Wednesday, December 16, 2009

ചിന്തകനും ലതീഫും കണ്ണടച്ചിരുട്ടാക്കുന്നു !


ജബ്ബാര്‍ മാഷെ ബ്ലോഗില്‍ നമുക്കെല്ലാം സുപരിചിതനാണ്. യുക്തിവാദി സംഘത്തിന്റെ ഒരു സമുന്നത നേതാവ് കൂടിയാണദ്ദേഹം. സ്വയം അവകാശപെടുന്നതനുസരിച്ച് അദ്ദേഹം ഇസ് ലാം മതം ഉപേക്ഷിച്ച് യുക്തിവാദി സംഘത്തില്‍ ചേര്‍ന്നതാണ്. എന്ത് കൊണ്ടാണ് അദ്ദേഹം ഇസ് ലാം മതം ഉപേക്ഷിച്ചത് എന്ന് അദ്ദേഹം പലതവണ വ്യക്തമാക്കിയിട്ടുണ്ട്. ഇത് സംബന്ധമായി അദ്ദേഹത്തിന്റെ ബ്ലോഗുകള്‍ നാമെല്ലാവരും വായിക്കാറുമുണ്ട്.

അദ്ദേഹത്തിന്റെ ശൈലിയില്‍ അത്പം വിയോജിപ്പുണ്ടെങ്കിലും, തീര്‍ച്ചയായും, അദ്ദേഹം അങ്ങിനെയായിതീരാനുള്ള കാരണങ്ങളെ മുഖവിലക്കെടുക്കേണ്ടതും അതില്‍ വല്ല സത്യാവസ്ഥയുമുണ്ടെങ്കില്‍ ഗൌരവതരമായി കാണേണ്ടതുണ്ടെന്നും ഞാന്‍ കരുതുന്നു. മാത്രമല്ല അദ്ദേഹത്തെ അനുകൂലിക്കുന്നവര്‍ക്കും പ്രതികൂലിക്കുന്നവര്‍ക്കുമെല്ലാം ഇതിന്റെ പിന്നിലെ യാഥാര്‍ഥ്യം ബോധ്യമാവേണ്ടതുണ്ട്.

പ്രധാനമായും അദ്ദേഹം ഇതിന് നിരത്തുന്ന കാരണങ്ങളില്‍ ഒന്ന് ഇസ് ലാമിന്റെ പ്രചാരമാണ്. ഇസ് ലാം പ്രചരിച്ചത് അതിക്രൂരവും പൈശാചികവുമായ വംശഹത്യകള്‍ നടത്തിക്കൊണ്ടാണെന്നാണ് ഖുര്‍ ആനും ഹദീസും(പ്രവാചക വചനം) എല്ലാം അടിസ്ഥാനമാക്കി അദ്ദേഹം തെളിവുകള്‍ നിരത്തുന്നു. ഇത്തരത്തിലാണ് ഇസ് ലാം പ്രചരിച്ചതെങ്കില്‍, യാതൊരു സംശയവുമില്ലാത്തവിധം, വളരെ തെറ്റായ കാര്യം തന്നെയാണത്. പ്രവാചകന്റെ വിവാഹങ്ങളാണ് മറ്റൊരു പ്രധാന കാരണമായി അദ്ദേഹം പറയുന്നത്.

ഇതിന്റെ സത്യവാസ്തകള്‍ അറിയാവുന്നത് കൊണ്ടോ മറ്റോ വിശ്വാസികളായ പലരും അദ്ദേഹത്തിന്റെ വാദങ്ങളെ കാര്യമായി പരിഗാണിക്കാറോ അതിന് മറുപടി പറയാറൊ ഇല്ല. എനിക്ക് പോലും പലപ്പോഴും തോന്നിയത് മന:പൂര്‍വ്വമായി അദ്ദേഹം ഇല്ലാത്ത കാര്യങ്ങള്‍ ചമച്ച് അതിനെ വിമര്‍ശിക്കുകയാണ് ചെയ്യുന്നത് എന്നാണ്.
ജബ്ബാര്‍ മാഷിന്റെ ശൈലി എന്ത് തന്നെയായാലും, ആരോപണങ്ങളെ ഗൌരവമായി തന്നെ എടുത്ത് കൊണ്ട്, വാദങ്ങള്‍ക്ക് സത്യന്ധമായ രീതിയില്‍ മറുപടി നല്‍കാനുള്ള ശ്രമത്തിലാണ് സി.കെ ലത്തീഫ് എന്ന പുതു ബ്ലോഗര്‍.

------------------------------------------------------------------------------------------------------
എന്റെ ബ്ലോഗില്‍ നിന്നും വിട പറഞ്ഞു പോയ ‘ചിന്തകന്‍ ’
 തന്റെ സ്വന്തം ബ്ലോഗില്‍ പോസ്റ്റ് ചെയ്ത
“ജബ്ബാര്‍ മാഷ് എന്ത് കൊണ്ട് മത നിഷേധി ആയി?”
എന്ന പോസ്റ്റില്‍ നിന്നാണു മേല്‍ ഉദ്ധരിച്ചിട്ടുള്ള ത്.
സി കെ ലതീഫും ഇപ്പോള്‍ സ്വന്തം ബ്ലോഗില്‍ എനിക്കു മറുപടി എഴുതുന്നുണ്ട്. വളരെ സന്തോഷമുള്ള കാര്യം തന്നെ. ആരോഗ്യകരമായ ഒരു ചര്‍ച്ച സ്വാഗതാര്‍ഹമാണ്. ഇവിടെ ചിന്തകനും ലതീഫും കൂടി എന്റെ വിമര്‍ശനങ്ങള്‍ക്കു മറുപടി പറയാനായി കണ്ടെത്തിയ ഒരു സൂത്രം വായനക്കാര്‍ ശ്രദ്ധിച്ചിരിക്കുമല്ലോ. ഞാന്‍ ഇസ്ലാം ഉപേക്ഷിച്ച് യുക്തിവാദിയായതിന്റെ പ്രധാന കാരണം പ്രവാചകന്‍ കുറെ കല്യാണം കഴിച്ചതും ഇസ്ലാം യുദ്ധത്തിലൂടെ പ്രചരിക്കപ്പെട്ടു എന്ന ചരിത്രവുമാണത്രേ!
 എന്റെ ബ്ലോഗില്‍ ഇതു വരെ പോസ്റ്റ് ചെയ്ത ലേഖനങ്ങള്‍ സമഗ്രമായി പരിശോധിക്കുന്ന ആര്‍ക്കും ഈ ആരോപണത്തിന്റെ നിരര്‍ത്ഥകത വ്യക്തമാകും. ആക്രമണത്തിലൂടെയാണു മതം പ്രചരിപ്പിച്ചതെന്നു ഞാന്‍ വിമര്‍ശനമുന്നയിച്ചിട്ടുണ്ട് എന്നതു ശരിയാണ്. പക്ഷെ അക്കാരണം കൊണ്ടു മാത്രമാണു ഞാന്‍ മതവിശ്വാസം ഉപേക്ഷിച്ചതെന്ന് പറഞ്ഞിട്ടില്ല. മതവിശ്വാസത്തില്‍ നിന്നും എന്നെ വഴി തിരിച്ചത് ഖുര്‍ ആന്‍ എന്ന “ദൈവീക ഗ്രന്ഥം” ആണെന്നു ഞാന്‍ പലതവണ വ്യക്തമാക്കിയതാണ്.
ഞാന്‍ എന്തുകൊണ്ട് ‘മുസ്ലിം’ അല്ല എന്ന പേരില്‍ എന്റെ ഒരു പുസ്തകം ഏതാനും വര്‍ഷങ്ങള്‍ക്കു മുമ്പു പ്രസിദ്ധീകരിച്ചിട്ടുണ്ട്. ആ പുസ്തകത്തില്‍ ഇപ്പറഞ്ഞ രണ്ടു കാര്യങ്ങളും പരാമര്‍ശിച്ചിട്ടേയില്ല. അതിലെ ഉള്ളടക്കം താഴെ പറയുന്ന ഉപ ശീര്‍ഷകങ്ങളിലായാണു വിവരിച്ചിട്ടുള്ളത്.

വിശ്വാസത്തിന്റെ യുക്തി,
അല്ലാഹു എന്ന ദൈവം,
അല്ലാഹുവിന് അമളി പറ്റി,
കാരുണ്യവാനോ ക്രൂര വിനോദക്കാരനോ?,
ശാസ്ത്ര സത്യങ്ങളും മത വെളിപാടുകളും,
അറബികളുടെ അന്ധവിശ്വാസങ്ങള്‍ ഖുര്‍ ആനിലും ഹദീസിലും,
ശരീ അത്തും ആധുനിക സമൂഹവും,
കൊലപാതകത്തിനു പ്രതിക്രിയ,
കിരാതമായ ശിക്ഷാമുറകള്‍ ,
സ്ത്രീ വെറും ഉപകരണം,
ബലാത്സംഗത്തിനും വ്യഭിചാരത്തിനും നാലു സാക്ഷികള്‍ ,
ലൈംഗിക സദാചാരം ഇസ്ലാമില്‍ ‍,
ഇദ്ദ ; മറ്റൊരു ഗോത്രാചാരം
എന്നിങ്ങനെയാണ്.
ആദ്യമായി കുര്‍ ആന്‍ വായിച്ചപ്പോള്‍ , അതില്‍ വായിച്ച ,യുക്തിക്കു നിരക്കാത്ത വൈരുദ്ധ്യങ്ങളും മൂഡവിശ്വാസങ്ങളും ശാസ്ത്ര വസ്തുതകള്‍ക്കു വിരുദ്ധമായ വിഡ്ഡിത്തങ്ങളും നീതിക്കും മനുഷ്യത്വത്തിനും നിരക്കാത്ത ഗോത്രാചാരങ്ങളും പ്രാകൃതമായ ഗോത്ര സദാചാരവുമൊക്കെയാണ് എന്റെ വിശ്വാസത്തില്‍ കത്തി വെച്ചത്. അക്കാര്യങ്ങളൊക്കെത്തന്നെയാണു ഞാന്‍ ബ്ലോഗിലും ഇതു വരെ എഴുതിക്കൊണ്ടിരുന്നത്.
നബിക്കു കുറെ ഭാര്യമാരുണ്ടായിരുന്നു എന്നത് ഞാന്‍ ഒരു ഗൌരവമുള്ള കാര്യമായി പരിഗണിച്ചിട്ടില്ല. എന്തുകൊണ്ടെന്നാല്‍ അക്കാലത്ത് അതൊന്നും അത്ര വലിയ കാര്യമായിരുന്നില്ല. എന്നാല്‍ ഈ മഹാ പ്രപഞ്ചം സൃഷ്ടിച്ചു പരിപാലിക്കുന്ന ഒരു മഹാ ദൈവം മുഹമ്മദിന്റെ ഭാര്യമാരുടെ അടുക്കള‍ വഴക്കു തീര്‍ക്കാനും മറ്റും വെളിപാടിറക്കി എന്നു പറയുന്ന വിഡ്ഡിത്തം എനിക്കുള്‍ക്കൊള്ളാനായില്ല.
അന്യ മതക്കാരെ വെറുക്കാനും കൊല്ലാനുമൊക്കെ പറഞ്ഞത് എല്ലാ കാല‍ത്തേക്കുമുള്ള പൊതു നിര്‍ദ്ദേശങ്ങളല്ല എന്നും അത് അക്കാലത്തെ യുദ്ധ സാഹചര്യങ്ങളില്‍ മുഹമ്മദ് സന്ദര്‍ഭാനുസാരം പറഞ്ഞതാണെന്നും മനസ്സിലാക്കാന്‍ സാമാന്യ ബുദ്ധി മതി. ലതീഫ് ഇപ്പോള്‍ അതു ബോധ്യപ്പെടുത്താനാണു ബുദ്ധിമുട്ടുന്നത്. പക്ഷെ പ്രശ്നം അതല്ല ലതീഫേ. ആറാം നൂറ്റാണ്ടിലെ പ്രാകൃത ഗോത്രകാരായ ആ മനുഷ്യര്‍ പരസ്പരം വാളും കുന്തവുമെടുത്തു യുദ്ധം ചെയ്തപ്പോള്‍ ഈ ദൈവവും അവരോടൊപ്പം ഗോത്രയുദ്ധങ്ങളില്‍ പങ്കു ചേര്‍ന്നു എന്ന കുര്‍ ആനിലെ മണ്ടത്തരമാണു വിശ്വസിക്കാനാവാത്തത്. ഒരു ഞൊടൊയിട കൊണ്ട് ഈ മഹാ പ്രപഞ്ചം സൃഷ്ടിക്കാനും സംഹരിക്കാനും കഴിവുള്ള സര്‍വ്വശക്തന്‍ മനുഷ്യരോട് കുന്തമെടുത്ത് യുദ്ധം ചെയ്യാനും വാളെടുത്ത് കഴുത്തു വെട്ടാനുമൊക്കെ മെനക്കെട്ടുവെന്ന പരിഹാസ്യവും ബാലിശവുമായ വാദമാണു വിശ്വസിക്കാന്‍ കൊള്ളാത്തത്.
ആ അറബികള്‍ യുദ്ധത്തിലേര്‍പ്പെട്ട സമയത്ത് ആക്രമത്തിനു പിരി കയറ്റാനായി പറഞ്ഞ കാര്യങ്ങളൊക്കെ പ്രപഞ്ചം സൃഷ്ടിക്കും മുമ്പെ എഴുതപ്പെട്ട , സര്‍വ്വ കാലപ്രസക്തമായ ദിവ്യ വെളിപാടുകളാണെന്നു പറയുമ്പോഴാണു പ്രശ്നം ഗുരുതരമാകുന്നത്. ഇതൊക്കെ ഇന്നും മുസ്ലിംങ്ങള്‍ പാലിക്കേണ്ട പൊതു നിയമങ്ങളാണെന്നു ധരിക്കാനും അതു വഴി അന്യ മതകരുടെ നേരെ അക്രമത്തിനു പുറപ്പെടാനുമൊക്കെ അതു കാരണമാകും. ദൈവം എന്ന സങ്കല്‍പ്പത്തെ കുറെക്കൂടി വലുതായി കാണാന്‍ ശ്രമിക്കണമെന്നാണു ഞാന്‍ പറയാന്‍ ശ്രമിക്കുന്നത്. അങ്ങനെ കണ്ടാല്‍ മതം അര്‍ത്ഥ ശൂന്യമാണെന്നും മതത്തിന്റെ പേരിലുള്ള ഈ സംഘര്‍ഷങ്ങളും വൈരാഗ്യങ്ങളുമൊക്കെ ബാലിശമാണെന്നും മനസ്സിലാകും. അത്രയെങ്കിലും ഉള്‍ക്കൊള്ളാന്‍ ശ്രമിക്കുക എന്നേ പറയാനുള്ളു.

24 comments:

ea jabbar said...

ദൈവം എന്ന സങ്കല്‍പ്പത്തെ കുറെക്കൂടി വലുതായി കാണാന്‍ ശ്രമിക്കണമെന്നാണു ഞാന്‍ പറയാന്‍ ശ്രമിക്കുന്നത്. അങ്ങനെ കണ്ടാല്‍ മതം അര്‍ത്ഥ ശൂന്യമാണെന്നും മതത്തിന്റെ പേരിലുള്ള ഈ സംഘര്‍ഷങ്ങളും വൈരാഗ്യങ്ങളുമൊക്കെ ബാലിശമാണെന്നും മനസ്സിലാകും. അത്രയെങ്കിലും ഉള്‍ക്കൊള്ളാന്‍ ശ്രമിക്കുക എന്നേ പറയാനുള്ളു.

ea jabbar said...

ഇതിന്റെ സത്യവാസ്തകള്‍ അറിയാവുന്നത് കൊണ്ടോ മറ്റോ വിശ്വാസികളായ പലരും അദ്ദേഹത്തിന്റെ വാദങ്ങളെ കാര്യമായി പരിഗാണിക്കാറോ അതിന് മറുപടി പറയാറൊ ഇല്ല.

സത്യാവസ്ഥകള്‍ നന്നായി അറിയുന്നവര്‍ക്ക് മൌനം അവലംബിക്കേണ്ടി വരുന്നു .. !
മതത്തെ അറിയുക; പ്രമാണങ്ങളിലൂടെ !!!

നന്ദന said...

സി കെ ലത്തീഫും ചിന്തകനും മറ്റു മുസ്ലിം ചെറുപ്പക്കാരും ഇതിനു മറുപടി കൊടുക്കണം!
കൊടുക്കുമെന്ന വിശ്വാസത്തോടെ ..
ഇതുപോലുള്ള ശക്തമായ ചോദ്യങ്ങള്‍ക്ക് മറുപടികൊടുക്കാന്‍ ഓരോ മതത്തിന്‍റെ പ്രചാരകര്‍ക്കും ബാധ്യതയില്ലേ?

പാര്‍ത്ഥന്‍ said...

ചർച്ചയിലൂടെ സത്യം പുറത്തു വരട്ടെ.

സുശീല്‍ കുമാര്‍ said...

മുജാഹിദുകാരുടെയും, ജമാ അത്തുകാരുടെയും, (അഹമ്മദീയരുടെയും) അമുസ്ലിംകള്‍ക്കു വേണ്ടിയുള്ള സൗജന്യ പുസ്തക ലൈബ്രറികളില്‍ തപാല്‍ മുഖേന വരിക്കാരനായിട്ടാണ്‌ ഞാന്‍ ആദ്യമായി ഇസ്ലാമിക പുസ്തകങ്ങളുമായി ബന്ധപ്പെടുന്നത്. അവ അമുസ്ലിംകളെ ഇസ്ലാം മതവുമായി പരിചയപ്പെടുത്താനും ഇസ്ലാമിലേക്ക്‌ ആകര്‍ഷിക്കാനുമായി വളരെ മയപ്പെടുത്തിയും പുതിയ വ്യാഖ്യാനങ്ങള്‍ ചമച്ചുമൊക്കെയാണ്‌ എഴുതപ്പെട്ടിട്ടുള്ളതെങ്കിലും അതിലെ അശാസ്ത്രീയതകള്‍ കണ്ട് അവര്‍ക്ക്‌ എഴുതിയിട്ടും മറുപടി കിട്ടാതെ വന്നപ്പോളാണ്‌ യുക്തിരേഖയില്‍ ആദ്യമായി അതിനെക്കുറിച്ച് ഞാന്‍ എഴുതാന്‍ ഇടവന്നത്. അതിന്‌ ജമാ അത്ത് നേതാവ് ശ്രീ. ദവൂദ് യുക്തിരേഖയില്‍ എഴുതിയ മറുപടി എനിക്ക് ഒട്ടും തൃപ്തികരമായി തോന്നിയില്ല. അങ്ങനെയാണ്‌ ഒ അബ്ദുറഹ്മാന്റെ 'യുക്തിവാദികളും ഇസ്ലാമും' മൗദൂദിയുടെ ഇസ്ലാം അടക്കമുള്ള പുസ്തകങ്ങള്‍ ഞാന്‍ വായിക്കുന്നത്.

ഒരു യുക്തിവാദി ക്യാമ്പില്‍ വെച്ച് ജബ്ബാര്‍ മാഷോട് ആരോ ഒരാള്‍ ചോദിച്ച ചോദ്യത്തിന്‌ മാഷ് നല്‍കിയ മറുപടി പലരെയും അല്‍ഭുതപ്പെടുത്തിയെങ്കിലും എന്നെ ഒട്ടും അല്‍ഭുതപ്പെടുത്തിയില്ല.
ചോദ്യം ഇതായിരുന്നു:" ഇസ്ലാമിന്റെ ഇരുമ്പു മറയ്ക്കുള്ളില്‍നിന്ന് മാഷ് എങ്ങനെയാണ്‌ പുറത്തുവന്നത്?"
മാഷുടെ ഉത്തരം: "ഖുര്‍ ആന്‍ വായിച്ചിട്ട്"

ഇസ്ലാം മതത്തെക്കുറിച്ചുള്ള എന്റെ കാഴ്ച്ചപ്പാടുകള്‍ രൂപപ്പെടുത്തിയത് യുക്തിവാദികള്‍ രചിച്ച പുസ്തകങ്ങളൊന്നുമല്ല, അതിനേക്കാളുപരി ഇസ്ലാമിനെ പരിചയപ്പെടുത്താന്‍ അതിന്റെ വക്താക്കള്‍ രചിച്ച് വിതരണം ചെയ്യുന്ന പുസ്തകങ്ങള്‍ തന്നെയാണ്‌. പിന്നെ അവര്‍ തന്നെ ഇറക്കിയ ഖുര്‍ ആന്‍ പരിഭാഷകളും.

കൃസ്തുമത പ്രചരണാര്‍ത്ഥം അവര്‍ പ്രസിദ്ധീകരിക്കുന്ന ബൈബിള്‍ ഉള്‍പ്പെടെയുള്ള പുസ്തകങ്ങളും ഇതുപോലെ അവര്‍ ഉദ്ധേശിക്കുന്നതിന്റെ നേര്‍ വിപരീതഫലം ചെയ്യുന്നുണ്ട് എന്നാണ്‌ എനിക്കു തോന്നിയിട്ടുള്ളത്.

ലത്തീഫും, ചിന്തകനും കാര്യങ്ങളെ വസ്തുനിഷ്ടമായി വിലയിരുത്തുന്നതിനുപകരം അവരുടെ വിശ്വാസത്തിനനുസരിച്ച് ആത്മനിഷ്ടമായി വിലയിരുത്തുന്നതായിട്ടാണ്‌ കണ്ടുവരുന്നത്. അതിനവരെ കുറ്റം പറഞ്ഞിട്ട് കാര്യമില്ലെങ്കിലും അതു ചെരിപ്പിനനുസരിച്ച് കാലുമുറിക്കുന്ന ഏര്‍പാടാണെന്നു പറയാതെ വയ്യ.

arivu thedi said...

താങ്കള്‍ പുസ്തകങ്ങല്‍ വായിച്ച്‌ യുക്തി വാദി ആയി എന്നു പറയുന്നു. അതു പോലെ ഈ പുസ്തകങ്ങള്‍ തന്നെ വായിച്‌ എത്രെയോ യുക്തിവാദികള്‍ മുസ്ളിമും ആയിട്ടുണ്ട്‌. അതിനു വളരെ ദൂരം ഒന്നും പോകണ്ട. ഓര്‍ക്കുന്നില്ലേ ഡോ. എം. ഉസ്മാനെ. ഇമ്മിണി വല്യ യുക്തി വാദിയായിരുന്നു. പിന്നീടെന്തായി? യുക്തി വാദികളുടെ പൊള്ളത്തരം പൊളിചു കാട്ടലായിരുന്നു അദ്ദേഹത്തിണ്റ്റെ ശിഷ്ട കാല ജീവിതം. അതു പോലെ ഇപ്പോഴും ജീവിച്ചിരിക്കുന്ന മറ്റൊരു വ്യക്തിയാണു അഡ്യ്വ്കെറ്റ്‌ മായിന്‍ കുട്ടി മേത്തര്‍. അങ്ങിനെ ഒരു പാട്‌ ഉദാഹരണങ്ങളുണ്ട്‌ ചരിത്രത്തില്‍. അതിനിടയില്‍ ഒരു ജബ്ബാര്‍, സൈദ്മുഹമ്മദ്‌, സുശില്‍കുമാര്‍ എന്നിവര്‍ തിരിച്‌ നടന്നത്‌ വലിയ കാര്യമൊന്നുമല്ല.

പാര്‍ത്ഥന്‍ said...

കിണറ്റിലേയ്ക്ക് വീഴുകയോ തള്ളിയിടുകയോ ആവാം. അവിടന്നു കയറി രക്ഷപ്പെടൽ ശ്രമകരമാണ്.

CKLatheef said...

വിശുദ്ധഖുര്‍ആനിലെ അഹ്‌സാബ് അധ്യായത്തെപ്പറ്റി ജബ്ബാര്‍ മാഷ് പറഞ്ഞത്:

'ഈ അധ്യായത്തിലെ ഏതാനും വെളിപാടുകള്‍ എന്നെ ഒരു അവിശ്വാസിയാക്കുന്നതില്‍ വലിയ പങ്കു വഹിച്ചിട്ടുണ്ട്.'

'എന്നെ ഒരു അവിശ്വാസിയാക്കിയതില്‍ മുഖ്യ പങ്കു വഹിച്ചത് ഈ അധ്യായമാണ്!'

അതുവായിച്ച് എന്റെ നാട്ടുകാരന്‍ സൈതുമുഹമ്മദ് പറഞ്ഞത്:

'അൽ അഹ്സാബ് വായിച്ചാ‍ാണു ഞാനും യുക്തിവാദിയായത്.
ജബ്ബാർമാഷിന്റെ പരിശ്രമങ്ങൾക്കു പിന്തുണനൽകാൻ ഇനി ഞാനും'


ഈ രണ്ട് അഭിപ്രായങ്ങളും വായിച്ചപ്പോള്‍ ആ അധ്യായത്തിലുള്ള വിവാദവിധേയമാക്കാറുള്ള സംഭവങ്ങളിലൊന്ന ബനൂഖുറൈളയുമായി ബന്ധപ്പെട്ട ചരിത്രം നെറ്റ് വായനക്കായി ലഭ്യമാക്കണം എന്ന് ഞാന്‍ എടുത്തുദ്ധരിച്ചപ്പോള്‍ ഞാന്‍ പറഞ്ഞു:

'അത് വെച്ച് പറഞ്ഞാല്‍ യുക്തിവാദി നേതാവായ ഇ.എ. ജബ്ബാര്‍ യുക്തിവാദിയായി മാറുന്നതിന് കാരണമായി പറഞ്ഞ മൂന്ന് കാര്യങ്ങളില്‍ ഒന്ന് ... സ്ത്രീകളുമായി ലൈംഗികബന്ധമാവാം എന്നതും. മൂന്നാമത്തേത്. സൂറത്തുല്‍ അഹാസാബും. ചുരുക്കിപ്പറഞ്ഞാല്‍ ബനൂഖുറൈള സംഭവം തന്നെ പ്രധാനമായും. കാരണം സൂറത്തുല്‍ അഹ്‌സാബിന്റെ പരാമര്‍ശവും കാര്യമായി ഇതുമായി ബന്ധപ്പെട്ടതാണല്ലോ.'

ഇതേക്കുറിച്ച് ചിന്തകന്‍ തന്റെ പോസ്റ്റില്‍ പറഞ്ഞപ്പോള്‍ അതിങ്ങനെ:

'പ്രധാനമായും അദ്ദേഹം ഇതിന് നിരത്തുന്ന കാരണങ്ങളില്‍ ഒന്ന് ഇസ് ലാമിന്റെ പ്രചാരമാണ്. .......പ്രവാചകന്റെ വിവാഹങ്ങളാണ് മറ്റൊരു പ്രധാന കാരണമായി അദ്ദേഹം പറയുന്നത്.'

ഞാന്‍ മനസ്സിലാക്കിയിടത്തോളം ഇക്കാര്യത്തില്‍ ഞനോ ചിന്തകനോ ഒരു സൂത്രവും പ്രയോഗിച്ചിട്ടില്ല. അദ്ദേഹത്തിന്റെ പുസ്തകത്തിനല്ല ഇവിടെ ആരും അഭിപ്രായം പറയുന്നത് അതിന്റെ ഉള്ളടക്കം പരിശോധിക്കേണ്ട ആവശ്യവുമില്ല. അതിനാല്‍ ഇവിടെ വല്ല സൂത്രവും പ്രയോഗിച്ചിട്ടുണ്ടെങ്കില്‍ മാഷ് തന്നെയാണ്. കാരണം സൂറത്തുല്‍ അഹ്‌സാബാണ് മുഖ്യകാരണം എന്ന കമന്റിലൂടെ.

CKLatheef said...

@Nandana
'ഇതുപോലുള്ള ശക്തമായ ചോദ്യങ്ങള്‍ക്ക് മറുപടികൊടുക്കാന്‍ ഓരോ മതത്തിന്‍റെ പ്രചാരകര്‍ക്കും ബാധ്യതയില്ലേ?'

ഇവിടെ മാഷ് ഉന്നയിച്ച ശക്തമായ ചോദ്യങ്ങളേതൊക്കെയെന്ന് വ്യക്തമാക്കാമോ. മാഷ് ചോദ്യങ്ങള്‍ ചോദിക്കുന്നതിന് അറിയുന്നതിനോ മറുപടിപറയുന്നതിന് വേണ്ടിയോ അല്ല എന്നാണ് ഞാന്‍ മനസ്സിലാക്കിയിട്ടുള്ളത്. ഒരു തരം പരിഹാഹമേ അതുകൊണ്ടുദ്ദേശിക്കുന്നുള്ളൂ. എന്തുകൊണ്ടാണ് മാഷിന് മറുപടി നല്‍കാന്‍ വല്ലാതെ മിനക്കെടാത്തത് എന്നത് ഇസ്്‌ലാമിനെക്കുറിച്ച് പഠിച്ചവര്‍ക്കറിയാം. പരിഹാരം മാഷ് അധികമൊന്നും ഞങ്ങളുടെ ബ്ലോഗില്‍ വന്ന് ചര്‍ചയില്‍ പങ്കെടുക്കാത്തത് പോലെ. ഞാനും എന്നെപോലെ ഇസ്്‌ലാമിനെ പ്രതിനിധീകരിച്ചെഴുത്തുന്നവരും അവരവര്‍ക്ക് പറയാനുള്ള തങ്ങളുടെ ബ്ലോഗില്‍ പറഞ്ഞുപോകുന്നു. താങ്കള്‍ക്ക് പഠിക്കാന്‍ ആത്മാര്‍ഥമായ ശ്രമമുണ്ടെങ്കില്‍ അവിടെ ചര്‍ചയില്‍ പങ്കെടുക്കാമല്ലോ.

CKLatheef said...

'ലത്തീഫും, ചിന്തകനും കാര്യങ്ങളെ വസ്തുനിഷ്ടമായി വിലയിരുത്തുന്നതിനുപകരം അവരുടെ വിശ്വാസത്തിനനുസരിച്ച് ആത്മനിഷ്ടമായി വിലയിരുത്തുന്നതായിട്ടാണ്‌ കണ്ടുവരുന്നത്. അതിനവരെ കുറ്റം പറഞ്ഞിട്ട് കാര്യമില്ലെങ്കിലും അതു ചെരിപ്പിനനുസരിച്ച് കാലുമുറിക്കുന്ന ഏര്‍പാടാണെന്നു പറയാതെ വയ്യ.'

പ്രിയ സുശീല്‍ കുമാര്‍,

ഓരോരുത്തരും ചെയ്യുന്നത് അതുതന്നെയാണ്. അഥവാ അവരവരുടെ വിശ്വാസത്തിനനുസരിച്ച് ആത്മനിഷ്ഠമായി വിലയിരുത്തുക. ജബ്ബാര്‍മാഷും താങ്കളുമൊക്കെ അറിഞ്ഞോ അറിയാതെയോ ചെയ്യുന്നത് അതുതന്നെയല്ലേ. വസ്തുനിഷ്ഠമല്ല എന്ന വാദത്തോട് എനിക്ക് യോജിക്കാനാവില്ല. കാരണം കൂടുതല്‍ അഭിപ്രായ പ്രകടനങ്ങളില്ലെങ്കിലും മോശമല്ലാത്ത വായനക്കാര്‍ അതിനുണ്ട്. വസ്തുനിഷ്ഠമല്ലാത്ത വല്ലതും ഞാനോ ചിന്തകനോ പറഞ്ഞിട്ടുണ്ടെങ്കില്‍ അവര്‍ അതിനെ എതിര്‍ക്കുമായിരുന്നു. താങ്കളതിന് കുറ്റം പറയുന്നില്ലങ്കിലും ചെരിപ്പിനൊത്ത് കാല്‍ മുറിക്കുകയാണ് എന്ന പ്രയോഗം ഒരു തരം കുറ്റപ്പെടുത്തലുതന്നെയാണല്ലോ. എന്നില്‍ നിന്ന് നിങ്ങള്‍ പ്രതീക്ഷിക്കേണ്ടത് എന്റെ വിശ്വാസത്തിലും ദര്‍ശനത്തിലും ഊന്നിനിന്നുള്ള മറുപടിയാണ്. എനിക്ക് തോന്നിയത് പറയുകയാണെങ്കില്‍ അതിനെന്തുവില.

CKLatheef said...

'ഒരു യുക്തിവാദി ക്യാമ്പില്‍ വെച്ച് ജബ്ബാര്‍ മാഷോട് ആരോ ഒരാള്‍ ചോദിച്ച ചോദ്യത്തിന്‌ മാഷ് നല്‍കിയ മറുപടി പലരെയും അല്‍ഭുതപ്പെടുത്തിയെങ്കിലും എന്നെ ഒട്ടും അല്‍ഭുതപ്പെടുത്തിയില്ല.
ചോദ്യം ഇതായിരുന്നു:" ഇസ്ലാമിന്റെ ഇരുമ്പു മറയ്ക്കുള്ളില്‍നിന്ന് മാഷ് എങ്ങനെയാണ്‌ പുറത്തുവന്നത്?"
മാഷുടെ ഉത്തരം: "ഖുര്‍ ആന്‍ വായിച്ചിട്ട്"'

താങ്കള്‍ അത്ഭുതപ്പെടാത്തത് താങ്കളും മാഷെപ്പോലെ തെറ്റായി ഖുര്‍ആനിനെ വായിച്ചത് കൊണ്ടാണ്. ആ ഉത്തരത്തില്‍ ഞാങ്ങളും അത്ഭുതപ്പെടുകയില്ല. കാരണം ഖുര്‍ആന്‍ പറയുന്നു.

'കൊതുകിനെയോ അതിനെക്കാള്‍ നിസ്സാര വസ്തുക്കളെയോ ഉപമയാക്കാന്‍ അല്ലാഹു ഒട്ടും ലജ്ജിക്കുന്നില്ല. സത്യം അംഗീകരിക്കുന്നവരാകട്ടെ, ആ ഉപമകള്‍ കണ്ട്, അത് തങ്ങളുടെ റബ്ബിങ്കല്‍നിന്നുള്ള സത്യമെന്നറിയുന്നു. നിഷേധികളോ, അവ കേള്‍ക്കുമ്പോള്‍ പറയുന്നത്, 'ഇത്തരം ഉപമകള്‍കൊണ്ട് അല്ലാഹുവിനെന്തുകാര്യം?' എന്നത്രെ. ഇവ്വിധം ഒരേ വചനത്തിലൂടെതന്നെ അല്ലാഹു പെരുത്തുപേരെ വഴികേടിലാക്കുകയും പെരുത്തുപേരെ നേര്‍വഴിയിലേക്ക് നയിക്കുകയും ചെയ്യുന്നു. എന്നാല്‍ അവന്‍ വഴികേടിലകപ്പെടുത്തുന്നത് ധിക്കാരികളെ മാത്രമാകുന്നു; അല്ലാഹുവുമായുള്ള പ്രതിജ്ഞ ഉറപ്പിച്ചശേഷം ലംഘിക്കുകയും അല്ലാഹു കൂട്ടിച്ചേര്‍ക്കാനാജ്ഞാപിച്ചതിനെ വെട്ടിമുറിക്കുകയും ഭൂമിയില്‍ നാശമുണ്ടാക്കുകയും ചെയ്യുന്ന ധിക്കാരികളെ. അവര്‍ തീര്‍ച്ചയായും നഷ്ടം ഭവിച്ചവരാകുന്നു.' (2:26-27)

CKLatheef said...

@Suseel Kumar

'മുജാഹിദുകാരുടെയും, ജമാ അത്തുകാരുടെയും, (അഹമ്മദീയരുടെയും) അമുസ്ലിംകള്‍ക്കു വേണ്ടിയുള്ള സൗജന്യ പുസ്തക ലൈബ്രറികളില്‍ തപാല്‍ മുഖേന വരിക്കാരനായിട്ടാണ്‌ ഞാന്‍ ആദ്യമായി ഇസ്ലാമിക പുസ്തകങ്ങളുമായി ബന്ധപ്പെടുന്നത്.'

ഈ ബ്രാക്കറ്റിന്റെ ആവശ്യം മനസ്സിലായില്ല.

CKLatheef said...

'ഇസ്ലാം മതത്തെക്കുറിച്ചുള്ള എന്റെ കാഴ്ച്ചപ്പാടുകള്‍ രൂപപ്പെടുത്തിയത് യുക്തിവാദികള്‍ രചിച്ച പുസ്തകങ്ങളൊന്നുമല്ല, അതിനേക്കാളുപരി ഇസ്ലാമിനെ പരിചയപ്പെടുത്താന്‍ അതിന്റെ വക്താക്കള്‍ രചിച്ച് വിതരണം ചെയ്യുന്ന പുസ്തകങ്ങള്‍ തന്നെയാണ്‌. പിന്നെ അവര്‍ തന്നെ ഇറക്കിയ ഖുര്‍ ആന്‍ പരിഭാഷകളും.'

മുന്‍ധാരണകള്‍ വെച്ച് ഏത് പുസ്തകം വായിച്ചാലും തന്റെ ധാരണകളെ ന്യായീകരിക്കുന്നവ മാത്രമേ അതില്‍ കണ്ടെത്താന്‍ കഴിയൂ. അതിനാല്‍ താങ്കളുടെ പ്രസ്താവനയില്‍ അത്ഭുതത്തിനവകാശമില്ല.

CKLatheef said...

@eajabbar

'സത്യാവസ്ഥകള്‍ നന്നായി അറിയുന്നവര്‍ക്ക് മൌനം അവലംബിക്കേണ്ടി വരുന്നു .. !
മതത്തെ അറിയുക; പ്രമാണങ്ങളിലൂടെ !!!'

ചിലപ്പോള്‍ മൗനം പാലിക്കുന്നത് ഉത്തരങ്ങള്‍ ലഭിക്കാത്തതുകൊണ്ടല്ല എന്ന് നിങ്ങള്‍ക്കെങ്കിലും അറിയാമെന്ന് കരുതുന്നു. മതത്തെ അറിയുക പ്രമാണങ്ങളിലൂടെ എന്നതിന് അടിവരയിടുന്നു. ഒരു കാര്യത്തെക്കുറിച്ചുള്ള സത്യാവസ്ഥയറിയാന്‍ അതിന്റെ വിമര്‍ശകരിലൂടെ സാധിക്കുമോ????.

CKLatheef said...

@Parthan

'ചർച്ചയിലൂടെ സത്യം പുറത്തു വരട്ടെ.'

സത്യം പുറത്തുവരും എങ്കിലും തുറന്നുപിടിച്ച കണ്ണും മനസ്സുമുള്ളവര്‍ക്കേ അത് കാണാന്‍ കഴിയൂ.

CKLatheef said...

@Parthan

'കിണറ്റിലേയ്ക്ക് വീഴുകയോ തള്ളിയിടുകയോ ആവാം. അവിടന്നു കയറി രക്ഷപ്പെടൽ ശ്രമകരമാണ്.'

ശരിയാണ് പാര്‍ത്ഥന്‍ എങ്കിലും താങ്കള്‍ക്ക് ശ്രമിച്ചാല്‍ പുറത്ത് വരാവുന്നതേയുള്ളൂ. രണ്ട് വര്‍ഷം ഇസ്്‌ലാമിനെക്കുറിച്ചറിയാന്‍ ജബ്ബാര്‍മാഷിന്റെ ബ്ലോഗ് വായിച്ചെങ്കില്‍ ചുരുങ്ങിയത് നാല് വര്‍ഷമെങ്കിലും നിരന്തരം അതിന്റെ അനുയായികളില്‍ നിന്ന് പഠിച്ചാലെ തെറ്റിദ്ധാരണയെങ്കിലും തീര്‍ക്കാനാവൂ.

CKLatheef said...

ഈ പോസ്റ്റ് വളരെ മുമ്പ് തന്നെ ശ്രദ്ധിച്ചിരുന്നെങ്കിലും എന്നെക്കാള്‍ ഇതിന് മറുപടി പറയേണ്ടത് ചിന്തകനാണ് എന്നതുകൊണ്ടാണ് ഞാനിത് വരെ നിശഃബ്ദത പാലിച്ചത്. ചിന്തകന്‍ തന്റെ ബ്ലോഗിലെങ്കിലും ഒരു മറുകുറിപ്പെഴുതും എന്ന് ഞാന്‍ പ്രതീക്ഷിച്ചു. പക്ഷേ എന്നേക്കാള്‍ വളരെമുമ്പ് ജബ്ബാര്‍ മാഷിന് മറുപടി പറഞ്ഞുപരിചയമുള്ള ചിന്തകന്‍ അപ്രകാരം പറഞ്ഞതുകൊണ്ട് കാര്യമില്ല എന്ന് തീരുമാനിച്ചതുപോലെ തോന്നിയതുകൊണ്ടാണ് ഞാന്‍ അവിവേകത്തിന് തുനിഞ്ഞത്.

CKLatheef said...

'ദൈവം എന്ന സങ്കല്‍പ്പത്തെ കുറെക്കൂടി വലുതായി കാണാന്‍ ശ്രമിക്കണമെന്നാണു ഞാന്‍ പറയാന്‍ ശ്രമിക്കുന്നത്.'

ഒരു ശ്രമം ഞാന്‍ നടത്തുന്നുണ്ട് പക്ഷേ യുക്തിവാദികളും വിശ്വാസകളുമൊന്നും മൗനത്തിന്റെ പുറംതോട് പൊട്ടിക്കാത്തതുകൊണ്ട് എനിക്ക് പറയാനുള്ളത് പറഞ്ഞവസാനിപ്പിക്കാം എന്ന് തോന്നുന്നു.

ചിന്തകന്‍ said...

ചിന്തകന്‍ തന്റെ ബ്ലോഗിലെങ്കിലും ഒരു മറുകുറിപ്പെഴുതും എന്ന് ഞാന്‍ പ്രതീക്ഷിച്ചു. പക്ഷേ എന്നേക്കാള്‍ വളരെമുമ്പ് ജബ്ബാര്‍ മാഷിന് മറുപടി പറഞ്ഞുപരിചയമുള്ള ചിന്തകന്‍ അപ്രകാരം പറഞ്ഞതുകൊണ്ട് കാര്യമില്ല

പ്രിയ ലത്തീഫ്
മിനിമം സത്യ സന്ധതയെങ്കിലും പുലര്‍ത്തുന്നവരോട് മാത്രമേ സംവദിക്കുന്നതില്‍ കാര്യമുള്ളൂ.

CKLatheef said...

@ ചിന്തകന്‍

അല്ലാഹു ഈ ഉദാഹരണങ്ങള്‍ നല്‍കുന്നത് ജനം അതില്‍ നിന്ന് പാഠമുള്‍ക്കൊള്ളേണടതിനാകുന്നു.

ea jabbar said...

ലതീഫിനു വീണ്ടും സ്വാഗതം.

അഹ്സാബ് എന്ന അധ്യായം കുര്‍ ആനിന്റെ ഉറവിടം മുഹമ്മദിന്റെ മനസ്സു മാത്രമാണെന്ന് ഏതു മന്ദ ബുദ്ധിയേയും ബോധ്യപ്പെടുത്തുന്ന ഒന്നാണ്. ആ അധ്യായത്തിലെ യുദ്ധ വിഷയമോ പെണ്ണു കെട്ടലോ അല്ല കാര്യം ലതീഫേ ! സ്വന്തം ഭാര്യമാരുമായി കുറേ പേര്‍ സൊറയും പറഞ്ഞ് തന്റെ വീട്ടില്‍ ചുറ്റിപ്പറ്റി നില്‍ക്കുമ്പോള്‍ അവരോട് പോകാന്‍ പറയുന്നതു പോലും അല്ലാഹുവിന്റെ ഭാഷയിലാണ് ! പ്രപഞ്ചമുണ്ടാക്കി പരിപാലിക്കുന്ന ദൈവത്തെ ഇങ്ങനെ കൊച്ചാക്കിയതു ശരിയാണോ ? ആ അധ്യായത്തിന്റെ പൂര്‍ണ രൂപം ചര്‍ച്ച ചെയ്യുന്നേടത്ത് ആരെയും കണ്ടില്ലല്ലോ .

നിസ്സഹായന്‍ said...

യഥാര്‍ത്ഥത്തില്‍ ചിന്തകനോടും ലത്തീഫിനോടും വായിട്ടലച്ചിട്ട് വല്ല കാര്യവുമുണ്ടോ ?! കുടത്തിനുള്ളില്‍ തലപെട്ടുപോയ മൃഗത്തെ പോലെ കുടത്തിനുള്ളിലെ ഇരുട്ടു മുഴുവവന്‍ എല്ലാവരെയും കൊണ്ട് അംഗീകരിപ്പിക്കാന്‍ ശ്രമിക്കുകയാണ് അവര്‍. കുടം ഖുറാനാ‍ണെന്നു മാത്രം! മറ്റു മതങ്ങളുടെ കുടങ്ങള്‍ പോലും അവര്‍ക്കു സ്വീകാര്യമല്ല.

CKLatheef said...

പ്രിയ നിസ്സഹായന്‍

താങ്കള്‍ കൂടുതല്‍ കൂടുതല്‍ കടുത്തുപോകുന്നുണ്ടോ എന്ന് സംശയം. സാരമില്ല. അത് സ്വാഭാവികമാണല്ലോ അല്ലേ. താങ്കള്‍ പറഞ്ഞ് അരെപ്പറ്റിയും അരോപിക്കാവുന്നതാണ്. കുടങ്ങള്‍ മാറുമെന്ന് മാത്രം താങ്കളുടെ കഴുത്തും ശാസ്ത്രമെന്ന കുടത്തില്‍ കുടുങ്ങി എന്ന് ഞാന്‍ പറഞ്ഞാല്‍. ഒരു തല രണ്ടുകുടത്തില്‍ ഒരേ സമയം കുടുങ്ങുമോ.

@ഇ.എ.ജബ്ബാര്‍

മന്ദബുദ്ധികളെ താങ്കള്‍ക്ക് ബോധ്യപ്പെടുത്താനായേക്കും. പക്ഷേ സാമാന്യബുദ്ധിയുള്ളവരെ അങ്ങനെ വിശ്വസിപ്പിക്കാന്‍ താങ്കള്‍ക്കാകുമോ എന്ന് സംശയമാണ്. ഖുര്‍ആന്റെ വിശ്വാസികളുടെ ആവശ്യമനുസരിച്ച് അവതരിക്കുകയായിരുന്നു എന്ന വസ്തുത താങ്കള്‍ അല്‍പം വളച്ച് പറയുന്നതാണ്. മുഹമ്മദ് തന്റെ മനോനിലയനുസരിച്ച് ഖുര്‍ആന്‍ പറഞ്ഞുകൊടുത്തു എന്നത്. ഇസ്്‌ലാമിനെക്കുറിച്ച് ആദ്യം ഒരാള്‍ കേട്ടത് താങ്കളില്‍ നിന്നാണെങ്കില്‍ താങ്കള്‍പറയുന്നതാണ് ശരി എന്നയാള്‍ ധരിക്കും. അല്ലാത്തവരെ താങ്കള്‍ക്ക് ഒട്ടും തെറ്റിക്കാനാവില്ല. കാരണം അയാള്‍ക്കറിയാം ഖുര്‍ആന്റെ അവതരണത്തിന്റെ രൂപം എന്തായിരുന്നു എന്ന്.

ea jabbar said...

ജമാ അത്തെ ഇസ്ലാമി എന്ന ഭീകരപ്രസ്ഥാനം

MUSLIMS ARE THE VICTIMS OF 'ISLAM' !

30 വര്‍ഷത്തിലേറെക്കാലമായി ഒരു ലക്കം പോലും മുടങ്ങാതെ പ്രസിദ്ധീകരിക്കുന്നു

30 വര്‍ഷത്തിലേറെക്കാലമായി ഒരു ലക്കം പോലും മുടങ്ങാതെ പ്രസിദ്ധീകരിക്കുന്നു
ഏ വി ജോസ് , കുറ്റിപ്പുഴ നഗര്‍ , തൃശ്ശൂര്‍.