Tuesday, January 19, 2010

മരണത്തിലും മാതൃകയായി സഖാവ് ജ്യോതിബസു !


സമാനതകളില്ലാതെ ബസുവിന്റെ ശരീരദാനം
കൊല്‍ക്കത്ത: മെഡിക്കല്‍ വിദ്യാര്‍ഥികളുടെ പഠനമേശയില്‍ നാളെ നിശ്ചലമായി കിടക്കുമ്പോഴും ജ്യോതിബസുവെന്ന മനുഷ്യസ്നേഹിയുടെ മഹത്വമേറുകയാണ്. ശരീരദാനമെന്ന  പ്രായോഗികതയിലൂടെ ലോക കമ്യൂണിസ്റ്റ് നേതാക്കളെപ്പോലും   തോല്‍പിച്ചുകളഞ്ഞു അദ്ദേഹം. മാര്‍ക്സിസ്റ്റ് പ്രസ്ഥാനത്തിന്റെ സ്ഥാപകന്‍ കാള്‍ മാക്സിന്റെ ഭൌതിക ശരീരം സംസ്കരിച്ചപ്പോള്‍  മറ്റൊരാചാര്യന്‍ ലെനിന്റേത് എംബാം ചെയ്ത് മ്യൂസിയത്തില്‍  സൂക്ഷിക്കുകയാണ് ചെയ്തത്. ജോസഫ് സ്റ്റാലിന്റേതാവട്ടെ കുറച്ചുകാലം ലെനിനിനരികെയായിരുന്നെങ്കിലും പിന്നീട്  ചെറു വിപ്ലവ നേതാക്കള്‍ക്കരികെ സംസ്കരിച്ചു.
ചൈനയുടെ ഡെംഗ്  സിയോപിങിന്റെ അവയവങ്ങള്‍ ദാനം ചെയ്തെങ്കിലും ബാക്കി ശരീരം ദഹിപ്പിച്ച്  ചാരം  കടലില്‍ വിതറുകയായിരുന്നു. മറ്റൊരു ചൈനീസ് നേതാവായിരുന്ന ചൌ എന്‍ ലായിയുടേത് ദഹിപ്പിച്ചതിനുശേഷം അദ്ദേഹത്തിന്റെ ആഗ്രഹപ്രകാരം മലകള്‍ക്കു മുകളില്‍ വായുവില്‍ വിതറി. ഇന്ത്യയിലെ കമ്യൂണിസ്റ്റ് നേതാക്കളായ ഹര്‍കിഷന്‍ സിങ് സുര്‍ജിത്തിന്റെയും  ഇ.എം.എസ് നമ്പൂതിരിപ്പാടിന്റെയും ഭൌതിക ശരീരവും ദഹിപ്പിക്കുകയായിരുന്നു. എന്നാല്‍, ഇവരെയൊക്കെ മറികടന്ന്  വര്‍ഷങ്ങള്‍ക്കു മുമ്പുതന്നെ ബസു തന്റെ ശരീരം ഗവേഷണത്തിന് നല്‍കാന്‍  പ്രതിജ്ഞയെടുത്തിരുന്നു.  സി.പി.എം നേതാവും മുന്‍ ഭൂവകുപ്പ് മന്ത്രിയുമായ ബിനോയ് കൃഷ്ണ ചൌധരിയും  സി.പി.എം മുന്‍ സംസ്ഥാന സെക്രട്ടറി  അനില്‍ ബിശ്വാസും മരണശേഷം ശരീരം ദാനം ചെയ്തവരാണ്.
മാധ്യമം
-------
കേരളത്തിലെ കമ്യൂണിസ്റ്റുകാര്‍ ഈ മാതൃക പിന്തുടരുമോ?
മരണം വിവാഹം തുടങ്ങിയ വ്യക്തികാര്യങ്ങള്‍ക്ക് ജാതി മത ഇതരമായ ബദല്‍ സംവിധാനങ്ങള്‍ ശക്തിപ്പെടുത്തുന്നതില്‍ കേരളത്തിലെ ഇടതു പക്ഷക്കാര്‍ കാണിച്ച സാംസ്കാരിക അമാന്തം തന്നെയാണിവിടെ ഇന്നും ജാതി മത ശക്തികള്‍ക്ക് കയ്യൂക്കു നല്‍കുന്നത്. ഇക്കാര്യത്തില്‍ ബംഗാളിലെ പാര്‍ട്ടിയുടെ മാതൃക അനുകരണീയം തന്നെ. അവിടെ ഒരു ലക്ഷത്തില്‍ പരം പാര്‍ട്ടി കേഡര്‍മാര്‍ ശരീരവും കണ്ണും ദാനം ചെയ്തതായി പ്രഖ്യാപിച്ചിട്ടുണ്ട്.

Saturday, January 16, 2010

ജപ്പാന്‍ കാരുടെ ഭാഗ്യം അവിടെ കമ്യൂണിസ്റ്റുകളും മുസ്ലിംങ്ങളും ഇല്ല എന്നതാണ്.

“.....ചരിത്രബോധമുള്ള , മൂല്യങ്ങളെ ആദരിക്കുന്ന ഒരു തലമുറ ഇന്നില്ലാതായിരിക്കുന്നു. ഇന്ന് വൈകുന്നേരങ്ങളില്‍ ടി വി പരംബരകള്‍ക്കാണു സ്ഥാനം. നിലവിളക്കിനല്ല. നമ്മുടെ നല്ല ആചാരങ്ങളും പാരമ്പര്യമൂല്യങ്ങളും ജീവിതത്തില്‍ അനുഷ്ഠിക്കാന്‍ ശ്രമമുണ്ടാകണം. അടിസ്ഥാനം തകരുകയാണിന്ന്. ഹിന്ദു മതം ഒരു തുറന്ന മതമാണ്. അന്യമതവിദ്വേഷമല്ല. നമ്മുടെ മതത്തെ കുറിച്ചു ധാരണയുണ്ടാവണം. ബോധതലത്തില്‍ ഉയരാന്‍ കഴിയണം. മൂല്യങ്ങളെ കുറിച്ച് അറിവുണ്ടാകണം. മാധവിക്കുട്ടിയെപ്പോലും കബളിപ്പിക്കാന്‍ കഴിഞ്ഞ സാഹചര്യം വിലയിരുത്തപ്പെടണം.

സെമിറ്റിക് മതങ്ങളുടെ സ്വഭാവമാണ് ഇവാഞ്ചലൈസേഷന്‍ .മതപരിവര്‍ത്തനം നടത്തിയാലും അവിശ്വാസിയെ കൊന്നാലും സ്വര്‍ഗ്ഗം ലഭിക്കുമെന്ന വിശ്വാസം പ്രചരിപ്പിക്കപ്പെടുന്നു. ഇതാണു ജിഹാദ്. കേരളത്തിലെ മുസ്ലിം സമുദായം വളര്‍ന്നത് ഏറെയും മത പരിവര്‍ത്തനത്തിലൂടെയാണ്. 15-ആം നൂറ്റാണ്ടില്‍ സാമൂതിരിയെ മതപരിവര്‍ത്തനം ചെയ്യാന്‍ പേര്‍ഷ്യയില്‍നിന്ന് അബ്ദുല്‍ റസാഖ് എന്നയാള്‍ വന്നിരുന്നു. കോഴിക്കോടിനെ കുറിച്ച് വിശദമായ വിവരണം അദ്ദേഹത്തിന്റെ എഴുത്തിലുണ്ട്. 14,15 നൂറ്റാണ്ടില്‍ യമനില്‍ നിന്നും മലേഷ്യ ഇന്‍ഡോനേഷ്യ എന്നിവിടങ്ങളിലേയ്ക്ക് മതപരിവര്‍ത്തനത്തിന് ആളുകള്‍ വന്നു. ആ യാത്രയ്ക്കിടയില്‍ കേരളം വഴിയാണവര്‍ പോയത്. 15,16 നൂറ്റാണ്ടോടെ ആ രാജ്യങ്ങള്‍ പൂര്‍ണമായും ഇസ്ലാമീകരിക്കപ്പെട്ടു. അക്കാല‍ത്ത് കേരളത്തിലും ഇത്തരം ശ്രമങ്ങള്‍ നടന്നിരുന്നു. വിജയിച്ചില്ല. ഹിന്ദു സ്വാധീനമുണ്ടായിരുന്ന ചോള രാജ വാഴ്ച്ചയായിരുന്നു അന്നിവിടെ. ഇന്ത്യന്‍ സമൂഹത്തെ മുഴുവനായും മതപരിവര്‍ത്തനം നടത്താന്‍ കഴിയാതിരുന്നത് ഇവിടെ നില നിന്നിരുന്ന ജാതി അധിഷ്ഠിത സാമൂഹ്യ വ്യവസ്ഥകൊണ്ടായിരുന്നു. വളരെ ശക്തമായ സാമൂഹ്യ ബന്ധം ഇതിനുള്ളിലുണ്ടായിരുന്നു. ഇന്ന് അത്തരമൊരു ബന്ധം നിലനില്‍ക്കുന്നില്ല.

വിവാഹം സെക്യുലര്‍ ആയിരിക്കണം. ഈയടുത്ത് ഞാന്‍ ജപ്പാനില്‍ പോയിരുന്നു. അവിടെ ഒരേ വീട്ടില്‍ , ഒരേ കുടുംബത്തില്‍ തന്നെ വ്യത്യസ്ത മതവിശ്വാസികള്‍ കഴിയുന്നു. ഷിന്റോ, ബുദ്ധ, ക്രിസ്ത്യന്‍ വിശ്വാസികള്‍ . ജപ്പാന്‍ കാരുടെ ഭാഗ്യം അവിടെ കമ്യൂണിസ്റ്റുകളും മുസ്ലിംങ്ങളും ഇല്ല എന്നതാണ്. നിര്‍ബ്ബന്ധിത മതപരിവര്‍ത്തനം സ്വാതന്ത്ര്യത്തിലേക്കുള്ള കടന്നു കയറ്റമാണെന്നും അദ്ദേഹം പറഞ്ഞു. ”

ഇത് ഒരു സംഘ്പരിവാര്‍ വാരികയില്‍ അടുത്തായി വന്ന അഭിമുഖത്തില്‍ നിന്നും ഉദ്ധരിച്ചതാണ്. ആരുടെയാണ് ഈ വാക്കുകള്‍ എന്ന് ഊഹിച്ചു പറയാമോ?

Thursday, January 14, 2010

ഇസ്ലാമും സൂര്യഗ്രഹണവും.

ഇസ്ലാമും സൂര്യഗ്രഹണവും.




അബൂഹുറൈറ പറയുന്നു: ഒരിക്കല്‍ സൂര്യഗ്രഹണമുണ്ടായപ്പോള്‍ തിരുമേനി ഭയത്തോടെ എഴുന്നേറ്റു. അത് അന്ത്യപ്രളയമാണോ എന്നായിരുന്നു നബിയുടെ ഭയം. തിരുമേനി പള്ളിയില്‍ പ്രവേശച്ച് നിറുത്തവും റുകൂ ഉം സുജൂദും ദീര്‍ഘിപ്പിച്ചുകൊണ്ട് നമസ്കാരം നിര്‍വ്വഹിച്ചു. അത്രയും ദീര്‍ഘിപ്പിച്ചു നിസ്കരിക്കുന്നതു അതിനു മുമ്പ് ഞാന്‍ കണ്ടിട്ടില്ല. “ഇത് അല്ലാഹുവിന്റെ ദൃഷ്ടാന്തമാണ്. വല്ലവരുടെയും മരണമോ ജനനമോ മൂലം ഉണ്ടാകുന്ന ഒന്നല്ല. തന്റെ ദാസന്മാരെ ഭയപ്പെടുത്താന്‍ വേണ്ടി അല്ലാഹു നടപ്പില്‍ വരുത്തുന്ന ചില നടപടികള്‍ മാത്രമാണിത്. അങ്ങനെ വല്ലതും കണ്ടാല്‍ ഭയത്തോടെ ദൈവസ്മരണയിലേക്കും പ്രാര്‍ത്ഥനയിലേക്കും മടങ്ങുക. അവനോട് പാപമോചനത്തിനായി പ്രാര്‍ത്ഥിച്ചുകൊള്ളുക.”എന്നു തിരുമേനി ഉപദേശിക്കുകയും ചെയ്തു. [ബുഖാരി-547 -സി എന്‍ ]

സൂര്യനും ഭൂമിക്കുമിടയില്‍ ചന്ദ്രന്‍ വന്നു മറയുമ്പോള്‍ ഭൂമിയില്‍ ചിലയിടങ്ങളില്‍ നിഴല്‍ ഉണ്ടാകുന്നു. ഇതാണു സൂര്യഗ്രഹണം. അന്ധവിശ്വാസികളായ ചിലരൊഴിച്ച് ശാസ്ത്രബോധമുള്ളവരാരും ഇന്ന് ഇതിനെ ഭയപ്പെടുന്നില്ല.

പ്രപഞ്ചരഹസ്യങ്ങളെല്ലാം ദൈവം ജിബ്രീല്‍ മുഖേന തനിക്കറിയിച്ചു തരുന്നുവെന്നവകാശപ്പെട്ടിരുന്ന പ്രവാചകന്‍ സൂര്യ ഗ്രഹണത്തെ എങ്ങനെയാണു കണ്ടിരുന്നതെന്ന് ഈ ഹദീസില്‍നിന്നും വ്യക്തമാകുന്നു. മുസ്ലിം വിശ്വാസികള്‍ ഗ്രഹണം തുടങ്ങിയാല്‍ അവസാനിക്കും വരെ പള്ളിയില്‍ കയറി നിസ്കരിച്ചുകൊണ്ടിരിക്കുകയാണു ചെയ്യുക. നബിയുടെ ഈ ഉപദേശം കേട്ട് ലോകത്തെല്ലാവരും പള്ളിയില്‍ ഒളിച്ചിരുന്നുവെങ്കില്‍ ഇന്നും ഇതുപോലുള്ള പ്രപഞ്ചരഹസ്യങ്ങളെല്ലാം നമുക്ക് അജ്ഞാതമായി തന്നെ നില നിന്നേനെ. ഇന്നു വിജ്ഞാന കുതുകികളായ മനുഷ്യര്‍ ഇത്തരം സന്ദര്‍ഭങ്ങളില്‍ ശാസ്ത്രീയമായ പഠനങ്ങള്‍ക്കായി ടെലസ്കോപ്പും മറ്റുമായി പുറത്തിറങ്ങുകയാണു ചെയ്യുന്നത്. മുസ്ലിംങ്ങള്‍ ഗ്രഹണസമയം കഴിയുവോളം പള്ളിക്കുള്ളില്‍ കയറി മാരത്തോണ്‍ നിസ്കാരത്തില്‍ ഏര്‍പ്പെടും. !
സകലമന ‍ ശാസ്ത്രനേട്ടങ്ങളും ഇസ്ലാമിന്റെ സംഭാവനയാണെന്നവര്‍ പെരുമ്പറ കൊട്ടുകയും ചെയ്യും. !



Saturday, December 26, 2009

അല്ലാഹു പരിഗണിക്കാത്ത ന്യൂനപക്ഷങ്ങള്‍ !

ഹിജഡകള്‍ക്ക് പാകിസ്താനില്‍ പ്രത്യേക പദവി.

കറാച്ചി: ഹിജഡകളെ പ്രത്യേക ലിംഗക്കാരായി പരിഗണിക്കണമെന്ന് പാകിസ്താന്‍ സുപ്രീം കോടതി നിര്‍ദേശിച്ചു. പ്രത്യേക പദവി വ്യക്തമാക്കുന്ന ദേശീയ തിരിച്ചറിയല്‍ കാര്‍ഡുകള്‍ ഇവര്‍ക്കു അനുവദിക്കണമെന്നും കോടതി ആവശ്യപ്പെട്ടു. ഹിജഡകളുടെ അവകാശങ്ങള്‍ ഉറപ്പു വരുത്തുന്നതിന്റെ ഭാഗമായാണ് ഈ ഉത്തരവ്.
പാകിസ്താനില്‍ മൂന്നു ലക്ഷത്തോളം ഹിജഡകളുള്ളതായാണു കണക്ക്. വിവാഹവേളകളിലും ഉത്സവങ്ങളിലും നൃത്തമാടിയും യാചിച്ചുമാണ് ഇവരിലേറെയും ജീവിതം പുലര്‍ത്തുന്നത്. സമൂഹത്തില്‍ വ്യക്തിത്വവും അംഗീകാരവും നല്‍കുന്നതാണ് കോടതി വിധിയെന്ന് ഹിജഡ അസോസിയേഷന്‍ വ്യക്തമാക്കി. പുരുഷന്‍ സ്ത്രീ എന്നിവര്‍ക്കൊപ്പം ‘മറ്റുള്ളവര്‍ ’എന്ന പദവി കൂടി വോട്ടര്‍ പട്ടികയിലും തിരിച്ചറിയല്‍ കാര്‍ഡിലും ചേര്‍ക്കാമെന്ന് ഹിജഡകള്‍ക്ക് ഈയിടെ ഇന്ത്യ ഉറപ്പു നല്‍കിയിരുന്നു.

മാധ്യമം 27-12-09.

--------------------------
പാകിസ്താന്‍ കോടതിയുടെ തീരുമാനം സ്വാഗതം ചെയ്യുന്നു.
അവിടെ ഇസ്ലാമിക നിയമങ്ങളാണല്ലോ നിലവിലുള്ളത്. ഇസ്ലാമില്‍ ഏതു കിതാബിലാണ് മേല്പറഞ്ഞ കാര്യമുള്ളത്? സ്ത്രീയും പുരുഷനും മാത്രമേ ദൈവത്തിന്റെ സൃഷ്ടിപ്പിലുള്ളു എന്നാണല്ലോ നമ്മുടെ സദാചാരക്കാരൊക്കെ പറയുന്നത്. സ്വവര്‍ഗ്ഗ രതിയുടെ പ്രശ്നം ചര്‍ച്ച ചെയ്തപ്പോള്‍ ഞാന്‍ ഇസ്ലാമിസ്റ്റുകളോട് ഒരു ചോദ്യം ചോദിച്ചിരുന്നു. ഹിജഡകള്‍ക്ക് ഇസ്ലാമില്‍ എത്രയാണ് അനന്തരാവകാശവിഹിതം? അവരുടെ സാക്ഷ്യത്തിന്റെ മൂല്യം എത്ര? ആരും പ്രതികരിച്ചില്ല. എനിക്കു മറുപടി പറയാന്‍ മാത്രം ബ്ലോഗിലെത്തിയവരൊക്കെ പതുക്കെ മുങ്ങുകയാണുണ്ടായത്. സ്ത്രീക്കു പകുതിയും പുരുഷന് ഇരട്ടിയും എന്ന നിയമം കടുത്ത ലിംഗവിവേചനമാണെന്ന കാര്യത്തില്‍ ചിന്താശേഷി മരവിച്ചിട്ടില്ലാത്ത ആര്‍ക്കും തര്‍ക്കമുണ്ടാവുമെന്നു തോന്നുന്നില്ല. ദൈവം ലിംഗമില്ലാതെ സൃഷ്ടിച്ച മനുഷ്യര്‍ക്കുള്ള അവകാശത്തെ പറ്റി ഒരു ദൈവീക കിതാബിലും ഒന്നും ഉരിയാടിക്കാണുന്നുമില്ല. സര്‍വ്വ സമ്പൂര്‍ണ സമഗ്ര മതമായ ഇസ്ലാമില്‍ എല്ലാ കാര്യങ്ങള്‍കും പരിഹാരം ഉണ്ടായിരിക്കണമല്ലോ പാകിസ്താനിലെ കോടതി ഇങ്ങനെയൊരു നിര്‍ദേശം വെച്ചത് എന്തു മാനദണ്ഡമനുസരിച്ചാണ്? ദൈവം ഇക്കാര്യത്തില്‍ എന്താണുദ്ദേശിക്കുന്നതെന്നറിയാന്‍ എന്താണു മാര്‍ഗ്ഗം? അദ്ദേഹം ഇപ്പോള്‍ വെളിപാടു പരിപാടി നിര്‍ത്തിയിരിക്കുകയാണല്ലോ. ജിബ്രീല്‍ പെന്‍ഷനും വാങ്ങി വെറുതെ യിരിക്കുകയല്ലേ!
മനുഷ്യന്റെ പ്രശ്നങ്ങള്‍ യുക്തിയുപയോഗിച്ചാണു പരിഹരിക്കേണ്ടതെന്ന് ഞങ്ങള്‍ യുക്തിവാദികള്‍ പറയുമ്പോള്‍ ഇസ്ലാം വക്താക്കള്‍ വാദിക്കാറുള്ളത് മനുഷ്യനതിനുള്ള കഴിവില്ല. എല്ലാം ദൈവം പറഞ്ഞു തരുന്നതനുസരിച്ചേ തീരുമാനിക്കാവൂ എന്നാണ്. ഇക്കാലത്തെ മനുഷ്യര്‍ക്ക് ആവശ്യമുള്ള യാതൊന്നും ദൈവത്തിന്റെ വെളിപാടു കിതാബിലില്ല. ഉള്ളതൊക്കെ പ്രാകൃത കാലത്തെ ഗോത്ര ജീവിതത്തിനു വേണ്ടതു മാത്രം. [ബലാത്സംഗത്തിനു ശിക്ഷയെന്ത് എന്ന പ്രശ്നം പറഞ്ഞപ്പോള്‍ നമ്മുടെ ഇസ്ലാം വിചാരക്കാര്‍ പറഞ്ഞത് നബിയുടെ കാലത്ത് ഒരു ബലാത്സംഗവും നടക്കാത്തതു കാരണം ആ പ്രശ്നം അല്ലാഹുവിന്റെ കിതാബില്‍ വന്നില്ല എന്നാണ്. നബിയുടെ കാലത്ത് ഹിജഡകളില്ലാത്തതുകൊണ്ടായിരിക്കും അവരുടെ സ്വത്തവകാശം പോലുള്ള കാര്യങ്ങള്‍ ദൈവം മറന്നു പോയത്. ] പാകിസ്താനില്‍ മാത്രം മൂന്നു ലക്ഷം ഹിജഡകളുണ്ടു പോല്‍ !
അപ്പോള്‍ നാം എന്തു മാനദണ്ഡപ്രകാരം തീരുമാനങ്ങള്‍ എടുക്കണം? യുക്തി മതിയോ? അതോ അല്ലാഹു ഇനിയും ഒരു പ്രവാചകനെ ഇറക്കി പ്രശ്നം പരിഹരിക്കുമോ?

Monday, December 21, 2009

രണ്ടു മാതൃകാ വിവാഹങ്ങള്‍ !

രണ്ടു മാതൃകാ വിവാഹങ്ങള്‍ !


DYFI കേന്ദ്ര കമ്മിറ്റി അംഗം പി സാജിതയും വയനാട് ജില്ലാ സെക്രട്ടരി എം മധുവും തമ്മില്‍ കല്‍പ്പറ്റ ചന്ദ്രഗിരി ഓഡിറ്റോറിയത്തില്‍ വെച്ച് ഇന്നലെ വിവാഹിതരായി. സ്പെഷ്യല്‍ മാര്യേജ് ആക്റ്റ് അനുസരിച്ച് വിവാഹം റജിസ്റ്റര്‍ ചെയ്യുകയായിരുന്നു. ലളിതവും മാതൃകാപരവുമായ ഈ വിവാഹച്ചടങ്ങില്‍ രാഷ്ട്രീയ സാമൂഹ്യ സാംസ്കാരിക പ്രവര്‍ത്തകരും സഖാക്കളും വധൂവരന്മാരുടെ ബന്ധുക്കളും പങ്കെടുത്തു.
സ്വതന്ത്ര ചിന്തകയായ സാജിത അധ്യാപികയാണ്. മലപ്പുറത്തിനടുത്ത് കുറുവ വറ്റലൂര്‍ സ്വദേശിയായ സാജിതയുടേത് ഒരു സാധാരണ കുടുംബം. മതവിശ്വാസികളായ കുടുംബാംഗങ്ങള്‍‍ക്ക് പള്ളി മഹല്ലുകാരുടെ വിലക്കും ഭീഷണിയും ഉള്ളതായി അറിയാന്‍ കഴിഞ്ഞു. പ്രതികൂല സാഹചര്യങ്ങളെ വെല്ലു വിളിച്ചുകൊണ്ട് ആദര്‍ശ ജീവിതത്തിലേക്കു പ്രവേശിക്കുന്ന എന്റെ പ്രിയ സോദരിക്കും കൂട്ടുകാരനും മംഗളാശംസകള്‍ നേരുന്നു.


DYFI മലപ്പുറം ജില്ലാ വൈസ് പ്രസിഡന്റ് വി പി റജീനയും കൂറ്റനാട് സ്വദേശിയും യുക്തിവാദിയുമായ പി വി റഫീഖും തമ്മിലുള്ള വിവാഹവും ഇന്നലെ മഞ്ചേരി ശ്രീ സുമാ ഓഡിറ്റോറിയത്തില്‍ വെച്ചു നടന്നു. മതാചാരങ്ങളില്ലാതെ സ്പെഷ്യല്‍ മാര്യേജ് ആക്റ്റ് പ്രകാരമായിരുന്നു ഈ വിവാഹവും. സഖാക്കളും ബന്ധുക്കളും പങ്കെടുത്തു.
ഈ മാതൃകാ ദമ്പതികള്‍ക്കും വിപ്ലവാശംസകള്‍ !

Wednesday, December 16, 2009

ചിന്തകനും ലതീഫും കണ്ണടച്ചിരുട്ടാക്കുന്നു !


ജബ്ബാര്‍ മാഷെ ബ്ലോഗില്‍ നമുക്കെല്ലാം സുപരിചിതനാണ്. യുക്തിവാദി സംഘത്തിന്റെ ഒരു സമുന്നത നേതാവ് കൂടിയാണദ്ദേഹം. സ്വയം അവകാശപെടുന്നതനുസരിച്ച് അദ്ദേഹം ഇസ് ലാം മതം ഉപേക്ഷിച്ച് യുക്തിവാദി സംഘത്തില്‍ ചേര്‍ന്നതാണ്. എന്ത് കൊണ്ടാണ് അദ്ദേഹം ഇസ് ലാം മതം ഉപേക്ഷിച്ചത് എന്ന് അദ്ദേഹം പലതവണ വ്യക്തമാക്കിയിട്ടുണ്ട്. ഇത് സംബന്ധമായി അദ്ദേഹത്തിന്റെ ബ്ലോഗുകള്‍ നാമെല്ലാവരും വായിക്കാറുമുണ്ട്.

അദ്ദേഹത്തിന്റെ ശൈലിയില്‍ അത്പം വിയോജിപ്പുണ്ടെങ്കിലും, തീര്‍ച്ചയായും, അദ്ദേഹം അങ്ങിനെയായിതീരാനുള്ള കാരണങ്ങളെ മുഖവിലക്കെടുക്കേണ്ടതും അതില്‍ വല്ല സത്യാവസ്ഥയുമുണ്ടെങ്കില്‍ ഗൌരവതരമായി കാണേണ്ടതുണ്ടെന്നും ഞാന്‍ കരുതുന്നു. മാത്രമല്ല അദ്ദേഹത്തെ അനുകൂലിക്കുന്നവര്‍ക്കും പ്രതികൂലിക്കുന്നവര്‍ക്കുമെല്ലാം ഇതിന്റെ പിന്നിലെ യാഥാര്‍ഥ്യം ബോധ്യമാവേണ്ടതുണ്ട്.

പ്രധാനമായും അദ്ദേഹം ഇതിന് നിരത്തുന്ന കാരണങ്ങളില്‍ ഒന്ന് ഇസ് ലാമിന്റെ പ്രചാരമാണ്. ഇസ് ലാം പ്രചരിച്ചത് അതിക്രൂരവും പൈശാചികവുമായ വംശഹത്യകള്‍ നടത്തിക്കൊണ്ടാണെന്നാണ് ഖുര്‍ ആനും ഹദീസും(പ്രവാചക വചനം) എല്ലാം അടിസ്ഥാനമാക്കി അദ്ദേഹം തെളിവുകള്‍ നിരത്തുന്നു. ഇത്തരത്തിലാണ് ഇസ് ലാം പ്രചരിച്ചതെങ്കില്‍, യാതൊരു സംശയവുമില്ലാത്തവിധം, വളരെ തെറ്റായ കാര്യം തന്നെയാണത്. പ്രവാചകന്റെ വിവാഹങ്ങളാണ് മറ്റൊരു പ്രധാന കാരണമായി അദ്ദേഹം പറയുന്നത്.

ഇതിന്റെ സത്യവാസ്തകള്‍ അറിയാവുന്നത് കൊണ്ടോ മറ്റോ വിശ്വാസികളായ പലരും അദ്ദേഹത്തിന്റെ വാദങ്ങളെ കാര്യമായി പരിഗാണിക്കാറോ അതിന് മറുപടി പറയാറൊ ഇല്ല. എനിക്ക് പോലും പലപ്പോഴും തോന്നിയത് മന:പൂര്‍വ്വമായി അദ്ദേഹം ഇല്ലാത്ത കാര്യങ്ങള്‍ ചമച്ച് അതിനെ വിമര്‍ശിക്കുകയാണ് ചെയ്യുന്നത് എന്നാണ്.
ജബ്ബാര്‍ മാഷിന്റെ ശൈലി എന്ത് തന്നെയായാലും, ആരോപണങ്ങളെ ഗൌരവമായി തന്നെ എടുത്ത് കൊണ്ട്, വാദങ്ങള്‍ക്ക് സത്യന്ധമായ രീതിയില്‍ മറുപടി നല്‍കാനുള്ള ശ്രമത്തിലാണ് സി.കെ ലത്തീഫ് എന്ന പുതു ബ്ലോഗര്‍.

------------------------------------------------------------------------------------------------------
എന്റെ ബ്ലോഗില്‍ നിന്നും വിട പറഞ്ഞു പോയ ‘ചിന്തകന്‍ ’
 തന്റെ സ്വന്തം ബ്ലോഗില്‍ പോസ്റ്റ് ചെയ്ത
“ജബ്ബാര്‍ മാഷ് എന്ത് കൊണ്ട് മത നിഷേധി ആയി?”
എന്ന പോസ്റ്റില്‍ നിന്നാണു മേല്‍ ഉദ്ധരിച്ചിട്ടുള്ള ത്.
സി കെ ലതീഫും ഇപ്പോള്‍ സ്വന്തം ബ്ലോഗില്‍ എനിക്കു മറുപടി എഴുതുന്നുണ്ട്. വളരെ സന്തോഷമുള്ള കാര്യം തന്നെ. ആരോഗ്യകരമായ ഒരു ചര്‍ച്ച സ്വാഗതാര്‍ഹമാണ്. ഇവിടെ ചിന്തകനും ലതീഫും കൂടി എന്റെ വിമര്‍ശനങ്ങള്‍ക്കു മറുപടി പറയാനായി കണ്ടെത്തിയ ഒരു സൂത്രം വായനക്കാര്‍ ശ്രദ്ധിച്ചിരിക്കുമല്ലോ. ഞാന്‍ ഇസ്ലാം ഉപേക്ഷിച്ച് യുക്തിവാദിയായതിന്റെ പ്രധാന കാരണം പ്രവാചകന്‍ കുറെ കല്യാണം കഴിച്ചതും ഇസ്ലാം യുദ്ധത്തിലൂടെ പ്രചരിക്കപ്പെട്ടു എന്ന ചരിത്രവുമാണത്രേ!
 എന്റെ ബ്ലോഗില്‍ ഇതു വരെ പോസ്റ്റ് ചെയ്ത ലേഖനങ്ങള്‍ സമഗ്രമായി പരിശോധിക്കുന്ന ആര്‍ക്കും ഈ ആരോപണത്തിന്റെ നിരര്‍ത്ഥകത വ്യക്തമാകും. ആക്രമണത്തിലൂടെയാണു മതം പ്രചരിപ്പിച്ചതെന്നു ഞാന്‍ വിമര്‍ശനമുന്നയിച്ചിട്ടുണ്ട് എന്നതു ശരിയാണ്. പക്ഷെ അക്കാരണം കൊണ്ടു മാത്രമാണു ഞാന്‍ മതവിശ്വാസം ഉപേക്ഷിച്ചതെന്ന് പറഞ്ഞിട്ടില്ല. മതവിശ്വാസത്തില്‍ നിന്നും എന്നെ വഴി തിരിച്ചത് ഖുര്‍ ആന്‍ എന്ന “ദൈവീക ഗ്രന്ഥം” ആണെന്നു ഞാന്‍ പലതവണ വ്യക്തമാക്കിയതാണ്.
ഞാന്‍ എന്തുകൊണ്ട് ‘മുസ്ലിം’ അല്ല എന്ന പേരില്‍ എന്റെ ഒരു പുസ്തകം ഏതാനും വര്‍ഷങ്ങള്‍ക്കു മുമ്പു പ്രസിദ്ധീകരിച്ചിട്ടുണ്ട്. ആ പുസ്തകത്തില്‍ ഇപ്പറഞ്ഞ രണ്ടു കാര്യങ്ങളും പരാമര്‍ശിച്ചിട്ടേയില്ല. അതിലെ ഉള്ളടക്കം താഴെ പറയുന്ന ഉപ ശീര്‍ഷകങ്ങളിലായാണു വിവരിച്ചിട്ടുള്ളത്.

വിശ്വാസത്തിന്റെ യുക്തി,
അല്ലാഹു എന്ന ദൈവം,
അല്ലാഹുവിന് അമളി പറ്റി,
കാരുണ്യവാനോ ക്രൂര വിനോദക്കാരനോ?,
ശാസ്ത്ര സത്യങ്ങളും മത വെളിപാടുകളും,
അറബികളുടെ അന്ധവിശ്വാസങ്ങള്‍ ഖുര്‍ ആനിലും ഹദീസിലും,
ശരീ അത്തും ആധുനിക സമൂഹവും,
കൊലപാതകത്തിനു പ്രതിക്രിയ,
കിരാതമായ ശിക്ഷാമുറകള്‍ ,
സ്ത്രീ വെറും ഉപകരണം,
ബലാത്സംഗത്തിനും വ്യഭിചാരത്തിനും നാലു സാക്ഷികള്‍ ,
ലൈംഗിക സദാചാരം ഇസ്ലാമില്‍ ‍,
ഇദ്ദ ; മറ്റൊരു ഗോത്രാചാരം
എന്നിങ്ങനെയാണ്.
ആദ്യമായി കുര്‍ ആന്‍ വായിച്ചപ്പോള്‍ , അതില്‍ വായിച്ച ,യുക്തിക്കു നിരക്കാത്ത വൈരുദ്ധ്യങ്ങളും മൂഡവിശ്വാസങ്ങളും ശാസ്ത്ര വസ്തുതകള്‍ക്കു വിരുദ്ധമായ വിഡ്ഡിത്തങ്ങളും നീതിക്കും മനുഷ്യത്വത്തിനും നിരക്കാത്ത ഗോത്രാചാരങ്ങളും പ്രാകൃതമായ ഗോത്ര സദാചാരവുമൊക്കെയാണ് എന്റെ വിശ്വാസത്തില്‍ കത്തി വെച്ചത്. അക്കാര്യങ്ങളൊക്കെത്തന്നെയാണു ഞാന്‍ ബ്ലോഗിലും ഇതു വരെ എഴുതിക്കൊണ്ടിരുന്നത്.
നബിക്കു കുറെ ഭാര്യമാരുണ്ടായിരുന്നു എന്നത് ഞാന്‍ ഒരു ഗൌരവമുള്ള കാര്യമായി പരിഗണിച്ചിട്ടില്ല. എന്തുകൊണ്ടെന്നാല്‍ അക്കാലത്ത് അതൊന്നും അത്ര വലിയ കാര്യമായിരുന്നില്ല. എന്നാല്‍ ഈ മഹാ പ്രപഞ്ചം സൃഷ്ടിച്ചു പരിപാലിക്കുന്ന ഒരു മഹാ ദൈവം മുഹമ്മദിന്റെ ഭാര്യമാരുടെ അടുക്കള‍ വഴക്കു തീര്‍ക്കാനും മറ്റും വെളിപാടിറക്കി എന്നു പറയുന്ന വിഡ്ഡിത്തം എനിക്കുള്‍ക്കൊള്ളാനായില്ല.
അന്യ മതക്കാരെ വെറുക്കാനും കൊല്ലാനുമൊക്കെ പറഞ്ഞത് എല്ലാ കാല‍ത്തേക്കുമുള്ള പൊതു നിര്‍ദ്ദേശങ്ങളല്ല എന്നും അത് അക്കാലത്തെ യുദ്ധ സാഹചര്യങ്ങളില്‍ മുഹമ്മദ് സന്ദര്‍ഭാനുസാരം പറഞ്ഞതാണെന്നും മനസ്സിലാക്കാന്‍ സാമാന്യ ബുദ്ധി മതി. ലതീഫ് ഇപ്പോള്‍ അതു ബോധ്യപ്പെടുത്താനാണു ബുദ്ധിമുട്ടുന്നത്. പക്ഷെ പ്രശ്നം അതല്ല ലതീഫേ. ആറാം നൂറ്റാണ്ടിലെ പ്രാകൃത ഗോത്രകാരായ ആ മനുഷ്യര്‍ പരസ്പരം വാളും കുന്തവുമെടുത്തു യുദ്ധം ചെയ്തപ്പോള്‍ ഈ ദൈവവും അവരോടൊപ്പം ഗോത്രയുദ്ധങ്ങളില്‍ പങ്കു ചേര്‍ന്നു എന്ന കുര്‍ ആനിലെ മണ്ടത്തരമാണു വിശ്വസിക്കാനാവാത്തത്. ഒരു ഞൊടൊയിട കൊണ്ട് ഈ മഹാ പ്രപഞ്ചം സൃഷ്ടിക്കാനും സംഹരിക്കാനും കഴിവുള്ള സര്‍വ്വശക്തന്‍ മനുഷ്യരോട് കുന്തമെടുത്ത് യുദ്ധം ചെയ്യാനും വാളെടുത്ത് കഴുത്തു വെട്ടാനുമൊക്കെ മെനക്കെട്ടുവെന്ന പരിഹാസ്യവും ബാലിശവുമായ വാദമാണു വിശ്വസിക്കാന്‍ കൊള്ളാത്തത്.
ആ അറബികള്‍ യുദ്ധത്തിലേര്‍പ്പെട്ട സമയത്ത് ആക്രമത്തിനു പിരി കയറ്റാനായി പറഞ്ഞ കാര്യങ്ങളൊക്കെ പ്രപഞ്ചം സൃഷ്ടിക്കും മുമ്പെ എഴുതപ്പെട്ട , സര്‍വ്വ കാലപ്രസക്തമായ ദിവ്യ വെളിപാടുകളാണെന്നു പറയുമ്പോഴാണു പ്രശ്നം ഗുരുതരമാകുന്നത്. ഇതൊക്കെ ഇന്നും മുസ്ലിംങ്ങള്‍ പാലിക്കേണ്ട പൊതു നിയമങ്ങളാണെന്നു ധരിക്കാനും അതു വഴി അന്യ മതകരുടെ നേരെ അക്രമത്തിനു പുറപ്പെടാനുമൊക്കെ അതു കാരണമാകും. ദൈവം എന്ന സങ്കല്‍പ്പത്തെ കുറെക്കൂടി വലുതായി കാണാന്‍ ശ്രമിക്കണമെന്നാണു ഞാന്‍ പറയാന്‍ ശ്രമിക്കുന്നത്. അങ്ങനെ കണ്ടാല്‍ മതം അര്‍ത്ഥ ശൂന്യമാണെന്നും മതത്തിന്റെ പേരിലുള്ള ഈ സംഘര്‍ഷങ്ങളും വൈരാഗ്യങ്ങളുമൊക്കെ ബാലിശമാണെന്നും മനസ്സിലാകും. അത്രയെങ്കിലും ഉള്‍ക്കൊള്ളാന്‍ ശ്രമിക്കുക എന്നേ പറയാനുള്ളു.
MUSLIMS ARE THE VICTIMS OF 'ISLAM' !

30 വര്‍ഷത്തിലേറെക്കാലമായി ഒരു ലക്കം പോലും മുടങ്ങാതെ പ്രസിദ്ധീകരിക്കുന്നു

30 വര്‍ഷത്തിലേറെക്കാലമായി ഒരു ലക്കം പോലും മുടങ്ങാതെ പ്രസിദ്ധീകരിക്കുന്നു
ഏ വി ജോസ് , കുറ്റിപ്പുഴ നഗര്‍ , തൃശ്ശൂര്‍.