Monday, June 18, 2018

ദൈവം ഉണ്ടോ? (രണ്ടാം ഭാഗം)

ദൈവം ഉണ്ടോ? (രണ്ടാം ഭാഗം)
===========
ഒന്നാമത്തെ ആര്ഗ്യുമെന്റ് ആദ്യം പരിശോധിക്കാം.
1. ഒരു സ്രഷ്ടാവില്ലാതെ ഒന്നും ഉണ്ടാവുന്നില്ല. അതിനാല് ഒരു സ്രഷ്ടാവുണ്ട്. അതാണു ദൈവം.
ഇത് ഒരു പ്രസ്താവന മാത്രമാണു. സമാനമായ മറ്റൊരു എതിര് പ്രസ്താവനയിലൂടെ ഈ വാദത്തെ തള്ളിക്കളയാവുന്നതാണു:-
ഒരു സ്ര്സഷ്ടാവ് സൃഷ്ടിച്ച യാതൊന്നും എവിടെയും ഇല്ല. അതിനാല് ഒന്നിനും ഒരു സ്രഷ്ടാവ് ആവശ്യമില്ല.
ഇവിടെ ഈ പ്രകൃതിയില് യാതൊന്നും തന്നെ ഒരു സ്രഷ്ടാവ് സൃഷ്ടിക്കുന്നതായി കാണുന്നില്ല. എല്ലാം സ്വാഭാവികമായും നിരന്തരമായും തനിയേ രൂപപ്പെടുകയാണു ചെയ്യുന്നത്.
ഉദാഹരണം 1. ഒരു ചക്കക്കുരു മുളച്ച് പ്ലാവു മരമായി വളരുന്നു. പ്ലാവുമരം “ഒരു സ്രഷ്ടാവ്” സൃഷ്ടിക്കുകയല്ല ചെയ്യുന്നത്. ചക്കക്കുരുവിന്റെ ആന്തരഘടനയില് തന്നെ പ്ലാവിന്റെ “സ്രഷ്ടാവ്” ഒളിച്ചിരിക്കുന്നുണ്ട്. ആ സ്രഷ്ടാവ് ഒരു വ്യക്തിയോ ശക്തിയോ അല്ല, അനേകം പ്രതിഭാസങ്ങളുടെ സംയുക്ത സിദ്ധിയായി സവിശേഷ ഘടനയായി സ്വമേധയാ രൂപപ്പെട്ടു വന്ന ഭൌതികപ്രതിഭാസം മാത്രമാണത്.
ഉദാഹരണം 2. ഒരു വണ്ട് ചാണകം ഉരുട്ടി ചാണകഗോളം ഉണ്ടാക്കുന്നു. ചാണക ഗോളം ഒരു “സൃഷ്ടി”യും വണ്ട് സ്രഷ്ടാവുമാണു എന്നു പറയാനാവില്ല. കാരണം ചാണകം വണ്ടു സൃഷ്ടിച്ചതല്ല. പശു അപ്പിയിട്ടുണ്ടായതാണു. അതില് നിന്നല്പം ചാണകമെടുത്ത് ഉരുട്ടി ഒരു രൂപത്തിലാക്കി മാറ്റിയതിനെ നാം ചാണകഗോളം എന്നു പേരു വിളിക്കുകയാണു ചെയ്യുന്നത്. ഇവിടെ വണ്ട് ഒരു സ്വതന്ത്ര സ്രഷ്ടാവല്ല, മറിച്ച് ഈ പ്രകൃതിയുടെ തന്നെ ഭാഗമായി പരിണമിച്ചുണ്ടായ ഒരു ജീവി മാത്രമാണു. ആ ജീവിയെകൂടി പ്രകൃതിയുടെ ഭാഗമായി മനസ്സിലാക്കിയാല് ചാണക ഗോളം പ്രകൃതിയില് തനിയേ ഉണ്ടായതാണെന്നു കാണാം.
ഉദാഹരണം 3. പുഴയില് നിന്നും കിട്ടിയ ഒരു ഉരുളന് മാര്ബിള് കല്ല്. മനോഹരന്മായ ഈ ഉരുളന് കല്ലിനെ ആരാണു ഉരുട്ടി സൃഷ്ടിച്ചത്? അത് ഒരു ജീവി പോലും അല്ല, മറിച്ച് വെള്ളത്തിന്റെ ഗതികോര്ജ്ജവും കല്ലുകളുടെ ഘര്ഷണബലവും ഭൂഗുരുത്വബലവും മറ്റും മറ്റുമായ നിരവധി പ്രകൃതി പ്രതിഭാസങ്ങള് ചേര്ന്ന സംയുക്ത സംരംഭ ഫലമായി തനിയേ ഉരുണ്ടു ഭംഗിയായി രൂപപ്പെട്ടതാണത്.
ഉദാ 4. ജബ്ബാര് മാഷ് ഏതെങ്കിലും ഒരാള് ഇരുന്നു മന്ത്രം ചൊല്ലി സൃഷ്ടിച്ച ഒരു സൃഷ്ടിയല്ല. അലാവുദ്ദീനെപ്പോലെയോ സായിബാബയെപ്പോലെയോ ശൂന്യതയില് നിന്നും ആരും സൃഷ്ടിച്ചുണ്ടാക്കി ഇവിടെ കൊണ്ടു വെച്ചതുമല്ല. പിന്നെയോ? പ്രകൃതിയിലെ നിരവധി പദാരത്ഥങ്ങള് നിരന്തരമായ പരിണാമപ്രക്രിയയിലൂടെ സംയോജിച്ചുണ്ടായ ജീവികളില് ഒരു ജീവിയായി മറ്റൊരു മനുഷ്യസ്ത്രീയുടെ ഗര്ഭാശയത്തില് തനിയേ വളര്ന്നു പുറത്തു വന്ന ഒരു ജന്തു മാത്രമാണു.
ഉദാഹരണം 5. മൊട്ടു സൂചി മൊട്ടുസൂചി ശൂന്യതയില് നിന്നും മന്ത്രം ചൊല്ലി ഒരാള് ഉണ്ടാക്കുന്നതല്ല. ഇവിടെ ഉണ്ടായിരുന്ന ഇരുമ്പും കാര്ബണും മറ്റും ചേര്ത്തു ഒരുപാടാളുകളുടെ പ്രയത്നഫലമായി രൂപമാറ്റം വരുത്തിയ ഒരുപകരണം മാത്രമാണത്. മനുഷ്യനെയും വണ്ടിനെപോലെ പ്രകൃതിയുടെ ഭാഗമായി കണ്ടാല് മൊട്ടു സൂചിയും പ്രകൃതിയില് തനിയേ ഉണ്ടായ ഒന്നാണെന്നു മനസ്സിലാക്കാം. ഉണ്ടായിരുന്ന വസ്തുക്കളില് പ്രകൃതി പ്രതിഭാസങ്ങളുടെ പ്രവര്ത്തനം മൂലം മാറ്റം വരുന്നതിനെ സൃഷ്ടി എന്നു പറയാനാവില്ല. അതാണു സൃഷ്ടി എങ്കില് സ്രഷ്ടാവ് പ്രകൃതി തന്നെയാണു.
അപ്പോള് സ്രഷ്ടാവ് എന്ന പേരില് ഒരു വ്യക്തിയോ കുറെ വ്യക്തികളോ ശൂന്യതയില് നിന്നും മാജിക്കു കാട്ടി “സൃഷ്ടിച്ച്” ഉണ്ടാക്കുന്ന യാതൊന്നും ഇവിടെ എവിടെയും ഞാന് കാണുന്നില്ല.
അതിനാല് ഈ പ്രപഞ്ചത്തില് ശൂന്യതയില് നിന്നും ഒന്നും ആരും സൃഷ്ടിക്കുന്നതായി വിചാരിപ്പാന് ന്യായം കാണുന്നില്ല. എല്ലാം തനിയേ രൂപപ്പെടുകയും വികസിക്കുകയും പരിണമിക്കുകയും ചെയ്തുകൊണ്ടേയിരിക്കുന്നു. പ്രപഞ്ചം തീര്ത്തും ഇല്ലാതിരുന്ന ശുദ്ധ ശൂന്യത നിലനിന്നിരുന്നു എന്നതിനു തെളിവില്ല. പ്രപഞ്ച സൃഷ്ടി അവസാനിച്ചിട്ടുമില്ല. അതിപ്പോഴും തുടരുന്ന നൈരന്തര്യപ്രക്രിയയാണുതാനും. ഇല്ലാതിരുന്നിട്ടില്ലാത്ത പ്രപഞ്ചം , ഉണ്ടായിക്കഴിഞ്ഞിട്ടില്ലാത്ത പ്രപഞ്ചം ഒരു സ്വയമേവ വികസിക്കുന്ന സംവിധാനമാകയാല് അതിനൊരു സ്രഷ്ടാവിന്റെ അവശ്യമില്ല. !
ഒന്നാമത്തെ വാദത്തിനുള്ള മറുവാദം പോസ്റ്റായി ഇട്ടിട്ടുണ്ട്. അതിന്റെ ചര്ച്ച ആ പോസ്റ്റിലായാല് സൌകര്യമായിരിക്കും.
ഒരാള് സൃഷ്ടിച്ചാലേ എന്തെങ്കിലും ഉണ്ടാകൂ എന്ന വാദത്തിനു പ്രകൃതിയിലോ പ്രപഞ്ചത്തിലോ ഒരു തെളിവോ ഉദാഹരണമോ ഇല്ല. പിന്നെ എവിടെനിന്നു കിട്ടി സ്രഷ്ടാവായ ഒരാള് ഉണ്ട് എന്ന സങ്കല്പം ?
ശൂന്യത തന്നെ ഉള്ളതായോ ഉണ്ടായിരുന്നതായോ എനിക്കറിവില്ല. ഇവിടെ നിലവിലുള്ള പദാര്ത്ഥങ്ങളിലെ രൂപമാറ്റവും ഘടനാമാറ്റവും പരിണാമവും മാത്രമേ ഞാന് കണ്ടിട്ടുള്ളു. അവിടെയൊന്നും ഒരു സ്രഷ്ടാവെന്ന വ്യക്തിയോ ശക്തിയോ ഇല്ല.
ചാണക ഗോളം വണ്ടു “സൃഷ്ടിക്കു.”ന്നില്ല. ഇവിടെഉണ്ടായിരുന്ന ചാണകം ഉരുട്ടുകമാത്രമാണു വണ്ടു ചെയ്യുന്നത്. വണ്ടു തന്നെയും ഈ പ്രകൃതിയില് തനിയേ ഉണ്ടായ ഒരു ജീവിയായതിനാല് വണ്ടിനെയും ചാണകത്തെയും രണ്ടു പ്രകൃതി പദാര്ത്ഥങ്ങളായി കണക്കാക്കാം. അപ്പോള് വണ്ട് എന്ന പ്രകൃതിയുല്പന്നവും ചാണകം എന്ന പ്രകൃതിയുല്പന്നവും ചേര്ന്നു പ്രവര്ത്തിച്ചപ്പോള് ചാണകഗോളം തനിയെ രൂപപ്പെട്ടു.
വണ്ടു പോലൊരു ജീവിയുടെ ഇടപെടല് ഇല്ലാതെയും ഉരുട്ടല് പ്രക്രിയ നടക്കുമെന്നതിന്റെ ഉദാഹരണമാണു ഉരുളന് കല്ലുകള്. അവിടെ പ്രകൃതിയിലെ മറ്റു ചില പ്രതിഭാസങ്ങളാണു ഉരുട്ടല് ക്രിയ നടത്തിയത്.
ഈ ലളിത ഉദാഹരണങ്ങളില്നിന്നും സ്ങ്കീര്ണ ഉദാഹരണങ്ങളിലേക്കു പോയാല് വണ്ടു ചാണകഗോളമുണ്ടാകും പോലെ തന്നെയാണു മനുഷ്യന് വിമാനമുണ്ടാക്കുന്നതും.
പ്രകൃതിയില് തന്നെ വിമാനത്തെക്കാള് സങ്കീര്ണമായ വസ്തുക്കള് തനിയേ രൂപപ്പെടുന്നതിന്റെ ഉദാഹരണമാണു പോത്തും മനുഷ്യനും പ്ലാവും സൂര്യനും നക്ഷത്രങ്ങളും സൌരയൂഥവുമെല്ലാം.

No comments:

MUSLIMS ARE THE VICTIMS OF 'ISLAM' !

30 വര്‍ഷത്തിലേറെക്കാലമായി ഒരു ലക്കം പോലും മുടങ്ങാതെ പ്രസിദ്ധീകരിക്കുന്നു

30 വര്‍ഷത്തിലേറെക്കാലമായി ഒരു ലക്കം പോലും മുടങ്ങാതെ പ്രസിദ്ധീകരിക്കുന്നു
ഏ വി ജോസ് , കുറ്റിപ്പുഴ നഗര്‍ , തൃശ്ശൂര്‍.