
'അപ്പു ഇപ്പോള്‍ പ്രലോഭനങ്ങളും ദൌര്‍ബല്യങ്ങളും നിറഞ്ഞ ഒരു ലോകത്തിലേക്ക് കാലുകുത്തുകയാണ്. രോഗികളുടെ ദീനരോദനങ്ങളില്‍ നിന്നും ലാഭം കൊയ്യാതിരിക്കുക'....... എംബിബിഎസ് നേടിയതറിഞ്ഞപ്പോള്‍ ഡോ. പി കെ ആര്‍ വാര്യര്‍ക്ക് അദ്ദേഹത്തിന്റെ അച്ഛന്‍ എഴുതിയ കത്തിലെ വരികളാണിത്. സമാന സ്വഭാവം തന്നെയായിരുന്നു അമ്മയുടെ കത്തിനും. അതിങ്ങനെയായിരുന്നു 'അപ്പു ഇന്ന് അച്ഛന്റെ പാരമ്പര്യം ഏറ്റെടുക്കുകയാണ്. ആ മഹാന്‍ എക്കാലവും പുലര്‍ത്തിപ്പോന്ന ധാര്‍മികമൂല്യം ഏറ്റെടുത്ത് പതറാതെ മുന്നേറുക.' ജീവിതാന്ത്യം വരെ ഡോ. പി കെ ആര്‍ വാര്യര്‍ കാത്തുസുക്ഷിച്ച വാക്കുകള്‍ ഇവയായിരുന്നു. ഇന്ത്യയിലെ തന്നെ മികച്ച തൊറാസിക് സര്‍ജന്‍മാരില്‍ ഒരാളായ അദ്ദേഹത്തിന് ജീവിതത്തില്‍ മാര്‍ഗദര്‍ശനം നല്‍കിയത് ഈ വാക്കുകളും പിതാവിന്റെ ആദര്‍ശനിഷ്ഠമായ പ്രവൃത്തികളുമായിരുന്നു. ജീവിതത്തില്‍ കൂടുതല്‍ സമയവും അദ്ദേഹം പാവപ്പെട്ട രോഗികളോടൊപ്പം ചെലവഴിച്ചു. അതിനദ്ദേഹം കണ്ടെത്തിയ വഴി സര്‍ക്കാര്‍ ആശുപത്രികളില്‍ മാത്രം ജോലിചെയ്യുക എന്നതായിരുന്നു. ആതുരസേവനജീവിതത്തിന്റെ സിംഹഭാഗവും സര്‍ക്കാര്‍ സര്‍വീസില്‍ കഴിച്ചു കൂട്ടി. സ്വകാര്യ പ്രാക്ടീസ് പൂര്‍ണമായും ഒഴിവാക്കി. സഹോദരി ജാനകിയോടൊപ്പമാണ് വാര്യര്‍ ചെറുപ്പത്തില്‍ കോഗ്രസ് സമ്മേളനത്തിനും മറ്റും പോയിരുന്നത്. മെഡിക്കല്‍ വിദ്യാഭ്യാസരംഗത്തെത്തുമ്പോഴേക്കും അത് ഇടതുപക്ഷരാഷ്ട്രീയത്തിലേക്ക് വഴിമാറി. മദിരാശി മെഡിക്കല്‍ കോളേജിലെ സഹപാഠികളാണ് വാര്യരിലെ കമ്യൂണിസ്റ്റുകാരനെ ഉണര്‍ത്തിയത്. പില്‍ക്കാലത്ത്് സിപിഐ എം പൊളിറ്റ് ബ്യൂറോ അംഗമായ പി രാമചന്ദ്രനോടൊത്ത് വിദ്യാര്‍ഥി ഫെഡറേഷന്‍ ഓഫീസിലായിരുന്നു മെഡിക്കല്‍ വിദ്യാഭ്യാസത്തിന്റെ അവസാനകാലങ്ങളില്‍ താമസം. അക്കാലത്തെ സഹപാഠിയും വിദ്യാര്‍ഥി ഫെഡറേഷനില്‍ സഹപ്രവര്‍ത്തകയുമായിരുന്ന ദേവകി വാര്യരാണ് പിന്നീട് വാര്യരുടെ ജീവിതസഖിയായത്. പ്രത്യയശാസ്ത്രനിബദ്ധമായിരുന്നു വാര്യരുടെ ജീവിതം. ജീവിതത്തില്‍ മുഴുവന്‍ താന്‍ വിശ്വസിച്ചുപോന്ന തത്വസംഹിതകള്‍ അനുസരിച്ചു പ്രവര്‍ത്തിക്കാന്‍ അദ്ദേഹം ശ്രദ്ധിച്ചു. മക്കളുടെ വിവാഹകാര്യമായാലും പിതാവിന്റെയും മാതാവിന്റെയും മരണാനന്തരചടങ്ങായായാലും ഒക്കെ ഈ കണിശത അദ്ദേഹത്തിന്റെ പ്രവൃത്തികളില്‍ ദര്‍ശിക്കാന്‍ കേരളത്തിന് കഴിഞ്ഞു. ആര്‍ഭാടങ്ങള്‍ ഒഴിവാക്കിയുള്ള മക്കളുടെ വിവാഹവും, മക്കള്‍ക്ക് സ്കൂളിലും മറ്റും ജാതിയോ മതമോ ചേര്‍ക്കാതിരുന്നതും അദ്ദേഹത്തിന്റെ നിര്‍ബന്ധബുദ്ധിയുടെ ഉദാഹരണങ്ങളായിരുന്നു. ഇക്കാര്യങ്ങളിലൊക്കെയും അദ്ദേഹത്തെ നയിച്ചത് പിതാവിന്റെ ജീവിതം തന്നെയായിരുന്നു. വാര്യരുടെ ജീവിതത്തിലെ നന്മകളുടെ നേര്‍പതിപ്പു തന്നെയായിരുന്നു ഭാര്യ ദേവകി വാര്യര്‍. സാമൂഹ്യ പരിഷ്കരണപ്രസ്ഥാനത്തിന്റെ മുന്നണിപ്പോരാളിയായിരുന്ന ആര്യാ പള്ളത്തിന്റെ മകളായിരുന്നു ദേവകി. സിപിഐ എമ്മിന്റെയും പുരോഗമന മഹിളാ പ്രസ്ഥാനത്തിന്റെയും നേതാക്കളിലൊരാളായി ഉയര്‍ന്ന അവര്‍ വൈദ്യവിദ്യാഭ്യാസം പാതി വഴിയില്‍ ഉപേക്ഷിച്ചു. മഹിളാ പ്രസ്ഥാനത്തിന്റെ സംസ്ഥാന പ്രസിഡന്റ് സ്ഥാനം വരെയെത്തിയ അവര്‍ തിരുവനന്തപുരം കോര്‍പറേഷന്‍ കൌസിലറുമായിരുന്നു. പട്ടാമ്പി മണ്ഡലത്തില്‍ നിന്നും അവര്‍ നിയമസഭയിലേക്കും മല്‍സരിച്ചു. വാര്യര്‍ ഡോക്ടര്‍ മണിപ്പാലില്‍ പ്രവര്‍ത്തിക്കുമ്പോള്‍ ദേവകി വാര്യര്‍ മഹിളാപ്രസ്ഥാനത്തിന്റെ കര്‍ണാടക സംസ്ഥാന പ്രസിഡന്റ് ആയും പ്രവര്‍ത്തിച്ചു.
...........
കേരളത്തിന്റെ ജനകീയ ഡോക്ടര്‍ പി കെ ആര്‍ വാര്യരുടെ കണ്ണുകളാണ് ഒരു അന്ധന് വെളിച്ചമേകുക. തന്റെ മരണാനന്തരം ചെയ്യേണ്ട കാര്യങ്ങളും വ്യക്തമായി എഴുതി മക്കളെ ഏല്‍പ്പിച്ചശേഷമാണ് അദ്ദേഹം ശനിയാഴ്ച വിടപറഞ്ഞത്. കണ്ണും ഹൃദയവും ദാനംചെയ്യണമെന്ന് അദ്ദേഹം ആഗ്രഹിച്ചിരുന്നു. തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ഡോക്ടര്‍മാര്‍ അദ്ദേഹത്തിന്റെ കണ്ണുകള്‍ ഏറ്റുവാങ്ങി. മരണശേഷം കഴിയുമെങ്കില്‍ ഒരു മണിക്കൂറിനകം സംസ്കാരം നടത്തണമെന്നും അദ്ദേഹം ആവശ്യപ്പെട്ടിരുന്നു. എന്നാല്‍, ഭൌതികശരീരം അവസാനമായി ഒരുനോക്ക് കാണണമെന്ന അടുത്ത ചില ബന്ധുക്കളുടെ ആഗ്രഹത്തിനുമുന്നില്‍ കുടുംബാംഗങ്ങള്‍ കീഴടങ്ങി. ഒറ്റപ്പാലത്തുനിന്ന് അവര്‍ എത്തിയശേഷം രാത്രിയിലായിരുന്നു സംസ്കാരം. ആദരാഞ്ജലി അര്‍പ്പിക്കാനെത്തുന്നവര്‍ പുഷ്പചക്രം അടക്കമുള്ള ഉപചാരം ഒഴിവാക്കണമെന്ന അദ്ദേഹത്തിന്റെ നിര്‍ദേശവും പാലിക്കപ്പെട്ടു. [ദേശാഭിമാനി]
ലോകസ്ഭാസീറ്റോ രാജ്യസഭാസീറ്റോ തരാതെ തന്നെ അവഗണിച്ചു എന്നു കാരണം പറഞ്ഞ് രാഷ്ട്രീയാദര്‍ശം ഇടത്തു നിന്നു വലത്തോട്ടു മാറ്റുന്ന സിന്ധു ജോയിമാര്‍ക്ക് [പുതിയ തലമുറയുടെ പ്രതീകമാണു സിന്ധു എന്ന ഉമ്മന്‍ ചാണ്ടിയുടെ അഭിപ്രായം ശരിയാണ്] ചിന്തിക്കാനാവുമോ ഇങ്ങനെയും മനുഷ്യരുണ്ടെന്ന കാര്യം?