Wednesday, December 29, 2010
മീര നന്ദ -ഒരു പരിചയപ്പെടുത്തല്‍
ഡോ. സി. വിശ്വനാഥന്‍
സയന്‍സ് ട്രസ്റ്റ് , കോഴിക്കോട് 2011 ജനുവരി 30 ന് കോഴിക്കോട് ടൌണ്‍ഹാളില്‍ സംഘടിപ്പിക്കുന്ന ബി. പ്രേമാനന്ദ് അനുസ്മരണ പ്രഭാഷണം നിര്‍വഹിക്കുന്നത്, ചിന്തകയും എഴുത്തുകാരിയുമായ മീര നന്ദ യാണ്. അവരുടെ പ്രസിദ്ധമായ "prophets facing backwards" എന്ന ഗ്രന്ഥം മലയാളത്തിലേക്ക് മൊഴിമാറ്റം ചെയ്യപ്പെട്ടിട്ടുണ്ടെങ്കിലും, കേരളീയ പൊതുസമൂഹത്തിനു അത്രയ്ക്ക് പരിചിതമായ ഒരു പേരല്ല, മീരയുടേത്. ശ്രദ്ധേയയായ ഈ ചിന്തകയെ പരിചയപ്പെടുത്താനുള്ള ഒരു ശ്രമമാണ് ഈ കുറിപ്പ്.
ചാണ്ടിഗഡില്‍ ജനിച്ചുവളര്‍ന്ന മീര, പഞ്ചാബ് യൂണിവെഴ്സിടിയില്‍നിന്നു മൈക്രോ ബയോളജി യില്‍ M.Sc ബിരുദവും (1978 ) ദല്‍ഹി IIT യില്‍ നിന്നു ബയോടെക്നോളജി യില്‍ PhD യും (1983 ) നേടി. 1985 വരെ ഇന്ത്യന്‍ എക്സ്പ്രസ്സില്‍ ശാസ്ത്രലേഖികയായി പ്രവര്‍ത്തിച്ചു. പിന്നീട് അമേരിക്കയിലേക്ക് പോയി. ആദ്യകാലത്ത് പത്ര പ്രവര്തനതിലെര്‍പ്പെട്ടു. ന്യൂയോര്‍ക്കിലെ പ്രശസ്തമായ രെന്‍സിലിയെര്‍ ഇന്‍സ്ടിടിയുട്ടില്‍ നിന്നു Science and Technology Studies ല്‍ രണ്ടാമതൊരു PhD ബിരുദം കൂടി നേടിയിട്ടുണ്ട്. അന്താരാഷ്ട്ര തലത്തില്‍ ശ്രദ്ധിക്കപ്പെട്ടിട്ടുള്ള അനേക ലേഖനങ്ങളും പുസ്തകങ്ങളും രചിച്ചിട്ടുള്ള മീര നന്ദയുടെ രചനാ ലോകത്ത് നിന്നു തിരഞ്ഞെടുത്ത ഏതാനും ആശയങ്ങള്‍:
പ്രതിലോമ ആധുനികത ഇന്ത്യയില്‍ (Reactionary modernism in India )
അമേരിക്കന്‍ സോഷ്യോളജി അസോസിയെഷന്റെ 2000 ത്തിലെ വാര്‍ഷിക സമ്മേളനത്തില്‍ അവതരിപ്പിച്ച പ്രബന്ധത്തില്‍, ഇന്ത്യയില്‍ പ്രചരിക്കുന്ന പ്രതിലോമ ആധുനികതയെക്കുറിച്ച് മീര പ്രതിപാദിക്കുന്നു. നവോത്ഥാനത്തിന്റെ മൂല്യങ്ങളെയും നൈതികതയെയും നിരാകരിക്കുകയും അതേ സമയം ആധുനിക ശാസ്ത്രത്തെയും സാങ്കേതികതയെയും സ്വീകരിക്കുകയും ചെയ്യുന്ന ഒരു സമൂഹത്തെയാണ് നാമിവിടെ കാണുന്നത്. മതേതരത്വത്തിന്റെയും തുറന്ന ജനാധിപത്യത്തിന്റെയും മൂല്യങ്ങളാല്‍ തങ്ങളുടെ പരമ്പരാഗത വിശ്വാസങ്ങളെ ചോദ്യം ചെയ്യപ്പെടുകയെന്ന 'അപകട' തില്‍ നിന്നു ഒഴിഞ്ഞുമാറിനിന്നുകൊണ്ടുതന്നെ ആധുനിക സാങ്കേതിക വികാസങ്ങള്‍ സ്വായത്തമാക്കുന്നു, പ്രതിലോമ ആധുനികത. ഈ വിചിത്രഅവസ്ഥയുടെ ആശയ അടിത്തറയാവാന്‍, ഉത്തരാധുനിക ചിന്തകള്‍ക്കു സാധിക്കുന്നതെങ്ങിനെ എന്ന് മീര വിശദീകരിക്കുന്നുണ്ട്.
ഇന്ത്യ യിലെ പ്രതിലോമ ആധുനികതയെക്കുറിച്ചു മൂന്നു നിരീക്ഷണങ്ങള്‍ അവര്‍ മുന്നോട്ടു വെക്കുന്നു.
1 - ശാസ്ത്രത്തെ മത സങ്കല്പ്പങ്ങളിലേക്ക് ഉള്‍ചേര്‍ക്കുവാനുള്ള (വിജയകരമായ) ശ്രമങ്ങള്‍. ശാസ്ത്രം ഇന്നു കണ്ടെത്തുന്നതെല്ലാം വേദ പ്രോക്തമാണെന്നും , ആധുനിക ശാസ്ത്രമെന്നത് തന്നെ വൈദിക 'സത്യങ്ങള്‍ക്ക് ' പാശ്ചാത്യര്‍ നല്‍കുന്ന സ്ഥിരീകരണങ്ങള്‍ മാത്രമാണെന്നുമുള്ള (കള്ള) പ്രചരണം വ്യാപകമാണ്.
2 - പോസ്റ്റ് മോഡെണ്‍ , പോസ്റ്റ് കൊളോണിയല്‍ ചിന്തകള്‍ ഉളവാക്കിയ അപകടങ്ങള്‍ :
"There must be scepticism against science (because) modern science is the basic model of domination of our times and is the ultimate justification for all institutionalized violence" (Ashis Nandy)
മുകളില്‍പ്പറഞ്ഞ ശാസ്ത്ര- മിത്ത് സഹയോജനത്തിനു ന്യായീകരണവും സാധുത്വവും നല്‍കാനുള്ള അടിസ്ഥാന തത്വ ശാസ്ത്ര വാദങ്ങള്‍ അണി നിരത്തുന്നത്, വലതുപക്ഷ ഹിന്ദുത്വ ആശയക്കാരല്ല ; മറിച്ചു സ്വയം പുരോഗമന വാദി കളെന്നും ഇടത്‌പക്ഷക്കാരെന്നും അവകാശപ്പെടുന്നവരാണ് എന്നതാണ് വിചിത്രം. ആധുനിക ശാസ്ത്രത്തെ 'ന്യൂനവല്‍ക്കരണ' ത്തിന്റെ (reductionism) മുദ്ര പേറുന്ന കേവലം ഒരു 'ബ്രിഹദാഖ്യാനം' (metanarrative ) ആയും, പ്രകൃതി, മൂന്നാം ലോക പൌരര്‍, സ്ത്രീകള്‍ ഇവര്‍ക്കുമേല്‍ ആധിപത്യം ചെലുത്താനുള്ള ഒരു ഉപാധിയായും കണക്കാക്കുന്ന ഉത്തരാധുനിക ചിന്തകള്‍ പങ്കിടുന്നവരാണ് ഈ ബുദ്ധി ജീവികള്‍. ജ്ഞാനോദയത്തെയും (enlightenment ) ശാസ്ത്രത്തെയും സദ് സമൂഹത്തിന്റെ സൃഷ്ടിയ്ക്കു വലിയ തടസ്സങ്ങളായാണ് ഇവര്‍ വീക്ഷിക്കുന്നത് . നിയോ- ഗാന്ധിയന്‍ ആധുനിക വിരുദ്ധരായ ആശിഷ് നന്ദി, വന്ദന ശിവ, ക്ലോഡ് അല്‍വാരിസ് ഇവര്‍ ഉദാഹരണം. ശാസ്ത്രാധിഷ്ടിത വികസനം പാര്‍ശ്വ വല്‍കൃത ജനങ്ങള്‍ക്ക് ദുരിതകാരണമാവുന്നുവെന്നും ആയതിനാല്‍, ആധുനിക ശാസ്ത്രത്തിന്റെ യുക്തി തന്നെ ചോദ്യം ചെയ്യപ്പെടെണ്ടതാണ് എന്നും ഇവര്‍ വാദിക്കുന്നു. ശാസ്ത്രം എന്നത് സാര്‍വ ലൌകിക സാധുതയുള്ള ഒന്നല്ലെന്നും, പാശ്ചാത്യ സമൂഹത്തിന്റെ ഒരു സാമൂഹ്യപ്പടപ്പു മാത്രമാണെന്നും ഇവര്‍ വാദിച്ചു. സാമ്രാജ്യത്വം എന്നത്, മനസ്സിനെ കോളനി വല്‍ക്കരിക്കുക എന്നത് കൂടിയാണെന്നും, പാശ്ചാത്യ സംസ്കാരത്തിന്റെ പടപ്പായ പാശ്ചാത്യശാസ്ത്രത്തിന്റെ സ്വാധീനം സമൂഹത്തിന്റെ പൊതുബോധത്തില്‍ നിന്നു തുടച്ചു മാറ്റേണ്ടതാണ് എന്നുമായി പ്രചരണം. ജ്ഞാനോദയത്താലും യുക്തിചിന്തയാലും കളങ്കിതരാവാതെ പരമ്പരാഗത ജീവിതം നയിക്കുന്ന ഇന്ത്യന്‍ ഗ്രാമീണരാണ് യഥാര്‍ത്ഥ പുരോഗമന വാദികള്‍ എന്ന് കരുതപ്പെട്ടു. 'ശാസ്ത്രീയത' , 'യുക്തിബോധം' തുടങ്ങിയ സംജ്ഞകള്‍ പരിഹാസ്യമായിതീര്‍ന്നു. "യുക്തിവാദി' എന്നു വിളിക്കപ്പെടുന്നത് ബുദ്ധിജീവികള്‍ക്ക് അപമാനമായിതീരുന്ന അവസ്ഥയായി.
ശാസ്ത്രവും മിത്തും തമ്മിലും, പ്രത്യശാസ്ത്രവും ശാസ്ത്രജ്ഞാനവും തമ്മിലും വ്യത്യാസങ്ങളില്ല എന്ന വാദം ഫലത്തില്‍, ഹൈന്ദവ "ശാസ്ത്ര"ങ്ങളും ശാസ്ത്രവും ഒന്നു തന്നെയെന്ന വാദത്തെ ഊട്ടിയുറപ്പിക്കാന്‍ സഹായിച്ചു. പാരിസ്ഥിതിക, ജനകീയ ശാസ്ത്ര പ്രസ്ഥാനങ്ങളുടെ ആശയ അടിത്തറ തന്നെ പോസ്റ്റ് മോഡെണ്‍ , പോസ്റ്റ് കൊളോണിയല്‍ ചിന്തകള്‍ അട്ടിമറിച്ചു വെന്നതാണ് മറ്റൊരു ദുരന്തം.
3 - അവൈദികവും വസ്തു നിഷ്ടവുമായ ; ആധുനിക ശാസ്ത്ര രീതിയോടിണങ്ങുന്ന ചില പരമ്പരാഗത ചിന്താരീതികള്‍ ഇന്ത്യയിലുണ്ടായിട്ടുണ്ട്. (ലോകായതം, ബുദ്ധ ദര്‍ശനങ്ങള്‍ തുടങ്ങിയവ ) ഉത്തരാധുനികര്‍ നിര്‍ദ്ദേശിക്കുന്നതുപോലെ , 'തദ്ദേശീയ വിജ്ഞാനം' ആധുനിക ശാസ്ത്രത്തിനു ബദലായിതീരുക എന്നതല്ല, ആധുനിക ശാസ്ത്രം മര്‍ദ്ദിതരുടെ നിലപാടുതറ ആയിത്തീരുക എന്നതാണ് അഭികാമ്യമായ കാര്യം.
ജ്നാനോദയവും ഇന്ത്യന്‍ അവസ്ഥയും
"I am a child of the Enlightenment. Those irreverent, spirited and courageous man and women of French salons, English coffee houses, learned academies and public lecture halls are my brothers and sisters in spirit. I came to share their heretical project long before I had ever heard their names , or read their works. My provincial ,mid-middle class, Punjabi upbringing gave me good reasons to fight against the patriarchal, upper-caste Hindu traditions that threatened to snuff out all that I held precious." -Meera Nanda
യൂറോപ്പിയന്‍ ജ്ഞാനോദയത്തിന്റെ സ്രഷ്ടാക്കള്‍, പുരാതന ഗ്രീസിലെ ഭൌതിക, മാനവികതാ വാദചിന്തകളെ കണ്ടെത്തി, ഇത്തരം ചിന്തകളുടെ പിന്‍ബലത്തോടെ, സമകാലീന ജീര്‍ണതകളെ താങ്ങി നിര്‍ത്തുന്ന മതാധിഷ്ടിത ചിന്തകളെ നിശിതമായി വിമര്‍ശിച്ചു. എന്നാല്‍ ബംഗാളില്‍ പിറവിയെടുത്ത ഇന്ത്യന്‍ ജ്ഞാനോദയത്തിന്റെ സ്വഭാവം, ദൌര്‍ഭാഗ്യവശാല്‍ മറ്റൊന്നായിരുന്നു. രാജാറാം മോഹന്‍ റോയ്, ബങ്കിം ചന്ദ്രചതോപാധ്യായ, വിവേകാനന്ദന്‍, എന്നിവരൊക്കെയും തങ്ങളുടെ പരമ്പരാഗത വിശ്വാസങ്ങളെ നിഷ്കൃഷ്ടമായി വിമര്‍ശിക്കുന്നതില്‍ നിന്നു പിന്‍വാങ്ങി നിലകൊണ്ടു. തൊട്ടുകൂടായ്മ തുടങ്ങിയ 'അനാചാരങ്ങളെ' അപലപിക്കുംപോഴും വര്‍ണാശ്രമ ധര്‍മങ്ങളടക്കമുള്ള വേദ പാരമ്പര്യത്തെ വിമര്‍ശനാതീതമായി അവര്‍ നിലനിര്‍ത്തി. യുക്തിചിന്തക്കുപരിയായി ദേശീയാഭിമാനത്തിന് മുന്‍തൂക്കം കിട്ടി. സമകാലീന അനാചാരങ്ങള്‍ 'യഥാര്‍ത്ഥ' മത തത്വങ്ങളില്‍ നിന്നുവ്യതിചലിച്ചത് കൊണ്ട് സംഭവിച്ചതാണെന്നും അടിസ്ഥാന ധര്‍മ ശാസ്ത്രങ്ങള്‍ പവിത്രവും കളങ്കരഹിതവുമാണെന്നും വിശ്വസിക്കപ്പെട്ടു. സമകാലീന ച്യുതികള്‍ക്കുള്ള പരിഹാരം പാരമ്പര്യത്തെ പുനരുദ്ധരിക്കുകയാണ് എന്ന സന്ദേശമാണ് ബംഗാളി നവോദ്ധാനം പടര്‍ത്തിയത് . ഭൌതിക- മാനവീയ സ്വഭാവങ്ങളുള്ള ബുദ്ധന്റെയും മറ്റും പാരമ്പര്യത്തിന് നേരെ കണ്ണടച്ചുകൊണ്ട്, പ്രപഞ്ചാസ്തിത്വത്തെ നിരാകരിക്കുന്ന , തീര്‍ത്തും അയുക്തികമായ 'വേദാന്ത' ത്തെയാണ് തങ്ങളുടെ 'യഥാര്‍ത്ഥ' പാരമ്പര്യമായി ഇവര്‍ സ്വീകരിച്ചത് എന്നത് മറ്റൊരു ദുരന്തം!
ബുദ്ധന്‍ പ്രതിനിധീകരിച്ച ഭൌതിക ലോകവീക്ഷണത്തെ പിന്‍പറ്റി, ആധുനിക ശാസ്ത്ര ധാരണകളെ ഉള്‍ക്കൊണ്ടു കൊണ്ട്, ഇന്ത്യന്‍ ജ്ഞാനോദയത്തിന് ബദല്‍ രൂപം നല്‍കാന്‍ ശ്രമിച്ചു; ഫുലെ,ഇ.വി.ആര്‍, അംബേദ്‌കര്‍ തുടങ്ങിയവര്‍. ഇന്ത്യന്‍ ജ്ഞാനോദയത്തിന്റെ ഈ ധാരയുടെ പ്രേരക ശക്തി, തങ്ങള്‍ കാലാകാലമായി അനുഭവിച്ചുപോന്ന സാമൂഹ്യമായ അവമതികള്‍ക്കെതിരെ, മര്‍ദ്ദിത ജാതികളില്പ്പെട്ടവരുടെ പ്രതിഷേധമായിരുന്നു. വര്‍ഗ വിശകലനത്തിന്റെ മാര്‍ഗത്തിലൂ ടെ ഇന്ത്യന്‍ ജ്ഞാനോദയത്തെ മനസ്സിലാക്കാനാവില്ലെന്നു മീര വാദിക്കുന്നു. നിലനിന്നുപോന്ന ധര്‍മവിധികള്‍ക്കെതിരെ സാംസ്കാരികരംഗത്ത് കീഴാള ജാതിക്കാര്‍ നടത്തിയ കഠിനയുദ്ധങ്ങളെ, കേവലം സാമ്പത്തിക പ്രചോദനങ്ങള്‍ കൊണ്ടു വിശദീകരിക്കുക സാധ്യമല്ല.
ഇന്ത്യന്‍ ജ്ഞാനോദയ യജ്ഞം അപൂര്‍ണമായിത്തളര്‍ന്നു പോയെന്നുള്ളതാണ് പക്ഷെ ദൌര്‍ഭാഗ്യകരം. മതമുക്തമായൊരു സമൂഹം, പ്രകൃതി പ്രതിഭാസങ്ങളെ 'ദൈവിക' മായിക്കാണുന്ന പുരാതന പൊതു ബോധത്തില്‍ നിന്നുള്ള മോചനം; ഇത്യാദി ജ്ഞാനോദയ സംഭാവനകളുടെ അഭാവമാണ് ഇന്ത്യന്‍ ജനാധിപത്യത്തിനു ഇന്നു കാണുന്ന ദൌര്ബ്ബല്യങ്ങളുടെ അടിസ്ഥാന കാരണം എന്നു മീര ചൂണ്ടിക്കാട്ടുന്നു. ഒരു സമൂഹത്തിന്റെ ആധുനികവല്‍ക്കരണമെന്നത് , 'ദൈവ'ത്തെ പ്രകൃതിയില്‍ നിന്നും, ലോക ജീവിത മണ്ഡലത്തില്‍ നിന്നും ഉച്ചാടനം ചെയ്യാത്തിടത്തോളം സാധ്യമാവില്ല. യഥാര്‍ത്ഥ മതേതരത്വം -'സര്‍വ ധര്‍മ സമഭാവന'യല്ല- പുലരാതിടത്തോളം മതമേധാവികളും മത രാഷ്ട്രീയക്കാരും ജനങ്ങള്‍ക്കുമേല്‍ അവിഹിത സ്വാധീനം തുടരുക തന്നെ ചെയ്യും. മതേതര സംസ്കാരം നിലവില്‍ വരാത്തിടത്തോളം കാലം മതേതര നിയമങ്ങള്‍ നില നില്ക്കുന്നുവെങ്കിലും രാജ്യം മതേതരമാവില്ല. മനുഷ്യരെയും പ്രകൃതിയെയും 'ദൈവ' ത്തെയും കുറിച്ചുള്ള നമ്മുടെ 'സാമാന്യബോധ' ത്തെ ശാസ്ത്ര വസ്തുതകളും ശാസ്ത്രീയ ചിന്താരീതിയും നിര്‍ണയിക്കുമ്പോള്‍ മാത്രമേ നമ്മുടെ സംസ്കാരം മതേതരമാവുകയുള്ളൂ.
ഇന്ത്യന്‍ ബുദ്ധി ജീവികള്‍ ഇന്നും ബ്രിട്ടീഷ് രാജിനെതിരെ യുദ്ധം ചെയ്യുകയാണ്! സ്ത്രീകള്‍ക്കും ദളിതര്‍ക്കുമെതിരെ ഇന്ത്യന്‍ മത പാരമ്പര്യങ്ങളുടെ പിന്‍ബലത്തില്‍ നടന്നുപോരുന്ന പീഡനങ്ങള്‍ അവരുടെ ശ്രദ്ധയില്‍പ്പെടുന്നില്ല. സാമ്രാജ്യത്ത വിരുദ്ധത യുള്‍ച്ചേരുന്ന ദേശീയതാ ബോധം, ഭൌതിക സാഹചര്യങ്ങളെ ആദ്യം മാറ്റുകയെന്നതാണ് പരമ പ്രധാനമെന്ന മാര്‍ക്സിസ്റ്റ് വിശ്വാസം, ജാതി സത്വബോധം, ഉത്തരാധുനികത പോലുള്ള പാശ്ചാത്യ അക്കാഡമിക ഫാഷനുകള്‍ക്ക് മേലുള്ള അമിതാശ്രിതത്വം എന്നിവയൊക്കെ , മര്‍ദ്ദനങ്ങളില്‍ മതത്തിനുള്ള പങ്കിനെ മറച്ചു പിടിക്കുന്നൊരു അന്ധബിന്ദു സൃഷ്ടിക്കുന്നതില്‍ പങ്കു വഹിക്കുന്നുണ്ട്.
ഇന്ത്യന്‍ നഗര മധ്യവര്‍ഗത്തിന്റെ വര്‍ധിച്ചുവരുന്ന മതാത്മകത
ആധുനിക ശാസ്ത്ര സാങ്കേതികതകളുടെ ഗുണഭോക്താക്കളായ ഇന്ത്യന്‍ മധ്യവര്‍ഗം, തങ്ങളുടെ നിലനില്‍പ്പിനു തന്നെ അടിസ്ഥാനമായ ആധുനിക ശാസ്ത്രത്തിന്റെ ലോകവീക്ഷണത്തിന് കടക വിരുദ്ധമായി, ഭൌതികാതീത ശക്തികളിലാണ് വിശ്വാസമര്‍പ്പിക്കുന്നത്. നഗരങ്ങളില്‍ ഇന്നു, ഗ്രാമങ്ങളിലേക്കാളധികമായാണ് മതാത്മകത വര്‍ധിച്ചുകൊണ്ടിരിക്കുന്നത്. ഉന്നത- മധ്യവര്‍ഗ സമൂഹത്തിനു ഇന്നു കൂടുതല്‍ പ്രിയതരമായിരിക്കുന്നത്, തങ്ങളുടെ പ്രാര്‍ത്ഥനകളോട് പ്രതികരിക്കുകയും അഭീഷ്ടങ്ങള്‍ സാധിച്ചുതരികയും ചെയ്യുന്ന 'ഉണര്‍ന്നിരിക്കുന്ന' ദൈവങ്ങളത്രേ. ദേവാലയങ്ങളിലും പൊതുസ്ഥലത്തും നടത്തുന്ന പരസ്യമത ചടങ്ങുകളില്‍ മുഴുകാന്‍ ഇന്നിവര്‍ക്ക് തെല്ലും വൈമനസ്യമില്ല. അനുഷ്ടാനങ്ങള്‍ വിപുലമാവുക, മുന്‍കാലങ്ങളില്‍ ഗ്രാമീണരുടെയും കീഴ്ജാതിക്കാരുടെതുമായിരുന്ന പല ദൈവങ്ങള്‍ക്കും നാഗരികവല്‍ക്കരണവും പ്രചുരപ്രചാരവും സാധ്യമാവുക; എന്നീ സാമൂഹ്യ പ്രതിഭാസങ്ങള്‍ കൂടി ശ്രദ്ധേയമാണ്.
വ്യവസായ വല്‍ക്കരണവും സാമ്പത്തിക പുരോഗതിയും വ്യക്തികളെ മതാത്മകതയില്‍ നിന്നും മതേതര ചിന്തയിലേക്ക് നയിക്കുമെന്നാണ് പൊതുവേ നിരീക്ഷിച്ചു പോന്നിട്ടുള്ളത്. ഇന്ത്യന്‍ അനുഭവം പക്ഷെ മറിച്ചാണ്. അന്യവല്‍ക്കരണവും ഏകാന്തതയും നല്‍കുന്ന നിരാശ ബോധത്തില്‍ നിന്നുള്ള മോചനോപാധി യായാണ് ഇന്ത്യന്‍ മധ്യവര്‍ഗസമൂഹം മതത്തിലേക്ക് തിരിയുന്നത് എന്നു വാദിച്ചു കണ്ടിട്ടുണ്ട്. ഇത് ശരിയാണെന്ന് തോന്നുന്നില്ല. പൊതുവേ ഇന്നു ഇന്ത്യന്‍ മധ്യവര്‍ഗത്തിന്റെ അവസ്ഥ അന്യവല്‍ക്കരണത്തിന്റെയും നിരാശയുടെതുമല്ല, പ്രത്യുത ശുഭാപ്തി വിശ്വാസത്തിന്റെതാണെന്നു നിരീക്ഷിക്കപ്പെട്ടിട്ടുണ്ട്.
തങ്ങള്‍ പുതുതായി നേടിയ സമ്പത്തിനോടുള്ള സമ്മിശ്രവികാരങ്ങളാവം (ambivalence ) നവ മധ്യ- സമ്പന്ന സമൂഹത്തിന്റെ വര്‍ധിച്ച മതാത്മകതയുടെ ഒരു കാരണമെന്ന് മീര അഭിപ്രായപ്പെടുന്നു. 'സംപന്നരാവുന്നത് ദിവ്യമാണ്' എന്ന മാതൃകയില്‍ മൊഴിയുന്ന ദിവ്യന്മാര്‍, ഈ പുതുസംപന്നരെ അനുഗൃഹീതരും കുറ്റബോധ വിമുക്തരുമാക്കുന്നു. 'പാശ്ചാത്യ' കണ്‍സ്യൂമറിസത്തിന്റെ 'കര്‍മ ബാധ്യതകള്‍' ബാലന്‍സ് ചെയ്യാന്‍ പൂജകളും മറ്റു മതാനുഷ്ടാനങ്ങളും മതിയാകുമെന്ന ധാരണ പ്രചരിക്കപ്പെടുന്നു. ഷോപ്പിങ്ങിനുള്ള ചികിത്സ കൂടുതല്‍ ഷോപ്പിങ്ങാണെന്നു പറയുന്നത് പോലെ, ഗുരുക്കന്മാരുടെയും പുരോഹിതന്മാരുടെയും പക്കലുള്ള ആത്മീയ ചരക്കുകള്‍ വാങ്ങാന്‍ നവധനികര്‍ തിരക്കിട്ടോടുന്നു.
പരസ്യ മത പ്രദര്‍ശനപരത ഫാഷന്‍ ആവുന്നതിന്റെ മറ്റൊരു കാരണം, നവ സമ്പന്നര്‍ക്കിടയില്‍ പ്രചരിക്കുന്ന വിജയീ ഭാവവും (triumphalism ) 'ദേശീയതാ ബോധ'വുമാണ് . സര്‍വ ലോകത്തിലേക്കും മികച്ചത് ഇന്ത്യന്‍ സംസ്കാരമാണെന്ന ധാരണ ഇന്ത്യന്‍ മധ്യ വര്‍ഗത്തില്‍ അതിപ്രബലമാണ്. ഹിന്ദു മത സൂചകങ്ങളും പ്രതീകങ്ങളുമാണ് ഇന്ത്യന്‍ സംസ്കാരത്തിന്റെ കാതലെന്ന ധാരണ സര്‍വവ്യാപിയായിരിക്കെ, 'ഇന്ത്യയുടെ വിജയം' , 'ഹിന്ദു മൂല്യ' ങ്ങളുടെ വിജയമാണെന്ന ടെലി -യോഗി കളുടെയും ഗുരുക്കന്മാരുടെയും പ്രചരണം വ്യാപകമായി സ്വീകരിക്കപ്പെടുന്നു. വളരുന്ന ഹിന്ദു മതാത്മകത എന്നത്, വളരുന്ന ഹിന്ദു തീവ്ര ദേശീയത തന്നെയത്രേ. ജനങ്ങളുടെ 'പൊതു ബോധത്തെ' പരുവപ്പെടുത്തുന്നതിലൂടെ യാണ് ഈ തീവ്ര ദേശീയത നിലയുറപ്പിക്കുന്നത്.
Subscribe to:
Post Comments (Atom)
4 comments:
It would be great if her speech can be video recorded and posted here later.
Thanks,
/JR
Looking forward fo her speach
Regards
Ajith
തീയില്‍ നടത്തം !
തട്ടിപ്പുകള്‍ക്കെതിരെ ശാസ്ത്രബോധമുള്ളവര്‍ പ്രതികരിക്കണം -ഡോ. മീരാനന്ദ
കോഴിക്കോട്: വിശ്വാസത്തിന്റെ പേരില്‍ നടക്കുന്ന തട്ടിപ്പുകള്‍ക്കെതിരെ പരസ്യമായി പ്രതികരിക്കാന്‍ ശാസ്ത്രബോധമുള്ളവര്‍ തയ്യാറാവണമെന്ന് ശാസ്ത്രചിന്തകയും ഇന്ത്യന്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് സയന്‍സ് എജ്യുക്കേഷന്‍ ആന്‍ഡ് റിസര്‍ച്ചില്‍ ഫാക്കല്‍റ്റിയുമായ ഡോ. മീരാനന്ദ പറഞ്ഞു. ശാസ്ത്രസംഘടനയായ സയന്‍സ് ട്രസ്റ്റിന്റെ വാര്‍ഷികത്തോടനുബന്ധിച്ച് ബി. പ്രേമാനന്ദ് അനുസ്മരണം നടത്തുകയായിരുന്നു അവര്‍.
ശാസ്ത്രബോധമുള്ള, തുറന്ന മനസ്സുള്ള സമൂഹമെന്ന് നടിക്കുമ്പോഴും വ്യക്തിപരമായി ചില വിശ്വാസങ്ങളില്‍ ജീവിക്കാന്‍ ഇന്ത്യക്കാര്‍ ഇഷ്ടപ്പെടുന്നുവെന്ന് അവര്‍ കൂട്ടിച്ചേര്‍ത്തു.
രാവിലെ നടന്ന ഓപ്പണ്‍ഫോറം 'ജ്ഞാനോദയത്തിന്റെ സ്വഭാവം' എന്ന വിഷയം ചര്‍ച്ച ചെയ്തു. സമാപനസമ്മേളനം ഐ.എച്ച്.ഇ.യു. എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ ബാബു ഗോഗിനേഗി ഉദ്ഘാടനം ചെയ്തു. സയന്‍സ് ട്രസ്റ്റ് ചെയര്‍മാന്‍ ഇ.എ. ജബാര്‍ അധ്യക്ഷത വഹിച്ചു. ഡോ.സി. വിശ്വനാഥന്‍, പ്രൊഫ. സി.രവിചന്ദ്രന്‍, ഡോ. നരേന്ദ്രനായിക് എന്നിവര്‍ സംസാരിച്ചു.
Post a Comment