Saturday, March 26, 2011

നന്മയുടെ ഒരു വിളക്കു കൂടി അണഞ്ഞു !




'അപ്പു ഇപ്പോള്‍ പ്രലോഭനങ്ങളും ദൌര്‍ബല്യങ്ങളും നിറഞ്ഞ ഒരു ലോകത്തിലേക്ക് കാലുകുത്തുകയാണ്. രോഗികളുടെ ദീനരോദനങ്ങളില്‍ നിന്നും ലാഭം കൊയ്യാതിരിക്കുക'....... എംബിബിഎസ് നേടിയതറിഞ്ഞപ്പോള്‍ ഡോ. പി കെ ആര്‍ വാര്യര്‍ക്ക് അദ്ദേഹത്തിന്റെ അച്ഛന്‍ എഴുതിയ കത്തിലെ വരികളാണിത്. സമാന സ്വഭാവം തന്നെയായിരുന്നു അമ്മയുടെ കത്തിനും. അതിങ്ങനെയായിരുന്നു 'അപ്പു ഇന്ന് അച്ഛന്റെ പാരമ്പര്യം ഏറ്റെടുക്കുകയാണ്. ആ മഹാന്‍ എക്കാലവും പുലര്‍ത്തിപ്പോന്ന ധാര്‍മികമൂല്യം ഏറ്റെടുത്ത് പതറാതെ മുന്നേറുക.' ജീവിതാന്ത്യം വരെ ഡോ. പി കെ ആര്‍ വാര്യര്‍ കാത്തുസുക്ഷിച്ച വാക്കുകള്‍ ഇവയായിരുന്നു. ഇന്ത്യയിലെ തന്നെ മികച്ച തൊറാസിക് സര്‍ജന്‍മാരില്‍ ഒരാളായ അദ്ദേഹത്തിന് ജീവിതത്തില്‍ മാര്‍ഗദര്‍ശനം നല്‍കിയത് ഈ വാക്കുകളും പിതാവിന്റെ ആദര്‍ശനിഷ്ഠമായ പ്രവൃത്തികളുമായിരുന്നു. ജീവിതത്തില്‍ കൂടുതല്‍ സമയവും അദ്ദേഹം പാവപ്പെട്ട രോഗികളോടൊപ്പം ചെലവഴിച്ചു. അതിനദ്ദേഹം കണ്ടെത്തിയ വഴി സര്‍ക്കാര്‍ ആശുപത്രികളില്‍ മാത്രം ജോലിചെയ്യുക എന്നതായിരുന്നു. ആതുരസേവനജീവിതത്തിന്റെ സിംഹഭാഗവും സര്‍ക്കാര്‍ സര്‍വീസില്‍ കഴിച്ചു കൂട്ടി. സ്വകാര്യ പ്രാക്ടീസ് പൂര്‍ണമായും ഒഴിവാക്കി. സഹോദരി ജാനകിയോടൊപ്പമാണ് വാര്യര്‍ ചെറുപ്പത്തില്‍ കോഗ്രസ് സമ്മേളനത്തിനും മറ്റും പോയിരുന്നത്. മെഡിക്കല്‍ വിദ്യാഭ്യാസരംഗത്തെത്തുമ്പോഴേക്കും അത് ഇടതുപക്ഷരാഷ്ട്രീയത്തിലേക്ക് വഴിമാറി. മദിരാശി മെഡിക്കല്‍ കോളേജിലെ സഹപാഠികളാണ് വാര്യരിലെ കമ്യൂണിസ്റ്റുകാരനെ ഉണര്‍ത്തിയത്. പില്‍ക്കാലത്ത്് സിപിഐ എം പൊളിറ്റ് ബ്യൂറോ അംഗമായ പി രാമചന്ദ്രനോടൊത്ത് വിദ്യാര്‍ഥി ഫെഡറേഷന്‍ ഓഫീസിലായിരുന്നു മെഡിക്കല്‍ വിദ്യാഭ്യാസത്തിന്റെ അവസാനകാലങ്ങളില്‍ താമസം. അക്കാലത്തെ സഹപാഠിയും വിദ്യാര്‍ഥി ഫെഡറേഷനില്‍ സഹപ്രവര്‍ത്തകയുമായിരുന്ന ദേവകി വാര്യരാണ് പിന്നീട് വാര്യരുടെ ജീവിതസഖിയായത്. പ്രത്യയശാസ്ത്രനിബദ്ധമായിരുന്നു വാര്യരുടെ ജീവിതം. ജീവിതത്തില്‍ മുഴുവന്‍ താന്‍ വിശ്വസിച്ചുപോന്ന തത്വസംഹിതകള്‍ അനുസരിച്ചു പ്രവര്‍ത്തിക്കാന്‍ അദ്ദേഹം ശ്രദ്ധിച്ചു. മക്കളുടെ വിവാഹകാര്യമായാലും പിതാവിന്റെയും മാതാവിന്റെയും മരണാനന്തരചടങ്ങായായാലും ഒക്കെ ഈ കണിശത അദ്ദേഹത്തിന്റെ പ്രവൃത്തികളില്‍ ദര്‍ശിക്കാന്‍ കേരളത്തിന് കഴിഞ്ഞു. ആര്‍ഭാടങ്ങള്‍ ഒഴിവാക്കിയുള്ള മക്കളുടെ വിവാഹവും, മക്കള്‍ക്ക് സ്കൂളിലും മറ്റും ജാതിയോ മതമോ ചേര്‍ക്കാതിരുന്നതും അദ്ദേഹത്തിന്റെ നിര്‍ബന്ധബുദ്ധിയുടെ ഉദാഹരണങ്ങളായിരുന്നു. ഇക്കാര്യങ്ങളിലൊക്കെയും അദ്ദേഹത്തെ നയിച്ചത് പിതാവിന്റെ ജീവിതം തന്നെയായിരുന്നു. വാര്യരുടെ ജീവിതത്തിലെ നന്മകളുടെ നേര്‍പതിപ്പു തന്നെയായിരുന്നു ഭാര്യ ദേവകി വാര്യര്‍. സാമൂഹ്യ പരിഷ്കരണപ്രസ്ഥാനത്തിന്റെ മുന്നണിപ്പോരാളിയായിരുന്ന ആര്യാ പള്ളത്തിന്റെ മകളായിരുന്നു ദേവകി. സിപിഐ എമ്മിന്റെയും പുരോഗമന മഹിളാ പ്രസ്ഥാനത്തിന്റെയും നേതാക്കളിലൊരാളായി ഉയര്‍ന്ന അവര്‍ വൈദ്യവിദ്യാഭ്യാസം പാതി വഴിയില്‍ ഉപേക്ഷിച്ചു. മഹിളാ പ്രസ്ഥാനത്തിന്റെ സംസ്ഥാന പ്രസിഡന്റ് സ്ഥാനം വരെയെത്തിയ അവര്‍ തിരുവനന്തപുരം കോര്‍പറേഷന്‍ കൌസിലറുമായിരുന്നു. പട്ടാമ്പി മണ്ഡലത്തില്‍ നിന്നും അവര്‍ നിയമസഭയിലേക്കും മല്‍സരിച്ചു. വാര്യര്‍ ഡോക്ടര്‍ മണിപ്പാലില്‍ പ്രവര്‍ത്തിക്കുമ്പോള്‍ ദേവകി വാര്യര്‍ മഹിളാപ്രസ്ഥാനത്തിന്റെ കര്‍ണാടക സംസ്ഥാന പ്രസിഡന്റ് ആയും പ്രവര്‍ത്തിച്ചു.
...........
കേരളത്തിന്റെ ജനകീയ ഡോക്ടര്‍ പി കെ ആര്‍ വാര്യരുടെ കണ്ണുകളാണ് ഒരു അന്ധന് വെളിച്ചമേകുക. തന്റെ മരണാനന്തരം ചെയ്യേണ്ട കാര്യങ്ങളും വ്യക്തമായി എഴുതി മക്കളെ ഏല്‍പ്പിച്ചശേഷമാണ് അദ്ദേഹം ശനിയാഴ്ച വിടപറഞ്ഞത്. കണ്ണും ഹൃദയവും ദാനംചെയ്യണമെന്ന് അദ്ദേഹം ആഗ്രഹിച്ചിരുന്നു. തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ഡോക്ടര്‍മാര്‍ അദ്ദേഹത്തിന്റെ കണ്ണുകള്‍ ഏറ്റുവാങ്ങി. മരണശേഷം കഴിയുമെങ്കില്‍ ഒരു മണിക്കൂറിനകം സംസ്കാരം നടത്തണമെന്നും അദ്ദേഹം ആവശ്യപ്പെട്ടിരുന്നു. എന്നാല്‍, ഭൌതികശരീരം അവസാനമായി ഒരുനോക്ക് കാണണമെന്ന അടുത്ത ചില ബന്ധുക്കളുടെ ആഗ്രഹത്തിനുമുന്നില്‍ കുടുംബാംഗങ്ങള്‍ കീഴടങ്ങി. ഒറ്റപ്പാലത്തുനിന്ന് അവര്‍ എത്തിയശേഷം രാത്രിയിലായിരുന്നു സംസ്കാരം. ആദരാഞ്ജലി അര്‍പ്പിക്കാനെത്തുന്നവര്‍ പുഷ്പചക്രം അടക്കമുള്ള ഉപചാരം ഒഴിവാക്കണമെന്ന അദ്ദേഹത്തിന്റെ നിര്‍ദേശവും പാലിക്കപ്പെട്ടു. [ദേശാഭിമാനി]

ലോകസ്ഭാസീറ്റോ രാജ്യസഭാസീറ്റോ തരാതെ തന്നെ അവഗണിച്ചു എന്നു കാരണം പറഞ്ഞ് രാഷ്ട്രീയാദര്‍ശം ഇടത്തു നിന്നു വലത്തോട്ടു മാറ്റുന്ന സിന്ധു ജോയിമാര്‍ക്ക് [പുതിയ തലമുറയുടെ പ്രതീകമാണു സിന്ധു എന്ന ഉമ്മന്‍ ചാണ്ടിയുടെ അഭിപ്രായം ശരിയാണ്] ചിന്തിക്കാനാവുമോ ഇങ്ങനെയും മനുഷ്യരുണ്ടെന്ന കാര്യം?

Saturday, March 12, 2011

ദയാവധം അധാര്‍മ്മികമോ?

അരുണ ഷാന്‍ബാഗ് എന്ന സ്ത്രീയുടെ ദുരവസ്ഥ നാം വായിച്ചറിഞ്ഞതാണ്. കേവലം ഒരു ജീവത്തുടിപ്പു മാത്രമായി അവര്‍ നിരവധി വര്‍ഷങ്ങളായി ആശുപത്രിയിലെ കൃത്രിമക്കുഴലുകളുടെ സഹായത്തോടെ “ജീവിക്കുന്നു”. ഒരു ബലാത്സംഗത്തിന്റെ ഇരയാണവര്‍. അവരെ മരണത്തിനു വിട്ടു കൊടുത്തുകൊണ്ട് കൃത്രിമ ജീവിതത്തിന്റെ തടവില്‍ നിന്നും മോചിപ്പിക്കാനായി സാമൂഹ്യപ്രവര്‍ത്തകയായ പിങ്കി വിരാനി നടത്തിയ നിയമപ്പോരാട്ടത്തിനു വിരാമമിട്ടുകൊണ്ട് സുപ്രീം കോടതി വിധി വന്നു. ദയാ വധം പാടില്ല, എന്നാല്‍ സ്വാഭാവിക മരണത്തിനു വിട്ടുകൊണ്ട് ഡോക്ടര്‍മാര്‍ക്ക് അവരെ കൃത്രിമ ജീവിതത്തില്‍ നിന്നും മോചിപ്പിക്കാം. ഇതാണു വിധിയുടെ സാരം.
ഈ വിധി പുറത്തു വന്നതോടെ സ്വാഭാവികമായും ദൈവത്തിന്റെ വക്കീലന്മാര്‍ എതിര്‍പ്പുമായി രംഗത്തു വന്നു. മാധ്യമം പത്രം മുഖപ്രസംഗവും തുടരെ ലേഖനങ്ങളും പ്രസിദ്ധീകരിച്ചു കൊണ്ട് ദൈവത്തിന്റെ വക്കാലത്തുമായി വന്നിരിക്കുന്നു. മുഖപ്രസംഗകാരന്റെ വേവലാതിക്ക് ഒരു ഉദാഹരണം നോക്കുക:-
“....പ്രത്യക്ഷത്തില്‍ ന്യായവും മാനുഷികവുമായ ആവശ്യമെന്ന് തോന്നാമെങ്കിലും വളരെയേറെ ദുര്‍വിനിയോഗം ചെയ്യപ്പെടാന്‍ സാധ്യതയുണ്ട് എന്നതാണ് ദയാവധം വ്യാപകമായി എതിര്‍ക്കപ്പെടാന്‍ കാരണം. ജീവന്‍ സ്രഷ്ടാവിന്റെ വരദാനമാണ്, അതെടുത്തുകളയാനുള്ള അധികാരവും അവന് മാത്രമാണ് എന്ന മതതത്ത്വത്തില്‍ വിശ്വസിക്കാത്തവരും ദുര്‍വിനിയോഗസാധ്യതയാണ് ദയാവധം അനുവദിക്കുന്നതിന് തടസ്സമായി കാണുന്നത്.”
ഇവിടെ അരുണ എന്ന സ്ത്രീയുടെ ജീവന്‍ ദൈവത്തിന്റെ വരമാണോ? അതോ വൈദ്യശാസ്ത്രത്തിന്റെ മാത്രം വരദാനമാണോ? ദൈവത്തിന്റെ വരമാണെങ്കില്‍ ആശുപത്രിയിലെ കൃത്രിമക്കുഴലുകള്‍ മാറ്റുന്നതോടെ അവര്‍ മരിക്കുന്നതെങ്ങനെ? ദൈവത്തിനു തന്റെ സര്‍വ്വശക്തിയുപയോഗിച്ച്‍ അവരുടെ ജീവന്‍ നിലനിര്‍ത്താമല്ലോ? എന്നാല്‍ സത്യമെന്താണ്? ദൈവം ഇവിടെ നിസ്സഹായനാണെന്നതല്ലേ വാസ്തവം? ശാസ്ത്രം ഇത്തരം കൃത്രിമമാര്‍ഗ്ഗങ്ങളിലൂടെ ജീവന്റെ തുടിപ്പു നിലനിര്‍ത്താമെന്നു കണ്ടു പിടിച്ചില്ലായിരുന്നെങ്കില്‍ ആ സ്ത്രീ ജീവിക്കുമായിരുന്നോ? അനാവശ്യമായി, രോഗിക്കോ മറ്റുള്ളവര്‍ക്കോ ഒരു പ്രയോജനവുമില്ലാതെ വേദനയും ക്ലേശങ്ങളും മാത്രം സമ്മാനിച്ചുകൊണ്ട് ഇങ്ങനെയൊരു ജീവന്‍ നിലനിര്‍ത്തുന്നതിനേക്കാള്‍ അവരെ സ്വാഭാവികമായി “ദൈവത്തിനു” വിട്ടുകൊടുത്തുകൊണ്ട് ദൈവീകക്കൊല നടത്തുന്നതല്ലേ ന്യായം ? അതല്ലേ ദയ ? അതല്ലേ കാരുണ്യം ? അതല്ലേ പുണ്യം? കോടതി അത്രയല്ലേ പറയുന്നുള്ളു.
ഇനി നിയമം ദുര്‍വിനിയോഗം ചെയ്യപ്പെടാനുള്ള സാധ്യതയുടെ പേരില്‍ ഈ നിയമത്തെ എതിര്‍ക്കുന്ന ഇസ്ലാമിസ്റ്റുകളോടു ചോദിക്കേണ്ട ചില ചോദ്യങ്ങള്‍ കൂടി ചൂണ്ടിക്കാണിക്കാം. ജീവന്‍ ദൈവം തന്നതായതിനാല്‍ മനുഷ്യര്‍ക്ക് അത് എടുക്കാന്‍ അവകാശമില്ല എന്നാണല്ലോ വാദം. ഇവിടെ ജീവന്‍ മനുഷ്യന്‍ എടുക്കുന്നില്ല, ദൈവത്തിനു വിട്ടു കൊടുക്കുകയാണു ചെയ്യുന്നത്. മനുഷ്യന്റെ ശാസ്ത്രത്തെ ആശ്രയിക്കാതെ ദൈവത്തിന് ആരോഗിയെ രക്ഷിക്കാനാവുമെങ്കില്‍ ആരും അതു തടയുന്നില്ല. മനുഷ്യന്‍ കൊല നടത്തുന്നില്ല. കൃത്രിമമായി മനുഷ്യന്‍ നിലനിര്‍ത്തിപ്പോന്ന ജീവദായക സങ്കേതങ്ങള്‍ പിന്‍ വലിച്ച് രോഗിയെ ദൈവത്തിനു വിട്ടു കൊടുക്കുകയും ദൈവം കൊല്ലുകയുമാണു ചെയ്യുന്നത്. അതവിടെ നില്‍ക്കട്ടേ. ഇനി മതം ചെയ്യുന്നതോ? വളരെ നിസ്സാരമായ കുറ്റത്തിനും കുറ്റമേയല്ലാത്ത കാര്യത്തിനും അതി നികൃഷ്ഠമായ രീതിയില്‍ മനുഷ്യന്റെ ജീവനെ ഹനിക്കാന്‍ മതം അനുമതി നല്‍കുന്നു. ദുരുപയോഗത്തെക്കുറിച്ചൊന്നും ഈ മത നിയമസ്രഷ്ടാക്കളോ സംരക്ഷകരോ വേവലാതി ഉയര്‍ത്തിക്കാണുന്നുമില്ല. ഒന്നുരണ്ടു ദാഹരണങ്ങള്‍ : 13 കാരിയായ ഒരു സൊമാലിയന്‍ ബാലിക ബലാത്സംഗത്തിനിരയായി ഗര്‍ഭിണിയായതിന്റെ പേരില്‍ നിരപരാധിയും ഇരയുമായ ആകുട്ടിയെ കുഴിയിലിട്ടു മൂടി കല്ലെറിഞ്ഞു കൊന്നത് ഇസ്ലാം നിയമമനുസരിച്ചായിരുന്നു. വ്യഭിചാരക്കുറ്റത്തിനു കല്ലെറിഞ്ഞു കൊല്ലല്‍ ശിക്ഷ വിധിച്ച ഈ ദൈവീക വാദികള്‍ എന്തേ ദുരുപയോഗ സാധ്യതയൊന്നും പരിഗണിക്കാതിരുന്നത്? ദൈവം തന്ന ജീവന്‍ നിസ്സാരമായ കാരണം പറഞ്ഞ് കല്ലെറിഞ്ഞു നശിപ്പിക്കുമ്പോള്‍ എന്തെ ജീവന്‍ ദൈവത്തിന്റെ വരദാനമാണെന്നും അതെടുക്കാന്‍ മനുഷ്യര്‍ക്കവകാശമില്ലെന്നുമുള്ള സിദ്ധാന്തം പൊന്തിവന്നില്ല?
പൈപ്പില്‍ നിന്നും വെള്ളമെടുക്കാന്‍ വന്ന സ്ത്രീകള്‍ തമ്മില്‍ നടന്ന ഒരു നാടന്‍ വഴക്കിനിടെ ഒരു ക്രിസ്ത്യന്‍ സ്ത്രീ എന്തോ പറഞ്ഞതിനാണു മതനിന്ദാ കുറ്റം ചുമത്തി പാക് കോടതി ആ സ്ത്രീക്കു വധശിക്ഷ വിധിച്ചത്. തിരിച്ചറിയല്‍ കാര്‍ഡ് നിലത്തെറിഞ്ഞതിനാണു മറ്റൊരാളെ പാക് കോടതി ഈ നിയമത്തില്‍ കുടുക്കി കൊല്ലാന്‍ വിധിച്ചത് !ഈ സാഹ്ചര്യ്ത്തില്‍ ദുരുപയോഗ സാധ്യത ചൂണ്ടിക്കാട്ടി മതനിന്ദാ നിയമം പരിഷ്കരിക്കണമെന്നു വാദിച്ചതിനാണു പാകിസ്താനിലെ പ്രവിശ്യാഗവര്‍ണറെയും ഒരു മന്ത്രിയേയും ഇസ്ലാമിന്റെ സംരക്ഷകര്‍ കൊലപ്പെടുത്തിയത്? ദൈവത്തിന്റെ വരദാനമായ ജീവന്‍ ഈ വിധം പന്താടപ്പെടുമ്പോഴൊന്നും ഉയര്‍ന്നു വരാത്ത ധാര്‍മ്മിക രോഷം ശൈഖ് മുഹമ്മദിനെപ്പോലുള്ളവര്‍ക്ക് ദയാവധത്തിന്റെ കാര്യത്തില്‍ മാത്രം ഉയര്‍ന്നു വരുന്നതിന്റെ യുക്തിയെന്ത്?
ശെയ്ഖ് മുഹമ്മദിന്റെ ലേഖനത്തില്‍ നിന്ന്:-
“ദൈവമാണ് ആത്മാവോടുകൂടി മനുഷ്യനെ സൃഷ്ടിച്ചത്. അതിനാല്‍, ശരീരത്തില്‍നിന്ന് ആത്മാവിനെ വേര്‍െപടുത്താന്‍ മനുഷ്യന് അധികാരമില്ല.
ശരീരത്തിന് ചലനവും ബോധവുമില്ലാത്ത രോഗിയുടെ ആത്മീയാവസ്ഥ എന്തെന്ന് കണ്ടെത്താന്‍ ഡോക്ടര്‍മാര്‍ക്കോ ന്യായാധിപന്മാര്‍ക്കോ സാധ്യമല്ല. ശാരീരികാവസ്ഥയെക്കാള്‍ മഹത്തരമാണ് ആത്മീയാനുഭവമെന്നിരിക്കെ അതിനറുതി വരുത്താന്‍ ആര്‍ക്കാണ് അവകാശമുള്ളത്. ബോധമറ്റ് വര്‍ഷങ്ങളോളം രോഗശയ്യയില്‍ കഴിയുന്നവരൊക്കെയും ദുഃഖിതരാണെന്ന് വിധിയെഴുതുന്നത് ന്യായമേ അല്ല.”
ശരീരത്തില്‍ നിന്നും ആത്മാവിനെ ദൈവം നേരത്തേ തട്ടിപ്പറിച്ചു കൊണ്ടു പോകുന്നതെന്തുകൊണ്ടാണ്? ഉറങ്ങുമ്പോള്‍ ആത്മാവ് അല്ലാഹു പിടിച്ചു വെക്കുന്നു എന്നാണല്ലോ ഇസ്ലാമിന്റെ സിദ്ധാന്തം. അപ്പോള്‍ മസ്തിഷ്കമരണം സംഭവിച്ചും പൂര്‍ണ അബോധാവസ്ഥയിലകപ്പെട്ടും കഴിയുന്നവരുടെ ആത്മാവ് അല്ലാഹു കീശയിലാക്കി പ്പോയതായിരിക്കുമല്ലോ? മുമ്പ് ഫ്ലോറിഡായില്‍ ഒരു സ്ത്രീ [ടെറി ഷിയാവോ] ഇതു പോലെ ഇരുപത്തഞ്ചു കൊല്ലം കോമായില്‍ കിടന്ന ശേഷം ദയാവധം ചെയ്യപ്പെട്ടു. അന്നും മതലോകം ഇതൊക്കെ പറഞ്ഞിരുന്നു. ജീവന്‍ തന്നെയാണോ ആത്മാവ്? അതോ ബോധാവസ്ഥയാണോ ആത്മാവ്? ശാസ്ത്രം ഇപ്പറഞ്ഞതൊന്നും അംഗീകരിക്കുന്നില്ല. മനുഷ്യന്റെ മസ്തിഷ്കം പ്രവര്‍ത്തനരഹിതമായാല്‍ പിന്നെ ആത്മാവുമില്ല, ഒരു മണ്ണാങ്കട്ടയുമില്ല. ശരീരം ഒരു തുടിപ്പുമായി കഴിയുന്നതുകൊണ്ട് ഒരു ജീവി എന്ന നിലയില്‍ മനുഷ്യന് ഒരു പ്രയോജനവും ഇല്ല. അത്തരം അവസ്ഥയില്‍ മരണത്തിനു വിട്ടു കൊടുക്കുകയെന്നതില്‍ ഒരു അനീതിയും കാണേണ്ടതില്ലെന്നു മാത്രമല്ല. അവരോടു ചെയ്യാവുന്ന ഏറ്റവും വലിയ കാരുണ്യയവും നീതിയും ദയാവധം തന്നെ !
MUSLIMS ARE THE VICTIMS OF 'ISLAM' !

30 വര്‍ഷത്തിലേറെക്കാലമായി ഒരു ലക്കം പോലും മുടങ്ങാതെ പ്രസിദ്ധീകരിക്കുന്നു

30 വര്‍ഷത്തിലേറെക്കാലമായി ഒരു ലക്കം പോലും മുടങ്ങാതെ പ്രസിദ്ധീകരിക്കുന്നു
ഏ വി ജോസ് , കുറ്റിപ്പുഴ നഗര്‍ , തൃശ്ശൂര്‍.