Tuesday, February 22, 2011

എം എ ജോണിനെ കുറിച്ച് കുരീപ്പുഴ :-


കേരളം കണ്ട തീര്‍ത്തും വ്യത്യസ്തനായ ഒരു രാഷ്ട്രീയക്കാരനായിരുന്നു എം.എ.ജോണ്‍. വിപുലമായ വായന അദ്ദേഹത്തിന്റെ സമ്പത്തായിരുന്നു. അതുകൊണ്ടുതന്നെ ഒന്നിനും പൊരുത്തപ്പെടാനാകാതെ ആ രാഷ്ര്ട്രീയജീവിതം അവസാനിച്ചു. പനമ്പിള്ളി ഗോവിന്ദമേനോനും സി. കേശവനും ശേഷം യുക്തിബോധം ഉണ്ടായിരുന്ന അപൂര്‍വം ദേശീയപ്രസ്ഥാനക്കാരനായിരുന്നു അദ്ദേഹം. മകരജ്യോതി ഒരു തട്ടിപ്പാണെന്ന് തുറന്നുപറഞ്ഞ ഏക ഖദര്‍ ധാരി. ഈയിടെ കൊല്ലത്ത് നടന്ന യുക്തിവാദി സെമിനാറില്‍ ദേവസ്വം ബോര്‍ഡും മറ്റ് സര്‍ക്കാര്‍വകുപ്പുകളും ചേര്‍ന്ന് നടത്തുന്ന ഈ കബളിപ്പിക്കലിനെ അദ്ദേഹം തുറന്നുകാട്ടി.
കോളജ് വിദ്യാഭ്യാസകാലത്ത് എം.എ.ജോണിനെ എനിക്ക് പരിചയമുണ്ടായിരുന്നു. അദ്ദേഹം നേതൃത്വം കൊടുത്ത കോണ്‍ഗ്രസ് പരിവര്‍ത്തനവാദികള്‍ എന്ന സംഘടന അടിയന്തരാവസ്ഥയെ നിശിതമായി എതിര്‍ത്തു. ആ സംഘടനയിലെ ആയിരത്തിലധികം പ്രവര്‍ത്തകര്‍ ജയില്‍വാസം അനുഭവിച്ചിരുന്നു. ഇരുപതിനപരിപാടി, ഇലക്ഷന്‍ തട്ടിപ്പ്, ഇന്ദിരയുടെ അടിയന്തരം തുടങ്ങിയ ലഘുലേഖകള്‍ വിതരണം ചെയ്യുകവഴി അടിയന്തരാവസ്ഥക്കെതിരെ പ്രവര്‍ത്തിക്കാനും ഒളിവില്‍ കഴിയാനുമുള്ള സന്ദര്‍ഭമുണ്ടായത് അഭിമാനകരമായ ഒരു ജീവിതാധ്യായമായി ഞാന്‍ കരുതുന്നു. ഈ ലഘുലേഖ തയാറാക്കിയത് എം.എ.ജോണും പ്രമുഖ പത്രപ്രവര്‍ത്തകന്‍ പി.രാജനും അഭിഭാഷകന്‍ വി.രാമചന്ദ്രനും ആയിരുന്നു. കോണ്‍ഗ്രസ് പരിവര്‍ത്തനവാദികള്‍ ഇ.എം.എസ് നമ്പൂതിരിപ്പാട് നയിച്ച അന്നത്തെ ഇടതുപക്ഷമുന്നണിയില്‍ അംഗവുമായിരുന്നു.
എം.എ.ജോണിന്റെ കുര്യനാട്ടുള്ള വസതിയില്‍ ഞാന്‍ പോയിട്ടുണ്ട്. ആ വീട്ടിലെ ഗ്രന്ഥശേഖരം വിദ്യാര്‍ഥിയായിരുന്ന എന്നെ അദ്ഭുതപ്പെടുത്തുകയുണ്ടായി. എം.എ.ജോണും മറ്റ് ദേശീയ നേതാക്കന്മാരും ചൈനയെക്കുറിച്ചും സോഷ്യലിസത്തെക്കുറിച്ചും മറ്റും ക്ലാസുകള്‍ എടുത്തിരുന്ന സമയത്ത് ഞാന്‍ ആ ലൈബ്രറിയില്‍ ഇരുന്ന് അഭിജ്ഞാനശാകുന്തളത്തിലെ ഒരു ശ്ലോകം കാണാതെ പഠിച്ചു.
കാന്താംഗി നാലടി നടന്നു നിന്നുകൊണ്ടാള്‍
കാലില്‍ തറച്ചിതു കുശാങ്കുരം എന്ന് കാന്തേ
ക്ഷീരത്തവൃക്ഷ നിടപത്തില്‍ ഉടക്കിയല്ലെന്നാലും
വിടര്‍ത്തുവതിനായി മുഖവും തിരിച്ചാള്‍
ഇതായിരുന്നു ഇപ്പോഴും എന്റെ ഓര്‍മയിലുള്ള ആ ശ്ലോകം . ഒരു രാഷ്ട്രീക്കാരന്റെ വീട്ടില്‍നിന്ന് അഭിജ്ഞാന ശാകുന്തളം കണ്ടെത്തുക ഇപ്പോഴും അദ്ഭുതകരമായ ഒരു കാര്യമാണ്.
യുക്തിവാദിസംഘത്തിന്റെ യോഗങ്ങളില്‍ വലതുപക്ഷ രാഷ്ട്രീയക്കാരെ സാധാരണ കാണാറില്ല. എന്നാല്‍ എം.എ.ജോണ്‍ യുക്തിവാദി സമ്മേളനങ്ങളില്‍ പങ്കെടുക്കുകയും ജാതി-മത-ദൈവ രഹിതമായ തന്റെ ജീവിതനിലപാട് ഉറപ്പിച്ചു പറയുകയും ചെയ്തിരുന്നു. സമൂഹത്തെ രക്ഷിക്കാന്‍ ഒരു ദൈവം ഉണ്ടായിരുന്നെങ്കില്‍ രാഷ്ട്രീയ-സാംസ്‌കാരിക പ്രവര്‍ത്തനങ്ങളുടെ ആവശ്യം ഉണ്ടാകുമായിരുന്നില്ലെന്ന് എം.എ.ജോണ്‍ പറഞ്ഞിരുന്നു. പണ്ഡിറ്റ് ജവഹര്‍ലാല്‍ നെഹ്‌റുവിന്റെ ആശയങ്ങളെ പിന്തുടരാന്‍ ബാധ്യതയുള്ള ഖദര്‍ധാരികളില്‍നിന്ന് തീര്‍ത്തും വ്യത്യസ്തനാകുന്നു മതം രോഗവും, വര്‍ഗീയത രോഗലക്ഷണവുമാണെന്ന് വിശ്വസിച്ചിരുന്ന എം.എ.ജോണ്‍.
[കടപ്പാട് : മാധ്യമം ]

11 comments:

ea jabbar said...

കേരളത്തിലെ ഏറ്റവും വലിയ ലൈബ്രറി ജോണിന്റേതാണെന്നു കേട്ടിട്ടുണ്ട്.
അഴിമതിയോടും അനീതിയോടും വിട്ടുവീഴ്ച്ച ചെയ്യാത്ത നേതാവായിരുന്നു എം എ ജോണ്‍ . അതുകൊണ്ടു തന്നെ അധികാരത്തിന്റെ അകത്തളങ്ങളിലേക്ക് അദ്ദേഹം കടന്നു ചെന്നില്ല . ആ നല്ല മനുഷ്യന്റെ വിയോഗത്തില്‍ ആത്മാര്‍ത്ഥമായി ദുഖിക്കുന്നു !

ea jabbar said...

യുക്തിവാദി എന്നു കേള്‍ക്കുമ്പൊഴേക്കും “അമ്മയും പെങ്ങളുമില്ലാത്ത തെമ്മാടി” എന്നു കൂവിയാര്‍ക്കുന്ന അല്‍പ്പന്മാര്‍ക്ക് സ്വജീവിതം കൊണ്ടു മറുപടി നല്‍കിയ അനേകം യുക്തിവാദികളുണ്ട്. അവരില്‍ ഒരാളായിരുന്നു ജോണ്‍

സുശീല്‍ കുമാര്‍ said...

കേരളത്തിലെ മതേതര രാഷ്ട്രീയത്തിന്‌ എം എ ജോണിന്റെ വിയോഗം ഒരു കനത്ത നഷ്ടമാണ്‌. ആദരാഞ്ജലികൾ.

Haryjith said...

എം എ ജോണിന്റെ വിയോഗത്തില്‍ ആത്മാര്‍ഥമായ അനുശോചനം അറിയിക്കുന്നു...!!!

NITHYAN said...

ആദര്ശം സാഹചര്യത്തിനൊത്ത് വ്യാഖ്യാനിക്കാന് കൂട്ടാക്കാത്തതിന് കൊടുത്ത വിലയായിരുന്നു ജോണിന്റെ രാഷ്ട്രീയജീവിതം. ആദരാഞ്ജലികള്

HUMANITY said...

മതം രോഗമാണെന്നു തിരിചറിഞ്ഞ ആ മനുഷ്യ സ്നെഹിയുദെ നിര്യാണത്തില്‍ ആത്മാര്‍ഥമായ്‌ ദുഃഖിക്കുന്നു

ശ്രീജിത് കൊണ്ടോട്ടി. said...

ആദരാഞ്ജലികള്‍..

നനവ് said...

ജോണിന്റെ മരണം ഒരു തീരാനഷ്ടമാണ്...

ea jabbar said...

സിനിമാ നടന്‍ ശ്രീനിവാസന്റെ അനുഭവം:- ചക്ക വീണു മുയലു ചത്തു !

മി | Mi said...
This comment has been removed by the author.
george said...

അതെ.

MUSLIMS ARE THE VICTIMS OF 'ISLAM' !

30 വര്‍ഷത്തിലേറെക്കാലമായി ഒരു ലക്കം പോലും മുടങ്ങാതെ പ്രസിദ്ധീകരിക്കുന്നു

30 വര്‍ഷത്തിലേറെക്കാലമായി ഒരു ലക്കം പോലും മുടങ്ങാതെ പ്രസിദ്ധീകരിക്കുന്നു
ഏ വി ജോസ് , കുറ്റിപ്പുഴ നഗര്‍ , തൃശ്ശൂര്‍.