ഒരു കഥ പറയാം:-
ഒരാള്‍ക്ക് പ്രിയപ്പെട്ടവനായി ഒരു മകന്‍ മാത്രമേ ഉണ്ടായരന്നുള്ളു. ഒരു ദിവസം മകന്‍ കളിക്കുന്നതിനിടെ മറ്റൊരു കുട്ടിയുമായി കൂട്ടിമുട്ടി ബോധക്ഷയം വന്നു. അച്ഛന്‍ അതു കണ്ട് അലറി വിളിച്ചു: “എന്റെ മോന്‍ മരിച്ചേ ! ” ആളുകള്‍ ഓടിക്കൂടി അയാളെ ആശ്വസിപ്പിച്ചു. “ഒന്നും പറ്റിയിട്ടില്ല, നമുക്ക് ആശുപത്രിയില്‍ കൊണ്ടു പോകാം “ . അവര്‍ പറഞ്ഞു. “ഇല്ല; എന്റെ മോന്‍ മരിച്ചേ !” അയാള്‍ വീണ്ടും അലറി വിളിച്ചു . ആളുകള്‍ അവനെ ആശുപത്രിയിലേക്കു കൊണ്ടു പോയി. അച്ഛനും പോയി. ഡോക്ടര്‍ പരിശോധിച്ച ശേഷം പറഞ്ഞു. “കുഴപ്പമൊന്നുമില്ല, കുറച്ചു കഴിയുമ്പോള്‍ ശരിയാകും. ” അതൊന്നും ആ അച്ഛനു ബോധ്യം വന്നില്ല. അയാള്‍ വിളിച്ചു കൂവി “ ഇല്ല, ഡോക്ടര്‍ എന്നെ ആശ്വസിപ്പിക്കാന്‍ കള്ളം പറയുകയാണ്. എന്റെ മോന്‍ മരിച്ചേ ...”
ഡോക്ടര്‍ അയാളുടെ കയ്യു പിടിച്ച് മകന്റെ ഹൃദയമിഡിപ്പും, ശരീരോഷമാവുമൊക്കെ ബോധ്യപ്പെടുത്താന്‍ നോക്കി. “ഇല്ല, ഡോക്ടര്‍ നുണ പറയുകയാണേ, എന്റെ മോന്‍ മരിച്ചിരിക്കുന്നു ” അയാള്‍ പിന്നെയും പറഞ്ഞു കൊണ്ടിരുന്നു. ഇയാളെ കാര്യം ബോധ്യപ്പെടുത്താന്‍ ഇനി എന്തു ചെയ്യും? ഡോക്ടര്‍ ആലോചിച്ചു. അദ്ദേഹം അയാളെ മോര്‍ച്ചറിയിലേക്കു കൊണ്ടു പോയി. അവിടെ മരിച്ചു കിടക്കുന്ന കുട്ടിയുടെ ശരീരത്തില്‍ തൊടുവിച്ചു വ്യത്യാസം മനസ്സിലാക്കാന്‍ ശ്രമിച്ചു. അതും ഫലിച്ചില്ല. അപ്പൊഴും അയാള്‍ പഴയതുപോലെ അലറി വിളിക്കുകയായിരുന്നു. ഡോക്ടര്‍ ഒരു ബ്ലേഡ് കൊണ്ടു വന്ന് മോര്‍ച്ചറിയിലെ ശവത്തിന്‍റെ വിരലില്‍ ഒരു മുറിവുണ്ടാക്കി കാണിച്ചു. രക്തം വരുന്നുണ്ടോ എന്നു നോക്കാന്‍ പറഞ്ഞു. ഇല്ല എന്നയാള്‍ സമ്മതിച്ചു. പിന്നീട് അയാളുടെ മകന്റെ വിരലിലും അതേ പോലെ ഒരു മുറിവുണ്ടാക്കി ചോര വരുന്നതു കാണിച്ചുകൊണ്ട് ഡോക്ടര്‍ ചോദിച്ചു “ ഇപ്പോള്‍ കാര്യം മനസ്സിലായോ? ” അയാള്‍ കരഞ്ഞു വിളിച്ചു കൊണ്ടു പറഞ്ഞു “ മരിച്ചാലും ചോര വരുമെന്നു മനസ്സിലായേ ... എന്റെ മോന്‍ മരിച്ചേ.. !”
--------
ഈ കഥ ഇപ്പോള്‍ ഓര്‍മ്മിക്കാന്‍ കാരണം നമ്മുടെ സി കെ ലതീഫിന്റെ ബ്ലോഗില്‍ ഞാനിട്ട കമന്റിന് അദ്ദേഹം നല്‍കിയ മറുപടി യാണ്. കുര്‍ ആന്‍ ദൈവികമാണെന്നതിനു തെളിവായി കുര്‍ ആനില്‍ വൈരുദ്ധ്യങ്ങളില്ല എന്ന അവകാശവാദമായിരുന്നു പോസ്റ്റിലെ വിഷയം. കുര്‍ ആനില്‍ നൂറുകണക്കിനു വൈരുദ്ധ്യങ്ങളുണ്ടെന്നു പറഞ്ഞുകൊണ്ട് ഞാന്‍ ഒരു ലളിതമായ ഉദാഹരണം ചൂണ്ടിക്കാണിച്ചിരുന്നു. ആ കമന്റും ലതീഫിന്റെ മറുപടിയും ഇതാ :-
ea jabbar പറഞ്ഞു...
കുര്‍ ആനില്‍ നൂറുകണക്കിനു വൈരുദ്ധ്യങ്ങള്‍ ചൂണ്ടിക്കാണിക്കപ്പെട്ടിട്ടുണ്ട്.
വ്യാഖ്യാനാഭ്യാസങ്ങള്‍ കൊണ്ട് അതൊക്കെ വൈരുദ്ധ്യങ്ങളല്ലാതാക്കാന്‍ ശ്രമിക്കുന്നു എന്നേയുള്ളു.
ഒരു ഉദാഹരണം മാത്രം പറയാം:-
നരകവാസികള്‍ക്ക് എന്താണു ഭക്ഷണം ?
കുര്‍ ആന്‍ മൂന്നു വിധത്തില്‍ പരസ്പരവിരുദ്ധമായി പ്രസ്താവിക്കുന്നതു നോക്കൂ:-
لَّيْسَ لَهُمْ طَعَامٌ إِلاَّ مِن ضَرِيعٍ
ളരീഇല്‍ നിന്നല്ലാതെ അവര്‍ക്ക് യാതൊരു ആഹാരവുമില്ല. 88-6
(No food for them) in those abysmal pits (save bitter thorn fruit) the shabraq plant which grows in the roads of Mecca, which is eaten by camels when it is soft but when it is hard it becomes like the claws of cats.
وَلاَ طَعَامٌ إِلاَّ مِنْ غِسْلِينٍ
ദുര്‍നീരുകള്‍ ഒലിച്ചു കൂടിയതില്‍ നിന്നല്ലാതെ മറ്റു ആഹാരവുമില്ല. 69-36
(Nor any food) in the Fire (save filth) that which spills from the bellies and skins of the people of the Fire of puss, blood and fluids
فَإِنَّهُمْ لآكِلُونَ مِنْهَا فَمَالِئُونَ مِنْهَا ٱلْبُطُونَ
തീര്‍ച്ചയായും അവര്‍ അതില്‍ നിന്ന് തിന്ന് വയറ് നിറക്കുന്നവരായിരിക്കും. 37-66
(And lo! They) i.e. the people of Mecca as well as all the disbelievers (verily must eat thereof) of the tree of Zaqqum, (and fill (their) bellies therewith) and fill their bellies of it.
CKLatheef പറഞ്ഞു...
ഖുര്‍ആനില്‍ വൈരുദ്ധ്യങ്ങള്‍ ഇല്ല എന്നാണെങ്കില്‍ എന്നാല്‍ കണ്ടിട്ടുതന്നെ കാര്യം എന്ന് പ്രഖ്യാപിച്ച് ചില സൂക്തങ്ങളിലില്‍ വൈരുദ്ധ്യം ആരോപിക്കാറുണ്ട് ഖുര്‍ആന്‍ വിമര്‍ശകര്‍. മുന്‍കൂറായി ഇസ്‌ലാമിന്റെ വക്താക്കള്‍ അത് വ്യാഖ്യാനിച്ച് ഒപ്പിക്കുകയാണ് എന്ന ജാമ്യവും എടുക്കും. പലതും ഖുര്‍ആന്‍ വ്യാഖ്യാതാക്കള്‍ ചൂണ്ടികാണിക്കുന്ന സൂക്തങ്ങള്‍ തന്നെയായിരിക്കും. അതിലൊന്നാണ് ജബ്ബാര്‍ മാഷ് ഇവിടെ നല്‍കിയിരിക്കുന്നത്.
വൈരുദ്ധ്യമെന്ന് പറയുന്ന വസ്തുകള്‍ ഒന്ന് ഭക്ഷണമായി നല്‍കുന്നതും മറ്റേത് പാനീയവുമാണ് ആ നിലക്ക് തന്നെ അതില്‍ വൈരുദ്ധ്യമില്ല. മൗദൂദിയുടെ വ്യഖ്യാനം കൂടി കാണുക.
'നരകവാസികള്‍ക്കു തിന്നാനായി `സഖൂം` നല്‍കപ്പെടുമെന്നാണ് ഖുര്‍ആന്‍ ചിലയിടത്ത് പ്രസ്താവിച്ചിട്ടുള്ളത്. ചിലയിടത്തു പറഞ്ഞിട്ടുള്ളത് അവര്‍ക്ക് غِسْلِين (വ്രണങ്ങളില്‍നിന്നുള്ള ദുര്‍നീര്) അല്ലാതെ മറ്റൊന്നും ഭുജിക്കാന്‍ കൊടുക്കില്ലെന്നാണ്. മുള്ളുള്ള ഉണക്കപ്പുല്ലല്ലാതൊന്നും അവര്‍ക്ക് ഭക്ഷിക്കാനുണ്ടാവില്ല എന്നാണ് ഇവിടെ പറയുന്നത്. ഈ പ്രസ്താവനകള്‍ തമ്മില്‍ വൈരുധ്യമൊന്നുമില്ല. അതിന്റെ താല്‍പര്യം ഇതാകാം: നരകത്തില്‍ പല ക്ളാസുകളുണ്ട്. വിവിധ കുറ്റവാളികളെ അവരുടെ കുറ്റങ്ങളുടെ ഗൌരവമനുസരിച്ച് നരകത്തിന്റെ വ്യത്യസ്ത ക്ളാസുകളിലാണ് തള്ളുക. അവര്‍ക്ക് നല്‍കപ്പെടുന്നത് വ്യത്യസ്ത ദണ്ഡനങ്ങളുമായിരിക്കും. താല്‍പര്യം ഇങ്ങനെയുമാകാവുന്നതാണ്: അവര്‍ സഖൂം തീറ്റയില്‍നിന്നു രക്ഷപ്പെട്ടാല്‍ ദുര്‍നീരായിരിക്കും കിട്ടുക. അതില്‍നിന്നും രക്ഷപ്പെട്ടാല്‍ മുള്ളു നിറഞ്ഞ ഉണക്കപ്പുല്ലല്ലാതൊന്നും കിട്ടുകയില്ല. അഭിലഷണീയമായ ഒരു ഭക്ഷണവും ഏതായാലും ലഭിക്കുകയില്ല.' (Thafheemul Quran 88:6)
വളരെ ചെറിയ ഒരു വ്യവഹാരത്തില്‍ പോലും വിധിയില്‍ വരുത്തുന്ന വൈരുദ്ധ്യങ്ങള്‍ നാം കണ്ടുകൊണ്ടിരിക്കുന്നല്ലോ. എന്നിരിക്കെ അതി സങ്കീര്‍ണമായ അനിന്തരാവകാശ നിയമങ്ങളും സാമൂഹിക സാമ്പത്തിക നിയമങ്ങളും കൈകാര്യം ചെയ്യുന്ന ഒരു ഗ്രന്ഥത്തില്‍ അതുമായിബന്ധപ്പെട്ട അബദ്ധങ്ങളുടെ കൂമ്പാരം കാണപ്പെടേണ്ടതായിരുന്നു. പക്ഷെ അതിനൊന്നും സാധ്യമല്ലാത്തതുകൊണ്ടാണ് ഇത്തരം നിസ്സാര പദപ്രയോഗങ്ങളെയും മറ്റും വൈരുദ്ധ്യമായി പൊക്കികാണിക്കേണ്ടി വരുന്നത്.
CKLatheef പറഞ്ഞു...
ഇത്രയൊക്കെ വ്യക്തമായ തെളിവുകള്‍ നല്‍കപ്പെട്ടിട്ടും അത് അവഗണിച്ചുകൊണ്ട് യുക്തിയോ ചിന്തയോ ഉപയോഗിക്കാതെ അഹങ്കാര പൂര്‍വം സത്യത്തെ നിഷേധിക്കുന്നവരുടെ ശിക്ഷകളെക്കുറിച്ചാണ് ജബ്ബാര്‍ മാഷ് സൂചിപ്പിച്ചത്. ഈ സൂക്തങ്ങള്‍ പോലും നിഷേധിക്കാനുള്ള തെളിവാക്കുന്നവരുടെ കാര്യം കഷ്ടം തന്നെ.
---------------
ഇവിടെ രണ്ടു സൂക്തങ്ങളിലും طَعَامٌ ഭക്ഷണം എന്ന വാക്കു തന്നെയാണുള്ളത്. എന്നിട്ടും ലതീഫ് പറയുന്നത് ഒന്നു കട്ടിയാഹാരവും മറ്റേതു പാനീയവുമാണെന്നാണ്! നരകവാസികളുടെ ചോരയും ചലവും വിസര്‍ജ്ജ്യങ്ങളുമല്ലാതെ മറ്റൊന്നും ആഹാരമായി കിട്ടില്ല എന്നൊരിടത്തും ضَرِيعല്‍നിന്നല്ലാതെ [ മക്കയിലെ റോഡരികില്‍ വളരുന്ന ഒരു തരം വിഷവൃക്ഷത്തിന്റെ കയ്പ്പുള്ള മുള്ളന്‍ പഴം] മറ്റൊന്നും തിന്നാന്‍ തരില്ലെന്നു മറ്റൊരിടത്തും
ٱلزَّقُّومِ [അറേബ്യന്‍ മരുഭൂമിയില്‍ ചെയ്താന്‍ തല പോലെ കാണപ്പെട്ടിരുന്ന ഒരു മരം] വൃക്ഷത്തില്‍ നിന്നല്ലാതെ തിന്നാനുണ്ടാവില്ല എന്നു വേറൊരു സ്ഥലത്തും പറയുന്നതില്‍ വ്യക്തവും പ്രകടവുമായ വൈരുദ്ധ്യം കാണാം. ഏതു മന്ദബുദ്ധിക്കും ഇതു വൈരുദ്ധ്യമാണെന്നു ബോധ്യപ്പെടും.
മൌദൂദി ഇവിടെ അദ്ദേഹത്തിന്റെ
ഊഹം മാത്രമാണ് അവതരിപ്പിക്കുന്നത്.
അതിന്റെ താല്‍പര്യം ഇതാകാം: നരകത്തില്‍ പല ക്ളാസുകളുണ്ട്. വിവിധ കുറ്റവാളികളെ അവരുടെ കുറ്റങ്ങളുടെ ഗൌരവമനുസരിച്ച് നരകത്തിന്റെ വ്യത്യസ്ത ക്ളാസുകളിലാണ് തള്ളുക. അവര്‍ക്ക് നല്‍കപ്പെടുന്നത് വ്യത്യസ്ത ദണ്ഡനങ്ങളുമായിരിക്കും. താല്‍പര്യം ഇങ്ങനെയുമാകാവുന്നതാണ്: അവര്‍ സഖൂം തീറ്റയില്‍നിന്നു രക്ഷപ്പെട്ടാല്‍ ദുര്‍നീരായിരിക്കും കിട്ടുക. അതില്‍നിന്നും രക്ഷപ്പെട്ടാല്‍ മുള്ളു നിറഞ്ഞ ഉണക്കപ്പുല്ലല്ലാതൊന്നും കിട്ടുകയില്ല. അഭിലഷണീയമായ ഒരു ഭക്ഷണവും ഏതായാലും ലഭിക്കുകയില്ല.' (Thafheemul Quran 88:6)കുര്‍ ആനില്‍ പറഞ്ഞതിന്റെ അര്‍ത്ഥം തോന്നുമ്പോലെ മൌദൂദിക്കും ലതീഫിനുമൊക്കെ ഊഹിക്കാം. ഞാന്‍ ചരിത്ര വസ്തുതകളുടെ പിന്‍ബലത്തില്‍ ഊഹിച്ചു പറഞ്ഞത് വലിയ ക്രിമിനല്‍ കുറ്റമാണെന്നു വാദിച്ചവര്‍ ഈ ഊഹത്തെകുറിച്ചെന്തു പറയുന്നു?
ഇവിടെ ദൈവത്തിന്റെ തെറ്റു തിരുത്താന്‍ ഊഹത്തെ ആശ്രയിക്കേണ്ടി വന്ന ഗതികേടിനെകുറിച്ചെന്തു പറയുന്നു?വൈരുദ്ധ്യമില്ലായ്മ ദൈവീകതയ്ക്കു ദൃഷ്ടാന്തമായി അവതരിപ്പിക്കുന്ന ലതീഫ് സ്വന്തം ലൊട്ടു ലൊടുക്കു വ്യാഖ്യാനം കൊണ്ട് വൈരുദ്ധ്യം വൈരുദ്ധ്യമല്ല എന്നങ്ങു പ്രഖ്യാപിച്ചു കൊണ്ടാണ് ദൈവത്തിന്റെ രക്ഷക്കെത്തുന്നത്. ഇതാണു വിശ്വാസികളുടെ ഒരു രീതി. തങ്ങള്‍ അള്ളിപ്പിടിച്ചിരിക്കുന്ന മൂഡ വിശ്വാസത്തെ എങ്ങനെയെങ്കിലും സ്ഥാപിച്ചെടുക്കാനല്ലാതെ അതിലെ അശാസ്ത്രീയതയോ വിരോധാഭാസമോ എത്ര പ്രകടമായി കണ്ടാലും വിശ്വാസം വിടാന്‍ അവര്‍ ഒരുക്കമല്ല.
ആറാം നൂറ്റാണ്ടില്‍ ഉണ്ടാക്കി വെച്ച കുട്ടിച്ചെരുപ്പിനു പാകമാക്കാന്‍ അവര്‍ ഇരുപത്തൊന്നാം നൂറ്റാണ്ടിലെ പെരുംകാല്‍ ചെത്തിച്ചെറുതാക്കുകയാണ്. !!ഇനി കുര്‍ ആനിലെ മറ്റൊരു വൈരുദ്ധ്യം മൌദൂദിയും കൂട്ടരും എങ്ങനെ ഒപ്പിച്ചെടുത്തു എന്നതിനുള്ള ഒരു ഉദാഹരണം പഴയ ഒരു പോസ്റ്റില്‍ നിന്നും ഉദ്ധരിക്കാം :-
പ്രപഞ്ചസൃഷ്ടിക്കു മൊത്തം ആറു ദിവസം എടുത്തു എന്നാണ് ഖുര്‍ ആന്‍ ആവര്‍ത്തിച്ചു പ്രസ്താവിക്കുന്നത്. (50:38,25:59,32:4) എന്നാല്‍ വിശദാംശങ്ങള്‍ വിവരിക്കവെ അത് എട്ടു ദിവസമായി വര്‍ദ്ധിക്കുന്ന വൈരുദ്ധ്യവും കാണാം. ഭൂമിയുണ്ടാക്കിയത് രണ്ടു ദിവസം കൊണ്ടാണെന്നും (41:9) അതില്‍ മലകള്‍ സ്ഥാപിക്കുന്നതിനും ആഹാരവസ്തുക്കള്‍ നിറച്ച് സമൃദ്ധി വരുത്തുന്നതിനും നാലു ദിവസം വേണ്ടി വന്നു എന്നും(41:10) ഖുര്‍ ആന്‍ വിശദമാക്കുന്നു. പിന്നെ അവന്‍ ആകാശത്തിനു നേരെ തിരിയുകയും (41:11) രണ്ടു ദിവസങ്ങളിലായി ആകാശത്തിന്റെ കാര്യം പൂര്‍ത്തിയാക്കുകയുമാണുണ്ടായത്.(41:12)
സൃഷ്ടിവിവരണത്തിലെ ഈ പൊരുത്തക്കേടും വൈരുദ്ധ്യവും ഖുര്‍ ആന്‍ വ്യാഖ്യാതാക്കളിലുണ്ടാക്കിയ ആശയക്കുഴപ്പം മൌദൂദി തന്നെ വിവരിക്കുന്നതു കാണുക:
“ഇവിടെ മുഫസ്സിറുകള്‍ പൊതുവില്‍ ഒരു സങ്കീര്‍ണ്ണതയെ അഭിമുഖീകരിക്കുന്നു. എന്തെന്നാല്‍ ഭൂമിയുടെ സൃഷ്ടിക്ക് രണ്ടു ദിവസം , അതില്‍ പര്‍വ്വതങ്ങളുറപ്പിക്കാനും അനുഗ്രഹങ്ങളും ആഹാരവിഭവങ്ങളും ഒരുക്കാനും നാലു ദിവസം. ഇത് അംഗീകരിച്ചാല്‍ ഇനി വരുന്ന ആകാശത്തിന്റെ സൃഷ്ടിക്ക് രണ്ടു ദിനം എന്ന പരാമര്‍ശം കൂടി പരിഗണിക്കുമ്പോള്‍ ആകെ സൃഷ്ടിനാളുകള്‍ എട്ടാകുന്നു. എന്നാലോ, ആകാശഭൂമികളുടെ സൃഷ്ടി ആറു നാളുകളിലാണെന്നു ഖുര്‍ ആന്‍ പലയിടത്തും വ്യക്തമായി പ്രസ്താവിച്ചിട്ടുണ്ടുതാനും. അതിനാല്‍ ഈ നാലു ദനം ഭൂമിയുടെ സൃഷ്ടിക്കുള്ള രണ്ടു ദിവസവുംകൂടി അടങ്ങിയതാണെന്ന് ഏതാണ്ട് എല്ലാ വ്യാഖ്യാതാക്കളും അഭിപ്രായപ്പെടുന്നു. അതായത് രണ്ടു ദിനം ഭൂമിയുടെ സൃഷ്ടിക്കും രണ്ടു ദിനം മുകളില്‍ പറഞ്ഞ മറ്റു കാര്യങ്ങളുണ്ടാക്കാനും. ഇതു പ്രകാരം ഭൂമിയുടെ സൃഷ്ടി നാലു നാളുകൊണ്ട് അതിലെ സകല വസ്തുക്കളോടും കൂടി പൂര്‍ത്തിയായി. പക്ഷെ ഇതു ഖുര്‍ ആനിലെ പദങ്ങളില്‍നിന്നു പ്രത്യക്ഷമാകുന്നതിനെതിരാണ്. പ്രശ്നം പരിഹരിക്കാന്‍ ഇത്തരം വ്യാഖ്യാനങ്ങള്‍ ആവശ്യമാണെന്ന് അവര്‍ക്കു തോന്നുന്ന സങ്കീര്‍ണ്ണത തന്നെ കേവലം ഭാവനാസ്പദമാണെന്നതാണു യാഥാര്‍ത്ഥ്യം. ഭൂമിയുടെ സൃഷ്ടിക്കെടുത്ത രണ്ടു ദിവസംതന്നെ പ്രപഞ്ചസമുച്ചയത്തിന്റെ സൃഷ്ടിക്കെടുത്ത ആറു ദിവസങ്ങളില്‍നിന്ന് അന്യമല്ല എന്നതാണു വസ്തുത. ഇനി വരുന്ന സൂക്തങ്ങള്‍ പരിശോധിച്ചുനോക്കുക. അവയില്‍ ആകാശത്തിന്റെയും ഭൂമിയുടെയും സൃഷ്ടിയെ ഒരുമിച്ചു പരാമര്‍ശിച്ചിരിക്കുന്നു. പിന്നെ അല്ലാഹു രണ്ടു ദിനം കൊണ്ട് ഏഴാകാശങ്ങളെ സൃഷ്ടിച്ചുവെന്നു പറഞ്ഞിരിക്കുന്നു. ഈ ഏഴാകാശംകൊണ്ടു വിവക്ഷ മുഴുവന്‍ പ്രപഞ്ചം തന്നെയാണ്. അതിന്റെ ഒരു ഭാഗം തന്നെയാണു നമ്മുടെ ഭൂമിയും. അനന്തരം പ്രപഞ്ചത്തിലെ കണക്കറ്റ ഗോളങ്ങളെപ്പോലെ ഈ ഭൂമിയും രണ്ടു നാള്‍ കൊണ്ട് ഒരു ഒറ്റപ്പെട്ട ഗോളത്തിന്റെ സ്വഭാവം സ്വീകരിച്ചപ്പോള്‍ അലാഹു അതിനെ സചേതനസൃഷ്ടിക്കുവേണ്ടി സജ്ജമാക്കാന്‍ തുടങ്ങി. നാലു നാളു കൊണ്ട് ഉപര്യുക്ത സൂക്തത്തില്‍ പറഞ്ഞ സകല സാധന സാമഗ്രികളും അതില്‍ ഉണ്ടാക്കിവെച്ചു. “ (തഫ് ഹീമുല്‍ ഖുര്‍ ആന്‍ . വാള്യം 4. പേജ് 409)
6 ദിവസം കൊണ്ട് പ്രപഞ്ചനിര്‍മ്മാണം പൂര്‍ത്തിയാക്കിയ ദൈവം തന്റെ സൃഷ്ടികര്‍മ്മത്തിന്റെ വിശദാംശങ്ങള്‍ വിവരിച്ചു വന്നപ്പോള്‍ മൊത്തം 8 ദിവസങ്ങളായി എന്നതാണു മുഫസ്സിറുകളെ കുഴപ്പത്തിലാക്കിയത്. ഈ വൈരുദ്ധ്യം പരിഹരിക്കാന്‍ ഖുര്‍ ആന്‍ പണ്ഡിതന്മാര്‍ ഇതു വരെയും സ്വീകരിച്ചു വന്ന വ്യാഖ്യാനങ്ങളെ അട്ടി മറിച്ചുകൊണ്ട് മൌദൂദി ഇവിടെ ഒരു പുതിയ സൂത്രം കണ്ടു പിടിച്ചിരിക്കുകയാണ്. ഭൂമി സൃഷ്ടിക്കാനെടുത്ത രണ്ടു ദിവസവും അതില്‍ വിഭവങ്ങളൊരുക്കാന്‍ ചെലവഴിച്ച നാലു ദിവസവും വെവ്വേറെ എണ്ണേണ്ടതില്ല എന്ന നിലപാടായിരുന്നു പൊതുവെ പണ്ഡിതന്മാര്‍ സ്വീകരിച്ചു വന്നത്. എന്നാല്‍ ഭൂമിയെ ആകാശത്തിന്റെ ഭാഗമാക്കി ആധുനിക ശാസ്ത്രത്തോട് യോജിപ്പിക്കാമെന്നു കണക്കുകൂട്ടിയ മൌദൂദിക്ക് അതിലും വലിയ അബദ്ധമാണു സംഭവിച്ചത്.
അനന്തവിശാലമായ ഈ പ്രപഞ്ചം മുഴുവന്‍ സംവിധാനിക്കാന്‍ രണ്ടു ദിവസം കൊണ്ടു സാധ്യമായ അല്ലാഹുവിന് ഭൂമിയിലെ മനുഷ്യര്‍ക്ക് ആഹാരമൊരുക്കാന്‍ മാത്രം നാലു ദിവസം പണിയെടുക്കേണ്ടി വന്നു എന്ന മഹാവൈരുദ്ധ്യം അദ്ദേഹം കാണാതെ പോയി! ”
----
വിശ്വാസം ശരിയെന്നങ്ങ് ഉറപ്പിച്ച ശേഷം അതിനൊപ്പിച്ചു മറ്റെല്ലാം വളച്ചു മറിക്കുന്ന അന്ധവിശ്വാസികളോട് ആശയ പരമായ സംവാദം നടത്തുന്നത് പാഴ്വേലയാണെന്നു ഞാന്‍ മുമ്പേ മനസ്സിലാക്കിയ കാര്യമാണ്. എങ്കിലും ഇത്തരം മൂഡവിശ്വാസികള്‍ക്കിടയില്‍ ജീവിക്കുന്ന മറ്റൊരു വിഭാഗമുണ്ട്. എണ്ണത്തില്‍ ന്യൂനപക്ഷമാണെങ്കിലും
ചിന്താശീലരും സംശയാലുക്കളുമായ അത്തരക്കാര്‍ക്കു പ്രയോജനപ്പെടും എന്നതിനാല്‍ മാത്രമാണു സംവാദങ്ങള്‍ തുടരുന്നത്.