Sunday, June 17, 2018

ഇസ്ലാമിനെന്താ കൊമ്പുണ്ടോ?

ഇസ്ലാമിനെന്താ കൊമ്പുണ്ടോ?
-------------------------------
“യുക്തിവാദികള് ഇസ്ലാമിനെ മാത്രം ഒറ്റതിരിഞ്ഞാക്രമിക്കുന്നു, ഇസ്ലാമോ ഫോബിയ പരത്തുന്നു, മുസ്ലിം വിരോധമാണവരില് നുരയുന്നത്…. “ തുടങ്ങിയ ആക്ഷേപങ്ങളാണിപ്പോള് കേള്ക്കുന്നത്.
ഇത് എന്നില് വളരെ കൌതുകവും ആവേശവുമുണര്ത്തുന്ന ഒരു ഓര്മ്മപ്പെടുത്തലിന്റെ സുഖം പകരുന്നു. കാരണം ഞാന് ഈ രംഗത്തേയ്ക്കു കടന്നു വരുന്ന കാലത്തെ സാഹചര്യം നേരെ തിരിച്ചായിരുന്നു. അന്ന് എല്ലാ കോണില് നിന്നും ഉയര്ന്നിരുന്നത്
“നിങ്ങള് യുക്തിവാദക്കാര്ക്കെന്താ ഇസ്ലാം മതത്തെക്കുറിച്ചൊരു അഭിപ്രായവും ഇല്ലേ? ഇസ്ലാമിനെ തൊടാന് നിങ്ങള്ക്കും ഭയമാണല്ലേ? ..” തുടങ്ങിയ ചോദ്യങ്ങളായിരുന്നു.
മുസ്ലിംങ്ങള് അക്കാലത്തു വലിയ ആത്മവിശ്വാസത്തോടെ അവകാശപ്പെട്ടിരുന്നത് ഇസ്ലാം കുറ്റമേതുമില്ലാത്ത ടോട്ടലി പെര്ഫെക്റ്റ് ആയ ഓറിജിനല് ദൈവീക മതം ആയതുകൊണ്ട് ആര്ക്കും വിമര്ശിക്കാന് പഴുതു കിട്ടുന്നില്ല എന്നായിരുന്നു.
മതേതര പൊതു സമൂഹവും യുക്തിവാദികളും അന്നു പങ്കിട്ടിരുന്ന പൊതു ബോധമാകട്ടെ മറ്റൊന്നും. ഇസ്ലാം വളരെ സെന്സിറ്റീവ് ആണു. അതിനെ തൊട്ടാല് സ്ഫോടനമുണ്ടാകും. അതിനാല് നമുക്കു ഹിന്ദു മതത്തെയും ക്രിസ്തുമതത്തെയുമൊക്കെ വിമര്ശിച്ച് അങ്ങനെ കഴിഞ്ഞു കൂടുന്നതാണു ആരോഗ്യകരം; ഇസ്ലാമിലെ ഏതെങ്കിലും ഉല്പതിഷ്ണുവിഭാഗങ്ങള് വല്ല അനാചാരങ്ങളെയും എതിര്ക്കുന്നുണ്ടെങ്കില് നമുക്കും അങ്ങനെയുള്ള ചില കാര്യങ്ങളൊക്കെ പറഞ്ഞ് മതത്തിന്റെ വിശ്വാസമര്മ്മത്തെയൊന്നും സ്പര്ശിക്കാതെ അങ്ങനെയങ്ങനെ പതുക്കെ തോണ്ടി നോക്കാം.. ഇങ്ങനെയൊക്കെയായിരുന്നു അന്നത്തെ നിലപാടുകള്.
എന്റെ ഓര്മ്മയിലെ ആദ്യത്തെ യുക്തിവാദ അനുഭവങ്ങളില് ഒന്ന് 70 കളില് ഏ ടി കോവൂര് നടത്തിയ ഒരു കേരള പര്യടനവും അതിനു മഞ്ചേരിയില് നല്കിയ സ്വീകരണ പരിപാടിയുമാണു. ഞാനന്ന് ഒരു വിദ്യാര്ത്ഥിയാണു. ആ പരിപാടിയില് പങ്കെടുത്തിരുന്നു. അന്നു പത്ര സമ്മേളനത്തില് ചന്ദ്രികയുടെ പ്രതിനിധി കോവൂരിനോടു ചോദിച്ച ചോദ്യവും മറുപടിയും അതനുസരിച്ചു പിറ്റേന്നു ചന്ദ്രികയില് വന്ന വാര്ത്തയും ഇപ്പോഴും ഓര്ക്കുന്നു. ഇസ്ലാമിനെപ്പറ്റിയും കുര് ആനെ പറ്റിയുമുള്ള അഭിപ്രായമാരാഞ്ഞുകൊണ്ടായിരുന്നു ചന്ദ്രികക്കാരന്റെ ചോദ്യം. അലസമായ രൂപത്തില് താന് ഇസ്ലാമും കുര് ആനും വേണ്ടത്ര മനസ്സിരുത്തി പഠിച്ചിട്ടില്ല എന്ന മറുപടിയാണു കോവൂര് നല്കിയത്. അതു വലിയ ആവേശത്തോടെ ചന്ദ്രിക റിപ്പോര്ട് ചെയ്തു. കോവൂര് ഇസ്ലാം പഠിച്ചിരുന്നെങ്കില് മാര്ക്കം കൂടുമായിരുന്നു എന്നു തോന്നിക്കും വിധം.
ഇത് എന്റെ മനസ്സില് മായാതെ കിടക്കുന്ന ഒരനുഭവമാണു.
ലോകമാകെ നോക്കിയാലും യുക്തിവാദികള് ബൈബിളും ക്രിസ്തുമതവും കൈകാര്യം ചെയ്തപോലെ ഇസ്ലാമിനെ സ്പര്ശിച്ചതായി അക്കാലത്തു അറിവുണ്ടായിരുന്നില്ല. തോമസ് പൈന് ഇംഗര്സോള് തുടങ്ങിയ പ്രഗല്ഭരായ യുക്തിചിന്തകര് രണ്ടു നൂറ്റാണ്ടു മുമ്പു തന്നെ ബൈബിളിനെ നന്നായി പഞ്ഞിക്കിട്ടു പരുവമാക്കിയിട്ടുണ്ട്. !
ഇസ്ലാമിന്റെ ചരിത്രത്തെ നിരൂപണം ചെയ്യുന്ന ധാരാളം കൃതികള് പാശ്ചാത്യ ലോകത്തു വന്നിരുന്നെങ്കിലും മതദര്ശനത്തെ ആഴത്തില് വിമര്ശിക്കുന്ന എഴുത്തുകളൊന്നും അധികം ശ്രദ്ധയില് പെട്ടിരുന്നില്ല. വില്യം മൂര്, മോണ്ഗോമറി വാട് മാക്സിം റോഡിന്സണ് എച് ഗുല്ലിയാം .. തുടങ്ങി നിരവധി ചരിത്ര ഗവേഷകര് മുഹമ്മദിന്റെയും ഇസ്ലാമിന്റെയും ചരിത്രത്തെ വിശ്വാസപ്പുകമറയില് നിന്നും പുറത്തു കടത്തി കൈകാര്യം ചെയ്തിട്ടുണ്ട്. അതൊന്നും പ്രത്യക്ഷത്തില് വിമര്ശനം ആയിരുന്നില്ല. എങ്കിലും വിശ്വാസികളുടെ പുകമറകളെ അവയും വലിച്ചു കീറാന് ശ്രമിച്ചിരുന്നു. അതിനെതിരെ ഇസ്ലാമിക ലോകം
“ഒറിയന്റലിസ്റ്റുകളുടെ ആക്രമണം” എന്ന മട്ടില് ആക്രോശങ്ങളുയര്ത്തിയിരുന്നു. ഓറിയന്റലിസ്റ്റുകള് ചരിത്രത്തിലെ അപ്രിയ യാഥാര്ത്ഥ്യങ്ങള് പലതും മറയില്ലാതെ വെളിവാക്കിയതിലുള്ള അമര്ഷമായിരുന്നു അത്. അവര്ക്കുള്ള മറുപടി പുസ്തകങ്ങളും വന്നു. മുഹമ്മദ് ഖുതുബ് ഹുസൈന് ഹൈക്കല് തുടങ്ങിയവരുടെ ഓറിയന്റലിസ്റ്റുപരോധ കൃതികള് പലതും മൌദൂദിയന് പുസ്തകശാലയില് നിന്നും മലയാളത്തിലും പുറത്തു വന്നിരുന്നു. ഒരു തമാശയെന്താന്നുവെച്ചാല് ഈ “മറുപടി”കള് വായിച്ചാണു കേരളത്തില് പലരും അവിശ്വാസികളായത് എന്നതാണു.
എനിക്കും ഇസ്ലാമില് വിമര്ശിക്കാന് കുറെയധികം മരുന്നുണ്ട് എന്ന തിരിച്ചറിവു നല്കിയത് ഈ മറുപടി ഗ്രന്ഥങ്ങളാണു. പ്രത്യേകിച്ചു പ്രവാചകന്റെ ജീവിതത്തിലെ ഒരു പാടു കറുത്ത അധ്യായങ്ങളെ കുറിച്ചുള്ള പ്രാഥമിക വിവരം ലഭിക്കുന്നത് ഹുസൈന് ഹൈക്കലിന്റെ ‘മുഹമ്മദ്’ പോലുള്ള പുസ്തകങ്ങളില്നിന്നാണു.
ഇസ്ലാം വിമര്ശിക്കപ്പെടാവതല്ല, അതില് ന്യൂനതകളൊന്നുമേയില്ല, ഇസ്ലാമിനെ വിമര്ശിച്ചാല് വലിയ ഭൂകംബമുണ്ടാകും തുടങ്ങിയ പൊതു ബോധങ്ങളുടെ മുനയൊടിക്കുക എന്നതായിരുന്നു ഈ രംഗത്തു കടന്നു വന്നപ്പോള് എന്നെപ്പോലുള്ളവരുടെ മുന്നിലെ ഏറ്റവും വലിയ വെല്ലുവിളി. ആ പൊതു ബോധത്തെ പൊട്ടിച്ചെറിയാന് കഴിഞ്ഞു എന്നതാണു ജീവിതത്തിന്റെ ഈ മഗ്രിബ് വേളയില് എനിക്കുള്ള സംതൃപ്തി. ഏറ്റവും ചുരുങ്ങിയത് സോഷ്യല് മീഡിയയിലെങ്കിലും ഇസ്ലാമിന്റെ ഈ അന്യൂനതാവാദം പൊളിച്ചടുക്കപ്പെട്ടിട്ടുണ്ട് എന്നു ഞാന് കരുതുന്നു. വ്യക്തിപരവും ശാരീരികവുമായ പ്രത്യാക്രമണങ്ങളിലൂടെ മാത്രം ഇസ്ലാമിനെ പ്രതിരോധിച്ചു നിലനിര്ത്താമെന്ന തനതു രീതിശാസ്ത്രം ഇവിടെ പയറ്റിപ്പരാജയപ്പെട്ടിരിക്കുന്നു. സോഷ്യല് മീഡിയയിലെ ഈ കാറ്റ് പൊതുധാരാ മാധ്യമങ്ങളിലേക്കു കൂടി പരന്നാലുള അപകടം തിരിച്ചറിയുന്നതിനാലാണു മാതൃഭൂമി ആക്രമണം പോലുള്ള പ്രതിരോധമാര്ഗ്ഗങ്ങള് മുസ്ലിം മതസമൂഹം ശക്തമാക്കുന്നത്. സോഷ്യല് മീഡിയ ഇസ്ലാമിനു കനത്ത ഭീഷണിയാണെന്നവര് തിരിച്ചറിഞ്ഞിട്ടുണ്ട് എന്നതാണു ബംഗ്ലാദേശിലെ ഇരുപതോളം ചെറുപ്പക്കാരുടെ കൊലപാതകവും കോയമ്പത്തൂരിലെ ഫാറൂഖ് വധവുമൊക്കെ നല്കുന്ന സൂചന. ഗള്ഫ് നാടുകളില് പലരെയും ഒറ്റിക്കൊടുത്തു കുടുക്കുന്നതും സൌദി പോലുള്ള രാജ്യങ്ങളില് സാമൂഹ്യമാധ്യമങ്ങള്ക്കേര്പ്പെടുത്തുന്ന നിയന്ത്രണങ്ങളും വിമര്ശനത്തിലേര്പ്പെടുന്നവരെ പിടി കൂടി ശിക്ഷിക്കുന്നതുമൊക്കെ ഈ ബേജാറിന്റെ ഫലമാണു.
ആശയപരമായ വിമര്ശനങ്ങളെ ആശയപരമായ മറുവാദം കൊണ്ടുപരോധിക്കാന് ഇസ്ലാമിനാകില്ല. അതിനുള്ള ഒരു കോപ്പും ഈ മതത്തില് ഇല്ല. അതു മുഹമ്മദിന്റെ മക്കാപ്രബോധന കാലത്തു തന്നെ വ്യക്തമായ കാര്യമാണു. അതിനാല് തന്നെ പ്രവാചക ചര്യയിലും വ്യക്തിയെ ശാരീരികമായി ഉന്മൂലനം ചെയ്യുക എന്ന മാര്ഗ്ഗമാണു ഇസ്ലാം അണികളെ പരിശീലിപ്പിച്ചിട്ടുള്ളത് ശാരീരികമായി കൈകാര്യം ചെയ്യാന് പറ്റാത്ത നിലയാണെങ്കില് വ്യക്തിപരമായി അവഹേളിച്ചും അധിക്ഷേപിച്ചും പിന് തിരിപ്പിക്കാന് നോക്കുക. !
ഇന്നത്തെ നിലയില് ഈ പ്രാകൃത വിശ്വാസദര്ശനത്തിനു അധിക കാലം മുന്നോട്ടു നീങ്ങാനാവുകയില്ല . നിലനില്പ്പിനായുള്ള പരാക്രമങ്ങള്ക്കിടയില് ഇനിയും ഒരു പാടൊരുപാടു മാറ്റങ്ങള് പൊടുന്നനെ തന്നെ ഇസ്ലാമിക ലോകത്തു സംഭവിക്കും. ! തനി മൌലികവാദവും ഭീകരവാദവുമായി രംഗപ്രവേശം ചെയ്ത മൌദൂദി പ്രസ്ഥാനം പോലും ഇന്നു ഇസ്ലാം എന്ന വിഷയം തന്നെ മാറ്റി വെച്ചു മനുഷ്യരുടെ പ്രശ്നങ്ങളും ഇഹലോക സമസ്യകളും മാത്രം കൈകാര്യം ചെയ്തു കൊണ്ട് കരണം മറിയുന്നതു ഈ മാറ്റത്തിന്റെ സൂചകമായി മനസ്സിലാക്കാവുന്നതാണു. !

No comments:

MUSLIMS ARE THE VICTIMS OF 'ISLAM' !

30 വര്‍ഷത്തിലേറെക്കാലമായി ഒരു ലക്കം പോലും മുടങ്ങാതെ പ്രസിദ്ധീകരിക്കുന്നു

30 വര്‍ഷത്തിലേറെക്കാലമായി ഒരു ലക്കം പോലും മുടങ്ങാതെ പ്രസിദ്ധീകരിക്കുന്നു
ഏ വി ജോസ് , കുറ്റിപ്പുഴ നഗര്‍ , തൃശ്ശൂര്‍.