അദ്ധ്യായം 8 : സൂറത്തുൽ
ലൈൽ(92)
മക്കയിൽ അവതരിച്ച ആദ്യകാല അധ്യായങ്ങളിൽ
ഒന്നാണ് സൂറത്തുൽ ലൈൽ . വിശ്വാസികൾ
ദൈനംദിന പ്രാർത്ഥനകളിൽ പതിവായി പാരായണം ചെയ്യാറുള്ള ഈ ചെറിയ അധ്യായത്തിൽ ആകെ 21 വചനങ്ങളാണ് ഉൾക്കൊള്ളുന്നത്.
പ്രകൃതി സത്യങ്ങളും
പ്രാചീന അറബിക് കാവ്യശൈലിയും
وَاللَّيْلِ إِذَا يَغْشَىٰ ﴿١﴾ وَالنَّهَارِ إِذَا تَجَلَّىٰ ﴿٢
‘’രാത്രി
തന്നെയാണ് - അത് മൂടിക്കൊണ്ടിരിക്കുമ്പോള്!
പകല് തന്നെയാണ് - അത്
പ്രത്യക്ഷപ്പെടുമ്പോള്!’’ (92:1-2)
സൂറത്തുൽ ലൈൽ ആരംഭിക്കുന്നത് പ്രകൃതി
പ്രതിഭാസങ്ങളെ മുൻനിർത്തിയുള്ള സത്യപ്രതിജ്ഞകളോടെയാണ്. പ്രപഞ്ച സ്രഷ്ടാവായ ദൈവം
മനുഷ്യനോട് ഒരു കാര്യം വ്യക്തമാക്കാൻ രാത്രിയെയും പകലിനെയും പോലുള്ള പ്രകൃതി പ്രതിഭാസങ്ങളെ
ചൂണ്ടിക്കാട്ടി സത്യം ചെയ്യേണ്ടി വരുന്നു
എന്നത് ഖുർആനിക ശൈലിയുടെ ഒരു വലിയ പരിമിതിയാണ്. കേൾവിക്കാരെ വിശ്വസിപ്പിക്കാൻ
വേണ്ടി ദൈവം നിരന്തരം സത്യം ചെയ്യുന്നുവെങ്കിലും, അതിനുശേഷം പറയുന്ന ആശയങ്ങൾക്ക് ഇത്തരം
വലിയ സത്യപ്രതിജ്ഞകളുടെ ആവശ്യകതയോ ഗൗരവമോ ഉണ്ടാകാറില്ല.
ഈ സത്യം ചെയ്യൽ ശൈലി ദൈവിക വെളിപാടല്ല, മറിച്ച് അന്നത്തെ
പ്രാചീന അറേബ്യൻ ഭാഷാ-സാംസ്കാരിക പശ്ചാത്തലത്തിന്റെ പ്രതിഫലനം മാത്രമാണ്. ഏഴാം
നൂറ്റാണ്ടിലെ അറബികളുടെ ദൈനംദിന വ്യവഹാര ഭാഷയിലും, അന്നത്തെ കവികളുടെയും പ്രവാചകത്വം
അവകാശപ്പെട്ടിരുന്ന മറ്റ് കാഹിനുകളുടെയും കാവ്യരചനകളിലും പ്രകൃതിവസ്തുക്കളെ തൊട്ട് സത്യം
ചെയ്യുന്ന ശൈലി വ്യാപകമായി നിലനിന്നിരുന്നു. അത്തരം കവിതകളും സംസാരങ്ങളും
കേട്ടുപഠിച്ച സാംസ്കാരിക അന്തരീക്ഷത്തിൽ നിന്നാണ് മുഹമ്മദ് ഈ സാഹിത്യരൂപം ഉൾക്കൊള്ളുന്നത്. അക്ഷരജ്ഞാനം നേടാൻ
സർവ്വകലാശാലകളിൽ പോകേണ്ടതില്ലാത്ത ഒരു നാടോടി സമൂഹത്തിൽ കവിതകൾ വാമൊഴിയായി
പ്രചരിച്ചിരുന്നു. അന്നത്തെ അറേബ്യൻ കവികൾ ഉപയോഗിച്ചിരുന്ന അതേ നാടോടി ശൈലിയും
ശീലങ്ങളും കടമെടുത്ത് പ്രപഞ്ചസൃഷ്ടാവിന്റെ വാക്കുകളെന്ന പേരിൽ അവതരിപ്പിക്കുകയാണ്
ഖുർആൻ ഇവിടെ ചെയ്യുന്നത്.
സ്വയം സത്യം ചെയ്യൽ
وَمَا خَلَقَ الذَّكَرَ وَالْأُنثَىٰ ﴿٣﴾
‘പുരുഷനെയും
സ്ത്രീയെയും സൃഷ്ടിച്ചവനെ തന്നെയാണ് ,! ’’ (92:3)
ഇവിടെ ആരാണ് സത്യം ചെയ്യുന്നത് എന്നത്
വലിയൊരു ചോദ്യമുയർത്തുന്നുണ്ട്. അല്ലാഹു തന്നെയാണ് സംസാരിക്കുന്നതെങ്കിൽ, "എന്നെത്തന്നെ
സത്യം" അല്ലെങ്കിൽ "ഞാൻ തന്നെയാണ് സത്യം" എന്ന് പറയുന്നതിന് പകരം, മൂന്നാമതൊരാളെ
ചൂണ്ടിക്കാണിക്കുന്ന ശൈലിയിലാണ് വാചകം നിർമ്മിച്ചിരിക്കുന്നത്. വചനങ്ങൾ പറയുന്നത്
അല്ലാഹുവാണെന്ന കാര്യം മറന്നുകൊണ്ട്, പ്രവാചകൻ തന്നെ അല്ലാഹുവിനെ മുൻനിർത്തി
സ്വയം സംസാരിക്കുന്ന സന്ദർഭങ്ങളിലൊന്നാണിത്. "രാത്രിയാണ് സത്യം, പകലാണ് സത്യം"
എന്ന് പറഞ്ഞതുപോലെ അർത്ഥമില്ലാത്ത രീതിയിൽ, താൻ വചനങ്ങൾ നിർമ്മിക്കുകയാണെന്ന
കാര്യം മറന്ന് പ്രവാചകൻ സ്വയം അല്ലാഹുവിന്റെ പേരിൽ സത്യം ചെയ്യുകയാണ് ഇവിടെ.
മറ്റൊന്ന്, സൃഷ്ടാവായ ദൈവം
മനുഷ്യരെ "ആൺ, പെൺ" എന്ന് രണ്ട് ലിംഗവിഭാഗങ്ങളായി മാത്രമാണ്
കാണുന്നത് ! ലോകത്ത് എല്ലാ കാലത്തും ജീവിച്ചിരുന്ന ലക്ഷക്കണക്കിന് വരുന്ന ട്രാൻസ്ജെൻഡർ
(ഭിന്നലിംഗ) വ്യക്തികളെക്കുറിച്ചോ മറ്റ് ലിംഗവൈവിധ്യങ്ങളെക്കുറിച്ചോ ഖുർആനിൽ
യാതൊരു പരാമർശവുമില്ല. സർവ്വജ്ഞനായ ഒരു സ്രഷ്ടാവിന്റെ പരിഗണനയിൽ ഈ വിഭാഗം
ഒരിക്കലും കടന്നുവന്നിട്ടില്ല. എന്നാൽ ആധുനിക മനുഷ്യരും സമൂഹവും ലിംഗവൈവിധ്യങ്ങളെ
അംഗീകരിക്കുകയും എല്ലാവരെയും മനുഷ്യരായി പരിഗണിച്ച് മുന്നോട്ടുപോകുകയും
ചെയ്യുന്നു. ആധുനിക മാനവിക ധാർമ്മികതയുമായി തട്ടിച്ചുനോക്കുമ്പോൾ ഏഴാം
നൂറ്റാണ്ടിലെ മനുഷ്യരുടെ പരിമിതമായ അറിവുകൾക്കപ്പുറത്തേക്ക് ഖുർആൻ വളരുന്നില്ല
എന്നതിന്റെ തെളിവാണ് ഈ വചനം.
മനുഷ്യ
പ്രവർത്തനങ്ങളും സന്മാർഗ്ഗിക സങ്കൽപ്പങ്ങളും
إِنَّ سَعْيَكُمْ لَشَتَّىٰ ﴿٤﴾ فَأَمَّا
مَنْ أَعْطَىٰ وَاتَّقَىٰ ﴿٥﴾ وَصَدَّقَ بِالْحُسْنَىٰ ﴿٦﴾ فَسَنُيَسِّرُهُ لِلْيُسْرَىٰ ﴿٧﴾ وَأَمَّا
مَن بَخِلَ وَاسْتَغْنَىٰ ﴿٨﴾ وَكَذَّبَ بِالْحُسْنَىٰ ﴿٩﴾ فَسَنُيَسِّرُهُ لِلْعُسْرَىٰ ﴿١٠﴾
"നിശ്ചയമായും നിങ്ങളുടെ പ്രവർത്തനങ്ങൾ വിഭിന്നങ്ങളാകുന്നു.
എന്നാൽ ആര് നൽകുകയും സൂക്ഷിക്കുകയും ഏറ്റവും നല്ലതിൽ വിശ്വസിക്കുകയും ചെയ്തുവോ, അവന് നാം എളുപ്പമായതിലേക്ക് സൗകര്യം ചെയ്തുകൊടുക്കും. എന്നാൽ ആര്
പിശുക്കുകാട്ടുകയും ധന്യത നടിക്കുകയും ഏറ്റവും നല്ലതിനെ നിഷേധിക്കുകയും ചെയ്തുവോ, അവന് നാം ഞെരുക്കമുള്ളതിലേക്ക് സൗകര്യം ചെയ്തുകൊടുക്കും." (92: 4-10)
മനുഷ്യരെ ലളിതവൽക്കരിച്ച് രണ്ട് വിഭാഗമായി
തിരിക്കുകയാണ് ഖുർആൻ ഇവിടെ ചെയ്യുന്നത്. അല്ലാഹുവിന് വേണ്ടി ധനം ചെലവഴിക്കുകയും
ഭയപ്പെടുകയും ചെയ്യുന്നവർക്ക് കാര്യങ്ങൾ എളുപ്പമാക്കി കൊടുക്കും എന്ന വാഗ്ദാനം
നൽകുന്നു. എന്നാൽ ഈ എളുപ്പം ഇഹലോകത്താണോ അതോ പരലോകത്താണോ എന്ന് ഖുർആൻ
വ്യക്തമാക്കുന്നുമില്ല. മറുവശത്ത്, ധനം ചെലവഴിക്കാൻ മടിക്കുന്നവരെയും
പ്രവാചകന്റെ ആശയങ്ങളെ നിഷേധിക്കുന്നവരെയും ദുരിതത്തിലേക്കും ഞെരുക്കത്തിലേക്കും തള്ളിവിടുമെന്ന്
ഭീഷണിപ്പെടുത്തുകയും ചെയ്യുന്നു.
ഈ വചനങ്ങളുടെ അവതരണ പശ്ചാത്തലമായി
തഫ്സീറുകളിൽ നൽകിയിരിക്കുന്ന ചരിത്രം പ്രവാചക അനുയായിയായ അബൂബക്കറും അദ്ദേഹത്തിന്റെ
പിതാവുമായുള്ള അഭിപ്രായവ്യത്യാസമാണ്.
അബൂബക്കർ സാമ്പത്തികമായും ശാരീരികമായും
അങ്ങേയറ്റം ദുർബലരും ഉപകാരമില്ലാത്തവരുമായ അടിമകളെ വിലകൊടുത്തു വാങ്ങി
മോചിപ്പിച്ചിരുന്നു. ഇതുകണ്ട അദ്ദേഹത്തിന്റെ പിതാവ് അബൂഖുഹാഫ ചോദിച്ചു:
"നീ എന്തിനാണ് യാതൊരു കാര്യത്തിനും കൊള്ളാത്ത ദുർബലരായ
അടിമകളെ വാങ്ങുന്നത്? നിനക്ക് എന്തെങ്കിലും കാര്യത്തിന് ഉപകരിക്കുന്ന, കായികശേഷിയുള്ള
അടിമകളെ വാങ്ങിക്കൂടെ?"
സ്വന്തം പിതാവ് പ്രായോഗിക ബുദ്ധിയോടെ
ചോദിച്ച ഈ ചോദ്യത്തിന്, ദൈവപ്രീതിക്ക് വേണ്ടിയാണ് ഞാൻ ഇത് ചെയ്യുന്നത് എന്ന
അബൂബക്കറിന്റെ മറുപടിയെ ന്യായീകരിക്കാൻ അല്ലാഹുതന്നെ ഖുർആൻ വചനങ്ങളുമായി ഇറങ്ങി
വരുന്നു എന്നതാണ് ഇസ്ലാമിക അവകാശവാദം. ഒരു കുടുംബത്തിലെ പിതാവും മകനും തമ്മിലുള്ള
സംസാരത്തിൽ, സ്വന്തം അനുയായിയെ പുകഴ്ത്താനും പിതാവിനെ കുറ്റപ്പെടുത്താനും പ്രപഞ്ച സ്രഷ്ടാവ്
വചനങ്ങൾ അവതരിപ്പിച്ചു എന്ന് പറയുന്നത് ഖുർആൻ പ്രവാചകന്റെ വ്യക്തിപരമായ
ആശ്വാസത്തിനും ന്യായീകരണങ്ങൾക്കുമായി രൂപപ്പെടുത്തിയതാണെന്ന യാഥാർത്ഥ്യത്തിലേക്ക്
വിരൽ ചൂണ്ടുന്നു.
ഒഴിവുകഴിവുകളും നരക
ഭീഷണിയും
وَمَا يُغْنِي عَنْهُ مَالُهُ إِذَا
تَرَدَّىٰ ﴿١١﴾ إِنَّ
عَلَيْنَا لَلْهُدَىٰ ﴿١٢﴾ وَإِنَّ
لَنَا لَلْآخِرَةَ وَالْأُولَىٰ ﴿١٣
"അവൻ വീഴുമ്പോൾ അവന്റെ ധനം അവന് ഉപകരിക്കുകയില്ല.
നിശ്ചയമായും മാർഗ്ഗദർശനം നൽകൽ നമ്മുടെ ചുമതലയാകുന്നു. തീർച്ചയായും നമുക്കുള്ളതാണ്
പരലോകവും ഇഹലോകവും. " (92:11-13)
മനുഷ്യൻ മരണപ്പെടുകയോ നരകത്തിൽ വീഴുകയോ
ചെയ്യുമ്പോൾ അവൻ കൂട്ടിവെച്ച ധനം ഉപകാരപ്പെടുകയില്ലെന്നും, അത് നല്ല
കാര്യങ്ങൾക്ക് ചെലവഴിക്കണമെന്നും പറയുന്ന ആശയങ്ങൾ പൊതുവേ നല്ല സന്ദേശങ്ങളാണ്. ഈ
വചനങ്ങളുടെ അവതരണ പശ്ചാത്തലമായി (അസ്ബാബുന്നുസൂൽ) തഫ്സീറുകളിൽ പറയുന്നത്
അബൂബക്കറുമായി ബന്ധപ്പെട്ട സന്ദർഭമാണ്.
മനുഷ്യൻ മരിക്കുകയോ നരകത്തിൽ വീഴുകയോ
ചെയ്താൽ അവൻ കൂട്ടിവെച്ച ധനം ഉപകാരപ്പെടില്ല എന്ന ഉപദേശം കേൾക്കാൻ നല്ലതാണെങ്കിലും, തൊട്ടടുത്ത വചനങ്ങളിൽ
പ്രവാചകൻ തന്റെ പരാജയം മറയ്ക്കാൻ പറയുന്ന ഒഴിവുകഴിവുകൾ വ്യക്തമാണ്. മക്കയിലെ
ജനങ്ങൾക്ക് പ്രവാചകന്റെ ഉത്ബോധനങ്ങൾ കൊണ്ട് യാതൊരു പ്രയോജനവും
ഉണ്ടാകുന്നില്ലെന്നും, അവർ ഇത് തള്ളിക്കളയുകയാണെന്നും കണ്ടപ്പോൾ അല്ലാഹുവിന്റെ
പേരിൽ സ്വയം വചനങ്ങൾ ചമച്ച് തടിയൂരാൻ ശ്രമിക്കുകയാണ് ഇവിടെ.
"മാർഗ്ഗദർശനം നൽകൽ എന്റെ ചുമതലയാണ്, ഇഹലോകവും പരലോകവും
എന്റെ സ്വന്തമാണ്" എന്ന് അല്ലാഹു പ്രഖ്യാപിക്കുന്നതായി പറയുന്നതിലൂടെ, തനിക്ക് ജനങ്ങളെ
ബോധ്യപ്പെടുത്താൻ സാധിക്കാത്തതിന്റെ ഉത്തരവാദിത്വം ദൈവത്തിന്റെ തലയിൽ
കെട്ടിവെക്കുകയാണ് പ്രവാചകൻ ചെയ്യുന്നത്. ആളുകൾ കൂടെ നിൽക്കുന്നില്ലെന്ന്
കാണുമ്പോൾ "അവരെയങ്ങ് വിട്ടേക്ക്, ഞാൻ നോക്കിക്കോളാം" എന്ന് പറഞ്ഞ്
സ്വയം ആശ്വാസം കണ്ടെത്തുന്ന ഒരു സാധാരണ മനുഷ്യന്റെ മാനസികാവസ്ഥയാണ് ഈ ആയത്തുകളിൽ
പ്രതിഫലിക്കുന്നത്.
യുക്തിപരമായ നിരീക്ഷണങ്ങളോ ആശയപരമായ
പ്രബോധനങ്ങളോ ആളുകൾ ഉൾക്കൊള്ളുന്നില്ല എന്ന് വ്യക്തമാകുമ്പോൾ ഖുർആൻ പതിവുപോലെ അതിന്റെ
ഏറ്റവും ഭീകരമായ ആയുധമെടുത്ത് പ്രയോഗിക്കുന്നു
فَأَنذَرْتُكُمْ نَارًا تَلَظَّىٰ ﴿١٤﴾ لَا يَصْلَاهَا إِلَّا الْأَشْقَى ﴿١٥﴾ الَّذِي كَذَّبَ وَتَوَلَّىٰ ﴿١٦﴾ وَسَيُجَنَّبُهَا الْأَتْقَى ﴿١٧﴾ الَّذِي
يُؤْتِي مَالَهُ يَتَزَكَّىٰ ﴿١٨﴾
"അതുകൊണ്ട് ആളിക്കത്തുന്ന അഗ്നിയെക്കുറിച്ച് ഞാനിതാ
നിങ്ങൾക്ക് താക്കീത് നൽകിയിരിക്കുന്നു. പരമ ദുർഭാഗ്യവാനായ, നിഷേധിക്കുകയും
തിരിഞ്ഞുകളയുകയും ചെയ്തവനല്ലാതെ അതിൽ പ്രവേശിക്കുകയില്ല. അത്യധികം
സൂക്ഷ്മതയുള്ളവനും,
പരിശുദ്ധി
നേടുവാനായി തന്റെ ധനം കൊടുക്കുന്നവനുമായ വ്യക്തി അതിൽ നിന്നും അകറ്റി
നിർലാക്കപ്പെടും." (92: 14-18)
മക്കൻ സൂറത്തുകളിലുടനീളം കാണാൻ
സാധിക്കുന്നതുപോലെ, തന്റെ വാക്കുകൾ വകവെച്ചു തരാത്ത ഖുറൈശികളെ ഭയപ്പെടുത്താൻ
നരകത്തിലെ ആളിക്കത്തുന്ന തീയിന്റെ ചിത്രീകരണങ്ങൾ കൊണ്ടുവരികയാണ് പ്രവാചകൻ
ചെയ്യുന്നത്. താൻ പറയുന്ന ആശയങ്ങളിലെ ദാർശനികമായ ശരി തെളിയിക്കാൻ സാധിക്കാതെ
വരുമ്പോൾ ആത്യന്തികമായി ഭയപ്പെടുത്തി കീഴടക്കുക എന്ന തന്ത്രമാണ് ഖുർആൻ ഇവിടെയും
പുറത്തെടുക്കുന്നത്.
ബിലാലിന്റെ
പ്രകോപനം
وَمَا لِأَحَدٍ عِندَهُ مِن نِّعْمَةٍ تُجْزَىٰ ﴿١٩﴾ إِلَّا ابْتِغَاءَ وَجْهِ رَبِّهِ الْأَعْلَىٰ ﴿٢٠﴾
وَلَسَوْفَ يَرْضَىٰ ﴿٢١﴾
"പ്രത്യുപകാരം ചെയ്യേണ്ട യാതൊരു ഔദാര്യവും അവന്റെ അടുക്കൽ
ആർക്കുമില്ല. തന്റെ അത്യുന്നതനായ രക്ഷിതാവിന്റെ പ്രീതി നേടുക എന്നതല്ലാതെ.
പിന്നീട് അവൻ തൃപ്തിയടയുക തന്നെ ചെയ്യും." (92: 18-21)
അൽ-വാഹിദിയുടെ അസ്ബാബുന്നുസൂൽ (Asbab al-Nuzul) പോലെയുള്ള ചരിത്ര വ്യാഖ്യാന ഗ്രന്ഥങ്ങളിൽ ഇബ്നു അബ്ബാസിനെ ഉദ്ധരിച്ച് ഈ
ആയത്തുകളുടെ അവതരണ പശ്ചാത്തലം വിശദീകരിക്കുന്നുണ്ട്. ആ വിവരണം ഇപ്രകാരമാണ്:
പ്രവാചക അനുയായിയായ ബിലാൽ, മക്കയിലെ ഖുറൈശി
പ്രമുഖനായ അബ്ദുള്ളാഹിബ്നു ജുദ്ആന്റെ അടിമയായിരുന്നു. ആദ്യകാലത്ത് ഇസ്ലാം
സ്വീകരിച്ച ബിലാൽ, കഅബയിൽ പോയി ഖുറൈശികൾ ആരാധിച്ചിരുന്ന വിഗ്രഹങ്ങളുടെ മുകളിൽ
മലവിസർജനം നടത്തി അവഹേളിക്കുകയുണ്ടായി.
ഇത്രയും വലിയ പ്രകോപനപരമായ പ്രവർത്തനം
ഒരു അടിമയിൽ നിന്നുണ്ടായിട്ടും മക്കയിലെ ഖുറൈശികൾ അന്യന്റെ സ്വത്തായ ആ അടിമയെ
അപ്പോൾ തന്നെ കായികമായി നേരിടാനോ വധിക്കാനോ മുതിർന്നില്ല. പകരം, അന്നത്തെ
ഗോത്രനിയമങ്ങളും സാമാന്യ മര്യാദകളും അനുസരിച്ച് ഉടമസ്ഥനായ അബ്ദുള്ളാഹിബ്നു
ജുദ്ആന്റെ അടുക്കൽ പരാതിപ്പെടുകയാണ് ചെയ്തത്. തുടർന്ന് ഉടമസ്ഥൻ പരിഹാരക്രിയയായി
ഒട്ടകങ്ങളെ ബലിനൽകുകയും ബിലാലിനെ അവർക്ക് വിട്ടുനൽകുകയും ചെയ്തു. ഇതിനെ തുടർന്ന് മരുഭൂമിയിലെ ചുട്ടുപഴുത്ത മണലിൽ വെച്ച് ബിലാലിനെ
അവർ മർദ്ദിക്കുന്നു.
ഈ സംഭവത്തിനിടയിലൂടെ കടന്നുപോയ
പ്രവാചകൻ, ബിലാലിനോട് "ഏകനായ ദൈവം നിന്നെ രക്ഷിക്കും" എന്ന് പറയുകയും
അബൂബക്കറിന്റെ അടുത്തെത്തി "ബിലാൽ അല്ലാഹുവിന് വേണ്ടി പീഡനം
അനുഭവിക്കുകയാണ്" എന്ന് അറിയിക്കുകയും ചെയ്തു. തുടർന്ന് അബൂബക്കർ ഒരു പൗണ്ട്
സ്വർണ്ണം നൽകി ബിലാലിനെ വാങ്ങുകയായിരുന്നു.
ഇതുകണ്ട ഖുറൈശികൾ "ബിലാലിനോട്
കടപ്പാടുള്ളതുകൊണ്ടാണ് (തങ്ങൾക്ക് വേണ്ടി ഈ പ്രകോപനം ഉണ്ടാക്കിയതുകൊണ്ട്) അബൂബക്കർ
അവനെ പണം കൊടുത്തു വാങ്ങിയത്" എന്ന് കുറ്റപ്പെടുത്തിയപ്പോഴാണ്, അബൂബക്കറിനെ
ന്യായീകരിച്ചുകൊണ്ട് "അവൻ പ്രത്യുപകാരം പ്രതീക്ഷിച്ചല്ല, ദൈവപ്രീതിക്ക്
വേണ്ടിയാണ് ഇത് ചെയ്തത്" എന്ന് വാദിച്ച് ഈ ആയത്തുകൾ ഇറങ്ങുന്നത്.
ഈ ചരിത്ര വിവരണങ്ങളെ നിഷ്പക്ഷമായി
വിശകലനം ചെയ്യുമ്പോൾ ആദ്യകാല മക്കൻ സമൂഹത്തെക്കുറിച്ചും പ്രവാചക
സംഘത്തെക്കുറിച്ചും ചില പ്രധാന ചോദ്യങ്ങൾ ഉയർന്നുവരുന്നുണ്ട്. തങ്ങളുടെ
പുണ്യസങ്കേതമായ കഅബയിൽ കയറി ആരാധനാ വിഗ്രഹങ്ങളെ അങ്ങേയറ്റം മ്ലേച്ഛമായ രീതിയിൽ
അവഹേളിച്ചിട്ടുപോലും ഖുറൈശികൾ അന്നു കാണിച്ച സംയമനവും നിയമപരമായ സമീപനവും
ശ്രദ്ധേയമാണ്. ഇന്നത്തെ ആധുനിക ജനാധിപത്യ സമൂഹത്തിൽ പോലും ഒരു മതചിഹ്നത്തിന് നേരെ
ഇത്തരം പ്രവർത്തനം നടന്നാൽ ഉണ്ടാകുന്ന വർഗീയ കലാപങ്ങളോ ആൾക്കൂട്ട ആക്രമണങ്ങളോ
മക്കയിൽ ഉണ്ടായില്ല എന്നതും, അവർ ഉടമസ്ഥനോട് പരാതിപ്പെടുക മാത്രം ചെയ്തു എന്നതും
അന്നത്തെ സാംസ്കാരിക നിലവാരത്തിലേക്ക് വിരൽ ചൂണ്ടുന്നു.
അതോടൊപ്പം, അന്നത്തെ സാമൂഹിക
അന്തരീക്ഷത്തിൽ ഒരു അടിമ സ്വന്തം നിലയ്ക്ക് ഇത്തരം കടുത്ത പ്രകോപനം സൃഷ്ടിക്കുമോ
എന്ന ചോദ്യവും പ്രസക്തമാണ്. പ്രവാചകന്റെയും അബൂബക്കറിന്റെയും അറിവോടും പ്രേരണയോടും
കൂടിയാണ് ബിലാൽ ഇത് ചെയ്തതെന്നും, അതിനുശേഷമാണ് അബൂബക്കർ പണം നൽകി അദ്ദേഹത്തെ
രക്ഷപ്പെടുത്തിയതെന്നും ഖുറൈശികൾ ഉന്നയിച്ച വാദത്തിന് ബലമേകുന്നതാണ് ഈ പശ്ചാത്തലം.
എന്നിരുന്നാലും, ഇസ്ലാമിക കഥകളിലും സാധാരണ പ്രസംഗങ്ങളിലും "ബിലാൽ
ഇസ്ലാം സ്വീകരിച്ചതുകൊണ്ട് മാത്രം ക്രൂരമായി പീഡിപ്പിക്കപ്പെട്ടു" എന്ന
രീതിയിലാണ് ഈ സംഭവം അവതരിപ്പിച്ചു കാണുന്നത്. അൽ-വാഹിദിയെപ്പോലുള്ള പ്രമുഖ
പണ്ഡിതന്മാരുടെ അസ്ബാബുന്നുസൂൽ ഗ്രന്ഥങ്ങളിൽ രേഖപ്പെടുത്തിയിട്ടുള്ള ഈ വിഗ്രഹ
അവഹേളന സംഭവം മലയാളത്തിലെ പല പ്രമുഖ തഫ്സീറുകളിലും കാണാറില്ല എന്നതും
ശ്രദ്ധേയമാണ്.
ചുരുക്കത്തിൽ, ചരിത്ര രേഖകളിലൂടെയും
തഫ്സീറുകളിലൂടെയും നിഷ്പക്ഷമായി സഞ്ചരിക്കുമ്പോൾ, മക്കൻ കാലഘട്ടത്തിലെ സംഘർഷങ്ങൾക്ക്
പിന്നിൽ കേവലം ആശയപരമായ ഭിന്നതകൾ മാത്രമല്ല, മറിച്ച് മറുപക്ഷത്തെ ആസൂത്രിതമായി
പ്രകോപിപ്പിക്കുന്ന തന്ത്രങ്ങളും ഉണ്ടായിരുന്നുവെന്ന് വ്യക്തമാകുന്നു.
"ജാഹിലിയ്യ" എന്ന് വിശേഷിപ്പിക്കപ്പെട്ട മക്കൻ ഖുറൈശികൾ അന്നു കാണിച്ച
സാമാന്യ മര്യാദയും, അവരെ പ്രകോപിപ്പിക്കാൻ ഉപയോഗിച്ച മാർഗ്ഗങ്ങളും വിശകലനം
ചെയ്യുമ്പോൾ പരമ്പരാഗതമായ ആഖ്യാനങ്ങൾ തലകീഴായി മറിയുന്ന കാഴ്ചയാണ് കാണാൻ
സാധിക്കുന്നത്.
No comments:
Post a Comment