

സ്വതന്ത്ര ചിന്തയാണു മനുഷ്യന്റെ പുരോഗതിക്കും നാഗരികതയ്ക്കും സംസ്കാരത്തിനും പാതയൊരുക്കിയത്. അന്ധവിശ്വാസങ്ങള്‍ എന്നും പുരോഗതിയെ തടഞ്ഞിട്ടേയുള്ളു. മാനസികാടിമത്തത്തില്‍ നിന്നും മനുഷ്യരെ മോചിപ്പിക്കുക എന്നതു മാത്രമാണ് ഈ ബ്ലോഗെഴുത്തിന്റെ ലക്ഷ്യം.!
മത നിയമങ്ങള്‍ക്കും കഥകള്‍ക്കും ശാസ്‌ത്രീയ അടിത്തറ ഉണ്ടാക്കിയെടുക്കുക എന്നത് ഒരു ട്രെന്റ് ആയിരിക്കുന്നു. താവോ ഫിസിക്‌സ് തുടങ്ങിയ പുസ്‌തകങ്ങളില്‍ നിന്നും മറ്റും പ്രചോദനം ഉള്‍ക്കൊണ്ട് തുടങ്ങിവെച്ച ഒരു പുതിയ മതപ്രബോധനവഴിയാണിത്. വിശ്വാസത്തിന് വിശ്വാസത്തിന്റെ അടിസ്ഥാനം മാത്രം പോര പുതിയ കാലത്തിനനുസരിച്ച് ശാസ്‌ത്രീയ അടിത്തറ കൂടി ഉണ്ടായിരിക്കുന്നത് നല്ലതായിരിക്കും എന്ന ഒരു അന്ധവിശ്വാസവും ഇതിന് പിന്നിലുണ്ട്. പ്രകടമായ അന്ധവിശ്വാസങ്ങള്‍ പലതും ഇന്ന് ശാസ്‌ത്രീയ മേലങ്കി അണിഞ്ഞ് വീണ്ടും പ്രത്യക്ഷപ്പെടുന്നുണ്ട് എന്നത് ഖേദകരം തന്നെ. പുത്രകാമേഷ്ടി മുതല്‍ മഴപെയ്യാനുള്ള യാഗങ്ങള്‍ തുടങ്ങി പ്രാര്‍ത്ഥിച്ച് പനി മാറ്റുന്ന ധ്യാനകേന്ദ്രങ്ങള്‍ വരെ.
പുതിയ കാലത്തിന് വേണ്ടി ആചാരങ്ങളെ ഒരുക്കുക എന്നതിന് പകരം ചില ശാസ്‌ത്രീയമായ തത്വങ്ങളും കണ്ടെത്തലുകളും മതഗ്രന്ഥങ്ങളിലും പുരാണങ്ങളിലും നേരത്തെ കണ്ടെത്തിയിട്ടുള്ളതാണെന്ന് വീമ്പടിച്ച്‌് അന്ധവിശ്വാസങ്ങള്‍ക്കും അര്‍ത്ഥ ശാസ്‌ത്രീയ വാദങ്ങള്‍ക്കും ആളെക്കൂട്ടുന്ന പണിയാണ് എല്ലാവരും നടത്തിവരുന്നത്. വ്യവസ്ഥാപിത മതങ്ങളെല്ലാം ചെയ്‌തുവരുന്ന ഒന്നാണിത്.
നോമ്പിന്റെ കാര്യത്തിലും ഇതുതന്നെയാണ് സംഭവിക്കുന്നത്. മതങ്ങളെ പരമാവധി പ്രീണിപ്പിച്ചുനിര്‍ത്തുകയും അവര്‍ക്ക് തെല്ലും അലോസരം ഉണ്ടാക്കാതെ നോക്കുകയും ചെയ്യുക എന്നതാണ് മാധ്യമങ്ങള്‍ പുലര്‍ത്തുന്ന ചിട്ട. അത് അടിസ്ഥാനപരമായ ഇത്തരം പല ചര്‍ച്ചകള്‍ക്കും ഇടം ഇല്ലാതാക്കുകയും ചെയ്യുന്നുണ്ട്.
ഭക്ഷണ നിയന്ത്രണം ശരീരഘടനയനുസരിച്ച് ഓരോരുത്തര്‍ക്കും വ്യത്യസ്‌തമായ ചിട്ടകള്‍ ആവശ്യപ്പെടുന്ന ഒന്നാണ്. സാര്‍വ്വത്രികമായ ചില അടിസ്ഥാന തത്വങ്ങള്‍ പിന്‍പറ്റാമെന്നുമാത്രം. പകല്‍ മുഴുവന്‍ ഭക്ഷിക്കാതിരിക്കുകയും വൈകീട്ടും പുലര്‍ച്ചെയും മൂക്കുമുട്ടെ- മട്ടനും ചിക്കനും പഴങ്ങളും പഴച്ചാറുകളും തൈരും മോരും ബിരിയാണിയും നെയ്യും വറുത്ത പലഹാരങ്ങളും എല്ലാം ഒരുമിച്ച്- കഴിക്കുന്നത് ശാരീരികമായ എന്തെങ്കിലും ഗുണം ചെയ്യുമെന്ന് കരുതാന്‍ വയ്യ. മാത്രമല്ല ഇത് ആരോഗ്യപ്രശ്‌നങ്ങള്‍ വര്‍ദ്ധിപ്പിക്കുകയും ചെയ്യും.
നോമ്പിന്റെ പരമ്പരാഗത രീതികള്‍ എവിടെവെച്ചോ മാറിപ്പോയതായിരിക്കാനാണ് സാധ്യത. മാത്രവുമല്ല, അറേബിയന്‍ സാഹചര്യത്തിലും കാലാവസ്ഥയിലും ആചരിക്കുന്ന നോമ്പ് വ്യത്യസ്‌ത രാജ്യങ്ങളുടെ കാലാവസ്ഥയില്‍ ജീവിക്കുന്നവര്‍ അതേ പടി സ്വീകരിക്കുന്നതിലെ ഔചിത്യവും ശാസ്‌ത്രീയമായി പരിശോധിക്കേണ്ടതാണ്.
ഒരു യുക്തിവാദിക്കുപോലും യോജിക്കാവുന്ന മഹത്തായ ചിന്തകളാണ് ചേകന്നൂർ മൌലവി പങ്കുവെയ്ക്കുന്നത്. മതവും വിശ്വാസവും ദൈവത്തിനു വേണ്ടിയല്ല, മനുഷ്യനുവേണ്ടിയാണെന്ന് മനസ്സിലാക്കുന്നവരിലാണ് മനുഷ്യത്വം കുടികൊള്ളുന്നത്. അദ്ദേഹം തീർച്ചയായും ഒരു വലിയ മനുഷ്യസ്നേഹിയായിരുന്നു. കാരണം മതങ്ങൾ എന്തിനു വേണ്ടിയെന്ന ഒരു വിശ്വാസിയുടെ സന്ദേഹത്തിൽ നിന്നും, മനുഷ്യനന്മയ്ക്കു വേണ്ടിയാണെന്നും എല്ലാ മതങ്ങളും അങ്ങിനെയാകുകയും വേണം എന്ന ഉത്തരം ലഭിക്കുന്നതിനാലാണ് ‘സർവ്വമതസത്യവാദം’ എന്ന ദർശനം ഉത്ഭവിക്കുന്നത്. മതം വലിയൊരു അയുക്തിയായിരിക്കുമ്പോഴും അതിനെ മനുഷ്യന്മയ്ക്കുതകുന്ന തത്വമായി മാറ്റിയെടുക്കുന്നതാണ് മതത്തെ ഇല്ലായ്മ ചെയ്യാം എന്ന മൌഢ്യത്തേക്കാൾ ശരിയായത്. അതിന് മതത്തിനുള്ളിൽ നവീകരണങ്ങൾ നടക്കണം. മതം ഉൽപ്പാദിപ്പിക്കുന്ന മനുഷ്യവിരുദ്ധതയെ ചൂണ്ടിക്കാണിക്കുമ്പോഴാണ് യുക്തിവാദത്തിനും നിലനിൽപ്പുണ്ടാകുന്നത്. അല്ലാതെ കേവലമായ ഒരു അസ്തിത്വം അതിനുണ്ടാക്കാൻ ശ്രമിക്കുന്നത് വെറും ബൌദ്ധികവ്യായാമത്തിന്റെ ഗുണമേ ചെയ്യൂ. തീർച്ചയായും മതത്തിനു വേണ്ടിയും ദൈവത്തിനു വേണ്ടിയും മാത്രം ചിന്തിക്കുന്ന, തന്റെ മതം മാത്രം സത്യം മറ്റുള്ളവയെ ഇല്ലായ്മചെയ്യേണ്ടത് എന്നു ചിന്തിക്കുന്ന, മതതീവ്രവാദികളും മതമൌലികവാദികളും ‘സർവ്വമതസത്യവാദ’ത്തിന്റെ വക്താവിനെ വകവരുത്തിയതിൽ അത്ഭുതമില്ല. ഇന്ന് ബൂലോകം മുഴുവൻ അത്തരം മതാന്ധരെ കൊണ്ടു നിറഞ്ഞിരിക്കുന്നു. പ്രത്യേകിച്ച് ഇസ്ലാം വിഭാഗത്തിൽ ![ഇത് ഒരു പഴയ പോസ്റ്റ്]