Monday, June 18, 2018

ദൈവം ഉണ്ടെന്നതിന്റെ തെളിവുകളും മറുവാദങ്ങളും (മൂന്നാം ഭാഗം)

ദൈവം ഉണ്ടെന്നതിന്റെ തെളിവുകളും മറുവാദങ്ങളും
(മൂന്നാം ഭാഗം)
-----------------
ഇനി അടുത്ത രണ്ടു ആര്ഗ്യുമെന്റുകള് നോക്കാം.
2. “എല്ലാം കിറു കൃത്യമായി സംവിധാനിച്ചിരിക്കുന്നു”. അതു ദൈവമില്ലാതെ സാധ്യമാകില്ല. അതിനാല് ദൈവം ഉണ്ട്.
3. അതി സങ്കീര്ണമായാണു നമ്മുടെ ശരീരാവയയവങ്ങള് പോലും സംവിധാനിക്കപ്പെട്ടിരിക്കുന്നത്. ഒരു സമര്ത്ഥനായ ആസൂത്രകന് ഇല്ലാതെ ഇത്രയും സങ്കീര്ണ വസ്തുക്കള് രൂപപ്പെടുകയില്ല. അതിനാല് ദൈവം ഉണ്ട്.
---------
മനുഷ്യന്റെ ബുദ്ധിക്കും ജ്ഞാനത്തിനും ഞാനാന്യേഷണ സാധ്യതകള്ക്കും പരിമിതികള് ഏറെയുണ്ട് എന്നു സൃഷ്ടിവിശ്വാസികളും സമ്മതിക്കുമല്ലോ. അപ്പോള് ആ പരിമിതിക്കുള്ളില് നിന്നു കൊണ്ട് “എല്ലാം കൃത്യമാണു” എന്നു നിങ്ങളെങ്ങനെ മനസ്സിലാക്കി ?
കൃത്യത എന്നതിന്റെ ആധാരമെന്ത്? എന്തു മാനദണ്ഡത്തെ അടിസ്ഥാനമാക്കിയാണു എല്ലാം കൃത്യവും അന്യൂനവും ആണെന്നു അവകാശപ്പെടുന്നത്?
പ്രപഞ്ച വസ്തുക്കളെയും അവയുടെ ചലനപരിണാമപ്രക്രിയകളെയും സ്ഥൂലമായും സൂക്ഷമമായും നിരീക്ഷിച്ചാല് അത്ര കൃത്യതയൊന്നും ഇല്ലാതെയാണു എല്ലാം നിലനില്ക്കുന്നതെന്നും കാണാവുന്നതാണു. ഭൂമിയുടെ ആകൃതി പോലും “കൃത്യത” ഉള്ളതല്ല. ഭൂമിയുടെ ആന്തര ഘടനയിലെ കൃത്യതയില്ലായ്മയാണു ഭൂകംബങ്ങള്ക്കും അഗ്നി പര് വ്വതങ്ങള്ക്കും സുനാമികള്ക്കും കാരണമാകുന്നത്. അതു മൂലം പ്രകൃതിയിലുണ്ടാകുന്ന മഹാദുരന്തങ്ങളെ എങ്ങനെയാണു കൃത്യതയായും അന്യൂനസൃഷ്ടിയായും കാണുക ?
നക്ഷത്രങ്ങളുടെയും ഗ്രഹങ്ങളുടെയും ഉപഗ്രഹങ്ങളുടെയുമെല്ലാം ചലന വേഗതയോ ആപേക്ഷിക ചലനമോ പോലും നിരന്തരം വ്യത്യാസപ്പെടുന്നുണ്ട്. ചിലപ്പോള് അവ കൂട്ടി മുട്ടുകയോ ഒന്നു മറ്റൊന്നില് വീഴുകയോ ചെയ്യുന്നു.
സൂക്ഷമ പ്രപഞ്ചത്തിലേക്കു വന്നാലും കൃത്യതാ സിദ്ധാന്തം അബദ്ധമാകുന്ന എത്രയോ ഉദാഹരണങ്ങളുണ്ട്. ജനിതക ഘടനാ വൈകല്യം മൂലം അതി ഭീകരവും ക്രൂരവുമായ വൈകല്യങ്ങളോടെ മനുഷ്യക്കുഞ്ഞുങ്ങള് പോലും ജനിക്കുന്നു.
ഒരു ആരോഗ്യമുള്ള ശരാശരി മനുഷ്യന്റെ ശരീരഘടനയെ അടിസ്ഥാന കൃത്യതയായി കണ്ടാല് പോലും 10%ത്തിലേറെ മനുഷ്യര് ന്യൂനതകളോടെ വൈകല്യങ്ങളോടെ ജനിക്കുന്നതായാണു കണക്കുകള്. അപ്പോള് എവിടെയാണു കൃത്യത? കൃത്യതയും സൂക്ഷ്മതയും ഇല്ല എന്നതു തന്നെ ഒരു സര്വ്വ ശക്ത സര്വ്വജ്ഞ സ്രഷ്ടാവിന്റെ സാന്നിദ്ധ്യം നിഷേധിക്കാന് തെളിവല്ലേ?
ഇനി സങ്കീര്ണതയുടെ പ്രശ്നമെടുക്കാം. സങ്കീര്ണത ഒരു ആസൂത്രിത എഞ്ചിനിയറിങ്ങിന്റെ തെളിവാകുന്നതെങ്ങനെ? ഏറ്റവും കുറഞ്ഞ സങ്കീര്ണതയോടെ ഏറ്റവും കൂടിയ പെര്ഫോമന്സ് സാധ്യമാകുന്നുണ്ടെങ്കിലാണു ബുദ്ധിപരമായ ആസൂത്രണം എന്നു പറയാനാവുക. എന്നാല് നിസ്സാരമായ പെര്ഫോമന്സിനും പര്പസിനുമായി അതി സങ്കീര്ണ ഘടനയുള്ള വസ്തുക്കളെ സൃഷ്ടിക്കുന്നത് നല്ല ആസൂത്രണത്തിന്റെ ലക്ഷണമല്ല. അതു മണ്ടന് ആസൂത്രണമാണു.
ഉദാഹരണമായി സൃഷ്ടിവാദികള് പൊക്കിക്കൊണ്ടു വരാറുള്ള കാര്യം തന്നെ എടുക്കാം. നമ്മുടെ ശരീരത്തിന്റെ ആന്തര ഘടനയിലെ അതി സങ്കീര്ണത ചൂണ്ടിക്കാട്ടിയാണു ആസൂത്രണവാദം ഉന്നയിക്കാറ്. ഭൂമിയെ ചുറ്റാന് മാത്രം നീളത്തില് രക്തക്കുഴലുകള് ശതകോടിക്കണക്കിനു ന്യൂറോണ് കോശങ്ങളുടെ സങ്കീര്ണ വലക്കണ്ണിയായ മസ്തിഷ്കം, ക്യാമറയെ വെല്ലുന്ന കണ്ണുകള് ഇതൊക്കെ ആസൂത്രണ മികവിന്റെ ഉദാഹരണങ്ങളായി പൊക്കിക്കൊണ്ടു വരാറുണ്ടല്ലൊ.
പ്രപഞ്ചത്തിലെ തന്നെ ഏറ്റവും സവിശേഷമായ സൃഷ്ടി മനുഷ്യനാണെന്ന ധാരണയിലാണു മനുഷ്യ ശരീരത്തിലെ ഈ മഹാല്ഭുതങ്ങളെ ചൂണ്ടി ദൈവാസൂത്രണ മഹിമ പറയുന്നത്.
എന്നാല് ഈ സങ്കീര്ണതകള് കൊണ്ടുള്ള ഫലങ്ങളെ വിലയിരുത്തിയാല് ഈ ഫലം ഉളവാക്കാന് ഇത്രയും സങ്കീര്ണത ആവശ്യമായി വരുന്നതു തന്നെ മികവുറ്റ ഒരാസൂത്രണത്തിന്റെ ലക്ഷണമല്ലെന്നാണു മനസ്സിലാകുന്നത്.
നമുക്ക് 10 കിലോ തക്കാളി കൊണ്ടു പോകാന് ഒരു തക്കാളിപ്പെട്ടി വേണമെന്നു കരുതുക. വില കുറഞ്ഞ പടുമരപ്പലകയോ കാര്ഡ് ബോഡോ കൊണ്ട് മുള്ളാണിയടിച്ച് ഒരു പെട്ടിയുണ്ടാക്കിയാല് മതി ആ കാര്യം സാധിക്കാന്. പകരം നമ്മള് 50000 രൂപ വീതം വിലയുള്ള പുതിയ നാലു ലാപ്ടോപ്പുകള് വാങ്ങി അതു ചേര്ത്തു വെച്ച് ആണിയടിച്ചൊരു തക്കാളിപ്പെട്ടി ഉണ്ടാക്കുന്നുവെങ്കില് അതൊരു മികച്ച ആസൂത്രണമാകുമോ? അതോ മഹാമണ്ടത്തരമോ?
മനുഷ്യന് എന്ന മഹാ സൃഷ്ടിക്കു ശരീരമൊരുക്കിയപ്പോള് രക്തക്കുഴലും കണ്ണും നാഡീവ്യൂഹവും തലച്ചോറുമൊക്കെ സങ്കീര്ണമായി ആസൂത്രണം ചെയ്ത ദൈവം “മനുഷ്യനു ഇറച്ചി തിന്നാന്.” ഉണ്ടാക്കിയ ആടിനും പോത്തിനും കോഴിക്കും ഇത്ര തന്നെ സങ്കീര്ണതയുള്ള ശരീര ഘടന ഉണ്ടാക്കി വെച്ചത് മണ്ടത്തരമല്ലേ? ആടിന്റെ മസ്തിഷകവും മനുഷ്യ മസ്തിഷ്കത്തോളം സങ്കീര്ണമാണു. രക്തക്കുഴലുകളും.
ഏറ്റവും ലളിതമായ ഘടനകൊണ്ട് ഏറ്റവും സങ്കീര്ണമായ ഫലം സൃഷ്ടിക്കാനാവുന്ന ആസൂത്രണമാണു മികച്ച ആസൂത്രണം. മറിച്ച് ഏറ്റവും നിസ്സാരവും അപ്രധാനവുമായ ആവശ്യത്തിനു അതി സങ്കീര്ണമായ ഘടനയില് ഒരു വസ്തു ആസൂത്രണം ചെയ്യുന്നതു നല്ല സ്രഷ്ടാവിന്റെ ലക്ഷണമല്ല. എന്നാല് പ്രകൃതി നിര്ദ്ധാരണവും പരിണാമവുമാണു നടക്കുന്നതെങ്കില് സന്കീര്ണതകള് രൂപപ്പെടുന്നതു സ്വാഭാവികമാണു. ആ സങ്കീര്ണതകള്ക്കനുസരിച്ചു ഫലങ്ങള് പ്രത്യക്ഷപ്പെടുന്നതും സ്വാഭാവികമാണു.
ചുരുക്കത്തില് ബുദ്ധിമാനായ ആസൂത്രകന് ഇല്ല എന്നതിന്റെ തെളിവാണു അതിസങ്കീര്ണതകള്.
സ്രഷ്ടാവ് ഇല്ല എന്നു വാദിച്ചു സ്ഥാപിക്കുക എന്നതല്ല എന്റെ ഉദ്ദേശ്യം. സ്രഷ്ടാവ് ഉണ്ട് എന്നതിന്റെ യുക്തിപരമായ തെളിവുകളായി സൃഷ്ടിവാദം മുന്നോട്ടു വെക്കുന്ന ആര്ഗ്യുമെന്റുകളുടെ യുക്തി പരിശോധിക്കുക മാത്രമാണു. സ്രഷ്ടാവ് ഉണ്ട് എന്നു ബോധ്യപ്പെടുത്താനുതകുന്ന വാദങ്ങളുണ്ടെങ്കില് അതു സ്വീകരിക്കാന് മടിയില്ല. പക്ഷെ ഒരു വാദം കൊണ്ടു വരുമ്പോള് ആ വാദത്തിന്റെ എല്ലാ വശവും യുക്തിസഹമായി തന്നെ ബോധ്യമാകണം.

No comments:

MUSLIMS ARE THE VICTIMS OF 'ISLAM' !

30 വര്‍ഷത്തിലേറെക്കാലമായി ഒരു ലക്കം പോലും മുടങ്ങാതെ പ്രസിദ്ധീകരിക്കുന്നു

30 വര്‍ഷത്തിലേറെക്കാലമായി ഒരു ലക്കം പോലും മുടങ്ങാതെ പ്രസിദ്ധീകരിക്കുന്നു
ഏ വി ജോസ് , കുറ്റിപ്പുഴ നഗര്‍ , തൃശ്ശൂര്‍.