Monday, June 18, 2018

സദാചാരം; മതം!


മതവിശ്വാസികള്‍ ധരിച്ചു വെച്ചിട്ടുള്ളത് മതമാണു മനുഷ്യര്‍ക്ക് നിയമങ്ങളും ധാര്‍മ്മികമൂല്യങ്ങളുമൊക്കെ സൃഷ്ടിച്ചു നല്‍കിയത് എന്നാണ്. സദാചാരത്തിന്റെ അടിസ്ഥാനം മനുഷ്യനും ദൈവവും തമ്മിലുള്ള ഒരു ഇടപാടാണെന്നവര്‍ വ്യാഖ്യാനിക്കുന്നു. ദൈവം നിര്‍ദ്ദേശിച്ച ചില വിധിവിലക്കുകളെ നാം അനുസരിക്കണമെന്നും അപ്രകാരം ഇവിടെ ജീവിച്ചാല്‍ ദൈവം പ്രതിഫലമായി കുറേകൂടി സുഖ സൌകര്യങ്ങളോടു കൂടിയ ശാശ്വതമായ മറ്റൊരു ഫൈവ് സ്റ്റാര്‍ ജീവിതം പകരം തരുമെന്നുമാണു പറയുന്നത്.  ദൈവീക വിധിവിലക്കുകളെ അവഗണിച്ചു ജീവിച്ചാല്‍ ശാശ്വതമായ നരകപീഢനങ്ങളും ഏറ്റു വാങ്ങേണ്ടി വരും. ഇവിടെ ലഭിക്കാത്ത ശാശ്വത നീതി പരലോകത്തു ലഭിക്കും എന്നാണു പ്രതീക്ഷ.
 സാമൂഹിക ശാസ്ത്ര- നരവംശ ശാസ്ത്ര- ചിന്തകര്‍ പക്ഷേ ഈ വാദഗതികളെ തള്ളിക്കളയുകയാണു ചെയ്യുന്നത്. പ്രകൃതിനിര്‍ധാരണം വഴി ജന്തു സമൂഹത്തില്‍ ധാര്‍മ്മികതയുടെ വ്യാകരണം സഹജമായിത്തന്നെ നിലവില്‍ വന്നിട്ടുണ്ടെന്നു തെളിയിക്കപ്പെട്ടിട്ടുണ്ട്. മനുഷ്യര്‍ സാമൂഹ്യ ജീവിതം ആരംഭിച്ചതു മുതല്‍ അവര്‍ക്കു ചില പാരസ്പര്യങ്ങളും ചിട്ടവട്ടങ്ങളും അനിവാര്യമായിത്തീര്‍ന്നു എന്നും സാമൂഹ്യജീവിതം വികാസം പ്രാപിക്കുന്നതിനനുസരിച്ച് ഈ ചട്ടങ്ങളും നിയമങ്ങളും ക്രമാനുഗതമായി വികസിച്ചു വരുകയാണുണ്ടായതെന്നും, ചരിത്രപരമായി നിരീക്ഷിക്കുന്നവര്‍ക്കു കാണാന്‍ പ്രയാസമില്ല.മറ്റുള്ളവര്‍ നിങ്ങളോട് എപ്രകാരം പെരുമാറണമെന്നു നിങ്ങള്‍ ആഗ്രഹിക്കുന്നുവോ അപ്രകാരം നിങ്ങള്‍ മറ്റുള്ളവരോടും പെരുമാറുകഎന്ന സിദ്ധാന്തത്തെ ഭൌതികവാദികള്‍ ശരി വെക്കുന്നു. സാമൂഹികതയാണു ധാര്‍മ്മികതയുടെ വികാസത്തിന്‍ അടിസ്ഥാനമെന്നു ചുരുക്കം.
പൌരബോധമുള്ള പരിഷ്കൃത മനുഷ്യര്‍ ഇക്കാലത്ത് തെറ്റുകളില്‍നിന്നകന്നു നില്‍ക്കുന്നതും സദ് വൃത്തികളില്‍ വ്യാപൃതരാകുന്നതും പരലോകശിക്ഷ ഭയന്നിട്ടോ സ്വര്‍ഗ്ഗത്തിലെ `ഭോഗങ്ങളി`ല്‍ കണ്ണുവച്ചിട്ടോ അല്ല. പരദ്രോഹം തനിക്കു തന്നെ വിനയാകുമെന്നും സ്നേഹവും നന്മയും പങ്കിട്ടുള്ള ജീവിതം കൂടുതല്‍ ആനന്ദപ്രദമാകുമെന്നും അനുഭവങ്ങളില്‍നിന്നു തന്നെ വിവേചിച്ചറിയാന്‍ ആധുനിക മനുഷ്യനു കഴിവുണ്ട്. സ്നേഹം, ദയ ,കാരുണ്യം, സഹകരണമനോഭാവം തുടങ്ങിയ നൈസര്‍ഗ്ഗിക ഗുണങ്ങള്‍ വിശ്വാസത്തില്‍നിന്നുണ്ടായതല്ല. ജന്മസിദ്ധമായിത്തന്നെ മനുഷ്യരിലും ഏറ്റക്കുറച്ചിലോടെ ഇതര ജീവികളിലും ഇത്തരം സദ് വികാരങ്ങള്‍ കാണപ്പെടുന്നു. സാമൂഹ്യ ജീവിത വ്യവഹാരങ്ങളില്‍നിന്നുള്ള അനുഭവപാഠങ്ങളും സഹജമായ ജന്മവാസനകളും ചേര്‍ന്ന് ക്രമത്തില്‍ വികസിച്ചു വന്നതാണ് മനുഷ്യരിലെ സദാചാരസങ്കല്‍പ്പങ്ങളെല്ലാം.  ശാസ്ത്രീയമായ നിരവധി പരീക്ഷണങ്ങള്‍ ഈ വസ്തുത ശരി വെക്കുന്നു.
ദൈവം, പരലോകം, സ്വര്‍ഗ്ഗനരകങ്ങള്‍ എന്നിവയിലൊന്നും വിശ്വാസമില്ലെങ്കില്‍ പിന്നെ മനുഷ്യര്‍ക്ക് തോന്നിയപോലെയങ്ങു ജീവിച്ചാല്‍ പോരേ? എന്തിനു ധാര്‍മ്മികമൂല്യങ്ങളും സദാചാരനിയമങ്ങളുമൊക്കെ അനുസരിക്കണം? മതവക്താക്കള്‍ ഭൌതികിവാദികള്‍ക്കു നേരെ ഉയര്‍ത്തുന്ന ഒരു പ്രധാന ചോദ്യമിതാണ്.

ചോദ്യത്തില്‍ തന്നെ ഇതിനു നല്‍കാനുള്ള മറുപടിയുടെ ബീജം അടങ്ങിയിട്ടുണ്ടെന്നു പക്ഷെ മതവാദി മനസ്സിലാക്കുന്നില്ല. എല്ലാവരും അങ്ങനെയങ്ങു തോന്നിയ പോലെ ജീവിക്കാന്‍ തുടങ്ങിയാല്‍ എന്തോ കുഴപ്പം ഉണ്ട് എന്ന് ഈ ചോദ്യകര്‍ത്താക്കളും വ്യാകുലപ്പെടുന്നുണ്ട്.. അല്ലങ്കില്‍ ഇങ്ങനെയൊരു ചോദ്യം ഉയര്‍ത്തേണ്ടതില്ലല്ലോ. ഓരോരുത്തരും അവരവര്‍ക്കു തോന്നിയപോലെ ജീവിക്കാന്‍ തുടങ്ങിയാല്‍ സാമൂഹ്യ ജീവിതം താറുമാറായിപ്പോകും എന്നും മനുഷ്യവംശം തന്നെ കുറ്റിയറ്റു പോകും ന്നുമുള്ള തിരിച്ചറിവില്‍ നിന്നു തന്നെയാണ് സാമൂഹ്യ നിയമങ്ങളുടെയും പിറവി.

മതവിശ്വാസം കൊണ്ടു മാത്രം സദാചാര നിഷ്ഠ ഉണ്ടാകുമോ?

സാമൂഹ്യരംഗത്തെ പഠനങ്ങളും അനുഭവങ്ങളും തെളിയിക്കുന്നത് വിശ്വാസവും ഭക്തിയും കൂടുന്നതനുസരിച്ച് സാമൂഹ്യബോധവും സന്മാര്‍ഗചിന്തയും കുറയുന്നു എന്നാണ്. വിശ്വാസത്തിന്റെ തീവ്രത, ഭക്തിയും ഭ്രാന്തും വര്‍ധിപ്പിക്കുമെന്നല്ലാതെ നീതിബോധത്തെ അതുത്തേജിപ്പിക്കുന്നില്ല. കേരളത്തിലെ അനുഭവം തന്നെ ഇതിനു ദൃഷ്ടാന്തമാണ്. മതപഠനവും ഉല്‍ബോധനവും വര്‍ധിത തോതില്‍ നടക്കുന്ന സമുദായങ്ങളില്‍നിന്നാണു കുറ്റവാളികളേറെയും വരുന്നത്. മതപഠനമെന്ന ഏര്‍പ്പടു തന്നെയില്ലത്ത സമുദായം താരതമ്യേന ഉയര്‍ന്ന നീതിബോധവും സന്മാര്‍ഗവും പുലര്‍ത്തുന്നുമുണ്ട്. ഇതിന്റെ മനശ്ശാസ്ത്രം പഠനവിധേയമാക്കേണ്ടതാണ്.

വിശ്വാസവും ഭക്തിയും മനുഷ്യനെ ദൈവത്തിലേക്ക് അടുപ്പിക്കുകയും സഹജീവിയില്‍നിന്ന് അകറ്റുകയും ചെയ്യുന്നതിനാലാണ് വിശ്വാസികളില്‍ സാമൂഹ്യ നീതിബോധം കുറഞ്ഞു കാണപ്പെടുന്നത്. ദൈവത്തിനു വേണ്ടതെല്ലാം [മുഖസ്തുതിയും കൈക്കൂലിയും ബലിയും മറ്റും] മുറ തെറ്റാതെ വിശ്വാസി നല്‍കുന്നു. സഹജീവികളായ മനുഷ്യരോട് ചെയ്യുന്ന കുറ്റങ്ങളെ ഭക്തികൊണ്ട് ബാലന്‍സ് ചയ്യാമെന്ന കണക്കുകൂട്ടലാണു വിശ്വാസിയെ സമൂഹത്തില്‍നിന്നകറ്റുന്നത്. ദേവാലയങ്ങളിലും ഹുണ്ഡികപ്പെട്ടികളിലും വന്‍ തോതില്‍ പണം നിക്ഷേപിക്കുന്നത് കള്ളക്കടത്തും വഞ്ചനയും നടത്തി സമ്പത്തു കുന്നു കൂട്ടുന്നവരാണ്. കുറ്റഭാരം ഇറക്കിവെക്കാനുള്ള അത്താണിയാണവര്‍ക്കു ദൈവം!
കാലപ്പഴക്കത്താല്‍ മതധാര്‍മ്മികത തന്നെ അധാര്‍മ്മികമായിത്തീര്‍ന്ന ചരിത്ര സന്ദര്‍ഭങ്ങളിലാണു ലോകത്തെവിടെയും യുക്തി ചിന്തകര്‍ മതത്തിനെതിരായി അണി നിരന്നിട്ടുള്ളതെന്നു കാണാം. യൂറോപ്പിലായാലും കേരളത്തിലായാലും നവോഥാന വിപ്ലവങ്ങള്‍ക്കു കളമൊരുങ്ങിയത് ഈ വിധം മതമൂല്യങ്ങള്‍ ജീര്‍ണിച്ച് മാനവികതയുടെ നേരെ കൊഞ്ഞനം കുത്തുന്നുവെന്നു തീരിച്ചറിഞ്ഞതു കൊണ്ടാണ്. മനുഷ്യനു മനുഷ്യനായി ജീവിക്കാനുള്ള പ്രാഥമികമായ എല്ലാ അവകാശങ്ങളെയും മതം നിഷേധിക്കുന്നു എന്നു കണ്ടാണ് നവോഥാന ചിന്തകര്‍ മതത്തിനെതിരെ തിരിഞ്ഞത്.

കേരളത്തിലെ യുക്തിവാദി പ്രസ്ഥാനം ഉടലെടുക്കുന്നതു തന്നെ ഇത്തരം ഒരു ചരിത്ര മുഹൂര്‍ത്തത്തിലാണ്. മാനവികമൂല്യങ്ങളെ നിരാകരിക്കാനല്ല സംരക്ഷിക്കാനും കാലോചിതമായി പരിഷ്കരിക്കാനുമാണു യുക്തിവാദികള്‍ ശ്രമിച്ചിട്ടുള്ളത്. കാലാനുസൃതമായി പുതിയ മൂല്യസങ്കല്‍പ്പങ്ങള്‍ക്കു രൂപം നല്‍കിയതും യുക്തിചിന്തകരായ സാമൂഹ്യ പരിഷ്കര്‍ത്താക്കളാണ്. ജനാധിപത്യം , മതനിരപേക്ഷമാനവികത, മനുഷ്യാവകാശ സങ്കല്‍പ്പങ്ങള്‍ , ലിംഗനീതി, സമത്വം , സ്വാതന്ത്ര്യം, സാഹോദര്യം തുടങ്ങിയ നവ മൂല്യങ്ങളൊന്നും മതത്തിന്റെയോ ദൈവങ്ങളുടെയോ സംഭാവനകളല്ല. മതത്തെയും ദൈവത്തെയും ചോദ്യം ചെയ്ത സ്വതന്ത്ര ചിന്തയുടെ സദ്ഫലങ്ങളാണവ. മതം, അതുണ്ടായ കാലഘട്ടത്തിന്റെ ഗോത്രധാര്‍മികതക്കു മേല്‍ അടയിരിക്കുകയാണിന്നും. വര്‍ത്തമാനകാല മൂല്യങ്ങളുടെ മുന്പില്‍ നില്‍ക്കക്കള്ളിയില്ലാതെ വന്നിരിക്കുന്നു എന്നതാണ് മതം ഇന്നു നേരിടുന്ന ഏറ്റവും വലിയ പ്രതിസന്ധി. മാറുന്ന സമൂഹത്തിനു മേല്‍ മാറാത്ത നിയമങ്ങള്‍ അടിച്ചേല്പിച്ചുകൊണ്ട് മതം സ്ര്ഷ്ടിക്കുന്ന ജീര്‍ണതയാണ് ലോകം ഇന്നു നേരിടുന്ന പ്രധാന പ്രശ്നം.
ആധുനിക സമൂഹം മതമൂല്യങ്ങളെക്കാള്‍ മതേതരമൂല്യങ്ങളെയാണു വില മതിക്കുന്നത്. കാലോചിതമായ ധാര്‍മിക സങ്കല്പങ്ങളെ ഉള്‍ക്കൊള്ളാനും കാലഹരണപ്പെട്ടവ തള്ളിക്കളയാനും സ്വയം വളരാനും മതം തയ്യാറല്ല.

സദാചാരം മാറുന്നു.
 
സാമൂഹ്യ ഘടന മാറുന്നതിനനുസരിച്ച് സദാചാരംമാറി മറിയുന്നതിന് നിരവധി ഉദാഹരണങ്ങള്‍ നമുക്കു ചൂണ്ടിക്കാണിക്കാനുമാവും. സദാചാര സങ്കല്‍പ്പങ്ങള്‍ കേവലമോ ശാശ്വതമോ മാറ്റമില്ലാത്തവയോ അല്ല. ഇന്നു നാം സദാചാരമെന്നു ഗണിക്കുന്ന കാര്യങ്ങളെല്ലാം എല്ലാ കാലത്തും എല്ലാ ദേശത്തും സദ് ആചാരങ്ങള്‍ തന്നെ ആയി നിലനിന്നുകൊള്ളണമെന്നില്ല. ഇന്നു നമ്മള്‍ കൊടിയ തെറ്റായി കരുതുന്ന ചില കാര്യങ്ങള്‍ നാളെ തെറ്റല്ലാതെയാകാനും ഇടയുണ്ട്. ഇപ്പറഞ്ഞതിനൊക്കെ നമ്മുടെ കണ്മുന്നില്‍ തന്നെ വ്യക്തമായ നിരവധി ദൃഷ്ടാന്തങ്ങള്‍ ചൂണ്ടിക്കാണിക്കാന്‍ കഴിയും.

നമ്മള്‍ ഇന്നു കരുതുന്നത് കുടുംബ ബന്ധങ്ങള്‍ എല്ലാ കാലത്തും ഇന്നത്തെപ്പോലെയായിരുന്നു എന്നും ഇതു വളരെ പവിത്രമായ ഒരു സദാചാര വ്യവസ്ഥയാണെന്നുമൊക്കെയാണ്. എന്നാല്‍ മനുഷ്യസമുദായങ്ങളുടെ ചരിത്രം അങ്ങനെയൊന്നുമായിരുന്നില്ല. സ്വകാര്യസ്വത്തിന്റെ ദായക്രമവുമായി ബന്ധപ്പെട്ടാണു കുടുംബം എന്ന സാമൂഹ്യ ഘടന പ്രബലമാകുന്നത്. കേരളത്തില്‍ പോലും ഇന്നത്തെ കുടുംബ സംവിധാനമല്ല അടുത്ത കാലം വരെ നിലനിന്നിരുന്നത്. മരുമക്കത്തായം, കൂട്ടുകുടുംബം, ബഹുഭര്‍തൃ കുടുംബം എന്നിങ്ങനെ പല സമ്പ്രദായങ്ങളുമുണ്ടായിരുന്നു. ഇതിന്റെയെല്ലാം അവശിഷ്ടങ്ങള്‍ ഇപ്പോഴും കാണാം. മുറപ്പെണ്ണ് മുറച്ചെറുക്കന്‍ വിവാഹങ്ങള്‍ ഇന്നും വ്യാപകമായി കാണാം. കുടുംബ സ്വത്തുക്കള്‍ കുടുംബത്തിനകത്തു തന്നെ സംരക്ഷിക്കാനുള്ള മാര്‍ഗ്ഗമായിരുന്നു രക്തബന്ധുക്കള്‍ തമ്മിലുള്ള വിവാഹങ്ങള്‍ . ഇക്കാര്യത്തില്‍ ഒരേ ദേശത്തു തന്നെ വിവിധ സമുദായങ്ങളില്‍ ഭിന്നമായ സദാചാര സങ്കല്‍പ്പങ്ങളാണുള്ളത്. സഹോദരീ സഹോദരന്മാരുടെ മക്കള്‍ തമ്മിലുള്ള വിവാഹം സാര്‍വ്വത്രികമാണ് ഹിന്ദുക്കളില്‍ . എന്നാല്‍ സഹോദരിമാരുടെ മക്കള്‍ തമ്മിലോ സഹോദരന്മാരുടെ മക്കള്‍ തമ്മിലോ കല്യാണം കഴിക്കുന്നത് ഹിന്ദുക്കള്‍ക്ക് സദാചാരമല്ല. മുസ്ലിംങ്ങളില്‍ അതും സദാചാരമാണ്. ക്രിസ്ത്യാനികള്‍ക്കിടയിലാകട്ടെ മുറപ്പെണ്ണും സ്വന്തം സഹോദരിയായി കണക്കാക്കപ്പെടുന്നു. അവര്‍ തമ്മില്‍ വിവാഹബന്ധം നിഷിദ്ധമാണ്. അമ്മാവന്‍ മരുമകളെത്തന്നെ കല്യാണം കഴിക്കുന്നത് കേരളീയര്‍ക്ക് അചിന്ത്യമായ കാര്യമാണ്. എന്നാല്‍ തമിഴ് നാട്ടിലും ആന്ത്രാപ്രദേശിലും ഇതും വ്യാപകമായി കാണാം. കേരളത്തിലെ ചില സമുദായങ്ങളില്‍ ഒന്നിലധികം സഹോദരങ്ങള്‍ക്ക് ഒരു പൊതു ഭാര്യ മാത്രമാണുണ്ടായിരുന്നത്. കുട്ടികളെ എല്ലാ അച്ഛന്മാരുംകൂടി സംരക്ഷിക്കും. !എന്നാല്‍ ഇന്ന് ഇത്തരം ബന്ധങ്ങള്‍ പലതും അപ്രത്യക്ഷമായിരിക്കുന്നു. അണുകുടുംബം എന്ന സ്ഥിതി വന്നു കഴിഞ്ഞു.




ലൈംഗിക സദാചാരം ഒരു പുകമറ.

വിവാഹേതരമായ ലൈംഗിക ബന്ധങ്ങള്‍ എല്ലാ കലത്തും വ്യാപകമായിത്തന്നെ നടക്കുന്നുണ്ടെങ്കിലും അക്കാര്യത്തില്‍ ഒരു കാപട്യത്തിന്റെ മറഎല്ലാവരും സൂക്ഷിക്കുന്നു. ഫ്യൂഡല്‍ കാലഘട്ടത്തില്‍ കീഴാളസ്ത്രീകള്‍ ലൈംഗികമായും വന്‍ തോതില്‍ ചൂഷണം ചെയ്യപ്പെട്ടിരുന്നു. കുടുംബങ്ങള്‍ക്കകത്തു തന്നെ വഴിവിട്ട ബന്ധങ്ങള്‍ സര്‍വ്വസാധാരണമായിരുന്നു. ഇന്ന് സ്ത്രീകള്‍ കുറെയൊക്കെ സ്വന്തം വ്യക്തിത്വം തിരിച്ചറിഞ്ഞു തുടങ്ങിയതോടെ ലൈംഗികപീഢനങ്ങള്‍ പുറം ലോകം അറിഞ്ഞു തുടങ്ങി. അവര്‍ പീഢനങ്ങളെ ചെറുത്തു നില്‍ക്കാന്‍ ശ്രമിക്കുന്നതാണു പീഢനവാര്‍ത്തകള്‍ പെരുകാന്‍ കാരണം. അല്ലാതെ പീഢനങ്ങള്‍ മുന്‍ കാലങ്ങളെ അപേക്ഷിച്ചു വര്‍ദ്ധിച്ചതല്ല. മുമ്പ് ആരും പുറത്തു പറയാന്‍ ധൈര്യപ്പെട്ടിരുന്നില്ല എന്നതാണു വസ്തുത. അതേ സമയം സ്ത്രീ പുരുഷ സൌഹൃദ ബന്ധങ്ങളില്‍ പഴയകാലത്തെപ്പോലെയുള്ള കാപട്യവും പുകമറയും കുറേശ്ശെ അപ്രത്യക്ഷമാവുകയും ആരോഗ്യകരമായ സൌഹൃദങ്ങളെ സമൂഹം അംഗീകരിച്ചു തുടങ്ങുകയും ചെയ്തിട്ടുണ്ട്. യാഥാസ്ഥിതികര്‍ ഇതൊക്കെ അസഹിഷ്ണുതയോടെയാണു വീക്ഷിക്കുന്നത്. സദാചാരം തകര്‍ന്നടിയുന്നു എന്നാണവരുടെ വിലാപം.
മതത്തിന്റെ സദാചരം കാലഹരണപ്പെട്ടത്.
മതം, അതുണ്ടായ കാല‍ത്തിന്റെയും ദേശത്തിന്റെയും ഗോത്ര മൂല്യങ്ങളെയാണു സംരക്ഷിക്കുന്നതെന്ന യാഥാര്‍ത്ഥ്യം മതമൌലികവാദികള്‍ മനസ്സിലാക്കുന്നില്ല. വിശ്വാസപരമായ കടുത്ത മുന്‍ വിധിയാണതിനവരെ പ്രേരിപ്പിക്കുന്നത്. ഉദാഹരണമായി നമുക്ക് ഇസ്ലാമിലെ കുടുംബം, ലൈംഗികത ,സ്ത്രീ സങ്കല്‍പ്പം തുടങ്ങിയ കാര്യങ്ങളെ പരിശോധിക്കാം.
ഇന്നു നാം പവിത്രമായി കരുതുന്ന തരത്തില്‍കെട്ടുറപ്പുള്ള ഒരു കുടുംബ സങ്കല്‍പ്പം ഇസ്ലാമില്‍ ഇല്ല. അറേബ്യാ മരുഭൂമിയിലെ അക്കാല‍ത്തെ നാടോടി ഗോത്രങ്ങളില്‍ നിലവിലിരുന്ന ഒരു തരം കുത്തഴിഞ്ഞ ലൈംഗിക ധാര്‍മ്മികതയാണ് ഇസ്ലാമിന്റെ പ്രമാണരേഖകളില്‍ വായിക്കാന്‍ കഴിയുന്നത്. ഇന്നത്തെ മതപ്രചാരകര്‍ , പക്ഷെ ഇക്കാര്യങ്ങളൊക്കെ പുകമറയില്‍ മൂടാന്‍ ശ്രമിക്കുകയാണു ചെയ്യുന്നത്. ഭാര്യയും ഭര്‍ത്താവും മക്കളും ഒരുമിച്ച് ഒരു വീട്ടില്‍ ജീവിക്കുക എന്ന സമ്പ്രദായം അന്നുണ്ടായിരുന്നില്ല. സ്ത്രീപുരുഷ ബന്ധങ്ങളും ലൈംഗിക ബന്ധങ്ങളും ഇക്കാലത്തു നമുക്കു ചിന്തിക്കാന്‍ പോലും പറ്റാത്തത്ര പ്രാകൃതവും വിചിത്രവുമായിരുന്നു. ഒരു കുടുംബം സ്ഥാപിച്ച് ഒരുമിച്ചു ജീവിക്കാന്‍ ഉദ്ദേശിച്ചുകൊണ്ടുള്ള വിവാഹവും അക്കാലത്തുണ്ടായിരുന്നില്ല. സ്ത്രീകളെ വെറും വേശ്യകളെപ്പോലെ യാണ് കണക്കാകിയിയിരുന്നത്. സ്ത്രീയുടെ ലൈംഗിക ശരീരം വിലക്കെടുത്ത് ഉപയോഗപ്പെടുത്തുകയായിരുന്നു പതിവ്. സ്ഥിരമായി വില കൊടുത്തു വാങ്ങുന്നതിനെയാണു വിവാഹം എന്നു വിവക്ഷിച്ചിരുന്നത്. താല്‍ക്കാലികമായി സമയം നിശ്ചയിച്ചുകൊണ്ടുള്ള പ്ലഷര്‍ സെക്സും [മുത് അ] അന്ന് അനുവദനീയമായിരുന്നു. നാ‍ടോടികള്‍ അവരുടെ ഇടത്താവളങ്ങളില്‍ ഇത്തരം താല്‍ക്കാലിക ദാമ്പത്യം പങ്കിടുമായിരുന്നു. അതില്‍ കുട്ടികള്‍ ജനിച്ചാല്‍ ആ കുട്ടികള്‍ പിതാവിന്റെ അവകാശത്തില്‍ വന്നു ചേരും . പ്രസവത്തോടെ അമ്മ കുഞ്ഞിനെ ഉപേക്ഷിക്കുകയും വാടകയ്ക്കു മുലയൂട്ടുന്ന താല്‍ക്കാലിക അമ്മമാര്‍ അവരെ ഏറ്റെടുത്തു മുലയൂട്ടുകയുമായരുന്നു പതിവ്. പ്രവാചകനായ മുഹമ്മദ് തന്നെ ഈ വിധത്തില്‍ വളര്‍ത്തപ്പെട്ട ഒരു കുഞ്ഞായിരുന്നു. അദ്ദേഹത്തിന്റെ മാതാവായ ആമിനയും പിതാവായ അബ്ദുല്ലയും തമ്മില്‍ ഒരു രാത്രിയുടെ ദാമ്പത്യം മാത്രമേ ഉണ്ടായിരുന്നുള്ളു എന്നാണു ചരിത്രപ്രമാണങ്ങളില്‍നിന്നും മനസ്സിലാകുന്നത്.

കുര്‍ ആനിലും ഹദീസിലും

{
وَٱلْمُحْصَنَٰتُ مِنَ ٱلنِّسَآءِ إِلاَّ مَا مَلَكْتَ أَيْمَٰنُكُمْ كِتَٰبَ ٱللَّهِ عَلَيْكُمْ وَأُحِلَّ لَكُمْ مَّا وَرَاءَ ذَٰلِكُمْ أَن تَبْتَغُواْ بِأَمْوَٰلِكُمْ مُّحْصِنِينَ غَيْرَ مُسَٰفِحِينَ فَمَا ٱسْتَمْتَعْتُمْ بِهِ مِنْهُنَّ فَآتُوهُنَّ أُجُورَهُنَّ فَرِيضَةً وَلاَ جُنَاحَ عَلَيْكُمْ فِيمَا تَرَٰضَيْتُمْ بِهِ مِن بَعْدِ ٱلْفَرِيضَةِ إِنَّ ٱللَّهَ كَانَ عَلِيماً حَكِيماً }

“(
നിങ്ങള്‍ക്കു നിഷിദ്ധമാക്കിയിരിക്കുന്നു) ഭര്‍ത്താക്കന്മാരുള്ള സ്ത്രീകളും; -നിങ്ങളുടെ ഉടമസ്ഥതയിലുള്ള അടിമസ്ത്രീകള്‍ ഒഴികെ- ഇത് നിങ്ങള്‍ക്ക് അല്ലാഹു നിയമമാക്കിയിരിക്കുന്നു. ഇവര്‍ക്കു പുറമെയുള്ള സ്ത്രീകളെ ,വ്യഭിചാരം എന്ന നിലക്കല്ലാതെ, വിവാഹം എന്നപോലെ ,സ്വന്തം ധനം കൊണ്ട് നിങ്ങള്‍ ആവശ്യപ്പെടുന്നത് നിങ്ങള്‍ക്ക് അനുവദിക്കപ്പെട്ടിരിക്കുന്നു. അങ്ങനെ അവരില്‍നിന്നും ആരെക്കൊണ്ടെങ്കിലും നിങ്ങള്‍ സുഖമെടുത്താല്‍ അവര്‍ക്കു നിശ്ചയിക്കപ്പെട്ട പ്രതിഫലം കൊടുക്കുക. സംഖ്യ നിശ്ചയിച്ച ശേഷം പരസ്പരം തൃപ്തിപ്പെട്ടതില്‍ (വിട്ടുവീഴ്ച്ച ചെയ്യുന്നതില്‍ ) നിങ്ങള്‍ക്കു വിരോധമില്ല.” (4:24)


ഇസ്ലാമില്‍ വിവാഹം ഒരു കരാറാണ്. എന്നാല്‍ പലരും തെറ്റിദ്ധരിച്ചിട്ടുള്ള പോലെ , ഒരു കുടുംബം സ്ഥാപിച്ച് ഒരുമിച്ചു ജീവിക്കാനുള്ള ഒരു ഉഭയകക്ഷി കരാറല്ല മുസ്ലിം വിവാഹം. പ്രത്യുത , ഒരു സ്ത്രീ ഒരു നിശ്ചിത സംഖ്യക്കു പകരം , ഹ്രസ്വകാലത്തേക്ക് അവധി നിശ്ചയിച്ചോ അതല്ലെങ്കില്‍ ദീര്‍ഘകാലത്തേക്ക് കാലാവധി നിശ്ചയിക്കാതെയോ തന്റെ ലൈംഗിക ശരീരത്തിലുള്ള അവകാശം പൂര്‍ണ്ണമായും ഒരു പുരുഷനു കീഴ്പ്പെടുത്തിക്കൊടുക്കാ‍മെന്ന് ഉറപ്പു നല്‍കുന്ന ഒരുടമ്പടി മാത്രമാണത്. അറബികള്‍ക്കിടയിലെ മറ്റേതൊരു വ്യാപാരവും പോലെ , ഇതു രണ്ടു പുരുഷന്മാര്‍ പരസ്പരം കൈ പിടിച്ച് വാമൊഴിയായി ഉറപ്പിക്കുന്ന കച്ചവടമാണ്. വിവാഹമൂല്യം കൈപ്പറ്റുന്നതോടെ ഒരു സ്ത്രീക്ക് തന്റെ സ്വന്തം ശരീരത്തിലുള്ള എല്ലാ അവകാശവും നഷ്ടപ്പെടും. ഇതാണു നിയമം.

ഇവിടെ ഉദ്ധരിക്കപ്പെട്ട ഖുര്‍ ആന്‍ സൂക്തം സാധാരണ വിവാഹത്തെ കുറിച്ചുള്ളതല്ല. ആയത്തുല്‍ മുത് അ എന്നപേരില് (സുഖഭോഗത്തിന്റെ സൂക്തം ) അറിയപ്പെടുന്ന താല്‍ക്കാലിക ക്കരാറിനെ സംബന്ധിച്ചുള്ളതാണ്.

നിങ്ങള്‍ ഏതെങ്കിലും സ്ത്രീയുമായി ലൈംഗികാസ്വാദനം ആഗ്രഹിക്കുന്നുവെങ്കില്‍ അവളുടെ സമ്മതമാരായുകയും നിശ്ചിത കാലയളവിലേക്കുള്ള ഒരു ഉടമ്പടി പ്രകാരം അവളുമായി ബന്ധപ്പെടുകയും , അപ്രകാരം സുഖമനുഭവിച്ചു കഴിഞ്ഞാല്‍ നിശ്ചയിച്ച പ്രതിഫലം നല്‍കുകയും ചെയ്യണം എന്നാണിവിടെഅല്ലാഹുഉപദേശിക്കുന്നത്. സുഖമെടുക്കല്‍ കഴിഞ്ഞാല്‍ പ്രതിഫലത്തിന്റെ കാര്യത്തില്‍ പരസ്പരം വിട്ടുവീഴ്ചകള്‍ ആവാമെന്നും പറയുന്നു.


നാടോടികളും കച്ചവടക്കാരുമായിരുന്ന അറബികള്‍ക്കിടയില്‍ സര്‍വ്വസാധാരണമായിരുന്ന ഒരു സമ്പ്രദായത്തെ ശരി വെക്കുക്കുന്നതാണീ ദിവ്യ വചനം! കച്ചവടത്തിനും മറ്റുമായി ദീര്‍ഘകാല യാത്രകളില്‍ ഏര്‍പ്പെട്ടിരുന്ന അറബികള്‍ അവരുടെ ഇടത്താവളങ്ങളില്‍ കണ്ടു മുട്ടുന്ന സ്ത്രീകളുമായി ഇത്തരം താല്‍ക്കാലികബന്ധങ്ങളിലേര്‍പ്പെടുക പതിവായിരുന്നു. സ്ത്രീകള്‍ ഇതൊരു ഉപജീവനമാര്‍ഗ്ഗമായി സ്വീകരിക്കുകയും ചെയ്തിരുന്നു. പ്രവാചകന്‍ അവര്‍ക്ക് അതിനുള്ള അനുവാദം നല്‍കിയിരുന്നതായി ഹദീസുകള്‍ വ്യക്തമാക്കുന്നു. പ്രവാചകന്റെ കാലത്തും തുടര്‍ന്ന് അബൂബക്കറിന്റെ കാലത്തും ഒരു പിടി കാരക്കയോ ഗോതമ്പു മാവോ പ്രതിഫലം നല്‍കി ഏതാനും ദിവസത്തേക്ക് ഞങ്ങള്‍ സുഖമനുഭവിക്കാറുണ്ടായിരുന്നു.എന്ന് ഇബ്നു അബ്ബാസിനെ ഉദ്ധരിച്ചുകൊണ്ട് സഹീഹു മുസ്ലിം റിപ്പോര്‍ട് ചെയ്യുന്നു. തുഛമായ പ്രതിഫലത്തിന് താല്‍ക്കാലിക വധുക്കളെ കിട്ടാന്‍ അക്കാലത്ത് പ്രയാസമുണ്ടായിരുന്നില്ല എന്നു സാരം. ഇന്ത്യയിലെ മുസ്ലിം വ്യക്തിനിയമം ഈ സമ്പ്രദായത്തെ അനുവദിക്കുന്നുണ്ട്.

സദ്ഗുണകാരികളായ സത്യവിശ്വാസികള്‍ എങ്ങനെയുള്ളവരാണെന്നു വിശദമാക്കിക്കൊണ്ട് ഖുര്‍ ആന്‍ പറയുന്നു:-

وَٱلَّذِينَ هُمْ لِفُرُوجِهِمْ حَافِظُونَ
إِلاَّ عَلَىٰ أَزْوَاجِهِمْ أَوْ مَا مَلَكَتْ أَيْمَانُهُمْ فَإِنَّهُمْ غَيْرُ مَلُومِينَ
عدو لكم فاحذروهم

തങ്ങളുടെ ലൈംഗികാവയവങ്ങളെ ഭാര്യമാരോ സ്വന്തം അടിമസ്ത്രീകളോ അല്ലാത്തവരില്‍ നിന്നും കാത്തു സൂക്ഷിക്കുന്നവരും, അപ്പോള്‍ അവര്‍ തീര്‍ച്ചയായും ആക്ഷേപിക്കപ്പെടുകയില്ല. എന്നാല്‍ അതിനുമപ്പുറത്തേക്കു വല്ലവരും കടന്നാല്‍ അവര്‍ അതിക്രമകാരികളാണ്.”(23:5-7)

ഈ അതിരു ലംഘിച്ചു വ്യഭിചരിക്കാന്‍ പോകുന്നവര്‍ക്കു കല്ലേറു കൊണ്ടു മരിക്കേണ്ടിവരും. കാരണം ഒരു മുസ്ല്യാര്‍ ഇങ്ങനെ വിശദീകരിക്കുന്നു:-

അപ്പോള്‍ ഭാര്യമാരെയും അടിമസ്ത്രീകളെയും വിട്ട് അവിഹിത വഴികള്‍ തേടുന്നവര്‍ അങ്ങേയറ്റം അതിക്രമകാരികളാണ്. കാരണം നാലുവരെ ഭാര്യമാരെയും ആവശ്യമായത്ര അടിമസ്ത്രീകളെയും സൌകര്യപ്പെടുത്തുക വഴി അല്ലാഹു വലിയ വിശാലതയാണു ചെയ്തിരിക്കുന്നത്..” (കെ വി മുഹമ്മദ് മുസ്ലിയാര് )


സ്ത്രീ വെറും ഭോഗ വസ്തു

نِسَآؤُكُمْ حَرْثٌ لَّكُمْ فَأْتُواْ حَرْثَكُمْ أَنَّىٰ شِئْتُمْ وَقَدِّمُواْ لأَنْفُسِكُمْ وَٱتَّقُواْ ٱللَّهَ وَٱعْلَمُوۤاْ أَنَّكُمْ مُّلاَقُوهُ وَبَشِّرِ ٱلْمُؤْمِنِينَ
നിങ്ങളുടെ സ്ത്രീകള്‍ നിങ്ങളുടെ കൃഷിസ്ഥലമാണ്; അതിനാല്‍ നിങ്ങള്‍ ഇച്ഛിക്കുന്നവിധം സ്വന്തം കൃഷിസ്ഥലത്തു നിങ്ങള്‍ക്കു ചെല്ലാം.”( 2:223 )


ലൈംഗികാസ്വാദനത്തിന് പുരുഷന്‍ ഇച്ഛിക്കുന്ന ഏതു വിധത്തിലും അവളുടെ ശരീരം ഉപയോഗിക്കാന്‍ അവനവകാശമുണ്ടെന്നും സ്ത്രീക്ക് അവളുടെ ശരീരത്തിലോ ലൈംഗികതയിലോ ഒരവകാശവും ഇല്ലെന്നും ഈ ഖുര്‍ ആന്‍ വാക്യം അസന്ദിഗ്ധമായി പ്രഖ്യാപിക്കുന്നു.

സ്ത്രീകള്‍ക്കു സ്വന്തമായി വികാരങ്ങളുണ്ടെന്ന കാര്യം പോലും‍ പരിഗണിച്ചിരുന്നില്ല. സ്വന്തം ഉടമസ്ഥതയിലുള്ള പുരുഷനുമായി ബന്ധപ്പെടാന്‍ ഖുര്‍ ആന്‍ നിയമപ്രകാരം തനിക്കും അവകാശമുണ്ടെന്നു തെറ്റിദ്ധരിച്ച ഒരു സ്ത്രീയുടെ അനുഭവം നമ്മുടെ മൌദൂദി സാഹിബ് ഉദ്ധരിക്കുന്നുണ്ട് :-


സ്ത്രീകള്‍ക്കു അടിമകളെ ലൈംഗികാവശ്യത്തിനു ഉപയോഗപ്പെടുത്താന്‍ പാടില്ല. ഖുര്‍ ആനില്‍ , പുരുഷന്മാര്‍ക്കു അടിമസ്ത്രീകളെ ഉപയോഗപ്പെടുത്താന്‍ സ്വാതന്ത്ര്യം നല്‍കുകയും സ്ത്രീകള്‍ക്കതു നിഷേധിക്കുകയും ചെയ്യുന്നു. ഉമറിന്റെ ഭരണകാലത്ത് ഒരു സ്ത്രീ വമാ മലകത് അയ്മാനുകുംഎന്ന ആയത്ത് ദുര്‍വ്യാഖ്യാനം ചെയ്തു. തന്റെ അടിമയുമായി ലൈംഗികത പങ്കു വെച്ചു. ഈ വിവരം ഉമറിനു ലഭിച്ചപ്പോള്‍ , അദ്ദേഹം ഈ പ്രശ്നം സഹാബികളുടെ സദസ്സില്‍ ചര്‍ച്ചക്കു വെച്ചു. എല്ലാവരും ഏകകണ്ഠമായി , അവര്‍ അല്ലാഹുവിന്റെ ഗ്രന്ഥത്തെ ദുര്‍വ്യാഖ്യാനം ചെയ്തു എന്നഭിപ്രായപ്പെട്ടു. മറ്റൊരു സ്ത്രീ ഉമറിനോട് ഇതു പോലൊരു പ്രവൃത്തിക്കു സമ്മതം ചോദിച്ചു. ശക്തമായി എതിര്‍ത്തതിനു ശേഷം ,സ്ത്രീകള്‍ എതിരു പ്രവര്‍ത്തിക്കാത്ത കാലത്തോളം അറബികള്‍ നന്മയില്‍തന്നെയായിരിക്കുമെന്നദ്ദേഹം പറഞ്ഞു.” [പര്‍ദ്ദ, പെജ് 175 ; അബുല്‍ അ അലാ മൌദൂദി] തഫ്ഹീമുല്‍ ഖുര്‍ ആനിലും ഇതുദ്ധരിച്ചിട്ടുണ്ട്.

പ്രവാചന്മാരുടെ മാതൃക
ലക്ഷത്തില്‍ പരം പ്രവാചകന്മാര്‍ വന്നു മാതൃകാ ജീവിതം കാഴ്ച്ച വെച്ചു എന്നൊക്കെയാണു മതം അവകാശപ്പെടുന്നത്. എന്നാല്‍ ഈ പ്രവാചകന്മാര്‍ ഏതേതു കാലഘട്ടത്തില്‍ ജീവിച്ചുവോ ആ കാല‍ഘട്ടത്തിന്റെ മൂല്യങ്ങള്‍ മാതമേ അവരും ഉള്‍ക്കൊണ്ടിരുന്നുള്ളു എന്നു കാണാന്‍ പ്രയാസമില്ല. പ്രവാചകരെ പറഞ്ഞയച്ച ദൈവത്തിനു തന്നെയും സദാചാരത്തെ കുറിച്ച് സ്ഥായിയായ ഒരു സങ്കല്‍പ്പവും ഉണ്ടായിരുന്നുമില്ല!

ആദ്യമനുഷ്യനും ആദ്യ പ്രവാചകനുമായ ആദം നബിയുടെ മക്കള്‍ക്ക് എങ്ങനെയാണു മക്കളുണ്ടായത്? അമ്മയും മകനും തമ്മില്‍ ലൈംഗികബന്ധത്തിലേര്‍പ്പെട്ടതാണോ? അതോ സഹോദരിയും സഹോദരനും തമ്മിലോ? ആദമിനു വേണ്ടി മണ്ണു കുഴച്ചദൈവം എന്തുകൊണ്ട് അല്‍പ്പം കൂടി മണ്ണെടുത്ത് രണ്ടു ജോടി മനുഷ്യരെ സൃഷ്ടിച്ചുകൊണ്ട് സാഹോദര്യബന്ധത്തിന്റെ പവിത്രത കാത്തില്ല?
മാതൃകാ പ്രവാചകനായിരുന്ന ഇബ്രാഹിം നബിക്ക് വേലക്കാരിയിലാണു മക്കള്‍ ജനിച്ചത്? ഇത് സദാചാര വിരുദ്ധമല്ലേ?
ലൂത്ത് നബിയുടെ സദാചാരംഇക്കാല‍ത്തു പരസ്യമായിപ്പറയാന്‍ കൊള്ളുന്നതാണോ? അച്ഛനും മകളും തമ്മില്‍ ലൈംഗികബന്ധത്തിലേര്‍പ്പെടുന്നതില്‍ ദൈവത്തിനൊരു മനപ്രയാസവും കാണുന്നില്ലല്ലോ? സ്വന്തം പെണ്മക്കളെ ഒരാള്‍ക്കൂട്ടത്തിനെറിഞ്ഞു കൊടുത്തു കൊണ്ട് നിങ്ങള്‍ എന്തു വേണമെങ്കിലും ചെയ്തോളൂഎന്ന് പ്രഖ്യാപിക്കുന്ന ഒരു പ്രവാചകനെയാണു കുര്‍ ആനും പരിചയപ്പെടുത്തുന്നത്.

സുലൈമാന്‍ എന്ന മറ്റൊരു പ്രവാചകന്‍ 1000 പെണ്ണുങ്ങളെ ഭാര്യമാരായി കൂടെ പാര്‍പ്പിച്ചിരുന്നുവെന്നു ചരിത്രം. ഇതെന്തു തരം സദാചാരമാണ്?
99
ഭാര്യമാരുണ്ടായിരുന്ന ദാവീദ് 100 തികച്ച കഥയും പ്രസിദ്ധമാണല്ലോ.
അവസാനത്തെ റോള്‍ മാതൃക യായ മുഹമ്മദിനും അനേകം ഭാര്യമാരും പിന്നെ സമ്മാനം കിട്ടിയ വെപ്പാട്ടിയുമൊക്കെയുണ്ടായിരുന്നു. കൂടാതെ അദ്ദേഹത്തിനു മാത്രമായി കുറെപ്രത്യേകാനുമതിയും![33:50-52]
ആറു വയസ്സുള്ള ബാലികയെ അമ്പതു വയസ്സുള്ള പുരുഷന്‍ വിവാഹം ചെയ്യുന്നതും പ്രവാചക ചര്യയിലെ ഉത്തമ മാതൃകയായി നാം സ്വീകരിക്കണോ?

ഉപരി വര്‍ഗ്ഗത്തിന്റെ സദാചാരം
ചുരുക്കത്തില്‍ ഇന്നത്തെ ഭദ്രകുടുംബം എന്ന സദാചാര സങ്കല്‍പ്പം ചരിത്രത്തിന്റെ ആധുനിക ഘട്ടത്തില്‍ മാത്രം രൂപം കൊണ്ടതാണെന്നര്‍ത്ഥം.
പ്രവാചകര്‍ക്കും സമ്പന്നര്‍ക്കും വിപുലമായ അവകാശങ്ങള്‍ അനുവദിച്ചു കൊടുത്ത മതം അടിമകളോടും ദരിദ്രരോടും ഉപദേശിച്ചത് മറ്റൊരു സദാചാരമാണ്. ഇസ്ലാമില്‍ അടിമക്കു നാലു വിവാഹം കഴിക്കാന്‍ അവകാശമില്ല. അടിമപ്പെണ്ണിനു ഭര്‍ത്താവുണ്ടെങ്കിലും യജമാനനാണ് അവളെ ആസ്വദിക്കാനുള്ള അവകാശം! അടിമസ്ത്രീ മാറു മറയ്ക്കാനും പാടില്ല. അവളുടെ ഔറത്ത് മുട്ടു പൊക്കിളിനിടയിലുള്ളത്മാത്രം! വിവാഹം കഴിക്കാനോ അടിമയെ വാങ്ങാനോ കഴിവില്ലാത്ത ദരിദ്രപുരുഷന്മാരോട് വികാരം നിയന്ത്രിച്ചു ജീവിക്കാനാണു മതം ഉപദേശിക്കുന്നത്.

വിവാഹമോചനം, ബഹുഭാര്യത്വം, സ്വത്ത്വകാശം, കുടുംബ നേതൃത്വം, പൊതുജീവിതം, സാക്ഷിനിയമം എന്നിങ്ങനെ സമസ്ത മേഖലയിലും തികഞ്ഞ പുരുഷാധിപത്യമാണു മതം വിഭാവനം ചെയ്യുന്നത്.

വ്യഭിചാരവും ശിക്ഷയും

 
മതം നിശ്ചയിച്ച അതിരുകള്‍ ലംഘിച്ചു വ്യഭിചാരത്തിലേര്‍പ്പെടുന്നവര്‍ക്കു കഠിനമായ ശിക്ഷയാണു വിധിച്ചിട്ടുള്ളത്. വിവാഹിതര്‍ വ്യഭിചരിച്ചാല്‍ അവരെ കല്ലെറിഞ്ഞു കൊല്ലണം. ഇതു കുര്‍ ആനില്‍ ഇല്ലെങ്കിലും സുന്നത്തിലുണ്ട്.- കുര്‍ ആനില്‍ ഉണ്ടായിരുന്നുവെന്നും ക്രോഡീകരണവേളയില്‍ നഷ്ടപ്പെട്ടുവെന്നും ഹദീസുകളില്‍ പറയുന്നു -അവിവാഹിതര്‍ക്കു പ്രഹരശിക്ഷയും സ്ത്രീക്കു മരണം വരെ വീട്ടുതടവുമൊക്കെയാണു കുര്‍ ആന്‍ വിധിച്ചിട്ടുള്ള ശിക്ഷ.

ഉഭയകക്ഷി സമ്മതത്തോടെ നടക്കുന്ന ലൈംഗിക ബന്ധമാണിവിടെ കടുത്ത ശിക്ഷയര്‍ഹിക്കുന്ന കുറ്റമായി മതം കാണുന്നത്. എന്നാല്‍ സ്ത്രീയെ ബലാത്സംഗം ചെയ്യുന്ന പുരുഷന് കുര്‍ ആനിലോ സുന്നത്തിലോ ശിക്ഷയൊന്നും പറയുന്നില്ല. അങ്ങനെയൊരു കുറ്റകൃത്യം തന്നെ ഇസ്ലാമിന്റെ സദാചാരപ്പട്ടികയില്‍ ഇല്ല. ഒരു സ്ത്രീ തന്നെ ലൈംഗികമായി ആക്രമിച്ച പുരുഷനെതിരെ പരാതിയുന്നയിച്ചാലോ? അവള്‍ നാലു ദൃക്‌സാക്ഷികളെ ഹാജറാക്കിയില്ലെങ്കില്‍ അവള്‍ക്കാണു ചാട്ടവാറടി ! ബലാത്സംഗത്തില്‍ ഗര്‍ഭിണിയായാല്‍ അവള്‍ കല്ലെറിഞ്ഞു കൊല്ലപ്പെടാനാണു സാധ്യത.!
നിസ്സാരമായ കുറ്റത്തിനു കല്ലെറിഞ്ഞു കൊല്ലല്‍ ‍; അതി ഗുരുതരമായ കുറ്റത്തിനു ശിക്ഷയില്ല. ഇരശിക്ഷിക്കപ്പെടുകയും ചെയ്യും !


ഗോത്ര കാലത്തെ പ്രതികാരനിയമങ്ങള്‍

കണ്ണിനു കണ്ണ്; പല്ലിനു പല്ല് എന്ന ഗോത്രനീതിയെ കുര്‍ ആനും ആവര്‍ത്തിക്കുന്നു. മലയാളിയായ നൌഷാദ് എന്ന യുവാവിന്റെ കണ്ണു ചൂഴ്ന്നെടുകാന്‍ സൌദി കോടതി വിധിച്ച സംഭവം ഓര്‍ക്കുന്നില്ലേ? തുല്യ നഷ്ടം വരുത്തി പ്രതിക്രിയ ചെയ്യുക എന്ന ഗോത്രകാലയുക്തിയാണിവിടെ ദൈവംശരി വെക്കുന്നത്. കൊല‍ക്കുറ്റത്തിനും ഇത്തരം പ്രതികാരം ചെയ്യാനാണു കുര്‍ ആന്‍ നിര്‍ദ്ദേശിക്കുന്നത്.
يٰأَيُّهَا ٱلَّذِينَ آمَنُواْ كُتِبَ عَلَيْكُمُ ٱلْقِصَاصُ فِي ٱلْقَتْلَى ٱلْحُرُّ بِالْحُرِّ وَٱلْعَبْدُ بِٱلْعَبْدِ وَٱلأُنثَىٰ بِٱلأُنْثَىٰ فَمَنْ عُفِيَ لَهُ مِنْ أَخِيهِ شَيْءٌ فَٱتِّبَاعٌ بِٱلْمَعْرُوفِ وَأَدَآءٌ إِلَيْهِ بِإِحْسَانٍ ذٰلِكَ تَخْفِيفٌ مِّن رَّبِّكُمْ وَرَحْمَةٌ فَمَنِ ٱعْتَدَىٰ بَعْدَ ذٰلِكَ فَلَهُ عَذَابٌ أَلِيمٌ
ഹേ വിശ്വാസികളേ! കൊല്ലപ്പെട്ടവരുടെ കാര്യത്തില്‍ പ്രതികാരം ചെയ്യല്‍ നിങ്ങള്‍ക്കു നിയമമാക്കിയിരിക്കുന്നു. അതായത് സ്വതന്ത്രനു സ്വതന്ത്രനും അടിമയ്ക്ക് അടിമയും സ്ത്രീയ്ക്കു സ്ത്രീയും എന്ന നിലയില്‍ ”(2:178)

കൊലക്കു പകരം കൊല എന്ന ഗോത്ര നീതിയെ ശരിവെക്കുന്നതോടൊപ്പം പകരക്കൊലയില്‍ സമത്വംപാലിക്കല്‍ നിര്‍ബ്ബന്ധമാക്കുക കൂടിയാണ് ഈ ഖുര്‍ ആന്‍ വാക്യത്തിന്റെ ഉദ്ദേശ്യമെന്ന് വ്യാഖ്യാതാക്കള്‍ വിശദീകരിക്കുന്നു.
കൊല‍ക്കു പകരം കൊല എന്ന സമ്പ്രദായം അറബികളിലും വേദക്കാരിലും മുമ്പേ പതിവുണ്ടായിരുന്നു. പക്ഷേ അതില്‍ നീതിയും സമത്വവും പാലിക്കപ്പെട്ടിരുന്നില്ല. ....പ്രതിക്രിയ നടത്തല്‍ നിയമമാക്കിയിരിക്കുന്നു എന്നു പറഞ്ഞാല്‍ കൊന്നവനെ കൊല്ലല്‍ നിര്‍ബ്ബന്ധമാണെന്നല്ല; പ്രതിക്കൊലയില്‍ സമത്വവും നീതിയും പാലിക്കണം എന്നാണുദ്ദേശ്യം. സ്വതന്ത്രനു സ്വതന്ത്രനും അടിമക്ക് അടിമയും സ്ത്രീക്കു സ്ത്രീയും എന്ന് പറഞ്ഞത് അതിന്റെ വിശദീകരണമത്രേ.”[ഖുര്‍ ആന്‍ വിവരണം-അമാനിമൌലവി]

ഒരു ഗോത്രത്തിലെ സ്ത്രീയാണു കൊല്ലപ്പെട്ടതെങ്കില്‍ പകരം കൊലയാളിയുടെ ഗോത്രത്തിലെ ഒരു സ്ത്രീയെ മാത്രമേ കൊല്ലാവൂ എന്നും , അടിമയെ കൊന്നാല്‍ , കൊലയാളി സ്വതന്ത്രനാണെങ്കിലും അയാളുടെ ഗോത്രത്തിലെ ഒരടിമയെ മാത്രമേ പകരം വധിക്കാവൂ എന്നുമാണ് ഖുര്‍ ആന്‍ ഉപദേശിക്കുന്നത്. കൊല്ലപ്പെടുന്നവരുടെ വിലനിലവാരംപരിഗണിക്കാതെയുള്ള ജാഹിലിയ്യാ കാലത്തെ പ്രതിക്രിയാരീതിയില്‍ കാലോചിതമായ ഭേദഗതി വരുത്തിക്കൊണ്ട് ഇക്കാര്യത്തില്‍ സമത്വവും നീതിയും നടപ്പിലാക്കാന്‍ അവതരിപ്പിച്ചതാണത്രേ ഈ വെളിപാട്. ഖുര്‍ ആന്‍ വ്യാഖ്യാതാക്കളെയും കര്‍മ്മശാസ്ത്രവിദഗ്ധരെയും ഒരുപാട് ആശയക്കുഴപ്പത്തിലാക്കിയ ഒന്നാണീ സൂക്തമെന്നും അമാനിമൌലവി തുടര്‍ന്നെഴുതുന്നു:-

എന്നാല്‍ ഒരടിമയെ ഒരു സ്വതന്ത്രനോ, അല്ലെങ്കില്‍ മറിച്ചോ ഒരു സ്ത്രീയെ ഒരു പുരുഷനോ, അല്ലെങ്കില്‍ മറിച്ചോവധിച്ചുവെങ്കിലോ? ഇതിനെപ്പറ്റിയൊന്നും ഇവിടെ വിവരിക്കുന്നില്ല. അതുകൊണ്ട് പണ്ഡിതന്മാര്‍ക്കിടയില്‍ ഇതിന്റ്റെ വിശദീകരണത്തില്‍ അഭിപ്രായവ്യത്യാസങ്ങള്‍ കാണാം. ആ അഭിപ്രായങ്ങളുംന്‍ തെളിവികളും ന്യായങ്ങളും ഉദ്ധരിക്കുന്ന പക്ഷം അതു കുറേ ദീര്‍ഘിച്ചു പോക്മെന്നതിനാല്‍ ഇവിടെ അതിലേക്കു പ്രവേശിക്കുന്നില്ല.” (ഖുര്‍ ആന്‍ വിവരണം)

ഈ ഖുര്‍ ആന്‍വാക്യത്തിന്റെ യഥാര്‍ത്ഥ വിവക്ഷയെന്തെന്നോ ഇക്കാര്യത്തില്‍ പണ്ഡിതന്മാര്‍ക്കിടയിലെ അഭിപ്രായഭിന്നതകള്‍ എന്തെല്ലാമെന്നോ വിവരിക്കാതെ മുജാഹിദ് പണ്ഡിതന്‍ ഒഴിഞ്ഞു മാറുന്നത് ശ്രദ്ധേയമാണ്. ജമാ അത്ത് ഗുരു മൌദൂദിയാകട്ടെ തന്റെതഫ്ഹീംല്‍ ഈ വാക്യത്തിനു സ്വന്തം യുക്തികൊണ്ട് വ്യാഖ്യാനം കണ്ടെത്തുകയാണു ചെയ്തത്. ഇക്കാലത്തു മനുഷ്യരോടു പറയാന്‍ കൊള്ളാത്ത കാര്യമാണ് ഇവിടെഅല്ലാഹുവെളിപ്പെടുത്തിയിട്ടുള്ളതെന്ന തിരിച്ചറിവു തന്നെയായിരിക്കാം ഇവരുടെ ഉരുണ്ടുകളിക്കു കാരണം!

എല്ലാ മനുഷ്യജീവനും തുല്യ വിലയാണുള്ളതെന്ന ആധുനിക മനുഷ്യാവകാശ തത്വം ഇസ്ലാമിനു സ്വീകാര്യമല്ല എന്നതു മാത്രമല്ല ഇവിടെ പ്രശ്നം. ഒരു കുറ്റവും ചെയ്യാത്ത നിരപരാധികളായ മനുഷ്യരെ വെറും പ്രതികാരക്രിയയിലെ സമത്വപാലനത്തിന്റെ പേരില്‍ കൊല ചെയ്യണമെന്ന പ്രാകൃത ഗോത്രനീതിയാണിവിടെ ദൈവത്തിന്റെ വെളിപാടെന്ന പേരില്‍ ഖുര്‍ ആന്‍ അവതരിപ്പിച്ചിട്ടുള്ളത്. കുറ്റം ചെയ്തവരും അതിനു കൂട്ടു നിന്നവരും പ്രേരിപ്പിച്ചവരും ഉള്‍പ്പെടെയുള്ള കുറ്റവാളികള്‍ക്കു ഉചിതമായ ശിക്ഷ നല്‍കുകയും ‍അവരില്‍നിന്നു നഷ്ടപരിഹാരം ഈടാക്കുകയും ചെയ്യുക എന്നതാണു ആധുനിക സമൂഹം അംഗീകരിച്ചിട്ടുള്ള നീതിനിര്‍വ്വഹണരീതി. കുറ്റം ചെയ്തവര്‍ക്കുതുല്യ നഷ്ടംവരുത്തുന്നതിനായി അയാളുടെ കുടുംബാംഗങ്ങളെ വധിക്കുക, സ്വത്തുക്കള്‍ നശിപ്പിക്കുക മുതലായ സമ്പ്രദായങ്ങള്‍ അപരിഷ്കൃത സമൂഹങ്ങളില്‍ മുന്‍പു കാലത്തുണ്ടായിരുന്നു.അത്തരം മനുഷ്യത്വരഹിതവും അയുക്തികവുമായ ഗോത്രാചാരങ്ങളെ ശരിവെക്കാന്‍ മാത്രം ബുദ്ധിശൂന്യതയും നെറികേടും, നീതിമാനും സര്‍വ്വജ്ഞാനിയുമായ ഒരു ദൈവത്തില്‍നിന്നു പ്രതീക്ഷിക്കാവതല്ല!

ഖുര്‍ ആന്റെ ഈ ഉപദേശം ഇക്കാലത്തു നടപ്പിലാക്കിയാല്‍ എങ്ങനെയിരിക്കുമെന്നതിന് ഒരു ഉദാഹരണം നോക്കാം. ഒരു കൊള്ളക്കാരന്‍ ഒരു വീട്ടില്‍ കയറി കൊള്ള നടത്തുന്നതിനിടെ വീട്ടമ്മയായ സ്ത്രീയെയും അവരുടെ രണ്ടു വയസ്സായ കുഞ്ഞിനെയും കൊലപ്പെടുത്തിയെന്നു സങ്കല്‍പ്പിക്കുക. അല്ലാഹു ഉപദേശിച്ചതനുസരിച്ച് കൊല്ലപ്പെട്ട സ്ത്രീയുടെ ബന്ധുക്കള്‍ ചെയ്യേണ്ടത് ആ കൊലയാളിയുടെ കുടുംബത്തില്‍ ചെന്ന് അയാളുടെ ഭാര്യയെയും തുല്യ പ്രായത്തിലുള്ള കുഞ്ഞിനേയും തെരഞ്ഞു പിടിച്ച് കൊല്ലുകയാണ്! കൊല്ലപ്പെട്ടത് ഒരു സ്ത്രീയും കുഞ്ഞു മായതുകൊണ്ട് പകരം കൊലയാളിയായ പുരുഷനെ കൊല്ലുന്നത് നീതിയല്ല. എന്തുകൊണ്ടെന്നാല്‍ പുരുഷന്റെ മൂല്യവും സ്ത്രീയുടെ മൂല്യവും തുല്യമല്ലല്ലോ!!

ഖുര്‍ ആന്റെ കര്‍ത്താവു നീതിമാനായ ഒരു ദൈവമായിരുന്നെങ്കില്‍ ഈ വാക്യം ഇപ്രകാരമായിരുന്നേനെ:
ഹേ വിശ്വാസികളേ, കുറ്റം ചെയ്യാത്തവരെ പ്രതികാരത്തിന്റെ പേരില്‍ ഇനി മേല്‍ നിങ്ങള്‍ ഹിംസിക്കരുത്. എല്ലാ മനുഷ്യരും തുല്യരാണ്. അതിനാല്‍ കുറ്റവാളികളെ മാത്രം ശിക്ഷിക്കുക.

ഉപസംഹാരം.
നാം ജീവിക്കുന്ന കാലഘട്ടത്തിനും ദേശ സംസ്കാരഥിനും അനുയോജ്യമായാണു നമ്മുടെ മൂല്യ സങ്കല്‍പ്പങ്ങള്‍ രൂപപ്പെടുന്നത്. മതമൂല്യങ്ങളില്‍ അതിനോടു പൊരുത്തപ്പെടാത്ത കാര്യങ്ങള്‍ കാണുമ്പോള്‍ നാം അസ്വസ്ഥരാവുകയും അതിനെ വളച്ചൊടിച്ച് ഇന്നത്തെ സദാചാരത്തിനനുസരിച്ചു വ്യാഖ്യാനിക്കാന്‍ ശ്രമിക്കുകയുമാണിന്നു ചെയ്യുന്നത്. സദാചാരം മതം സംരക്ഷിച്ചതും ദൈവം ഇറക്കിത്തന്നതുമാണെന്നു നമ്മള്‍ പറയുകയും ചെയ്യുന്നു.

സ്വതന്ത്ര ചിന്തകരായ യുക്തിവാദികള്‍ ഇതംഗീകരിക്കുന്നില്ല. സദാചാരം സ്ഥായിയോ കേവലമോ മാറ്റാന്‍ പാടില്ലാ‍ത്തതോ അല്ല. ഒരോ പ്രശ്നവും അതിന്റെ സാഹചര്യങ്ങളും സന്ദര്‍ഭങ്ങളുമൊക്കെ സ്വതന്ത്രമായി വിശകലനം ചെയ്ത ശേഷം യുക്തിപൂര്‍വ്വം അതിന്റെ ശരിതെറ്റുകളെ മനസ്സിലാക്കി ഉചിതമായ നിലപാടെടുക്കുക എന്ന രീതിയാണു യുക്തിവാദം . അതുകൊണ്ടു തന്നെ യുക്തിവാദിക്കു റെഡി മെയ്ഡായ ഒരു സദാചാര പ്പട്ടിക എല്ലാ കാല‍ത്തേക്കും ദേശത്തേക്കുമായി ഉണ്ടാക്കി വെക്കാന്‍ കഴിയില്ല. ജനാധിപത്യം, മതനിരപേക്ഷമാനവികത, ലിംഗനീതി, സമത്വം , സമാധാനം, സ്വാതന്ത്ര്യം തുടങ്ങിയ നവ സാമൂഹ്യ സങ്കല്‍പ്പങ്ങളാണു യുക്തിവാദി സദാചാരത്തിനു മാനദണ്ഡമാക്കുന്നത്. ഈ മൂല്യങ്ങളൊന്നും മതങ്ങളോ ദൈവങ്ങളോ സംഭാവന‍ ചെയ്തതല്ല. യുക്തിചിന്തകരായ മതനിഷേധികളുടെ സര്‍ഗ്ഗ സംഭാവനകളാണ്.




No comments:

MUSLIMS ARE THE VICTIMS OF 'ISLAM' !

30 വര്‍ഷത്തിലേറെക്കാലമായി ഒരു ലക്കം പോലും മുടങ്ങാതെ പ്രസിദ്ധീകരിക്കുന്നു

30 വര്‍ഷത്തിലേറെക്കാലമായി ഒരു ലക്കം പോലും മുടങ്ങാതെ പ്രസിദ്ധീകരിക്കുന്നു
ഏ വി ജോസ് , കുറ്റിപ്പുഴ നഗര്‍ , തൃശ്ശൂര്‍.