Monday, June 18, 2018

ദൈവം ഉണ്ടോ? ചര്ച്ച (നാലാം ഭാഗം)

ദൈവം ഉണ്ടോ?
ചര്ച്ച (നാലാം ഭാഗം)
============
നീതി കിട്ടാന് ദൈവം വേണം. !
-----------
6. ഇവിടെ എന്തു തെറ്റു ചെയ്താലും ശരി ചെയ്താലും കൃത്യമായ ഒരു നീതി പകരം ലഭിക്കുന്നില്ല. അതിനാല് നീതിമാനായ ഒരു രക്ഷാശിക്ഷകന് ഉണ്ടായേ മതിയാകൂ. അതിനാല് ദൈവം ഉണ്ട്.

ഇതാണിപ്പോള് ദൈവമുണ്ടെന്നതിനു പ്രധാന തെളിവായി മത വാദികള് പൊക്കിക്കാണിക്കുന്ന മറ്റൊരു ന്യായം.
നമുക്ക് “നീതി” കിട്ടണം, അതിനൊരു നീതിമാന് വേണം എന്നതു നമ്മുടെ ഒരാഗ്രഹം മാത്രമാണു. നമ്മള് ആഗ്രഹിക്കുന്നതുകൊണ്ട് മാത്രം അങ്ങനെയൊന്ന് ഉണ്ട് എന്നതിനുള്ള തെളിവാകുമോ?
എനിക്കു കുഞ്ഞുന്നാള് മുതലേ ഉള്ള ആഗ്രഹം ഒരു പക്ഷിയായി ജനിക്കുകയും ആകാശം നിറഞ്ഞങ്ങനെ പറന്നുല്ലസിക്കുകയും ചെയ്യണം എന്നാണു. ഏറ്റവും കൂടുതല് കിനാവു കണ്ടിട്ടുള്ളതും ഇതു തന്നെയാണു. അതിനാല് ഞാന് ഒരു പറവയായി പുനര്ജ്ജനിക്കും എന്നതിനു “തെളിവ്” ആകുമോ?
ഇനി എന്താണീ “നീതി.”? നമ്മള് മനുഷ്യര് ആഗ്രഹിക്കുന്ന നീതി മാത്രം ആത്യന്തികമായി നടപ്പിലായാല് മതിയോ ?
സമൂഹമായി ജീവിക്കുന്ന മനുഷ്യര് പരസ്പരം പാലിക്കേണ്ട ചില മര്യാദകളും പെരുമാറ്റരീതികളുമൊക്കെയാണു നമ്മുടെ നീതിചിന്തയുടെ തന്നെ ആധാരം. അതാകട്ടെ ഓരോ സാമൂഹ്യ സാഹചര്യത്തിനും അനുസരിച്ചു വ്യത്യസ്തവുമാണു. അടിമത്തകാലത്തു ഉടമകളായി ജീവിച്ചവര് തിരിച്ചു അടിമകളാവുകയും അടിമജീവിതം നയിച്ചവരൊക്കെ ഈ പഴയ ഉടമകളുടെ യജമാനമാരായി പകരം വീട്ടുകയും ചെയ്യും വിധം നീതി വേണ്ടേ?
സ്ത്രീകളെ അനുസരണയുള്ള രണ്ടാം തരം ജീവികളാക്കി പീഡിപ്പിച്ച് സുഖിച്ച എല്ലാ പുരുഷന്മാരെയും സ്ത്രീകളായി ജനിപ്പിച്ച് അതേ വിധം അടിമ ജീവിതം നയിക്കാനും ഇന്നത്തെ സ്ത്രീകള്ക്കെല്ലാം ഒരു പുരുഷ ജീവിതത്തിന്റെ സൌകര്യം അനുഭവിക്കാനും അവസരമൊരുക്കാതെ ആത്യന്തിക നീതിയാകുമോ?
ഇനി മനുഷ്യന് എന്ന ഒരു ജീവി വര്ഗ്ഗം മാത്രമാണോ നീതിക്ക അര്ഹരായിട്ടുള്ളത്? മറ്റു ജന്തുക്കള്ക്കും നീതി വേണ്ടേ? ഇവിടെ മാനായും മുയലായും ജീവിക്കുകയും പുലിയുടെയും സിംഹത്തിന്റെയും ക്രൂരമായ ആക്രമത്തിനിരയായി അവയുടെ ആഹാരമായിത്തീരുകയും ചെയ്ത ജന്തുക്കള്ക്കു തിരിച്ചു അവയെ തിന്ന ഹിമ്സ്രമൃഗങ്ങളെ ഇരയാക്കി വേട്ടയാടി കൊല്ലാനും തിന്നാനും അങ്ങനെ പകരം വീട്ടാനും അവസരം കിട്ടാതെ എങ്ങനെ നീതി നടപ്പിലാകും? സിംഹങ്ങളൊക്കെ ഇരമൃഗങ്ങളായും ഇരകളായവരൊക്കെ മാംസഭോജിമൃഗങ്ങളായും പുനര്ജ്ജനിച്ചു നീതിതുല്യത ഉറപ്പാക്കപ്പെടണ്ടേ?
തലകള് ഒട്ടിയും കണ്ണില്ലാതെയും മറ്റും മറ്റുമായി ജനിക്കുകയും ദുരിതജീവിതം നയിച്ചു മരിച്ചു പോവുകയും ചെയ്തവര്ക്കു നീതി കിട്ടണമെങ്കില് അവരോടു ഈ ക്രൂരത കാണിച്ച “ദൈവം.” ശിക്ഷിക്കപ്പെടണ്ടേ?
ഈ പ്രകൃതിയില് എവിടെ നോക്കിയാലും അനീതിയും അക്രമവും ക്രൂരതയും ദുഖവും വേദനയും ദൈന്യതയും വിളയാടുന്നു. ആരുടെയും കുറ്റം കൊണ്ടല്ല. ദൈവം ഉണ്ടെങ്കില് എല്ലാം അയാളുടെ ചെയ്തിയാണെങ്കില് ഈ പറഞ്ഞ എല്ലാ “തിന്മകള്”ക്കും പ്രതിഫലമായി ദൈവം ശിക്ഷിക്കപ്പെടാതെ എങ്ങനെ നീതി നടപ്പിലാകും?
പരലോകത്തു മനുഷ്യര്ക്കു സുഖിക്കാന് ഒരു സ്വര്ഗ്ഗം ഉണ്ടാക്കി വെച്ചാല് മാത്രം സകലമാന അനീതികള്ക്കും പരിഹാരവും നീതിയും ആകുമോ? അങ്ങനെ ഉണ്ടാക്കി വെച്ച സ്വര്ഗ്ഗത്തില് കുറെ പുരുഷന്മാര്ക്കു സുഖിക്കാനുള്ള സൌകര്യം ഒരുക്കുകയും അതിന്റെ ഭാഗമായി അവര്ക്കു വിടുവേല ചെയ്യാന് കുറെ ബാലന്മാരെയും ഹൂറിപ്പെണ്ണുങ്ങളെയും ഒരുക്കി നിര്ത്തുകയും ചെയ്യുമത്രേ. അപ്പോള് സ്വര്ഗ്ഗത്തിലെ ഈ പരിചാരകരും ദേവദാസികളുമൊക്കെ അവിടെ എന്തു നീതിയാണനുഭവിക്കുക? വിടുവേലക്കാര്ക്കു നീതി വേണ്ട സുഖിയന്മാര്ക്കു മതി എന്നാണോ?
സ്വര്ഗ്ഗത്തിലെത്തിയാല് ആദ്യം കിട്ടുന്ന ഭക്ഷണം മീനിന്റെ കരളും ആടിന്റെ കുറകുമൊക്കെയാണത്രെ! അപ്പോള് പാവം ആടിനും കോഴിക്കും മീനിനുമൊന്നും പരലോകത്തും രക്ഷയില്ല മനുഷ്യന്റെ തീന് മേശയിലെ വിഭവമാവുക എന്നതിലപ്പുറം നീതിയില്ല.
പ്രത്യക്ഷമായ ഈ ലോകത്തു പ്രകൃതിയില് ഒരു നീതിയും നാം കാണുന്നില്ല. ഒരൊറ്റ സുനാമിയില് കുഞ്ഞുങ്ങളടക്കം മൂന്നു ലക്ഷം മനുഷ്യര് ചത്തൊടുങ്ങുന്നതു നാം കണ്ടതാണു. ആരുടെ വകയായിരുന്നു ആ അനീതി? അതുണ്ടാക്കിയവനു അതിനെന്തു ശിക്ഷയാണു ലഭിക്കുക? നിരപരാധികളായ ആ കുഞ്ഞുങ്ങള്ക്കു എന്തു നീതിയാണു കിട്ടുക?
ഇവിടെ ഒരു നീതിയും നടപ്പിലാക്കാത്ത ഒരു ദൈവം ഇക്കണ്ട അനീതികള്ക്കെല്ലാം മൂലകാരണക്കാരനായ ദൈവം മറ്റൊരു ലോകത്ത് നീതിയുടെ സദ്യ വിളമ്പുമെന്നു പറയുന്നതു ചക്കില് പിണ്ണാക്കു കൊടുക്കാത്തോന് വീട്ടില് എണ്ണ കൊടുക്കും എന്നു കരുതും പോലെ വിഡ്ഢിത്തമാകൂലേ?
ക്രൂര പരീക്ഷണത്തിലൂടെ അനേക ലക്ഷം കോടി മനുഷ്യരെ നരകത്തില് കത്തിക്കുമ്പോള് അപ്പുറത്തു കുറച്ചു പേര്ക്കു കള്ളും മദിരാക്ഷിയും നല്കി സുഖിപ്പിക്കും എന്നു പറയുന്നതു തന്നെ കൊടിയ അനീതിയും സാഡിസവുമല്ലേ? എങ്ങിനെയാണു ആ സ്വര്ഗ്ഗത്തില് സമാധാനത്തോടെ ഒരു നീതിയുള്ള മനുഷ്യനു സുഖിക്കാനാവുക? പരകോടി സഹജീവികള് തൊട്ടപ്പുറത്തു തീയില് വെന്തു നിലവിളിക്കുമ്പോള് ?
നമ്മള് ആഗ്രഹിക്കുന്നു എന്നതു അങ്ങനെയൊക്കെ ഉണ്ടാകും എന്നതിനു തെളിവേയല്ല. നമ്മുടെ ആഗ്രഹം മാത്രമാണു. ആ ആഗ്രഹവും നമ്മളോടൊപ്പം പ്രകൃതിയില് അലിഞ്ഞു ചേരും !
ഇവിടെ സാമൂഹ്യ ജീവിതത്തില് ആവും വിധം നീതി നടപ്പിലാക്കാന് ശ്രമിക്കുക മാത്രമേ നമുക്കു സാധ്യമാകൂ. ! അതിനു തടസ്സമാകുന്നതു ഇമ്മാതിരി ഇല്ലാക്കഥകളും അയുക്തി ന്യായങ്ങളുമാണു.!!
പ്രകൃതിയില് ഒരു നീതിയും ക്രമവും ഇല്ല എന്നതു ദൈവം എന്ന ഒരു “നീതിമാന്” ഇല്ല എന്നതിന്റെ തെളിവായിട്ടാണു കാണേണ്ടത്.

No comments:

MUSLIMS ARE THE VICTIMS OF 'ISLAM' !

30 വര്‍ഷത്തിലേറെക്കാലമായി ഒരു ലക്കം പോലും മുടങ്ങാതെ പ്രസിദ്ധീകരിക്കുന്നു

30 വര്‍ഷത്തിലേറെക്കാലമായി ഒരു ലക്കം പോലും മുടങ്ങാതെ പ്രസിദ്ധീകരിക്കുന്നു
ഏ വി ജോസ് , കുറ്റിപ്പുഴ നഗര്‍ , തൃശ്ശൂര്‍.