Sunday, June 17, 2018

എന്താണു നന്മ ?


എന്താണു നന്മ ?
എന്താണു വലിയ നന്മ?
എന്താണു ഏറ്റവും വലിയ നന്മ?
===================
ഒരു നഗരത്തില്‍ ശുദ്ധജല വിതരണം മുടങ്ങുന്നു. ദിവസങ്ങള്‍ പിന്നിട്ടിട്ടും വെള്ളം കിട്ടുന്നില്ല . പതിനായിരക്കണക്കിനു ആളുകള്‍ കുടിവെള്ളത്തിനായി നെട്ടോട്ടമോടുന്നു.
സ്വന്തമായി വീട്ടില്‍ കിണറുള്ള ഒരാള്‍ തൊട്ടടുത്ത നാലോ അഞ്ചോ വീട്ടുകാര്‍ക്ക് അത്യാവശ്യത്തിനു വേണ്ട വെള്ളം എത്തിച്ചു കൊടുക്കുന്നു. ആ നാലഞ്ചു വീട്ടുകാരുടെ സഹായവും സഹകരണവും അയാള്‍ക്ക് എപ്പോഴും ആവശ്യമുണ്ട്. അയാളെ നമുക്ക് A എന്ന് വിളിക്കാം.
മറ്റൊരാള്‍ ഒരു സന്നദ്ധപ്രവര്‍ത്തകനാണു .. അയാളും സഹപ്രവര്‍ത്തകരും ചേര്‍ന്ന് ഒരുവണ്ടിയും ടാങ്കും സംഘടിപ്പിച്ച് ദൂരെ ഒരു പൊതു കിണറ്റില്‍ നിന്നും വെള്ളം കൊണ്ടു വന്ന് അവരുടെ അയല്‍ വീടുകളിലായി കുറച്ചാളുകള്‍ക്ക് വെള്ളം എത്തിച്ചു കൊടുക്കുന്നു. ആ വാര്‍ഡില്‍ സ്ഥാനാര്‍ത്ഥിയാകാന്‍  ആഗ്രഹിക്കുന്ന അയാള്‍  അതിന്റെ ചെലവിനുള്ള വക പിരിവെടുക്കുകയും കുറച്ചു ലാഭം ഉണ്ടാക്കുകയും ചെയ്യുന്നു. അയാളാണു B.
മൂന്നാമത്തെയാള്‍ക്ക് ഈ വക ജീവകാരുണ്യപ്രവര്‍ത്തനങ്ങളിലൊന്നും താല്പര്യമില്ല. അയാള്‍ പ്രശ്നത്തിന്റെ മൂല കാരണം അന്യേഷിച്ച് വാട്ടര്‍ അതോറിറ്റിയിലും ബന്ധപ്പെട്ട ഓഫീസുകളിലും ഭരണകാര്യാലയത്തിലുമൊക്കെ പോയി കാര്യങ്ങള്‍ മനസ്സിലാക്കുന്നു. കാരണം കണ്ടു പിടിക്കുന്നു. ചില ഉദ്യോഗസ്ഥരുടെയും രാഷ്ട്രീയക്കാരുടെയും പിടിപ്പു കേടോ അഴിമതിയോ തര്‍ക്കമോ ഒക്കെ കാരണം ജലവിതരണത്തിന്റെ സാങ്കേതിക തകരാറു പരിഹരിക്കാന്‍ വൈകുന്നതാണു പ്രശ്നം . അയാള്‍ ബന്ധപ്പെട്ടവരെയൊക്കെ കണ്ടു പരാതിപ്പെടുകയും ചിലരെ ചീത്ത വിളികുകയും സമരഭീഷണി മുഴക്കുകയുമൊക്കെ ചെയ്യുന്നു. ഇതൊന്നും നാട്ടുകാര്‍ അറിയുന്നില്ല. അയാള്‍ അറിയിക്കുന്നുമില്ല. അയാളുടെ നിരന്തരമായ ഇടപെടലിലൂടെയും സമരത്തിലൂടെയുമൊടുവില്‍ പ്രശ്നം പരിഹരിക്കപ്പെടുന്നു. എല്ല്ലാവര്‍ക്കും വെള്ളം കിട്ടുന്നു. ഇയാള്‍ സ്വന്തം കീശയിലെ പണം ചെലവഴിച്ചാണു ഇതിനൊക്കെ ഓടി നടക്കുന്നത്. ആരോടും അതു പറഞ്ഞുമില്ല. പറയാന്‍ ആഗ്രഹിക്കുന്നുമില്ല. അയാള്‍ തെരഞ്ഞെടുപ്പില്‍ മത്സരിക്കാനും ഇല്ല.  ഈ മൂന്നാമത്തെയാളുടെ പേരാണു  C.


ഇതില്‍ ആരാണു നന്മ ചെയ്യുന്നത്?
 ആരാണു വലിയ നന്മ ചെയ്യുന്നത്?
 ആരാണു ഇമ്മിണി ബല്യ നന്മ ചെയ്യുന്നത് ?

കുടത്തില്‍ വെള്ളം കൊണ്ടു കൊടുത്ത A ആ നാലു വീട്ടുകാര്‍ക്ക് കാണപ്പെട്ട ദൈവം .!

പിരിവെടുത്തിട്ടാണെങ്കിലും നമ്മള്‍ക്കു വെള്ളം തന്നല്ലോ അതിനാല്‍ B ഒരു നന്മയുള്ള മനുഷ്യന്‍ തന്നെ എന്ന് അതിന്റെ ഗുണഭോക്താക്കള്‍ !!

ജീവിതത്തില്‍ ഒരു നല്ല കാര്യവും ചെയ്യാതെ തേരാ പാര എല്ലാവരെയും കുറ്റവും പറഞ്ഞു നടക്കുന്ന” C എല്ലാവരാലും വെറുക്കപ്പെട്ടവന്‍ !!!

ഇതാണു നാട്ടു നടപ്പ്  :)

രാഷ്ട്രത്തെ വഞ്ചിച്ചും ജനങ്ങളെ കബളിപ്പിച്ചും തിന്മയുടെ മാര്‍ഗ്ഗങ്ങള്‍ അവലംബിച്ചും കോടികള്‍ സമ്പാദിച്ച ശേഷം അതില്‍ നിന്നും അല്പം എടുത്ത് ജീവകാരുണ്യസേവനംനടത്തുന്ന വിരുതന്മാര്‍ മഹാ ദൈവങ്ങളും സ്വന്തം ജീവിത സുഖങ്ങളും സൌകര്യങ്ങളുമെല്ലാം ത്യജിച്ച് വരും തലമുറകള്‍ക്കു മാത്രം പ്രത്യക്ഷ ഗുണം ലഭിക്കാവുന്ന അദൃശ്യപ്രവൃത്തികള്‍ ചെയ്യുന്നവര്‍ സാമൂഹ്യ ദ്രോഹികളും ആയി മുദ്ര കുത്തപ്പെടുന്നത് ഇങ്ങനെയാണു.

ശാരീരിക ആക്രമണങ്ങളും സാമൂഹിക വിലക്കുകളും മാനസിക പീഢനങ്ങളും (നിരന്തരമായ അധിക്ഷേപങ്ങളും തെറിവിളികളും ഉദാഹരണം) തൃണവല്‍ഗണിച്ച്  വരും തലമുറകള്‍ക്കെങ്കിലും മെച്ചപ്പെട്ട ജീവിതമുണ്ടാക്കട്ടെ എന്ന് മാത്രം ആഗ്രഹിച്ച് സ്വന്തമായി യാതൊരു പ്രതിഫലവും ഇഛിക്കാതെയും നേടാതെയും വലിയ ശരികളില്‍ ഏര്‍പ്പെടുന്നവരെ , അവരുടെ നന്മയെ തിരിച്ചറിയാന്‍ ബഹു ഭൂരിപക്ഷം ആളുകള്‍ക്കും കഴിയുന്നില്ല എന്നതാണു വാസ്തവം !!

പ്രകൃതിയോടു മനുഷ്യന് ചെയ്ത കയ്യേറ്റം !


ഒരിക്കലും നടക്കാത്ത പാഴ്കിനാവുകളാണെന്നറിയാം. എങ്കിലും പറഞ്ഞിട്ടു പോകാമെന്നു കരുതി.
പ്രകൃതി കനിഞ്ഞു തന്ന ഹരിതോദ്യാനമാണു കേരളം. ഇത്രമാത്രം ജൈവ വൈവിധ്യങ്ങളുള്ള ഭൂപ്രദേശങ്ങള് അധികമില്ല ഭൂതലത്തില്. എന്നാല് ഈ മഹാ സൌഭാഗ്യത്തെ അതിന്റെ മൂല്യം ഉള്ക്കൊണ്ടു സംരക്ഷിക്കാനുള്ള സാമാന്യ ബോധം ഒട്ടുമില്ലാത്തവരായിപ്പോയി നമ്മള്.
വൃത്തിയായും ഭംഗിയായും നമ്മുടെ പ്രകൃതി സൌന്ദര്യത്തെ സംരക്ഷിച്ചിരുന്നുവെങ്കില് വിനോദ സഞ്ചാരികളുടെ പറുദീസയാക്കി മാറ്റുകയും അതു വഴി തന്നെ നമ്മുടെ ജീവിതോപാധി കണ്ടെത്തുകയുമൊക്കെ ചെയ്യാമായിരുന്നു.
----------------------
പ്രകൃതിയോടു മനുഷ്യന് ചെയ്ത ഏറ്റവും ക്രൂരമായ കയ്യേറ്റം കൃഷി തന്നെയാണു. കൃഷിയുടെ കണ്ടു പിടുത്തത്തോടെയാണു മനുഷ്യജന്തു ഒരു പ്രകൃതി വിരുദ്ധ ജന്തുവായി പരിണമിച്ചത്.
-----------------------
കേരളത്തിന്റെ കിഴക്കന് മലനാടിന്റെ തനതു സൌന്ദര്യവും തനതു പ്രകൃതിയും നിലനിര്ത്താനോ സംരക്ഷിക്കാനോ നമുക്കു കഴിയാതെ പോയതും കൃഷിക്കായുള്ള വനം കയ്യേറ്റവും കുടിയേറ്റവും മൂലമാണു. അവശേഷിക്കുന്ന പച്ചപ്പെങ്കിലും നിലനിര്ത്തണമെങ്കില് നാം വളരെയേറെ ദീര്ഘ വീക്ഷണത്തോടെയും യാഥാര്ത്ഥ്യ ബോധത്തോടെയും പെരുമാറേണ്ടതുണ്ട്.
റബര്, തേയില കാപ്പി തുടങ്ങിയ മലതകര്പ്പന് കൃഷിയില് നിന്നും നമ്മള് പതുക്കെ പിന്മാറണം. മലയോരങ്ങളില് സ്വാഭാവിക വനം വളരാനുള്ള അവസരമൊരുക്കണം. ഇനിയും മലനാടിലേക്കുള്ള അധിനിവേശം തടയണം.
കൃഷി സംസ്കാരത്തില് കാലോചിതവും ശാസ്ത്രീയവുമായ മാറ്റം ഉണ്ടാകണം. മനുഷ്യര്ക്കു ജീവിക്കാന് അത്യാവശ്യം വേണ്ട ഭക്ഷ്യവിഭവങ്ങള്ക്കായുള്ള കൃഷി , അധികം ഭൂമി ചൂഷണമില്ലാതെ ഹൈ ടെക് രീതിയില് ഇടനാട്ടിലും തീരദേശങ്ങളിലും പറ്റുമെങ്കില് കടലിലും ആരംഭിക്കണം (ഫ്ലോട്ടിങ് കൃഷി ഫാമുകള് ). മട്ടുപ്പാവു കൃഷി വ്യാപകമാക്കണം.
മലനാടന് നാണ്യവിള കൃഷികള് ഉപേക്ഷിക്കുന്നവര്ക്ക് സര്ക്കാര് സഹായം നല്കണം. മറ്റു കൃഷി രീതികള്ക്കായി അവര്ക്കു പരിശീലനവും ധനസഹായവും ഉറപ്പാക്കണം.
മല നാടിനെ വീണ്ടും പ്രകൃതിക്കു വിട്ടു കൊടുത്തു കൊണ്ടു നാം നമ്മുടെ നാടിന്റെ അസ്തിത്വം സംരക്ഷിക്കണം. അതിനാവശ്യമായ സമ്പത്തു ജനങ്ങള് പ്രത്യേക നികുതിയായി നല്കണം. വരും തലമുറകള്ക്കും ഈ പച്ചത്തുരുത്തിന്റെ സൌന്ദര്യവും ആര്ദ്രതയും സമ്പത്തും ആസ്വദിക്കാനുള്ള വഴി തുറക്കണം.
കേരളത്തിലെ ജന സാന്ദ്രത ഇനിയും വര്ദ്ധിക്കാതിരിക്കാനുള്ള ശാസ്ത്രീയ പദ്ധതികളും ആലോചിക്കണം.
ഇനിയുമുണ്ടേറെ പറയാന്. പറഞ്ഞിട്ടു കാര്യമില്ലെന്നതിനാല് മതിയാക്കുന്നു !

മനുഷ്യനും പ്രകൃതിയും


മനുഷ്യനും പ്രകൃതിയും


70000 കൊല്ലങ്ങള്ക്കു മുമ്പ് ഈ ഭൂമിയില് മനുഷ്യന് മറ്റെല്ലാ ജീവികളെയും പോലെ തീര്ത്തും അപ്രധാനമായ ഒരു ജീവി വര്ഗ്ഗം മാത്രമായിരുന്നു. ഇന്നത്തെ മനുഷ്യവംശത്തിനു പുറമെ സമാനരായ മറ്റു പല ഇനം മനുഷ്യ വര്ഗ്ഗങ്ങളും അന്നു ഭൂമിയിലുണ്ടായിരുന്നുവത്രെ !. ചെറിയ കൂട്ടങ്ങളായി പ്രകൃതിയില് നിന്നു നേരിട്ടു കിട്ടുന്ന ഫലമൂലാദികളും മൃഗമാംസവുമൊക്കെ ഭക്ഷിച്ചു കാട്ടിലും പൊത്തിലും ജീവിച്ചു പോന്ന ആ ജന്തു വര്ഗ്ഗം ഇന്നു ഈ ഭൂമിയെന്ന ഗ്രഹം തന്നെ സമ്പൂര്ണമായി കയ്യിലൊതുക്കി , പ്രകൃതിയെ മൊത്തമായി ഉള്ളം കയ്യില് നിയന്ത്രിച്ചു കൊണ്ട് ഇവിടെ പൂര്ണാധിപത്യം ഉറപ്പിച്ചു അര്മാദിച്ചുജീവിക്കുന്നു.
ഈ അവസ്ഥയിലേക്കു മുന്നേറുന്നതിനിടെ മനുഷ്യന് ഈ പ്രകൃതിയോടും പ്രകൃതിയിലെ സഹജീവികളോടും ചെയ്തു കൂട്ടിയ ക്രൂരതകളുടെ ചരിത്രം നമ്മളാരും അറിയുകയോ ഓര്ക്കുകയോ ചെയ്യാറില്ല.
ഏകദേശം 12000 വര്ഷങ്ങള്ക്കു മുമ്പാണു പ്രകൃതിയുടെ സ്വാഭാവിക ആവാസ സംവിധാനത്തെ അട്ടിമറിക്കും വിധം കൃഷി എന്ന പ്രകൃതിവിരുദ്ധപ്രവര്ത്തനം മനുഷ്യര് ആരംഭിക്കുന്നത്. അതോടെയാണു ഭൂതലത്തിലെ ജൈവ വ്യവസ്ഥയുടെ വന് തോതിലുള്ള നാശവും തകിടം മറിയലും തുടങ്ങുന്നത്.
മനുഷ്യര്ക്ക് ആഹരിക്കാന് ഇഷ്ടപ്പെട്ട സസ്യ ജാലങ്ങളെ മാത്രം തെരഞ്ഞെടുത്ത് അവയെ മണ്ണില് വളര്ത്തുകയും സഹജീവികളായി കൂടെയുണ്ടായിരുന്ന മറ്റനേകം സസ്യങ്ങളെയും ജന്തുക്കളെയും നശിപ്പിക്കുകയുമാണു കൃഷിയിലൂടെ മനുഷ്യന് ചെയ്തത്.. മൃഗങ്ങളെ ഒപ്പം കൂട്ടി മെരുക്കി വളര്ത്തുക എന്ന മറ്റൊരു പ്രകൃതിവിരുദ്ധ പരിപാടി കൂടി കൃഷിക്കൊപ്പം മനുഷ്യന് തുടങ്ങി. പാലിനും മാംസത്തിനും മുട്ടയ്ക്കും കായികാധ്വാനത്തിനും വേട്ടയ്ക്കും യുദ്ധത്തിനും യാത്രയ്ക്കുമൊക്കെ ഉപകരിക്കുന്ന വിവിധയിനം മൃഗങ്ങള് മനുഷ്യന്റെ ആജ്ഞാനുവര്ത്തികളായി മനുഷ്യരോടൊപ്പം ചേര്ന്നു. നിര്ഭാഗ്യവാന്മാരായ ഭാഗ്യവാന്മാര് എന്ന് ഈ വിഭാഗം മൃഗപക്ഷി വര്ഗ്ഗങ്ങളെ വിശേഷിപ്പിക്കാം. മനുഷ്യനോടൊപ്പം തന്നെ വന് തോതില് വംശവര്ദ്ധനവിനും അതിജീവനത്തിനും സുരക്ഷയ്ക്കും ഈ കൂട്ടുകെട്ട് അവയ്ക്കും സഹായകമായി എന്നതാണുഭാഗ്യം”. എന്നാല് സ്വാഭാവികപ്രകൃതിയനുസരിച്ചു തങ്ങളുടെ സ്വതന്ത്ര ജീവിതാസ്വാദനം അസാധ്യമാവുകയും തീര്ത്തും മറ്റൊരു ജീവിയുടെ സ്വാര്ത്ഥ താല്പര്യങ്ങള്ക്കനുസരിച്ചു അടിമകളായി മെരുക്കപ്പെടുകയും ചെയ്തു എന്നതാണു ഇവരുടെ നിര്ഭാഗ്യം”.
ഭൂമിയിലെ ഇന്നത്തെ ജന്തു വൈവിദ്ധ്യങ്ങള് എത്ര മാത്രം ക്രൂരവും സ്വാഭാവിക പ്രകൃതിക്കു വിരുദ്ധവുമാണെന്നു മനസ്സിലാക്കാന് മുകളിലെ ഗ്രാഫ് മാത്രം പരിശോധിച്ചാല് മതിയാകും.
പറയാന് ശ്രമിക്കുന്നത് ഇതാണു. വളര്ത്തു മൃഗങ്ങളെ ആഹാരത്തിനായി കശാപ്പു ചെയ്യുന്നതു ക്രൂരതയല്ലേ അതില് അനീതിയില്ലേ ? എന്നൊക്കെ നാം ചോദിക്കുമ്പോള് ഈ ചരിത്രം ഓര്ക്കുന്നതു നല്ലതാണു. മനുഷ്യരും അവര്ക്കു വേണ്ടി മാത്രം ജീവിക്കാന് വിധിക്കപ്പെട്ട വളര്ത്തു ജന്തുക്കളും കൂടി ചേര്ന്നാല് ഈ ഭൂമിയിലെ മൊത്തം ജന്തു ലോകത്തിന്റെ 90% ത്തിനും മുകളില് വരും. അപ്പോള് നാം ഈ വളര്ത്തു മൃഗങ്ങളെ കൊന്നു തിന്നുതാണോ മറ്റനേകം ജീവജാലങ്ങള്ക്കു കൂടിയുള്ള ഈ ആവാസ വ്യവസ്ഥയെ ഈ കോലത്തിലാക്കിയതാണോ ഏറ്റവും വലിയ ക്രൂരതയും അനീതിയും ?
യഥാര്ത്ഥത്തില് നാം പ്രകൃതിയോടും സഹജീവികളോടും നീതി പ്രവര്ത്തിക്കുന്നവരായി മാറണമെങ്കില് ഈ വളര്ത്തു ജന്തുക്കളുടെയും മനുഷ്യരുടെയും ജനസംഖ്യ ഇന്നത്തേതിന്റെ 10 % മെങ്കിലുമാക്കി കുറയ്ക്കേണ്ടി വരും. ! പ്രായോഗികമാക്കാന് സാധ്യമല്ലെങ്കിലും പോത്തിനെ അറുത്തു തിന്നുന്നതില് വലിയ തെറ്റു കാണേണ്ടതില്ല എന്നു പറയാന് മാത്രമാണുദ്ദേശിക്കുന്നത്. അറുത്തു തിന്നുന്നതിനെക്കാള് ക്രൂരമാണു അവയെക്കൊണ്ടു ജീവിതകാലം മുഴുവന് ഭാരം വലിപ്പിക്കുന്നതും അടിച്ചു പണിയെടുപ്പിക്കുന്നതും. !
ഇന്നു നമ്മോടൊപ്പമുള്ള വളര്ത്തു ജന്തുക്കളധികവും ഈ പ്രകൃതിയില് പരിണമിച്ചുണ്ടായ കോലത്തിലല്ല ഉള്ളത്. മനുഷ്യര് ജനിതക വിദ്യയുള്പ്പെടെയുള്ള കൈക്രിയകള് പ്രയോഗിച്ചു കൊണ്ടു രൂപകല്പന ചെയ്ത് ഉണ്ടാക്കിയ കൃത്രിമ ജീവികളാണവയില് iക്കതും .
എങ്കിലും സഹജമായ ജൈവ ചോദനകളും വേദനയും അനുഭവിക്കുന്ന ജന്തുക്കള് എന്ന നിലയില് അവയോടു കാണിക്കുന്ന ക്രൂരതകള് പരമാവധി ലഘൂകരിക്കുക തന്നെ വേണം ! അത്തരം നിയമങ്ങള് ഇന്നു പരിഷ്കൃത സമൂഹങ്ങളില് നിലവിലുണ്ടു താനും !
 പൊന് മുട്ടയിടുന്ന താറാവിനെ കൊന്ന് മുട്ടയെടുക്കുന്ന വിഡ്ഢികളാണു നമ്മള് !

Monday, August 13, 2012

എന്തു കൊണ്ട് ഇസ്ലാം മാത്രം ?

എന്നെ കുറിച്ചുള്ള ഒരു വിമര്‍ശനം അല്പം കഴമ്പുള്ളതാണെന്നു കാണുന്നതിനാല്‍ ഒരു വിശദീകരണം നല്‍കാനുദ്ദേശിക്കുന്നു. ഞാന്‍ ഇസ്ലാമിനെ മാത്രം വിമര്‍ശിക്കുന്നതിനാല്‍ എന്നെ ഒരു യുക്തിവാദിയായോ സ്വതന്ത്ര ചിന്തകനായോ കാണാനാവില്ല എന്നതാണു ആക്ഷേപം. ഇത് എന്റെ ബ്ലോഗിലും ഇവിടെയുമൊക്കെയുള്ള ഇടപടലുകളെ മാത്രം പരിചയമുള്ളവരുടെ ഒരു പൊതു ധാരണയാണു. എന്നെ വ്യക്തിപരമായും സംഘടനാ പരമായും അടുത്തിടപഴകുന്നവര്‍ക്കു പക്ഷെ അങ്ങനെയൊരു വിമര്‍ശനം ഉണ്ടാകാനിടയില്ല. ഇസ്ലാം അല്ലാത്ത എത്രയോ വിഷയങ്ങളില്‍ ഞാന്‍ പ്രത്യക്ഷമായും പരോക്ഷമായും ഇടപെട്ടു വിമര്‍ശനം നടത്തിയിട്ടുണ്‍ട്. ഇപ്പോഴും തുടരുന്നുമുണ്ട്. പക്ഷെ അതിരൂക്ഷമായ പ്രതികരണങ്ങള്‍ മിക്കപ്പോഴും ഇസ്ലാമിന്റെ ആളുകളില്‍ നിന്നും മാത്രമേ ഉണ്ടാകാറുള്ളു എന്നതിനാല്‍ മറ്റു കാര്യങ്ങള്‍ ശ്രദ്ധിക്കപ്പെടാതെ പോകുന്നു. പ്രതികരണങ്ങള്‍ ഇല്ലാതെ വരുമ്പോള്‍ നമ്മുടെയും ശ്രദ്ധ ആ വിഷയങ്ങളില്‍ നിന്നും പതുക്കെ പിന്‍വലിയുന്നതു സ്വാഭാവികം. ഞാന്‍ തെരുവില്‍ ഏറ്റവും ഉച്ചത്തില്‍ തൊണ്ട പൊട്ടി മുദ്രാവാക്യം മുഴക്കിയിട്ടുള്ളത് ക്രിസ്ത്യന്‍ വര്‍ഗ്ഗീയ വാദികള്‍ക്കെതിരെയാണു. പല സന്ദര്‍ഭങ്ങളും ഓര്‍ക്കുന്നു. എണ്‍പതുകളില്‍ പി എം ആന്റണിയുടെ നാടകനിരോധനം വന്നപ്പോള്‍ അതിനെതിരെ പാതിരി വിരുദ്ധ മുദ്രാവാക്യം വിളിച്ചത് ഇന്നും കാതില്‍ മുഴങ്ങുന്നു. സ്വാശ്രയ വിദ്യാഭ്യാസ കച്ചവടത്തിനെതിരെ യുള്ള പ്രക്ഷോഭങ്ങളും ഇതു പോലെ. മകരവിളക്കു തട്ടിപ്പിനെതിരെ, ആള്‍ ദൈവ വ്യവസായത്തിനെതിരെ നിരവധി ജാഥകളും തെരുവു യോഗങ്ങളും നടത്തി. അതിലെല്ലാം മുന്‍ നിരയില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്. ലേഖനങ്ങളും കുറിപ്പുകളും എഴുതിയിട്ടുണ്ട്. മത്തായി ചാക്കോയുടെ മരണവുമായി ബന്ധപ്പെട്ട് കത്തൊലിക്കാ സഭയുടെ നിലപാടുകളെ രൂക്ഷമായി വിമര്‍ശിച്ചു ലേഖനമെഴുതിയിരുന്നു. ബ്ലോഗില്‍ ഇപ്പോഴും അതു കാണാം . ഇങ്ങനെയൊക്കെയാണെങ്കിലും എന്റെ മുഖ്യ വിമര്‍ശനവിഷയം ഇസ്ലാമും കുര്‍ ആനും തന്നെ എന്നു സമ്മതിക്കുന്നു. അതിനു പല കാരണങ്ങള്‍ ഉണ്ട്. 1. മറ്റു മതങ്ങളെകുറിച്ചുള്ള വിമര്‍ശന പഠനങ്ങള്‍ നൂറ്റാണ്ടുകള്‍ക്കു മുമ്പു തന്നെ വേണ്ടുവോളം ഉണ്ടായിട്ടുണ്ട്. അതൊക്കെ കേരളത്തിലും പ്രചാരത്തില്‍ വന്നിരുന്നു . എന്നാല്‍ ഇസ്ലാമിനെ കുറിച്ച് അത്തരം വിമര്‍ശന പഠനങ്ങള്‍ പുറം ലോകത്തു പോലും അടുത്ത കാലം വരെ വിരളമായിരുന്നു. മലയാളത്തില്‍ തീരെ ഉണ്ടായിരുന്നില്ല. ഇടമറുകിന്റെ ‘കുര്‍ ആന്‍ വിമര്‍ശന പഠനം‘ അതിനു തുടക്കം കുറിച്ചുവെങ്കിലും അത് ഒരു സമഗ്ര പഠനമായിരുന്നില്ല. ഞങ്ങള്‍ കുറച്ചു “മുസ്ലിം യുക്തിവാദികള്‍” ആദ്യകാല വായനയില്‍ കണ്ടെത്തിയ കുറച്ചു കാര്യങ്ങള്‍ അല്പം കൂടി കൂട്ടിച്ചേര്‍ത്തും മിനുക്കിയും തയ്യാറാക്കിയ ഒരു പുസ്തകമായിരുന്നു അത്. പ്രധാനമായും കാപ്പാടുള്ള അബ്ദുല്‍ അലി മാഷാണു ആ പുസ്തകത്തിന്റെ പ്രധാന ഉള്ളടക്കം നല്‍കിയത്. ഞാനും അതു ക്രോഡീകരിക്കാനും മറ്റും സഹായിച്ചിരുന്നു. ആ പുസ്തകത്തിനു നേരെ ഉണ്ടായ സുനാമി കണക്കു പ്രതികരണങ്ങളാണു ഞങ്ങളെ ഈ വിഷയത്തില്‍ കൂടുതല്‍ ശ്രദ്ധ കേന്ദ്രീകരിക്കാനും മറ്റു വിഷയങ്ങളില്‍നിന്നും മാറി നില്‍ക്കാനും പ്രേരിപ്പിച്ച പ്രധാന സംഗതി. ... ഇടമറുകിന്റെ പുസ്തകം ഉണ്ടാക്കിയ കോളിളക്കം ഞങ്ങളുടെ ജോലിഭാരം വല്ലാതെ വര്‍ധിക്കാന്‍ കാരണമായി ഒരു ഡസനില്‍ അധികം മറുപടി പുസ്തകങ്ങള്‍ രണ്ടു വര്‍ഷത്തിനകം ഇറങ്ങി. അതിനു പുറമെ സി എന്‍ അഹമ്മദ് മൌലവി യുക്തിവാദികള്‍ക്കു മറുപടിയുമായി രംഗത്തു വന്നു. അതിനും ഞങ്ങള്‍ ചുട്ട മറുപടി നല്‍കി വലിയ ഒരു പുസ്തകം ഇറക്കി. അതോടെ പല ഭാഗത്തു നിന്നും മുസ്ലിം പ്രതികരണങ്ങള്‍ വന്നു. .. യുക്തിവാദപ്രസിദ്ധീകരണങ്ങളില്‍ വരുന്ന പ്രതികരനങ്ങള്‍ക്കും മറുപടി തയ്യാറാക്കേണ്ട ചുമതല വന്നു. പതുക്കെ പതുക്കെ യുക്തിവാദികള്‍ക്കിടയിലും സ്പെഷ്യലൈസേഷന്റെ അനിവാര്യത വന്നു ചേര്‍ന്നു. അത് ഒരു അപരാധമൊന്നുമല്ല. ഇക്കാലത്ത് ഏതു വിജ്ഞാനമേഖല എടുത്താലും ശാഖോപശാഖകളായി വിഷയങ്ങള്‍ വേര്‍ തിരിയുന്നതു കാണാം. ..എം ബി ബി എസ് കഴിഞ്ഞ ഡോക്ടര്‍മാര്‍ പിന്നീടു ഉപരി ബിരുദം നേടുന്നതോടെ അവരവരുടെ മേഖലയിലേക്കു ചികിത്സ ചുരുക്കാറില്ലേ? കണ്ണൂ ഡോക്ടറുടെ വീട്ടില്‍ ചെന്ന് ആരെങ്കിലും “നിങ്ങളെന്താ ഡാക്കിട്ടറേ മൂലക്കുരുവിനു ചികിത്സിക്കാത്തേ ?” എന്നു ചോദിക്കാറില്ല. ആ ഡോക്റ്റര്‍ക്ക് മൂലക്കുരു അറിയില്ല എന്നതല്ല കാരണം. അതിനു വേറെ ആളുകള്‍ ഉണ്ട്. കണ്ണു രോഗികള്‍ക്കു വിദഗ്ധ ചികിത്സയും വേണം. അതാ കാര്യം ! .. പവനന്‍ സാര്‍ യുക്തിരെഖയ്യൂടേ ഏഡിറ്ററായിരുന്നപ്പോള്‍ ഇസ്ലാമുമായി ബന്ധപ്പെട്ട ഏതു പ്രശ്നം വന്നാലും കത്തുകള്‍ വന്നാലും എന്നെ ഏല്‍പ്പിക്കുകയാഇരുന്നു പതിവ്. .. യുക്തിവാദി സംഘത്തിലിങ്ങനെയുള്ള സ്പെഷ്യലിസ്റ്റുകള്‍ വേറെയുമുണ്ട്. പ്രേമാനന്ദ് ആള്‍ദൈവം സ്പെഷ്യലിസ്റ്റ് ആയിരുന്നു. സായിബാബ സ്പെഷ്യലിസ്റ്റും ! .. എം ബി കെ ഹിന്ദു പുരാണങ്ങളില്‍ കെട്ടിപ്പിണഞ്ഞു കിടന്ന യുക്തിവാദിയായിരുന്നു. .. ഇടറമറുകാണു വ്യത്യസ്തനായി കാണപ്പെടുന്ന ഒരാള്‍. അതിനു കാരണം അദ്ദേഹവും കുടുംബവും യുക്തിവാദപ്രചാരണം അവരുടെ ഉപജീവനത്തിനുള്ള മാര്‍ഗ്ഗം കൂടിയാക്കി . അതു വളരെ നല്ലതായിട്ടു തന്നെയാണു തോന്നുന്നത്. കൂടുതല്‍ അര്‍പ്പണബോധത്തോടെ താല്പര്യത്തോടെ ചെയ്യാവുന്ന ജോലി അവനവനു ഏറ്റവും താല്പര്യമുള്ള ജോലി തന്നെ ! സംതൃപ്തിയും ജീവിത മാര്‍ഗ്ഗവും ഒന്നിച്ച് . .. യുക്തിവാദിസംഘം തെരുവു പൊതു യോഗങ്ങളാണു മുമ്പു നടത്തിയിരുന്നത്. ഒരു പാടു രസകരമായ അനുഭവങ്ങള്‍ ഓര്‍ക്കാനുണ്ട്. കണ്ണൂര്‍ കോഴിക്കോട് വയനാട് പ്രദേശങ്ങളില്‍ പൊതുയോഗങ്ങളില്‍ പ്രസംഗിക്കാന്‍ പോകാറുണ്ടായിരുന്നു. എം ബികെ ഉണ്ടായിരുന്നപ്പോള്‍ ഞങ്ങള്‍ രണ്ടു പേരും പങ്കെടുക്കുന്ന യോഗസ്ഥലങ്ങളില്‍ പലപ്പോഴും ഉണ്ടായ ഒരു അനുഭവം പറയാം. അദ്ദേഹം ഹിന്ദു മതാചാരങ്ങളെയും പുരാണങ്ങളെയുമൊക്കെ വല്ല്ലാതെ പരിഹസിച്ചു സംസാരിക്കും. അതു കേട്ടു സഹിക്കാന്‍ കഴിയാതെ ആര്‍ എസ് എസുകാരും മറ്റും സ്റ്റേജിലേക്ക് ഇരച്ചു കയറുകയും അക്രമത്തിനു മുതിരുകയും ചെയ്തിട്ടുണ്ട്. ആ സന്ദര്‍ഭത്തില്‍ കേള്‍വിക്കാരിലുള്ള മുസ്ലിംങ്ങള്‍ അവരെ തടുക്കാനും എതിര്‍ക്കാനും രംഗത്തു വരും. പിന്നീട് എന്റെ ഊഴം വന്നാല്‍ ഞാന്‍ ഇസ്ലാമിനെ ശക്തിയായി വിമര്‍ശിച്ചു പറയും . അതോടെ ഹിന്ദുക്കള്‍ സന്തോഷത്തോടെ കേട്ടു നില്‍ക്കും. ആദ്യം അവരെ തടുത്ത് ഞങ്ങളെ സഹായിക്കാന്‍ വന്ന മുസ്ലിംങ്ങള്‍ സ്റ്റേജിലേക്ക് കല്ലെറിയാന്‍ തുടങ്ങും ! ..ഒരാള്‍ മാത്രമേ പ്രസംഗിക്കുന്നുള്ളു എങ്കില്‍ എല്ലാ മതങ്ങളെയും അയാള്‍ തന്നെ കൈ കാര്യം ചെയ്യാറുമുണ്ട്. ഇതൊക്കെ പ്രായോഗിക സൌകര്യത്തിനുള്ള ചില നീക്കു പോക്കു മാത്രം. അല്ലാതെ ആരോപിക്കപ്പെടുന്നപോലെ ഒരു കൂട്ടരോടു മാത്രമുള്ള മമതയോ വിദ്വേഷമോ അല്ല എന്നു ചുരുക്കം. . പതിനെട്ടാം നൂറ്റാണ്ടില്‍ ലോകത്തെ ഞെട്ടിച്ചു കൊണ്ടു മതത്തെയും ദൈവത്തെയും ആഞ്ഞടിച്ച ഇംഗര്‍സോള്‍ ,തോമസ് പൈന്‍, ചാത്സ് ബ്രാഡ്ല തുടങ്ങിയ യൂറോപ്യന്‍ യുക്തിവാദികള്‍ പോലും ക്രിസ്തു മതത്തെ മാത്രം അവലംബമാക്കിയാണു യുക്തിവാദം പ്രചരിപ്പിച്ചിരുന്നത്. അവരുടെ സാഹചര്യവും ചുറ്റുപാടും അതായിരുന്നു എന്നതാണു കാരണം ! .. ഇതു വരെ പറഞ്ഞു വന്നതിന്റെ ചുരുക്കം ഇതാണു: ഇസ്ലാമിനെ വിമര്‍ശിക്കാന്‍ കൂടുതല്‍ ആളുകള്‍ ഇല്ലാത്തതും മറ്റു മതങ്ങള്‍ ധാരാളമായി ഇതിനകം തന്നെ വിമര്‍ശനശരങ്ങള്‍ ഏറ്റിട്ടുള്ളതിനാലും അക്കാര്യം നിര്‍വ്വഹിക്കാന്‍ മറ്റനേകം പേര്‍ ഉള്ളതിനാലുമാണു ഞാന്‍ ഈ രംഗത്തു പ്രത്യേകശ്രദ്ധ പതിപ്പിക്കാന്‍ ശ്രമിക്കുന്നത്. . ഇനി അടുത്ത കാരണം പറയാം : നമ്മുടെ നാട്ടില്‍ ഒരു പൊതു മര്യാദാ ബോധം ഉള്ളത് ഒരു സമുദായക്കാരന്‍ അന്യ സമുദായത്തെ വിമര്‍ശിക്കുന്നതു വര്‍ഗ്ഗീയത സൃഷ്ടിക്കും എന്നതാണു. യുക്തിവാദികള്‍ക്കു സമുദായത്തില്‍ താല്പര്യമില്ല എങ്കിലും സമൂഹം അവരെയും ജനിച്ച സമുദായത്തിന്റെ നിറം ഉള്ളവരായേ കാണൂ. അതു കൊണ്ടു തന്നെ ഞാന്‍ ഇസ്ലാമിനെ സ്പര്‍ശിക്കാതെ ഹിന്ദു ഫാസിസം മാത്രം പറഞ്ഞു കൊണ്ടിരുന്നാല്‍ പറയുന്ന ആശയത്തിനു ക്രഡിബിലിറ്റിയില്ലാ എന്ന തോന്നല്‍ വരും. ഇവിടെ തന്നെ നോക്കുക. പല മുസ്ലിം വാദികളും ഹിന്ദു ക്രിസ്ത്യന്‍ പേരില്‍ ഫെയ്ക് ആയിട്ടാണു വരുന്നത്. സ്വന്തം വര്‍ഗ്ഗീയ മുഖം മറയ്ക്കാനുള്ള ഒരു കോമ്പ്ലക്സ് ! .. നമ്മുടെ വീട്ടില്‍ വിരുന്നു വന്ന കുട്ടികളും നമ്മുടെ സ്വന്തം കുട്ടികളും തമ്മില്‍ കളിക്കിടെ വല്ല വഴക്കൊ അടിയോ ഉണ്ടായാല്‍ നമ്മള്‍ എന്താ ചെയ്യുക ? അഥിതിയുടെ കുട്ടിയെ പിടിച്ചു തല്ലുമോ? അതോ നമ്മുടെ കുട്ടിയെ ശാസിക്കുമോ ? മര്യാദയുള്ളവരാണെങ്കില്‍ സ്വന്തം കുട്ടിയെയാണു കൂടുതല്‍ ശാസിക്കുക. അല്ലാതെ വിരുന്നു വന്ന കുട്ടിയെ പിടിച്ചു പൂശുകയല്ല. അതേ പോലെ സ്വന്തം സമുദായത്തെയും മതത്തെയും കൂടുതല്‍ രൂക്ഷമായും അന്യരെ അലപം മയത്തിലും വിമര്‍ശിക്കുന്നതിന്റെ ഒരു മര്യാദാശാസ്ത്രവും ഇതാണു. . മറ്റൊരു കാരണം , ഒരു ആശയം എന്ന നിലയ്ക്ക് കൂടുതല്‍ ഭീകരവും ആപല്‍കരവുമായ സാധനം ഇസ്ലാം തന്നെയാണെന്ന തിരിച്ചറിവാണ്. . മുസ്ലിംങ്ങള്‍ വിമര്‍ശനങ്ങളോടു വളരെ ആക്രാമകമായാണു പ്രതികരിക്കുക. വിമര്‍ശനം എത്ര സോഫ്റ്റ് ആയാലും ഫലം ഒരു പോലെ. ഇതും ഒരു കാരണമാണു. . .. ഹിന്ദുക്കളോ ക്രിസ്ത്യാനികളോ അവരുടെ വിശ്വാസങ്ങളെ ചോദ്യം ചെയ്താല്‍ അതു കുറെ കൂടി സഹിഷ്ണുതയോടെ അവഗണിക്കുകയാണു ചെയ്യുക [അപവാദങ്ങള്‍ ഉണ്ട്] അങ്ങനെയാവുമ്പോള്‍ കൂടുതല്‍ എഴുതാനുള്ള പ്രചോദനം നഷ്ടപ്പെടും . വിമര്‍ശനം “അങ്ട് ഏശ്ണില്ലാ” ന്നൊരു തോന്നല്‍ കാരണം നിര്‍ത്തും. .. ഇനി വ്യക്തിപരമായി എന്റെ ഒരു ദൌര്‍ബല്യം കൂടി ഇതിനു കാരണമാണു. മറ്റു മതങ്ങളെ കുറിച്ചൊന്നും ആഴത്തില്‍ പഠിക്കാന്‍ ഞാന്‍ ശ്രമിച്ചിട്ടില്ല. വിമര്‍ശനം ഉന്നയിക്കാന്‍ ഉപരിപ്ലവമായ പഠനം പോരല്ലോ. സമയക്കുറവും മടിയും ഒക്കെയുണ്ട്. .. ആദ്യമായി കുര്‍ ആന്‍ വായിക്കുമ്പോഴുണ്ടായ ഒരു വല്ലാത്ത അനുഭവമാണു എന്നെ ഈ വഴിക്കു തിരിച്ചു വിട്ടത് എന്നു ഞാന്‍ പല തവണ വ്യക്തമാക്കിയിട്ടുണ്ട്. എന്നെ അവിശ്വാസത്തിലേക്കു നയിച്ചതു കുര്‍ ആന്‍ ആണു. അക്കാരണം കൊണ്ടു തന്നെ കുര്‍ ആന്‍ ദൈവത്തിന്റെ വെളിപാടല്ല എന്നു കാര്യകാരണ സഹിതം മാലോകരോടു പറയാനുള്ള ഒരു വല്ലാത്ത ആവേശം ഞാന്‍ കാണിക്കുന്നു. ആര്‍ക്കമിഡീസ് പ്ലവനതത്വം കണ്ടു പിടിച്ചപ്പോള്‍ കാണിച്ച ആവേശമാണെനിക്കു കുര്‍ ആന്‍ വായിച്ചപ്പോല്‍ ഉണ്ടായത്. യുറീക്കാ‍ാ യുറീക്കാ .. ഇതു ദൈവമല്ലാ ... ഇതു ദൈവമല്ലാ... !!!

Friday, January 20, 2012

മനുഷ്യര്‍ സൃഷ്ടിച്ച ദൈവങ്ങളുടെ കാര്യവും ഇങ്ങനെയാണു.

ഞാന്‍ ഒരു അധ്യാപകനാണ്. ഈ വര്‍ഷം റിട്ടയര്‍ ചെയ്യുകയാണ്. എന്റെ ശിഷ്യരില്‍ കുറേ പേരെങ്കിലും പഠിച്ചു വളരെ ഉയര്‍ന്ന നിലയില്‍ എത്തി സുഖമായി ജീവിക്കുന്നു. അവരെ കാണുംപോഴും അവരെക്കുറിച്ചറിയുമ്പോഴുമാണു ഞാന്‍ ഏറ്റവുമധികം സന്തോഷിക്കുന്നത്. എന്നാല്‍ വളരെയേറെ പേര്‍ പഠനത്തില്‍ കാര്യമായി മുന്നേറാനാവാതെ ജീവിതത്തിന്റെ വിവിധ മേഖലകളില്‍ എത്തിപ്പെട്ട് ഒരു വിധം നന്നായി ജീവിക്കുന്നു. കുറച്ചു പേരെങ്കിലും തെറ്റായ വഴികളിലൂടെയും സഞ്ചരിക്കുന്നുണ്ടാവാം.
എന്നെക്കാണുമ്പോള്‍ ബഹുമാനിക്കുന്നവരോടോ എന്നോടു പ്രത്യേകമായ സ്നേഹവും മമതയും കാണിക്കുന്നവരോടോ മാത്രമായി എനിക്ക് പ്രത്യേകിച്ച് ഒരു ഇഷ്ടം തോന്നാറില്ല. അവരെയും മറ്റുള്ളവരെപ്പോലെ സ്നേഹിക്കുന്നു എന്നല്ലാതെ !

മക്കളെ സ്നേഹിക്കുന്ന അച്ഛനമ്മമാരുടെ സ്ഥിതിയും അങ്ങനെത്തന്നെ . തന്റെ മക്കള്‍ ഏറ്റവും നല്ല നിലയില്‍ എത്തി സന്തോഷമായും നന്മയുള്ളവരായും ജീവിക്കുന്നു എന്നറിയുന്നതിലായിരിക്കും ഒരു നല്ല അച്ഛന്റെ / അമ്മയുടെ സന്തോഷം !
എന്നാര്‍ സ്വാര്‍ത്ഥരും അല്‍പ്പന്മാരുമായ ആളുകള്‍ കരുതുന്നത് തന്റെ മക്കള്‍ എന്നും തന്റെ സുഖ സൌകര്യങ്ങള്‍ മാത്രം നോക്കി തനിക്കു ചുറ്റും കഴിയണമെന്നും തനിക്കു പ്രായമായാല്‍ പിന്നെ തന്റെ കാലുഴിഞ്ഞും ചൊറി മാന്തിയും തന്നെ സുശ്രൂഷിച്ചും അടുത്തുണ്ടാവണമെന്നും അവര്‍ മറ്റാരുടെയും കാര്യത്തിലോ സ്വന്തം കാര്യത്തിലോ ശ്രദ്ധ കേന്ദ്രീകരിക്കരുത് എന്നുമൊക്കെയായിരിക്കും ! മക്കളെ സൃഷ്ടിക്കുന്നതും വളര്‍ത്തുന്നതുമൊക്കെ വയസ്സുകാലത്തു തങ്ങള്‍ക്ക് ഒരു താങ്ങും തണലും ലഭിക്കാന്‍ മാത്രമാണെന്നു കരുതുന്നവരുമുണ്ട്. അതു സ്വാര്‍ത്ഥത മാത്രമാണ്. അങ്ങനെ ചിന്തിക്കുന്നവര്‍ തങ്ങള്‍ ജീവിച്ചത് സ്വന്തം അച്ഛനമ്മമാരെ സുഖിപ്പിക്കാന്‍ മാത്രമായിരുന്നോ എന്നു പോലും തിരിഞ്ഞു ചിന്തിക്കാറില്ല.
മനുഷ്യര്‍ സൃഷ്ടിച്ച ദൈവങ്ങളുടെ കാര്യവും ഇങ്ങനെയാണു. മനുഷ്യര്‍ക്ക് നൈസര്‍ഗ്ഗികമായ നിരവധി സിദ്ധികള്‍ “ദൈവം” നല്‍കിയിട്ടുണ്ട്. ആ സിദ്ധികള്‍ ആവും വിധം പ്രയോജനപ്പെടുത്തി തന്റെ സൃഷ്ടികള്‍ തന്നെ പ്പോലെ ഉയരങ്ങളിലേക്കെത്തുമ്പോഴാണു യഥാര്‍ത്ഥത്തില്‍ “ദൈവം” സന്തോഷഭരിതനാകേണ്ടത്. എന്നാല്‍ മതദൈവങ്ങള്‍ അതൊന്നുമല്ല ആഗ്രഹിക്കുന്നത്. മനുഷ്യര്‍ അവരുടെ സിദ്ധികളെല്ലാം അട്ടത്തു വെച്ച് തന്നെ സദാ സമയം സ്തുതിച്ചും പുകഴ്ത്തിയും തനിക്കു ചുറ്റും വട്ടം കറങ്ങിയും തനിക്കു കൈക്കൂലിയും ബലിയും തന്നും തന്റെ വരട്ടു ചൊറി മാന്തിയും കാലു തിരുമ്മിയും .....കഴിഞ്ഞു കൂടിയാല്‍ മതി എന്നാണീ അല്പന്മാരായ ദൈവങ്ങള്‍ ആഗ്രഹിക്കുന്നത്. തന്നെ സ്തുതിക്കാതെ വേറെ വല്ലോരുടെയും കാര്യം നോക്കിയാല്‍ താന്‍ അവരെ തീയില്‍ പൊള്ളിക്കും കണ്ണു കുത്തിപ്പൊട്ടിക്കും എന്നൊക്കെ ഈ ദൈവങ്ങള്‍ ആക്രോശിക്കുന്നു. 24 മണിക്കൂറും തന്റെ കാര്യം മാത്രം ചിന്തിച്ചു നേരം കൊല്ലുന്നവര്‍ക്ക് കള്ളും പെണ്ണും കൊടുക്കും എന്ന നിലവാരം കുറഞ്ഞ പ്രലോഭനവും ഈ ദൈവങ്ങള്‍ വെച്ചു നീട്ടുന്നു . പ്രാകൃത മനുഷ്യര്‍ അവരുടെ നിലവാരത്തില്‍ ദൈവങ്ങളെ മെനഞ്ഞുണ്ടാക്കിയതാണെന്ന സത്യം ഇവിടെ വ്യക്തം !

Wednesday, January 4, 2012

ഇസ്ലാം അടിവസ്ത്ര പ്രതിസന്ധിയില്‍ !!!!!


അടിവസ്ത്രം വില്‍ക്കുന്ന കടകളില്‍ ഇനി സെയിത്സ് ഗേള്‍സ് മാത്രം !
ജിദ്ദ: സൌദി അറേബ്യയില്‍ സ്ത്രീകളുടെ അടിവസ്ത്രം വില്‍ക്കുന്ന കടകളില്‍ ഇനി മുതല്‍ വനിതാ ജീവനക്കാരെ നിയമിക്കനമെന്ന് നിയമം വ്യാഴാഴ്ച്ച മുതല്‍ ന്‍അടപ്പിലാക്കും. ഈ വര്‍ഷം ജൂലയി യോടെ സൌന്ദര്യ വസ്തുക്കള്‍ വില്‍ക്കുന്ന കടകളിലും ഈ നിയമം നടപ്പാക്കും. നേരത്തെ പുരുഷന്മാര്‍ മാത്രമായിരുന്നു ഇത്തരം കടകളില്‍ ജോലി ചെയ്തിരുന്നത്. അതുകൊണ്ടു തന്നെ അടിവസ്ത്രം വാങ്ങാന്‍വരുന്ന സ്ത്രീകല്‍ തങ്ങളുടെ ആവശ്യം സെയിത്സ്മാന്മാരെ ധരിപ്പിക്കാന്‍ ബുദ്ധിമുട്ടിയിരുന്നു. .. രാജ്യത്തെ ഉന്നത പുരോഹിതന്മാരടക്കമുള്ളവരുടെ എതിര്‍പ്പു കാരണം നീണ്ട ചര്‍ച്ചക്കൊടുവിലാണ് ഉത്തരവൂണ്ടായത്. 40000 സ്ത്രീകള്‍ക്ക് ഈ നിയമമനുസരിച്ചു ജോലി ലഭിക്കും. മലയാളികളുള്‍പ്പെടെ അത്രയും പുരുഷന്മാര്‍ക്കു ജോലി നഷ്ടപ്പെടും.
അടിവസ്ത്രങ്ങള്‍ വില്‍ക്കുന്ന കടകളില്‍ വനിതാ ജീവനക്കാര്‍ വേണമെന്ന ആവശ്യവുമായി സൌദിയിലെ സ്ത്രീകള്‍ വന്‍ പ്രക്ഷോഭം നടത്തിയിരുന്നു . ഫേസ് ബുക്കിലിതിനായി ഒരു കൂട്ടായ്മയും അവര്‍ ഉണ്ടാക്കിയിരുന്നു..
ദേശാഭിമാനി 5-1-12
ലോകാവസാനം വരെ കുത്തും കോമയും മാറ്റാതെ നടപ്പിലാക്കേണ്ട സമഗ്ര സമ്പൂര്‍ണ മതം അടിവസ്ത്ര പ്രതിസന്ധിയില്‍ !!!!!!!!!
താലിബാന്റെ ഭരണത്തിലും ഇതു പോലുള്ള പ്രതിസന്ധികള്‍ ഉണ്ടായി. സ്ത്രീകളെ പരിശോധിക്കാന്‍ വനിതാ ഡോക്ടര്‍മാരും നെര്‍സുമാരും വേണം വനിതകള്‍ ജോലിക്കും വിദ്യാഭ്യാസത്തിനും പുറത്തിറങ്ങാനും പാടില്ല. ! ഒടുവില്‍ രോഗിക്കും ഗ്ഗോക്ടര്‍ക്കും മധ്യേ ഹിജാബ് വെക്കാനും ഹിജാബ് സ്ക്രീനിന്റെ തുളയിലൂടെ സ്റ്റെതസ്കോപ്പ് കടത്തി രോഗി തന്നെ നെഞ്ചത്തു വെച്ച് ഡോക്ടറെ ശബ്ദം കേള്‍പ്പിക്കാനുമൊക്കെ നിര്‍ദേശം വന്നു.!
സൌദിയിലെ ഡ്രൈവിങ് പ്രതിസന്ധിക്കു മുഫ്തികള്‍ നല്‍കിയ പ്രതിവിധിയും ഇതിനകം ലോകം ചര്‍ച്ച ചെയ്തു ചിരിച്ചതാണല്ലോ ! ഡ്രൈവര്‍ക്കു മുല കൊടുത്തു പരിഹരിച്ച കാര്യം !!!!
ഈ മതം ദൈവം ആകാശത്തു നിന്നിറക്കിയതാണെന്നതിന് ഇതൊക്കെ ഒന്നാംതരം ദൃഷ്ടാന്തം !
MUSLIMS ARE THE VICTIMS OF 'ISLAM' !

30 വര്‍ഷത്തിലേറെക്കാലമായി ഒരു ലക്കം പോലും മുടങ്ങാതെ പ്രസിദ്ധീകരിക്കുന്നു

30 വര്‍ഷത്തിലേറെക്കാലമായി ഒരു ലക്കം പോലും മുടങ്ങാതെ പ്രസിദ്ധീകരിക്കുന്നു
ഏ വി ജോസ് , കുറ്റിപ്പുഴ നഗര്‍ , തൃശ്ശൂര്‍.