങളിൽ ശരിയും തെറ്റും ഗുരുതരമായ തെറ്റും ഒക്കെയായി മാറാം. ഉദാഹരണത്തിന് കൊലക്കു പകരം കൊല എന്നൊരു സദാചാരനിയമം പണ്ട് ഗോത്ര കാലങ്ങളിൽ ഉണ്ടായിരുന്നു. പ്രതിക്കൊല എന്ന രീതിയും ഉണ്ടായിരുന്നു. എന്നാൽ ആധുനിക നീതിശാസ്ത്രം ഒരു കൊലക്കുറ്റത്തിന്റെ സന്ദർഭവും സാഹചര്യവും മറ്റും സമഗ്രമായി വിലയിരുത്തിയ ശേഷം കുറ്റകൃത്യത്തിന്റെ ഗൌരവമനുസരിച്ചാണു ശിക്ഷ നിശ്ചയിക്കുന്നത്. കുറ്റം ചെയ്യാത്തവരെ പ്രതികാരത്തിന്റെ പേരിൽ ശിക്ഷിക്കണമെന്ന കുർ ആൻ വാക്യത്തിനു പോലും ഇന്ന് അർത്ഥവും വ്യാഖ്യാനവും മാറുന്നത് നമ്മുടെ നീതിബോധം മാറുന്നതിന്റെ ഫലമാണ്.

കൊലപാതകം പോലും ശരിയും തെറ്റും കൊടും പാതകവുമൊക്കെയാകുന്ന സന്ദർഭങ്ങളുണ്ട്. റുക്സാന എന്ന കാശ്മീരി പെൺ കുട്ടി നടത്തിയ കൊലപാതകം അവൾക്ക് ധീരതയ്ക്കുള്ള അവാർഡാണു സമ്മാനിച്ചത്.
മഞ്ചേരിയിൽ ഏതാനും വർഷങ്ങൾക്കുമുമ്പ് ക്രിഷ്ണപ്രിയ എന്ന ഒരു ഏഴാംക്ലാസുകാരി പെൺകുട്ടിയെ അയൽ വാസിയായ മുഹമ്മദ് കുറ്റിക്കാട്ടിൽ വെച്ച് ബലാത്സംഗം ചെയ്തു കൊന്നു. കേസിൽ ജാമ്യത്തിലിറങ്ങിയ കൊലയാളി ആ വീട്ടുകാരെ ശവത്തിൽ കുത്തുമ്പോലെ വീണ്ടും വെല്ലുവിളിക്കുകയും മറ്റും ചെയ്തു. സഹികെട്ട ആ അഛൻ തന്റെ പിഞ്ചു മകളുടെ കൊലയാളിയായ ആ ദുഷ്ടനെ നാടൻ തോക്കുകൊണ്ട് വെടിവെച്ചു കൊന്നു.
ഈ രണ്ടു കൊലപാതകവും ഒരേ ശിക്ഷയാണോ അർഹിക്കുന്നത്? അല്ല; കോടതി പോലും ആ പിതാവിന്റെ വികാരം മാനിച്ചുകൊണ്ടുള്ള ലഘു ശിക്ഷ മാത്രമേ അദ്ദേഹത്തിനു വിധിച്ചുള്ളു. അപ്പോൾ കൊലയ്ക്കു കൊല എന്ന മട്ടിൽ ഒരു സദാചാരനിയമം എഴുതിവെക്കുന്നതു ശരിയല്ല.
ആത്മരക്ഷാർത്ഥം ഒരാൾ മറ്റൊരു അക്രമിയെ കൊല്ലാനിടയായാൽ അയാളെ ഒരു കൊലയാളിയായി കാണാനാവുമോ?

ഏതു പ്രവൃത്തിയും ഇതേ രീതിയിൽ തന്നെയാണുള്ളത്. ഉദ്ദേശ്യം, സാഹചര്യം അനന്തരഫലം എന്നിവയൊക്കെ പരിഗണിച്ചുകൊണ്ടേ സദാചാരമോ ദുരാചാരമോ എന്നു നിശ്ചയിക്കാനാവൂ.
കെ വേണുവും അദ്ദേഹത്തിന്റെ ഭാര്യയും കൂടി മുഹമ്മദ് പറഞ്ഞതുപോലെ ഒരു തീരുമാനം എടുത്തിട്ടുണ്ടെങ്കിൽ അത് അവരെ മാത്രം ബാധിക്കുന്ന പ്രശ്നമാണ്. അതിൽ മറ്റാരും ഇടപെടേണ്ടതായി ഒന്നുമില്ല. അവരെ ആരും എറിഞ്ഞുകൊല്ലാൻ പോകേണ്ടതില്ല. മറിച്ച് അതിൽ ഒരാൾക്കു പരാതിയുണ്ടെങ്കിൽ അതു പരിശോധിക്കാവുന്നതും ഉചിതമായ അഭിപ്രായം പറയാവുന്നതുമാണ്.

വേശ്യാവൃത്തി കൊണ്ട് സമൂഹത്തിനു വല്ല ദോഷവും വരാനുണ്ടോ? ഉണ്ടെങ്കിൽ അതനുസരിച്ച് അതു തെറ്റാണെന്നോ ശരിയാണെന്നോ പറയാം. ഒരു സ്ത്രീ വേശ്യയാകുന്നത് അനേകം പുരുഷന്മാർ വേശ്യന്മാരായി അവളെ സമീപിക്കുമ്പോഴാണല്ലോ. ഇവിടെ സ്ത്രീ വേശ്യ മാത്രം കുറ്റക്കാരിയും മറ്റവന്മാരൊക്കെ മാന്യന്മാരുമായി നടക്കുന്നു. സാഹചര്യങ്ങളുടെ സമ്മർദ്ദം കൊണ്ടാണു പല സ്ത്രീകളും ആ നിലയിലെത്തിപ്പെടുന്നത്. അവരെ വേണ്ടും വണ്ണം ഉപയോഗിക്കുന്ന മാന്യന്മാർ പോലും അവരെ അനാവശ്യമായി പീഢിപ്പിക്കുന്നു. ഇതിനെതിരെയാണു ചില മനുഷ്യാവകാശപ്രവർത്തകർ ലൈംഗികത്തൊഴിലാളികളെ സഹായിക്കാനൊരുങ്ങുന്നത്. അതൊക്കെ യുക്തിവാദത്തിന്റെ സദാചരമായി വ്യാഖ്യാനിക്കുന്നവർ കഥയറിയാതെ ആട്ടം കാണുന്നവരാണ്.

വേശ്യാവൃത്തി ഉണ്ടാകുന്ന സാഹചര്യങ്ങളെ ശാസ്ത്രീയമാർഗ്ഗത്തിലൂടെ ഇല്ലായ്മ ചെയ്യുകയാണാദ്യം വേണ്ടത്.
പാശ്ചാത്യനാടുകളിൽ മൂല്യസങ്കൽപ്പങ്ങൾ തന്നെ മാറുകയാണ് ഇവിടെ മൂല്യം തകരുന്നേയുള്ളു എന്ന വിലാപം പരിഹാസ്യമായ ഒന്നാണ്. ഇങ്ങനെ തകർന്നടിയുന്ന മൂല്യം നിലനിർത്തുന്നതിനേക്കാൾ നല്ലത് ആ മൂല്യങ്ങളിൽ കാലോചിതമായ മാറ്റങ്ങൾ ഉണ്ടാകുന്നതു തന്നെയല്ലേ? പാശ്ചാത്യരുടെ മൂല്യം അവർക്കു കുഴപ്പമില്ലെങ്കിൽ നാം എന്തിനതിൽ വേവലാതിപ്പെടണം? അതു കൊണ്ടുള്ള കുഴപ്പങ്ങൾ ഇവിടെ ഉള്ള മൂല്യം തകരുന്നതിനേക്കാൾ കുറവാണെങ്കിൽ അതല്ലേ കൂടുതൽ നല്ലത്? അതും ഇതും അല്ലാത്ത ഒരു നല്ല മൂല്യസങ്കൽപ്പത്തെകുറിച്ചും നമുക്കു സ്വതന്ത്രമായി ചിന്തിക്കാമല്ലോ.
MUSLIMS ARE THE VICTIMS OF 'ISLAM' !

30 വര്‍ഷത്തിലേറെക്കാലമായി ഒരു ലക്കം പോലും മുടങ്ങാതെ പ്രസിദ്ധീകരിക്കുന്നു

30 വര്‍ഷത്തിലേറെക്കാലമായി ഒരു ലക്കം പോലും മുടങ്ങാതെ പ്രസിദ്ധീകരിക്കുന്നു
ഏ വി ജോസ് , കുറ്റിപ്പുഴ നഗര്‍ , തൃശ്ശൂര്‍.