Friday, October 16, 2009

കരടി വളർത്തിയ മനുഷ്യക്കുഞ്ഞ് !

….മദർ തെരേസ നടത്തുന്ന ഭൂതദയാ മന്ദിരത്തിൽ പാർക്കുന്ന ‘കരടി വളർത്തിയ ആൺ കുട്ടി’ പത്ര ലേഖകനെ കണ്ടപ്പോൾ തൊഴു കയ്യോടെ അഭിവാദ്യം ചെയ്തു.
ഒമ്പതുകാരനയ ബാലു പിന്നീട് മിഴികൾ അങ്ങോട്ടുമിങ്ങോട്ടും ചലിപ്പിച്ച് എന്തോ മുരണ്ടതേയുള്ളു. അവൻ സംസാരിച്ചില്ല. ചില ശബ്ദങ്ങൾ പുറപ്പെടുവിക്കുക മാത്രം ചെയ്തു. പത്ര ലേഖകൻ പേനയും കടലാസും കയ്യിലെടുത്തപ്പോൾ അവനൊരു കരടിയെപ്പോലെ ചാടി വീഴാൻ തയ്യാറെടുത്തു. അവനെ മെരുക്കിക്കൊണ്ടിരിക്കുന്ന ആൾ തടുത്തപ്പോൾ വൈമനസ്യത്തോടെയെങ്കിലും അവൻ അനുസരിച്ചു.
ശൈശവത്തിൽ ഒരു വന്യമൃഗത്തിന്റെ കയ്യിൽ അകപ്പെട്ട ബാലുവിനെ സുൽത്താൻപൂർ ജില്ലയിലുള്ള ഒരു കരടിക്കൂട്ടിൽ നിന്ന് ഒരു കൊല്ലം മുമ്പാണു ചില ഗ്രാമീണർ കണ്ടു പിടിച്ചത്. അവർ അവനെ നേരെ കൊണ്ടു വന്ന് മദർ തെരേസ നടത്തുന്ന മന്ദിരത്തിലാക്കി. അവിടെ അവൻ ഇപ്പോൾ സിസ്റ്റെർ അന്റോണിയുടെ പരിലാളനത്തിൽ വളരുകയാണ്.
ഇവിടെ എത്തിയതിനു ശേഷം ബാലുവിന്റെ ആരോഗ്യം മെച്ചപ്പെട്ടിട്ടുണ്ട്. മനുഷ്യരെപ്പോലെ ഭക്ഷണം കഴിക്കാൻ അവൻ പഠിച്ചു. ആവശ്യങ്ങൾ അറിയിക്കാൻ ചില കൈ മുദ്രകളും അവൻ വശമാക്കി. പക്ഷെ തികച്ചും ഒരു സാധാരണ മനുഷ്യനെപ്പോലെ ആയിത്തീരുന്നതിന് സാധ്യത കുറവാണെന്നാണു അവനെ മെരുക്കുന്നവർ പറയുന്നത്. വന്യ സ്വഭാവങ്ങൾ മുഴുവനും കൈവെടിയാൻ അവനു ഒരിക്കലും കഴിയില്ലത്രേ. പച്ച ഇറച്ചിയാണ് അവനു പ്രിയം. അപരിചിതരെ കണ്ടാൽ ആക്രമിക്കാൻ അവൻ വാസന കാട്ടുന്നു. കോഴിക്കൂട്ടിൽ അവൻ അത്യാർത്തിയോടെ നോക്കി നിൽക്കും. ചിലപ്പോൾ കോഴികളെ പിടിക്കാനും ശ്രമിക്കാറുണ്ട്. ഒരിക്കൽ ഒരു മീൻപിടുത്തക്കാരന്റെ കയ്യിൽ നിന്ന് ഒരു പച്ച മീൻ തട്ടിയെടുത്ത് അവൻ അപ്പാടെ വിഴുങ്ങിക്കളഞ്ഞു. ബാലുവിന് നല്ല ഉറക്കം കിട്ടാറുണ്ട്. ഉറക്കത്തിനു മുമ്പ് അവൻ വന്യമൃഗങ്ങളെപ്പോലെ ശബ്ദങ്ങൾ പുറപ്പെടുവിക്കും. എത്ര കാലം പരിശീലനം കൊടുത്താലും അവനു സംസാരിക്കാൻ കഴിയില്ലെന്നാണു ഡോക്ടർമാർ പറയുന്നത്. എപ്പോഴും അവനെ ശ്രദ്ധിച്ചുകൊണ്ടിരിക്കണം. അവനിലെ വന്യമൃഗം എപ്പോഴാണു സടകുടഞ്ഞെഴുന്നേൽക്കുന്നതെന്നു പറയാൻ പറ്റില്ലല്ലോ.
ഏഴോ എട്ടോ കൊല്ലം ബാലു കരടികളോടൊപ്പമാണു വളർന്നത്. അവനെ കണ്ടു കിട്ടുമ്പോൾ മനുഷ്യരൂപമുണ്ടെന്നല്ലാതെ മനുഷ്യ സഹജമായ യാതൊന്നും അവനിൽ ഇല്ലായിരുന്നു.”
27-9-1978 ന്റെ മാതൃഭൂമി പത്രത്തിൽ ലക്നോയിൽനിന്നും വന്ന ഒരു വാർത്തയാണിത്. എന്റെ പത്രക്കട്ടിങ് ശേഖരത്തിലെ പഴക്കമുള്ള ഒരു വാർത്താ കട്ടിങ് . ഈ കുട്ടി പിന്നീട് അധികം താമസിയാതെ മരിച്ചു പോയി.
പരിഷ്കൃത മനുഷ്യർ വളർത്തുന്ന കുട്ടികൾ പരിഷ്കൃതമനുഷ്യരായി വളരുമെങ്കിലും ഒരു മൃഗീയ സാഹചര്യത്തിൽ ഒരു മനുഷ്യക്കുഞ്ഞു വളർന്നാൽ ആ കുട്ടി വെറും ഒരു മൃഗമനുഷ്യനായി മാത്രമേ മാറുകയുള്ളു എന്നത് തെളിയിക്കപ്പെട്ട സത്യമാണ്. സാഹചര്യങ്ങളും ചുറ്റുപാടുകളുമാണു നമ്മുടെ സംസ്കാരത്തെ നിർണയിക്കുന്നതെന്നു ചുരുക്കം.
മുസ്ലിം ചുറ്റുപാടിൽ വളരുന്ന ഒരു കുട്ടി –അവൻ ജനിച്ചത് എവിടെയായാലും ശരി- മുസ്ലിം കൾച്ചറ് സ്വായത്തമാക്കുന്നതും ക്രിസ്ത്യൻ കുടുംബത്തിൽ വളരുന്ന കുഞ്ഞിനു ക്രിസ്തീയ വിശ്വാസം പ്രിയപ്പെട്ടതാകുന്നതും ഹിന്ദു കുട്ടി ഹിന്ദുവായി വളരുന്നതുമൊക്കെ തികച്ചും സാഹചര്യങ്ങളുടെ സ്വാധീനത്താൽ മാത്രമാണ്. പോക്കറ്റടി കുലത്തൊഴിലക്കിയ ഒരു നാടോടി കുടുംബത്തിലെ കുട്ടിക്ക് അത് ഒരു സാധാരണ ഉപജീവനമാർഗ്ഗമാണെന്നു മാത്രമേ തോന്നുകയുള്ളു. വേശ്യാലയത്തിൽ ജനിച്ചു വളരുന്ന പെൺ കുട്ടി വേശ്യയകുന്നതിൽ എന്തെങ്കിലും അധാർമ്മികതയുഇള്ളതായി മനസ്സിലാക്കാൻ സാധ്യത കുറവാണ്.
വിശ്വാസങ്ങളും ആചാരങ്ങളുമൊക്കെ തങ്ങൾ വളരെയേറെ ആലോചിച്ച ശേഷം യുക്തിക്കു നിരക്കുന്നതാണെന്നു ബോധ്യപ്പെട്ടാണു വിശ്വസിക്കുന്നതെന്നൊക്കെ വിശ്വാസികൾ അവകാശപ്പെടാറുണ്ടെങ്കിലും അതു സത്യസന്ധമായ അവകാശവാദമല്ലെന്ന് ആർക്കും ബോധ്യപ്പെടും.
സദാചാര ബോധത്തിന്റെ സ്ഥിതിയും ഇതേ പോലെത്തന്നെയാണ്. നാം കണ്ടും കേട്ടും അനുഭവിച്ചും ശീലിച്ച കാര്യങ്ങളാണു നമുക്കു പ്രിയപ്പെട്ടതായി തോന്നുക. നമ്മുടെ ലോകത്തുനിന്നു പുറത്തു കടന്ന് സ്വതന്ത്രമായി ചിന്തിക്കാൻ നമ്മൾ ശ്രമിച്ചാൽ മാത്രമേ മറ്റൊരു സാഹചര്യത്തിൽ ജീവിക്കുന്നവരുടെ ചിന്തകളെയും സംസ്കാരത്തെയും നമുക്കു മനസ്സിലാക്കാൻ പോലും കഴിയൂ. അതാകട്ടെ വളരെ അസ്വാഭാവികവുമാണ്.
മനുഷ്യനു സവിശേഷമായ ഒരു ആത്മാവ് ഉണ്ടെന്ന വിശ്വാസവും അടിസ്ഥാനരഹിതമാണെന്ന് ഇത്തരം ദൃഷ്ടാന്തങ്ങൾ തെളിയിക്കുന്നു. ആത്മാവുണ്ടെങ്കിൽ ബാലു എന്ന കുട്ടിയുടെ ആത്മാവ് എന്തുകൊണ്ട് മനുഷ്യ സ്വഭാവം വീണ്ടെടുത്തില്ല?

4 comments:

ea jabbar said...

മതവിശ്വാസം പിഞ്ചു കുഞ്ഞുങ്ങളുടെ കുരുന്നു തലച്ചോറിലേക്കാണു കുത്തിവെക്കപ്പെടുന്നത്. അതു തന്നെയാണു വിശ്വാസങ്ങളുടെ മാനസികസ്വാധീനത്തിന്റെ ബലതന്ത്രവും. സ്വതന്ത്രമായി വളർന്ന ഒരു കുഞ്ഞിനെ പ്രായപൂർത്തിയായതിനു ശേഷം ഏതു മതക്കാരനു വിട്ടു കൊടുത്താലും അവരുടെ വിശ്വാസങ്ങളെ കണ്ണും പൂട്ടി വിഴുങ്ങാൻ കുട്ടി തയ്യാറാവുകയില്ല.

Unknown said...

മതം മാത്രമല്ല. സംസ്കാരം മൊത്തം ചെറുപ്പത്തിലേ ഉണ്ടാക്കിയെടുക്കുന്ന ഒന്നാണ്. ഉദാഹരണത്തിന് ഈ നിമിഷം വരെ എനിക്ക് മീന്‍ കറി കൂട്ടാന്‍ പറ്റിയിട്ടില്ല. കാരണം അതിനു വല്ലാത്ത നാറ്റം തോന്നും എന്നത് തന്നെ.

അതായത് നിങ്ങള്‍ മണമെന്നു കരുതുന്ന പലതും എനിക്ക് ഓക്കാനം വരുതുന്നതും നാറ്റവുമാണ്.

chithrakaran:ചിത്രകാരന്‍ said...

വളരെ നല്ലൊരു സംഭവത്തിലൂടെ മതവാദങ്ങളുടെ നിരര്‍ത്ഥകത വിശദീകരിച്ചിരിക്കുന്നു.

നിസ്സഹായന്‍ said...

മനുഷ്യന്റെ രൂപീകരണം തികച്ചും സാഹചര്യങ്ങള്‍ക്കും ചുറ്റുപാടുകള്‍ക്കും ശീലങ്ങള്‍ക്കും വിധേയമായി മാത്രമാണെന്ന സത്യം വെളിപ്പെടുത്തുന്ന പോസ്റ്റ്!! (കഴിയുമെങ്കില്‍ പപ്പര്‍ കട്ടിംഗും പ്രസിദ്ധീകരിക്കുക.) അഭിനന്ദനങ്ങള്‍ !

MUSLIMS ARE THE VICTIMS OF 'ISLAM' !

30 വര്‍ഷത്തിലേറെക്കാലമായി ഒരു ലക്കം പോലും മുടങ്ങാതെ പ്രസിദ്ധീകരിക്കുന്നു

30 വര്‍ഷത്തിലേറെക്കാലമായി ഒരു ലക്കം പോലും മുടങ്ങാതെ പ്രസിദ്ധീകരിക്കുന്നു
ഏ വി ജോസ് , കുറ്റിപ്പുഴ നഗര്‍ , തൃശ്ശൂര്‍.