Monday, August 13, 2012

എന്തു കൊണ്ട് ഇസ്ലാം മാത്രം ?

എന്നെ കുറിച്ചുള്ള ഒരു വിമര്‍ശനം അല്പം കഴമ്പുള്ളതാണെന്നു കാണുന്നതിനാല്‍ ഒരു വിശദീകരണം നല്‍കാനുദ്ദേശിക്കുന്നു. ഞാന്‍ ഇസ്ലാമിനെ മാത്രം വിമര്‍ശിക്കുന്നതിനാല്‍ എന്നെ ഒരു യുക്തിവാദിയായോ സ്വതന്ത്ര ചിന്തകനായോ കാണാനാവില്ല എന്നതാണു ആക്ഷേപം. ഇത് എന്റെ ബ്ലോഗിലും ഇവിടെയുമൊക്കെയുള്ള ഇടപടലുകളെ മാത്രം പരിചയമുള്ളവരുടെ ഒരു പൊതു ധാരണയാണു. എന്നെ വ്യക്തിപരമായും സംഘടനാ പരമായും അടുത്തിടപഴകുന്നവര്‍ക്കു പക്ഷെ അങ്ങനെയൊരു വിമര്‍ശനം ഉണ്ടാകാനിടയില്ല. ഇസ്ലാം അല്ലാത്ത എത്രയോ വിഷയങ്ങളില്‍ ഞാന്‍ പ്രത്യക്ഷമായും പരോക്ഷമായും ഇടപെട്ടു വിമര്‍ശനം നടത്തിയിട്ടുണ്‍ട്. ഇപ്പോഴും തുടരുന്നുമുണ്ട്. പക്ഷെ അതിരൂക്ഷമായ പ്രതികരണങ്ങള്‍ മിക്കപ്പോഴും ഇസ്ലാമിന്റെ ആളുകളില്‍ നിന്നും മാത്രമേ ഉണ്ടാകാറുള്ളു എന്നതിനാല്‍ മറ്റു കാര്യങ്ങള്‍ ശ്രദ്ധിക്കപ്പെടാതെ പോകുന്നു. പ്രതികരണങ്ങള്‍ ഇല്ലാതെ വരുമ്പോള്‍ നമ്മുടെയും ശ്രദ്ധ ആ വിഷയങ്ങളില്‍ നിന്നും പതുക്കെ പിന്‍വലിയുന്നതു സ്വാഭാവികം. ഞാന്‍ തെരുവില്‍ ഏറ്റവും ഉച്ചത്തില്‍ തൊണ്ട പൊട്ടി മുദ്രാവാക്യം മുഴക്കിയിട്ടുള്ളത് ക്രിസ്ത്യന്‍ വര്‍ഗ്ഗീയ വാദികള്‍ക്കെതിരെയാണു. പല സന്ദര്‍ഭങ്ങളും ഓര്‍ക്കുന്നു. എണ്‍പതുകളില്‍ പി എം ആന്റണിയുടെ നാടകനിരോധനം വന്നപ്പോള്‍ അതിനെതിരെ പാതിരി വിരുദ്ധ മുദ്രാവാക്യം വിളിച്ചത് ഇന്നും കാതില്‍ മുഴങ്ങുന്നു. സ്വാശ്രയ വിദ്യാഭ്യാസ കച്ചവടത്തിനെതിരെ യുള്ള പ്രക്ഷോഭങ്ങളും ഇതു പോലെ. മകരവിളക്കു തട്ടിപ്പിനെതിരെ, ആള്‍ ദൈവ വ്യവസായത്തിനെതിരെ നിരവധി ജാഥകളും തെരുവു യോഗങ്ങളും നടത്തി. അതിലെല്ലാം മുന്‍ നിരയില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്. ലേഖനങ്ങളും കുറിപ്പുകളും എഴുതിയിട്ടുണ്ട്. മത്തായി ചാക്കോയുടെ മരണവുമായി ബന്ധപ്പെട്ട് കത്തൊലിക്കാ സഭയുടെ നിലപാടുകളെ രൂക്ഷമായി വിമര്‍ശിച്ചു ലേഖനമെഴുതിയിരുന്നു. ബ്ലോഗില്‍ ഇപ്പോഴും അതു കാണാം . ഇങ്ങനെയൊക്കെയാണെങ്കിലും എന്റെ മുഖ്യ വിമര്‍ശനവിഷയം ഇസ്ലാമും കുര്‍ ആനും തന്നെ എന്നു സമ്മതിക്കുന്നു. അതിനു പല കാരണങ്ങള്‍ ഉണ്ട്. 1. മറ്റു മതങ്ങളെകുറിച്ചുള്ള വിമര്‍ശന പഠനങ്ങള്‍ നൂറ്റാണ്ടുകള്‍ക്കു മുമ്പു തന്നെ വേണ്ടുവോളം ഉണ്ടായിട്ടുണ്ട്. അതൊക്കെ കേരളത്തിലും പ്രചാരത്തില്‍ വന്നിരുന്നു . എന്നാല്‍ ഇസ്ലാമിനെ കുറിച്ച് അത്തരം വിമര്‍ശന പഠനങ്ങള്‍ പുറം ലോകത്തു പോലും അടുത്ത കാലം വരെ വിരളമായിരുന്നു. മലയാളത്തില്‍ തീരെ ഉണ്ടായിരുന്നില്ല. ഇടമറുകിന്റെ ‘കുര്‍ ആന്‍ വിമര്‍ശന പഠനം‘ അതിനു തുടക്കം കുറിച്ചുവെങ്കിലും അത് ഒരു സമഗ്ര പഠനമായിരുന്നില്ല. ഞങ്ങള്‍ കുറച്ചു “മുസ്ലിം യുക്തിവാദികള്‍” ആദ്യകാല വായനയില്‍ കണ്ടെത്തിയ കുറച്ചു കാര്യങ്ങള്‍ അല്പം കൂടി കൂട്ടിച്ചേര്‍ത്തും മിനുക്കിയും തയ്യാറാക്കിയ ഒരു പുസ്തകമായിരുന്നു അത്. പ്രധാനമായും കാപ്പാടുള്ള അബ്ദുല്‍ അലി മാഷാണു ആ പുസ്തകത്തിന്റെ പ്രധാന ഉള്ളടക്കം നല്‍കിയത്. ഞാനും അതു ക്രോഡീകരിക്കാനും മറ്റും സഹായിച്ചിരുന്നു. ആ പുസ്തകത്തിനു നേരെ ഉണ്ടായ സുനാമി കണക്കു പ്രതികരണങ്ങളാണു ഞങ്ങളെ ഈ വിഷയത്തില്‍ കൂടുതല്‍ ശ്രദ്ധ കേന്ദ്രീകരിക്കാനും മറ്റു വിഷയങ്ങളില്‍നിന്നും മാറി നില്‍ക്കാനും പ്രേരിപ്പിച്ച പ്രധാന സംഗതി. ... ഇടമറുകിന്റെ പുസ്തകം ഉണ്ടാക്കിയ കോളിളക്കം ഞങ്ങളുടെ ജോലിഭാരം വല്ലാതെ വര്‍ധിക്കാന്‍ കാരണമായി ഒരു ഡസനില്‍ അധികം മറുപടി പുസ്തകങ്ങള്‍ രണ്ടു വര്‍ഷത്തിനകം ഇറങ്ങി. അതിനു പുറമെ സി എന്‍ അഹമ്മദ് മൌലവി യുക്തിവാദികള്‍ക്കു മറുപടിയുമായി രംഗത്തു വന്നു. അതിനും ഞങ്ങള്‍ ചുട്ട മറുപടി നല്‍കി വലിയ ഒരു പുസ്തകം ഇറക്കി. അതോടെ പല ഭാഗത്തു നിന്നും മുസ്ലിം പ്രതികരണങ്ങള്‍ വന്നു. .. യുക്തിവാദപ്രസിദ്ധീകരണങ്ങളില്‍ വരുന്ന പ്രതികരനങ്ങള്‍ക്കും മറുപടി തയ്യാറാക്കേണ്ട ചുമതല വന്നു. പതുക്കെ പതുക്കെ യുക്തിവാദികള്‍ക്കിടയിലും സ്പെഷ്യലൈസേഷന്റെ അനിവാര്യത വന്നു ചേര്‍ന്നു. അത് ഒരു അപരാധമൊന്നുമല്ല. ഇക്കാലത്ത് ഏതു വിജ്ഞാനമേഖല എടുത്താലും ശാഖോപശാഖകളായി വിഷയങ്ങള്‍ വേര്‍ തിരിയുന്നതു കാണാം. ..എം ബി ബി എസ് കഴിഞ്ഞ ഡോക്ടര്‍മാര്‍ പിന്നീടു ഉപരി ബിരുദം നേടുന്നതോടെ അവരവരുടെ മേഖലയിലേക്കു ചികിത്സ ചുരുക്കാറില്ലേ? കണ്ണൂ ഡോക്ടറുടെ വീട്ടില്‍ ചെന്ന് ആരെങ്കിലും “നിങ്ങളെന്താ ഡാക്കിട്ടറേ മൂലക്കുരുവിനു ചികിത്സിക്കാത്തേ ?” എന്നു ചോദിക്കാറില്ല. ആ ഡോക്റ്റര്‍ക്ക് മൂലക്കുരു അറിയില്ല എന്നതല്ല കാരണം. അതിനു വേറെ ആളുകള്‍ ഉണ്ട്. കണ്ണു രോഗികള്‍ക്കു വിദഗ്ധ ചികിത്സയും വേണം. അതാ കാര്യം ! .. പവനന്‍ സാര്‍ യുക്തിരെഖയ്യൂടേ ഏഡിറ്ററായിരുന്നപ്പോള്‍ ഇസ്ലാമുമായി ബന്ധപ്പെട്ട ഏതു പ്രശ്നം വന്നാലും കത്തുകള്‍ വന്നാലും എന്നെ ഏല്‍പ്പിക്കുകയാഇരുന്നു പതിവ്. .. യുക്തിവാദി സംഘത്തിലിങ്ങനെയുള്ള സ്പെഷ്യലിസ്റ്റുകള്‍ വേറെയുമുണ്ട്. പ്രേമാനന്ദ് ആള്‍ദൈവം സ്പെഷ്യലിസ്റ്റ് ആയിരുന്നു. സായിബാബ സ്പെഷ്യലിസ്റ്റും ! .. എം ബി കെ ഹിന്ദു പുരാണങ്ങളില്‍ കെട്ടിപ്പിണഞ്ഞു കിടന്ന യുക്തിവാദിയായിരുന്നു. .. ഇടറമറുകാണു വ്യത്യസ്തനായി കാണപ്പെടുന്ന ഒരാള്‍. അതിനു കാരണം അദ്ദേഹവും കുടുംബവും യുക്തിവാദപ്രചാരണം അവരുടെ ഉപജീവനത്തിനുള്ള മാര്‍ഗ്ഗം കൂടിയാക്കി . അതു വളരെ നല്ലതായിട്ടു തന്നെയാണു തോന്നുന്നത്. കൂടുതല്‍ അര്‍പ്പണബോധത്തോടെ താല്പര്യത്തോടെ ചെയ്യാവുന്ന ജോലി അവനവനു ഏറ്റവും താല്പര്യമുള്ള ജോലി തന്നെ ! സംതൃപ്തിയും ജീവിത മാര്‍ഗ്ഗവും ഒന്നിച്ച് . .. യുക്തിവാദിസംഘം തെരുവു പൊതു യോഗങ്ങളാണു മുമ്പു നടത്തിയിരുന്നത്. ഒരു പാടു രസകരമായ അനുഭവങ്ങള്‍ ഓര്‍ക്കാനുണ്ട്. കണ്ണൂര്‍ കോഴിക്കോട് വയനാട് പ്രദേശങ്ങളില്‍ പൊതുയോഗങ്ങളില്‍ പ്രസംഗിക്കാന്‍ പോകാറുണ്ടായിരുന്നു. എം ബികെ ഉണ്ടായിരുന്നപ്പോള്‍ ഞങ്ങള്‍ രണ്ടു പേരും പങ്കെടുക്കുന്ന യോഗസ്ഥലങ്ങളില്‍ പലപ്പോഴും ഉണ്ടായ ഒരു അനുഭവം പറയാം. അദ്ദേഹം ഹിന്ദു മതാചാരങ്ങളെയും പുരാണങ്ങളെയുമൊക്കെ വല്ല്ലാതെ പരിഹസിച്ചു സംസാരിക്കും. അതു കേട്ടു സഹിക്കാന്‍ കഴിയാതെ ആര്‍ എസ് എസുകാരും മറ്റും സ്റ്റേജിലേക്ക് ഇരച്ചു കയറുകയും അക്രമത്തിനു മുതിരുകയും ചെയ്തിട്ടുണ്ട്. ആ സന്ദര്‍ഭത്തില്‍ കേള്‍വിക്കാരിലുള്ള മുസ്ലിംങ്ങള്‍ അവരെ തടുക്കാനും എതിര്‍ക്കാനും രംഗത്തു വരും. പിന്നീട് എന്റെ ഊഴം വന്നാല്‍ ഞാന്‍ ഇസ്ലാമിനെ ശക്തിയായി വിമര്‍ശിച്ചു പറയും . അതോടെ ഹിന്ദുക്കള്‍ സന്തോഷത്തോടെ കേട്ടു നില്‍ക്കും. ആദ്യം അവരെ തടുത്ത് ഞങ്ങളെ സഹായിക്കാന്‍ വന്ന മുസ്ലിംങ്ങള്‍ സ്റ്റേജിലേക്ക് കല്ലെറിയാന്‍ തുടങ്ങും ! ..ഒരാള്‍ മാത്രമേ പ്രസംഗിക്കുന്നുള്ളു എങ്കില്‍ എല്ലാ മതങ്ങളെയും അയാള്‍ തന്നെ കൈ കാര്യം ചെയ്യാറുമുണ്ട്. ഇതൊക്കെ പ്രായോഗിക സൌകര്യത്തിനുള്ള ചില നീക്കു പോക്കു മാത്രം. അല്ലാതെ ആരോപിക്കപ്പെടുന്നപോലെ ഒരു കൂട്ടരോടു മാത്രമുള്ള മമതയോ വിദ്വേഷമോ അല്ല എന്നു ചുരുക്കം. . പതിനെട്ടാം നൂറ്റാണ്ടില്‍ ലോകത്തെ ഞെട്ടിച്ചു കൊണ്ടു മതത്തെയും ദൈവത്തെയും ആഞ്ഞടിച്ച ഇംഗര്‍സോള്‍ ,തോമസ് പൈന്‍, ചാത്സ് ബ്രാഡ്ല തുടങ്ങിയ യൂറോപ്യന്‍ യുക്തിവാദികള്‍ പോലും ക്രിസ്തു മതത്തെ മാത്രം അവലംബമാക്കിയാണു യുക്തിവാദം പ്രചരിപ്പിച്ചിരുന്നത്. അവരുടെ സാഹചര്യവും ചുറ്റുപാടും അതായിരുന്നു എന്നതാണു കാരണം ! .. ഇതു വരെ പറഞ്ഞു വന്നതിന്റെ ചുരുക്കം ഇതാണു: ഇസ്ലാമിനെ വിമര്‍ശിക്കാന്‍ കൂടുതല്‍ ആളുകള്‍ ഇല്ലാത്തതും മറ്റു മതങ്ങള്‍ ധാരാളമായി ഇതിനകം തന്നെ വിമര്‍ശനശരങ്ങള്‍ ഏറ്റിട്ടുള്ളതിനാലും അക്കാര്യം നിര്‍വ്വഹിക്കാന്‍ മറ്റനേകം പേര്‍ ഉള്ളതിനാലുമാണു ഞാന്‍ ഈ രംഗത്തു പ്രത്യേകശ്രദ്ധ പതിപ്പിക്കാന്‍ ശ്രമിക്കുന്നത്. . ഇനി അടുത്ത കാരണം പറയാം : നമ്മുടെ നാട്ടില്‍ ഒരു പൊതു മര്യാദാ ബോധം ഉള്ളത് ഒരു സമുദായക്കാരന്‍ അന്യ സമുദായത്തെ വിമര്‍ശിക്കുന്നതു വര്‍ഗ്ഗീയത സൃഷ്ടിക്കും എന്നതാണു. യുക്തിവാദികള്‍ക്കു സമുദായത്തില്‍ താല്പര്യമില്ല എങ്കിലും സമൂഹം അവരെയും ജനിച്ച സമുദായത്തിന്റെ നിറം ഉള്ളവരായേ കാണൂ. അതു കൊണ്ടു തന്നെ ഞാന്‍ ഇസ്ലാമിനെ സ്പര്‍ശിക്കാതെ ഹിന്ദു ഫാസിസം മാത്രം പറഞ്ഞു കൊണ്ടിരുന്നാല്‍ പറയുന്ന ആശയത്തിനു ക്രഡിബിലിറ്റിയില്ലാ എന്ന തോന്നല്‍ വരും. ഇവിടെ തന്നെ നോക്കുക. പല മുസ്ലിം വാദികളും ഹിന്ദു ക്രിസ്ത്യന്‍ പേരില്‍ ഫെയ്ക് ആയിട്ടാണു വരുന്നത്. സ്വന്തം വര്‍ഗ്ഗീയ മുഖം മറയ്ക്കാനുള്ള ഒരു കോമ്പ്ലക്സ് ! .. നമ്മുടെ വീട്ടില്‍ വിരുന്നു വന്ന കുട്ടികളും നമ്മുടെ സ്വന്തം കുട്ടികളും തമ്മില്‍ കളിക്കിടെ വല്ല വഴക്കൊ അടിയോ ഉണ്ടായാല്‍ നമ്മള്‍ എന്താ ചെയ്യുക ? അഥിതിയുടെ കുട്ടിയെ പിടിച്ചു തല്ലുമോ? അതോ നമ്മുടെ കുട്ടിയെ ശാസിക്കുമോ ? മര്യാദയുള്ളവരാണെങ്കില്‍ സ്വന്തം കുട്ടിയെയാണു കൂടുതല്‍ ശാസിക്കുക. അല്ലാതെ വിരുന്നു വന്ന കുട്ടിയെ പിടിച്ചു പൂശുകയല്ല. അതേ പോലെ സ്വന്തം സമുദായത്തെയും മതത്തെയും കൂടുതല്‍ രൂക്ഷമായും അന്യരെ അലപം മയത്തിലും വിമര്‍ശിക്കുന്നതിന്റെ ഒരു മര്യാദാശാസ്ത്രവും ഇതാണു. . മറ്റൊരു കാരണം , ഒരു ആശയം എന്ന നിലയ്ക്ക് കൂടുതല്‍ ഭീകരവും ആപല്‍കരവുമായ സാധനം ഇസ്ലാം തന്നെയാണെന്ന തിരിച്ചറിവാണ്. . മുസ്ലിംങ്ങള്‍ വിമര്‍ശനങ്ങളോടു വളരെ ആക്രാമകമായാണു പ്രതികരിക്കുക. വിമര്‍ശനം എത്ര സോഫ്റ്റ് ആയാലും ഫലം ഒരു പോലെ. ഇതും ഒരു കാരണമാണു. . .. ഹിന്ദുക്കളോ ക്രിസ്ത്യാനികളോ അവരുടെ വിശ്വാസങ്ങളെ ചോദ്യം ചെയ്താല്‍ അതു കുറെ കൂടി സഹിഷ്ണുതയോടെ അവഗണിക്കുകയാണു ചെയ്യുക [അപവാദങ്ങള്‍ ഉണ്ട്] അങ്ങനെയാവുമ്പോള്‍ കൂടുതല്‍ എഴുതാനുള്ള പ്രചോദനം നഷ്ടപ്പെടും . വിമര്‍ശനം “അങ്ട് ഏശ്ണില്ലാ” ന്നൊരു തോന്നല്‍ കാരണം നിര്‍ത്തും. .. ഇനി വ്യക്തിപരമായി എന്റെ ഒരു ദൌര്‍ബല്യം കൂടി ഇതിനു കാരണമാണു. മറ്റു മതങ്ങളെ കുറിച്ചൊന്നും ആഴത്തില്‍ പഠിക്കാന്‍ ഞാന്‍ ശ്രമിച്ചിട്ടില്ല. വിമര്‍ശനം ഉന്നയിക്കാന്‍ ഉപരിപ്ലവമായ പഠനം പോരല്ലോ. സമയക്കുറവും മടിയും ഒക്കെയുണ്ട്. .. ആദ്യമായി കുര്‍ ആന്‍ വായിക്കുമ്പോഴുണ്ടായ ഒരു വല്ലാത്ത അനുഭവമാണു എന്നെ ഈ വഴിക്കു തിരിച്ചു വിട്ടത് എന്നു ഞാന്‍ പല തവണ വ്യക്തമാക്കിയിട്ടുണ്ട്. എന്നെ അവിശ്വാസത്തിലേക്കു നയിച്ചതു കുര്‍ ആന്‍ ആണു. അക്കാരണം കൊണ്ടു തന്നെ കുര്‍ ആന്‍ ദൈവത്തിന്റെ വെളിപാടല്ല എന്നു കാര്യകാരണ സഹിതം മാലോകരോടു പറയാനുള്ള ഒരു വല്ലാത്ത ആവേശം ഞാന്‍ കാണിക്കുന്നു. ആര്‍ക്കമിഡീസ് പ്ലവനതത്വം കണ്ടു പിടിച്ചപ്പോള്‍ കാണിച്ച ആവേശമാണെനിക്കു കുര്‍ ആന്‍ വായിച്ചപ്പോല്‍ ഉണ്ടായത്. യുറീക്കാ‍ാ യുറീക്കാ .. ഇതു ദൈവമല്ലാ ... ഇതു ദൈവമല്ലാ... !!!
MUSLIMS ARE THE VICTIMS OF 'ISLAM' !

30 വര്‍ഷത്തിലേറെക്കാലമായി ഒരു ലക്കം പോലും മുടങ്ങാതെ പ്രസിദ്ധീകരിക്കുന്നു

30 വര്‍ഷത്തിലേറെക്കാലമായി ഒരു ലക്കം പോലും മുടങ്ങാതെ പ്രസിദ്ധീകരിക്കുന്നു
ഏ വി ജോസ് , കുറ്റിപ്പുഴ നഗര്‍ , തൃശ്ശൂര്‍.