റമസാന്‍ അവധിക്ക് കുര്‍ ആന്‍ വായിക്കുക എന്ന ശീലം ഞാന്‍ ഇപ്പോഴും തുടരുന്നു. അക്കാലത്തു പ്രത്യേകിച്ചു മറ്റു പരിപാടികള്‍ ഒന്നും ഇല്ലാത്തതിനാല്‍ ഏകാന്തത കിട്ടും. ഈ ശീലം തുടങ്ങിയതില്‍ പിന്നെ ഫലിതബിന്ദുക്കള്‍ വായിക്കാറില്ല. ആവശ്യത്തിലേറെ ചിരിക്കാന്‍ വക ഈ കിതാബില്‍ തന്നെയുണ്ടെന്നതിനാല്‍ !
ഇപ്പോള്‍ ഞാന്‍ വായിക്കുന്നത്
5ആം അധ്യായം അല്‍ മാഇദ .
പ്രവാചകന്‍ വിടവാങ്ങല്‍ പ്രസംഗം നടത്തിയ സന്ദര്‍ഭത്തില്‍ ഇറങ്ങിയ സുപ്രധാനമായ ചില നിയമങ്ങളും ചട്ടങ്ങളുമാണു തുടക്കത്തില്‍ വിവരിക്കുന്നത്. ഹറാമും ഹലാലും ആയ കാര്യങ്ങള്‍ . എന്തെല്ലാം ഭക്ഷിക്കാം. എന്തൊക്കെ ഭക്ഷിച്ചു കൂടാ , ഇതാണു വിഷയം. ഇതാ രണ്ടു സൂക്തങ്ങള്‍ :
-
തങ്ങള്‍ക്ക് അനുവദിക്കപ്പെട്ടിട്ടുള്ളത് എന്തൊക്കെയാണെന്ന് അവര്‍ നിന്നോട് ചോദിക്കും. പറയുക: നല്ല വസ്തുക്കളെല്ലാം നിങ്ങള്‍ക്ക് അനുവദിക്കപ്പെട്ടിരിക്കുന്നു. അല്ലാഹു നിങ്ങള്‍ക്ക് നല്‍കിയ വിദ്യ ഉപയോഗിച്ച് നായാട്ട് പരിശീലിപ്പിക്കാറുള്ള രീതിയില്‍ നിങ്ങള്‍ പഠിപ്പിച്ചെടുത്ത ഏതെങ്കിലും വേട്ടമൃഗം നിങ്ങള്‍ക്ക് വേണ്ടി പിടിച്ച് കൊണ്ടുവന്നതില്‍ നിന്ന് നിങ്ങള്‍ തിന്നുകൊള്ളുക. ആ ഉരുവിന്‍റെ മേല്‍ നിങ്ങള്‍ അല്ലാഹുവിന്‍റെ നാമം ഉച്ചരിക്കുകയും ചെയ്യുക. നിങ്ങള്‍ അല്ലാഹുവെ സൂക്ഷിക്കുക. തീര്‍ച്ചയായും അല്ലാഹു അതിവേഗം കണക്ക് നോക്കുന്നവനാകുന്നു.
എല്ലാ നല്ല വസ്തുക്കളും ഇന്ന് നിങ്ങള്‍ക്ക് അനുവദിക്കപ്പെട്ടിരിക്കുന്നു. വേദം നല്‍കപ്പെട്ടവരുടെ ഭക്ഷണം നിങ്ങള്‍ക്ക് അനുവദനീയമാണ്. നിങ്ങളുടെ ഭക്ഷണം അവര്‍ക്കും അനുവദനീയമാണ്. സത്യവിശ്വാസിനികളില്‍ നിന്നുള്ള പതിവ്രതകളായ സ്ത്രീകളും, നിങ്ങള്‍ക്ക് മുമ്പ് വേദം നല്‍കപ്പെട്ടവരില്‍ നിന്നുള്ള പതിവ്രതകളായ സ്ത്രീകളും - നിങ്ങള വര്‍ക്ക് വിവാഹമൂല്യം നല്‍കിക്കഴിഞ്ഞിട്ടുണ്ടെങ്കില്‍ - ( നിങ്ങള്‍ക്ക് അനുവദിക്കപ്പെട്ടിരിക്കുന്നു. ) നിങ്ങള്‍ വൈവാഹിക ജീവിതത്തില്‍ ഒതുങ്ങി നില്‍ക്കുന്നവരായിരിക്കണം. വ്യഭിചാരത്തില്‍ ഏര്‍പെടുന്നവരാകരുത്. രഹസ്യവേഴ്ചക്കാരെ സ്വീകരിക്കുന്നവരുമാകരുത്. സത്യവിശ്വാസത്തെ ആരെങ്കിലും തള്ളിക്കളയുന്ന പക്ഷം അവന്‍റെ കര്‍മ്മം നിഷ്ഫലമായിക്കഴിഞ്ഞു. പരലോകത്ത് അവന്‍ നഷ്ടം പറ്റിയവരുടെ കൂട്ടത്തിലായിരിക്കുകയും ചെയ്യും.
-------------
ലോകാവസാനം വരേക്കുള്ള മനുഷ്യരാശിക്കാകമാനം മാര്‍ഗ്ഗനിര്‍ദേശം നല്‍കാനായി പ്രപഞ്ച സൃഷ്ടിക്കു മുമ്പേ പ്രപഞ്ച നാഥന്‍ ഒരു കിതാബില്‍ രേഖപ്പെടുത്തി വെച്ച ഇമ്മിണി വല്യ രണ്ടു കാര്യങ്ങളാണിത്.
വേട്ട നായ കടിച്ചു കൊണ്ടു വന്ന ജന്തുവിനെ തിന്നാം, ബിസ്മി ചൊല്ലിയാല്‍ മതി. ഇതാണു ഒന്നാമത്തെ നിര്‍ദേശം. മുഫസ്സിറുകളും കര്‍മ്മശാസ്ത്രവിശാരദരും ഈ സൂക്തം തലനാരിഴ കീറി പരിശോധിച്ചപ്പോള്‍ എന്തുണ്ടായി? ദീനില്‍ നാലഞ്ചു ഗ്രൂപ്പുകള്‍ ഇതിന്റെ പേരില്‍ തന്നെ തര്‍ക്കം തുടങ്ങി. തീരുമാനമാകാതെ അവര്‍ പല മദ് ഹബുകളിലായി ഇന്നും വേറിട്ടു നില്‍ക്കുന്നു. നമ്മുടെ മുജാഹിദ് വ്യാഖ്യാതാവിന്റെ വരികള്‍ നോക്കുക :- ഇവിടെ “പണ്ഡിതന്മാര്‍ക്കിടയില്‍ ഭിന്നാഭിപ്രായങ്ങളുണ്ട്.
1. പരിശീലിപ്പിക്കപ്പെട്ട വേട്ടമൃഗത്തെ ഉരുവിന്റെ അടുത്തേക്കു വിടുമ്പോള്‍ ബിസ്മി ചൊല്ലണം.
2.പിടിച്ചു കൊണ്ടു വന്ന ജന്തുവിനെ അറുക്കുമ്പോളാണു ബിസ്മി ചൊല്ലേണ്ടത്.
3.ആ മാംസം തിന്നുമ്പോള്‍ ബിസ്മി ചൊല്ലിയാല്‍ മതി.
ഈ മൂനഭിപ്രായക്കാര്‍ക്കും അനുകൂലമായ ഹദീസുകള്‍ അവരവര്‍ ഉദ്ധരിക്കുന്നുമുണ്ട്...”
ഇനി രണ്ടാമത്തെ നിര്‍ദേശം നോക്കാം. വേദക്കാര്‍ കഴിക്കുന്ന ആഹാരം ഹലാലാണെന്നു പറഞ്ഞതിലുമുണ്ട് ഗുരുതരമായ അഭിപ്രായവ്യത്യാസം. ഇതാ: “വേദക്കാര്‍ അറുക്കുമ്പോള്‍ അല്ലാഹുവിന്റെ നാമം പറഞ്ഞിരിക്കണമെന്നുണ്ടോ? ഇല്ലേ? അല്ലെങ്കില്‍ അല്ലാഹു അല്ലാത്ത ആരുടെയെങ്കിലും നാമങ്ങള്‍ പറഞ്ഞ് ആരെങ്കിലും അറുത്തതായാലും മതിയോ? ഇല്ലേ ? എന്നൊന്നും അല്ലാഹു വ്യക്തമാക്കിയിട്ടില്ല. അതുകൊണ്ട് ഈ വിഷയത്തില്‍ ഭിന്നാഭിപ്രായങ്ങളുണ്ട് താനും.
അലാഹുവിന്റെ നാമത്തിലല്ലാതെ യേശു , ഉസൈര്‍ മുതലായവരുടെ നാമത്തില്‍ അറുത്താല്‍ അതു ഭക്ഷിക്കാന്‍ പാടില്ല എന്നാണ് ഇബ്നു ഉമര്‍ റബീ അ മുതലായവരുടെ അഭിപ്രായം. അതാ അ, ശ അബീ മുതലായവരുടെ അഭിപ്രായത്തില്‍ അതു ഭക്ഷിക്കുന്നതില്‍ തെറ്റില്ല. അവര്‍ അറുത്തു തിന്നുന്ന ഭക്ഷണം അല്ലാഹു നമുക്കും അനുവദിച്ചു തന്നിരിക്കുന്നു, അറുക്കുമ്പോല്‍ അവര്‍ ആരുടെ നാമങ്ങളാണു പറയുക എന്ന് ആല്ലാഹുവിനറിയാമല്ലോ എന്നതാണിവരുടെ ന്യായം. അറുക്കുമ്പോള്‍ അവര്‍ അല്ലാഹുവല്ലാത്തവരുടെ നാമം ഉച്ചരിക്കുന്നതു കേട്ടാല്‍ ഹറാമും കേട്ടില്ലെങ്കില്‍ ഹലാലും എന്നാണു ഹസന്റെ പക്ഷം. ....” ഇങ്ങനെ പോകുന്നു വ്യാഖ്യാനങ്ങള്‍ !
ഇത് ഒരു അറവിന്റെ കാര്യത്തില്‍ മാത്രമല്ല, കുര്‍ ആനില്‍ നിര്‍ദേശിക്കുന്ന ഒട്ടു മിക്ക കാര്യങ്ങളുടെയും സ്ഥിതി ഇതാണ്. ഇത്തരം കാര്യങ്ങളിലുള്ള തര്‍ക്കമാണു മുസ്ലിം സമുദായത്തെ കാക്കത്തൊള്ളായിരം മദ് ഹബുകളായും ഗ്രൂപ്പുകളായും ഭിന്നിപ്പിച്ചു നിര്‍ത്തുന്നത്.
സാമാന്യ ബുദ്ധി മരവിച്ചിട്ടില്ലാത്തവര്‍ക്ക് കുര്‍ ആനിന്റെ ദൈവീകതയുടെ പൊള്ളത്തരം മനസ്സിലാക്കാന്‍ ഇതു മതി ദൃഷ്ടാന്തം. ഒരു നിസ്സാര കാര്യം പോലും തന്റെ സൃഷ്ടികള്‍ക്ക് നേരെ ചൊവ്വെ പറഞ്ഞു കൊടുക്കാനുള്ള വെളിവു പോലും പ്രകടിപ്പിക്കാത്ത ഒരു ദൈവമോ ????