Friday, July 15, 2011

ചേകനൂര്‍ മൌലവി ഒടുവില്‍ പറഞ്ഞത്!

ചേകനൂര്‍ മൌലവി ഒടുവില്‍ പറഞ്ഞത്!


ഓരോ മതത്തിലേയും പുരോഹിതന്‍മാര്‍ ഇതരമതക്കാരെ പിഴച്ചവരും പാപികളുമായി കണക്കാക്കിയതിനാലും സ്വസമുദായത്തെ അപ്രകാരം വിശ്വസിപ്പിച്ചതിനാലുമാണ് സമുദായങ്ങള്‍ തമ്മില്‍ അകന്നു പോകാനിടയായത്. വാസ്തവത്തില്‍ എല്ലാ മതങ്ങളുടെയും ലക്ഷിയം മനുഷ്യനെ നന്നാക്കലാണെന്നും മതമേതായാലും മനുഷ്യന്‍ നന്നായാല്‍ മതിയെന്നും വിശ്വസിക്കുന്നവരാരും തന്നെ ഇതര മതങ്ങളെ പുഛിക്കാനോ തള്ളിപ്പറയാനോ തയ്യാറാവുകയില്ല.ഏതൊരു മതക്കാരും തങ്ങളുടെമതം മാത്രമാണ് മോക്ഷത്തിന്റെയും വിജയത്തിന്റെയും ഏകമാര്‍ഗ്ഗമെന്ന് വിശ്വസിക്കാന്‍ പാടുള്ളതല്ല. കാരണം ആ വിശ്വാസമുള്ള ആര്‍ക്കും തന്നെ സഹോദരസമുദായങ്ങളെ ആത്മാര്‍ഥമായി സ്നേഹിക്കുവാനോ ബഹുമാനിക്കുവാനോ സാധ്യമല്ലെന്നത് തീര്‍ച്ചയാണ്.
അപ്പോള്‍ ഭാരതത്തെപ്പോലെ വിവിധ മതസമുദായങ്ങളുള്ള രാജ്യങ്ങളില്‍ സമുദായൈക്യവും ഉല്‍ഗ്രഥനവും പ്രായോഗികമാകണമെങ്കില്‍ മതങ്ങളുടെ അടിസ്ഥാനസിദ്ധാന്തമായ സര്‍വ്വമതസത്യവാദത്തില്‍ വിശ്വസിക്കാനും അതു പ്രചരിപ്പിക്കാനും ഓരോ മതക്കാരും ശ്രമിക്കണം.
ഓരോ മതത്തിലെയും പരിഷ്കര്‍ത്താക്കള്‍ തങ്ങളുടെ മതത്തിലെ അനാചാരങ്ങളെയും അന്ധവിശ്വാസങ്ങളെയും ഖണ്ഡിക്കുകയല്ലാതെ ഇതര മതങ്ങളെ ആക്ഷേപിക്കുന്നത് നീതിയല്ല. ഒരു മതക്കാരുടെ ആചാരങ്ങള്‍ ഇതരര്‍ക്കു ശല്യമാകാതിരിക്കാനും പ്രത്യേകം ശ്രദ്ധിക്കേണ്ടതുണ്ട്. ഇന്ത്യയില്‍ വര്‍ഗ്ഗീയസംഘര്‍ഷങ്ങള്‍ക്കു പ്ലപ്പോഴും കാരണമായിട്ടുള്ളത് ഇത്തരം ശല്യപ്പെടുത്തലുകളാണ്‍. ആവശ്യത്തിലധികം പള്ളികളുണ്ടാക്കി സ്പീക്കറിലൂടെ അഞ്ചു നേരം ബാങ്ക് വിളിച്ച് മറ്റുള്ളവരെ ശല്യപ്പെടുത്തുന്നത് ഒഴിവാക്കേണ്ടതാണ്‍.
രാക്ഷസീയമായ മതഭ്രാന്താണിവിടെ രാജ്യമാകെ അഴിഞ്ഞാടുന്നത്. ഈ ഭ്രാന്ത് മൂലം ഇവിടെ ന്യൂനപക്ഷം മാത്രമല്ല ഭൂരിപക്ഷവും തകരുകയാവും ഫലം. അതിനാല്‍ മതപണ്ഡിതന്മാര്‍ തങ്ങളുടെ അനുയായികളെ മതവികാരത്തില്‍നിന്ന് മതവിചാരത്തിലേക്കു നയിക്കാനണു ശ്രമിക്കേണ്ടത്. മതത്തിനു വേണ്ടി ആരും മരിക്കേണ്ടതില്ലെന്നും മതം മനുഷ്യനു ജീവിക്കാനുള്ളതാണെന്നും മതാനുയായികളെ ബോധവല്‍ക്കരിക്കേണ്ട കാലം അതിക്രമിച്ചിരിക്കുന്നു.
ചേകനൂര്‍ മൌലവി അവസാനമെഴുതിയ‘ സര്‍വ്വമതസത്യവാദം’ എന്ന പുസ്തകത്തിന്റെ ആമുഖത്തില്‍ നിന്നുള്ള ഏതാനും ഖണ്ഡികകളാണ് മേല്‍ ഉദ്ധരിച്ചിരിക്കുന്നത്.
നിസ്സഹായന്‍ said...

ഒരു യുക്തിവാദിക്കുപോലും യോജിക്കാവുന്ന മഹത്തായ ചിന്തകളാണ് ചേകന്നൂർ മൌലവി പങ്കുവെയ്ക്കുന്നത്. മതവും വിശ്വാസവും ദൈവത്തിനു വേണ്ടിയല്ല, മനുഷ്യനുവേണ്ടിയാണെന്ന് മനസ്സിലാക്കുന്നവരിലാണ് മനുഷ്യത്വം കുടികൊള്ളുന്നത്. അദ്ദേഹം തീർച്ചയായും ഒരു വലിയ മനുഷ്യസ്നേഹിയായിരുന്നു. കാരണം മതങ്ങൾ എന്തിനു വേണ്ടിയെന്ന ഒരു വിശ്വാസിയുടെ സന്ദേഹത്തിൽ നിന്നും, മനുഷ്യനന്മയ്ക്കു വേണ്ടിയാണെന്നും എല്ലാ മതങ്ങളും അങ്ങിനെയാകുകയും വേണം എന്ന ഉത്തരം ലഭിക്കുന്നതിനാലാണ് ‘സർവ്വമതസത്യവാദം’ എന്ന ദർശനം ഉത്ഭവിക്കുന്നത്. മതം വലിയൊരു അയുക്തിയായിരിക്കുമ്പോഴും അതിനെ മനുഷ്യന്മയ്ക്കുതകുന്ന തത്വമായി മാറ്റിയെടുക്കുന്നതാണ് മതത്തെ ഇല്ലായ്മ ചെയ്യാം എന്ന മൌഢ്യത്തേക്കാൾ ശരിയായത്. അതിന് മതത്തിനുള്ളിൽ നവീകരണങ്ങൾ നടക്കണം. മതം ഉൽപ്പാദിപ്പിക്കുന്ന മനുഷ്യവിരുദ്ധതയെ ചൂണ്ടിക്കാണിക്കുമ്പോഴാണ് യുക്തിവാദത്തിനും നിലനിൽപ്പുണ്ടാകുന്നത്. അല്ലാതെ കേവലമായ ഒരു അസ്തിത്വം അതിനുണ്ടാക്കാൻ ശ്രമിക്കുന്നത് വെറും ബൌദ്ധികവ്യായാമത്തിന്റെ ഗുണമേ ചെയ്യൂ. തീർച്ചയായും മതത്തിനു വേണ്ടിയും ദൈവത്തിനു വേണ്ടിയും മാത്രം ചിന്തിക്കുന്ന, തന്റെ മതം മാത്രം സത്യം മറ്റുള്ളവയെ ഇല്ലായ്മചെയ്യേണ്ടത് എന്നു ചിന്തിക്കുന്ന, മതതീവ്രവാദികളും മതമൌലികവാദികളും ‘സർവ്വമതസത്യവാദ’ത്തിന്റെ വക്താവിനെ വകവരുത്തിയതിൽ അത്ഭുതമില്ല. ഇന്ന് ബൂലോകം മുഴുവൻ അത്തരം മതാന്ധരെ കൊണ്ടു നിറഞ്ഞിരിക്കുന്നു. പ്രത്യേകിച്ച് ഇസ്ലാം വിഭാഗത്തിൽ ![ഇത് ഒരു പഴയ പോസ്റ്റ്]

6 comments:

ea jabbar said...

ചേകനൂര്‍ മൌലവി ഒരു സമുദായ പരിഷ്കര്‍ത്താവായിരുന്നു. ഇക്കാര്യത്തില്‍ സമഗ്രമായ ഒരു രാഷ്ട്രീയവീക്ഷണമോ ദീര്‍ഘവീക്ഷണത്തോടു കൂടിയ ഒരു സംഘാടന പാടവമോ അദ്ദേഹത്തിനുണ്ടായിരുന്നുല്ല. അതിനാല്‍ തന്നെ അദ്ദേഹത്തിനു സ്വന്തമായി ഒരു പ്രബല മതഗ്രൂപോ അനുയായി സംഘമോ ഉണ്ടായില്ല. ഒറ്റപ്പെട്ട പ്രവര്‍ത്തന രീതിയായിരുന്നു. അദ്ദേഹത്തെ വക വരുത്തിയവര്‍ക്കു തുണയായതും ഇതാണ്. ഓരോ കാലഘട്ടത്തിലും ചില പ്രത്യേക വിഷയത്തില്‍ പുരോഗമനപരമായ നിലപാടുമായി രംഗത്തു വരുകയും പ്രസംഗങ്ങളിലൂടെയും എഴുത്തിലൂടെയും ആശയപ്രചാരണം നടത്തുകയും ചെയ്യുകയായിരുന്നു അദ്ദേഹം ചെയ്തിരുന്നത്.
പ്രവര്‍ത്തനങ്ങള്‍ 1. നമ്മുടെ സര്‍ക്കാര്‍ വളരെയേറെ പണം ചെലവഴിച്ചുകൊണ്ട് ആരോഗ്യ രംഗത്തു നടത്തിയ ഒരു ബോധവല്‍കരണ പ്രവര്‍ത്തനമായിരുന്നു 60കളിലും 70കളിലും നടന്നിരുന്ന കുടുംബാസൂത്രണ പ്രചാരണം. അക്കാലത്തു മുസ്ലിം വിഭാഗത്തില്‍നിന്നും അതിനെ അനുകൂലിക്കുന്ന ആരും ഉണ്ടായിരുന്നില്ല. മൌലവി കുടുംബാസൂത്രണം മതവിരുദ്ധമല്ല എന്നു യുക്തിസഹമായ വാദങ്ങള്‍ നിരത്തിക്കൊണ്ടൂ സംര്ത്ഥിക്കുകയുണ്ടായി. മാതൃഭൂമി പോലുള്ള പത്രത്തിലും ആകാശവാണിയിലും ഇതിനായി അദ്ദേഹം ഇടം കണ്ടെത്തി. ഇന്നത്തെ യുക്തിവാദികളെക്കാള്‍ ധീരമായ ഇടപെടലായിരുന്നു അത്.
2. കൃഷിക്കാരെ സഹായിക്കുന്നതിനായി ഗ്രാമീണ ബാങ്കുകള്‍ തുടങ്ങുകയും വായ്പകള്‍ നല്‍കുകയും ചെയ്തുകൊണ്ട് സര്‍ക്കാര്‍ ഒരു പദ്ധതി കൊണ്ടു വന്നു. ബാങ്കു വായ്പ ഹറാമെന്നും പറഞ്ഞു സമുദായം പുറം തിരിഞ്ഞു നിന്നു. മുസ്ലിം കൃഷിക്കാരെ ഇതു വല്ലാതെ വിഷമിപ്പിച്ചു. ഈ സാഹചര്യത്തില്‍ മൌലവി ബാങ്കു വായ്പ മതവിരുദ്ധമല്ല എന്ന നിലപാടുമായി രംഗത്തു വന്നു. കുറേ കൃഷിക്കാര്‍ക്കെങ്കിലും അത് ആശ്വാസമായി.
3. ഷാബാനു കേസിന്റെ വിധിയെ തുടര്‍ന്നുണ്ടായ ശരീ അത്തു വിവാദകാലത്ത് വിവാഹമോചിതയ്ക്കു ജീവനാംശം നല്‍കേണ്ടതാണെന്ന നിലപാടുമായി അദ്ദേഹം പുരോഗമന പക്ഷം ചേര്‍ന്നു.
4 ഒടുവില്‍ സര്‍വ്വമത സത്യവാദമെന്ന നിലപാടു സ്വീകരിച്ചുകൊണ്ട് വര്‍ഗ്ഗീയതയെ ഉപരോധിക്കാന്‍ ശ്രമിച്ചു.
ഈ പ്രവര്‍ത്തനങ്ങളെ കൂട്ടിച്ചേര്‍ത്തു വായിച്ചാല്‍ അദ്ദേഹം സമുദായത്തിന്റെ പിന്നാക്കാവസ്ഥയുടെ കാരണങ്ങള്‍ അന്യേഷിച്ചു പരിഹാരം കാണാന്‍ ശ്രമിച്ച ഒരു പരിഷകര്‍ത്താവായിരുന്നു എന്നു വിലയിരുത്താം. നിസ്കാരം പൊലുള്ള ആചാരാനുഷ്ടാനങ്ങളോടുള്ള അമിതമായ ആഭിമുഖ്യം കുറക്കേണ്ടത് പൊതു പിന്നാക്കാവസ്തയ്ക്കു പരിഹാരം കാണാന്‍ അത്യാവശ്യമാണെന്ന നിലപാടായിരുന്നു അദ്ദേഹത്തിന്റേത്. ഹജ്ജിനു പോകുന്നതിനെ അദ്ദേഹം നിരുത്സാഹപ്പെടുത്തി. ഹജ്ജ് വെറും വിഗ്രഹാരാധനാണെന്നായിരുന്നു നിലപാട്. ബാങ്കു വിളിച്ചു ശല്യമുണ്ടാക്കുന്നതിനെ എതിര്‍ത്തു. മതമേതായാലും മനുഷ്യന്‍ നന്നായാല്‍ മതി എന്നു പറയാന്‍ ധൈര്യം കാണിച്ച ഒരേയൊരു ഇസ്ലാമികപണ്ഡിതന്‍ ചേകനൂര്‍ മൌലവി മാത്രമാണെന്നു പറയാം.

ea jabbar said...

അനാഥരായ പേരക്കുട്ടികളുടെ അനന്തരാവകാശമായിരുന്നു മൌലവിയുടെ മറ്റൊരു പ്രധാന ചര്‍ച്ചാവിഷയം. ബാപ്പ മരിക്കുന്നതിനു മുമ്പേ മകന്‍ മരിച്ചാല്‍ ആ മകന്റെ മക്കള്‍ക്ക് അനന്തരാവകാശമില്ല എന്നതാണു ശരീ അത്തു നിയമം. ഇതു മനുഷ്യത്വത്തിനു നിരക്കാത്ത നിയമമാണെന്നും അതു ഭേദഗതി ചെയ്യണമെനും അദ്ദേഹം ശക്തിയായി വാദിച്ചിരുന്നു. പാകിസ്താന്‍ ഗവണ്മെന്റിനു അദ്ദേഹം ഇതു പറഞ്ഞുകൊണ്ട് കത്തെഴുതി. അവിടെ അതിനു ഫലവും ഉണ്ടായി എന്നദ്ദേഹം ഒരിക്കല്‍ പറഞ്ഞതോര്‍ക്കുന്നു.!

ea jabbar said...

ചേലാ കര്‍മ്മം അനിസ്ലാമികമാണെന്നും അദ്ദേഹം പറഞ്ഞിരുന്നു.

..naj said...

".. അനാഥരായ പേരക്കുട്ടികളുടെ അനന്തരാവകാശമായിരുന്നു മൌലവിയുടെ മറ്റൊരു പ്രധാന ചര്‍ച്ചാവിഷയം. ബാപ്പ മരിക്കുന്നതിനു മുമ്പേ മകന്‍ മരിച്ചാല്‍ ആ മകന്റെ മക്കള്‍ക്ക് അനന്തരാവകാശമില്ല എന്നതാണു ശരീ അത്തു നിയമം.""
_____________________________
ജബ്ബാര്‍ മാഷ്‌, പ്രത്യക്ഷത്തില്‍ ഈ നിയമത്തില്‍ ഒരു ന്യൂനത/അനീതി ധര്ഷിക്കാം. പക്ഷെ ഒരു ദീര്‍ഘ വീഷനതോട് കൂടി ഈ നിയമത്തെ നോക്കി കാണേണ്ടതുണ്ട്.

ഒരു സാമൂഹിക ചുറ്റുപാടില്‍ മേല്‍ പറഞ്ഞ നിയമത്തിനു വിരുദ്ധമായി പെരകുട്ടികള്‍ക്ക് അനന്തര അവകാശം ഡയറക്റ്റ് വരികയാണെങ്കില്‍ അതിന്റെ അനന്തരഫലം മനുഷ്യന് ആശ്വാസ്യകരമായിരിക്കില്ല. എന്ത് കൊണ്ട് എന്ന് താങ്കള്‍ തന്നെ ചിന്തിക്കുക.

പിന്നെ അനന്തരാവകാശം കൊടുക്കരുത് എന്ന് പറയുന്നത് താങ്കള്‍ വിമര്‍ശിക്കാന്‍ വേണ്ടി സ്വയം പറഞ്ഞതാണ്.

മരിച്ച മകന്റെ പിതാവിഇന്റെ സ്വത്തില്‍ നിന്നും ഇഷ്ടമുള്ളത് കൊടുക്കാം എന്ന് പറയുന്ന ഫ്രീ വില്‍ മനുഷ്യന് നല്കിയീട്ടുണ്ട്, അവിടെ ഒരു കാര്യം കൂടി സ്‌ട്രെസ് ചെയ്യുന്നു, അവരോടു അനീതി കാണിക്കരുതെന്നും, അല്ലാഹു എല്ലാം കാണുന്നവനും, കേള്കുന്നവനും ആണെന്ന് പറയുന്നു. (അനീതി എന്താണെന്ന് താങ്കളോട് പറയേണ്ടല്ലോ !) ഇതൊക്കെ വിശ്വാസികള്‍ ഗൌരവമായി എടുത്തോളും. അല്ലാത്തവര്‍ക്ക് മതം നോക്കെണ്ടാതില്ലല്ലോ ! പിന്നെ തര്‍ക്കത്തിനും സ്ഥാനമില്ല !

ഗ്രീഷ്മയുടെ ലോകം said...

<<<>>>>>

naaj,
നാജ് ഉദ്ദേശിക്കുന്ന അനതര ഫലം എന്തെന്ന് പിടികിട്ടുന്നില്ല. ഒന്ന് വിശദീകരിക്കാമോ?

Noufal said...

"മരിച്ച മകന്റെ പിതാവിഇന്റെ സ്വത്തില്‍ നിന്നും ഇഷ്ടമുള്ളത് കൊടുക്കാം എന്ന് പറയുന്ന ഫ്രീ വില്‍ മനുഷ്യന് നല്കിയീട്ടുണ്ട്"

മനസ്സിലായില്ല, വിശദീകരിക്കാമോ ?
ആര്‍ക്കുഇഷ്ടമുള്ളത് മകന്റെ മക്കള്‍ക്കോ അതോപിതാവിനോ?
ഒരാള്‍ തനിക്കിഷ്ടമുള്ളത് മറ്റൊരാള്‍ക്ക്‌ കൊടുകുന്നതിനു നിയമം വേണോ?

MUSLIMS ARE THE VICTIMS OF 'ISLAM' !

30 വര്‍ഷത്തിലേറെക്കാലമായി ഒരു ലക്കം പോലും മുടങ്ങാതെ പ്രസിദ്ധീകരിക്കുന്നു

30 വര്‍ഷത്തിലേറെക്കാലമായി ഒരു ലക്കം പോലും മുടങ്ങാതെ പ്രസിദ്ധീകരിക്കുന്നു
ഏ വി ജോസ് , കുറ്റിപ്പുഴ നഗര്‍ , തൃശ്ശൂര്‍.