Thursday, July 1, 2010

റോഡുകള്‍ യാത്ര ചെയ്യാന്‍ കൂടിയുള്ളതാണ് !

റോഡുകള്‍ യാത്ര ചെയ്യാന്‍ കൂടിയുള്ളതാണ് !

റോഡില്‍ പൊതുയോഗം നടത്തുന്നത് കോടതി തടഞ്ഞതോടെ മൌലികാവകാശങ്ങളെ കുറിച്ചുള്ള ചര്‍ച്ച സജീവമായിരിക്കുകയാണല്ലോ. നമ്മുടെ പൊതുബോധം പെട്ടെന്ന് അംഗീകരിച്ചു തരാന്‍ ഇടയില്ലാത്ത ചില അഭിപ്രായങ്ങള്‍ കൂടി ഈ സന്ദര്‍ഭത്തില്‍ അവതരിപ്പിക്കണമെന്നു തോന്നുന്നു.
സമ്മേളനങ്ങളും റാലികളും ഉത്സവ ഘോഷയാത്രകളും മതാചാരങ്ങളും പൊങ്കാല മഹോത്സവങ്ങളുമൊക്കെ നടത്താന്‍ വേണ്ടിയുള്ളതാണ് നമ്മുടെ ഹൈവേ റോഡുകള്‍ ഉള്‍പ്പെടെയുള്ള പൊതു വഴികള്‍ എന്നാണു നാമൊക്കെ ഇന്നു വരെയും ധരിച്ചുവശായിട്ടുള്ളത്. അത്തരം ഉപരോധങ്ങളൊക്കെയുണ്ടാകുമ്പോള്‍ അതു വഴി കടന്നു വരാന്‍ വിധിക്കപ്പെടുന്ന യാത്രക്കാര്‍ ഉപരോധം അവസാനിപ്പിക്കും വരെ വഴിമുട്ടി കാത്തു നില്‍ക്കണമെന്നതാണു നാട്ടു നടപ്പ്. അല്ലെങ്കില്‍ വഴി മാറി സഞ്ചരിച്ചോളണം. അതു പലപ്പോഴും അസാധ്യവുമായിരിക്കും. കാരണം ബ്ലോക്കില്‍ കുടുങ്ങിയാല്‍ വാഹനം തിരിച്ചു വിടാന്‍ കഴിഞ്ഞെന്നു വരില്ല.
ജീവിതത്തില്‍ ഒരിക്കലെങ്കിലും ഇങ്ങനെയുള്ള ഉപരോധങ്ങളില്‍ കുടുങ്ങുക വഴി യാത്രയുടെ ഉദ്ദേശ്യം തന്നെ വിഫലാമാകുന്ന അനുഭവം ഇല്ലാത്തവര്‍ വിരളമായിരിക്കും. ബ്ലോക്കില്‍ കുടുങ്ങി ബുദ്ധിമുട്ടുന്ന വാഹനങ്ങളുടെയും യാത്രക്കാരുടെയും എണ്ണം, ഉപരോധിക്കുന്ന ആള്‍ക്കൂട്ടത്തെ ക്കാള്‍ വളരെ കൂടുതലായാല്‍ പോലും ആള്‍ക്കൂട്ടത്തിനെതിരെ പ്രതികരിക്കാനോ അവരുമായി സഹകരിക്കാതിരിക്കാനോ യാത്രക്കാര്‍ക്കാവില്ല. കാരണം യാത്രക്കാര്‍ അസംഘടിതരായ വ്യക്തികള്‍ മാത്രം. മറ്റേത് സംഘടിതമോബ്. മോബും വ്യക്തികളും തമ്മില്‍ സംഘര്‍‍ഷമുണ്ടായാല്‍ വ്യക്തികള്‍ നഷ്ടം സഹിക്കേണ്ടി വരും എന്നതിനാല്‍ ഇതൊക്കെ സഹിക്കാന്‍ നാം ശീലിച്ചു കഴിഞ്ഞിരിക്കുന്നു.
പക്ഷെ ഒരു കാര്യം നാം ചിന്തിക്കേണ്ട സമയം അതിക്രമിച്ചു എന്നു തോന്നുന്നു. കേരളത്തിലെ ഗതാഗതം ഇന്നു വലിയ പ്രതിസന്ധിയാണു നേരിടുന്നത്. പ്രധാന റോഡുകളിലൂടെയുള്ള യാത്ര ഇന്ന് ഏറെ ദുരിതപൂര്‍ണ്ണമാണ്‍. വാഹനങ്ങളുടെ ആധിക്യവും യാത്രക്കാരുടെ പെരുപ്പവും റോഡുകളുടെ അപര്യാപ്തതയുമൊക്കെ കൂടിയാണ് ഈ പ്രതിസന്ധികള്‍ സൃഷ്ടിക്കുന്നത്. ഇതിനു പുറമെ റോഡുകള്‍ ആള്‍ക്കൂട്ടങ്ങള്‍ കയ്യടക്കുന്ന സന്ദര്‍ഭങ്ങള്‍ കൂടിയാകുമ്പോള്‍ ഗതാഗത പ്രതിസന്ധി ഇരട്ടിക്കുന്നു.
പൊതുയോഗങ്ങളും ധര്‍ണകളും ആഘോഷങ്ങളും പൊങ്കാലയും പള്ളിപ്പെരുന്നാളും ശോഭായത്രയും നബിദിനറാലിയുമൊക്കെ വേണ്ടതു തന്നെ. അതെല്ലാം നമ്മുടെ ബഹുസ്വര സംസ്കാരത്തിന്റെ സൌന്ദര്യമാണല്ലോ ! പക്ഷെ ഒരു കാര്യം നാമെല്ലാം വിസ്മരിച്ചു പോകുന്നു. നമ്മുടെ റോഡുകളുടെ പ്രധാന ഉപയോഗം യാത്ര യാണെന്ന കാര്യം. രാഷ്ട്രീയപ്പാര്‍ട്ടികള്‍ക്കു യോഗം നടത്താനുള്ള അവകാശത്തെ ഒരു കോടതിക്കും തടയാനാവില്ല. എന്നാല്‍ ഒരു കൂട്ടരുടെ ഈ അവകാശം മറ്റനേകം പേരുടെ ഏറ്റവും മൌലികമായ മറ്റൊരവകാശത്തെ നിഷേധിക്കുന്നുവെങ്കില്‍ കോടതികള്‍ ആരുടെ പക്ഷം നില്‍ക്കണം? നൂറുക്കണക്കിനു യാത്രക്കാര്‍ അവരുടേതായ അത്യാവശ്യ കാര്യങ്ങള്‍ക്കായി പൊതു നിരത്തിലൂടെ യാത്ര ചെയ്യുമ്പോള്‍ ഏതെങ്കിലും പ്രാദേശികമായ ഒരു ചടങ്ങിന്റെ പേരില്‍ ഹൈവേകളില്‍ തടസ്സമുണ്ടാക്കി അവരുടെ യാത്രചെയ്യാനുള്ള മൌലികാവകാശത്തെ ക്രൂരമായി ഹനിക്കുന്നത് ഒരു പരിഷ്കൃത ജനാധിപത്യ സമൂഹത്തിനു ചേര്‍ന്നതാണോ? എല്ലാവരും ചിന്തിക്കേണ്ട കാര്യമാണിത്.
എന്താണു പരിഹാരം?
റോഡുകളുടെ പ്രഥമവും പ്രധാനവുമായ ഉദ്ദേശ്യം യാത്രയാണെന്ന വസ്തുത എല്ലാവരും അംഗീകരിക്കുക. ഇത് കോടതിവിധികളും പോലീസ് നടപടികളും കൊണ്ടു മാത്രം പരിഹരിക്കാന്‍ കഴിയുന്ന കാര്യമല്ല. നമ്മുടെ സംസ്കാരം തന്നെ മാറേണ്ടതുണ്ട്. നമ്മുടെ പൊതു ബോധം കാലോചിതമായി പരിണമിക്കേണ്ടതുണ്ട്. മതചടങ്ങുകളും രാഷ്ട്രീയ യോഗങ്ങളുമെല്ലാം ഒഴിഞ്ഞ മൈതാനങ്ങളിലേക്കും ഓഡിറ്റോറിയങ്ങളിലേക്കും പ്രത്യേകം തയ്യാറാക്കുന്ന പന്തലുകളിലേക്കും മറ്റും മാറ്റി റോഡുകളെ സ്വതന്ത്രമാക്കാന്‍ എല്ലാവരും ചേര്‍ന്നു തീരുമാനിക്കണം. ഇതൊരു പെരുമാറ്റച്ചട്ടമായി സമൂഹം പൊതുവില്‍ അംഗീകരിക്കുകയും വേണം. അത്യാവശ്യമാണെങ്കില്‍ റോഡുകള്‍ ഉപയോഗിക്കാം . പക്ഷെ ഒരു യാത്രക്കാരനു പോലും അതു തടസ്സമാകില്ല എന്നുറപ്പു വരുത്തേണ്ടത് സംഘാടകരുടെ ഉത്തരവാദിത്തമായിരിക്കണം.
കേരളത്തിലെ ഇന്നത്തെ സാഹചര്യത്തില്‍ നാം ഗൌരവമായി ആലോചിക്കേണ്ട കാര്യമാണിതെന്നു തോന്നുന്നു. ഇതു വരെയുള്ള നമ്മുടെ ശീലങ്ങളില്‍ അനിവാര്യമായ മാറ്റം വരുത്താന്‍ നാം സ്വയം തയ്യാറാവണം. ഇത്രയും കാലം ഞങ്ങളൊക്കെ ഇതൊക്കെ റോഡിലല്ലേ നടത്തി വന്നത് എന്ന ചോദ്യം അപ്രസക്തമാണ്. കാരണം കാലം മാറി. റോഡും ഗതാഗതവുമൊക്കെ വളരെയേറെ മാറിക്കഴിഞ്ഞു. അതിനാല്‍ നമ്മുടെ പൊതു ബോധവും മാറിയേ ഒക്കൂ.

26 comments:

ea jabbar said...

റോഡില്‍ കുറെ പേര്‍ ഫുട്ബോള്‍ കളിക്കുന്നു എന്നു കരുതുക. വാഹനങ്ങള്‍ തടഞ്ഞിട്ടുകൊണ്ട് വിനോദത്തിലേര്‍പ്പെടുന്ന ഈ ആള്‍ക്കൂട്ടത്തോടു നാം എങ്ങനെ പ്രതികരിക്കും?
അവര്‍ കളിക്കുകയല്ലേ ഒന്നോ രണ്ടോ മണിക്കൂറല്ലേ അതു കഴിയും വരെ ക്ഷമയോടെ കാത്തിരിക്കാം എന്ന് ചിന്തിച്ച് വാഹനം നിര്‍ത്തിയിടുമോ?
ഒരിക്കലുമില്ല: “നിന്റെ തന്തയുടെ വകയാണോടാ റോഡ് ? “ എന്നു ചോദിച്ചു കൊണ്ട് നമ്മള്‍ അവരോടു കയര്‍ക്കും. തീര്‍ച്ച !
എന്നാല്‍ റോഡ് അനാവശ്യമായി ഉപരോധിച്ചുകൊണ്ട് ഏതെങ്കിലും ഉത്സവത്തിന്റെ പേരിലോ മത ചടങ്ങിന്റെ പേരിലോ ആണു വിനോദം എങ്കില്‍ നമ്മള്‍ എന്താണു ചെയ്യുക ? റോഡിന്റെ പ്രഥമവും പ്രധാനവുമായ ഉപയോഗം മതചടങ്ങും വിനോദവും തന്നെ യെന്ന മട്ടില്‍ നാം ക്ഷമയോടെ വണ്ടി നിര്‍ത്തിയിടും . എത്ര മണിക്കൂര്‍ വേണമെങ്കിലും !
രാഷ്ട്രീയക്കാരുടെ പ്രകടനങ്ങളായാലും സമ്മേളനമായലും ഇതു തന്നെ അവസ്ഥ . റോഡുകല്‍ അവര്‍ക്കൊക്കെ തോന്നുമ്പോലെ കയ്യടക്കാനുള്ളതാണെന്ന പൊതു ബോധം നമ്മെ ഭരിക്കുന്നു !
യാത്ര നമ്മുടെ മൌലികാവകാശമാണെന്നും റോഡുകല്‍ അതിനുള്ളതാണെന്നും നാം അറിയുന്നില്ല !!

ea jabbar said...

ഇതു കൂടി വായിക്കുക

ea jabbar said...

ഇതും

Muhammed Shan said...

കേരളത്തിലെ ഇന്നത്തെ സാഹചര്യത്തില്‍ നാം ഗൌരവമായി ആലോചിക്കേണ്ട കാര്യമാണിതെന്നു തോന്നുന്നു. ഇതു വരെയുള്ള നമ്മുടെ ശീലങ്ങളില്‍ അനിവാര്യമായ മാറ്റം വരുത്താന്‍ നാം സ്വയം തയ്യാറാവണം. ഇത്രയും കാലം ഞങ്ങളൊക്കെ ഇതൊക്കെ റോഡിലല്ലേ നടത്തി വന്നത് എന്ന ചോദ്യം അപ്രസക്തമാണ്. കാരണം കാലം മാറി. റോഡും ഗതാഗതവുമൊക്കെ വളരെയേറെ മാറിക്കഴിഞ്ഞു. അതിനാല്‍ നമ്മുടെ പൊതു ബോധവും മാറിയേ ഒക്കൂ.

chithrakaran:ചിത്രകാരന്‍ said...

നന്നായി പറഞ്ഞിരിക്കുന്നു ജബ്ബാര്‍ മാഷ്.

നമ്മുടെ പ്രവൃത്തി കാരണം അന്യനുണ്ടാകുന്ന അസൌകര്യത്തെ കാണാനാകത്ത വിധം സംസ്ക്കാരശൂന്യമായതും, മനുഷ്യത്വം തൊട്ടു തീണ്ടാത്തതുമായ രാഷ്ട്രീയ പാര്‍ട്ടികളുടെ നേതാക്കളും,
ജാതി-മത സംഘടനകളുടെ മാടംബി സംഘാടകരും
ജനങ്ങളാല്‍ ബഹുമാനിക്കപ്പെടുംബോഴുണ്ടാകുന്ന
സ്ഥിതിവിശേഷമാണിത്.

അന്യന്റെ വ്യക്തിത്വത്തെ ബഹുമാനിക്കുക എന്ന പ്രാധമിക മാനുഷികമര്യാദ ഇല്ലാത്ത സമൂഹമാണ് നമ്മുടേത്.ആ മര്യാദ ലവലേശം പോലും ഇല്ലാത്ത സ്ഥലം കോടതികളാണെന്നാണ് മറ്റൊരു സത്യം !!!
പൌരന്മാര്‍ക്ക് ഇരിക്കാന്‍...പോയിട്ട് നില്‍ക്കാന്‍ പോലും ഇടം നല്‍കാത്ത ഏതോ കിരാത ഭരണകാലത്തെ ന്യായാലയങ്ങളാണ് നമുക്കിന്നുമുള്ളത്.
ന്യായവും നീതിയും കിട്ടിയില്ലെങ്കിലും ജനം നഷ്ടം സഹിച്ചോളും. മനുഷ്യനുനേരെയുള്ള /പൌരനു നേരെയുള്ള കയറില്ലാതെ കെട്ടിയിടുന്ന ഭീഷണമായ ജീര്‍ണ്ണ വ്യവസ്ഥിതിയാണ് കോടതി. ഒരു പ്രകടനത്തിലോ, സമരത്തിനിടയിലോ എത്തിപ്പെട്ടാല്‍ രാഷ്ട്രീയ നേതാവിന്റെ/സംഘാടകന്റെ തന്തയേയും തള്ളയേയും മക്കളേയും പേരക്കുട്ടികളേയും വരെ ശപിച്ചെങ്കിലും കുറച്ചു നേരം നമുക്ക് കാത്തു നില്‍ക്കാം.അല്ലെങ്കില്‍ വഴിമാറി പോകാം. കോടതിയുടെ സ്ഥിതി അത്രയെങ്കിലും മെച്ചമാണോ ? തിരുവായില്‍ നിന്നും വിളിക്കപ്പെടുന്ന പേരുകള്‍ക്കും കേസുകള്‍ക്കും കാതോര്‍ത്ത് രാവിലെ മുതല്‍ വൈകുന്നേരം വരെ ജനം തിക്കിത്തിരക്കി വിയര്‍ത്തൊലിച്ച് ശ്വാസം പോലുമടക്കി കാത്തു നില്‍ക്കണം !!!കോട്ടുവായിട്ടാലോ മൊബൈല്‍ ശബ്ദിച്ചാലോ കോടതി അലക്ഷ്യമാകാം ! ഫ...എന്നിട്ടു കിട്ടുന്ന തിരുമൊഴിയോ ???? .... കേസ് രണ്ടു മാസം കഴിഞ്ഞുള്ള ഒരു ദിവസത്തേക്ക് മാറ്റിവച്ചെന്ന്. വെറുതെ വക്കീല്‍ ഫീസ് കൊടുപ്പിക്കാനുള്ള ന്യായാലയത്തിന്റെ വര്‍ഷങ്ങള്‍ നീണ്ട നീതിവിതരണം ഇതാകുംബോള്‍ പ്രകടനക്കാരൊക്കെ
ആട്ടിന്‍ കുട്ടികളല്ലേ !!! ജനാധിപത്യത്തിനു ചേരാത്ത രണ്ടിനേയും അലക്കി വെളുപ്പിക്കണം. തങ്ങള്‍ ജനങ്ങളുടെ ദാസന്മാരാണെന്ന സത്യം ഈ മാടംബിവ്യവസ്ഥയുടെ സൂക്ഷിപ്പുകാരെയും ഓര്‍മ്മിപ്പിക്കാനുള്ള അവസരമായി വേണം ഇത്തരം വിവാദങ്ങളെ ഉപയോഗപ്പെടുത്താന്‍.

മനുഷ്യാവകാശങ്ങള്‍ തെരുവില്‍ മാത്രമല്ല,എല്ലായിടത്തും മനുഷ്യാവകാശങ്ങള്‍ തന്നെയാണ്. ഭൂരിപക്ഷം കോടതികളും മനുഷ്യാവകാശങ്ങളുടെ അറവുശാലകളാണെന്നാണ് വ്യക്തിപരമായ അഭിപ്രായം.

ഹഹഹഹ..........

ea jabbar said...

ഭൂരിപക്ഷം കോടതികളും മനുഷ്യാവകാശങ്ങളുടെ അറവുശാലകളാണെന്നാണ് വ്യക്തിപരമായ അഭിപ്രായം.

-----
ചിത്രകാരനോട് യോജിക്കുന്നു ...!
കോടതികളില്‍ “ശുംഭന്മാരും ഉണ്ണാമന്മാരു“മുണ്ടെന്ന കാര്യത്തില്‍ തര്‍ക്കമില്ല.
എങ്കിലും ഈ കാര്യം ഇപ്പോള്‍ ചര്‍ച്ച ചെയ്യേണ്ടതാണെന്നു തോന്നുന്നു.

കാക്കര kaakkara said...

റോഡരുകിൽ പൊതുയോഗം നിരോധിച്ചതിനെ പൂർണ്ണമായി ഉൾക്കൊള്ളുവാൻ സാധിക്കില്ല, കാരണം സമരങ്ങളും പൊതുയോഗങ്ങളും റോഡരുകിലും പൊതുസ്ഥലങ്ങളിലും നടത്തേണ്ടിവരും. ഉൽസവം പ്രമാണിച്ച്‌ റോഡരുകിൽ കമാനം ഉയർത്തും... പക്ഷെ ഇതിനൊക്കെ ഒരു നേരും നെറിയും വേണം. അധികാരികളുടെ കയ്യിൽ നിന്ന്‌ മുൻകൂർ അനുവാദം വേണം. റോഡരുകിൽ യോഗം നടത്തുമ്പോൾ കാൽ നടക്കാർക്ക്‌ നടന്നു പോകുവാൻ ബാരിക്കേഡ്‌ കെട്ടി നടപാത നല്കണം, വാഹനങ്ങൾക്ക്‌ സുഗമമായി പോകുവാനുള്ള അവസരം നൽകണം. വണ്ടികൾ തടഞ്ഞിടുന്ന ഗുണ്ടായിസം അവസാനിപ്പിക്കണം.

റോഡിന്റെ നേർ അവകാശികളായ യാത്രക്കാരുടെ അവകാശങ്ങൾ ചവുട്ടിമെതിച്ചിട്ടല്ല പൊതുയോഗങ്ങൾ നടത്തേണ്ടത്‌. ഇപ്പോൾ നടക്കുന്നത്‌ മത-രാഷ്ട്രീയക്കാരുടെ കൂത്താട്ടമാണ്‌, അതുകൊണ്ടുതന്നെയാണ്‌ കോടതിക്ക്‌ ഇത്തരത്തിൽ ഒരു വിധിയും പ്രഖ്യാപിക്കേണ്ടി വന്നത്‌.

റോഡിൽ ഒരു നിയന്ത്രണവുമില്ലാതെ രാഷ്ട്രീയക്കാരും മത സംഘടനകളും നടത്തുന്ന പൊതുയോഗവും റാലികളും പ്രാർത്ഥനകളും, ഇതിനും പുറമെ ഇവരൊക്കെ സ്ഥാപിക്കുന്ന ബോർഡുകളും സ്തൂപങ്ങളും യൂണിയനാപ്പിസുകളും ഭണ്ഢാരപ്പെട്ടികളും എല്ലാം തന്നെ ഒരു ശാപമായി മാറികൊണ്ടിരിക്കുന്നു.

കളിസ്ഥലങ്ങളിലാത്ത നാട്ടിലെ കുട്ടികൾ തിരക്കില്ലാത്ത റോഡിലും കളിക്കും. നിരോധിക്കുന്നതിന്‌ മുൻപ്‌ കളിസ്ഥലം നിർമ്മിക്കുക...

ഓഫ്‌... എം.വി. ജയരാജനെ പാർട്ടി സെക്രട്ടറിയാക്കുക!!!

poor-me/പാവം-ഞാന്‍ said...

ea jabbarji
വഴി എത്ര മീറ്റെര്‍ വീതിയിലായിരിക്കണമെന്ന് താങ്കളുടെ കുര്‍-ആനില്‍ പറയുന്നത് എന്നറിയാനാണ് ഞാന്‍ വന്നത്!!!
ഇനി എന്റെ അഭിപ്രായം
വഴിക്ക് വീതി വേണം
സ്ഥലമുടമക്ക് നീതി വേണം
അതാവത് അയാള്‍ക്ക് നഷ്ടപ്പെട്ട സ്ഥലത്തിനു തുല്ല്യമായ ഇടം നഷ്ടപരിഹാരം കോണ്ട് അയാള്‍ക്ക് കിട്ടണം...

നന്ദന said...

രാഷ്ട്രീയപാർട്ടികളും കോടതികളും സംസ്കരിക്കപ്പെടണാം.

sandu said...

അച്ചടക്കം ഇല്ലാത്ത ജനതയന്നു നമ്മുടെ നാടിന്‍റെ ശാപം .അതിന്റെ പ്രേതിനിധിയയീ അഴിമതി വീരന്മാരും.
വീടിനടുത് ഒരു അമ്മമ ഉണ്ടായിരുന്നു .ഏക്കറുകളോളം വരുന്ന തന്റെ സ്ഥലത്തിന് മതിലോ വേലിയോ കെട്ടാതെ
ഇടാന്‍ അവര്‍ ആഗ്രെഹിച്ചു .നിറയെ മാമ്പഴവും ചക്കയും പേരക്കയും ഒക്കെയുള്ള പുരയിടത്തിലേക്ക്
എല്ലാവര്ക്കും സ്വഗതമായിരുന്നു .ഒന്നും കേടു വരുതതിരുന്നാല്‍ മതിയായിരുന്നു .നിറയെ പൂത്ത മുല്ലയില്‍ നിന്ന് പൂ പറിക്കാം പൂമൊട്ട് പറിക്കരുത്‌ എന്നേ പറയൂ .പഴുത്ത മാമ്പഴം കല്ലെറിഞ്ഞു പോലും പൊട്ടിക്കാം ,
വില്കാന്‍ വേണ്ടി പൊട്ടിച്ചു കൊണ്ട് പോകാന്‍ പാടില്ല എന്നു മാത്രം .കുട്ടികലതൊക്കെ അങ്ങിനെ തന്നെയായിരുന്നു .രാത്രി കൂട്ട് പോലും ഈലാതെ അവര്‍ അവിടെ കഴിഞ്ഞു .ആ മാമ്പഴം കഴിച്ചവര്‍ വളര്ന്നപോള്‍ കാര്യം ഒക്കെ മാറി .അവരെ
ആരു കേള്‍ക്കാന്‍ മരം വരെ മുറിച്ചു കൊണ്ട് പോകാന്‍ തുടങ്ങി .എന്തിനു ഭൂമി കുഴിച്ചു മണ്ണ് വരെ കൊണ്ട് പോകാന്‍ തുടങ്ങി .പലരും വീട് പണിഞ്ഞത് അങ്ങിനെ .വിദേശത്തുള്ള മക്കളുടെ പഴിയും അമ്മുമ കേള്‍കേണ്ടി വന്നു .അപ്പുപ്പന്‍ ജീവിച്ച അതെ വീട്ടില്‍ കിടന്നു മരിക്കണം എന്നു അഗ്രെഹിച്ച അവര്ക് ആ വീടും വിട്ടു പോകേണ്ടി വന്നു .ഭക്ഷണം കഴിക്കാന്‍ വായുള്ള പോലെ അവര്ക് ഒരു ജനനെത്രിയം ഉണ്ടായേ പോയീ ............അതും വേനക്കാല അവധിക്കു ഞങള്‍ അയലത്തെ കുട്ടികള്ക് വേലക്കരീ കളെ കൊണ്ട് ചക്ക വരട്ടിയത് ഉണ്ടാക്കി തരുമ്പോള്‍ കൊതിയോടെ തിന്നു അവിടെ ഓടി കളിച്ചവാന്‍ വളര്‍ന്നു വലുതായപ്പോള്‍ ജനാല വാതിലിലും കുളിമുരിക് പുറകിലും നിഴലനക്കംയാപ്പോള്‍ .................അതോടെ വലിയ മതില്‍ കെട്ടി കാവല്‍ കാരനേയും വച്ച് നഗരത്തിന്റെ തിരക്കിലേക്ക് അവരെയും കൊണ്ട് മക്കള്‍ പോയീ .

അത് തന്നെ യാന്നു ജനിച്ച നാടിനോട് നമ്മളും ചെയുന്ന തെന്നു തോന്നി പോകുന്നു .നാനാത്വത്തില്‍ ഏകത്വം എന്ന വലിയ പറമ്പ് തുറന്നിട്ടിരിക്കുന്നത്‌ കൊണ്ട് നാനാവിധം ഓടി നടന്നു ഒരു പുല്ലു പോലും മുളക്കാത്ത വിധം ആകി യിരിക്കുന്നു നമ്മള്‍ .വേലി കെട്ടി തിരിക്കേണ്ട സമയമായീ .ഒരേ സിവില്‍ കോഡിനു കീഴില്‍ അണിനിരന്നു ഒരേ നിയമമനുസരിച്ച് പ്രീണന രാഷ്ട്രീയം വെടിഞ്ഞു വേണമെങ്കില്‍ ഒരു അടിയന്തിരാവസ്ഥ പ്രേഖപിക്കാനും നടപ്പിലാക്കാനും കഴിവുള്ള ഭരണാധികാരിക്ക് കീഴില്‍ അച്ചടകത്തോടെ ജോലി ചെയാന്‍ തയ്യാറുള്ള തലമുറ ഉണ്ടാകേണ്ട കാലം കഴിഞ്ഞിരിക്കുന്നു .അല്ലെങ്കില്‍ നമ്മള്‍ നടന്നടുക്കുന്നത് അഭായര്തികളുടെയും പലയനതിന്റെയും കലതിലെക്കാകും .ഏകാത്വതിന്‍ കീഴിലെ നാനാത്വം ആയിരിക്കും ചുമക്കാന്‍ എളുപ്പമെന്നു തോന്നുന്നു . സ്വാതന്ത്ര്യം നന്നയുള്ളത് കൊണ്ട്
അതിന്റെ വില അറിയാത്ത ഉത്തരവാദിത്വം ഇല്ലാത്ത കുട്ടികള്‍ ആയെപോയീ നമ്മള്‍ .ഒരു പട്ടാള ചിട്ട ആവശ്യമാണെന്ന് തോന്നുന്നു ,അഴിമതിയുടെ കുന്നിന്‍ മുകളില്‍ എത്തി കഴിഞ്ഞു ഇനി ഒരു ഇറകം ഇറങ്ങിയേ തീരു .കാലം തെളിയിക്കട്ടെ അധികം മുരിപ്പാടില്ലാതെ.

sandu said...
This comment has been removed by the author.
sandu said...
This comment has been removed by the author.
പാര്‍ത്ഥന്‍ said...

ചിന്തിക്കേണ്ട സമയം.

ചിത്രകാരനോടുംയോജിക്കുന്നു.

പാര്‍ത്ഥന്‍ said...

അനിയന്ത്രിത ഗതാഗത തടസ്സത്തെക്കുറിച്ച ഒരു അനുഭവം എഴുതാം: 1982ലാണെന്നു തോന്നുന്നു, രാജീവ് ഗാന്ധി തൃശൂർ നഗരത്തിൽ യൂത്തന്മാരുടെ ഒരു സമ്മേളനത്തിനു വരുന്നു. മൂന്നു മണിക്കു ശേഷം സാധാരണ ഓടുന്ന ബസ്സുകളൊന്നും തൃശൂർ ടൌണിൽ വരുകയില്ല എന്ന വിവരം പരക്കുന്നു. ചിലർ പറഞ്ഞു പടിഞ്ഞാറെകോട്ടയിൽ പോയാൽ ബസ്സ് കിട്ടും എന്ന്. ഞങ്ങൾ കുറെ പേർ അങ്ങോട്ട് നടന്നു. അവിടെയും ബസ്സ് ഇല്ല. അപ്പോൾ കേൾക്കുന്നു പൂങ്കുന്നത്ത് വരെ ബസ്സ് വരുന്നുണ്ട്. എന്നാൽ അവിടെക്ക് നടക്കാം. അവിടെ ചെന്നപ്പോൾ ആ വഴിക്ക് ബസ്സുകളൊന്നും വരുന്നില്ല. കുറെ അന്വേഷണങ്ങൾക്കൊടുവിൽ മനസ്സിലായി കുന്നംകുളം ഗുരുവായൂർ ഭാഗത്തുനിന്നും വരുന്ന ബസ്സുകൾ അയ്യന്തോൾ വഴി പടിഞ്ഞാറെ കോട്ടവരെ വന്നിരുന്നു. ഇനി അയ്യന്തോൾ പാടത്തുകൂടി നടന്ന് അയ്യന്തോളിൽ നിന്നും വരുന്ന ബസ്സ് പിടിക്കൂകയല്ലാതെ വേറെ ഒരു വഴിയും ഉണ്ടായിരുന്നില്ല. ആ 7-8 കിലോമീറ്റർ നടത്തത്തോടുകൂടി രാഷ്ട്രീയപാർട്ടികളുടെ ചിട്ടപ്പെടുത്താത്ത ഗതാഗത നിയന്ത്രണത്തോട് വെറുപ്പ് തോന്നിതുടങ്ങി. ബസ്സുകൾ വഴിതിരിച്ചു വിടുന്നത് മുൻ‌കൂട്ടി അറിയിച്ചതിനുശേഷമാണെങ്കിൽ ജനങ്ങൾക്ക് അതൊരു സഹിക്കാവുന്ന ബുദ്ധിമുട്ട് മാത്രമായി പരിഗണിക്കും.

കുരുത്തം കെട്ടവന്‍ said...

ഹര്‍ത്താല്‍: ഇടത്‌ എം എല്‍ എ മാര്‍ ആയിരം രൂപ ഉറപ്പാക്കി!! ഹ ഹ, പൊതുജനങ്ങള്‍ ജോലിക്ക്‌ പോകാന്‍ പാടില്ല നമ്മുടെ പോക്കറ്റില്‍ കാശ്‌ വീഴുകയും വേണം. എന്തൊരു ജനാധിപത്യ ബോധം.!! സഖാക്കള്‍ നീണാള്‍ വാഴട്ടെ.

ea jabbar said...

ഈ കുറിപ്പ് ഇന്ന് മാതൃഭൂമി പത്രം പ്രസിദ്ധീകരിച്ചിട്ടുണ്ട്

dotcompals said...

ലോകത്ത് വില്‍ക്കുന്ന സകല വാഹങ്ങളും ഇവിടെയും വില്‍ക്കുന്നു, ജനങ്ങള്‍ ഉപയോഗിക്കുന്നു, അങ്ങിനെയാണെങ്കില്‍ റോഡ് സംസ്കാരത്തിലും ലോകം പോകുന്ന വഴിയെ നമുക്ക് പോകണം. അല്ലെങ്കില്‍ മറ്റൊരു പോംവഴിയുള്ളത് നമുക്ക് കാളവണ്ടി യുഗത്തിലേക്ക് മടങ്ങാം ! ബര്‍ദാന്‍ പറഞ്ഞപോലെ “സ്വാതന്ത്രസമരകാലത്ത് മുതലെ റോഡരികില്‍ നമ്മള്‍ സമ്മേളനങ്ങള്‍ നടത്തിയിരുന്നു !” ബര്‍ദാന്‍ മാഷെ, അന്നുള്ള പോലത്തെ വാഹനങ്ങളാണോ ഇന്നുള്ളത്? അന്നുള്ള ജനസംഖ്യയാണോ, ഇന്ന്, ? ചൈനയിലെങ്ങിനെയാ നിയമം? ഓ അവിടെ സമ്മേളിക്കാനുള്ള സ്വാതന്ത്രമേ ഇല്ലാ, പിന്നെ അല്ലെ റോഡിന് നടുവില്‍ സമ്മേളനം. !

Rejesh Paul said...

റോഡിലെ പൊതുയോഗം അവസാനിപ്പികെണ്ടാതുതന്നെ.
എന്നാല്‍ ഒരു നിയമ കൂടി നടപ്പാക്കേണ്ടതുണ്ട്.ഒരുവേക്തിക്ക് സഞ്ജരിക്കാന്‍ ഒരു വലിയവണ്ടി അത് അനവിശ്യമാണ്. ഒരു കാറില്‍ ഒരാള്‍ യാത്ര ചെയ്താലും അതെ വണ്ടിയില്‍ അഞ്ചുപേര്‍ യാത്ര ചെയ്താലും ഉണ്ടാകുള്ള മലിനികരണം ഒന്നാണ്.
അകൊള താപനം ലോകത്തെ തന്നെ വിഴുങ്ങാന്‍ പോകുന്ന കാലഘട്ടത്തില്‍ നാം ഇത് ചിതിക്കതിരിക്കുന്നത് തന്നെ വലിയ അപരാതമാണ്.
ഇന്ത്യയില്‍ എഴുപതു ശതമാനം ആളുകളുടെ ദിവസ വരുമാനം കേവലം ഇരുപതു രൂപ മാത്രം. ഈ കണക്കു വെച്ച് നോക്കിയാല്‍ എത്ര ശതമാനം ആളുകള്‍ക്ക് സ്വന്തമായി വാഹനമുണ്ടാകും?
വളരെ ചെറിയ ശതമാനം ആളുകള്‍ സൃഷ്ടിക്കുന്ന മാലിനീകരണത്തിന്റെ ദൂഷ്യവശങ്ങള്‍ അനുഭവിക്കുന്നത് ഇവിടത്തെ മുഴുവന്‍ ജനങ്ങളുമാണ്.
മുകളില്‍ 'ബാര്‍ദനെ' ജയ്ക്കാന്‍ ചൈനയെ ഉപയോഗിച്ച സ്നേഹിതന്‍ ചൈനയിലെ വാഹന നിയമങ്ങള്‍ കൂടി പരിശോദിക്കണം എന്ന് അപേക്ഷിക്കുന്നു.

...sijEEsh... said...

"യാത്ര നമ്മുടെ മൌലികാവകാശമാണെന്നും റോഡുകല്‍ അതിനുള്ളതാണെന്നും നാം അറിയുന്നില്ല"

നന്നായിട്ടുണ്ട് മാഷേ

ചിത്രകാരനോടും യോജിക്കുന്നു.

K.M.Venugopalan said...

The context of the recent court order banning roadside meetings, street corner meetings, etc is completely overlooked in your article. The ban does not appear so much about freedom of people's movement rather than throttling expressions of protest by people.
If we were to ignore the context of the court order, I think one could agree with your views here: . "റോഡുകളുടെ പ്രഥമവും പ്രധാനവുമായ ഉദ്ദേശ്യം യാത്രയാണെന്ന വസ്തുത എല്ലാവരും അംഗീകരിക്കുക. ഇത് കോടതിവിധികളും പോലീസ് നടപടികളും കൊണ്ടു മാത്രം പരിഹരിക്കാന്‍ കഴിയുന്ന കാര്യമല്ല. നമ്മുടെ സംസ്കാരം തന്നെ മാറേണ്ടതുണ്ട്. നമ്മുടെ പൊതു ബോധം കാലോചിതമായി പരിണമിക്കേണ്ടതുണ്ട്. മതചടങ്ങുകളും രാഷ്ട്രീയ യോഗങ്ങളുമെല്ലാം ഒഴിഞ്ഞ മൈതാനങ്ങളിലേക്കും ഓഡിറ്റോറിയങ്ങളിലേക്കും പ്രത്യേകം തയ്യാറാക്കുന്ന പന്തലുകളിലേക്കും മറ്റും മാറ്റി റോഡുകളെ സ്വതന്ത്രമാക്കാന്‍ എല്ലാവരും ചേര്‍ന്നു തീരുമാനിക്കണം. ഇതൊരു പെരുമാറ്റച്ചട്ടമായി സമൂഹം പൊതുവില്‍ അംഗീകരിക്കുകയും വേണം. അത്യാവശ്യമാണെങ്കില്‍ റോഡുകള്‍ ഉപയോഗിക്കാം . പക്ഷെ ഒരു യാത്രക്കാരനു പോലും അതു തടസ്സമാകില്ല എന്നുറപ്പു വരുത്തേണ്ടത് സംഘാടകരുടെ ഉത്തരവാദിത്തമായിരിക്കണം."
But that is not an issue here. Huge religious congregations and rallies proclaiming faith do not seem to be the targets of attack by the court here.
On the contrary,the context seems to be different . Accesses to public spaces are more and more being denied to the people than restored. Kind of brazenness, insensitivity and arbitrariness in denying people's rights to protest is repeatedly shown by the courts.
Sad that many of us are not willing to understand the dynamic of this recent encroachments in the very name of freedom of movement. Here public roads are held as exclusively meant for people traveling in vehicles and not for mass protests; shame on democracy.
Where else shall we take ourselves if we need to convey a political message across the streets?

MKERALAM said...

'Access to public spaces is increasingly denied,rather than protected. Kind of insensitivity and arbitrariness in denying people's rights is what attracts criticism of such court orders.'

പബ്ലിക്ക് സ്പെസിന്റെ ജനങ്ങളുടെ ഉപയോഗത്തെയോ അവരുടെ അവകാശത്തെയോ ഹനിക്കുന്നു എന്നുള്ളതാണ് ഈ നിയമത്തിനെതിരെ കൂടുതല്‍ ക്രിട്ടിസിസം അര്‍ഹിക്കുന്ന പോയിന്റ് എന്നുള്ള വേണുഗോപാലിന്റെ അഭിപ്രായത്തോട് യോജിക്കാന്‍ കഴിയുന്നില്ലല്ലോ.

റോഡിലെ യോഗം ചേരല്‍ വിലക്കിയതു കോണ്ട്, സ്കൂളുകളീലോ ഹാളുകളീലോ യോഗം കൂടരുത് എന്നര്‍ത്ഥമില്ലല്ലോ. അവയൊക്കെ പൊതുസ്ഥലങ്ങള്‍ തന്നെയാണല്ലോ.അല്ലേ?

തന്നെയുമല്ല ഈ നിയമത്തെ ചോദ്യം ചെയ്യുന്നതു ജനങ്ങളല്ലല്ലോ.
'Mr Achuthanandan said the HC had issued such a verdict banning roadside meeting without hearing the opinion of the government or the political parties'.

എന്തിനാണ് ഗവണ്മെന്റും പോളിക്കല്‍ പര്‍ട്ടികളും ഇത്ര വിഷമിക്കുന്നത്. നാട്ടിലെ രാഷ്ട്ര്രിയ യോഗം കൊണ്ടും, മത പരേഡു കൊണ്ടും പൊറുതി മുട്ടിയ എന്നെപ്പോലെയുള്ള യാത്രക്കാര്‍ക്ക്, നിയമത്തിന്റെ ഈ വിലക്കില്ലെങ്കില്‍ ഒരു ചോയിസുമില്ല. വഴിയെ യാത്രചെയ്യുന്നതിന്റെ പേരില്‍ ഞാനതൊക്കെ സഹിക്കണം. പക്ഷെ വിലക്ക് എനിക്കു ചോയിസു തരുന്നു , ഈ മത രാഷ്ടീയ വളീപ്പു പ്രോഗ്ഗാമുകള്‍ എന്റെ ഐറ്റിനറിയില്‍ എനിക്കുള്‍ക്കൊള്ളീക്കതിരിക്കുന്നതിനുള്ള ചോയിസ്.

The second is the order of democracy, not the first.

And Kerala is planning to have highways developed across. One of the basic traffic rules along the highways is the ban of people from its vicinity, intended for the safety of the very same people. The expected speed along the highways is 120Km/hr, a speed at which a driver cannot manure his speed seeing an obstacle in front.

Kerla's chief minister does clarify the ground on which his government and the politicians opposes the law. But what he says is there was no enough consultation.

MKERALAM said...

'Access to public spaces is increasingly denied,rather than protected. Kind of insensitivity and arbitrariness in denying people's rights is what attracts criticism of such court orders.'

പബ്ലിക്ക് സ്പെസിന്റെ ജനങ്ങളുടെ ഉപയോഗത്തെയോ അവരുടെ അവകാശത്തെയോ ഹനിക്കുന്നു എന്നുള്ളതാണ് ഈ നിയമത്തിനെതിരെ കൂടുതല്‍ ക്രിട്ടിസിസം അര്‍ഹിക്കുന്ന പോയിന്റ് എന്നുള്ള വേണുഗോപാലിന്റെ അഭിപ്രായത്തോട് യോജിക്കാന്‍ കഴിയുന്നില്ലല്ലോ.

റോഡിലെ യോഗം ചേരല്‍ വിലക്കിയതു കോണ്ട്, സ്കൂളുകളീലോ ഹാളുകളീലോ യോഗം കൂടരുത് എന്നര്‍ത്ഥമില്ലല്ലോ. അവയൊക്കെ പൊതുസ്ഥലങ്ങള്‍ തന്നെയാണല്ലോ.അല്ലേ?

തന്നെയുമല്ല ഈ നിയമത്തെ ചോദ്യം ചെയ്യുന്നതു ജനങ്ങളല്ലല്ലോ.
'Mr Achuthanandan said the HC had issued such a verdict banning roadside meeting without hearing the opinion of the government or the political parties'.

എന്തിനാണ് ഗവണ്മെന്റും പോളിക്കല്‍ പര്‍ട്ടികളും ഇത്ര വിഷമിക്കുന്നത്. നാട്ടിലെ രാഷ്ട്ര്രിയ യോഗം കൊണ്ടും, മത പരേഡു കൊണ്ടും പൊറുതി മുട്ടിയ എന്നെപ്പോലെയുള്ള യാത്രക്കാര്‍ക്ക്, നിയമത്തിന്റെ ഈ വിലക്കില്ലെങ്കില്‍ ഒരു ചോയിസുമില്ല. വഴിയെ യാത്രചെയ്യുന്നതിന്റെ പേരില്‍ ഞാനതൊക്കെ സഹിക്കണം. പക്ഷെ വിലക്ക് എനിക്കു ചോയിസു തരുന്നു , ഈ മത രാഷ്ടീയ വളീപ്പു പ്രോഗ്ഗാമുകള്‍ എന്റെ ഐറ്റിനറിയില്‍ എനിക്കുള്‍ക്കൊള്ളീക്കതിരിക്കുന്നതിനുള്ള ചോയിസ്.

The second is the order of democracy, not the first.

MKERALAM said...

And Kerala is planning to have highways developed across. One of the basic traffic rules along the highways is the ban of people from its vicinity, intended for the safety of the very same people. The expected speed along the highways is 120Km/hr, a speed at which a driver cannot manure his speed seeing an obstacle in front.

Kerla's chief minister does NOT clarify the ground on which his government and the politicians opposes the law. But what he says is there was no enough consultation.

ea jabbar said...

പാതയോരത്തു പൊതുസമ്മേളനം നിരോധിച്ച ഹൈക്കോടതിയുടെ മുന്‍ ഉത്തരവില്‍ സര്‍ക്കാര്‍ ചൂണ്ടിക്കാട്ടിയ അപാകതകള്‍ പരിഹരിച്ചും പഴുതുകള്‍ അടച്ചുമാണു റിവ്യൂ ഹര്‍ജിയിലെ വിധി. സര്‍ക്കാരിന്റെ വാദം വിശദമായി പരിഗണിച്ച്, നിയമങ്ങളും സുപ്രീം കോടതി വിധികളും ഉദ്ധരിച്ചു തയാറാക്കിയ വിധി സുപ്രീം കോടതിയിലെ അപ്പീല്‍ സാധ്യതയ്ക്കു പോലും മങ്ങലേല്‍പ്പിച്ചേക്കാം.

പൊതുയോഗ നിരോധനത്തിലെ പൊതുതാല്‍പര്യമെന്തെന്നു ഹൈക്കോടതി വിശദമായി പ്രതിപാദിക്കുന്നു. വിധിkക്ക് ആധാരമായ ഹര്‍ജിയിലെ പ്രശ്നം ആലുവയില്‍ ഒതുങ്ങുന്നതല്ല, സംസ്ഥാനമൊട്ടാകെ ബാധകമാണ്. ആലുവയില്‍ മാത്രമായി ഉത്തരവു പരിമിതപ്പെടുത്തിയാല്‍ കളമശേരിയിലെത്തുമ്പോള്‍ ജനം
കുടുങ്ങും. സര്‍ക്കാര്‍ അവകാശപ്പെടുന്ന മൌലികാവകാശങ്ങളെക്കാള്‍ വലുതാണു പൊതുജനങ്ങള്‍ക്കു ജീവിക്കാനും സഞ്ചരിക്കാനുമുള്ള അവകാശം. പൊതുതാല്‍പര്യ ഹര്‍ജിയില്‍ ഹൈക്കോടതിക്കു വിപുലമായ അധികാരങ്ങളും ജനങ്ങളുടെ അവകാശങ്ങള്‍ സംരക്ഷിക്കാന്‍ ബാധ്യതയുമുണ്ടെന്നു കോടതി പ്രഖ്യാപിക്കുന്നു.

വഴിയോരത്തു പൊതുയോഗങ്ങള്‍ എന്തുകൊണ്ടു പാടില്ലെന്നു ബന്ധപ്പെട്ട നിയമങ്ങള്‍ ഉദ്ധരിച്ചു കോടതി ചൂണ്ടിക്കാട്ടി: വ്യക്തിയുടെ സഞ്ചാരസ്വാതന്ത്യ്രം തടയുന്നതു ക്രിമിനല്‍ കുറ്റമാണ്.

യോഗം നടത്തി പൊതുനിരത്തു തടസ്സപ്പെടുത്തുന്നത് ഇന്ത്യന്‍ ശിക്ഷാനിയമത്തിലെ 431, 339 വകുപ്പുകള്‍ പ്രകാരം കുറ്റകരമാണ്. 1999ലെ ഹൈവേ സംരക്ഷണ നിയമമനുസരിച്ചു ഗതാഗതാവശ്യത്തിനല്ലാതെ ഹൈവേ പൂര്‍ണമായോ ഭാഗികമായോ
തടസ്സപ്പെടുത്തുകയോ കേടുവരുത്തുകയോ ചെയ്യുന്നതു കയ്യേറ്റമാണ്. പന്തല്‍, സ്റ്റേജ്, ബോര്‍ഡ് ഇവ സ്ഥാപിക്കുന്നതും കയ്യേറ്റമാണ്. ഹൈവേയുടെ ഏതെങ്കിലും ഭാഗം ഗതാഗതത്തിന് അല്ലാതെ ഉപയോഗിക്കുന്നതു നിരോധിച്ചിട്ടുണ്ട്. അതിനു ശിക്ഷയുമുണ്ട്. മുനിസിപ്പല്‍, പഞ്ചായത്തു റോഡുകളുടെ കാര്യത്തിലും സമാന നിയമങ്ങളുണ്ട്. ഈ നിയമത്തിലൊന്നും റോഡിന്റെ ഭാഗമല്ലാതെ മാറ്റിനിര്‍ത്താവുന്ന ഭാഗങ്ങളെക്കുറിച്ചു പറയുകയോ ഏതെങ്കിലും ഭാഗത്തു യോഗം നടത്താന്‍ അനുവദിക്കുകയോ ചെയ്യുന്നില്ല. പാതയോരങ്ങളില്‍ ഒഴിഞ്ഞ സ്ഥലമുണ്ടെങ്കില്‍ തന്നെ കയ്യേറ്റത്തിനു വിധേയമാകുകയും പിന്നീടു പതിച്ചുനല്‍കുകയുമാണു ചെയ്യുന്നതെന്നു കോടതി ചൂണ്ടിക്കാട്ടി.

ea jabbar said...

താല്‍ക്കാലികമായി പോലും റോഡ് തടസ്സപ്പെടുത്തുന്നതു ക്രിമിനല്‍ കുറ്റമാണ്. അതിനാല്‍ ഗതാഗതം തടസ്സപ്പെടുത്തിക്കൊണ്ടുള്ള യോഗങ്ങള്‍ കുറ്റകരമാണ്. പൊതുയോഗങ്ങള്‍ക്കായി ആളുകൂടുന്ന കവലകള്‍ തിരഞ്ഞെടുക്കാന്‍ കാരണം ജീവിതത്തിരക്കില്‍ ജനത്തിനു സമയനഷ്ടം ഒഴിവാക്കാനാണെന്നു സര്‍ക്കാര്‍ പറയുന്നു. എന്നാല്‍, പല ആവശ്യങ്ങള്‍ക്കായി എത്തുന്ന ജനങ്ങള്‍ക്കുമേല്‍ യോഗങ്ങള്‍ അടിച്ചേല്‍പ്പിക്കുന്നതു നിയമവിരുദ്ധവും മനുഷ്യാവകാശ ലംഘനവും പൊതുശല്യവുമാണെന്നു കോടതി പറഞ്ഞു.

’അഭിപ്രായ സ്വാതന്ത്യ്രത്തിന് ഒരു വ്യക്തിക്കുള്ള അവകാശം മറ്റൊരു വ്യക്തിയുടെ സമാധാനപരമായ ജീവിതത്തിലും സഞ്ചാരസ്വാതന്ത്യ്രത്തിലുമുള്ള ഇടപെടല്‍ ആകരുത്. ഇത്തരം തടസ്സങ്ങള്‍ ഒഴിവാക്കാന്‍ ക്രിമിനല്‍ നടപടി ചട്ടത്തിലെ 133-ാം വകുപ്പുപ്രകാരം ആര്‍ഡിഒയ്ക്കു ബാധ്യതയുണ്ട്. ഗതാഗത തടസ്സങ്ങളില്‍ ജീവന്‍പോലും അപകടത്തിലാകുന്ന രോഗികള്‍, പരുക്കേറ്റവര്‍, ഗര്‍ഭിണികള്‍ എന്നിവരുടെ ജീവിക്കാനുള്ള അവകാശം പരിഗണിക്കണം- കോടതി വ്യക്തമാക്കി.

വാഹനങ്ങളുടെ എണ്ണം പെരുകുന്നതിന് അനുസരിച്ചു റോഡുകള്‍ വികസിക്കുന്നില്ല. 1975ല്‍ സംസ്ഥാനത്ത് 1.19 ലക്ഷം വാഹനങ്ങള്‍ ഉണ്ടായിരുന്നതു 2005ല്‍ 31.22 ലക്ഷവും 2010ല്‍ 54 ലക്ഷവും എത്തിയെന്നാണ് ഏകദേശ കണക്ക്.

എറണാകുളം ജില്ലയില്‍ തന്നെ 65,000 വാഹനങ്ങള്‍ കഴിഞ്ഞ വര്‍ഷം റജിസ്റ്റര്‍ ചെയ്തു. റോഡിന്റെ നീളം രണ്ടുലക്ഷം കിലോമീറ്ററായി കൂടിയെങ്കിലും ഗതാഗത തടസ്സമില്ലാതെ യോഗം നടത്താന്‍ റോഡുകളില്‍ സ്ഥലമുണ്ടെന്നു സര്‍ക്കാരിനും പറയാനാവില്ല.

സംസ്ഥാനത്തു ദിവസേന ശരാശരി പത്തിലേറെപ്പേര്‍ റോഡപകടത്തില്‍ മരിക്കുന്നു. 3700 - 3900 വരെ ആളുകളാണു വര്‍ഷത്തില്‍ മരിക്കുന്നത്. 25,000 പേര്‍ക്കു ഗുരുതര പരുക്കും 16,000 പേര്‍ക്കു സാധാരണ പരുക്കും ഏല്‍ക്കുന്നു. ഇൌ കണക്കു നോക്കിയാല്‍ ആലുവയ്ക്കു മാത്രമല്ല, ഉത്തരവു സംസ്ഥാനമൊട്ടാകെ ബാധകമാക്കുന്നതില്‍ തെറ്റില്ല.

ea jabbar said...

എനിക്ക് ഈയടുത്ത ദിവസം ഉണ്ടായ അനുഭവം പറയാം. 7 മണിക്കു മുമ്പായി ചാലക്കുടി എത്തേണ്ടതിനായി കാറില്‍ മലപ്പുറത്തുനിന്നും 3മണിക്കു പുറപ്പെട്ടു. വട്ടപ്പാറ എത്തിയപ്പോള്‍ ബ്ലോക്. ബ്ലോ‍ക്കില്‍ നിന്നും രക്ഷപ്പെട്ട് കുറ്റിപ്പുറത്തെത്തുന്നത് 7.30 ന്!ചാലക്കുടിയെത്തിയത് 10മണി കഴിഞ്ഞ്.
പോപുലര്‍ഫ്രണ്ടുകാരുടെ ജാഥ കുറ്റിപ്പുറം മുതല്‍ വളാഞ്ചേരിവരെ. അത്രയും സമയം നാഷനല്‍ ഹൈവെ ഉപരോധം. പതിനായിരക്കണക്കിനാളുകളാണ്‍ റോഡില്‍ ഇരു വശത്തുമായി കുടുങ്ങിക്കിടന്നത്. ജാഥയില്‍ 500 പേരോ ആയിരം പേരോ കാണും.
രണ്ട് ആംബുലന്‍സുകള്‍ രോഗികളുമായി ബ്ലോക്കില്‍ കിടക്കുന്നത് ഞാന്‍ നേരിട്ടു കണ്ടു. എന്തെല്ലാം ആവശ്യങ്ങള്‍ക്കായി എത്രയെത്രപേര്‍ ആ റോഡില്‍ ആ സമയത്തു യാത്ര ചെയ്യുന്നുണ്ടാകും?
ഇവിടെ പോപുലര്‍ ഫ്രണ്ടുകാര്‍ക്കു തെറിയും വിളിച്ചു ജാഥ നടത്താം . അതു മൌലികാവകാശം തന്നെ. പക്ഷെ യാത്ര ചെയ്യാനുള്ള പതിനായിരം പേരുടെ മൌലികാവകാശം തടഞ്ഞുകൊണ്ടുള്ള ഈ തോന്നിവാസം അനുവദിക്കണോ?

MUSLIMS ARE THE VICTIMS OF 'ISLAM' !

30 വര്‍ഷത്തിലേറെക്കാലമായി ഒരു ലക്കം പോലും മുടങ്ങാതെ പ്രസിദ്ധീകരിക്കുന്നു

30 വര്‍ഷത്തിലേറെക്കാലമായി ഒരു ലക്കം പോലും മുടങ്ങാതെ പ്രസിദ്ധീകരിക്കുന്നു
ഏ വി ജോസ് , കുറ്റിപ്പുഴ നഗര്‍ , തൃശ്ശൂര്‍.